വാര്‍ത്ത
ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണിക്കെതിരെ ആന്ധ്രാപ്രദേശിലെ അനന്ത്പുര്‍ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരിക്കുന്നു. മഹാവിഷ്ണുവിന്റെ രൂപത്തിലുള്ള ധോനിയുടെ ചിത്രം ഹിന്ദു മതവികാരം വ്രണപ്പെടുത്തുന്നതാണെന്ന് കാട്ടി വൈ. ശ്യാം സുന്ദര്‍ എന്ന പ്രാദേശിക വിശ്വഹിന്ദു പരിഷത് നേതാവ് ഫിബ്രവരിയില്‍ കൊടുത്ത കേസുമായി ബന്ധപ്പെട്ട് ഹാജരാകണമെന്നാവശ്യപ്പെട്ട് കോടതി ധോണിക്ക് മൂന്നു തവണ സമന്‍സ് അയച്ചിരുന്നു. ഇത് മൂന്നും തിരിച്ചുവന്നതിനെത്തുടര്‍ന്നാണ് കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. വ്രണപ്പെടുത്തിയെന്ന കേസില്‍ മൂന്നു തവണ ഹാജരാകാത്തതിനെത്തുടര്‍ന്ന് ആ ധോണിയെ അറസ്റ്റ് ചെയ്ത് ജൂലായ് 16 ന് ഹാജരാക്കാനാണ് കോടതിയുടെ ഉത്തരവ്. 2013 ഏപ്രില്‍ പതിപ്പിലെ ബിസിനസ് ടുഡേ മാസികയുടെ കവര്‍ പേജിലാണ് മഹാവിഷ്ണുവിന്റെ രൂപത്തിലുള്ള ധോണിയുടെ ചിത്രം പ്രസിദ്ധീകരിച്ചത്. ഗോഡ് ഓഫ് ബിഗ് ഡീല്‍സ് എന്ന പേരില്‍ പ്രസിദ്ധീകരിച്ച ചിത്രത്തില്‍ നിരവധി കമ്പനികളുടെ ഉല്‍പ്പന്നങ്ങള്‍ വിഷ്ണുവിന്റെ രൂപത്തിലുള്ള ധോണി കയ്യില്‍പിടിച്ചിരിക്കുന്നതാണ് ചിത്രീകരിച്ചിരിക്കുന്നത്.
കുബേരനെ പറ്റിയുള്ള സംശയം
ഹൈന്ദവ വിശ്വാസപ്രകാരം ധനത്തിന്റെ അധിപതിയായ ദേവനാണ് കുബേരൻ. "സമ്പത്തിനെ വ്യാപിക്കുന്നവൻ" എന്നർത്ഥത്തിൽ ഇദ്ദേഹം വൈശ്രവണൻ എന്നറിയപ്പെടുന്നു. വടക്ക് ദിക്കിന്റെ അധിപതിയായും അഷ്ടദിക്ക് പാലകന്‍മാരില്‍ ഒരാളായുംകുബേരനെ കണക്കാക്കുന്നു. കുബേരന്‍ പ്രസാദിച്ചാല്‍ സര്‍വ്വസമ്പത്തും കൈവരും എന്ന് വിശ്വസിക്കപ്പെടുന്നു. യക്ഷന്‍മാരുടെ രാജാവാണ് അളകാപുരിയില് വസിക്കുന്ന കുബേരന്‍. വൈശ്രവ മഹര്‍ഷിയുടെ മകനായ കുബേരന്‍ ലങ്കാധിപതി രാവണന്‍റെ ജ്യേഷ്ഠസഹോദരനുമായിരുന്നു. രാവണൻ ഉപയോഗിച്ചിരുന്ന പുഷ്പക വിമാനം സത്യത്തിൽ ഇദ്ദേഹത്തിന്റെ ആയിരുന്നു.
ബഹുമാന്യനായ ആഭ്യന്തര മന്ത്രി ശ്രീ രമേശ് ചെന്നിത്തലയുടെ നിർദ്ദേശ പ്രകാരം, കുറെ ദിവസങ്ങളായി കേരളത്തിൽ അങ്ങോളം ഇങ്ങോളം, പോലീസ് “ബ്ലേഡ് മാഫിയ”ക്കു എതിരായി നടത്തുന്ന റെയ്ഡിനും തുടർ നടപടികൾക്കും ‘ഓപ്പറേഷൻ കുബേര‘ എന്ന് പേരിട്ടത് തികഞ്ഞ വൃത്തികേടായിപ്പോയി. കുബേരൻ ഈ ധനമെല്ലാം നേടിയത് വട്ടി, മീറ്റർ, കൊള്ള മുതലായ പലിശക്ക് പണം കൊടുത്തിട്ടോ പ്രോമിസറി നോട്ടോ ചെക്കോ ആധാരമോ വാങ്ങി പെട്ടിയിൽ വച്ച് പൂട്ടിയിട്ടോ ഒന്നുമല്ല. മാത്രമല്ല, ധർമ്മിഷ്ഠനും സഹോദര സ്നേഹിയുമായിരുന്ന അദ്ദേഹത്തിന്റെ ധനവും വസ്തു വകകളും യഥാർഥത്തിൽ സഹോദരനായ രാവണൻ അടിച്ചു മാറ്റുകയായിരുന്നു. കേവലം ഇര മാത്രമായിരുന്ന കുബേരന്റെ പേര് കൊള്ളപ്പലിശക്കാരെയും ബ്ലേഡ്മാഫിയയെയും ഉന്മൂലനം ചെയ്യാനായി നടത്തുന്ന ഓപ്പറേഷനു പേരിടാൻ ഉപയോഗിച്ചത് ഉചിതമാണോ ?
ധോനിക്കെതിരെ കേസ് എടുത്ത മാനദണ്ഡം വച്ച് നോക്കിയാൽ ഇത് ധനത്തിന്റെ ദേവനായ കുബേരനെ അവഹേളിക്കുന്ന നടപടിയല്ലേ ?
മറ്റു ദൈവങ്ങളുടെ അത്രയും പൊതു സ്വീകാര്യത ഇല്ലാത്തത് കൊണ്ട് മാത്രം കുബേരനോട് ഇങ്ങനെ ചെയ്യാമോ ?
കുബേരനെ വഞ്ചിച്ചു അദ്ദേഹത്തിന്റെ ധനം അപഹരിച്ച രാവണന്റെ പേര് ആയിരുന്നില്ലേ ഈ ഓപ്പറേഷന് ഇടാൻ ഉചിതം ?
ഹിന്ദു ഉണരണം, ഹിന്ദു ഉണരണം എന്ന് നാഴികയിൽ നാല്പ്പത് വട്ടം ഉരുവിടുന്ന ആ ടീച്ചർ കുബേരനെതിരായ ഈ അവഹേളനം കാണാതെ ഉറങ്ങുകയാണോ ?
ഇക്കണക്കിനു, യേശുക്രിസ്തു ഒരിക്കൽ വെള്ളം വീഞ്ഞാക്കി എന്നത് കൊണ്ട്, വ്യാജവാറ്റുകാർക്കെതിരായ ഓപ്പറേഷന് "ഓപ്പറേഷൻ ജീസസ്" എന്ന് പേരിടാൻ ഗവണ്‍മെന്റ് ധൈര്യപ്പെടുമോ ?
ബ്ലേഡ് പോലെ മുറിപ്പെടുത്തുന്ന ചില യാഥാർത്ഥ്യങ്ങൾ
ബ്ലേഡ് മാഫിയയെ ഒതുക്കാന്‍ കേരളത്തിലെ ആഭ്യന്തര വകുപ്പ് അരയും തലയും മുറുക്കി ഇറങ്ങി നാട്ടിലെ വട്ടിപ്പലിശക്കാരന്റെ ഓഫീസും വീടും റെയ്ഡ് ചെയ്തു തകര്‍ക്കുമ്പോള്‍ ഈ നടപടികളെ "അപമാനകരം" എന്ന് മാത്രമേ പറയാനുള്ളൂ... തിരുവനന്തപുരത്ത് ഒരു അഞ്ചംഗ കുടുംബം ബ്ലേഡ് മാഫിയയെ പേടിച്ച് ആത്മഹത്യ ചെയ്‌തതോടെയാണ് മാഫിയ സംഘത്തെ പിടികൂടാന്‍ ആഭ്യന്തരമന്ത്രി നിര്‍ദ്ദേശം നല്‍കിയത്. ഇപ്പോഴത്തെ നടപടികളുടെ വേഗതയും ശുഷ്കാന്തിയും കണ്ടാൽ തോന്നും ആ കുടുംബം ആത്മഹത്യ ചെയ്ത അന്ന് രാവിലെ ആണ് ഈ ബ്ലേഡ് മാഫിയ എന്ന ഭീകര ജീവി കേരളത്തിൽ ജനിച്ചതെന്ന്. കുറ്റവാളികളെ പിടികൂടാന്‍ അളവറ്റ സംവിധാനങ്ങളുള്ള ഈ രാജ്യത്ത്, വളരെ പരസ്യമായും നിയമത്തെ വെല്ലുവിളിച്ചും നടക്കുന്ന ഈ കൊള്ള എന്ത് കൊണ്ടാണ് അധികൃതർ അറിയാതെ പോകുന്നത്. ഒരു പൊതു ത്തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ ജനങ്ങൾ രഹസ്യ ബാലറ്റ് വഴി രേഖപ്പെടുത്തിയ വോട്ട് നിലവാരം പോലും പ്രവചിക്കാൻ കഴിവുള്ള ഇന്റലിജൻസ് സ്പെഷ്യൽ സ്ക്വാഡ് വരെ നമ്മുടെ പോലീസിനുണ്ട്. എന്നിട്ടും ഇത്രയും ഭീകരന്മാരായ ബ്ലേഡ് മാഫിയ സംസ്ഥാനത്തെ പിടി മുറുക്കിയെന്നു തിരിച്ചറിയാൻ നമ്മുടെ സർക്കാരിന് 5 വ്യക്തികളുടെ കൂട്ടജീവത്യാഗം വേണ്ടി വന്നു.
ബ്ലേഡ് മാഫിയക്കെതിരെ കര്‍ശ നിയമങ്ങള്‍ കേരളത്തിലുണ്ടെങ്കിലും അവ കാര്യക്ഷമമായി പാലിക്കപ്പെടാറില്ല എന്നതാണ് യാഥാര്‍ത്ഥ്യം. പോലീസുദ്യോഗസ്ഥര്‍ക്കിടയില്‍ ബ്ലേഡുകാര്‍ സജീവമാണെന്നതാണ് ഈയിടെ പുറത്തിറങ്ങിയ പല റിപ്പോര്‍ട്ടുകളും തെളിയിക്കുന്നത്. മാഫിയ പ്രതിനിധികള്‍ പലരും പോലീസിലുളളതാണ് കാരണം. തിരുവനന്തപുരം നഗരത്തില്‍ ബ്ലേഡ് പലിശയ്‌ക്ക് പണം കടം നല്‍കുന്ന പോലീസുകാര്‍ നൂറുകണക്കിനുണ്ട്. കോടിയേരി ബാലകൃഷ്‌ണന്‍ അഭ്യന്തര മന്ത്രിയായിരുന്ന കാലം മുതല്‍ ഇവരെ പിടികൂടാന്‍ ശ്രമം നടക്കുന്നുണ്ടെങ്കിലും ഇന്‍ക്രിമെന്റ് ബാര്‍ ചെയ്യുക പോലുളള നിസാര നിയമ നടപടികള്‍ക്കു പോലും ഇവരെ വിധേയമാക്കിയതായി കേട്ടിട്ടില്ല.ബ്ലേഡ് മാഫിയയുടെ ഏജന്റുമായി പ്രവര്‍ത്തിക്കുന്ന 200 പോലീസുദ്യോഗസ്ഥരുടെ പേരില്‍ നടപടി സ്വീകരിക്കാന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല തന്നെ ഡി.ജി.പി കെ.എസ് ബാലസുബ്രഹ്‌മണ്യത്തിന് നിര്‍ദേശം നല്‍കിയിരുന്നു. തലസ്ഥാനത്തെ പല പ്രധാന സ്റ്റേഷനുകളിലും ബ്ലേഡ് മാഫിയക്ക് ഏജന്റുമാരുണ്ടെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. അട്ടപ്പാടി കുലുക്കൂരിലെ ആദിവാസിയായ സരോജത്തിന്റെ ഭൂമി പലിശക്കാര്‍ തട്ടിയെടുത്ത വാര്‍ത്ത ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തത്തിനെതിരെ ഒരു ഡി വൈ എസ് പി തന്നെ രംഗത്ത് വന്നിരുന്നു. വാര്‍ത്ത അടിസ്ഥാനരഹിതമാണെന്നും പലിശക്കാരനായ തമിഴ്‌നാട് സ്വദേശി രംഗനാഥന്‍ നിരപരാധിയാണെന്നും ഇയാളെ ചാനല്‍ മനപൂര്‍വം വ്യക്തിഹത്യ നടത്തുകയാണെന്നും ഡിവൈഎസ്പി ആരോപിച്ചത് അന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
ആയിരത്തില്‍പ്പരം ബ്ലേഡു കേന്ദ്രങ്ങളില്‍ പൊലീസ് ഇതിനകം റെയ്ഡ് നടത്തുകയും രേഖകൾ പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. ബ്ലേഡ് മാഫിയയെ ഇല്ലായ്മ ചെയ്യുമെന്ന് ആഭ്യന്തരമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അത് എത്രത്തോളം നടപ്പിലാകുമെന്ന് കണ്ടു തന്നെ അറിയണം. രണ്ട് വർഷം മുന്‍പ് സമാനമായ കുറെ നടപടികളിലൂടെ കുറെ ബ്ലേഡ് സ്ഥാപനങ്ങൾ അടച്ചു പൂട്ടിയതായിരുന്നു. പക്ഷെ, ഒട്ടും താമസമില്ലാതെ അതിൽ പലതും വീണ്ടും തുറന്നു പ്രവര്ത്തിച്ചു തുടങ്ങി എന്നതാണ് സത്യം. അത് കൊണ്ട് തന്നെ, ഇപ്പോഴത്തെ നടപടികളും ജനങ്ങളുടെ കണ്ണിൽ പൊടിയിടാനും അവരുടെ കയ്യടി നേടാനും മാത്രമാകരുത്. മാത്രവുമല്ല, ചെറുകിടക്കാരെ ഓടിച്ചിട്ട് പിടിച്ചു നടപടികൾ എടുക്കുമ്പോൾ വൻകിടക്കാരെ ഒഴിവാക്കുകയാനെന്നും ആരോപണം ഉണ്ട്. അതായത്, കൊഴുവ, നത്തോലി,പൂളോൻ, വട്ടോൻ, പൊടിമീൻ, ഊപ്പമീൻ മുതലായവ അകത്തും വാള, സ്രാവ്, തിമിംഗലം, തിരണ്ടി, നീരാളി മുതലായവ പുറത്തും എന്നാണ് പൊതുജനം മനസ്സിലാക്കിയിരിക്കുന്നത്. പണമിടപാടിലെ തട്ടിപ്പുകാരെ സ്വതന്ത്രമായി മേയാന്‍ വിടരുത്. അവര്‍ക്ക് മാതൃകാപരമായ ശിക്ഷ ലഭിക്കുക തന്നെ വേണം. ഒരിക്കൽ പൂട്ടിയ ഇത്തരം സ്ഥാപനങ്ങള്‍ ഒരു കാരണവശാലും മേലില്‍ പ്രവര്‍ത്തിക്കുകയുമരുത്. ഒരു പക്ഷെ ഈ കടുത്ത നടപടികള്‍ ഇത്തരം ബിസിനസ്സ് നടത്തി എളുപ്പത്തിൽ ധനികരാകാം എന്ന് മോഹിച്ചു വരുന്ന കുറെ പേരെ നിരുല്സാഹപ്പെടുത്താൻ വഴി തെളിച്ചേക്കും. ഇതൊക്കെയാണെങ്കിലും, Demand Creates Supply എന്ന അടിസ്ഥാന പ്രമാണം പലിശക്ക് പണം കടം കൊടുപ്പിലും പ്രസക്തമാണ്. ഉയര്‍ന്ന പലിശക്ക് പണം കടമെടുക്കാൻ ആളുണ്ടെങ്കിൽ, എത്ര വലിയ നിയന്ത്രണങ്ങൾ ഉണ്ടെങ്കിലും കുറച്ചു കൊള്ള പലിശക്കാര്‍ എങ്കിലും സമൂഹത്തില സജീവമായി തുടരും. രഹസ്യാത്മകമായി ഇത്തരം ബിസിനസ്സ് നടത്തുമ്പോൾ കൈക്കൂലി ഇനത്തിലും മറ്റും ഉള്ള ചിലവും അവർക്ക് കൂടുതലായിരിക്കും. അത് കൂടി അവർ കടം വാങ്ങുന്നവരിൽ നിന്ന് പലിശയായി ഈടാക്കും. മാത്രമല്ല, കൊടുത്ത പണത്തിന്റെ തിരിച്ചു പിടുത്തം ഉറപ്പു വരുത്താന്‍ അവര്‍ പുതിയ പുതിയ മാർഗങ്ങൾ കണ്ടെത്തും. പണം ആവശ്യമുള്ളവര്‍ കൊള്ളപ്പലിശക്കാർ മുന്നോട്ടു വയ്ക്കുന്ന ഏത്ര കടുത്ത നിബന്ധനകളും അംഗീകരിക്കാന്‍ തയ്യാറാകും.
മറുപുറം
ഇപ്പോൾ കേൾക്കുന്ന കടക്കെണി-കൊള്ളപ്പലിശ-ആത്മഹത്യ കഥകളിലെ ബ്ലേഡ് കൊള്ളക്കാരൊന്നും തന്നെ ഈ ഇരകളെ സമീപിച്ചു ഭീഷണിപ്പെടുത്തിയോ നിർബന്ധിച്ചോ കടം കേട്ടിയേൽപ്പിച്ചതല്ല എന്ന് ഈ വാർത്തകളിലൂടെ ഒന്ന് കണ്ണോടിച്ചാൽ മനസ്സിലാക്കാം. മറ്റു ചില കാര്യങ്ങളും ഇതിൽ സുവ്യക്തമാണ്. ഈ ഇരകളൊന്നും തന്നെ തീരെ ദരിദ്രർ അല്ല; ഇടത്തരക്കാരോ അതിനേക്കാൾ ഉയര്ന്ന ജീവിത നിലവാരത്തിലുള്ളവരോ ആണ്; മിക്കവരും ഈ കടം വാങ്ങിച്ചത് ചികിത്സ പോലെയുള്ള നിവൃത്തിയില്ലാത്ത കാര്യങ്ങൾക്ക് വേണ്ടിയല്ല; പ ട്ടിണിയും പരിവട്ടവുമായി ജീവിക്കുമ്പോള്‍ ഗത്യന്തരമില്ലാതെ ബ്ലേഡുകള്‍ക്ക് കഴുത്തുവെച്ചു കൊടുത്തതുമല്ല. വരവറിയാതെ ചിലവാക്കിയതിന്റെയും സ്വന്തം പോക്കറ്റിനു ചേരാത്ത ആര്‍ഭാടപൂര്‍വമായ ജീവിതത്തിന്റെയും ബാക്കിപത്രമാണ് ഈ കടക്കെണി. വളരെ അത്യാവശ്യമുള്ളതും ഒട്ടും തന്നെ ഒഴിച്ച് കൂടാനാവാത്ത ആവശ്യങ്ങൾക്ക് മാത്രമേ കടമെടുക്കാവൂ; അതും ന്യായമായ നാട്ടുനടപ്പ് പലിശക്ക് മാത്രം. ഭാവിയില്‍ തനിക്ക് ഉണ്ടാക്കാൻ കഴിയുമെന്നു ഉറപ്പായ വരുമാനം മുന്നില്‍ കണ്ടു കൊണ്ട് മാത്രമേ കടം വാങ്ങാവൂ. സാമ്പത്തിക കാര്യങ്ങളിൽ നല്ല ആത്മ നിയന്ത്രണവും ദൃഡനിശ്ചയവും ഉണ്ടെങ്കിൽ മാത്രമേ ഒരു കടത്തെപ്പറ്റി ആലോചിക്കാവൂ. ഒരിക്കൽ വാങ്ങിയ കടം തിരിച്ചടക്കാൻ മറ്റൊരു കടം വാങ്ങേണ്ടി വരുന്ന സമയത്ത് ഒന്നോർക്കണം ; നിങ്ങളുടെ സാമ്പത്തികസ്ഥിതി വളരെ പരിതാപകരമാണ് എന്ന്. പിന്നെ ചെയ്യാവുന്ന പരിഹാരം ഉടനെ അടുത്ത കടം വാങ്ങുക എന്നതല്ല; പകരം കൂടുതൽ അധ്വാനിച്ചു കൂടുതൽ വരുമാനം ഉണ്ടാക്കാം; കയ്യിലുള്ള നിക്ഷേപങ്ങളോ വസ്തുവകകളോ വിറ്റ് കടം വീട്ടാം; ചിലവു ചുരുക്കൽ പരിപാടികൾ നോക്കാം. ദുരഭിമാനവും വ്യർഥാഭിമാനവും വളരെ അപകടകരമാകുന്ന സാഹചര്യമാണിത്. അതിനെ മനസ്സാന്നിദ്ധ്യത്തോടെ തരണം ചെയ്തില്ലായെങ്കിൽ ജീവിതത്തിനും സ്വയഹത്യക്കും ഇടക്കുള്ള ദൂരം വളരെ ചെറുതാണ്. ഒരു സാഹചര്യത്തിലും കടം വാങ്ങില്ലെന്ന ദൃഡനിശ്ചയം മാത്രമേ നമ്മെ രക്ഷിക്കൂ. ആത്മീയാചാര്യന്മാർക്കോ ആൾദൈവങ്ങൾക്കോ ധ്യാനകേന്ദ്രങ്ങൾ ക്കോ രാഷ്ട്രീയ സാംസ്‌കാരിക പ്രസ്ഥാനങ്ങള്‍ക്ക് യാതൊരു പഞ്ഞവുമില്ലാത്ത നമ്മുടെ നാട്ടിൽ ഈയൊരു വിഷയത്തിൽ ജനങ്ങൾക്ക് വേണ്ട ദിശാബോധം നല്കുവാൻ ഇവർക്ക് ആർക്കും കഴിയുന്നില്ല എന്നത് വളരെ നിരാശാജനകമാണ്.
അല്ലെങ്കില്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക
ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക് ചെയ്യുക
അല്ലെങ്കില്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക
No comments:
Post a Comment