ഞാൻ വെറും പോഴൻ

My photo

മിക്കവാറും എല്ലാ മതങ്ങളും പറയുന്നു, ദൈവത്തെപ്പോലെയാവാന്‍. എന്നാല്‍ ഞാന്‍ നല്ലൊരു മനുഷ്യന്‍ പോലും അല്ല..
ആര്‍ക്കെങ്കിലും ഞാനൊരു നല്ല മനുഷ്യനായി തോന്നിയാല്‍ അത് അവരുടെ മാത്രം കാഴ്ചപ്പാടാണ്. അതിനു ഞാന്‍ ഉത്തരവാദിയല്ല.....

Tuesday, 9 August 2016

"തെരുവിൽ നിൽക്കുന്ന സുന്ദരി..." !!! മാണി സാറാരാ മോൻ......

2015 ന്റെ തുടക്കം മുതൽ മാണി സാറിന് അത്ര നല്ല കാലമല്ല. അത് വരെ ഈ മാണി സാർ ആരായിരുന്നു !!!??? മലയോര കർഷകരുടെ മിശിഹാ എന്ന നിലയിലാണ് മാണി സാർ ഉദ്ഘോഷിക്കപ്പെടാറുള്ളത്. കെ കരുണാകരൻ കഴിഞ്ഞാൽ കേരളം കണ്ട ഏറ്റവും തന്ത്രശാലിയായ രാഷ്ട്രീയ നേതാവ്. ഇടതു വലതു ബിജെപി ഭേദമില്ലാതെ ഏവർക്കും സുസ്സമ്മതൻ. അത് കൊണ്ടാണല്ലോ, കേരളത്തിലെ, സോറി ഭാരതത്തിലെ, ഏറ്റവും വലിയ വിപ്ലവ പാർട്ടി പാലക്കാട്ട് പാർട്ടിയുടെ പ്ളീനം നടത്തിയപ്പോൾ മാണി സാറിനെ ക്ഷണിച്ചു പ്രത്യേക ഇരിപ്പടം തന്നെ കൊടുത്തത്‌. ബി ജെ പി യുടെ മുഖപത്രമായ ജന്മഭൂമിയുടെ എഡിറ്റോറിയൽ പേജിൽ കെ.എം.മാണിയെക്കുറിച്ച് "പാലേലെ ‘മാണി’ക്യം" എന്ന പേരിൽ ഒരു ലേഖനം അച്ചടിച്ചു വന്നിട്ടും അധികം കാലമായില്ല. 1965 ൽ പാലാ നിയോജക മണ്ഡലത്തിന്റെ പ്രതിനിധിയായി നിയമസഭയിൽ എത്തിയതിനു ശേഷം ഇന്നേ വരെ പാലായ്ക്കു മാണി സാറല്ലാതെ മറ്റൊരു എം എൽ ഏ ഉണ്ടായിട്ടില്ല. നിയമസഭയിൽ ഒരാൾക്ക് പോലും മാണിയ്ക്കുള്ളത്ര സീനിയോരിറ്റി ഉണ്ടാവില്ല. എന്തിനു നിയമസഭ മന്ദിരത്തിനൊ അവിടെ ഉള്ള ഏതെങ്കിലും സ്ഥാവര ജംഗമ വസ്തുവിനോ മാണിയുടെ സീനിയോരിറ്റിയോളം പഴക്കം വരില്ല. ഐതിഹാസിക ലഡ്ഡു ബജറ്റ് അവതരിപ്പിക്കുന്നതിന് മുന്നേ ഒരു ഡസനോളം സംസ്ഥാന ബജറ്റുകളാണ് അദ്ദേഹം പുല്ലു പോലെ അവതരിപ്പിച്ചു തള്ളിയത്. കടാപ്പുറം ഭാഷയിൽ പറഞ്ഞാൽ ഇതെല്ലാം റെക്കാഡ് ആണ് കേട്ടാ...റെക്കാഡ്. സംസ്‌ഥാനത്ത്‌ ഏറ്റവും കൂടുതൽ ബജറ്റുകള്‍ അവതരിപ്പിച്ച ധനമന്ത്രി എന്ന നിലയിൽ കെ.എം. മാണിയുടെ ബഹുമാനാർത്ഥം കൊച്ചി ശാസ്‌ത്ര സാങ്കേതിക സർവകലാശാല "K. M. Mani Centre for Budget Studies" എന്ന പേരിൽ ഒരു പുതിയ ഒരു ഡിപ്പാർട്ടമെന്റ് തന്നെ തുടങ്ങിയിരുന്നു. അദ്ദേഹം രചിച്ച "അധ്വാന വർഗ സിദ്ധാന്തം" എന്ന മഹാഗ്രന്ഥം ലോക ശ്രദ്ധ പിടിച്ചു പറ്റിയതാണ്. ബ്രിട്ടീഷ്‌ പാർലമെന്റിൽ വാടകയ്ക്കെടുത്ത ഹാളിൽ വരെ ഈ സിദ്ധാന്തം അദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്. നമുക്ക് അദ്ദേഹത്തിന്റെ സിദ്ധാന്തം അത്ര ബോധിച്ചില്ല എന്നെ ഉള്ളൂ. ഈയൊരു സിദ്ധാന്തം കൂടാതെ, പേരിടാത്ത ഒന്ന് രണ്ടു ചെറിയ സിദ്ധാന്തങ്ങളും കൂടി അദ്ദേഹത്തിൻറെ ക്രെഡിറ്റിൽ ഉണ്ട്. "വളരും തോറും പിളരും; പിളരും തോറും വളരും" "സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയില്ല; ചെറിയ ബുദ്ധിമുട്ട് മാത്രം" എന്നിവയാണവ. അദ്ദേഹം വല്ല റഷ്യയിലോ മറ്റോ ജനിച്ചിട്ടാണ് ഇതെഴുതിയതെങ്കിൽ സകല മാന പാർട്ടി ഓഫീസുകളിലും അദ്ദേഹത്തിൻറെ പടം തൂങ്ങിക്കിടക്കുമായിരുന്നു. മാത്രമോ, കുറഞ്ഞത് ഒരു ഡസൻ രാഷ്ട്രീയ പാർട്ടികളുടെ പേരിന്റെ വാലിൽ എങ്കിലും "മാണിസ്റ്റ്" എന്ന് എഴുതി ചേർക്കുമായിരുന്നു. എന്ത് പറഞ്ഞിട്ടെന്താ കാര്യം; ഇന്നാ, മാണി സാറിന്റെ അവസ്ഥ കണ്ടാൽ പെറ്റ തള്ള സഹിക്കുകേല. വർഷങ്ങൾക്ക് മുമ്പൊരിക്കൽ കേന്ദ്രമന്ത്രിയാകാനുള്ള സകല സാധ്യതയും ഒത്തു വന്നതാണ്. അന്ന് ലീഡർജിയാണ് അത് കപ്പിനും ചുണ്ടിനുമിടയിൽ വച്ചു തട്ടിത്തെറിപ്പിച്ചത് എന്നാണ് കേട്ട് കേൾവി. അത് പോട്ടെ, ഇപ്പൊ മുഖ്യമന്ത്രിയാവും... ഉപമുഖ്യമന്ത്രിയാവും എന്നൊക്കെ കേട്ടു. എല്ലാം കോഴി കോട്ടുവായ വിട്ട പോലെയായി. ഒന്നും സംഭവിച്ചില്ല എന്ന് മാത്രമല്ല, കിട്ടിയത് കൊട്ടപ്പടി ദുഷ്‌പേര്. 

പഴയ ഉമ്മഞ്ചാണ്ടി സർക്കാരിന്റെ അവസാന കാലത്ത് സരിത കഴിഞ്ഞാൽ whatsapp-ലും സോഷ്യൽ മീഡിയയിലും ഒരു മുഖ്യ താരമായിരുന്നു പാവം മാണി സാറും അദ്ദേഹത്തിന്റെ നോട്ടെണ്ണൽ യന്ത്രവും. മാണിയുടെ കരിങ്ങോഴയ്ക്കൽ എന്ന തറവാട്ടു പേര് കരിം"കോഴ"യ്ക്കൽ എന്നാക്കി മാറ്റണം എന്ന് ന്യൂ ജനറേഷൻ ട്രോളന്മാർ മെസേജ് വിട്ടു കളിച്ചപ്പോൾ നോക്കി നിൽക്കാനേ പാലാക്കാർക്ക് വിശിഷ്യാ, മാണി ആരാധകർക്ക് സാധിച്ചുള്ളൂ. തേരാ പാരാ നടന്നു പോകുന്ന ആർക്കും കൊട്ടാവുന്ന വഴിച്ചെണ്ടയുടെ അവസ്ഥയിലായിരുന്നു അന്ന് മാണി സാർ. എന്നാൽ, നാളിതു വരെ എന്തിനെയും ഏതിനെയും എതിർത്തുള്ള ഹർത്താലുകൾ മാത്രം കണ്ടു ശീലിച്ചു പോയ മലയാളി, ചരിത്രത്തിൽ ആദ്യമായി മാണി സാറിനോടുള്ള സ്നേഹവും കൂറും പ്രഖ്യാപിക്കാൻ  ഒരു ഹർത്താൽ നടത്തി വിജയിപ്പിച്ച പാലാക്കാരെ കണ്ട് അന്തം വിട്ട് നിന്നു. കടുത്ത അഴിമതി ആരോപണങ്ങൾക്കിടയിലും ചില ഇടയന്മാരും പെരുന്നയിലെ പോപ്പും പാണ്ടിക്കടവത്ത് കുഞാപ്പയും ഒക്കെ മാണിക്കുള്ള സർവാത്മനാ പിന്തുണ രേഖപ്പെടുത്തുന്നത് കണ്ട "പാലേതര" മലയാളി വീണ്ടും ഞെട്ടി. ഒടുക്കം നിയമസഭാ തിരഞ്ഞെടുപ്പിൽ ഒരു മാതിരിപ്പെട്ട ആരോപണവിധേയന്മാരെ ഒക്കെ ജനം വീട്ടിലിരുത്തിയപ്പോൾ പാലാക്കാർ മാണിസാറിലുള്ള തങ്ങളുടെ കൂറ് അദ്ദേഹത്തെ ജയിപ്പിച്ച് ഉറക്കെ പ്രഖ്യാപിച്ചു. 

എന്നാൽ, കോഴ ആരോപണവും ഐതിഹാസിക ലഡ്ഡു ബജറ്റും ക്വിക്ക് വെരിഫിക്കേഷനും എഫ് ഐ ആറും സീസറിന്റെ ഭാര്യയും രാജിയും നിയമ സഭാ തിരഞ്ഞെടുപ്പിൽ സീറ്റ് വെട്ടിക്കുറക്കലും  ഫ്രാൻസിസ് ജോർജിന്റെയും കൂട്ടരുടെയും കൊഴിഞ്ഞുപോക്കും തുടങ്ങി ഒട്ടേറെ പ്രതിസന്ധികൾ വന്നപ്പോഴും ഇല്ലാതിരുന്ന ഒരു ഗംഭീര വെളിപാട് നിയമസഭാ തിരഞ്ഞെടുപ്പിൽ ഭരണം പോയ ശേഷം അദ്ദേഹത്തിന് ഉണ്ടായി. തനിക്ക് വന്നു ഭവിച്ച തട്ട് കേടുകൾക്കെല്ലാം പിന്നിൽ അതി ശക്തമായ ഗൂഡാലോചന ഉണ്ടെന്നും അതിന് നേതൃത്വം നൽകിയത് പേര് വെളിപ്പെടുത്താൻ താൻ ആഗ്രഹിക്കാത്ത പ്രമുഖ കോൺഗ്രസ് നേതാക്കൾ ആണെന്നും ആയിരുന്നു ആ വെളിപാട്. ചരൽക്കുന്ന് ക്യാംപിനു മുൻപായി അദ്ദേഹം പങ്കെടുത്ത ധ്യാനത്തിൽ വച്ച് ഈ വെളിപാടിന്റെ ആധികാരികത അദ്ദേഹം സ്ഥിരീകരിച്ചു കാണും എന്നാണ് പിന്നീട് നടന്ന  വികാസങ്ങൾ സൂചിപ്പിക്കുന്നത്. ചരൽക്കുന്ന് ക്യാംപിൽ കോൺഗ്രസിനെതിരെ ആരോപണങ്ങളുടെ പെരുമഴയാണ് പിന്നെ പെയ്തത്.  

ഗാഡ്ഗിൽ, കസ്തൂരിരംഗൻ വിഷയത്തിൽ കേരള കോൺഗ്രസ് നേതാക്കളെ പ്രതിക്കൂട്ടിലാക്കിയതും ഇടുക്കിയിൽ  പട്ടയം കിട്ടാത്ത വിഷയത്തിൽ ജനങ്ങളെ ഇളക്കിവിട്ട് മാണിയുടെ വീട്ടിലേക്ക് പ്രതിഷേധം നടത്തിച്ചതും കോൺഗ്രസാണെന്ന് ക്യാമ്പ് റിപ്പോർട്ട് പറയുന്നു. കെ.എം.മാണിക്കും കേരള കോൺഗ്രസ്സിനും എതിരെ ജനരോഷം തിരിച്ചുവിടാൻ കോൺഗ്രസ് നേതാക്കൾ നിരന്തരം ശ്രമിച്ചെന്ന് ക്യാമ്പ് വിലയിരുത്തി. റബ്ബർ കൃഷിയുടെ രക്ഷക്ക് വേണ്ടി നല്‍കിയ നിവേദനം കേന്ദ്രമന്ത്രി ചിദംബരം മനഃപൂർവ്വം കണ്ടില്ലെന്ന് നടിച്ചു. ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മാണിഗ്രൂപ്പിന്റെ സീറ്റുകളിൽ പരമാവധി തോൽവി ഉറപ്പ് വരുത്താനായി കോൺഗ്രസ് അണികളെ സ്വതന്ത്രവേഷം കെട്ടിച്ച് റിബലാക്കി നിർത്തി. പാർലമെന്റ് തിരഞ്ഞെടുപ്പിൽ അർഹമായ സീറ്റ് കൊടുത്തില്ല. രമേശ് ചെന്നിത്തലയുടെ ആശീർവാദത്തോടെ ബാർ കോഴ കേസിൽ  ഇരട്ട നീതി കാട്ടി. കോൺഗ്രസ് നേതാക്കൾക്കെതിരായി വന്ന കാഷ്യു, കൺസ്യൂമർഫെഡ് അഴിമതി ആരോപണങ്ങളിലും മൃദുസമീപനം കാട്ടി. മാണിയെ കേസിൽ കുടുക്കി അപമാനിച്ചു രാജി വയ്പ്പിച്ച സമയത്തു തന്നെ കെ.ബാബുവിനെ സംരക്ഷിച്ച് നിർത്തി. നിയമ സഭാ തിരഞ്ഞെടുപ്പിൽ  കേരള കോൺഗ്രസ്സിന്റെ സിറ്റിങ് സീറ്റുകളിൽ സ്ഥാനാർത്ഥി നിർണയത്തിന് മുമ്പേ കോണ്‍ഗ്രസ് അണികളെക്കൊണ്ട് കുഴപ്പങ്ങൾ ഉണ്ടാക്കി. തിരുവല്ലയിൽ ജോസഫ് എം.പുതുശേരിയെ തോല്‍പ്പിക്കാൻ പി.ജെ.കുര്യൻ രംഗത്തിറങ്ങി. വിവിധ കക്ഷികൾ വിട്ടു പോയതു മൂലം ഒഴിവ് വന്ന ഒൻപത് നിയമസഭാ സീറ്റുകളിൽ ഒന്ന് പോലും കേരളാ കോൺഗ്രസിന് നൽകാതെ കോൺഗ്രസ് കൈയടക്കി വച്ച്‌ പാർട്ടിയെ ശുഷ്‌കിപ്പിക്കാൻ ശ്രമിച്ചു.....അങ്ങനെ ചാർജ്ജുകൾ അനവധി നിരവധിയാണ്.

ഇതിന്റെയൊക്കെ സത്യസ്ഥിതി എന്തായാലും, കെ.എം. മാണി, കോൺഗ്രസ്‌ നേതൃത്വം നൽകുന്ന ഐക്യജനാധിപത്യമുന്നണി വിട്ടിരിക്കുന്നു എന്നതാണ് യാഥാർഥ്യം. 1982 മുതൽ യു.ഡി.എഫിന്റെ നെടും തൂണുകളിലൊന്നായിരുന്ന മാണിയും അദ്ദേഹത്തിന്റെ കേരളാ കോൺഗ്രസും ഇന്ന് യു ഡി എഫിലില്ല. ചാനലുകളിൽ വന്നിരുന്ന് ചർച്ച ചെയ്യുന്നവർ എന്തൊക്കെ പറഞ്ഞാലും, ഇതിൽ മാണി സാറിന്റെ ഉദ്ദേശ്യം എന്താണെന്നു വ്യക്തമാക്കാൻ അദ്ദേഹത്തിന് മാത്രമേ കഴിയൂ. പക്ഷെ, ഒരു കാര്യം വ്യക്തമാണ്. ഇന്നത്തെ രാഷ്ട്രീയ പരിതസ്ഥിതിയിൽ മാണി വിഭാഗം കേരള കോൺഗ്രസിന് യു ഡി എഫിന് പുറത്തു സ്വീകാര്യത കുറവ് തന്നെയാണ്. ബി ജെ പി നയിക്കുന്ന എൻ ഡി ഏ മാണിയെ രണ്ടു കൈയും നീട്ടി സ്വീകരിച്ചേക്കാം. പക്ഷെ  ആ നീക്കത്തെ,  മാണിയോട് ഉപാധികളില്ലാത്ത കൂറ് പുലർത്തുന്ന ബിഷപ്പുമാരും പാർട്ടി നേതാക്കളും പാലായിലെ മാണി വിധേയരും ഒട്ടു വൈഷമ്യത്തോടെ അനുകൂലിച്ചാൽ തന്നെ, മറ്റു പ്രദേശങ്ങളിലെ അണികളും മാണിക്ക് മാത്രം വോട്ട് ചെയ്തു കൊണ്ടിരിക്കുന്ന  കുറെ വെന്തിങ്ങാ ക്രിസ്ത്യാനികളും എത്രത്തോളം സ്വീകരിക്കും എന്നതിൽ തർക്കമുണ്ട്. കൂടാതെ, ആ നീക്കം മാണിക്ക് മകനോട് മാത്രമേ സ്നേഹമുള്ളൂ എന്ന് ചിന്തിക്കുന്നവരുടെ നിലപാടിനെ ശരി വയ്ക്കുന്നതാവും. എൽ ഡി എഫ് തൽക്കാലത്തേക്കെങ്കിലും മാണിയ്ക്ക് വേണ്ടി കതകു തുറക്കാൻ വഴിയില്ല. 

അപ്പോൾ, സംഭവിക്കാൻ സാധ്യതയുള്ള കാര്യം ഒന്ന് മാത്രമാണ്. കേരളാ കോൺഗ്രസ് മാണി ഇവിടം കൊണ്ടൊന്നും തീരാൻ പോകുന്നില്ല. തൽക്കാലം പെരുവഴിയിലെ സുന്ദരിയായി തുടരും. മാണി തന്റെ നവനൂതന സിദ്ധാന്തമായ സമദൂര സൗഹൃദ സിദ്ധാന്തം എടുത്തു പ്രയോഗിച്ചു കഴിഞ്ഞു. എൽ ഡി എഫിനോടും യു ഡി എഫിനോടും എൻ ഡി ഏ യോടും തുല്യ അകലം... അല്ലെങ്കിൽ തുല്യ അടുപ്പം.... അതായത് ഏതു നിമിഷവും നമ്മുടെ കയ്യിൽ  വന്ന് പെടും എന്ന പ്രത്യാശ മൂന്ന് കൂട്ടരിലും നിലനിർത്തിക്കൊണ്ട് പ്രത്യേക ബ്ലോക്കായി തുടരും. തങ്ങൾക്കു ശക്തിക്ക് ഒരു കുറവുമില്ല എന്ന് തെളിയിക്കാൻ പോന്ന രണ്ടു സംസ്ഥാന സമ്മേളനവും രണ്ടു ബഹുജന സമരവും അങ്ങ് നടത്തും; അത്രേ ഒള്ളൂ കാര്യം. രണ്ടോ മൂന്നോ കൊല്ലത്തേക്ക് പാർട്ടിയെ ഇങ്ങനെയൊക്കെ കൊണ്ട് നടക്കാനുള്ള പണവും സ്വാധീനവുമൊക്കെ അദ്ദേഹത്തിന്റെ കയ്യിലുണ്ട്. മാണിയുടെ തീരെ നിസാരമല്ലാത്ത വോട്ട് ബാങ്ക് ആവശ്യകമായി വരുന്ന അടുത്ത തെരഞ്ഞെടുപ്പവസരത്തിൽ കേരളത്തിലെ ഏതെങ്കിലും മുന്നണി അദ്ദേഹത്തിന്റെ സഹായം തേടി ചെല്ലും എന്നുറപ്പാണ്. അപ്പോൾ ഞെളിഞ്ഞ് നിന്ന് സൗകര്യപൂർവ്വം വിലപേശാം. ഏറ്റവും ഗുണം കിട്ടാവുന്ന മുന്നണിയിൽ കയറിപ്പറ്റാം എന്നതിൽ ഒരു തർക്കവും ഇല്ല. 

എന്തായാലും ഒരു കാര്യം ഉറപ്പിച്ചു പറയാം. ഇപ്പോൾ നടക്കുന്നതൊക്കെ മാണി സാറിന്റെ ഒരു പിപ്പിടി നമ്പറാണെന്ന് തലയ്ക്കു വെളിവുള്ള എല്ലാവർക്കും മനസ്സിലാക്കാവുന്നതേയുള്ളൂ. കേരളത്തിലെ വോട്ടർമാരിൽ നല്ല ശതമാനവും വിവേചന ബുദ്ധിയും ഓർമ്മശക്തിയും ഇല്ലാതെ വോട്ടു കുത്തുന്നവരാണെന്ന വ്യക്തമായ ധാരണ  നൂറ്റാണ്ടോളം കേരളരാഷ്ട്രീയത്തിൽ കടവിറങ്ങിയതിന്റെ പരിചയമുള്ള മാണിക്കുണ്ടെന്നേ....മാണി സാറാരാ മോൻ...

 ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക


അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക


No comments:

Post a Comment