ഞാൻ വെറും പോഴൻ

My photo

മിക്കവാറും എല്ലാ മതങ്ങളും പറയുന്നു, ദൈവത്തെപ്പോലെയാവാന്‍. എന്നാല്‍ ഞാന്‍ നല്ലൊരു മനുഷ്യന്‍ പോലും അല്ല..
ആര്‍ക്കെങ്കിലും ഞാനൊരു നല്ല മനുഷ്യനായി തോന്നിയാല്‍ അത് അവരുടെ മാത്രം കാഴ്ചപ്പാടാണ്. അതിനു ഞാന്‍ ഉത്തരവാദിയല്ല.....

Wednesday, 4 February 2015

വാലന്റൈൻ....പ്രണയത്തിന്റെ സ്പോൺസേർഡ് പുണ്യാളൻ...!!!

ഏതാണ്ട് തൊണ്ണൂറുകളുടെ മധ്യത്തോടെയാണ് ഇന്ത്യയിലെ കോസ്മോപോളിറ്റന്‍ നഗരങ്ങള്‍ക്ക്‌ പുറത്തുള്ളവര്‍ ചില പ്രത്യേക ദിനങ്ങളെ പറ്റി കേട്ട് തുടങ്ങിയത് തന്നെ. അതില്‍ പ്രധാനപ്പെട്ട ഒന്നാണ് വാലന്റൈൻസ് ഡേ. പ്രണയിനികളുടെ ദിനം എന്നാണു പറയപ്പെടുന്നത്. ഇതിന്റെ ഉല്പത്തിയെ പറ്റി വായിച്ചറിഞ്ഞ ഒരു കഥ. അപ്പോൾ അതിനെ വേണമെങ്കിൽ ഐതിഹ്യം എന്ന് വിളിക്കാമായിരിക്കും. 

ഉണ്ണുക, ഉറങ്ങുക, ഉണ്ണിയെ ഉല്‍പ്പാദിപ്പിക്കുക എന്നീ കലകളില്‍ മാത്രം ശ്രദ്ധ വച്ച് നാട്ടിലുള്ള പുരുഷ കേസരികള്‍ എല്ലാവരും ബിസിയായതോടെ റോം ഭരിച്ചിരുന്ന ക്ലോഡിയസ് രണ്ടാമന്‍ ചക്രവര്‍ത്തിക്ക് യുദ്ധം ചെയ്യാന്‍ ആളെ കിട്ടാതെ പോയി. കുപിതനായ പൊന്നു തമ്പുരാന്‍ വിവാഹം എന്ന പിന്തിരിപ്പൻ ഏര്‍പ്പാട് തന്നെ നിരോധിച്ചു കളഞ്ഞത്രേ. പ്രജകളുടെ വിവാഹം ഒക്കെ നിരോധിച്ചു ഒരു വിധം മനസമാധാനത്തോടെ ഭരിച്ചു തുടങ്ങുമ്പോഴാണ് തിരുമനസ്സ് ഞെട്ടിക്കുന്ന ഒരു വിവരം അറിഞ്ഞത്. വാലന്റൈന്‍ എന്ന പള്ളീലച്ചന്‍ ആളുകള്‍ക്ക് വിവാഹങ്ങള്‍ നടത്തിക്കൊടുക്കുന്നു പോലും. ഹെന്ത്; തിരുവായ്ക്ക് എതിർവായോ !!??. ചക്രവർത്തി കോപാക്രാന്തനായി. പിന്നെ  എന്ത് സംഭവിച്ചെന്നോ; നമ്മുടെ പൊന്നച്ചന്‍ ജയിലില്‍. പക്ഷെ, അച്ചനാരാ മോൻ; അച്ചൻ വിട്ടു കൊടുക്കുമോ. അച്ചനോടാണോടാ നിന്റെ കളി എന്നും പറഞ്ഞു പുള്ളി കേറി അവിടത്തെ ജയില്‍ വാര്‍ഡന്റെ മകളുമായങ്ങു ലൈനായി. പ്രേമത്തിനെന്ന പോലെ തന്നെ അവള്‍ക്കും കണ്ണ് കാണില്ലായിരുന്നത്രേ!! അത് കൊണ്ടാണല്ലോ പള്ളീലച്ചനെ കേറി പ്രേമിച്ചത്. തങ്കപ്പെട്ട അച്ചനല്ലേ.. കണ്ണില്ലാത്തത് ഒരു പ്രോബ്ലമാണോ.. അതിനും വഴി കണ്ടെത്തി. പ്രേമത്തിന്റെ തീക്ഷ്ണതക്കൊപ്പം ദൈവികമായ സിദ്ധികള്‍ കൂടി പ്രയോഗിച്ചു പുള്ളിക്കാരിക്ക് കാഴ്ച ഉണ്ടാക്കി കൊടുത്തു. ഇതറിഞ്ഞ ചക്രവര്‍ത്തി മ്മടെ വാലന്‍റൈന്‍ അച്ചന്റെ തലവെട്ടാന്‍ ഉത്തരവിട്ടു. തല വെട്ടുന്നതിന് ഒരു നിമിഷം മുമ്പ് കാമുകിക്ക് അച്ചന്‍ ഒരു ലവ് ലെറ്റര്‍ എടുത്തു വീശിയത്രേ. അതിന്റെ ഭരത വാക്യം (അത് എന്ത് കുന്തമാണെന്നല്ലേ, Concluding Line of the Letter; അവസാന വാചകം) ഇങ്ങനെയായിരുന്നത്രേ....

ഫ്രം യുവര്‍ വാലെന്റൈന്‍...

കഥ സത്യമാണെങ്കിലും അല്ലെങ്കിലും, അന്ന് മുതൽ ആ കത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട്‌ ഭൂമുഖത്തെ എല്ലാ കാമുകന്മാരും (മുകികളും)..... ഫെബ്രുവരി പതിനാലിന് ആശംസകൾ കൈ മാറുന്ന ആചാരം തുടങ്ങി. കാലം മാറിയതിനനുസരിച്ച് പുരോഗമിച്ച് പുരോഗമിച്ച്, ഇപ്പോൾ കത്തും ഫ്ലവറും സമ്മാനങ്ങളും എന്ന് വേണ്ട പുറത്തു പറയാൻ കൊള്ളാവുന്നതും അല്ലാത്തതുമായ പലതും കൈ മാറിത്തുടങ്ങി. ഒരു വര്‍ഷത്തിലെ  മറ്റു 364 ദിവസങ്ങളെ മറന്നാലും, ഫെബ്രുവരി 14 ഇന്നത്തെ യുവത്വം മറക്കാൻ വഴിയില്ല. എന്തൊരു സമര്‍പ്പണം... എന്തൊരു സ്നേഹം....ദൈവമേ നീ തന്നെ തുണ......

പരസ്യങ്ങളിലൂടെയും പ്രചാരണ പരിപാടികളിലൂടെയും കുത്തക കമ്പനികൾ പ്രണയ ദിനത്തെ ഒരു വൻ ആഘോഷമാക്കി മാറ്റി. കച്ചവടം വിപുലീകരിക്കുന്നതിന്റെ  ഭാഗമായി, അവർ  അതിനെ പ്രണയിനികളില്‍ നിന്ന് കൂട്ടുകാരിലേക്കും  ദമ്പതികളിലേക്കും എല്ലാം വ്യാപിപ്പിച്ചു. എന്തിന്, അടുത്തെ വീട്ടിലെ കുട്ടികള്‍ക്കും ചുമ്മാ കണ്ടു പരിചയമുള്ളവർക്ക് വരെ ആശംസാ കാർഡുകളും സമ്മാനങ്ങളും ഒക്കെ കൊടുക്കാം എന്ന് പ്രചരിപ്പിച്ചു. എന്തായാലും കൃഷി വിജയമായി. കച്ചവടം പൊടി പൊടിച്ചു. ആർച്ചീസ്, ഹാൾമാർക്ക് തുടങ്ങി ശിവകാശി കാർഡ് കമ്പനിക്കാരുടെ വരെ പെട്ടിയിൽ ആവത്‌ പണം വന്ന് വീണു. പത്രങ്ങളും മറ്റു മാധ്യമങ്ങളും യാതൊരു ഉളുപ്പും പിശുക്കുമില്ലാതെ ഈ ആഘോഷത്തിനു കുട പിടിച്ചു. ഒരു പരസ്പര സഹകരണം; ധന ലാഭം; മനസുഖം... അത്രേ ഉള്ളൂ...

ഏതായാലും സ്വർഗീയ വിശുദ്ധന്മാരുടെ കുത്തക കയ്യാളുന്ന, ആഗോള കത്തോലിക്ക സഭ ഇപ്പോള്‍ വിശുദ്ധ വലന്‍റ്റയിന്റെ തിരുന്നാള്‍ ആഘോഷിക്കുന്നില്ല എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. ഇതിന്റെ പിന്നിലെ സാമ്പത്തിക ലാഭ സാധ്യത സഭയുടെ കണ്ണിൽ പെടാതെ പോയത് ഒരു അതിശയം ആയി അവശേഷിക്കുന്നു. യഥാർഥത്തിൽ ആശംസാ കാര്‍ഡ്‌ വ്യവസായത്തിലെ കുത്തകകള്‍ ആയിരുന്ന ആര്‍ച്ചീസിന്റെയും ഹാള്‍ മാര്‍ക്കിന്റെയും കച്ചവട തന്ത്രത്തിന്റെ ഇരയാവുകയായിരുന്നു ഈ "പുണ്യവാളന്‍". ക്രിസ്മസ് പുതുവര്‍ഷ കച്ചവടം കഴിഞ്ഞുള്ള സമയങ്ങളില്‍ ഈ കമ്പനികള്‍ക്ക് ആകെ ഉണ്ടായിരുന്ന കച്ചവടം, ജന്മ ദിന കാര്‍ഡുകളുടെതായിരുന്നു. അവരുടെ കച്ചവട ബുദ്ധിയിലാണ് ഈ പുണ്യവാളന്‍ പുനര്‍ജനി പ്രാപിച്ചത്. ഇത് മാത്രമല്ല, Father's Day, Mother's Day, Friend's Day എല്ലാം ഈ ജനുസ്സില്‍ പെട്ടവയാണ്. അതില്‍ ഏറ്റവും വ്യാപാര സാധ്യത അവര്‍ കണ്ടെത്തിയത് പ്രണയത്തിനു തന്നെ; അതിനു കണ്ണില്ലല്ലോ. ഹാള്‍ മാര്‍ക്ക്‌ "ഹോളി"ഡേ എന്ന് ചില മാധ്യമങ്ങൾ പോലും ഇതിനെ പരിഹസിച്ചു പറയാറുണ്ട്.

പിന്നീടിങ്ങോട്ട് പത്രങ്ങള്‍, മറ്റു മാധ്യമങ്ങള്‍, മൊബൈല്‍ ഫോണ്‍ കമ്പനികള്‍, ചോക്ലേറ്റ്‌ കമ്പനികള്‍, പൂ വിതരണ കമ്പനികള്‍, ഫാന്‍സി വസ്തുക്കള്‍ നിര്‍മ്മിക്കുന്ന കമ്പനികള്‍, ആഭരണ വ്യാപാരികള്‍, വജ്ര വ്യാപാരികള്‍, ഫാഷൻ വസ്ത്ര ബ്രാൻഡുകൾ, മറ്റു തുണി വ്യാപാരികള്‍, നക്ഷത്ര ഹോട്ടലുകള്‍, പ്രശസ്ത ഫുഡ്‌ ചെയിനുകൾ എന്ന് വേണ്ട, ഗർഭ നിരോധന ഉപാധികളും അടിവസ്ത്രങ്ങളും  വിപണനം ചെയ്യുന്ന കമ്പനികൾ വരെ, സൗകര്യപൂർവ്വം നിർമ്മിച്ചെടുത്ത ഈ ആഘോഷത്തിന്റെ കച്ചവട സാധ്യത ചൂഷണം ചെയ്തു. വന്ന് വന്ന്, വാഹന കമ്പനികള്‍, റിയല്‍ എസ്റ്റേറ്റ്‌ കമ്പനികള്‍ തുടങ്ങി സാധിക്കുന്നവരെല്ലാം തന്നെ പ്രണയ ദിനം ആഘോഷിപ്പിച്ചു കീശ വീർപ്പിക്കാനുള്ള തത്രപ്പാടിലാണ്.

പാവം വാലെന്റൈന്‍ പുണ്യാളന്‍..... പ്രേമിച്ചു തല  പോയെങ്കിലും വേണ്ടില്ല, സംഗതി ആര്‍ക്കെങ്കിലുമൊക്കെ ഉപകരിച്ചല്ലോ....

ഒരു "പുണ്യാളനു" ആത്മ സാക്ഷാൽക്കാരത്തിനു ഇതില്‍ കൂടുതല്‍ എന്ത് വേണം.

HAPPY VALENTINES DAY !!!  HAPPY VALENTINES DAY !!!  HAPPY VALENTINES DAY !!!

ജെന്നിഫര്‍ വില്‍കിന്‍സന്റെ നിരീക്ഷണത്തിൽ ഓരോ ആണും തന്‍റെ പെണ്ണിന്‍റെ ആദ്യകാമുകനായിരിക്കാന്‍ ആശിക്കുമ്പോൾ, സ്ത്രീകള്‍ തന്‍റെയാളുടെ അവസാനകാമുകിയാവാനാണ് മോഹിക്കുന്നതത്രേ. കമിതാക്കള്‍ ഒരു നാള്‍ പരസ്പരം കണ്ടുമുട്ടുകയല്ല ചെയ്യുന്നത്; അവരിരുവരും എക്കാലവും മറ്റേയാളെ ഉള്ളില്‍പ്പേറുന്നുണ്ടായിരുന്നു എന്ന് പറഞ്ഞത് സൂഫി കവി ജലാലുദ്ദീന്‍ റൂമിയാണ്. ബാധിതരാരും വിടുതിയാഗ്രഹിക്കാത്ത ഒരു രോഗമാണ് പ്രണയമെന്നു കുറിച്ചിട്ടത് പ്രിയ എഴുത്തുകാരൻ പൌലോ കൊയ്‌ലോ ആണ്. 

പ്രണയമെന്ന നാട്യത്തിലുള്ള മൂന്നാം കിട കാമപൂരണവും ദാമ്പത്യങ്ങളിലെ മോഹഭംഗങ്ങളും സുലഭമായിക്കൊണ്ടിരിക്കുന്ന ഉപഭോഗസംസ്കാരത്തിന്റെ കാലഘട്ടത്തില്‍, ഭൂരിപക്ഷം വരുന്ന നമ്മുടെ പുതു യുവത്വം ഏതായാലും ചിന്തിക്കുന്നതും ജീവിക്കുന്നതും മേൽ പറഞ്ഞ പ്രണയ സങ്കൽപ്പങ്ങളിലാവാൻ തീർച്ചയായും സാധ്യതയില്ല. കഥയിൽ ആദ്യം നായകനായും പിന്നീടു വില്ലനായും ഒരേ ആൾ തന്നെ അവതരിക്കുന്ന; ഒടുവിൽ പീഡനത്തിലെത്തി ഒടുങ്ങുന്ന ഒട്ടേറെ പ്രണയ നാടകങ്ങൾ...മനസ്സിനേക്കാൾ ശരീരത്തിന് പ്രാധാന്യം നൽകപ്പെടുന്ന വിവാഹേതര ബന്ധങ്ങൾ...പ്രണയം നൈമിഷികമാണെന്ന് തെളിയിക്കുന്ന ഒട്ടേറെ സംഭവങ്ങൾ...ഇതെല്ലാം കണ്ടും കേട്ടുമാണ് നമ്മുടെ ഓരോ ദിനങ്ങളും പിറന്നു മരിക്കുന്നത്.

കൃത്യമായ തിരക്കഥയിലൂടെ മുന്നേറുന്ന പ്രണയ നാടകങ്ങൾ ഇരകളെ പീഡനത്തിലേക്കെത്തിക്കുന്നതിനുള്ള പദ്ധതിയുടെ ആദ്യപടി മാത്രമാകുന്ന പുതിയ കാലത്ത്...

ഒഴിഞ്ഞ ഇടമോ മുറിയോ കണ്ടെത്തി കിടക്ക പങ്കിടാനും ശരീരം പങ്കു വയ്ക്കാനും ശരീരത്തിന്റെ അളവെടുക്കാനും മുതിരുന്നിടത്ത് പ്രണയമില്ലെന്നും കാമം മാത്രമേ ഉള്ളൂ എന്ന് തിരിച്ചറിയാൻ കഴിയാത്ത പെണ്ണിന്റെ കാലത്ത്...

തലച്ചോറ് കൊണ്ട് പ്രേമിക്കുന്ന ആണിന് മുന്നിൽ ഹൃദയം കൊണ്ട് സ്നേഹിച്ച് എല്ലാം തുറന്നു നല്കി, പിന്നീട് അതിന്റെ ദൃശ്യങ്ങൾ MMS കളായും യു ട്യൂബ് ക്ലിപ്പുകളായും പടർന്നു പിടിക്കുമ്പോൾ മാത്രം സ്വബോധം വരികയും സ്വയഹത്യയിലേക്ക് തിരിയുകയും മരിച്ചു ജീവിക്കുകയും  ചെയ്യുന്ന ശുദ്ധാത്മാക്കളുടെ എണ്ണം ദിനം പ്രതി പെരുകുമ്പോൾ...

മജ്ജയിൽ പിടിച്ച പ്രണയം നിരസിക്കപ്പെടുമ്പോൾ ആ ക്ഷോഭത്തിൽ അത്രമേൽ സ്നേഹിച്ച, ഇഷ്ടപ്പെട്ട, സ്വന്തമാക്കാൻ ആഗ്രഹിച്ച ആളെ പെട്രോളൊഴിച്ച്‌ കത്തിക്കാനും വെട്ടിക്കൊല്ലാനും മുഖം ആസിഡൊഴിച്ച് വികൃതമാക്കാനും ഒരു മടിയും തോന്നാത്ത ഈ കെട്ട കാലത്ത്.... 

കാമ്പും കാതലുമുള്ള നിർമ്മല പ്രണയങ്ങൾ (അങ്ങനെ ഒന്നുണ്ടെങ്കിൽ) അവ തീർച്ചയായും വിജയിക്കട്ടെ....  

ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക

https://www.facebook.com/achayatharangal.blogspot.in


അല്ലെങ്കില്‍ 
 താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക

2 comments:

  1. ഇതിന്റെ പിന്നിലെ സാമ്പത്തിക ലാഭ സാധ്യത സഭയുടെ കണ്ണിൽ പെടാതെ പോയത് ഒരു അതിശയം ആയി അവശേഷിക്കുന്നു.

    ReplyDelete