Tuesday, 14 January 2025

കൂഴച്ചക്കയും കേരള കത്തോലിക്കാ സഭയും...

 

പ്ലസ് ടു ക്‌ളാസിൽ പഠിച്ചു കൊണ്ടിരുന്ന ഒരു പെൺകുട്ടിയെ ഒരാൾ നയത്തിലോ ഭീഷണിപ്പുറത്തോ പ്രലോഭിപ്പിച്ചോ വശീകരിച്ച് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നു; പെൺകുട്ടി ഗർഭിണിയാകുന്നു; ഇത് ചെയ്തയാൾ സമൂഹത്തിൽ ഉന്നതസ്ഥാനമുള്ള ഒരു മധ്യവയസ്‌കനാണ്. കൗശലക്കാരനായ അയാൾ പണം കൊടുത്ത് ഈ ഗർഭം മറ്റൊരാളെക്കൊണ്ട് ഏറ്റെടുപ്പിക്കാൻ തീരുമാനിക്കുന്നു. ഗർഭം ഏറ്റെടുക്കേണ്ട ആളെ കണ്ടെത്തുന്നു. പ്രതിഫലം വാങ്ങി ഗർഭം ഏറ്റെടുക്കേണ്ടി വരുന്ന നിർഭാഗ്യവാൻ മറ്റാരുമല്ല; ഈ പെൺകുട്ടിയുടെ അപ്പൻ തന്നെയാണ്. പെൺകുട്ടി പ്രസവിച്ച കുഞ്ഞിനെ ആശുപത്രിയിൽ നിന്ന് തന്നെ ഒരു അനാഥാലയത്തിലേക്ക് മാറ്റുന്നു. അതിന് ഒത്താശ ചെയ്തത് രണ്ടു മൂന്ന് സ്ത്രീകളും വാർദ്ധക്യത്തിലേക്ക് കാലൂന്നി നിൽക്കുന്ന ഒരാളും; ഇവരെല്ലാം സമൂഹത്തിൽ വളരെ ബഹുമാന്യരുമാണ്....

മറ്റൊരു സംഭവം; ചെറുപ്പക്കാരിയായ ഒരു വീട്ടമ്മ തനിക്കുണ്ടായ ഒരു വിവാഹേതര ലൈംഗിക ബന്ധത്തെക്കുറിച്ച് ഒരു ചെറുപ്പക്കാരനോട് പറയുന്നു. ഈ ചെറുപ്പക്കാരൻ സമൂഹത്തിൽ മാന്യനും അത്യാവശ്യം സ്വാധീനശക്തി ഉള്ളയാളുമാണ്. കൈയ്യിൽ വന്നു കിട്ടിയ ഈ വിവരം ഉപയോഗിച്ച് ബ്ലാക്ക് മെയിൽ ചെയ്ത് ഈ പെൺകുട്ടിയെ ലൈംഗികമായി ചൂക്ഷണം ചെയ്യുന്നു. ഇയാൾ ഈ വിവരം തന്റെ സുഹൃത്തുക്കൾക്ക് കൈമാറുന്നു. അവരും ഇതേ ബ്ലാക്ക് മെയിൽ തന്ത്രത്തിലൂടെ ഈ വീട്ടമ്മയെ ലൈംഗികമായി ഉപയോഗിക്കുന്നു. ഒടുക്കം വിവരങ്ങൾ നാട്ടുകാരറിയുന്നു.

ഇത് പോലുള്ള നിരവധി കേസുകൾ വേറെയും എടുത്ത് പറയാൻ എന്റെ കയ്യിലുണ്ട്. ഇതിലെ തെറ്റുകാരെ നികൃഷ്ടർ എന്നതിൽ കുറഞ്ഞെന്താണ് വിളിക്കാനാവുക!!???. മേൽപ്പറഞ്ഞ ചെറ്റത്തരങ്ങൾ മുഴുവൻ ചെയ്തത് ഏതോ സീസൺഡ് ഫ്രോഡ് കിമിനലുകളാണെന്ന് നിങ്ങൾ കരുതുന്നുണ്ടോ !!???. എന്നാൽ ഈ പറഞ്ഞവരാരും പ്രത്യക്ഷത്തിൽ ഫ്രോഡുകളോ ഗുണ്ടകളോ തെമ്മാടികളോ ക്രിമിനൽ പശ്ചാത്തലമുള്ളവരോ ഒന്നുമല്ല; സമൂഹത്തിൽ മാന്യമായ പദവി അനുഭവിക്കുന്ന, ദൈവത്തിന്റെ പ്രതിപുരുഷന്മാരെന്നും കർത്താവിന്റെ മണവാട്ടിമാരെന്നും വിളിപ്പേരുള്ള കത്തോലിക്കാ സഭയിലെ പുരോഹിതന്മാരും കന്യാസ്ത്രീകളുമാണ്.

മാന്യനും മര്യാദക്കാരനും വിവരമുള്ളവനും എന്ന് തോന്നിയ ഒരാളെ മുഴുവൻ സഭയുടെ ഉത്തരവാദിത്തം ഏൽപ്പിക്കുന്നു. നിലവിലുള്ള സംവിധാനപ്രകാരം എറണാകുളം അങ്കമാലി അതിരൂപതയിലാണ് അദ്ദേഹത്തിന്റെ കാര്യാലയം. അങ്ങേരുടെ പിടിപ്പ് കേട് കൊണ്ടോ നോട്ടക്കുറവ് കൊണ്ടോ അങ്ങേരെ ഭരമേല്പിച്ചിരുന്ന, അങ്ങേരുടെ കാര്യാലയം ഇരിക്കുന്ന എറണാകുളം അങ്കമാലി അതിരൂപതയുടെ സ്വത്തിൽ വലിയൊരളവ് പെട്ട വിലക്ക് വിറ്റ് തുലക്കുന്നു. തന്നെ സഹായിക്കാനേൽപ്പിച്ചവരെ താൻ അമിതമായി വിശ്വസിച്ചു പോയതാണ് നഷ്ടത്തിന് കാരണം എന്ന് പറയുന്ന വലിയ കാരണവർ സംഭവിച്ച തെറ്റ് ഏറ്റു പറയാനുള്ള മര്യാദയോ തുറവിയോ എളിമയോ കാണിക്കുന്നില്ല. കോടിക്കണക്കിന് രൂപയുടെ ഇടപാടിൽ കള്ളപ്പണ വിനിമയം, നികുതി വെട്ടിപ്പ്, വ്യാജരേഖ നിർമ്മാണം തുടങ്ങിയ അധാർമ്മിക നിയമവിരുദ്ധ കാര്യങ്ങൾ നിരവധിയാണെന്ന് ഓർക്കണം. ഇതിൽ പ്രതിഷേധിക്കുന്ന രൂപതാംഗങ്ങളെയും അച്ചന്മാരെയും എതിർ ചേരിയിൽ നിർത്തി അദ്ദേഹം നിലപാടുകളെടുക്കുന്നു. അദ്ദേഹത്തിന് ഓശാന പാടാനും പിണിയാൾ കളിക്കാനും മറ്റ് രൂപതകളിലെ കുപ്പായക്കാരും കുറെ ക്രിമിനലുകളും അടിമ വിശ്വാസികളും ഇറങ്ങിത്തിരിക്കുന്നു. കൃത്യമായ പ്ലാനിങ്ങോടെ ഏറെ കാലമായി സെറ്റിൽ ചെയ്ത് വച്ചിരുന്ന ലിറ്റർജി വിഷയം ലൈവ് ആക്കുന്നു. അതോടെ സമൂഹത്തിന്റെ ഫോക്കസ് ഭൂമിയിടപാടിൽ നിന്ന് പൂർണ്ണമായും ലിറ്റർജിയിലേക്ക് മാറുന്നു. ലിറ്റർജി വിഷയത്തെ മുൻനിർത്തി എറണാകുളം അങ്കമാലി അതിരൂപതക്കാരെ "വിമതർ" എന്ന കോളത്തിലേക്ക് മാറ്റി നിർത്തുന്നു. പതിറ്റാണ്ടുകൾ പഴമുള്ള പ്രാദേശിക വാദവും അധികാരത്തിലെ മൂപ്പിളമ തർക്കങ്ങളും നേതൃത്വത്തിലുള്ളവരുടെ വ്യക്തിപരമായ താല്പര്യങ്ങളും ലിറ്റർജിയുടെ മേലങ്കി പുതപ്പിച്ച് എറണാകുളം അങ്കമാലിക്കെതിരെ പ്രയോഗിക്കുന്ന കൽദായ വിഭാഗം എറണാകുളം അങ്കമാലിയിൽ നിന്ന് അതിന്റെ യഥാർത്ഥ അവകാശികളെ ഒഴിപ്പിച്ച് അതിന്റെ അളവറ്റ സ്വത്തും പണവും സ്ഥാപനങ്ങളും തട്ടിയെടുക്കാൻ ശ്രമിക്കുന്നു. മുൻപ് വലിയ കാരണവരെ ചതിച്ചു എന്നാരോപിക്കപ്പെട്ടവരെ തന്നെ സഭയുടെ നിർണ്ണായക സ്ഥാനങ്ങളിൽ പ്രതിഷ്ഠിക്കുന്നു. അനുരഞ്ജനത്തിന്റെ ചൈതന്യത്തെ പ്രഘോഷിച്ചു കൊണ്ട് ആരംഭിക്കുന്ന കുർബ്ബാന തന്നെ അനുരഞ്ജനമില്ലായ്മയുടെ കാരണമാക്കുന്നു. കുർബ്ബാനക്കിടയിലും പൊതുവേദികളിലും പെരുവഴിയിലും സോഷ്യൽ മീഡിയയിലും വിശ്വാസികളും അച്ചന്മാരും ചേരി തിരിഞ്ഞ് തമ്മിൽ തല്ലുന്നു. ഒരുളുപ്പുമില്ലാതെ പരസ്പരം തെറിയും തേപ്പും പുലയാട്ടും നിർലജ്ജം നടത്തുന്നു. സ്വന്തം സഹോദരന്മാരെ തല്ലാൻ ഗുണ്ടകളുടെയും പോലീസിന്റെയും സഹായം തേടുന്നു. എന്നിട്ട് ഐക്യത്തേയും ചേർത്ത് പിടിക്കലിനെയും പറ്റി ഘോര ഘോരം ഗീർവാണമടിക്കുന്നു.

കേരളത്തിലെ കത്തോലിക്കാ സഭയിലെ അംഗങ്ങൾക്കും പൊതുസമൂഹത്തിനും സഭയിലെ അച്ചന്മാരും കന്യാസ്ത്രീകളും ഉൾപ്പെടുന്ന തീരെ മോശം വാർത്തകൾ വരുമ്പോൾ ഞെട്ടലോ അവിശ്വസനീയതയോ ഇല്ലാതായി തുടങ്ങിയിട്ട് കുറച്ചു നാളുകളായി. വരുന്ന വാർത്തകളിലെ പല കേസുകൾക്ക് പിന്നിലെ സത്യാവസ്ഥയും യഥാർത്ഥ വസ്തുതകളും ആരോപിതർക്കും ദൈവം തമ്പുരാനും മാത്രമേ അറിയൂ എന്നത് സത്യമാണ്. അതെന്ത് തന്നെയായാലും, സഭയിലോ കന്യാസ്ത്രീമഠങ്ങളിലോ സഭയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിലോ ഉണ്ടാകുന്ന സാധാരണമല്ലാത്ത ഒരു സംഭവം പോലും ക്രൈമാണെന്നും മരണം ഒരു കൊലപാതകമാണെന്നും അച്ചന്മാരും കന്യാസ്ത്രികളും ബ്രഹ്മചര്യവ്രതം തെറ്റിക്കുന്നത് അസാധാരണമല്ലെന്നും എളുപ്പത്തിൽ ചിന്തിക്കുന്ന നിലയിൽ വിശ്വാസികളും പൊതുസമൂഹവും എത്തി എന്ന് മനസിലാക്കാൻ പാഴൂർ പടിപ്പുര വരെയൊന്നും പോകേണ്ട കാര്യമില്ല. സഭ എന്ന എസ്റ്റാബ്ലിഷ്‌മെന്റിനെ സംബന്ധിച്ച് ആപൽക്കരവും സഭയിലെ അംഗങ്ങൾ എന്ന നിലക്ക് വിശ്വാസികൾക്ക് ഏറെ അപമാനകരവും ആയ "വിശ്വാസ്യതാ നഷ്ടം" (Credibility Loss) എന്ന ഈ ദയനീയാവസ്ഥ ഒരു സുപ്രഭാതത്തിൽ പൊടുന്നനെ വന്നു ഭവിച്ചതല്ല; മറിച്ച് കാലാകാലങ്ങളായി സഭാനേതൃത്വത്തിൽ ഇരുന്നവരും അവരോട് ഒട്ടി നിന്നവരും മറ്റു ചില അഭ്യുദയകാംക്ഷികളും എല്ലാം തോളോട് തോൾ ചേർന്ന് അത്യദ്ധ്വാനം ചെയ്‌ത്‌ ആർജ്ജിച്ചെടുത്തതാണെന്ന് തന്നെ പറയേണ്ടി വരും.

പതിറ്റാണ്ടുകളുടെ ചരിത്രമുള്ള ലൈംഗികാരോപണങ്ങൾ, അസ്വാഭാവിക മരണങ്ങൾ, സാമ്പത്തികക്രമക്കേടുകൾ തുടങ്ങി അനവധി ക്രിമിനൽ കേസുകളിലെ അട്ടിമറികളുടെയും തേച്ചുമായ്ക്കലുകളുടെയും മൂടിവയ്ക്കലുകളുടെയും കഥകൾ കേട്ട് ബോധ്യത്തിലെത്തിയ സാധാരണക്കാർ, ഉന്നയിക്കപ്പെടുന്ന ഏത് ആരോപണവും വഴിയേ പോകുന്ന ഏത് അപവാദവും സത്യമാണെന്ന് ധരിച്ചു പോകുന്നതിനെ എങ്ങനെ കുറ്റപ്പെടുത്താനാകും. ഓരോ കേസ് വരുമ്പോഴും സഭയുടെ പേരിലും സഭക്കെന്ന പേരിലും ന്യായീകരണത്തൊഴിലുമായി ഇറങ്ങുന്നവരിൽ ഭൂരിഭാഗത്തിനും ഒരു ക്രെഡിബിലിറ്റിയും ഉണ്ടാകാറില്ലെന്ന് മാത്രമല്ല അവരിൽ പലരും ക്രിമിനൽ ആരോപണങ്ങളും കേസുകളും നേരിടുന്നവർ പോലുമാകാറുണ്ട്. സഭക്കും കർത്താവിനും വേണ്ടി എന്ന പേരിൽ  വേണ്ടി അവർ കേട്ടാലറക്കുന്ന തെറികളും പുലയാട്ടുകളുമാണ് പബ്ലിക്ക് വാളുകളിൽ പോലും കുറിച്ച് വക്കുന്നത്.

ഈ പൂരപ്പാട്ടിനും അധിക്ഷേപത്തിനും ചില അച്ചന്മാരും ധ്യാനഗുരുക്കളുടെ വലംകൈയായി പ്രവർത്തിക്കുന്ന മാന്യദേഹങ്ങളും ഒക്കെ ഉണ്ടെന്നതാണ് കൂടുതൽ ലജ്ജാകരം. ആരോപണങ്ങൾ ഉയരാൻ ഉണ്ടായ കാരണം അന്വേഷിച്ച് അതിന്റെ സത്യാവസ്ഥ പൊതുസമൂഹത്തിന് ബോധ്യപ്പെടണം എന്നാരെങ്കിലും പറഞ്ഞാൽ ഉടനെ ഇരവാദവും വോട്ട് ബാങ്ക് ബേസ്‌ഡ് ബ്ലാക്ക് മെയിലിംഗും ന്യായീകരണങ്ങളും സൈബർ ഗുണ്ടായിസവുമായി കുറെ വിശ്വസ്ത വിധേയരും കളം നിറയും. വാസ്തവഭദ്രമായ ആരോപണങ്ങൾ പോലും ഡിഫൻഡ് ചെയ്യാൻ വസ്തുതകളെ തമസ്കരിക്കുകയും സഭയ്ക്ക് വേണ്ടി വാസ്തവവിരുദ്ധതയിൽ ആത്മാർഥമായി ഊന്നി നിന്ന് വാദിക്കുന്ന വക്കീലന്മാർ, അടുത്തൂൺ പറ്റിയ ജഡ്ജിമാർ, സർവ്വീസിൽ നിന്ന് പോന്ന ഉന്നത പോലീസുദ്യോഗസ്ഥർ, മാധ്യമപ്രവർത്തകർ ഇവരെയൊക്കെ അണി നിരത്തി സഭാനേതൃത്വം കളിക്കുന്ന ചതുരംഗം കളി തികഞ്ഞ പരാജയത്തിൽ അവസാനിക്കാനേ സാധ്യത കാണുന്നുള്ളൂ. സഭയ്ക്കും സഭയിലെ പ്രമുഖർക്കുമെതിരെ ക്രിമിനൽ ആരോപണങ്ങൾ വരുമ്പോൾ അത് സാത്താൻ സേവകർ ടാർഗറ്റ് ചെയ്ത് പ്രവർത്തിക്കുന്നത് കൊണ്ടാണെന്നും അഥവാ സഭാനാഥന്മാർക്ക് വീഴ്ച പറ്റിയാൽ അതെല്ലാം പുതപ്പിട്ട് മൂടണമെന്നും പഠിപ്പിക്കുന്ന ധ്യാനഗുരുക്കൾ കൂടിയാവുമ്പോൾ അധഃപതനം പൂർത്തിയാകുന്നു.

കുറ്റകൃത്യങ്ങൾ തെളിയിക്കപ്പെട്ടവരെയും കുറ്റകൃത്യങ്ങൾ കയ്യോടെ പിടിക്കപ്പെട്ടവരേയും വർഷങ്ങളോളം തിരുവസ്ത്രത്തിൽ തന്നെ പൊതിഞ്ഞു സൂക്ഷിച്ച് നിയമത്തിൽ നിന്ന് ഒളിപ്പിച്ചു പിടിക്കുന്ന ഉളുപ്പില്ലായ്മയും കണ്ട് ശീലിച്ച പൊതു സമൂഹം പലതും ഊഹിക്കുന്നു, വിശ്വസിക്കുന്നു, ബോധ്യത്തിലെത്തുന്നു. പ്രമാദമായ മറിയക്കുട്ടി കൊലക്കേസിൽ തെളിവുകളുടെ അഭാവത്തിൽ പ്രതിസ്ഥാനത്ത് നിന്ന് ഒഴിവാക്കപ്പെട്ടയാളായിരുന്നു സഭയുടെ സഹനദാസൻ ബെനഡിക്ട് അച്ചൻ. സഭയുടെ പ്രമുഖനായ മാണി പുതിയിടം എന്ന കത്തനാര് പറയുന്നതനുസരിച്ച് 1960 - 70 കാലഘട്ടത്തിൽ തീർപ്പായ ഈ കേസിൽ DNA ഫിംഗർ പ്രിന്റിംഗ് ആണ് പ്രധാന തെളിവായതെന്നാണ്. 1984-ൽ മാത്രം ഉരുത്തിരിഞ്ഞ DNA പ്രൊഫൈലിങ് സാങ്കേതികവിദ്യ, 1987 ലാണ് ആദ്യമായി ഒരു കുറ്റകൃത്യം തെളിയിക്കാനായി ഉപയോഗിച്ചതെന്ന ചരിത്രം നിലനിൽക്കെ നട്ടാൽ കിളിർക്കാത്ത DNA ടെസ്റ്റ് പോലുള്ള നമ്പറുകളുമായി വരുന്ന സഭ ഈ നാട്ടിലെ മനുഷ്യരുടെ ചിന്താശേഷിയെ വെല്ലുവിളിക്കുകയാണ്. അഭയക്കേസ് ദേഹത്ത് തട്ടാതെ അവസാനിപ്പിച്ചെടുക്കാൻ സഭ ശതകോടികൾ മുടക്കിയെന്നും കേസ്‌ രേഖകളും തെളിവാധാരങ്ങളും തിരുത്താൻ സഭ ശ്രമിച്ചു എന്ന് സമൂഹവും ഭൂരിപക്ഷവും സഭാ വിശ്വാസികളും ഏറെക്കുറെ വിശ്വസിച്ചിരിക്കുന്ന കാര്യമാണ്. അഭയ കേസ് വിധി വന്നപ്പോൾ തന്നെ കേസുമായി ബന്ധപ്പെട്ട്, ന്യായീകരണത്തൊഴിലാളികളും വ്യാഖ്യാനപടുക്കളും സഭയ്ക്ക് വേണ്ടി കളം നിറഞ്ഞു കഴിഞ്ഞു. അത്തരം വൈറ്റ് വാഷുകൾക്കുള്ള വ്യഗ്രതയും തിടുക്കവും കാണുമ്പോൾ മുമ്പേ ഇക്കാര്യങ്ങളിൽ ചാഞ്ചാടി നിന്നിരുന്ന കുറേപ്പേർ കൂടി സഭയെ വിശ്വാസത്തിലെടുക്കാത്ത അവസ്ഥയിലേക്ക് കാര്യമാണ് കൊണ്ടെത്തിക്കും. 

ഇനി വരുന്ന കേസുകളിലെങ്കിലും സഭാനേതൃത്വം മനസാക്ഷിയുടെ അടിക്കോണിലെവിടെയോ ഉറങ്ങിക്കിടക്കുന്ന നീതിബോധത്തെ ഉണർത്തിയെടുത്ത്, നിയമത്തെ അതിന്റെ വഴിക്കു പോകാനും എന്തെങ്കിലും അഹിതമായത് നടന്നിട്ടുണ്ടെങ്കിൽ അത് പുറത്ത് വരാനും കുറ്റക്കാർ മാതൃകാപരമായി ശിക്ഷിക്കപ്പെടാനുമുള്ള സാഹചര്യം ഉണ്ടാക്കണം. നിയമവാഴ്ചയുടെ നടപടികളെ തടസപ്പെടുത്താൻ ഒരു തരത്തിലും ശ്രമിക്കുകയുമരുത്.

ഇരിക്കുന്ന കൊമ്പ് മുറിച്ചു കൊണ്ടിരിക്കുന്ന വെറും കെട്ട മനുഷ്യരോട് എന്ത് പറഞ്ഞിട്ടും കാര്യമില്ലെന്നറിയാം. നിങ്ങളെ വച്ച് നോക്കുമ്പോൾ മണ്ട പോയ തെങ്ങുകൾ എത്ര ഭേദമാണ്‼️ വിറകിനെങ്കിലും എടുക്കാം ‼️നിങ്ങളെ അതിനു പോലും കൊള്ളില്ല. ബിഷപ്പുമാർ സ്ഥിരമായി മോങ്ങുന്നത് കേൾക്കാം. കന്യാസ്ത്രീ ആവാൻ തീരെ ആളെ കിട്ടുന്നില്ല... കത്തനാരാവാനും ആരും വരുന്നില്ല.... ധാരാളം പുള്ളാരെ ഉണ്ടാക്കി ഒന്നോ രണ്ടോ എണ്ണത്തിനെ പള്ളിക്ക് തരൂ... ഇവിടെ കൂടുതൽ പിള്ളേരുണ്ടായിട്ട് ഒരു കാര്യവുമില്ല. നിങ്ങൾ നിങ്ങളുടെ നിലപാടുകൾ കൊണ്ടും അനാവശ്യ കാർക്കശ്യം കൊണ്ടും നേരും നെറിയും കേട്ട സമീപനങ്ങൾ കൊണ്ടും പള്ളിയിൽ വരുന്ന സാധാരണ വിശ്വാസികളെപ്പോലും പള്ളിയിൽ നിന്നകറ്റി കൊണ്ടിരിക്കുകയാണ്; പിന്നെയല്ലേ, നിങ്ങളുടെ അടിമകളാകാൻ കന്യാസ്ത്രീ വേഷം കെട്ടാനും അച്ചൻ വേഷം കെട്ടാനും ആള് വരുന്നത്. വിദേശരാജ്യങ്ങളിലെപ്പോലെ ഇവിടെയും പള്ളികൾ പൂട്ടുകയും ബാറിന്റെയും ഓഡിറ്റോറിയത്തിന്റെയും ആവശ്യത്തിന് കൊടുക്കുന്ന കാലം ഒട്ടും അകലെയല്ല ‼️  

തക്ക സമയത്ത് പറിച്ചെടുക്കാത്ത പഴപ്ലാച്ചക്ക (കൂഴച്ചക്ക) യുടെ അവസ്ഥയിലാകും സഭ.... മഞ്ഞ് കൊള്ളും.... വെയില് കൊള്ളും..... മഴ കൊള്ളും... വാടും... പുളിക്കും.... പഴുക്കും.... ചീയും... പുഴുക്കും.... കാക്ക കൊത്തും... അണ്ണാൻ തുരക്കും... ഈച്ചയാർക്കും... അവസാനം നിവൃത്തിയില്ലാതെ തണ്ടുരിഞ്ഞ് താഴെ വീഴും.... പരിസരം മുഴുവനും നാറി വൃത്തികേടാവും. അത്രക്ക് ധാർമ്മിക പ്രതിസന്ധിയിലാണ് കേരള കത്തോലിക്കാ സഭ.

ഏശയ്യാ പ്രവാചകൻ പറയുന്നു "മരുഭൂമിയില്‍ കര്‍ത്താവിനു വഴിയൊരുക്കുവിന്‍; വിജനപ്രദേശത്ത് നമ്മുടെ ദൈവത്തിന് വിശാലവീഥി ഒരുക്കുവിന്‍; താഴ്‌വരകള്‍ നികത്തപ്പെടും; മലകളും കുന്നുകളും താഴ്ത്തപ്പെടും; കുന്നും കുഴിയുമായ സ്ഥലങ്ങള്‍ നിരപ്പാകും"

മത്തായി സുവിശേഷകനിലൂടെ യേശു പറയുന്നു "നിങ്ങളുടെ വാക്ക് അതേ, അതേ എന്നോ അല്ല, അല്ല എന്നോ ആയിരിക്കട്ടെ. ഇതിനപ്പുറമുള്ളതു ദുഷ്ടനില്‍നിന്നു വരുന്നു"

നമ്മുടെ പുസ്തകത്തിൽ ഉള്ളതാണ്, അത് വല്ലപ്പോഴും മനസ്സിരുത്തി വായിക്കുന്നത് നല്ലതാണ്...

Thursday, 9 January 2025

ചില ദ്വയാർത്ഥ പ്രയോഗ ചിന്തകൾ


സോഷ്യൽ മീഡിയയിലും മുഖ്യധാരാ മീഡിയയിലും ഇടയ്ക്കിടെ പ്രത്യക്ഷപ്പെടാറുള്ള ഒന്നാണ് ദ്വയാർത്ഥ പ്രയോഗങ്ങൾ അല്ലെങ്കിൽ ഡബിൾ മീനിങ് കോമഡികളെപ്പറ്റിയുള്ള ചർച്ചകൾ. സിനിമ, കോമഡി പ്രോഗ്രാമുകൾ, സോഷ്യൽ മീഡിയ പോസ്റ്റുകൾ എന്ന് വേണ്ട വ്യക്തികൾ തമ്മിലിടപഴകുന്ന അവസരങ്ങളിൽപ്പോലും ദ്വയാർത്ഥ പ്രയോഗങ്ങൾ ഉണ്ടാകുന്നതും അത് പരാതിക്കും വിമർശനത്തിനും ഇടയാകുന്നതും അപൂർവമല്ല. 

ഇപ്പോൾ കേസിൽപ്പെട്ട ബോബി ചെമ്മണ്ണൂർ ദ്വയാർത്ഥ പ്രയോഗത്തിന്റെ ആശാനാണെന്ന് ചുമ്മാ സോഷ്യൽ മീഡിയയിൽ ഒന്ന് പരതിയാൽ മനസിലാകും. 

മാതൃഭൂമി പത്രത്തിലെ ദ്വയാത്ഥ പ്രയോഗ വിദഗ്ദ്ധനായള്ള ഒരു മേലുദ്യോഗസ്ഥന്റെ പെരുമാറ്റ ദൂഷ്യത്തിനെതിരെ പ്രതികരിച്ചു കൊണ്ട് തന്റെ 17 വർഷത്തെ പത്രപ്രവർത്തനം അവസാനിപ്പിച്ച് അഞ്ജന ശശി മാതൃഭൂമി വിട്ടത് ഈ കഴിഞ്ഞ ദിവസമാണ്.

ഹൈക്കോടതിയിലെ വനിത ജീവനക്കാർക്കെതിരെ ദ്വയാർത്ഥ പ്രയോഗം നടത്തിയ അഡ്വ. രാജേഷ് വിജയനെതിരെ അച്ചടക്ക നടപടി ആവശ്യപ്പെട്ട് കേരളാ ഹൈക്കോടതി സ്റ്റാഫ് അസോസിയേഷൻ ബാർ കൗൺസിലിന് പരാതി നൽകിയത് കഴിഞ്ഞ വർഷമാണ്.

കുറെ കാലം മുൻപ് സൂര്യ ടിവിയില്‍ മുൻപ് സംപ്രേഷണം ചെയ്തിരുന്ന കുട്ടിപ്പട്ടാളം എന്ന പരിപാടിയിൽ അതിന്റെ അവതാരക കുട്ടികളോട് ദ്വയാർത്ഥം കലർന്ന ചോദ്യങ്ങൾ ചോദിച്ച് അവരുടെ മാതാപിതാക്കളുടെ സ്വകാര്യതയിലേക്കാണ് കടക്കുന്നെന്ന് ആരോപിച്ച് ബാലവകാശ കമ്മീഷനില്‍ പരാതി ലഭിച്ചിരുന്നു. 

കുറെ വർഷങ്ങൾക്ക് മുൻപ് ഗുജറാത്തിലെ സൂറത്തില്‍ വച്ച് തന്നോട് ദ്വയാര്‍ത്ഥ പ്രയോഗത്തോടെയുള്ള ചോദ്യം ചോദിച്ച പത്രപ്രവര്‍ത്തകനെ സണ്ണി ലിയോണി നല്ല അടി കൊടുത്തത് വാർത്തയായിരുന്നു. ഇപ്പോള്‍ സിനിമാ താരമായതു കൊണ്ട് “രാത്രി പരിപാടികള്‍ക്ക്” എത്ര തുകയാണ് ഈടാക്കുന്നതെന്നായിരുന്നു ആ പത്രലേഖകന്‍റെ അശ്ലീലച്ചുവയുള്ള ചോദ്യം.

കുറച്ചു കാലം മുൻപ്, ആറ്റുകാല്‍ പൊങ്കാല പതിവായി ഇടുന്നതിന്റെ പേരില്‍ നദി ചിപ്പിയെ അപമാനിക്കുന്ന തരത്തില്‍ ദ്വയാര്‍ത്ഥം കലർന്ന FB പോസ്റ്റിട്ട, ഇടത് എഴുത്തുകാരനും പ്രാംസംഗീകനുമായ ശ്രീചിത്രന്‍ എം.ജെ. വിമർശന വിധേയനായിരുന്നു. 

മദ്യലഹരിയിൽ ദ്വയാർത്ഥ പ്രയോഗങ്ങൾ നടത്തിപ്പോയിട്ടുണ്ടെന്നും അതിൽ നടി നടി ദിവ്യ ഗോപിനാഥിനോട് തൻ തെറ്റ് ഏറ്റുപറഞ്ഞെന്നും നടൻ അലൻസിയർ വെളുപ്പെടുത്തിയിട്ട് അധിക കാലമായില്ല. 

സിനിമ, സീരിയൽ, ചാനൽ പരിപാടികൾ തുടങ്ങിയവയിൽ ദ്വയാർത്ഥ പ്രയോഗങ്ങൾ വരുന്നത് കുടുംബവുമൊത്ത് അത് കാണുന്നവർക്കുണ്ടാക്കുന്ന ബുദ്ധിമുട്ടുകൾ ചെറുതല്ല. കുട്ടികൾക്ക് വളരെ ഇഷ്ടപ്പെട്ട ഒരു ജനപ്രിയനായകൻറെ മിക്കവാറും ചിത്രങ്ങളും ദ്വയാർത്ഥപ്രയോഗങ്ങളാൽ "സമ്പന്ന"മാണ്. നമ്മുടെ ജനപ്രിയ നായകന്മാരുടെ പല സിനിമകളിലും ദ്വയാർത്ഥ പ്രയോഗങ്ങൾ നിർലോഭം ഉണ്ടാകാറുണ്ട്. മലയാള സിനിമാഗാനങ്ങളിലെ ദ്വയാർത്ഥ പ്രയോഗങ്ങൾ എണ്ണിയെടുക്കാൻ തന്നെ ബുദ്ധിമുട്ടായിരിക്കും.

ഡബിൾ-മീനിംഗ് സ്റ്റേറ്റ്മെന്റ് അഥവാ ദ്വയാർത്ഥ പ്രയോഗം എന്നത് കൊണ്ട് എന്താണ് അർത്ഥമാക്കുന്നത് !?. ഒരാൾ നടത്തുന്ന ഒരു പ്രസ്താവനക്ക് പ്രത്യക്ഷത്തിൽ ഉള്ള ഒരർത്ഥത്തെ കൂടാതെ ഒളിപ്പിച്ചു വച്ച മറ്റൊരു അർഥം കൂടി ഉള്ളപ്പോഴാണ് ആ പ്രസ്താവന ഒരു ദ്വയാർത്ഥ പ്രസ്താവന അല്ലെങ്കിൽ ഡബിൾ മീനിങ് സ്റ്റേറ്റ്മെന്റ് ആകുന്നത്. മിക്കവാറും സന്ദർഭങ്ങളിൽ ഉപരിതലത്തിൽ തോന്നുന്ന അർത്ഥം നിഷ്കളങ്കവും അപരാധമില്ലാത്തതും നേരിട്ടുള്ളതും ആയിരിക്കും. ഒളിപ്പിച്ചു പ്രയോഗിക്കുന്ന രണ്ടാമത്തെ അർത്ഥത്തിൽ എപ്പോഴും അശ്ലീലമോ ലൈംഗിക സൂചനകളോ ഉണ്ടാകണമെന്ന് നിർബന്ധമൊന്നുമില്ല. പക്ഷെ, ഒളിപ്പിച്ച അർത്ഥത്തിൽ ലൈംഗിക സൂചനകളോ അശ്ലീലമോ ഏതെങ്കിലും തരത്തിലുള്ള വിവേചന സൂചനയോ ബോഡി ഷെയ്‌മിങ്ങോ ഒക്കെ വരുമ്പോഴാണ് ദ്വയാർത്ഥ പ്രയോഗങ്ങൾ അപകടകരവും അക്രമോല്സുകവും ആകുന്നത്.

ദ്വയാർത്ഥ പ്രയോഗങ്ങൾ പറയുന്നത് ഒരു ശീലമാകുന്നതിന് പിന്നിൽ മനഃശാസ്ത്രപരമായവ അടക്കം പല കാരണങ്ങളും ഉണ്ടാകാം. ഫ്രോയ്ഡിന്റെ സിദ്ധാന്തം അനുസരിച്ച്, അനുചിതമായ തമാശകൾ അടിച്ചമർത്തിയ ആഗ്രഹങ്ങളുടെ പുറത്തേക്കൊഴുക്കാണെന്ന് പറയപ്പെടുന്നുണ്ട്. സാമൂഹിക ഇടപെടലുകൾ നടത്തുമ്പോൾ ഫലിതം പറയുന്നത് എളുപ്പത്തിൽ ശ്രദ്ധ നേടിയെടുക്കാൻ നല്ലൊരു മാർഗ്ഗമാണ്. നല്ല ഫലിതം എളുപ്പത്തിൽ വഴങ്ങാത്ത പലരും, കേൾക്കുന്നവരിൽ എളുപ്പത്തിൽ പ്രതികരണങ്ങൾ ഉണർത്താൻ പാകത്തിൽ ദ്വയാർത്ഥ ഹാസ്യം ഉപയോഗപ്പെടുന്നതായി കാണാറുണ്ട്. ഒളിപ്പിച്ച അർത്ഥങ്ങൾ ഉള്ള ഹാസ്യം പ്രയോഗിക്കുന്നത് വ്യത്യസ്തമായൊരു കഴിവാണെന്ന മിഥ്യാ ധാരണയും ഒരു പക്ഷെ ദ്വയാർത്ഥ ഫലിതങ്ങൾ പ്രയോഗിക്കുന്നയാളെ  പ്രചോദിപ്പിക്കുന്നുണ്ടാകാം. പക്ഷെ സമാന മനസ്കരും ഏകദേശം ഒരേ നിലവാരത്തിൽ ഉള്ളവരും ആയ ആളുകളുടെ കൂട്ടത്തിൽ മാത്രമേ ദ്വയാർത്ഥ കോമഡികൾ അപകടരഹിതമാകാൻ സാധ്യതയുള്ളൂ. പലപ്പോഴും ദ്വയാർത്ഥ ഫലിതപ്രയോഗത്തിൽ, അത് കേട്ട് നിൽക്കുന്നവർ പ്രതികരിക്കാൻ സാധിക്കാത്ത ഒരു സ്ഥിതിയിലോ സാഹചര്യത്തിലോ ഉള്ളവർ ആവുമ്പോൾ അതൊരു പീഡനത്തിന്റെ തലത്തിലേക്ക് പോലും എത്തുന്നു. ചില സന്ദർഭങ്ങളിൽ ദ്വയാർത്ഥ പ്രയോഗങ്ങൾ കേൾക്കുന്ന ആൾക്ക് മനസിലാകാത്ത സന്ദർഭങ്ങളും ഉണ്ടാകാറുണ്ട്. അത്തരം സന്ദർഭങ്ങളിൽ കേൾക്കുന്നയാൾ പ്രത്യേകിച്ച് പ്രതികരിക്കാതെ നിൽക്കുകയും പിന്നീട് അർത്ഥം മനസ്സിലാക്കുമ്പോൾ ആത്മനിന്ദയും അമർഷവും സഹിക്കേണ്ട അവസ്ഥ വരികയും ചെയ്യാം.

Wednesday, 8 January 2025

ഹണി റോസും ബോ.ചെ.യും സോഷ്യൽ മീഡിയയിൽ കിടന്ന് മെഴുകുന്ന ഫാൻസും....

 
ഒരാൾക്ക് സൗന്ദര്യം ഉണ്ടെന്ന് സ്വയം വിശ്വസിക്കാനും ഉള്ള സൗന്ദര്യം സംരക്ഷിക്കാനും പറ്റുന്ന മാർഗ്ഗങ്ങളിലൂടെ അത് വർദ്ധിപ്പിക്കാനും അതിനെ പൊലിപ്പിച്ചു കാണിക്കാനും അതിൽ ആനന്ദം കണ്ടെത്താനും അത് പ്രദർശിപ്പിക്കാനും അതിന് മാർക്കറ്റ് ഉണ്ടെങ്കിൽ അതിൽ നിന്ന് വരുമാനം കണ്ടെത്താനും ഉള്ള അവകാശം ഹണി റോസിന് മാത്രമല്ല എല്ലാവർക്കുമുണ്ട്. അയാൾ ചെയ്യുന്ന കാര്യങ്ങളിൽ നിയമവിരുദ്ധമായി എന്തെങ്കിലും ഉണ്ടെങ്കിലേ സമൂഹത്തിനും നിയമസംവിധാനങ്ങൾക്കും എന്തെങ്കിലും സ്കോപ്പ് അതിലുള്ളൂ. അല്ലാതെ അയാളോട് ദുസ്വാതന്ത്ര്യമെടുക്കാനും അയാളെ മോശമായി വിധിക്കാനും മറ്റുള്ളവർ ആരാണ് !???

ഒരു കച്ചവടക്കാരൻ എന്ന നിലയിൽ ബ്രാൻഡിംഗ് ചെയ്യാനും ഒരു വ്യക്തി എന്ന നിലയിൽ അഭിപ്രായങ്ങൾ പറയാനുമെല്ലാം ബോബി ചെമ്മണ്ണൂരിന് മാത്രമല്ല ഏതൊരു വ്യക്തികൾക്കും എല്ലാ അവകാശവുമുണ്ട്. നെഗറ്റിവ് പബ്ലിസിറ്റിയും മോശം പബ്ലിസിറ്റിയല്ല എന്ന തിയറി പരക്കെ അംഗീകരിക്കപ്പെടുന്ന അന്തരീക്ഷത്തിലാണ് നമ്മൾ ജീവിക്കുന്നതെന്ന് യാഥാർഥ്യവും അംഗീകരിക്കുന്നു. എന്ന് കരുതി, തന്റെ സ്ഥാപനത്തിന്റെയോ ഉൽപ്പന്നത്തിന്റെയോ മാർക്കറ്റിങ്ങിനു വേണ്ടി പണം കൊടുത്ത് കൊണ്ട് വരുന്നവരുടെ വ്യക്തി സ്വാതന്ത്ര്യത്തിന് മേൽ കടന്നു കയറാൻ ഒരാൾക്കും ഒരവകാശവുമില്ല. നെഗറ്റിവ് പബ്ലിസിറ്റി ലക്ഷ്യമാക്കി, ആൾക്കൂട്ടത്തിന്റെ മുൻപിൽ ആളാവാനും അതിന്റെ ക്ലിപ്പുകൾ സോഷ്യൽ മീഡിയയിലിട്ട് വൈറലാവാനും ദ്വയാർത്ഥ പ്രയോഗങ്ങളും അശ്‌ളീല പരാമർശങ്ങളും പറഞ്ഞിട്ട് അത് തമാശയായി എടുക്കുമെന്ന് കരുതി എന്ന് പറയുന്നത് വലിയ ന്യായീകരണമൊന്നുമല്ല. പിന്നെ, ദ്വയാർത്ഥപ്രയോഗം കേട്ടപ്പോൾ തന്നെ പ്രതികരിക്കാതെ പിന്നീടെന്തിനാണ് പ്രതികരിച്ചതെന്ന വാദമൊക്കെ കോടതിയിൽ നില്ക്കൽ അത്ര എളുപ്പവുമല്ല. 

ഇനി സോഷ്യൽ മീഡിയയിൽ കിടന്ന് പക്ഷം പിടിച്ച് മോങ്ങുകയും കരയുകയും നിരങ്ങുകയും ഒക്കെ ചെയ്യുന്നവരുടെ "അഭിപ്രായസ്വാതന്ത്ര്യമില്ലേ എന്ന ചോദ്യം!!". ആവിഷ്കാര സ്വാതന്ത്ര്യമാകട്ടെ അഭിപ്രായ സ്വാതന്ത്ര്യമാകട്ടെ മറ്റെന്ത് സ്വാതന്ത്ര്യവുമായിക്കോട്ടെ, അത് ഭരണഘടനാ നിയമ സംവിധാനങ്ങളുടെ സാഗരത്തിൽ കിടക്കുന്ന തടി പോലെയാണ്. ശ്രദ്ധിച്ച് ആസ്വദിച്ചില്ലെങ്കിൽ മുങ്ങിപ്പോകാനും വെള്ളം കുടിക്കാനും ചത്ത് മലക്കാനും ഒക്കെ സാധ്യതയുണ്ട് !!!