ഞാൻ വെറും പോഴൻ

My photo

മിക്കവാറും എല്ലാ മതങ്ങളും പറയുന്നു, ദൈവത്തെപ്പോലെയാവാന്‍. എന്നാല്‍ ഞാന്‍ നല്ലൊരു മനുഷ്യന്‍ പോലും അല്ല..
ആര്‍ക്കെങ്കിലും ഞാനൊരു നല്ല മനുഷ്യനായി തോന്നിയാല്‍ അത് അവരുടെ മാത്രം കാഴ്ചപ്പാടാണ്. അതിനു ഞാന്‍ ഉത്തരവാദിയല്ല.....

Sunday, 31 December 2017

"ജനമൈത്രി" പോലീസിന്റെ നാട്ടിലെ ചില പോലീസ് അതിക്രമങ്ങൾ...

കൊല്ലത്ത് പിങ്ക് പൊലീസ് വാഹനത്തിൽ സ്കൂട്ടർ മുട്ടിയെന്നാരോപിച്ച് ഡിവൈഎഫ്ഐ നേതാവിന് പൊലീസ് മർദ്ദനം. മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന കൊല്ലം ജില്ലാ സമ്മേളന നഗരിക്കടുത്താണ് സംഭവം. ഡിവൈഎഫ്ഐ കൊല്ലം കിളിക്കല്ലൂർ മേഖലാ കമ്മറ്റിയംഗം നന്ദുവിനാണ് മർദ്ദനമേറ്റത്. മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ ആഭ്യന്തരവകുപ്പിനെതിരെ വിമർശനം ഉയർത്തിയ ജില്ലാ സമ്മേളനം തുടരുമ്പോഴാണ് സംഭവം. പൊലീസ് സ്റ്റേഷനിൽ വച്ച് ഇയാളുടെ മൊബൈൽ പിടിച്ചുവാങ്ങിയ പൊലീസ് അവിടെവച്ചും മർദ്ദിച്ചതായി ആരോപണമുണ്ട്. തുടർന്ന് സമ്മേളനനഗരിയിൽ നിന്ന് നേതാക്കളെത്തിയാണ് ഇയാളെ മോചിപ്പിച്ചത്. 

സംസ്ഥാന കലോത്സവ നഗരിയില്‍ സാഹിത്യ അക്കാദമി വേദിയില്‍ കവിയും സാമൂഹിക പ്രവര്‍ത്തകനുമായ ലൂയിസ് പീറ്റര്‍ക്ക് പോലീസ് മര്‍ദനം. യാതൊരു പ്രകോപനവുമില്ലാതെയാണ് എഎസ്‌ഐ ലൂയിസ് പീറ്ററുടെ കരണത്ത് പരസ്യമായി അടിച്ചതെന്ന് അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ ആരോപിച്ചു. കവിയെ പോലീസ് അറസ്റ്റ് ചെയ്ത് കൊണ്ട് പോകാന്‍ തുടങ്ങിയപ്പോള്‍ അക്കാദമി പരിസരത്തുള്ള സുഹൃത്തുക്കളും സാംസ്‌കാരിക പ്രവര്‍ത്തകരും ചേര്‍ന്ന് തടഞ്ഞു. പ്രശ്‌നം വഷളായതോടെ ലൂയിസ് പീറ്ററിന്റെ സുഹൃത്തും കൃഷിവകുപ്പ് മന്ത്രിയുമായ വിഎസ് സുനില്‍ കുമാര്‍ എത്തിയാണ് പ്രശ്‌നം ഒതുക്കിത്തീര്‍ത്തത്. ഇതേ എസ്‌ഐ നാടന്‍പാട്ട് ഗ്രീന്‍ റൂമിലെത്തി അനാവശ്യമായി ഇടപെട്ടുവെന്ന് പറഞ്ഞുവെന്ന് ആരോപിച്ച് അധ്യാപകരടക്കമുള്ള സ്ത്രീകളും രംഗത്തെത്തി. സംഭവത്തെ തുടര്‍ന്ന് ആരോപണവിധേയനായ എഎസ്‌ഐയെ കലോത്സവ ചുമതലകളില്‍ നിന്നും ഒഴിവാക്കി.


സുഹൃത്തിനെ ആലപ്പുഴ മെഡിക്കൽ കോളേജിൽ സന്ദർശിച്ച് വരുന്ന വഴി യുവാക്കളെ ക്രൂരമായി മർദ്ദിച്ച് ഹരിപ്പാട് എസ്ഐ ശ്രീജിത്ത്. കുറവൻതോട് കിഴക്ക് വെള്ളാപ്പള്ളി ജംഗ്‌ഷനിൽ സുഹൃത്തുക്കളുമായി സംസാരിച്ചുകൊണ്ടിരിക്കുമ്പോഴാണ് എസ് ഐ ശ്രീജിത്തും കോൺസ്റ്റബിളും കൂടി സ്വകാര്യാ വാഹനത്തിൽ വന്നത്. വണ്ടിയിൽ നിന്നിറങ്ങിയ വഴി എന്തെടാ ഇവിടെ നിൽക്കുന്നത് എന്ന് ചോദിച്ച് ഇവരെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു.

ട്രാൻസ്ജെൻണ്ടേഴ്‌സിനെതിരെ ക്രൂരവും മനുഷ്യത്വവിരുദ്ധവുമായ പോലീസ് നടപടികളാണ് ഈയടുത്ത് കേരളത്തിന്റെ പല സ്ഥലങ്ങളിലും റിപ്പോർട്ട് ചെയ്യപ്പെട്ടത്. 

കടല്‍ത്തീരത്ത് കുടുംബസമേതം വിശ്രമിക്കാനെത്തിയ സിപിഐ-എം ബ്രാഞ്ച് സെക്രട്ടറിക്കും സുഹൃത്തിനും കുടുംബത്തിനും നേരെ അതി ക്രൂരമായ നരനായാട്ട് നടത്തിയ പോലീസ് ഉദ്യോഗസ്ഥനെതിരെ വധശ്രമത്തിന് കേസെടുത്ത്  സര്‍വീസില്‍ നിന്ന് പിരിച്ചുവിടണമെന്ന് വി.എസ് ആവശ്യപ്പെട്ടിട്ട് അധികം കാലമായില്ല. ജനങ്ങളെ ഭീതിയിലാഴ്ത്തിയല്ല പോലീസിന്റെ മനോവീര്യം നിലനിര്‍ത്തേണ്ടതെന്നും അദ്ദേഹം പ്രസ്താവിച്ചു. വടക്കാഞ്ചേരിയില്‍ സിപിഎം കൗണ്‍സിലറും മറ്റു മൂന്നു പേരും ചേര്‍ന്ന് യുവതിയെ പീഡിപ്പിച്ച സംഭവത്തിലെ അന്വേഷണത്തില്‍ വീഴ്ച വരുത്തിയെന്ന് ആരോപണം നേരിട്ട പേരാമംഗലം സിഐ മണികണ്ഠനെതിരെ നടപടിയെടുത്തത് തും അടുത്ത കാലത്താണ്. കേസിന്റെ തെളിവെടുപ്പിനിടെ യുവതിയോട് അപമര്യാദയായി പെരുമാറിയെന്നായിരുന്നു ഇയാള്‍ക്കെതിരായ ആരോപണം. നാലു പേര്‍ പീഡിപ്പിച്ചതിനേക്കാള്‍ വലിയ ബലാത്സംഗമാണ് പേരാമംഗലം സിഐയില്‍ നിന്നും നേരിടേണ്ടി വന്നതെന്ന് യുവതി ആരോപിച്ചിരുന്നു. പ്രതികളെ ചൂണ്ടിക്കാട്ടി ഇവരില്‍ ആര് ബലാത്സംഗം ചെയ്തപ്പോഴായിരുന്നു നിനക്ക് ഏറ്റവും കൂടുതല്‍ സുഖമെന്ന് സിഐ ചോദിച്ചത്രേ. ഇഷ്ടപ്പെട്ട സൈസ് ഏതാണെന്നും പൊലീസ് ചോദിച്ചതായി യുവതി ആരോപിച്ചിരുന്നു. പേരാമംഗലം സിഐ യുടെ അസഭ്യവർഷവും സമ്മർദ്ദവും സഹിക്കാനാവാതെയാണ് കോടതിയില്‍ മൊഴിമാറ്റിപ്പറഞ്ഞതെന്നും യുവതി പറഞ്ഞു. മധു അമ്പലത്തൂരെന്ന രാഷ്ട്രീയക്കാരനും പോലീസും കൂടിയിരുന്നാണ് തന്നെ മാറ്റിപ്പറയാനുള്ള മൊഴി പഠിപ്പിച്ചതെന്നും യുവതി ആരോപിച്ചിരുന്നു.

മുൻ ആഭ്യന്തര മന്ത്രിയും ഇപ്പോഴത്തെ പ്രതിപക്ഷ നേതാവും പ്രതിനിധീകരിക്കുന്ന മണ്ഡലത്തിൽ നിന്ന് കേട്ട ഒരു "ഷോക്കിങ് ന്യൂസ്" ചുമ്മാ വായിച്ചു മറന്ന് കളയാൻ മനസ്സ് സമ്മതിക്കുന്നില്ല. ഓട്ടോ ഓടിച്ച് ഉപജീവനം നടത്തുന്ന കൃഷ്ണകുമാർ എന്ന മധ്യവയസ്‌കൻ; തന്റെ, മകളുടെ മാനത്തിന് സുരക്ഷിതത്വ ഭീഷണി നേരിട്ടപ്പോൾ ഈ നാട്ടിലെ പോലീസ് സംവിധാനത്തെ നീതിക്കും സുരക്ഷയ്ക്കും വേണ്ടി സമീപിച്ചു. പക്ഷെ, അയാളെ കാത്തിരുന്നത് നീതിയോ സുരക്ഷയോ ആയിരുന്നില്ല. ആസൂത്രിതമായ ഭീഷണികൾ ആയിരുന്നു. താൻ കൊടുത്ത പരാതിയുടെ പേരിൽ സ്വന്തം മകന്റെ ജീവനും ജീവിതവും കൂടി അപകടത്തിലാവുന്നു എന്ന പേടിപ്പെടുത്തുന്ന തിരിച്ചറിവ് കൂടി കിട്ടിയ ആ സാധു മനുഷ്യൻ നിയമസംവിധാനങ്ങളുടെ നിസ്സംഗതയെയും മാധ്യമങ്ങളുടെ നിശബ്ദതയെയും പരിഹസിച്ചു കൊണ്ടും വെല്ലു വിളിച്ചു കൊണ്ടും ആത്മഹത്യ ചെയ്തു. ലോക്കൽ പോലീസ് സംവിധാനം നീതിപൂർവ്വകമായി പ്രവർത്തിച്ചിരുന്നെങ്കിൽ അയാൾ ഇന്നും ഈ നാട്ടിൽ ജീവിച്ചിരിക്കുമായിരുന്നു.

ഹെൽമെറ്റില്ലെന്ന കാരണത്താൽ സന്തോഷ് എന്ന യുവാവിനെ പൊലീസുകാരൻ തലയ്ക്ക് വയർലെസ് കൊണ്ട് അടിച്ച വാർത്ത കുറച്ച് നാളുകൾക്ക് മുൻപ് വൈറൽ ആയിരുന്നു. ആശുപത്രിയിൽ കഴിയുന്ന അമ്മയെ കാണുന്നതിനായി, കൈക്കുഞ്ഞുമായി ബൈക്കിൽ പോകുമ്പോഴായിരുന്നു യുവാവിനെതിരായി പൊലീസുകാരന്‍റെ ക്രൂരനടപടി ഉണ്ടായത്. കൊല്ലം, ആശ്രാമം മൈതാനത്തിനു സമീപം ലോറിക്കു മറവില്‍ നിന്നു ഹെല്‍മെറ്റ് പരിശോധന നടത്തുകയായിരുന്ന ആശ്രാമം ട്രാഫിക് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥന്‍ ബൈക്കിനു മുന്നില്‍ ചാടി വീണു കൈ കാണിച്ചു.  യുവാവ് അല്‍പ്പം മുന്നോട്ടു മാറ്റിയാണു ബൈക്കു നിര്‍ത്തിയത്. ഇതില്‍ പ്രകോപിതനായ പോലീസുകാരൻ, കൈ കാണിച്ചാല്‍ നീ ബൈക്ക് നിര്‍ത്തില്ലേ എന്ന് ആക്രോശിച്ചു വയര്‍ലെസ് സെറ്റുകൊണ്ടു തലയ്ക്കു അടിക്കുകയായിരുന്നു എന്നാണ് സന്തോഷിന്റെ പരാതി. തുടര്‍ന്നു കുട്ടിയുമായി റോഡിലിരുന്നു പ്രതിഷേധിച്ച യുവാവിനെ കൂടുതല്‍ പൊലീസുകാരെത്തി ആശുപത്രിയിലേക്കു മാറ്റി. സന്തോഷിന്റെ ചെവിക്കു മുകളിലായാണ് പരുക്ക്. ചെവിക്കുള്ളിലെ പൊട്ടല്‍ ഗുരുതരമാണെന്നും ഇന്‍ഫെക്ഷനാകാന്‍ സാധ്യതയുണ്ടെന്നതിനാല്‍ ഐസിയുവിലേക്കു മാറ്റിയെന്നുമാണ് റിപ്പോർട്ട്. നാടിനെ കലുഷിതമാക്കുന്ന പ്രവർത്തിയാണ് നടന്നതെന്നും അപക്വവും അക്രമാസക്തവുമായ ഈ പൊലീസുകാരന്‍റെ സമീപനം മൊത്തം പൊലീസ് സേനയ്ക്കും അപമാനകരമാണെന്നും ആഭ്യന്തരമന്ത്രി കൂടിയായ മുഖ്യമന്ത്രിയ്ക്ക് പറയേണ്ടി വന്നു. 

ജോലിക്ക് നിന്നിരുന്ന ഡോക്ടറുടെ വീട്ടില്‍ നിന്ന് സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ചുവെന്നാരോപിച്ച്‌ കസ്റ്റഡിയില്‍ എടുത്ത ചേരാനെല്ലൂർ സ്വദേശിനി ലീബ പോലീസ് കസ്റ്റഡിയില്‍ ക്രൂര മര്‍ദനത്തിനിരയായ വാർത്ത വൻ പ്രതിഷേധത്തിനിടയാക്കിയിരുന്നു. കസ്റ്റഡിയിലെ ക്രൂര മര്‍ദനത്തെത്തുടർന്ന് ലീബയ്ക്ക് തലയ്ക്കും നട്ടെല്ലിനും മാരകമായ പരിക്കേറ്റതിനെ തുടര്‍ന്ന് ഇന്നും ചികിത്സയിൽ കഴിയുകയാണ്. സംഭവം നടന്ന് രണ്ട് വർഷത്തോളമായിട്ടും തൊണ്ടിമുതല്‍ കണ്ടെത്തുന്നതിനോ, ലീബയ്‌ക്കെതിരെ കേസ് തെളിയിക്കുന്നതിനോ പോലീസിന് കഴിഞ്ഞില്ല. എന്നാല്‍ ലീബയ്ക്ക് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്ത നാട്ടുകാര്‍ക്കെതിരെ കേസെടുക്കുന്ന കാര്യത്തില്‍  പോലീസ് നല്ല ശുഷ്‌കാന്തി കാണിച്ചിരുന്നു. ഒമ്പത് കേസുകളിലായി നൂറോളം പേര്‍ക്കെതിരെ പോലീസ് അടിയന്തിരമായി കേസെടുത്തു. ലീബയുടെ കേസന്വേഷണം ഇഴയുമ്പോഴും നീതിക്കു വേണ്ടി പോരാടിയ നാട്ടുകാര്‍ കോടതി കയറിയിറങ്ങുകയാണ്. 

സ്‌കൂള്‍ ബസ്സില്‍ ഡ്രൈവറായ സുരേഷ് എന്ന ചെറുപ്പക്കാരൻ, ആറു വയസ്സുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്ന് ആരോപിച്ച് കൊച്ചി ഹാർബർ പോലീസ് സ്റ്റേഷനിൽ കൊണ്ട് വന്ന് ഇടിച്ചു നടുവ് തളർത്തിയിട്ടിട്ട് ഒരു മാസം ആവുന്നേ ഉള്ളൂ. കള്ളക്കേസുണ്ടാക്കിയാണ് ഇയാളെ അറസ്റ്റ് ചെയ്ത് പീഡിപ്പിച്ചതെന്ന് റിപ്പോർട്ടുകൾ ഉണ്ട്. കുട്ടിയുടെ പിതാവും സുരേഷും തമ്മിലുള്ള ചില തര്‍ക്കങ്ങളുടെ തുടര്‍ച്ചയായി കുട്ടിയുടെ പിതാവിന്റെ അടുത്ത സുഹൃത്തായ പോലീസുകാരന്റെ താത്പര്യപ്രകാരമാണ് അറസ്റ്റ് നാടകം നടത്തിയതെന്നും പത്ര റിപ്പോർട്ടുകൾ പറയുന്നു.

എന്നാൽ, ശാരീരിക പീഢന ക്ഷമതയോട് കിട പിടിക്കുന്ന മാനസിക പീഡന ക്ഷമതയും തങ്ങൾക്കുണ്ടെന്ന് പോലീസ് തെളിയിച്ച സംഭവം കഴിഞ്ഞ മാസം ഗുരുവായൂരിൽ സംഭവിച്ചിരുന്നു. ക്ഷേത്രത്തിൽ വിവാഹം കഴിഞ്ഞ് വീട്ടിലേക്കു മടങ്ങുകയായിരുന്ന നവദമ്പതികളെ മൂന്നു മണിക്കൂറാണ് പോലീസ്‌സ്റ്റേഷനിൽ പിടിച്ചിരുത്തിയത്. വിവാഹശേഷം വീട്ടിലേക്കുള്ള യാത്രയിൽ നവവരൻ തന്നെയാണ് കാർ ഒാടിച്ചിരുന്നത്. കാർ ഒരു ട്രാഫിക് പോലീസുകാരനെ ചെറുതായി തട്ടി. ഭാഗ്യാവശാൽ, അദ്ദേഹത്തിന് കാര്യമായ പരിക്കൊന്നും സംഭവിച്ചില്ല. പക്ഷെ, പോലീസിന്റെ കൃത്യനിർവ്വഹണബോധം സട കുടഞ്ഞെഴുന്നേറ്റു. വൺവേ തെറ്റിച്ചു, വരൻ മൊബൈൽഫോണിൽ സംസാരിച്ചു, പോലീസുകാരന്റെ ഡ്യൂട്ടി തടസ്സപ്പെടുത്തി തുടങ്ങി കാൽ ഡസനോളം  കുറ്റങ്ങൾ ചാർത്തിയാണ് ഈ നവദമ്പതികളെ ബന്ദികളാക്കിയത്. ഈ വരൻ ചെയ്തു എന്ന് പറയപ്പെടുന്ന കാര്യങ്ങൾ എല്ലാം ഗൗരവമായ കുറ്റങ്ങൾ തന്നെയാണ്. അതിന് നിയമം അനുശാസിക്കുന്ന കൃത്യമായ നടപടികൾ സ്വീകരിക്കേണ്ടതിനു പകരം  വരനെയും, ഇതിലൊന്നും പങ്കില്ലാത്ത വധുവിനെയും വിവാഹവേഷത്തിൽ പോലീസ്‌സ്റ്റേഷനിൽ മണിക്കൂറുകൾ പിടിച്ചിരുത്തിയ നടപടി തികഞ്ഞ സാഡിസമല്ലാതെ മറ്റെന്താണ്. മതപരമായ വിവാഹചടങ്ങിന്റെ ആചാരപരമായ പ്രസക്തിയിൽ വിശ്വസിക്കുന്നവരും ഇല്ലാത്തവരും എല്ലാം നമുക്ക് ചുറ്റുമുണ്ട്. എന്നാൽ, ഇതിലെല്ലാം വിശ്വസിക്കുന്നവർക്ക് മുഹൂർത്തവും ഗൃഹപ്രവേശവും എല്ലാം പവിത്രവും പ്രധാനപ്പെട്ടതുമാണ്. ഗുരുവായൂർ സംഭവത്തിൽ വിവാഹ ശേഷമുള്ള ശുഭമുഹൂർത്തത്തിലെ ഗൃഹപ്രവേശം നടത്താൻ പോലീസ് നവദമ്പതികളെ അനുവദിച്ചില്ല. പോലീസ് ആരോപിക്കുന്ന കുറ്റങ്ങളിലൊന്നും പങ്കാളിയല്ലാത്ത ആ വധു തന്റെ ജീവിതത്തിലെ സന്തോഷകരമായ ആ ദിവസത്തിൽ കുറ്റവാളി കണക്കെ പോലീസ്‌സ്റ്റേഷനിൽ മണിക്കൂറുകൾ ചെലവിടേണ്ടി വന്നതിന്റെ മാനസിക ആഘാതത്തിന് എന്ത് പരിഹാരമാണുള്ളത്.

ഇത് തികച്ചും അപൂർണ്ണമായ ഒരു ലിസ്റ്റാണ്. മാധ്യമവാർത്തകളിലൂടെ കണ്ണോടിച്ചാൽ, ശരാശരി ആഴ്ചയിൽ ഒരിക്കലെങ്കിലും കുറഞ്ഞത് ഒരു പോലീസ് അതിക്രമം എങ്കിലും വായിക്കാൻ സാധിക്കും.

സാന്ദർഭികമായി, മുൻ ആലുവ റൂറൽ എസ് പി യതീഷ് ചന്ദ്രയുടെ സോഷ്യൽ മീഡിയ വൈറൽ അങ്കമാലി ലാത്തിച്ചാർജിന്റെ പശ്ചാത്തലത്തിൽ, അഴിമുഖം.കോം - ൽ ഉണ്ണികൃഷ്ണൻ കാസ്റ്റ് ലെസ്സ് എഴുതിയ ഒരു ലേഖനത്തിലെ പ്രസക്ത ഭാഗങ്ങൾ കൂടി ചേർക്കുകയാണ്. 

""കാക്കിക്കുള്ളിലെ നായാട്ടുപ്രേമികളുടെ സൈക്കിക് വൈബ്രേഷനുകള്‍ക്ക് ജനങ്ങളും മനുഷ്യാവകാശ പ്രവര്‍ത്തകരും വിദ്യാര്‍ഥി രാഷ്ട്രീയ നേതാക്കളും ലൈംഗീക അതിക്രമകേസുകളിലെ ഇരകളും പാവപ്പെട്ടവനും ഇരയായിത്തുടങ്ങിയിട്ട് കാലം കുറച്ചായി. ഉത്തരേന്ത്യയിലെ ദരിദ്രഗ്രാമങ്ങളില്‍ മാത്രം അവശേഷിക്കുന്നു എന്ന് ധരിച്ചിരുന്ന കുട്ടന്‍പിള്ള (ആ പേരുള്ള നല്ല മനുഷ്യര്‍ എന്നോട് പൊറുക്കട്ടെ) പോലീസ് സംസ്കാരത്തിന്‍റെ ഉത്തരാധുനിക പതിപ്പാണ്‌ യതീഷ് ചന്ദ്ര എന്ന ഐ പി എസ് ഏമാന്‍. ഒരുപക്ഷേ മലയാള സിനിമയ്ക്ക് സുരേഷ് ഗോപിക്ക് ശേഷം ലഭിക്കാന്‍ സാധ്യതയുള്ള ഗര്‍ജിക്കുന്ന സിങ്കം ആയി നാളെ ഇദ്ദേഹം മാറില്ലെന്ന് ആരുകണ്ടു. തലവര നന്നെങ്കില്‍ ബോളിവുഡിലും എത്തിയേക്കാം. ഇനിയൊരവസരം കിട്ടുമ്പോള്‍ ക്യാമറയും തുറന്നുവച്ച് നാല് പൊളപ്പന്‍ ഡയലോഗും പറഞ്ഞ് പാവം ജനങ്ങളുടെ മേലെ മേഞ്ഞ് അരയിലെ തോക്കിലെ നാല് ഉണ്ടയും പൊട്ടിച്ചുകളഞ്ഞാല്‍ ഇന്ന് കിട്ടിയ പതിനായിരം ഫേസ്ബുക്ക് ലൈക്ക് ഒരു ലക്ഷമായി ഉയര്‍ത്താം. അമ്മയെ തല്ലിയാലും രണ്ട് പക്ഷമുള്ള നാട്ടില്‍ മാനസിക വൈകല്യമുള്ള പോലീസുകാര്‍ക്കുമുണ്ടാകും ജയ് വിളിക്കാനും ഫാന്‍സ്‌ ക്ലബ് രൂപികരിക്കാനും ആളുകള്‍. എന്നുകരുതി ഇതുതന്നെ സ്വര്‍ഗരാജ്യമെന്നു കരുതിയാല്‍ പ്ലാന്‍ പാളും. പഴയ ഫ്യൂഡല്‍ മാടമ്പി പോലീസ് ഏര്‍പ്പാടുകള്‍ തട്ടുമ്പുറത്തായിട്ട് കാലമേറെയായി എന്ന് അദ്ദേഹത്തിന് ആര് പറഞ്ഞ്കൊടുക്കും? കാരണം ഹിറ്റ്ലറും മുസ്സോളിനിയും മരിച്ചിട്ട് നാളേറെയായി സാറേ. ജേക്കബ് പുന്നൂസ് അടക്കമുള്ള മനുഷ്വത്വമുള്ള പോലീസുകാര്‍ ഉള്ള കൂട്ടത്തില്‍ തന്നെയാണിതെന്നും അറിയുമ്പോഴാണ് നാനാത്വത്തില്‍ ഏകത്വം എന്നത് പോലീസുകാരെ സംബന്ധിച്ചെങ്കിലും എത്ര നേരാണെന്ന് അറിയുന്നത്. 

എസ് പിയോടാണോ കളി എന്ന് യതീഷ് ചന്ദ്ര ചോദിക്കുന്നത് കേട്ടു; ശരി..., കളി അറിയാവുന്ന നിങ്ങള്‍ പോലീസുകാര്‍ നന്നായറിഞ്ഞു കളിച്ച ചില കാര്യങ്ങള്‍ പറയട്ടെ സാര്‍? കുറഞ്ഞത് ഇതൊക്കെ ഉള്ളതാണെന്നെങ്കിലും സമ്മതിക്കുമോ അങ്ങ്?

* ഏറണാകുളത്ത് നിന്നും കഞ്ചാവുമായി അറസ്റ്റ് ചെയ്ത പ്രതികളില്‍ നിന്നും പോലീസ് വിലപേശി കൈക്കൂലി വാങ്ങിയെന്ന പ്രതികളുടെയും അവരുടെ ബന്ധുക്കളുടെയും വെളിപ്പെടുത്തല്‍ താങ്കള്‍ അറിഞ്ഞിരുന്നോ?

*വൻ തട്ടിപ്പ് കേസിലെ പ്രതിയായ കവിത പിള്ളയെ പോലീസുകാര്‍ക്ക് കൈക്കൂലി എത്തിക്കാനും കേസുകള്‍ ഒതുക്കാനുമുള്ള ഇടനിലക്കാരിയായി പോലീസുകാര്‍ തന്നെ 'നിയമിച്ചത്' താങ്കള്‍ അറിഞ്ഞിരുന്നോ?

* പാവം ഒരു സെക്യൂരിറ്റി ജീവനക്കാരനെ വണ്ടി കയറ്റിക്കൊന്ന പണച്ചാക്കായ ക്രിമിനലിനെ രക്ഷിക്കാന്‍ എഫ് ഐആറില്‍ വെള്ളം ചേര്‍ത്തും സെക്യൂരിറ്റി ജീവനക്കാരന്‍റെ മരണമൊഴി എടുക്കാതെയും 'സഹകരിച്ച' പോലീസുകാര്‍ നിങ്ങളുടെ കൂട്ടത്തില്‍ ഉണ്ടെന്ന് അറിഞ്ഞിട്ടുണ്ടോ താങ്കള്‍?

*അതേ ക്രിമിനലിന് ജയിലിനുള്ളില്‍ സകല സഹായവും ചെയ്ത് കൊടുക്കുന്നത് പോലീസുകാര്‍ തന്നെയെന്നു അറിഞ്ഞിട്ടുണ്ടോ താങ്കള്‍?""



ഉണ്ണികൃഷ്ണന്റെ ചോദ്യങ്ങൾ നേരിട്ട് യതീഷ് ചന്ദ്രയോടാണെങ്കിലും അത് ചെന്ന് പതിയ്ക്കുന്നത് മൊത്തം പോലീസ് സംവിധാനത്തിന്റെ ചെവിയിലാണ്. 

ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാൻ താഴെയുള്ള ലിങ്കി ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക

HTTPS://WWW.FACEBOOK.COM/ACHAYATHARANGAL.BLOGSPOT.IN


അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക


HTTPS://WWW.FACEBOOK.COM/GROUPS/224083751113646/

No comments:

Post a Comment