ഞാൻ വെറും പോഴൻ

My photo

മിക്കവാറും എല്ലാ മതങ്ങളും പറയുന്നു, ദൈവത്തെപ്പോലെയാവാന്‍. എന്നാല്‍ ഞാന്‍ നല്ലൊരു മനുഷ്യന്‍ പോലും അല്ല..
ആര്‍ക്കെങ്കിലും ഞാനൊരു നല്ല മനുഷ്യനായി തോന്നിയാല്‍ അത് അവരുടെ മാത്രം കാഴ്ചപ്പാടാണ്. അതിനു ഞാന്‍ ഉത്തരവാദിയല്ല.....

Sunday, 31 December 2017

"ആക്ഷൻ ഹീറോ ബിജു"വിന് പിന്നിൽ ഒളിച്ചിരിക്കുന്ന പേപ്പട്ടികൾ ...

(മുൻ‌കൂർ മാപ്പ് : വിശേഷ ദിവസങ്ങളിൽ അവധിയില്ലാതെയും കാക്കത്തണൽ പോലുമില്ലാത്ത ട്രാഫിക് ജംക്ഷനുകളിൽ പൊള്ളിത്തളർന്നും അക്രമാസക്തരായ ജനക്കൂട്ടത്തിന്റെ തെറിയും കല്ലേറും ഏറ്റു വാങ്ങിയും വൃത്തി കെട്ട ഹയരാർക്കിയൽ അധികാര ഘടനയുടെ അസ്വസ്ഥത പേറിയും അനാഥജഡത്തിന് കാവൽ നിന്നും ഒക്കെ ചെയ്യുന്ന പോലീസ് സേവനങ്ങളെ ചെറുതായി കാണുകയാണെന്ന് തോന്നരുതേ. ഭൂരിഭാഗം വരുന്ന നന്മ നിറഞ്ഞ പൊലീസുകാരെ ഉദ്ദേശിച്ചല്ല ഈ കുറിപ്പ്. ഇത് വായിച്ച് ആർക്കെങ്കിലും മനോവേദന തോന്നിയാൽ ക്ഷമിക്കുക)


അതിശക്തനെന്നും ഇരട്ടച്ചങ്കനെന്നും പാണന്മാർ പാടി നടക്കുന്ന മുഖ്യമന്ത്രിയാണ് ഇന്ന് നമുക്കുള്ളത്. അദ്ദേഹം നമ്മുടെ ആഭ്യന്തര മന്ത്രി കൂടെയാണ്. കാക്കിയിട്ട ക്രൂരതയുടെ തിക്തഫലങ്ങൾ ഏറെ അനുഭവിച്ചയാളാണ് അദ്ദേഹവും അദ്ദേഹം ഉൾപ്പെടുന്ന പ്രസ്ഥാനത്തിലെ നല്ലൊരു ശതമാനം അംഗങ്ങളും. ഓരോ തിരഞ്ഞെടുപ്പും കഴിഞ്ഞ് പുതിയ ഭരണം വരുമ്പോള്‍ ഭൂരിപക്ഷം പേരും ആഗ്രഹിക്കാറുള്ള കാര്യമാണ് പോലീസ് നേരെയാകണേ എന്നത്. ജനത്തിന്റെ സാമൂഹ്യസുരക്ഷാ ബോധത്തിന്റെയും സർക്കാരിന്റെ ജനപക്ഷതയുടെയും അളവുകോലാണ് പോലീസ് സംവിധാനത്തിന്റെ പ്രവർത്തനമികവ്. പോലീസ് മോശമാകുന്നെങ്കിൽ ചിന്തിക്കാം; സർക്കാരും മോശം പാതയിലാണ്. ജലം അതിരിക്കുന്ന പാത്രത്തിന്റെ രൂപമെടുക്കുന്ന പോലെ ഭരിക്കുന്നവര്‍ക്കനുസരിച്ച് രൂപപ്പെടുന്ന ഒന്നാണ് പൊതുവെ പോലീസ്. അത് കൊണ്ടാണല്ലോ പിണറായിയുടെ പോലീസ്, കരുണാകരന്റെ പോലീസ്, ഉമ്മൻ ചാണ്ടിയുടെ പോലീസ് എന്നൊക്കെയുള്ള പ്രയോഗം തന്നെ വരുന്നത്. തികച്ചും ഒറ്റപ്പെട്ട സംഭവങ്ങളെ കണക്കിലെടുക്കേണ്ടതില്ല. പക്ഷേ അനീതികളെയും അക്രമങ്ങളെയും കാര്യക്ഷമമായി ചെറുക്കുന്നതില്‍ ആവർത്തിച്ച് പരാജയപ്പെടുന്നു എന്നതിനപ്പുറം പോലീസ് നിരന്തരം അതിക്രമങ്ങൾ കാണിക്കുന്നു എന്ന് വിളിച്ചു പറയുന്ന വാർത്തകൾ ഓരോ ദിവസവും പുറത്ത് വരുന്നു. പൊലീസിന് വീഴ്ച പറ്റി എന്ന് മുഖ്യമന്ത്രിയും പോലീസ് മേധാവിയും ആവർത്തിക്കേണ്ടി വരുന്നത് നല്ല സൂചനയല്ല. ഇതിനിടെ, പോലീസ് സ്റ്റേഷനുകളെ കാര്യക്ഷമവും ജനപ്രിയവും ആക്കുന്നതിന്റെ ഭാഗമായി, സ്റ്റേഷൻ ചുമതലയിൽ നിന്ന് SI മാരെ ഒഴിവാക്കി CI മാരെ കുടിയിരുത്തിയതിന് ശേഷവും പോലീസ് അതിക്രമങ്ങളും ജനവിരുദ്ധതയും തുടരുന്നു എന്ന് ഈ കഴിഞ്ഞ ദിവസങ്ങളിലെ പത്രങ്ങൾ മാത്രം വായിച്ചാൽ മതി. ഏറ്റവും ഒടുവിൽ, സംസ്ഥാനത്ത് നിരന്തരം ആവർത്തിക്കുന്ന പൊലീസ് അതിക്രമങ്ങൾക്കെതിരെ വൻ വിമർശനം ഉയർന്ന സാഹചര്യത്തിൽ താക്കീതുമായി മുഖ്യമന്ത്രി പിണറായി വിജയൻ വീണ്ടും എത്തി. എന്തും ചെയ്യാൻ അധികാരമുള്ളവരല്ല പൊലീസുകാരെന്ന ഓർമ വേണമെന്നു പിണറായി പറഞ്ഞു. നിയമപ്രകാരമുള്ള കാര്യങ്ങൾ ചെയ്യാൻ മാത്രമാണ് പൊലീസിന് അധികാരം നൽകിയിരിക്കുന്നതെന്ന് അവർക്ക് ഓർമ വേണമെന്നും അദ്ദേഹം വ്യക്തമാക്കി. ആളുകൾ ക്രമവിരുദ്ധമായി പ്രവർത്തിച്ചാൽ പൊലീസിന് ഇടപെടാം. അതിനുള്ള അധികാരവും അവകാശവും പൊലീസിനുണ്ട്. എന്നാൽ ക്രമവിരുദ്ധമായി പ്രവർത്തിച്ച ഒരാളുടെ നേർക്ക് ക്രമവിരുദ്ധമായി ഇടപെടാൻ പാെലീസിന് അധികാരമുണ്ടോയെന്നും മുഖ്യമന്ത്രി ചോദിച്ചു.കൊല്ലത്ത് സിറ്റി പൊലീസ് സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

പരാതിക്കാരോട് പോലീസുദ്യോഗസ്ഥര്‍ ആര്‍ദ്രതാപൂര്‍ണമായ സമീപനവും അനുകമ്പയും പുലര്‍ത്തണമെന്ന് സംസ്ഥാന മുൻ പോലീസ് മേധാവി ടി.പി. സെന്‍കുമാര്‍ അദ്ദേഹത്തിന്റെ കാലത്ത് കർശനമായി നിര്‍ദ്ദേശിച്ചിരുന്നു. ജനങ്ങളോട്, വിശേഷിച്ച് സ്ത്രീകളോടും കുട്ടികളോടും ഏറ്റവും മാന്യമായി പെരുമാറണമെന്നും ഇക്കാര്യം ജില്ലാ പോലീസ് മേധാവിമാര്‍ ഉറപ്പാക്കണമെന്നും ഒക്കെയായിരുന്നു ആ നിർദേശത്തിന്റെ സാരാംശം. പോലീസ് ആസ്ഥാനത്ത് ലഭിക്കുന്ന പരാതികളില്‍ വളരെയധികവും ഉദ്യോഗസ്ഥരുടെ മനുഷ്യത്വപരമല്ലാത്ത പെരുമാറ്റത്തെക്കുറിച്ചുള്ളതായിരുന്നു എന്ന കണ്ടെത്തലിന്റെ വെളിച്ചത്തിലായിരുന്നു ഡിജിപി-യ്ക്ക് ഇത്തരമൊരു നിർദ്ദേശം പുറപ്പെടുവിക്കേണ്ടി വന്നത്. ജനങ്ങളോടുള്ള മോശം പെരുമാറ്റം സംബന്ധിച്ച് ഓരോ ജില്ലയില്‍ നിന്നുമുള്ള പരാതികളുടെ എണ്ണം ആ ജില്ലയിലെ ജില്ലാ പോലീസ് മേധാവിമാര്‍ ഇക്കാര്യത്തിലെടുക്കുന്ന ശുഷ്‌കാന്തിയുടെ സൂചകമായി കണക്കാക്കാമെന്നും ജില്ലാതലത്തില്‍ ഏറ്റവും നല്ല രീതിയില്‍ പെരുമാറ്റം ഉറപ്പാക്കുന്ന പോലീസ് സ്റ്റേഷനുകള്‍ക്ക് ഓരോ വര്‍ഷവും പ്രത്യേകം അനുമോദനങ്ങള്‍ നല്‍കുന്ന കാര്യവും ജില്ലാ പോലീസ് മേധാവിമാര്‍ക്ക് പരിഗണിക്കാവുന്നതാണെന്നും ഡിജിപി നിര്‍ദ്ദേശിച്ചു.

ജനാധിപത്യഭരണം നില നില്‍ക്കുന്ന കേരളമെന്ന സംസ്ഥാനം നിലവില്‍ വന്ന അന്ന് മുതല്‍ പോലീസ് മൃഗ തുല്യരായി പെരുമാറിയ ഒരു പാട് സംഭവങ്ങള്‍ കേരള ജനത കേട്ടിട്ടുണ്ട്. നക്സല്‍ വര്‍ഗീസിനെ കെട്ടിയിട്ടു വെടി വച്ചു കൊന്നത്, രാജനെ ഉരുട്ടി കൊന്നു ശവം പോലും വീണ്ടെടുക്കാനാവാത്ത വിധം നശിപ്പിച്ചത്, തങ്കമണി കൂട്ട ബലാല്‍സംഗം, ആലുവ കീഴ്മാട് അന്ധ വിദ്യാലയത്തിലെ തേർ വാഴ്ച, അങ്കമാലി മുതല്‍ ഒട്ടനവധി വെടി വയ്പ്പുകള്‍, ഉരുട്ടി കൊലപാതകങ്ങള്‍, മറ്റു തരത്തിലുള്ള ലോക്ക് അപ്പ്‌ കൊലപാതകങ്ങള്‍, മലവും മൂത്രവും ഭക്ഷിപ്പിച്ച സംഭവങ്ങള്‍, കേട്ടാലും വായിച്ചാലും കണ്ണും കാതും പൊത്തിപ്പോകുന്ന ന്രിശംസ്യതകള്‍ തുടങ്ങി പ്രജകളെ കൊല്ലാതെ കൊന്ന നിരവധി അനവധി സംഭവങ്ങള്‍. മീശ, പുരികം, കൺപീലി മുതലായവ വലിച്ചു പറിച്ച സംഭവങ്ങള്‍ പണ്ടുണ്ടായിട്ടുണ്ട്. സമരക്കാരെയും കസ്റ്റഡിയില്‍ വരുന്നവരെയും ജനക്കൂട്ടത്തെയും നേരിടാന്‍ പോലീസിന് ഒന്നും രണ്ടും മൂന്നും അതിനപ്പുറവും മുറകള്‍ ഉണ്ടായിരുന്നു. “ക്രമ സമാധാന പാലനത്തിന്റെ“ ഭാഗമായി ജനനേന്ദ്രിയം വലിച്ചു പറിക്കാന്‍ നോക്കുക, ഞെരിച്ചുടക്കുക പുതിയ കലാപരിപാടികളും ഇടയ്ക്ക് റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ഇതില്‍ ഒട്ടു മിക്കതിനും ഭരിക്കുന്നവരുടെ ഒത്താശയും ആത്മാര്‍ത്ഥ പിന്‍തുണയും വേണ്ടത്ര ഗൂഡാലോചനയുടെ പിന്‍ബലവും  എല്ലാം ഉണ്ടാകാറുണ്ട്. രാഷ്ട്രീയ എതിരാളികളെ പോലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്തുന്ന ഭരണകൂട ഭീകരത എന്നും എക്കാലത്തും ഉണ്ടായിരുന്നു. ഭരണകൂടമുണ്ടെങ്കില്‍ അതിന്റെ ഭീകരതയും ഉണ്ടാവും എന്നതിന്റെ എന്നത്തേയും തെളിവുകളായി ഈ സംഭവങ്ങള്‍ ചരിത്രത്തില്‍ കുറിക്കപ്പെട്ടു കൊണ്ടിരുന്നു. ചില സന്ദർഭങ്ങളിൽ പണമോ മറ്റേതെങ്കിലും തരത്തിലോ പോലീസിനെ സ്വാധീനിച്ച് ആളുകളെ കേസിൽ കുടുക്കുകയും ഇടിച്ചു നട്ടെല്ലൊടിക്കുകയും ചെയ്യുന്ന സംഭവങ്ങളും ഉണ്ടാവാറുണ്ട്. കാലാകാലങ്ങളിൽ സ്വീകരിച്ച മനുഷ്യപക്ഷ പരിഷ്‌കാരങ്ങൾ കൊണ്ട്, പോലീസ് മുൻകാലങ്ങളെ അപേക്ഷിച്ച്  കുറച്ചൊക്കെ ജനമൈത്രി ആർജ്ജിച്ചിട്ടുണ്ട്. എന്നാൽ, ആഭ്യന്തര മന്ത്രാലയം, പോലീസ് കംപ്ലയിന്റ് അതോറിറ്റി, മനുഷ്യാവകാശ കമ്മീഷൻ, നീതിപീഠങ്ങൾ മുതലായ നിരീക്ഷണ സംവിധാനങ്ങളുടെയെല്ലാം വ്യക്തമായ നിർദ്ദേശങ്ങളെ തൃണവൽഗണിച്ചു കൊണ്ട് കാക്കിക്കുള്ളിലെ ഏതാനും ചില മൃഗതുല്യർ നിരന്തരം ഏർപ്പെടുന്ന മനുഷ്യാവകാശലംഘനങ്ങളെ അധികാരികൾ ഇനിയും അവഗണിക്കരുത്. അത് ജനങ്ങളിൽ വീണ്ടും പോലീസിനെ പറ്റി ഭീതിയും അവിശ്വാസവും വളർത്താനേ ഉപകരിക്കൂ. കാട്ടുനീതിയുടെ കാവൽ നായ്ക്കളോടും കറുത്ത ലോകത്തിന്റെ അധിപരോടും സഹവർത്തിത്വവും ഗതികെട്ട സാധാരണ പൊതുജനത്തോട് വിദ്വേഷവും ശത്രുതാ മനോഭാവവുമാണ് പോലീസ് പുലർത്തുന്നതെങ്കിൽ ആ പോലീസ്, നിയമ നീതി സംവിധാനങ്ങളുടെ സംരക്ഷകരല്ല, മറിച്ച് പൗരന്റെ സ്വാതന്ത്ര്യത്തിന്റെയും സമാധാനത്തിന്റെയും അന്തകരാണ്. പോലീസിൽ നവീകരണത്തെക്കാൾ അത്യാവശ്യം മാനവീകരണമാണ്. യൂണിഫോം ഇട്ട എല്ലാ വിഭാഗങ്ങളുടെയും ഒരു ഗതി കേടുണ്ട്. ഒരാൾ കാണിക്കുന്ന മോശം കാര്യത്തിനും ആ കുപ്പായം ഇട്ട മറ്റുള്ളവരും അടച്ചു പഴി കേൾക്കും. അത് പൊലീസോ പട്ടാളമോ വക്കീലോ പള്ളീലച്ചനോ കന്യാസ്ത്രീയോ ആരായാലും....അതിനാൽ കുറ്റം ചെയ്യുന്നവരെ ന്യായീകരിക്കാതെ നിയമത്തിന്റെ കൈകളിൽ വിട്ടു കൊടുക്കുകയാവും ഭൂരിഭാഗത്തിന് നല്ലത്. അല്ലാതെ, ഒറ്റപ്പെട്ട മോശം സംഭവങ്ങൾ വരുമ്പോൾ വർഗ്ഗബോധം മൂത്ത് തലയിൽ ഓളം വെട്ട് തുടങ്ങിയാൽ പിന്നെ തരവഴി കാണിച്ചവനെ ചുമലിലേറ്റുന്നവർ ഒക്കെ നാറും. ചത്ത ഒറ്റ ഈച്ച വീണാൽ മതി ഒരു കുടം വീഞ്ഞ് മൊത്തം ചീത്തയാവാൻ. പിന്നെ, പോലീസ് മാഫിയ ആണെന്ന് ഒക്കെ പറഞ്ഞാൽ സമ്മതിക്കാൻ തലയ്ക്കു വെളിവുള്ള ആരും വരുമെന്ന് എനിക്കും തോന്നുന്നില്ല. മോശം സംഭവങ്ങൾ എല്ലാം ഒറ്റപ്പെട്ടത് തന്നെയായി കാണാനാണ് എനിക്കും ഇഷ്ടം. പക്ഷെ ഒറ്റപ്പെട്ട സംഭവങ്ങളുടെ എണ്ണം ഏറിവന്നാൽ അതിനെ ഒറ്റപ്പെട്ടത് എന്ന് കാണാൻ യുക്തി അനുവദിക്കില്ല എന്ന സത്യം അവശേഷിക്കുന്നു.

ഓർക്കുക, തമിഴിൽ പൊലീസിന് കാവൽ എന്നാണ് വിളിപ്പേര്. ഇന്ത്യയിൽ ഒരിടത്തും, വിശേഷിച്ചു കേരളത്തിൽ പോലീസിനെ ആ പേരിട്ട് ആത്മാർത്ഥതയോടെ വിളിക്കാനാവുമോ ?  പോലീസ് മേധാവിയുടെ പുതിയ നിർദ്ദേശങ്ങൾ കൊണ്ട് നമ്മുടെ പോലീസ് "കാവൽ" ആകുമെന്ന് പ്രതീക്ഷിക്കാനാകുമോ ? ഇല്ലെന്നാണ് എന്റെ തോന്നൽ... 

(ചില പോലീസ് അതിക്രമങ്ങളുടെ ലിസ്റ്റ് മറ്റൊരു പോസ്റ്റ് ആയി ചേർത്തിട്ടുണ്ട്. അത് വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.. ==>> "ജനമൈത്രി" പോലീസിന്റെ നാട്ടിലെ ചില പോലീസ് അതിക്രമങ്ങൾ... )


(പഴയ പോസ്റ്റ് ആയിരുന്നു;  കാലിക പ്രസക്തി നഷ്ടപ്പെടാത്തത് കൊണ്ട് സമകാലിക സംഭവങ്ങൾ കൂടി ചേർത്ത് ഒന്ന് അപ്‌ഡേറ്റ് ചെയ്തിട്ടുണ്ട്)

ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാൻ താഴെയുള്ള ലിങ്കി ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക

https://www.facebook.com/achayatharangal.blogspot.in

അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക

https://www.facebook.com/groups/224083751113646/

10 comments:

 1. അച്ചായാ എന്തിനും രണ്ടു വശമുണ്ടാകും. നമ്മള്‍ ഒരു കാര്യത്തില്‍ പ്രതികരിക്കുന്നതിനു മുന്‍പ് അത് തിരക്കിയറിയാന്‍ ബാദ്ധ്യസ്ഥരാണ്. പ്രത്യേകിച്ചും ഉത്തരവാദിത്വപ്പെട്ട ഒരു സ്ഥാപനത്തിനെതിരെ ഉത്തരവാദിത്വമുള്ള ഒരു എഴുത്തുകാരന്‍ എന്ന നിലയില്‍ പ്രതികരിക്കുമ്പോള്‍... പോലിസുമായി ബന്ധപ്പെട്ട സംഭവങ്ങളില്‍ അടുത്ത കാലത്ത് വ്യക്തമായതാണല്ലോ അക്കാര്യം
  ഈ വിഷയത്തില്‍ ശ്രദ്ധിക്കേണ്ട ഒന്നു വിട്ടുപോയി ഹെല്‍മറ്റ് ഇല്ലാത്ത ഒരാളിന്റ തലയില്‍ പോലിസ് പബ്ലികായി നിന്ന് വയര്‍ലസ് സെറ്റ് വച്ച് ഇടിക്കുമെന്ന് കരുതുന്നുവോ... നോര്‍മലായി ഒന്നു ചിന്തിച്ചാല്‍ വയര്‍ലസ് സെറ്റ് വച്ച കൈകൊണ്ട് നിറുത്താന്‍ ആഗ്യം കാണിക്കുന്ന പോലിസിന്റ അടുത്തു കൂടി അമിതവേഗതയില്‍ പാഞ്ഞാല്‍ ഈ പരിക്ക് ഉണ്ടാവില്ലേ... ഉണ്ടാവും..അത് അങ്ങനെ തന്നെ സംഭവിച്ചതെങ്കില്‍..???
  പിന്നെ ഒറ്റയ്ക്കു ബൈക്കില്‍ പോയവന്‍ കുഞ്ഞുംഭാര്യയുമായി തിരിച്ചു വന്ന് റോഡ് ഉപരോധം നടത്തി എന്നത് ശ്രദ്ധിച്ചില്ലേ ..എത്ര സമയം കഴിഞ്ഞായിരുന്നു അത്.. സംഭവസ്ഥലത്തു പിടിച്ചു നിറുത്തി തലയ്ക്കിടിച്ചു എന്ന് ഇര പറയുന്നത് നമ്മള്‍ കണ്ണുമടച്ച് വിശ്വസിക്കാന്‍ മാത്രം ക്രൈഡിബിലിറ്റി ഉള്ള ആളാണോ അയാള്‍..... ആയിരിക്കുമോ..?????? സംശയമുണ്ടോ...???? വരുന്നെങ്കില്‍ ആദ്യം കരുനാഗപ്പള്ളി സ്റ്റേഷനില്‍ ഈ വ്യക്തിയുടെ പിതാവ് പോലിസിനെ ആക്രമിച്ച കേസില്‍ പ്രതിയാണോ എന്ന് അന്വേഷിക്കാമോ..????? ഈ വ്യക്തിയുടെ ജ്യേഷ്ഠന്‍ ശക്തികുളങ്ങര സ്റ്റേഷനില്‍ എന്തെങ്കിലും തരത്തില്‍ പ്രശ്നമുണ്ടാക്കിയ ആളാണോ എന്നും... ചുമ്മാ... ജീവിക്കാന്‍ വേണ്ടി വേഷം കെട്ടുന്ന പാവങ്ങളാ പോലിസുകാര് കൂടുതലും...

  ReplyDelete
  Replies
  1. സ്നേഹിതാ, നിങ്ങൾ പറഞ്ഞ കാര്യങ്ങളെ മുഖവിലക്കെടുക്കുന്നു. അവിടെ നടന്ന കാര്യങ്ങളെപ്പറ്റി മാധ്യമങ്ങളിൽ നിന്നുള്ള അറിവ് മാത്രമേ എനിക്കുള്ളൂ. അതിൽ നിങ്ങൾ പറഞ്ഞ കാര്യങ്ങൾ ഇല്ല. മാത്രവുമല്ല, ആഭ്യന്തര മന്ത്രി കൂടിയായ മുഖ്യമന്ത്രിയുടെ പ്രസ്താവനയും മാധ്യമവാർത്തകളെ സ്ഥിരീകരിക്കുന്നവ ആയിരുന്നു. എനിക്കും നല്ലവരായ പോലീസ് സുഹൃത്തുക്കൾ ഉണ്ട്. അതോടൊപ്പം തന്നെ, സാമൂഹ്യ പ്രതിബദ്ധതയോടെ ചില കാര്യങ്ങൾ ചെയ്യാനൊരുങ്ങിയപ്പോൾ ചില പോലീസുകാരിൽ നിന്ന് ചവർക്കുന്ന അനുഭവങ്ങളും ഉണ്ടായിട്ടുണ്ട്. ട്രാഫിക് ഡ്യൂട്ടിയിൽ നിൽക്കുന്ന പോലീസുകാരുടെ കയ്യിൽ നിന്ന് ഒരു കാരണവും കൂടാതെ പല വട്ടം തെറിയഭിഷേകം കിട്ടിയിട്ടുണ്ട്; എന്തിനാണെന്നോ ? ആ ഏമാന്മാർ പ്രതീക്ഷിക്കുന്ന സ്പീഡിൽ ഞാൻ വണ്ടി ഓടിക്കാഞ്ഞതിന്. വി ഐ പി വണ്ടികൾക്ക് അകമ്പടി പോകുന്ന പോലീസ് എന്തിനാണ് പൗരനെ തെറി വിളിക്കുന്നത് ? എറണാകുളത്ത് പാലാരിവട്ടത്ത് വച്ച് റോഡിന്റെ നടുക്ക് കയറി നിന്ന് പോലീസ് കൈ കാണിച്ച് മുന്നിൽ പോയ കാറ് പെട്ടെന്ന് നിർത്തുകയും തുടർന്ന് അതിന്റെ പിറകിൽ പോയി ബൈക്ക് ഇടിച്ച് എന്റെ ഒരു ബന്ധു കുഴപ്പത്തിലായതും ഓർത്താൽ കൊല്ലം സംഭവവുമായി നേരിട്ട് ബന്ധപ്പെടുത്താം.യൂണിഫോം ഇട്ട എല്ലാ വിഭാഗങ്ങളുടെയും ഒരു ഗതി കേടുണ്ട്. ഒരാൾ കാണിക്കുന്ന മോശം കാര്യത്തിനും ആ കുപ്പായം ഇട്ട മറ്റുള്ളവരും അടച്ചു പഴി കേൾക്കും. അത് പൊലീസോ പട്ടാളമോ വക്കീലോ പള്ളീലച്ചനോ കന്യാസ്ത്രീയോ ആരായാലും....അതിനാൽ കുറ്റം ചെയ്യുന്നവരെ ന്യായീകരിക്കാതെ നിയമത്തിന്റെ കൈകളിൽ വിട്ടു കൊടുക്കുകയാവും ഭൂരിഭാഗത്തിന് നല്ലത്.

   Delete
  2. പോലിസ് ഏറ്റവുമധികം നിരീക്ഷണവിധേയമായ സർവീസ് തന്നെ...ജനങ്ങളെ ദിനേന നേരിട്ട് പരിചയിക്കുന്നതും... അതുകൊണ്ട് അവിടത്തെ പൊട്ടും പൊടിയും പെട്ടെന്ന് കണ്ണിൽ തടയും.... പോലിസിൽ ക്രിമിനലുകളുണ്ടെന്ന് ഒരു മാദ്ധ്യമം എഴുതുമ്പോൾ മനസ്സിലാക്കണം കുടുംബവഴക്കിൽ പ്രതിയായ പോലിസുകാരെ കൂടി ചേർത്താണ് അതെന്ന്.... അല്ലാതെ ഒരു മാഫിയ ആയി അവർ പ്രവർത്തിക്കുന്നതു കൊണ്ടല്ല... മാഫിയ എന്ന വാക്ക് വിശാലമായ അർത്ഥത്തിൽ സമൂഹത്തെക്കുറിച്ച് ചിന്തിക്കാൻ വേണ്ടി തന്നെ ഓർമിപ്പിച്ചതാണ്... മാദ്ധ്യമങ്ങൾ ഒരിക്കലും പോലിസിനെ അനുകൂലിച്ച് വാർത്ത കൊടുക്കാറില്ല..അതിനു ന്യൂസ് വാല്യൂ ഇല്ല... പ്രമുഖന്മാരുടെ പോക്രിത്തരങ്ങൾ മുക്കുന്ന പ്രമുഖ പത്രങ്ങൾ പോലും ഒരു സീരിയൽ തിരക്കഥ ഒരുക്കി പോലിസിനെതിരെ ജനവികാരം തിരിച്ചു വിടുന്നത് കാണാം.... കമ്യൂണിസ്റ്റിനെയും പോലിസിനെയും ജന്മശത്രുക്കളായി പ്രഖ്യാപിച്ച്ട്ടുള്ള മാദ്ധ്യമ മാഫിയകൾ പോലുമുള്ളിടത്ത് പൊലിസിംഗ് നടത്തി രക്ഷപെടാൻ ഭാഗ്യം കൂടി വേണം.. ഇന്നലത്തെ സംഭവത്തിലെ ശരിക്കുമുള്ള ഇര ആ പോലിസുകാരൻ തന്നെ... ഒരു ആക്സിഡൻറിനെ തിരക്കഥ ഒരുക്കി പോലിസിനു നേരെ തിരിച്ചു വിട്ട മാദ്ധ്യമപിമ്പിംഗ്....

   Delete
  3. ഞാൻ കൊല്ലം സംഭവം മാത്രം ആധാരമാക്കിയല്ല ഈ വിഷയത്തെ സമീപിച്ചത്. കൊല്ലം സംഭവം ഒരു ഉദാഹരണം മാത്രമാണ്. കൊല്ലം സംഭവത്തെ പറ്റി ഇന്ന് കൂടുതൽ വാർത്തകൾ ഉണ്ട്. നിർത്താതെ പോയ ബൈക്കിലിരുന്ന ആളുടെ തല തടഞ്ഞ പോലീസുകാരന്റെ കയ്യിൽ ഇരുന്ന വാക്കി ടോക്കിയിൽ ഇടിച്ച് ആന്തരിക രക്തസ്രാവം ഉണ്ടാകാൻ പാകത്തിന് പരിക്ക് പറ്റണമെങ്കിൽ ആ വണ്ടിയുടെ സ്പീഡും വാക്കി ടോക്കി പിടിച്ചിരുന്ന ഉദ്യോഗസ്ഥന്റെ ആരോഗ്യവും ഉയരവും എല്ലാം കൂടി അങ്ങ് സിങ്ക് ആവുന്നില്ല. എന്തോ, എന്റെ ഇമാജിനേഷൻ കപ്പാസിറ്റിയുടെ കുറവായിരിക്കും. മൊത്തം പോലീസ് സേനയുടെ ദൈനം ദിന സേവനങ്ങളും കഷ്ടപ്പാടുകളും ഒന്നും ഞാൻ നിസ്സാരവൽക്കരിക്കുന്നില്ല. അവർ ചെയ്യുന്ന സേവനങ്ങൾ എല്ലാം സ്തുത്യർഹവും മഹനീയവും തന്നെയാണ്. പക്ഷെ, ആ സേനയെ മൊത്തം നാറ്റിക്കാൻ പറ്റിയ നിസ്സാര പുഴുക്കുത്തുകളെ കണ്ടെത്തി തിരുത്തേണ്ടത് അനിവാര്യം തന്നെയാണ്. അല്ലാതെ, ഒറ്റപ്പെട്ട മോശം സംഭവങ്ങൾ വരുമ്പോൾ വർഗ്ഗബോധം മൂത്ത് തലയിൽ ഓളം വെട്ട് തുടങ്ങിയാൽ പിന്നെ തരവഴി കാണിച്ചവനെ ചുമലിലേറ്റുന്നവർ ഒക്കെ നാറും. ചത്ത ഒറ്റ ഈച്ച വീണാൽ മതി ഒരു കുടം വീഞ്ഞ് മൊത്തം ചീത്തയാവാൻ. പിന്നെ, പോലീസ് മാഫിയ ആണെന്ന് ഒക്കെ പറഞ്ഞാൽ സമ്മതിക്കാൻ തലയ്ക്കു വെളിവുള്ള ആരും വരുമെന്ന് എനിക്കും തോന്നുന്നില്ല. മോശം സംഭവങ്ങൾ എല്ലാം ഒറ്റപ്പെട്ടത് തന്നെയായി കാണാനാണ് എനിക്കും ഇഷ്ടം. പക്ഷെ ഒറ്റപ്പെട്ട സംഭവങ്ങളുടെ എണ്ണം ഏറിവന്നാൽ അതിന്റെ ഒറ്റപ്പെട്ടത് എന്ന് കാണാൻ യുക്തി അനുവദിക്കില്ല എന്ന സത്യം അവശേഷിക്കുന്നു.

   Delete
 2. ഒറ്റപ്പെ്ടട ഇത്തരം സംഭവങ്ങള്‍ ഏറിവരുന്നു എന്തു തന്നെയാണ് നാം ഈ ഭരണത്തിലും ഭയക്കേണ്ടത്..

  ReplyDelete
 3. സർക്കാർ ഏത് തന്നെയായാലും ചില പോലീസുകാരുടെ സ്വഭാവത്തിന് ഒരു മാറ്റവും സംഭവിക്കാൻ പോകുന്നില്ല.

  ReplyDelete
 4. പോലീസ് കാരോ മറ്റു ഗവണ്മെന്റ് ഉദ്യോഗസ്ഥരോ ,തെറ്റുകാരല്ലാതെ ന്യായീകരിക്കപ്പെടുന്നതിനു ,വേറൊരു കാരണം ,അത് അന്വേഷിക്കുന്നത് അവർ തന്നെ ആയതു കൊണ്ട് കൂടെ ആണെന്ന് കരുതണം ...
  വേറൊരർത്ഥത്തിൽ ,വേണമെങ്കിൽ ,വളരെ planned ആയി തെറ്റ് കീഴ് ഉദ്യോഗസ്ഥനെ കൊണ്ട് ചെയ്യിക്കുക ,അന്വേഷണം മുകളിലുള്ള ഉദ്യോഗസ്ഥൻ നടത്തി ,കുറ്റ വിമുക്തനാക്കുക ..അങ്ങിനെയും ആകാമല്ലോ ,കൂടുതലും കാണുന്നതും ..

  ReplyDelete
  Replies
  1. എല്ലാ വിമര്‍ശനങ്ങളും നിലനിര്‍ത്തിക്കൊണ്ടുതന്നെ പറയാം ഇങ്ങനെയൊരു പോലീസ് സംവിധാനം ഉള്ളതുകൊണ്ട് തന്നെയാണ്‌ സാധാരണക്കാരായ നമ്മൾ ജീവിച്ചുപോകുന്നത്.പിന്നെ ഏത് ഭരണകൂടമായാലും അതിന്‍റെ ഭാഗമാണ് പോലീസ്.

   Delete
  2. അതിൽ തർക്കമില്ല; സംവിധാനം മൊത്തത്തിൽ കുഴപ്പമാണെന്നല്ല; പക്ഷെ പുഴുക്കേടുകൾ തീരെ കുറവല്ല. ഇത് സംസ്ഥാനത്തെ മാത്രം സ്ഥിതിയുമല്ല.

   Delete