Thursday, 20 February 2014

കൊച്ചുപുസ്തകങ്ങളും ആള്‍ക്കൂട്ടവും - വിശുദ്ധ നരകം, ആമ്മേന്‍, ഒരു വൈദികന്റെ ഹൃദയമിതാ


ഈ ദിവസങ്ങളില്‍ വിശുദ്ധ നരകത്തെ പറ്റി വന്ന പല കമെന്റുകളിലും അതിനു വന്ന മറു പോസ്റ്റുകളിലും പരക്കെ ഉപയോഗിക്കപെട്ട ഒരു വാക്കാണ് കൊച്ചുപുസ്തകം എന്നത്. 

കൊച്ചു പുസ്തകം എന്ന് പറഞ്ഞാല്‍ ചെറിയ പുസ്തകം എന്നല്ല. അതൊരു തനി നാടന്‍ ടെക്നിക്കല്‍ നെയിം ആണ്. ഇന്നത്തെ പോലെ ഇലക്ട്രോണിക് ഡിജിറ്റല്‍ നെറ്റ് എനേബിള്‍ഡ്  പോണ്‍ (Porn) : അതായത് ഇന്റര്‍നെറ്റ്‌, കമ്പ്യൂട്ടര്‍, മൊബൈല്‍ ഫോണ്‍ വഴിയൊക്കെ കിട്ടുന്ന തുണ്ടുകള്‍, വ്യാപകമാവുന്നതിനു മുന്‍പ് അന്നത്തെ ആളുകള്‍ക്ക് കിട്ടിക്കൊണ്ടിരുന്ന മഞ്ഞ ഇക്കിളി സാഹിത്യ പുസ്തകങ്ങള്‍ക്ക് പൊതുവായി പറഞ്ഞിരുന്ന പേരാണ് കൊച്ചുപുസ്തകം. അന്നൊക്കെ പൊതു ലൈബ്രറിയില്‍ നിന്ന് പുസ്തകങ്ങള്‍ എടുത്തിട്ട് പുറം ചട്ടയുടെ അകത്തു നോക്കിയാല്‍ സാമൂഹ്യസേവനം വ്രതമാക്കിയ മുന്‍ വായനക്കാര്‍ എരിവും പുളിയുമുള്ള ഭാഗങ്ങള്‍ (Adult Content) ഏതു പേജിലാണ് ഉള്ളതെന്ന് എഴുതിയിടുന്നത് തീരെ അപൂര്‍വ്വമായ ഒരു കാഴ്ച അല്ലായിരുന്നു. ഇവിടെ ഇത് പറയാന്‍ കാരണം തലക്കെട്ടില്‍ പറഞ്ഞ പുസ്തകങ്ങള്‍ എല്ലാം തന്നെ വളരെ വലിയതും വിശുദ്ധമെന്നും ആളുകള്‍ വിശ്വസിച്ചു പോരുന്ന ആത്മീയ പ്രസ്ഥാനങ്ങളില്‍ വര്‍ഷങ്ങളോളം തങ്ങളെ സമര്‍പ്പിച്ച ശേഷം അവിടം വിട്ടിട്ട് അവരുടെ അനുഭവങ്ങള്‍ പച്ചയായി (മഞ്ഞ ചേര്‍ത്ത് എന്നല്ലേ പറയേണ്ടത് എന്നാണെന്റെ ഒരു സംശയം) എഴുതി, ചെറിയ തോതിലെങ്കിലും ഒരു കൊച്ചുപുസ്തകാനുഭവം അത് നല്‍കും എന്ന പ്രതീക്ഷ ആള്‍ക്കൂട്ടത്തിനു നല്‍കാന്‍ ശേഷിയുള്ളവ ആയത് കൊണ്ടാണ്. അനുഭവങ്ങളുടെ സൂക്ഷ്മ വിവരണം ഒഴിവാക്കി കൊണ്ടും  ഈ പുസ്തകങ്ങള്‍ എഴുതാം. പക്ഷെ അപ്പോള്‍ സര്‍കുലേഷന്‍ കുറഞ്ഞു പോകാന്‍ സാധ്യത ഉണ്ട്. എന്തായാലും എഴുതാനായി നനഞ്ഞിറങ്ങുമ്പോള്‍ അതിനുള്ള നേട്ടം വേണ്ടേ. അതു അതിന്റെ കച്ചവട വശം. ആത്മീയ മാസികകളില്‍ പോലും പുറം ചട്ടയില്‍ സെക്സ് എന്നൊരു വാക്ക് ഉണ്ടെങ്കില്‍ അനേകം കോപ്പികള്‍ വില്‍ക്കപെടാനുള്ള അധിക സാധ്യതയുള്ളപ്പോള്‍, അനുഭവങ്ങളുടെ പൊടിപ്പും തൊങ്ങലും എരിവും ചൂടും ഒന്നും നഷ്ടപ്പെടാതെ നാടകീയമായി തന്നെ അവതരിപ്പിക്കലാണ് കൂടുതല്‍ കോപ്പികള്‍ വില്കാനുള്ള എളുപ്പ വഴി. അതിന്റെ ഭാഗമാണ് ഈ പുസ്തകങ്ങളിലെ അല്‍പമാത്ര മഞ്ഞ.  വായനയെ ഗൌരവമായി എടുക്കാത്ത ആള്‍ക്കൂട്ടത്തിനു വിശുദ്ധ നരകവും ആമേന്‍ഉം ഒരു വൈദികന്റെ ഹൃദയവും എല്ലാം ജന പ്രിയമാകുന്നതിന്റെ പ്രധാന ഗുട്ടന്‍സ് അവര്‍ അതില്‍ പ്രതീക്ഷിക്കുന്ന ലൈംഗിക വിവരണങ്ങളാണ്. കച്ചവടം അതിന്റെ വഴിക്ക് പോവട്ടെ...

പക്ഷെ എനിക്ക് മനസ്സിലാവാത്തത് മറ്റൊന്നാണ്. ആദ്യത്തെ പുസ്തകമൊഴികെ മറ്റു രണ്ടു പുസ്തകങ്ങളും വളരെ വിശാലമായ പൊതു ചര്‍ച്ചക്കോ വിമര്‍ശനങ്ങള്‍ക്കോ പാത്രമാകാതെ പോയപ്പോള്‍ ആദ്യത്തെ പുസ്തകം സൈബര്‍ ലോകത്തു വിപുലമായ ചര്‍ച്ചക്കും വിമര്‍ശനങ്ങള്‍ക്കും പാത്രമായി. കുറച്ചു സമയത്തെ മൌനത്തിനു ശേഷം ഇലക്ട്രോണിക് മാധ്യമങ്ങള്‍ അതിനെ പറ്റി ചര്‍ച്ച ചെയ്തു തുടങ്ങി. അച്ചടി മാധ്യമങ്ങള്‍ അപ്പോഴും മിതത്വം പാലിച്ചു മാറി നിന്നു. ആദ്യ പുസ്തകത്തിലെ പരാമര്‍ശം അമൃതാനന്ദമയി മഠത്തെ ചുറ്റിപറ്റിയാണെങ്കില്‍ രണ്ടും മൂന്നും പുസ്തകങ്ങള്‍ കേരളത്തിലെ കത്തോലിക്കാ സഭയെ ചുറ്റി പറ്റി ആയിരുന്നു. രണ്ടും മൂന്നും പുസ്തകങ്ങള്‍ ആഗോള ക്രൈസ്തവ സമൂഹത്തെ മുഴുവനോ, ഭാരതീയ ക്രൈസ്തവ സമൂഹത്തെ മുഴുവനോ എന്തിനു കേരള ക്രൈസ്തവ സമൂഹത്തെ മുഴുവന്‍ പോലും ബാധിക്കാത്തത് പോലെ ഒന്നാമത്തെ പുസ്തകം മുഴുവന്‍ ഹിന്ദുത്വത്തിനെതിരെ ആണെന്ന് പറയാന്‍ എങ്ങനെ കഴിയും. അതു കേരള കത്തോലിക്കാ സഭയെ മാത്രമേ ബാധിക്കൂ. കത്തോലിക്കമല്ലാത്ത അനേകം ക്രൈസ്തവ സഭകള്‍ കേരളത്തിലുണ്ട്. ഇതിലെല്ലാം സന്തോഷിച്ച സഭകളും ഉണ്ടെന്നത് അതിശയം ഒന്നും അല്ല. രണ്ടും മൂന്നും പുസ്തകങ്ങള്‍ക്ക് പിന്നില്‍ സംഘകുടുംബക്കാരാണെന്നോ ഹിന്ദുക്കള്‍ ആണെന്നോ മറ്റേതെങ്കിലും മതക്കാര്‍ ആണെന്നോ ഒരു ആരോപണം അന്ന്  കേട്ടതായി ഓര്‍ക്കുന്നില്ല. അമൃതാനന്ദമയീ ആശ്രമത്തെ ചുറ്റിപറ്റിയുള്ള ഒരു ആരോപണം മാത്രമാണ് ഇപ്പോള്‍ വന്നിരിക്കുന്നത്. തെളിയിക്കപ്പെട്ടിട്ടു പോലുമില്ല.  അതെങ്ങനെ മുഴുവന്‍ ഹിന്ദുത്വത്തിന് നേരെയുള്ള ആക്രമണം ആകും.  അമൃതാനന്ദമയീമഠവുമായി ആത്മബന്ധമുള്ളവര്‍ക്കും അവരുടെ ഭക്തര്‍ക്കും ആരാധകര്‍ക്കും അല്ലാതെ പൊതു  സമൂഹത്തിനു  എന്താണിതില്‍ താല്പര്യം.  ഇപ്പോള്‍, വിശുദ്ധ നരകത്തിന് പിന്നില്‍ മാര്‍പ്പാപ്പ മുതല്‍ മറ്റു പല മതവിഭാഗക്കാരും എന്തിനു ചില രാഷ്ട്രീയക്കാര്‍ വരെ ആരോപണ വിധേയരാകുന്നു. ഇത് പൊതുവേ മത സാമുദായിക സൗഹാര്‍ദ്ദത്തില്‍ പൊയ്ക്കൊണ്ടിരിക്കുന്ന കേരളത്തിലെ സാമൂഹ്യാന്തരീക്ഷത്തില്‍ മത സാമുദായിക ധ്രുവീകരണവും സ്പര്‍ധയും വളര്‍ത്താനേ ഉപകരിക്കൂ. 

ആഗോള തലത്തില്‍ അതി പ്രശസ്തയായ ഒരു ഭാരതീയ ആത്മീയ ആചാര്യക്ക് നേരെയും അവരുടെ സ്ഥാപനങ്ങള്‍ക്കെതിരെയും രണ്ടു ദശാബ്ദത്തോളം അവരുടെ സന്തത സഹചാരി ആയിരുന്ന ആള്‍ തന്നെ അതീവ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിക്കുമ്പോള്‍ അതിന്റെ നിജ സ്ഥിതി പരിശോധിക്കേണ്ടതും  സത്യാവസ്ഥ അന്വേഷിച്ചു വെളിച്ചത്തു കൊണ്ടുവരേണ്ടതും സര്‍ക്കാരും അതിന്റെ അന്വേഷണ ഏജന്‍സികളും ആണ്. ആരോപണം തെറ്റാണെങ്കില്‍ അത് ഉന്നയിച്ചവരെ നിയമത്തിന്റെ മുന്‍പില്‍ കൊണ്ടുവന്നു അര്‍ഹിക്കുന്ന ശിക്ഷ കൊടുപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കണം.


ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക

https://www.facebook.com/achayatharangal.blogspot.in


അല്ലെങ്കില്‍ 
 താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക

4 comments:

  1. എന്തുകൊണ്ട് ഇവര്‍ മാത്രം ഇങ്ങനെ ആക്രമിക്കപ്പെടുന്നു..?? മിക്കവാറും ന്യൂ ജനറേഷന്‍ ആത്മീയ നേതാക്കള്‍ ഒക്കെ ഇങ്ങനെ ആയിരിക്കെ..??!!

    ReplyDelete
    Replies
    1. ഇപ്പോള്‍ സൗകര്യം വന്നപ്പോള്‍ അവര്‍ ആക്രമിക്കപ്പെടുന്നു.
      അടുത്ത ഇരക്ക് വേണ്ടി അവര്‍ ജാഗ്രതയോടെ കാത്തിരിക്കുന്നു....

      Delete
  2. നന്ദി ചേട്ടാ നന്ദി....

    ReplyDelete