ഞാൻ വെറും പോഴൻ

Sunday, 8 July 2018

വേണ്ടാത്തവർ കുടിക്കണ്ട; കുടിക്കുന്നവരെ തടയാൻ നിങ്ങൾക്കെന്തവകാശം !!???

(Statutory Warning : Alcohol Consumption is Injurious to Health
നിയമപ്രകാരമുള്ള മുന്നറിയിപ്പ് : മദ്യപാനം ആരോഗ്യത്തിന് ഹാനികരം)

ഭക്ഷണം, പാനീയം, യാത്ര മുതലായവയുമായി പ്രണത്തിലായവരുടെ പ്രിയപ്പെട്ട സൈബറിടമായിരുന്ന GNPC എന്ന ഫേസ്‌ബുക്ക് ഗ്രൂപ്പിനെതിരെ മദ്യപാനത്തിനും മദ്യപിക്കുന്നവര്‍ക്കും പ്രോത്സാഹനം നല്‍കുന്നതായി ആരോപിച്ച് കേരള എക്സൈസ് വകുപ്പ് നിയമനടപടികൾ എടുക്കുന്നതായുള്ള റിപ്പോർട്ടുകൾ കണ്ടു. പാനീയപ്രിയരായ ആരെങ്കിലും മദ്യത്തിന്റെയോ മദ്യപാനത്തിന്റെയോ ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നത് കൊണ്ട് അത് മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്നു എന്ന് പറയാൻ കഴിയുന്നതെങ്ങിനെയാണ് !!?? അഥവാ ഒറ്റപ്പെട്ട നിലയിൽ പരോക്ഷമായി അത് മദ്യപാനത്തെ ഏതെങ്കിലും നിലയിൽ പ്രോത്സാഹിപ്പിക്കുന്നുണ്ടെങ്കിൽ തന്നെ, കവലകൾ തോറും ബീവറേജസ് കോർപ്പറേഷൻ വഴി മദ്യം വിൽക്കുകയും പൂട്ടിക്കിടന്ന ബാറുകളും കള്ള് ഷാപ്പുകളും തുറന്ന് കൊടുക്കുകയും മദ്യക്കച്ചവടത്തിൽ നിന്ന് നേരിട്ടും പരോക്ഷമായും വരുമാനമുണ്ടാക്കുകയും ചെയ്യുന്ന ഒരു സർക്കാരിന് ഇത്തരമൊരു നടപടി എടുക്കാൻ ധാർമ്മികമായ എന്തവകാശമാണുള്ളത്...!!??? മാത്രവുമല്ല, ഇത്ര നൂലിഴ കീറി നിയമം വ്യാഖ്യാനിക്കാൻ ശുഷ്‌കാന്തി കാണിക്കുന്നവർ മദ്യപാന സീനുകൾ അവതരിപ്പിക്കുന്ന സകല സിനിമാക്കാർക്കെതിരെയും നടപടി എടുക്കേണ്ടതല്ലേ !!???

കഴിഞ്ഞ യു ഡി എഫ് സർക്കാരിന്റെ കാലത്ത് ഒറ്റനോട്ടത്തിൽ ഐതിഹാസികമെന്നു തോന്നാവുന്ന "ചെറുകിട ബാർ നിർമാർജ്ജനം" സുധീരന്റെ മുഖ്യ കാർമ്മികത്വത്തിൽ ഉമ്മൻ ചാണ്ടിയാൽ പ്രഖ്യാപിക്കപ്പെട്ടു. സ്വസ്ഥമായോ അസ്വസ്ഥമായോ ഇരുന്നോ നിന്നോ മദ്യം കഴിക്കാനുള്ള ഇടങ്ങൾ മാത്രമാണ് പൂട്ടിയതെന്ന സത്യം ചിന്തിക്കുന്ന അൽപ്പബുദ്ധികൾക്ക് പോലും മനസിലാകും. പക്ഷെ, ഘട്ടം ഘട്ടമായുള്ള  സമ്പൂർണ്ണ മദ്യ നിരോധനത്തിലേക്കുള്ള കുതിപ്പായിട്ടായിരുന്നു ഉമ്മൻ ചാണ്ടി അതിനെ വിശേഷിപ്പിച്ചത്‌. എ കെ ആന്റണിയുടെ ചാരായ നിരോധത്തോടെ പാവപ്പെട്ട പട്ടയടിക്കാരുടെ സാമ്പത്തിക സംതുലനമായിരുന്നു അട്ടിമറിക്കപ്പെട്ടത്. ഒരു ദിവസത്തെ അധ്വാനത്തിനു ശേഷം ലഭിക്കുന്ന കൂലിയുടെ ചെറിയ ഭാഗം ചാരായത്തിന് ചെലവഴിച്ചവര്‍ തന്നെ ചാരായ നിരോധനത്തിന് ശേഷം അതിന്റെ പല മടങ്ങ്‌ പണം ചെലവിട്ട് ഒട്ടും തന്നെ നിലവാരമില്ലാത്ത മദ്യം വാങ്ങി കുടിച്ചു തുടങ്ങി. ഒറ്റക്കു ഒരു കുപ്പി വാങ്ങാൻ പാങ്ങില്ലാത്തവർ ഷെയർ ഇട്ടടിച്ചു. അപ്പോഴും പോക്കറ്റ് ഒട്ടയാവുമെന്ന യാഥാർത്ഥ്യം നില നിന്നു. അത്യാവശ്യം കിന്റാവാൻ പാകത്തിന് കഴിച്ചാൽ കുടുംബത്തിന് അരിയും സാമാനങ്ങളും വാങ്ങാൻ പണമുണ്ടാവില്ല എന്ന നിലയിലേക്ക് കാര്യങ്ങൾ നീങ്ങി. അങ്ങനെ നിൽക്കുമ്പോൾ നാട്ടിൽ കൂലി നിലവാരം കൂടുകയും അവരുടെ സാമ്പത്തിക നിലവാരം വീണ്ടും ഭദ്രത പ്രാപിച്ചു വരികയുമായിരുന്നു. അപ്പോഴാണ്‌ ഉമ്മൻചാണ്ടി മറ്റൊരു ഇരുട്ടടി കൊടുത്തത്. പക്ഷെ, ഉമ്മൻ ചാണ്ടിയും സംഘവും ചിന്തിച്ച പോലെയായിരുന്നില്ല കാര്യങ്ങൾ പുരോഗമിച്ചത്. ഈ നാട്ടിൽ പ്രായോഗികമായി മദ്യനിരോധനം എന്നൊരു സംഭവമേ നടന്നില്ല; ആകപ്പാടെ ആളുകൾക്ക് പോയിരുന്നു കുടിക്കാനുണ്ടായിരുന്ന ഇടങ്ങൾ മാത്രമാണ് ഇല്ലാതായത്. പിന്നെ സുലഭവും മിതമായ വിലയിലും ലഭിച്ചിരുന്ന സാധനം വല്ല്യ ലക്ഷുറി ആയി മാറി; അത്ര മാത്രം. അതോടെ ബാറുകാരും കുടിയന്മാരും കുടിയന്മാരുടെ കുടുംബവും ചാണ്ടിക്കും സംഘത്തിനും എതിരായി. ഉമ്മൻ ചാണ്ടിയും സംഘവും മനസിലാക്കാതെ പോയ പ്രധാന കാര്യം ഇതായിരുന്നു. വേണമെന്ന് വച്ചാൽ ഭരണകൂടത്തിന് മദ്യം നിരോധിക്കാം; പക്ഷെ ജനതയുടെ ശീലങ്ങളും സന്തോഷങ്ങളും നിരോധിക്കാനാവില്ല. "പത്തായത്തിൽ നെല്ലുണ്ടെങ്കിൽ എലി പത്താനാപുരത്തു നിന്നും എത്തിപ്പെടും". അടിക്കുന്നവർ ഉള്ളിടത്തോളം ഇവിടെ സാധനം സുലഭമായി കിട്ടും; അത് ചിലപ്പോ വ്യാജനോ കടത്തിയതോ ഒക്കെ ആയിരിക്കും. സാധനം കിട്ടാനുണ്ടെങ്കിൽ അടിക്കാൻ ആളും ഉണ്ടാകും. ഈ പരസ്പര പൂരകത്വം നിലനിൽക്കുന്നിടത്തോളം ഇത് മുഴുവൻ ഇല്ലാതാക്കാൻ ഏതു ഭരണാധികാരി ആണേലും ഇച്ചിരി  ബുദ്ധിമുട്ടും". എൽ ഡി എഫ് ആണെങ്കിൽ മദ്യം മദ്യം "നിരോധിക്കില്ലും" എന്ന മട്ടിൽ എങ്ങും തൊടാത്ത നിലപാടെടുത്തു. സോളാർ കാറ്റിലും മദ്യപ്രളയത്തിലും പെട്ട് യു ഡി എഫ് ഭരണം എൽ ഡി എഫിന്റെ കയ്യിലെത്തി.

ചെറുകിടബാറുകൾ (മദ്യമല്ല) നിരോധിച്ചു കൊണ്ട് നടത്തിയ അഭ്യാസം മദ്യഉപഭോഗത്തിന്റെ നിരക്ക് തെല്ലും കുറച്ചില്ല എന്ന് അതിന് ശേഷമുള്ള കണക്കുകൾ നോക്കിയാൽ മനസിലാകും. ഇവിടെ കഞ്ചാവിന്റെയും മറ്റു ലഹരിമരുന്നുകളുടെയും ഉപയോഗം മുൻപെങ്ങുമില്ലാത്ത വിധത്തിൽ കൂടുകയും ചെയ്തു. ബോധവൽക്കരണത്തിലൂന്നിയുള്ള മദ്യവർജ്ജനം പ്രഖ്യാപിതലക്ഷ്യമായി വന്ന എൽ ഡി എഫ് സർക്കാർ എന്ത് ചെയ്യേണ്ടൂ എന്നാലോചിച്ചു നിൽക്കുമ്പോൾ ഒന്ന് രണ്ടു കോടതി വിധികൾ വീണു കിട്ടി. അതിൽ തൂങ്ങി നിന്ന് കേരളത്തിൽ പൂട്ടിയ എല്ലാ ബാറുകളും ഷാപ്പുകളും തുറക്കാൻ അനുവദിച്ചു കൊണ്ടുള്ള ഔദ്യോഗിക തീരുമാനം ഉടനെ പുറത്തു വരും. ഈ ആവസരത്തിൽ കേരളവും മദ്യവും എന്ന വിഷയത്തിൽ കുറച്ച് കാര്യങ്ങൾ എഴുതുകയാണ്. 

എന്താണ് "മദ്യ" കേരളത്തിന്റെ ചരിത്രം ? മലയാളി എന്ന് മുതലാണ്‌ മദ്യപിച്ചു തുടങ്ങിയത് ? ഉത്തരം കോഴിയാണോ മുട്ടയാണോ ആദ്യം ഉണ്ടായത് എന്ന ചോദ്യത്തിന്റെ ഉത്തരം പോലെ തന്നെ കുഴയ്ക്കുന്നതാണ്. ഒരു മാതിരിപ്പെട്ട ഇതിഹാസങ്ങളിലും പുരാണ ഗ്രന്ഥങ്ങളിലും വേദ പുസ്തകങ്ങളിലും മദ്യത്തെപ്പറ്റിയും മദ്യ സേവയെപ്പറ്റിയും പരാമർശമുണ്ട്.

കുടിക്കുന്നത് ഏതു മദ്യമായാലും, അത് കുടിക്കുന്നവരെ മലയാളികൾ പൊതുവെ, കള്ള് കുടിയൻ എന്ന് വിളിക്കുന്നതിൽ നിന്ന് കേരളത്തിന്റെ പരമ്പരാഗത മദ്യം കള്ളായിരുന്നു എന്ന് അനുമാനിക്കാം. തെങ്ങ്, പന എന്നിവയില്‍ നിന്നെടുക്കുന്ന കള്ള് ആയിരുന്നിരിക്കണം പ്രാചീന മലയാളിയുടെ പ്രിയമദ്യം. പിന്നെ പിന്നെ അതിനു ലഹരി പോരാ എന്ന് തോന്നിയ ഏതെങ്കിലും വിരുതന്മാർ ആയിരിക്കും കള്ളോ പഴങ്ങളോഅത് പോലുള്ള മറ്റു വസ്തുക്കളോ പുളിപ്പിച്ച് വാറ്റി പട്ടച്ചാരായം ഉണ്ടാക്കാം എന്ന് കണ്ടു പിടിച്ചതെന്നും കരുതാം. പഴമക്കാർ ഔഷധമായിപ്പോലും മദ്യം ഉപയോഗിച്ചിരുന്നത്രേ.

തെങ്ങ്, പന എന്ന അടിസ്ഥാന വർഗീകരണത്തിൽ ഒതുങ്ങാത്ത കള്ളുകളും കേരളത്തിൽ നിലവിൽ ഉണ്ടായിരുന്നു. മൂക്കാത്ത നെല്ല് കൊയ്ത് എടുത്ത് പുളിപ്പിച്ചുണ്ടാക്കുന്ന 'നെങ്കള്ള്' വളരെ എളുപ്പത്തിൽ ഉണ്ടാക്കാവുന്ന മദ്യമായിരുന്നത്രേ. വനവാസികൾക്കും കർഷകർക്കും വളരെ പ്രിയപ്പെട്ട സാധനമായിരുന്നത്രേ നെങ്കള്ള്. കരിമ്പ് നീരിൽ നിന്ന് ഉരുത്തിരിച്ചെടുക്കുന്ന 'കുന്തക്കള്ള്', ശര്‍ക്കര കലക്കി പല തരം ഔഷധങ്ങളും സാധനങ്ങളും സുഗന്ധവ്യജ്ഞനങ്ങളും ചേര്‍ത്തുണ്ടാക്കുന്ന 'മധുരക്കള്ള്', സോമതല എന്ന ഔഷധ സസ്യത്തിൽ നിന്നും ഉണ്ടാക്കുന്ന 'പിറമ്പരണ്ടക്കള്ള്', നെല്ലിൽ നിന്നും ഉണ്ടാക്കുന്ന മലർ പൊടിച്ചെടുത്ത് ചില കിടു പിടി സാധനങ്ങള്‍ ചേര്‍ത്ത് ഉണ്ടാക്കിയിരുന്ന 'പൊരിങ്കള്ള്', കൂടുതൽ ലഹരിയ്ക്ക് വേണ്ടി കഞ്ചാവ് കൂടി ചേര്‍ത്ത് ഉണ്ടാക്കിയിരുന്ന 'രാമരസം' തുടങ്ങിയവയായിരുന്നത്രേ  പ്രാചീന മലയാളിയുടെ പ്രധാന മദ്യങ്ങള്‍.

എന്നാല്‍ ഏതോ മിടുക്കന്മാർ, കൂടുതൽ ലഹരിക്ക്‌ വേണ്ടി, കള്ള് എന്ന താരതമ്യേന അസംസ്കൃതമായ ലഹരി പാനീയത്തെ വാറ്റി എടുത്ത് ചാരായമാക്കാന്‍ തുടങ്ങിയതോടെ മദ്യത്തിന്റെ അടുത്ത കാലഘട്ടം ആരംഭിച്ചിരിക്കണം. പിന്നീട് ഇവിടെ കച്ചവടത്തിന് വന്നു ഇവിടെ കീഴടക്കി ഭരിച്ച വിദേശികളുടെ കൈയിലൂടെ വിദേശ മദ്യങ്ങൾ ഇവിടെ എത്തിക്കാണണം. പതുക്കെ പതുക്കെ വിദേശി സമ്പര്‍ക്കത്തിൽ നിന്ന് മലയാളിക്ക് വിദേശമദ്യത്തോടുള്ള താല്പ്പര്യം കൂടിക്കാണണം. ഇതെല്ലാം ചരിത്രകാരന്മാരുടെ ഊഹങ്ങളാണ്. വിദേശികൾ ക്ളബ്ബുകൾക്കും അതിലെ മദ്യ സൽക്കാരങ്ങൽക്കും കൊടുത്ത പ്രാധാന്യം ക്രമേണ തദ്ദേശീയരായ ആളുകൾക്കും ഇത്തരം കാര്യങ്ങളോട് താല്പ്പര്യം വളർത്തി. വിദേശ ഭരണത്തിന്റെ വ്യാപ്തി നാട്ടിൻ പുറങ്ങളിലേക്കും എത്തിയതോടെ കേരളത്തിന്റെ എല്ലാ ഭാഗത്തും വിദേശമദ്യത്തിന് കൂടുതല്‍ പ്രചാരം കിട്ടിഎന്നും കരുതാം. കേരള ചരിത്രം പരിശോധിച്ചാൽ തിരുവിതാംകൂര്‍ സര്‍ക്കാര്‍ കാലാ കാലങ്ങളില്‍ മദ്യവില്പനയും മദ്യം നിര്‍മാണവും വിദേശമദ്യവും സംബന്ധിച്ച ഉത്തരവുകള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ചെത്തുകാരെ സംരക്ഷിക്കാന്‍ 1817 ല്‍ സ്വാതിതിരുനാളിനുവേണ്ടി ഭരണം നടത്തിയ റാണി പാര്‍വതിഭായി കള്ള് എടുക്കാനുള്ള തെങ്ങുകളുടെ കരം പിന്‍വലിച്ചു. ആ വര്‍ഷം തന്നെയാണ് കള്ള്, ചാരായം എന്നിവ നിര്‍മിച്ച് വില്‍ക്കുന്നതിന് ലൈസന്‍സ് ഏര്‍പ്പെടുത്തികൊണ്ട് വിളംബരം പുറപ്പെടുവിച്ചത്. ഇതോടെ മദ്യവില്പനയ്ക്ക് ആദ്യം നിയന്ത്രണം വന്നു. കേരളത്തില്‍ നിര്‍മിക്കുന്ന മദ്യത്തിനും വിദേശത്തുനിന്ന് കൊണ്ടുവരുന്ന മദ്യത്തിനുമെല്ലാം തിരുവിതാംകൂറില്‍ മാറി മാറി വന്ന രാജാക്കന്മാര്‍ ശക്തമായ നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരുന്നത്. 

സ്വാതന്ത്ര്യസമരകാലത്ത്  മദ്യഷാപ്പുകള്‍ക്ക് എതിരെ  വ്യാപകമായി  സമരം നടന്നിരുന്നു. ഇവിടത്തെ മദ്യാസക്തിയെ സാക്ഷാൽ ഗാന്ധിജി വരെ രൂക്ഷമായി വിമർശിച്ചിട്ടുണ്ട്. ശ്രീ നാരായണ ഗുരുവും മദ്യത്തിനെതിരെ ബോധവൽക്കരണം നടത്തിയിട്ടുണ്ട്. സ്വാതന്ത്ര്യലബ്ധിയോടെയാണ് കേരളത്തിലെ മദ്യ മേഖല ശക്തി പ്രാപിച്ചത്. കള്ളിനും ചാരായത്തിനും പകരം വിദേശ മദ്യത്തിന് പ്രചാരം കൂടി. 1996 - ൽ നിയമസഭാതെരഞ്ഞെടുപ്പിന് മുന്നോടിയായി കള്ള് കുടിയനായ അരപ്പട്ടിണിക്കാരന്റെ ഭാര്യമാരുടെ കണ്ണില്‍ പൊടിയിടാന്‍ ആന്റണിയുടെ നേതൃത്വത്തിലുള്ള ഐക്യജനാധിപത്യ മുന്നണി ചാരായ നിരോധനം കൊണ്ടുവരുന്നത്. അന്നാണ് കേരളത്തിലെ ‘സാധാരണക്കാരന്റെ’ ജീവിതം തുരുമ്പെടുത്തു പോകുന്നത് തടയാന്‍ വേണ്ടി നടത്തിയ ഈ അഭ്യാസം മലയാളിയുടെ ജീവിതത്തെ എങ്ങിനെ മാറ്റിമറിച്ചു എന്ന് ചിന്തിക്കുന്നത് രസകരമായിരിക്കും. 1984 മുതല്‍ ചാരായ വില്‍പ്പനയും നിയന്ത്രണവും കയ്യാളിയിരുന്ന, കേരള സ്റ്റേറ്റ് ബീവറെജസ് കോര്‍പറേഷന്‍ എന്ന സ്ഥാപനം ചാരായ നിരോധനത്തോടനുബന്ധിച്ചുണ്ടായ കച്ചവട സാധ്യത പരമാവധി ചൂഷണം ചെയ്തു സംസ്ഥാനത്ത് ഏറ്റവുമധികം ലാഭം കൊയ്യുന്ന പൊതുമേഖലാ സ്ഥാപനങ്ങളിൽ ഒന്നായി മാറി. ചാരായം കുടിക്കുന്നവൻ അഥവാ പട്ടയടിക്കുന്നവന്‍ ലോ ക്ളാസ്സിന്റെ പ്രതിനിധിയും ‘സ്ഥിരമായി രണ്ട് സ്മോള്‍ വിടുന്ന’ ആള്‍ മാന്യനും ആയി ഗണിക്കപ്പെട്ടു. കള്ളിന് വേണ്ടത്ര വീര്യവും മാന്യതയും വിശ്വാസ്യതയുമില്ലാത്തതിനാൽ നാടുനീളെ ബാറുകളും ബെവ്കോ ഔട്ട്‌ ലെറ്റുകളും കൊണ്ട് നിറഞ്ഞു. മദ്യപാനം ചിലരുടെ ഒഴിവാക്കാനാവാത്ത ഒരാവശ്യം എന്ന നില വിട്ട് ഒരു ഫാഷനും സ്റ്റാറ്റസ് സിംബലുമായി. കേരള സംസ്ഥാനം രൂപവല്ക്കരിച്ച സമയത്തെ അഡ്മിനിസ്‌ട്രേഷന്‍ റിപ്പോര്‍ട്ട് അനുസരിച്ച് 32 വിദേശമദ്യ മൊത്തക്കച്ചവടക്കാരും, 24 ചെറുകിട കച്ചവടക്കാരും വിദേശമദ്യം വിളമ്പുന്ന 16 ക്ളബ്ബുകളുമാണ് ഇവിടെ ഉണ്ടായിരുന്നതെന്ന് കാണാം. അവിടെ നിന്നാണ് മുക്കിലും മൂലയിലും വിദേശമദ്യം കിട്ടുമെന്ന നില വന്നത്. രാഷ്ട്രീയത്തേയും അധികാരകേന്ദ്രങ്ങളേയും നിയന്ത്രിക്കുന്ന വൻ ശക്തിയായി മദ്യലോബി മാറി.

ഇതിൽക്കൂടുതൽ എഴുതി ബോറടിപ്പിക്കുന്നില്ല. കാര്യങ്ങളെ ഇങ്ങനെ സംഗ്രഹിക്കാം. മദ്യത്തിനും മദ്യപാനത്തിനും സഹസ്രാബ്ദങ്ങളുടെ പാരമ്പര്യമുണ്ട്. എല്ലാ പുരാതന മനുഷ്യസംസ്‌കാരങ്ങളിലും മദ്യം ഉണ്ടായിരുന്നു. ചൈനയില്‍ നിന്ന് ലഭിച്ച ചില പുരാതന മണ്‍പാത്രങ്ങളിലെ രാസപരിശോധനാ ഫലങ്ങള്‍ സൂചിപ്പിക്കുന്നത് അവ മദ്യം സൂക്ഷിക്കാന്‍ ഉപയോഗിച്ചവയാണെന്നും അവയ്ക്ക് ഏതാണ് 7000 വർഷങ്ങളുടെ പഴക്കം ഉണ്ടെന്നുമായിരുന്നു. ചൈനക്കു പുറമെ, ഈജിപ്ത്, ആഫ്രിക്ക, സുമേറിയ, ഇന്ത്യ എന്നിവിടങ്ങളില്‍ നിന്നെല്ലാം പ്രാചീനകാലം മുതൽ മദ്യം ഉപയോഗിച്ചിരിയുന്നതിന് തെളിവുകളുണ്ട്. മദ്യം നിരോധിച്ച സ്ഥലങ്ങള്‍ ഉണ്ടെങ്കിലും മദ്യം കിട്ടാത്ത സ്ഥലങ്ങള്‍ ഇല്ല എന്ന് നിസ്സംശയം പറയാം. നിരോധനവും നിയന്ത്രണവും ഉള്ളിടത്ത് മദ്യപ്രേമികൾ റിസ്‌ക് എടുത്ത് രഹസ്യമായി മദ്യപിക്കുന്നു. നിയന്ത്രങ്ങൾ ഇല്ലാത്തയിടങ്ങളില്‍ ആളുകള്‍ വിവിധങ്ങളായ മദ്യങ്ങള്‍ സ്വതന്ത്രമായി ആസ്വദിക്കുന്നു. ഒരു കാര്യം വ്യക്തമാണ്. മദ്യം നിരോധിക്കാം. പക്ഷെ, താൽപ്പര്യങ്ങളും ശീലങ്ങളും സന്തോഷങ്ങളും നിരോധിക്കാനാവില്ല. "പത്തായത്തിൽ നെല്ലുണ്ടെങ്കിൽ എലി പത്താനാപുരത്തു നിന്നും എത്തിക്കോളും". അടിക്കുന്നവർ ഉള്ളിടത്തോളം ഇവിടെ സാധനം സുലഭമായി കിട്ടും; അത് ചിലപ്പോ വ്യാജനോ കടത്തിയതോ ഒക്കെ ആയിരിക്കും. സാധനം കിട്ടാനുണ്ടെങ്കിൽ അടിക്കാൻ ആളും ഉണ്ടാകും. ഈ പരസ്പര പൂരകത്വം നിലനിൽക്കുന്നിടത്തോളം ഇത് മുഴുവൻ ഇല്ലാതാക്കാൻ ഏതു ഭരണാധികാരി ആണേലും ഇച്ചിരി ബുദ്ധിമുട്ടും"

ഇത്രയും കൂടെ പറഞ്ഞോട്ടെ 
  1. എന്റെ അറിവിലും പരിചയത്തിലും പെട്ട, മദ്യം കഴിക്കുന്ന ഒരാള് പോലും കഴിഞ്ഞ കാലത്തെ "ബാർ " നിരോധനം കൊണ്ട് മദ്യപാനം നിർത്തി കണ്ടില്ല !!!
  2. ഞാൻ മദ്യം കഴിക്കുന്ന ആളല്ല. പക്ഷെ, ഉത്തരവാദിത്തത്തോടെ മദ്യപാനത്തെ ഒരു പാപമോ അപരാധമോ ആയി ഞാൻ കാണുന്നില്ല. 
  3. മദ്യപാന സദസുകൾ വളരെയധികം ആസ്വദിക്കുന്ന ആളാണ്.
  4. സ്വന്തം ശരീരത്തെയും കുടുംബസമാധാനത്തെയും സാമ്പത്തികഭദ്രതയേയും അപകടത്തിലാക്കി കുടിക്കുന്നവരോട് ചെറുതല്ലാത്ത നീരസം ഉണ്ട്.
  5. ഒരു പെഗ്ഗാണെങ്കിൽ പോലും മദ്യം കഴിച്ചു കൊണ്ട് വണ്ടി ഓടിക്കുന്നവരോട് യോജിക്കാനും പറ്റില്ല... 
ഇതൊക്കെയാണെങ്കിലും, മദ്യനിരോധനക്കാരോടും മദ്യവിരോധികളോടും എനിക്കൊന്നേ പറയാനുള്ളൂ....

"നിങ്ങൾക്ക് മദ്യം ഇഷ്ടമല്ലെങ്കിൽ വേണ്ട; കുടിക്കുന്നവർ കുടിക്കട്ടെ" 

### ഇതൊരു പുതിയ ബ്ലോഗ് പോസ്റ്റ് അല്ല; മുൻ  UDF സർക്കാർ ബാറുകൾ മുഴുവൻ നിരോധിച്ചപ്പോൾ എഴുതിയതാണ്. ഇപ്പോൾ ആനുകാലിക സംഭവങ്ങളെ ഉൾപ്പെടുത്തി ഒന്ന് update ചെയ്തിട്ടുണ്ട്.

(**ചരിത്ര രേഖകൾക്ക് മാതൃഭൂമി പത്രത്തിൽ മുൻപ് വന്ന ഒരു ലേഖനത്തോടു കടപ്പാട്)

ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക

https://www.facebook.com/achayatharangal.blogspot.in


അല്ലെങ്കില്‍ 
 താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുകNo comments:

Post a Comment