Friday, 16 May 2014

മോദി തരംഗമെന്നു പറഞ്ഞു കുറച്ചു കാണിക്കരുത്......ഗതികെട്ട ജനത്തിന്റെ പ്രതികാരമാണിത് ....


വന്‍ മോദി തരംഗം...ബി ജെ പിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം.

മോദി തരംഗത്തില്‍ ബി.ജെ.പി. ഭരണത്തിലേക്ക്..

മോദിക്കാറ്റില്‍ ചരിത്രം കുറിച്ച് എന്‍ ഡി എ

ബി ജെ പി തരംഗം; ഇനി മോദി സര്‍ക്കാര്‍ 

ഇത് മോദിയുടെ വിജയം; ബി ജെ പി അധികാരത്തില്‍ 

മൂന്ന്‍ പതിറ്റാണ്ടിനു ശേഷം ഒറ്റക്കക്ഷിക്ക് കേവല ഭൂരിപക്ഷം

ഒരു താഴ്ന്ന ജാതിക്കാരൻ ഇന്ത്യയുടെ പ്രധാനമന്ത്രി സ്ഥാനത്തേക്ക്.

കോർപ്പറേറ്റുകൾ നയിക്കുന്ന ബി.ജെ.പി.അധികാരത്തിലേക്ക്..

ചായക്കച്ചവടക്കാരന്‍ പ്രധാനമന്ത്രി പദത്തില്‍..

നരേന്ദ്ര മോഡി ഇന്ത്യന്‍ പ്രധാനമന്ത്രി..

നാളെ മാധ്യമങ്ങളില്‍ കാണാനിടയുള്ള ചില തലവാചകങ്ങള്‍ ആണ് മുകളില്‍. ജനങ്ങളുടെ മനസാക്ഷിയുടെ അംഗീകാരം മോഡിക്ക് അനുകൂലമായി വന്നിരിക്കുന്നു. ജനാധിപത്യത്തില്‍ ജനങ്ങളുടെ തീരുമാനം അംഗീകരിക്കപ്പെടണം; അത് നമ്മുടെ തീരുമാനത്തിന് വിരുദ്ധമാണെങ്കില്‍ പോലും. അതിനെ പൂര്‍ണ്ണ മനസ്സോടെ മാനിക്കുകയാണ് ജനാധിപത്യ മര്യാദ. മാര്‍ഗം ലക്ഷ്യത്തെ സാധൂകരിക്കുന്നു എന്ന തത്വം എടുത്താല്‍ ഏത് വിധത്തിലായാലും പരിപൂര്‍ണ്ണ ജനാധിപത്യ മാർഗത്തിലൂടെ ഇന്ത്യയുടെ ഭരണം കൃത്യതയോടെ പിടിച്ചെടുത്ത നരേന്ദ്ര ദാമോദർ ദാസ് മോഡിയുടെ ചടുല നീക്കങ്ങളെ അംഗീകരിക്കേണ്ടത് തന്നെ. 

പ്രിയ മോദി, ഇനി താങ്കള്‍ ഞങ്ങളുടെ; ഭാരതത്തിന്റെ; പ്രധാനമന്ത്രിയാണ്. മരണത്തിന്റെ മൊത്തക്കച്ചവടം ആരോപിക്കപ്പെട്ട രക്തപങ്കിലമായ ചരിത്രത്തെ കഴുകി വെളുപ്പിക്കാന്‍ ഈ ഊഴം നിങ്ങള്‍ ഉപയോഗിക്കുമെന്ന് ഇവിടത്തെ ഓരോ സാധാരണ പൌരനും വിശ്വസിക്കുന്നു. കോർപ്പറേറ്റ് മൂലധനത്തിന്റെ ദല്ലാള്‍ എന്ന വിശേഷണം മനുഷ്യത്വമുള്ള നല്ലൊരു ഭരണാധികാരി എന്ന ഖ്യാതിക്ക് വഴി മാറട്ടെ. കോണ്ഗ്രസ് ജയിച്ചാലും ബി.ജെ.പി ജയിച്ചാലും കോർപ്പറേറ്റുകൾ തന്നെ ആണ് ഭരിക്കുക, കോണ്ഗ്രസ് ഭരിച്ചതിലേറെ അഴിമതികൾ ഇനിയും തുടരും എന്നൊക്കെയുള്ള ജനത്തിന്റെ ആശങ്കകള്‍ അനുഭവം കൊണ്ട് ജനം മാറ്റിയെടുക്കട്ടെ. കുത്തക മുതലാളിമാരെ സഹായിച്ചാലും, അതിനോടൊപ്പം സാധാരണക്കാരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്ന നടപടികള്‍ എടുക്കാന്‍ അങ്ങേക്ക് കഴിയട്ടെ. അങ്ങയുടെ പരിഗണന ഒരു പ്രത്യേക സമുദായത്തിന് മാത്രമായിരിക്കും എന്ന ആശങ്കയും അങ്ങയുടെ നടപടികള്‍ കണ്ടു തന്നെ മാഞ്ഞു പോകാനിട വരട്ടെ.

ബി ജെ പിയുടെയും എന്‍ ഡി എ യുടെയും ഈ നേട്ടത്തെ മോദി തരംഗം എന്ന് മാത്രം പറഞ്ഞു മാറ്റി നിര്‍ത്തിയാല്‍ ജനാധിപത്യത്തിലെ ജനത്തിന്റെ അവകാശത്തെ, വോട്ട് അധികാരത്തെ താഴ്ത്തി കാണിക്കുകയാവും ചെയ്യുക. 

സത്യത്തില്‍ എന്തായിരുന്നു കുറച്ചു കാലമായി ഇന്ത്യയിലെ രാഷ്ട്രീയ പരിതസ്ഥിതി!!??? ജന്മി കുടിയാന്‍ വ്യവസ്ഥിതി അതിന്റെ എല്ലാ ഭീകരതയോടെ നില നിന്നിരുന്ന ഒരു സംവിധാനമായിരുന്നു കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളിലെ കേന്ദ്ര ഭരണം. ജനാധിപത്യത്തിന്റെ മൂന്നു തൂണുകളായ Legislature, Executive, Judiciary എന്നിവയില്‍ എല്ലാം ഇത് പ്രകടമായിരുന്നെങ്കിലും, ജനങ്ങള്‍ തിരഞ്ഞെടുത്തു വിട്ട ഭരണ കക്ഷിയെ പറ്റിയായിരുന്നു മുഖ്യമായും ജനങ്ങളുടെ പരാതി. ഇവിടെ മന്ത്രിമാരും എം പിമാരും ജന്മികളും അവരെ ചുറ്റിപ്പറ്റി നില്‍ക്കുന്ന രാഷ്ട്രീയദല്ലാളന്മാര്‍ മിച്ചവാരക്കാരും അവരുടെ ലോക്കല്‍ രാഷ്ട്രീയപ്രവര്‍ത്തകര്‍ പാട്ടക്കുടിയാന്മാരും ഇതിലൊന്നും പെടാത്ത കഴുത പൊതുജനം അഗണ്യകോടിയില്‍ പെട്ട ദരിദ്രവാസി കര്‍ഷകതൊഴിലാളികളും ആയിരുന്നു എന്ന്  വേണമെങ്കില്‍ നിരീക്ഷിക്കാം.

തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു കഴിഞ്ഞു വോട്ട് രേഖപ്പെടുത്തുന്നത് വരെ ഉള്ള ചെറിയ കാലയളവിലാണ് ഇവിടെ പൌരന് എന്തെങ്കിലും ഒരു വിലയുള്ളത്. അത് കഴിഞ്ഞാല്‍, നിയമനിർമ്മാണ സഭകളിലെ ഇരിപ്പിടം ജനത്തിന്റെ ഭിക്ഷയാണെന്ന കാര്യം സൌകര്യപൂര്‍വ്വം മറന്നിട്ട് അധികാരപ്രമത്തത, ധാര്‍ഷ്ട്യം, സ്വജന പക്ഷപാതം, അഴിമതി, കയ്യിട്ടു വാരല്‍ തുടങ്ങി സര്‍വ്വ വിധ ജനവിരുദ്ധ നടപടികളിലും മുഴുകി ജീവിക്കുന്നു. ജനാധിപത്യ ഗോപുരത്തിന്റെ നാലാം തൂണെന്നു വിശേഷിപ്പിക്കപ്പെടുന്ന മുഖ്യ ധാരാ മാധ്യമങ്ങള്‍ ഇതിനെല്ലാം കുഴലൂതുകയും ചെയ്യുന്നു. കോണ്‍ഗ്രസ്സിലെ കരുത്തില്ലാത്ത ചതഞ്ഞ നേതൃത്വവും യു.പി.ഏ സര്‍ക്കാരിന്റെ അതിരുവിട്ട സഹസ്ര കോടിക്കണക്കിനു രൂപയുടെ അഴിമതിയും കണ്ടു ജനം സഹി കെട്ടിരുന്നു. സാധാരണക്കാര്‍ ഒരു നിവൃത്തിയുമില്ലാത്ത അടിമകളാണെന്ന ഭാവത്തില്‍, ഗ്യാസിനും പെട്രോളിനും എന്ന് വേണ്ട എല്ലാ നിത്യോപയോഗസാധനങ്ങള്‍ക്കും വിലക്കയറ്റം സൃഷ്ടിച്ചു ജനങ്ങളുടെ നെഞ്ചില്‍ കയറിയുള്ള പൊറാട്ട് നാടകം കളി കണ്ടു മടുത്ത ജനതയുടെ നല്ലൊരു ശതമാനം എങ്ങനെ ഇവരെ ഒരു പാഠം പഠിപ്പിക്കണം  എന്ന് ചിന്തിച്ചിരിക്കുമ്പോഴാണ് പൊതു തിരഞ്ഞെടുപ്പ് എന്ന ആയുധം അവരുടെ കയ്യില്‍ കിട്ടുന്നത്. 

കോണ്‍ഗ്രസ് നോക്കിയപ്പോള്‍ ആകെയുള്ള എതിരാളികള്‍ മോഡിയും ആപ്പുമാണ്. കാര്യമായ സംഘടനാ ബലമില്ലാത്ത ആപ് അവര്‍ക്കൊരു ഭീഷണി ആയതുമില്ല.  അപ്പോള്‍ പിന്നെ ആകെയുള്ള എതിരാളി മോഡിയും എന്‍ ഡി എ യുമാണെന്നു  കോണ്‍ഗ്രസ്‌ കണ്ടു. മോഡിയെ വര്‍ഗീയവാദിയായും ന്യൂനപക്ഷ വിരുദ്ധനുമായി ചിത്രീകരിച്ചു. പക്ഷെ, ബുദ്ധിമാന്മാരായ ജനങ്ങള്‍, വര്‍ഗ്ഗീയതയെക്കാളും കൊടിയ വിഷവിപത്തായി അഴിമതിയെയും ജനവിരുദ്ധതയെയും കണ്ടു. ജനഹിതം മാനിക്കാതെ കോർപറേറ്റ് ഭരണം നടത്തിയതിലുള്ള ജനങ്ങളുടെ അമര്‍ഷം അണ പൊട്ടിയപ്പോള്‍ കോണ്‍ഗ്രസ്‌ മുന്‍പെങ്ങുമില്ലാത്ത വിധം ലോക്സഭയിലെ ഒരു ചെറിയ കക്ഷിയായിപ്പോയി. ജനങ്ങളുടെ വോട്ട് വാങ്ങി ജയിച്ചു പോന്നാല്‍ പിന്നെ അഞ്ചു വർഷം അവരുടെ തലയിൽ കയറിയിരുന്നു കാഷ്ടിക്കാം എന്ന് ധരിച്ച വങ്കത്തരത്തിന് ഏറ്റ കനത്ത തിരിച്ചടിയാണ് ഈ തോൽവി. ഇത് ബി ജെ പി അര്‍ഹിച്ച വിജയം എന്നതിനേക്കാള്‍ കോണ്‍ഗ്രസ് ഇരന്നു വാങ്ങിയ തോല്‍വി എന്നാണു വിശേഷിപ്പിക്കപ്പെടേണ്ടത്. ഒന്ന് കൂടി വ്യക്തമായി പറഞ്ഞാല്‍ മോഡിയുടെ തിരഞ്ഞെടുപ്പ് വിജയം മോഡിയുടെ ഷോ ഓഫ്‌ കണ്ടു ഭ്രമിച്ചു പോയ വോട്ടര്‍ സമ്മാനിച്ചത്‌ എന്നതിനപ്പുറം കോണ്‍ഗ്രസ്‌ ഭരണത്തോടുള്ള  ശക്തമായ വിയോജിപ്പാണ്. സ്വന്തം ജയത്തില്‍ അഹങ്കാരം കൊള്ളാതെ പുറത്തായവരുടെ വീഴ്ചയില്‍ നിന്ന് പാഠം ഉള്‍കൊണ്ടു ജനപക്ഷത്തുനിന്ന് ഭരിക്കാന്‍ വിജയിച്ചവര്‍ക്ക് കഴിയട്ടെ....


മതനിരപേക്ഷതയിലും ക്ഷേമസങ്കല്പ്പങ്ങളിലും അധിഷ്ടിതമായ ഉറച്ച ഒരു ഭരണം ഇവിടെ സംജാതമാവട്ടെ. മോഡിക്കും സംഘത്തിനും എല്ലാ വിധ ഭാവുകങ്ങളും നേരുന്നു.

സംസ്ഥാന തല ചുവരെഴുത്ത് : രാജ്യം മുഴുവന്‍ അലയടിച്ചുയര്‍ന്ന കോണ്‍ഗ്രസ്‌ വിരുദ്ധ തരംഗവും അതിലേറെ മോശമായ പ്രതിച്ഛായില്‍ നിന്നിരുന്ന സംസ്ഥാന രാഷ്ട്രീയ സ്ഥിതി വിശേഷവും മുതലെടുക്കാന്‍ കഴിയാതെ പോയ കേരളത്തിലെ ഇടതുപക്ഷം ഒരു ചികില്‍സ തേടേണ്ട സമയം അതിക്രമിച്ചു. ജാതി വോട്ടുകള്‍ ലാക്കാക്കി നിര്‍ത്തിയ സ്ഥാനാര്‍ഥികള്‍ എല്ലാം തോറ്റു തൊപ്പിയിട്ടു. അനായാസം തോല്‍പ്പിക്കാം എന്നു കരുതിയ എതിരാളികളെല്ലാം ജയിച്ചു. രാഷ്ട്രീയം പറയുന്നതിന് പകരം സരിതയുടെയും വ്യക്തിഹത്യയുടെയും പുറകെ പോയി. എതിരാളികളെ തരം താണ ഭാഷാ പ്രയോഗങ്ങള്‍ കൊണ്ട് ആക്രമിച്ചത് പോലും തിരിച്ചടിയായി. പ്രസംഗം കേട്ട് കൈ അടിക്കുന്നവര്‍ മാത്രം വോട്ട് ചെയ്‌താല്‍ ജയിക്കില്ല എന്ന് പ്രിയ സഖാക്കള്‍ മനസ്സിലാക്കുക. ബംഗാളില്‍ നേരിട്ട തുടച്ചു മാറ്റല്‍ സ്ഥിര സ്വഭാവമുള്ളതാണെങ്കില്‍ ഒരു ദേശീയ ജനാധിപത്യ ബദല്‍ എന്ന സ്ഥാനത്തു തുടരാന്‍ അത്യധ്വാനം ചെയ്യേണ്ടതായി വരും. ഇവിടെ ബദല്‍ എന്ന നിലക്ക് ബി ജെ പിക്ക് അടിത്തറയില്ലാതിരുന്നത് കൊണ്ട് മാത്രമാണ് ഇത്രയും സീറ്റെങ്കിലും ഒത്തത്. താത്വികമായ അവലോകനങ്ങള്‍ പ്രവര്‍ത്തകരെ പിടിച്ചു നിര്‍ത്തിയേക്കും; പക്ഷെ അത് വോട്ടായി മാറില്ല.

Last Word : പാര്‍ട്ടിക്ക് തോക്ക് ഉപയോഗിക്കാം. പക്ഷെ തോക്ക് പാര്‍ട്ടിയെ ഉപയോഗിക്കാതെ നോക്കണം. സമാധാനവാദികളുടെ ഒരു വിപ്ലവം ആദ്യം ഉണ്ടാവും. അത് കേട്ടില്ലെന്നും കണ്ടില്ലെന്നും നടിച്ചാല്‍, പിന്നെ വരുന്നത് ഭ്രാന്തന്മാര്‍ നയിക്കുന്ന വിപ്ലവം ആയിരിക്കും ...

 ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക


അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക

2 comments:

  1. വളരെ നല്ല ലേഖനം. ഇനിയും എഴുതുക കൂടുതൽ ഉയരങ്ങളിൽ എത്താൻ കഴിയട്ടെ. എല്ലാവിധ ആശംസകളും ...

    ReplyDelete
  2. നല്ല വാക്കുകള്‍ക്കു നന്ദി...

    ReplyDelete