ഞാൻ വെറും പോഴൻ

My photo

മിക്കവാറും എല്ലാ മതങ്ങളും പറയുന്നു, ദൈവത്തെപ്പോലെയാവാന്‍. എന്നാല്‍ ഞാന്‍ നല്ലൊരു മനുഷ്യന്‍ പോലും അല്ല..
ആര്‍ക്കെങ്കിലും ഞാനൊരു നല്ല മനുഷ്യനായി തോന്നിയാല്‍ അത് അവരുടെ മാത്രം കാഴ്ചപ്പാടാണ്. അതിനു ഞാന്‍ ഉത്തരവാദിയല്ല.....

Monday, 16 May 2016

എക്സിറ്റ്‌ പോള്‍ - രാഷ്ട്രീയ കൂട്ടിക്കൊടുപ്പിന്റെയും വിപണിയുടെയും ചെപ്പടി വിദ്യ......

1935 ല്‍ അമേരിക്കയില്‍ ജോര്‍ജ്‌ ഗാലപ്പ്‌ എന്ന വ്യക്തി പ്രചാരം നല്‍കിയ അഭിപ്രായ വോട്ടെടുപ്പ്‌ രീതിയാണ് ഇപ്പോഴത്തെ എക്സിറ്റ്‌ പോളിന്റെ പൂര്‍വ്വ പിതാമഹന്‍. ഗാലപ്പ്‌ പോള്‍ എന്നാണു അമേരിക്കയില്‍ ഇതിനെ വിളിച്ചിരുന്നത്‌. 1936 മുതല്‍ നടന്ന അമേരിക്കന്‍ പ്രസിഡന്‍റ് തിരഞ്ഞെടുപ്പുകളില്‍ വിരലില്‍ എണ്ണാവുന്നവയില്‍ ഒഴികെ ഗാലപ്പ്‌ പോള്‍ കൃത്യമായി വിജയികളെ പ്രവചിച്ചിരുന്നു.

വോട്ടെടുപ്പ്‌ കഴിഞ്ഞു പുറത്തിറങ്ങുന്ന വോട്ടര്‍മാരെ (Exiting Voters) സമീപിച്ചു ചോദ്യോത്തര മാതൃകയില്‍ ശേഖരിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുപ്പ് ഫലം പ്രവചിക്കുന്നതു കൊണ്ടാണ് ഇന്ത്യയില്‍ ഇതിനെ എക്സിറ്റ്‌ പോള്‍ എന്ന് വിളിക്കുന്നത്‌. 

1980-കളില്‍ ഇന്നത്തെ എന്‍.ഡി.ടി.വി തലവന്‍ ഡോ. പ്രണോയ് റോയിയുടെ നേതൃത്വത്തില്‍ തെരഞ്ഞെടുപ്പ് സമയത്ത് നടത്തിയ അഭിപ്രായ സര്‍വെകള്‍ ആയിരുന്നു ഇന്ത്യയില്‍ ഈ ഗണത്തില്‍ പെടുത്താവുന്ന ആദ്യ സംരംഭം. അന്നത്തെ ഒട്ടുമിക്ക സര്‍വെകളും പ്രവചിച്ചത് യഥാര്‍ഥ ഫലത്തിന്റെ അത്രയും തന്നെ കൃത്യതയോടെയായിരുന്നു. ഇത്രയധികം രാഷ്ട്രീയ പാര്‍ട്ടികള്‍ അന്നുണ്ടായിരുന്നില്ല എന്നതും രാഷ്ട്രീയകാര്യങ്ങളില്‍ മറ്റു സാമൂഹ്യ സാമുദായിക ഘടകങ്ങള്‍ ഇത്ര സ്വാധീനം ചെലുത്തിയിരുന്നില്ല എന്നതും സര്‍വെ ഏജന്‍സികള്‍ പൊതുവേ നിഷ്പക്ഷത പുലര്‍ത്തിയിരുന്നത് കൊണ്ടും സര്‍വേകള്‍ പൊതുവേ ലോകത്തിന്റെ മുഴുവന്‍ വിശ്വാസ്യത നേടിയിരുന്നു. പിന്നീടിങ്ങോട്ട് ദൃശ്യമാധ്യമങ്ങള്‍ ഇന്ത്യന്‍ മാധ്യമലോകത്തെ കീഴടക്കിയതോട് കൂടി തിരഞ്ഞെടുപ്പ് അനുബന്ധ അഭിപ്രായ സര്‍വെകള്‍ ഒരു പ്രധാനപ്പെട്ട മേഖലയായി വളര്‍ന്നു. പ്രീ പോള്‍ സര്‍വെകളും എക്‌സിറ്റ് പോളുകളും നിത്യസംഭവം ആയി. 2000 ത്തിനു മുന്‍പ് നടന്ന തിരഞ്ഞെടുപ്പുകളില്‍ മിക്ക മാധ്യമ സ്ഥാപനങ്ങളും നടത്തിയ അഭിപ്രായ സര്‍വേകളുടെ സീറ്റ് ഫലപ്രവചനം ഒട്ടൊക്കെ ശരിയായിരുന്നു. ഇത് ഇന്ത്യയിലെ അഭിപ്രായ സര്‍വെ ഇന്‍ഡസ്ട്രിക്ക് നല്ല മൈലേജ് നല്‍കുന്നതുമായിരുന്നു. 

ഇത് വരെ നടന്ന പ്രവചനങ്ങൾ മൊത്തത്തിൽ നോക്കിയാൽ സ്വാഭാവികമായും ചില പ്രവചനങ്ങൾ ശരിയും ചിലത് തെറ്റുമായി ഭവിച്ചു. എക്സിറ്റ്‌ പോളുകള്‍ അല്ല ജനവിധി എന്ന് എല്ലാവര്‍ക്കുമറിയാം. പിന്നെ ആര്‍ക്കാണിത് കൊണ്ട് നേട്ടം. 

ഒന്നാമതായി തിരഞ്ഞെടുപ്പ് കഴിഞ്ഞു ആകാംഷാപൂര്‍വ്വം ഫലത്തിന് കാത്തിരിക്കുന്ന ജനങ്ങളെ ഒന്ന് കൂടി ആകാംഷയുടെ മുള്‍മുനയില്‍ നിര്‍ത്താന്‍ മാധ്യമങ്ങള്‍ക്ക് സാധിക്കും. ഫലപ്രവചനവും അതിന്മേലുള്ള ചര്‍ച്ചകളും കൂടി പ്രൈം ടൈം നിറച്ചു നിര്‍ത്താന്‍ അവര്‍ക്ക് സാധിക്കും. പരസ്യവരുമാനം കുമിഞ്ഞു കൂടും.

രണ്ടാമതായി ഒരു തൂക്കു സഭയ്ക്കുള്ള സാധ്യത ഒഴിവാക്കി ഒരു പ്രത്യേക കക്ഷി അധികാരത്തില്‍ വരും എന്ന ഒരു സാങ്കല്പിക മാനസികാവസ്ഥ ഉണ്ടാക്കാനും അതിലൂടെ ആടി തൂങ്ങി നില്‍ക്കുന്ന ചെറുകക്ഷികളുടെ പിന്തുണ ഫലം വരുന്നതിന് മുമ്പേ തന്നെ തങ്ങള്‍ക്ക് ആക്കിയെടുക്കാന്‍ ആ പ്രത്യേക കക്ഷിക്ക് സാഹചര്യമൊരുക്കുന്നു.

മൂന്നാമതായിഎക്‌സിറ്റ് പോളിലെ ഊഹക്കണക്കനുസരിച്ച് ചാഞ്ചാടുന്ന ഓഹരി വിപണി സൂചികയുടെ പിന്‍ബലത്തില്‍ വിരുതന്മാരായ ഷെയര്‍ മാര്‍ക്കറ്റ്‌ കളിക്കാര്‍ക്കും നേട്ടമുണ്ടാക്കാം.

ഇത് കൊണ്ട് ഉപയോഗമുണ്ടാക്കുന്ന നാലാമത്തെ കൂട്ടര്‍, ചാനലുകള്‍ക്ക് വേണ്ടി സര്‍വ്വേ നടപടികള്‍ ചെയ്തു കൊടുക്കുന്ന ഏജന്‍സികള്‍ ആണ്.

അഞ്ചാം കൂട്ടര്‍, ഐ. പി. എല്‍. മത്സരങ്ങള്‍ക്കൊപ്പം തിരഞ്ഞെടുപ്പ് ഫലവും ബെറ്റിംഗ് / ഗാംബ്ലിംഗ്  ചൂതാട്ടത്തിന് ഉപയോഗിക്കുന്നവര്‍ ആണ്‌. 

മറ്റൊന്ന്, ഓരോ കക്ഷികള്‍ക്കും തോറ്റതിനെയും ജയിച്ചതിനെയും ഒക്കെ താത്വികമായി വ്യാഖ്യാനിക്കാനുള്ള അടവ് വാചകങ്ങള്‍ മുന്‍കൂട്ടി പരിശീലിക്കാന്‍ ഇത് അവസരമൊരുക്കുന്നു.


അതുകൊണ്ട് തന്നെ വിശേഷ ബുദ്ധി ആര്‍ക്കും പണയം വയ്ക്കാതെ കാത്തിരിക്കാം, യഥാർത്ഥ എണ്ണിക്കണക്ക് വരുന്നത് വരെ....


സ്റ്റോപ്പ്‌ പ്രസ്‌ : 

അഭിപ്രായ സര്‍വ്വേകള്‍ നമ്മോടു പറയുന്നത് പച്ചക്കള്ളം ആണെന്ന് പലരും പണ്ട് മുതലേ ആരോപിക്കുന്ന ഒരു സംഗതിയാണ്. നമ്മുടെ ചാനലുകളും പത്രങ്ങളും വിവിധ ഏജന്‍സികളെ ഉപയോഗിച്ചാണ് ഇത്തരം സര്‍വ്വെകള്‍ നടത്താറുള്ളത്. സത്യത്തില്‍ ഈ ഏജന്‍സികള്‍ എന്നത് പണത്തിനു വേണ്ടി എന്ത് ഫലവും തരാന്‍ തയ്യാറുള്ളവര്‍ ആണെന്നതാണ് പ്രമുഖ ഹിന്ദി ന്യൂസ്‌ ചാനലായ ന്യൂസ്‌ എക്സ്പ്രസ്സ്‌ നടത്തിയ ഒളിക്യാമറ ഓപ്പറേഷനിലൂടെ തെളിയുന്നത്. ഇത്തരം ഏജന്‍സികള്‍ മാധ്യമസ്ഥാപനങ്ങളുടെ നിലപാടുകള്‍ക്കും രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അനുകൂലമായും പ്രവചിക്കാന്‍ നടത്തുന്ന വിലപേശലാണ് ചാനല്‍ പുറത്തുവിട്ടത്. ഓപ്പറേഷന്‍ പ്രൈംമിനിസ്റ്റര്‍ എന്ന ഒളിക്യാമറ ഒപ്പറേഷനിലാണ് സാധാരണക്കാരായ വോട്ടര്‍മാരെ തെരഞ്ഞെടുപ്പ് ഫലം പ്രവചിക്കുന്ന ഏജന്‍സികള്‍ എങ്ങനെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന വിവരം പുറത്തു വന്നത്. പ്രവചനങ്ങളുടെ യാഥാര്‍ത്ഥ്യമെന്തെന്നിറിയാന്‍ വിവിധ ഏജന്‍സികളെ ചാനല്‍ സമീപിച്ചെങ്കിലും 11 ഏജന്‍സികളാണ് ഒളിക്യാമറയില്‍ കുടുങ്ങിയത്. മറ്റ് ചില ഏജന്‍സികള്‍ പ്രതികരിച്ചില്ല. പണം നല്‍കിയാല്‍ മാധ്യമങ്ങളുടെ നിലപാട് അനുസരിച്ചും സ്ഥാനാര്‍ത്ഥികള്‍ക്ക് അനുകൂലമായും ഏജന്‍സികള്‍ പ്രവചനം നടത്തും. ഇതിന് വിവിധ നിരക്കുകളാണ് ഏജന്‍സികള്‍ ആവശ്യപ്പെടുന്നത്.

ഇതുമായി ബന്ധപ്പെട്ട വാര്‍ത്തയുടെ ലിങ്ക് ചുവടെ...No comments:

Post a Comment