ഞാൻ വെറും പോഴൻ

My photo

മിക്കവാറും എല്ലാ മതങ്ങളും പറയുന്നു, ദൈവത്തെപ്പോലെയാവാന്‍. എന്നാല്‍ ഞാന്‍ നല്ലൊരു മനുഷ്യന്‍ പോലും അല്ല..
ആര്‍ക്കെങ്കിലും ഞാനൊരു നല്ല മനുഷ്യനായി തോന്നിയാല്‍ അത് അവരുടെ മാത്രം കാഴ്ചപ്പാടാണ്. അതിനു ഞാന്‍ ഉത്തരവാദിയല്ല.....

Sunday, 15 May 2016

ഇത് മാത്രമേ ജനാധിപത്യത്തിൽ സാധാരണ പൗരന് ചെയാനുള്ളൂ....

സത്യത്തില്‍ എന്താണ് നമ്മുടെ നാട്ടിലെ ജനാധിപത്യ - രാഷ്ട്രീയ പരിതസ്ഥിതി !!??? ജന്മി കുടിയാന്‍ വ്യവസ്ഥിതി അതിന്റെ എല്ലാ ഭീകരതയോടെ നില നില്‍ക്കുന്ന ഒരു സംവിധാനമാണ് ഇന്നത്തെ ഇന്ത്യന്‍ ജനാധിപത്യം. ജനാധിപത്യത്തിന്റെ മൂന്നു തൂണുകളായ Legislature, Executive, Judiciary എന്നിവയില്‍ എല്ലാം ഇത് പ്രകടമാണെങ്കിലും, തിരഞ്ഞെടുപ്പാണ് നമ്മുടെ വിഷയം എന്നത് കൊണ്ട് ഈ ചര്‍ച്ച Legislature ല്‍ മാത്രം ഒതുക്കാമെന്ന് കരുതുന്നു. ഇവിടെ ഉയര്‍ന്ന ഭരണ സഭകളില്‍ കയറി ഇരിക്കുന്നവര്‍ ജന്മിമാരും പ്രാദേശിക ഭരണ സഭകളില്‍ നുഴഞ്ഞു കയറിയവര്‍ മിച്ചവാരക്കാരും രാഷ്ട്രീയപ്രവര്‍ത്തകര്‍ പാട്ടക്കുടിയാന്മാരും ഇതിലൊന്നും പെടാത്ത കഴുത പൊതുജനം അഗണ്യകോടിയില്‍ പെട്ട ദരിദ്രവാസി കര്‍ഷകത്തൊഴിലാളികളും ആണെന്ന് വേണമെങ്കില്‍ നിരീക്ഷിക്കാം.

ഇന്ത്യന്‍ ജനാധിപത്യ ക്രമത്തില്‍ സാധാരണ പൌരനുള്ള ഏക അവകാശം വോട്ട് ചെയ്യാനുള്ള അവകാശമാണ്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു കഴിഞ്ഞു വോട്ട് രേഖപ്പെടുത്തുന്നത് വരെ ഉള്ള ചെറിയ കാലയളവിലാണ് ഇവിടെ പൌരന് എന്തെങ്കിലും ഒരു വിലയുള്ളത്. അത് കഴിഞ്ഞാല്‍, നിയമനിർമ്മാണ സഭകളിലെ ഇരിപ്പിടം ജനത്തിന്റെ ഭിക്ഷയാണെന്ന കാര്യം സൌകര്യപൂര്‍വ്വം മറന്നിട്ട് അധികാരപ്രമത്തത, ധാര്‍ഷ്ട്യം, സ്വജന പക്ഷപാതം, അഴിമതി, കയ്യിട്ടു വാരല്‍ തുടങ്ങി സര്‍വ്വ വിധ ജനവിരുദ്ധ നടപടികളിലും മുഴുകി ജീവിക്കും. ഇതിനു ഭരണ പക്ഷം, പ്രതി പക്ഷം, മൂന്നാം ബദൽ എന്ന യാതൊരു വിധ ഭേദവും ഇല്ല.
ഒരേ തൊഴിലെടുക്കുന്ന പല കമ്പനികളിലെ തൊഴിലാളികള്‍. ഇവിടെയാണ്‌ യഥാര്‍ത്ഥ അദ്വൈതം പുലരുന്നത്. ജനാധിപത്യ ഗോപുരത്തിന്റെ നാലാം തൂണെന്നു വിശേഷിപ്പിക്കപ്പെടുന്ന മുഖ്യ ധാരാ മാധ്യമങ്ങള്‍ ഇതിനെല്ലാം കുഴലൂതുകയും ചെയ്യുന്നു. ഇതെല്ലാം കണ്ടു മടുത്ത ജനതയുടെ നല്ലൊരു ശതമാനം ജനാധിപത്യ നിരാസത്തിലേക്കും അരാഷ്ട്രീയവാദത്തിലേക്കും ആകര്‍ഷിക്കപ്പെട്ടു കൊണ്ടിരുന്ന അവസരത്തിലാണ് ഈ തിരഞ്ഞെടുപ്പും നടക്കുന്നത്.

ഒരു തിരഞ്ഞെടുപ്പ് വരെ ഭരിച്ചവർ നന്നായി ഭരിച്ചിരുന്നു എന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടെങ്കില്‍ അതിനുള്ള അംഗീകാരം എന്ന നിലയില്‍ അവര്‍ക്ക് ഒരു വോട്ട് ചെയ്യുക.അല്ല, അവർ ജനാഭിലാഷത്തിനു എതിരായിട്ടാണ് ഭരിച്ചതെങ്കില്‍ അവരെ വലിച്ചു താഴെയിടാന്‍ വേണ്ടി നമ്മുടെ മുന്നിലുള്ള ഏതെങ്കിലും ബദൽ പക്ഷത്തിന്  ഒരു വോട്ട് ചെയ്യാം.ബാലറ്റ്‌ ലിസ്റ്റിലെ ആരും തിരഞ്ഞെടുക്കപ്പെടാന്‍ യോഗ്യരല്ലെങ്കില്‍ വോട്ടിംഗ്
യന്ത്രത്തിന്റെ താഴെ ഭാഗത്ത്‌ തെല്ല് നിഷേധ ഭാവത്തില്‍ അവനുണ്ട്. കഴിഞ്ഞ പൊതു തിരഞ്ഞെടുപ്പിൽ ജനിച്ച, സ്വന്തമെന്നു അവകാശപ്പെടാന്‍ ഒരു തിരഞ്ഞെടുപ്പ് ചിഹ്നം പോലുമില്ലാതിരുന്ന "നോട്ട- None of the Above". ഇന്നവനും വളർന്ന് ഒരു ചിഹ്നം സ്വന്തമാക്കി നിങ്ങളുടെ ഒരു ഞെക്കിന് വേണ്ടി കാത്തിരിപ്പുണ്ട്‌. അതിന്റെ എണ്ണം കൂടുമ്പോള്‍ ചിന്താശേഷി ഇനിയും കൈമോശം വന്നു പോവാത്ത രാഷ്ട്രീയക്കാരന് നയങ്ങളും നിലപാടുകളും തിരുത്താന്‍ വേണ്ട തീരുമാനങ്ങള്‍ എടുക്കാന്‍ പറ്റിയേക്കാം. ജനാധിപത്യക്രമത്തിന്റെ ഭാഗമായിരിക്കുമ്പോള്‍ വോട്ട് രേഖപ്പെടുത്തുക എന്നത് നിങ്ങളുടെ പൌരധര്‍മ്മമാണ്. നമ്മള്‍ കൊടുക്കുന്ന നികുതിപ്പണമാണ് ഈ പ്രക്രിയക്ക് വേണ്ടി ചിലവഴിക്കപ്പെടുന്നത് എന്നോര്‍ക്കുക. വോട്ട് ചെയ്യാത്തവന് ഇവിടെ നിലവില്‍ വരുന്ന ഭരണ സംവിധാനത്തെയോ ഭരണപരമായ കുറവുകളെയോ വിമര്‍ശിക്കാനോ കുറ്റപ്പെടുത്താനോ ധാര്‍മ്മികമായ അവകാശമില്ല എന്നോര്‍ക്കുക. 

അലസതയും നിസ്സംഗതയും അരാഷ്ട്രീയവാദവും ഉപേക്ഷിച്ചു വേഗം പോകൂ; തിരഞ്ഞെടുപ്പ് കേന്ദ്രത്തിലേക്ക്...രേഖപ്പെടുത്തൂ; നിങ്ങളുടെ വിലയേറിയ പൌരാവകാശം....
ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക

https://www.facebook.com/groups/224083751113646/

അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക

No comments:

Post a Comment