ഞാൻ വെറും പോഴൻ

My photo

മിക്കവാറും എല്ലാ മതങ്ങളും പറയുന്നു, ദൈവത്തെപ്പോലെയാവാന്‍. എന്നാല്‍ ഞാന്‍ നല്ലൊരു മനുഷ്യന്‍ പോലും അല്ല..
ആര്‍ക്കെങ്കിലും ഞാനൊരു നല്ല മനുഷ്യനായി തോന്നിയാല്‍ അത് അവരുടെ മാത്രം കാഴ്ചപ്പാടാണ്. അതിനു ഞാന്‍ ഉത്തരവാദിയല്ല.....

Friday, 14 February 2014

"ജനനേന്ദ്രിയവും ക്രമസമാധാനവും..."


ജനാധിപത്യ ഭരണം നില നില്‍ക്കുന്ന കേരളമെന്ന സംസ്ഥാനം നിലവില്‍ വന്ന അന്ന് മുതല്‍ പോലീസ് മൃഗ തുല്യരായി പെരുമാറിയ ഒരു പാട് സംഭവങ്ങള്‍ കേരള ജനത കേട്ടിട്ടുണ്ട്. നക്സല്‍ വര്‍ഗീസിനെ കെട്ടിയിട്ടു വെടി വച്ചു കൊന്നത്, രാജനെ ഉരുട്ടി കൊന്നു ശവം അരൂപിയാക്കിയത്, തങ്കമണി കൂട്ട ബലാല്‍സംഗം, ആലുവ കീഴ്മാട് അന്ധ വിദ്യാലയത്തിലെ തെര വാഴ്ച, അങ്കമാലി മുതല്‍ ഒട്ടനവധി വെടി വയ്പ്പുകള്‍, ഉരുട്ടി കൊലപാതകങ്ങള്‍, മറ്റു തരത്തിലുള്ള ലോക്ക് അപ്പ്‌ കൊലപാതകങ്ങള്‍, മലവും മൂത്രവും ഭക്ഷിപ്പിച്ച സംഭവങ്ങള്‍, കേട്ടാലും വായിച്ചാലും കണ്ണും കാതും പൊത്തിപ്പോകുന്ന ന്രിശംസ്യതകള്‍ തുടങ്ങി പ്രജകളെ കൊല്ലാതെ കൊന്ന നിരവധി അനവധി സംഭവങ്ങള്‍. ഇതില്‍ ഒട്ടു മിക്കതിനും ഭരിക്കുന്നവരുടെ ഒത്താശയും ആത്മാര്‍ത്ഥ പിന്‍തുണയും വേണ്ടത്ര ഗൂഡാലോചനയുടെ പിന്‍ബലവും  എല്ലാം ഉണ്ടായിരുന്നു. രാഷ്ട്രീയ എതിരാളികളെ പോലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്തുന്ന ഭരണകൂട ഭീകരത എന്നും എക്കാലത്തും ഉണ്ടായിരുന്നു. ഭരണകൂടമുണ്ടെങ്കില്‍ അതിന്റെ ഭീകരതയും ഉണ്ടാവും എന്നതിന്റെ എന്നത്തേയും തെളിവുകളായി ഈ സംഭവങ്ങള്‍ ചരിത്രത്തില്‍ കുറിക്കപ്പെട്ടു കൊണ്ടിരുന്നു. സമരക്കാരെയും കസ്റ്റഡിയില്‍ വരുന്നവരെയും ജനക്കൂട്ടത്തെയും നേരിടാന്‍ പോലീസിന് ഒന്നും രണ്ടും മൂന്നും അതിനപ്പുറവും മുറകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഈയിടെ “ക്രമ സമാധാന പാലനത്തിനു“ ഉപയോഗിക്കപ്പെടുന്ന ഒരു പുതിയ പ്രയോഗം “ജനനേന്ദ്രിയത്തോ”ടുള്ള പരാക്രമങ്ങളാണ്. ടി ഇന്ദ്രിയം വലിച്ചു പറിക്കാന്‍ നോക്കുക, ഞെരിച്ചുടക്കുക പുതിയ കലാപരിപാടികളാണ് ഇപ്പോള്‍ കാണപ്പെടുന്നത്. മീശ, പുരികം, കണ്പീലി മുതലായവ വലിച്ചു പറിച്ച സംഭവങ്ങള്‍ പണ്ടുണ്ടായിട്ടുണ്ട്. ജനനേന്ദ്രിയ പ്രയോഗം താരതമ്യേന നൂതനമാണ്. ഉള്ളവനോട് ഇല്ലാത്തവന് തോന്നുന്ന അസൂയ കൊണ്ടാണോ, മേലില്‍ ഇത് പോലെയുള്ള ക്രമ സമാധാന ഭഞ്ചകരെ ഇവന്മാര്‍ പടച്ചു വിടരുത് എന്ന് കരുതിയാണോ ഇത് ചെയ്യുന്നത് എന്ന് ഇത് വരെ വ്യക്തമല്ല. പണ്ട് അടിയന്തിരാവസ്ഥ കാലത്ത്  ഒരു പ്രത്യേക സമുദായത്തില്‍ പെട്ടവരെ പിടിച്ചു കെട്ടി നിര്‍ബന്ധിച്ചു വന്ധ്യംകരിച്ചിരുന്നതായി കേട്ടിട്ടുണ്ട്. ഇനി അത് പോലെ വല്ല ഹിഡന്‍ അജെണ്ടയുമാണോ ആവോ ഈ ജനനേന്ദ്രിയ നിവാരണം....ഇത് കൊണ്ട് ക്രമ സമാധാനം ഉണ്ടാവുമോ ഇല്ലയോ എന്ന് നിശ്ചയം ഇല്ലെങ്കിലും സമരത്തിനിറങ്ങുന്നവരുടെയും അവരുടെ വീട്ടുകാരുടേയും മനസമാധാനം പോകുമെന്നുറപ്പാണ്. എന്തായാലും സമരത്തിന്‌ ഇറങ്ങുന്നവര്‍ ക്രിക്കറ്റ്‌ കളിക്കാര്‍ ഉപയോഗിക്കുന്ന ടി അവയവ സംരക്ഷണ കവചം ഓരോന്ന് സംഘടിപ്പിക്കുന്നതായിരിക്കും നല്ലത്.

പോലീസ് സേനയുടെ അന്തസ്സും ആത്മാഭിമാനവും ഇല്ലാതാക്കുന്ന, നിരപരാധികളെ ഉപദ്രവിക്കുന്ന, കുറ്റക്കാരായ പൊലീസുകാർക്കെതിരെ നിർദ്ദാക്ഷിണ്യം നടപടി എടുക്കുക. പൊലീസുകാർക്കിടയിൽ കടന്നുകൂടിയിട്ടുള്ള ക്രിമിനലുകളെ പുറത്താക്കുക.  അന്വേഷണം പൂർത്തിയാകും വരെ ഇത്തരം ആളുകളെ സേവനത്തിൽ നിന്ന് പൂർണമായും മാറ്റി നിര്‍ത്തുക. നിയമവും ക്രമവും നടപ്പാക്കാൻ  നിയോഗിക്കപ്പെട്ട പോലീസ് സംവിധാനം  കാര്യക്ഷമമാകാൻ   കർക്കശമായ  നടപടികൾ ആവശ്യമാണ് .

വാല്‍ക്കഷണം : ഏതോ സരസന്‍ എഴുതിയ ഒരു ബ്ലോഗ്‌ ലേഖനത്തിന്റെ അവസാന വാചകമാണ്- “ ആവേശം മൂത്ത്  സമരം ചെയ്യുമ്പോള്‍ പോലീസ് നിങ്ങളുടെ പാര്‍ട്ടി ഓഫിസ് അടിച്ചു പൊളിച്ചാല്‍ പിന്നെ കല്യാണമൊക്കെ  കഴിച്ചു സമ്മേളനം കഴിയുമ്പോള്‍ അണികള്‍ ഉണ്ടായില്ല എന്ന് പറഞ്ഞു കരഞ്ഞിട്ടു കാര്യമില്ല"

ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക

https://www.facebook.com/achayatharangal.blogspot.in


അല്ലെങ്കില്‍ 
 താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക


കാലടി, 14.02.2014

2 comments: