Saturday, 19 July 2014

കോരൻ ഒരു വികസന നായകൻ ആയ കഥ................

(ഈ കഥയ്ക്ക്‌ സംഭവിച്ചതോ സംഭവിക്കുന്നതോ സംഭവിക്കാന്‍ പോകുന്നതോ ആയ ഒന്നുമായും ബന്ധമില്ല. നിത്യച്ചിലവിനു വകയില്ലാത്ത ഒരു സംസ്ഥാനം ലക്ഷം കോടി രൂപയുടെ പദ്ധതികളുമായി മുന്നോട്ടു പോകുന്നതുമായോ, ദരിദ്രവാസി കര്ഷകന്റെ ചാളപ്പുരയായ ഒരു രാജ്യം ശത സഹസ്ര കോടി പദ്ധതികൾ നടപ്പാക്കാൻ പോകുന്നതുമായോ ഒട്ടും ബന്ധമില്ല. അങ്ങനെ എന്തെങ്കിലും ബന്ധം തോന്നുന്നെങ്കില്‍ അത് തികച്ചും നിങ്ങളുടെ ഭാവനയുടെ ഭ്രമകല്പന മാത്രമാണ്. ഇതിലെ കഥാപാത്രങ്ങള്‍ക്ക് ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയ ആരോടെങ്കിലും സാമ്യം കാണുന്നുവെങ്കില്‍ അത് തികച്ചും യാദൃശ്ചികം മാത്രമാണ്)

കോരന്‍ വളരെ സാധാരണ നിലയിൽ കഴിഞ്ഞിരുന്ന ഒരു സര്‍ക്കാര്‍ ജോലിക്കാരന്‍ ആയിരുന്നു. കിട്ടുന്ന ശമ്പളം കൊണ്ട് തട്ടി മുട്ടി ജീവിച്ചു വരുന്ന സാധാരണയിൽ സാധാരണക്കാരന്‍. ഒരു ടൂ വീലര്‍ ഉള്ളത് പോലും പെട്രോള്‍ വില കൂടിയതിനു ശേഷം ചുരുക്കമായേ ഉപയോഗിക്കാറുള്ളൂ. അങ്ങിനെയിരിക്കെ കോരന് കുറെ പുതിയ സുഹൃത്തുക്കളെ കിട്ടി. അവര്‍ പറഞ്ഞു ഒരു കാര്‍ ഉണ്ടെങ്കില്‍ അത് കോരന് ഒരു അന്തസ്സായിരിക്കും. ഭാര്യക്ക് അമ്പലത്തില്‍ പോകാനും കുട്ടികള്‍ക്ക് സ്കൂളില്‍ പോകാനും ഒക്കെ ഉപകാരപ്പെടുകയും ചെയ്യും. സഹപ്രവര്‍ത്തകര്‍ക്കും നാട്ടുകാര്‍ക്കും കൂട്ടുകാര്‍ക്കും വല്ലപ്പോഴും ലിഫ്റ്റ്‌ കൊടുത്തു നല്ല ഇമേജും ഉണ്ടാക്കാം. കേള്‍ക്കുമ്പോള്‍ തന്നെ കുളിര് കോരുന്ന ഒരു അനുഭവം. നമ്മളെ ഭരിക്കുന്നവരും ഹൈടെക് വികസനങ്ങളെ പറ്റി ഇത് പോലെയാണെന്ന് കോരൻ ഓർത്തു.

വിശദമായ പദ്ധതി കോരനും കൂട്ടുകാരും കൂടെ ഉണ്ടാക്കി. ഉള്ള ടൂ വീലര്‍ പോരെ; അല്ലെങ്കില്‍ ഒരു മാരുതി 800 പോരെ എന്നൊക്കെ കോരന്‍ പറഞ്ഞു നോക്കി.  മാക്സിമം ഇമേജ് ഉണ്ടാക്കാന്‍ നല്ലത് ഒരു ബെന്‍സ്‌ തന്നെയായിരിക്കും എന്ന് കൂട്ടുകാര്‍ കോരനെ ബോധ്യപ്പെടുത്തി. നല്ലവരായ ഭൂരിപക്ഷം നാട്ട്കാരുടെയും അഭിപ്രായം ഏറെക്കുറെ അത് തന്നെയായിരുന്നു. കാരണം അവര്‍ക്കൊന്നും നഷ്ട്ടപ്പെടാനില്ലായിരുന്നു. വിദേശത്തു താമസമാക്കിയ സുഹൃത്തുക്കളും പറഞ്ഞു ഇവിടെ പിച്ചക്കാര്‍ക്ക്‌ പോലും ബെന്‍സ്‌ ഉണ്ട്. ഈ നാറിയ ട്രാന്‍സ്പോര്‍ട്ട് ബസില്‍ കയറേണ്ടല്ലോ. എങ്ങനെയെങ്കിലും ബെന്‍സ്‌ വാങ്ങൂ. ലോണ്‍ അടക്കാനും പെട്രോള്‍ അടിക്കാനുമുള്ള പണമൊക്കെ ബെന്‍സ്‌ വന്നു കഴിഞ്ഞാല്‍ തന്നെ വന്നു കൊള്ളും. അല്ലാതെ എല്ലാ പ്രശ്നങ്ങളും തീര്‍ന്നിട്ട് ബെന്‍സ്‌ വാങ്ങാന്‍ പറ്റുമോ!!!?? ഇതെല്ലാം സത്യമല്ലേ എന്ന് വീണ്ടും വീണ്ടും ചിന്തിച്ചപ്പോൾ കോരനും തോന്നി. നവ വികസന പദ്ധതികളെ എതിർത്തത് പോലും ഒരു വൻ അപരാധമായി കോരന് തോന്നി.

അങ്ങനെ ബെന്‍സ്‌ വാങ്ങാന്‍ കോരന്‍ മനസ്സില്‍ തീരുമാനം എടുത്തു കഴിഞ്ഞു. ലോണ്‍ അടക്കാനും  ബെന്‍സ്‌ വാങ്ങാനുള്ള ലോണും ബെന്‍സ്‌ അനുകൂലി കൂട്ടുകാര്‍ തന്നെ ഏര്‍പ്പാടാക്കി കൊടുത്തു. അവരുടെ പരിചയത്തിലുള്ള ഡീലര്‍ ഷിപ്പില്‍ നിന്ന് ബെന്‍സ്‌ വാങ്ങാന്‍ തീരുമാനമായി. തുടര്‍ന്നുള്ള സെര്‍വിസ്, പെട്രോള്‍, സ്പെയര്‍ പാര്‍ട്സ് എല്ലാം അവരുടെ കൂട്ടുകാരുടെ കടകളില്‍ നിന്നും ഏര്‍പ്പാടാക്കിക്കൊടുക്കാം എന്ന് അവര്‍ ഏറ്റു. ഭാര്യയുടെ കെട്ടുതാലിയും മറ്റു ആഭരണങ്ങളും  മക്കളുടെ തൊടലും മാലയും കമ്മലും എല്ലാം വിറ്റ് കിട്ടുന്നത് കൊണ്ട് ബെന്‍സ്‌ വാങ്ങാനുള്ള അഡ്വാന്‍സ്‌ കൊടുത്തു.

കോരന്റെ ഭാര്യയും മക്കളും ചില സുഹൃത്തുക്കളും
മാത്രം ഇതിനെ എതിര്‍ത്തു. കാരണം ഭാര്യക്കും മക്കള്‍ക്കും ആകെ ഉള്ള സ്വര്‍ണ്ണം നഷ്ട്ടപ്പെടുന്നതിന്റെ വേദന ആയിരുന്നു. നല്ലവരായ സുഹൃത്തുക്കള്‍ കോരനോട്‌ ചോദിച്ചു ഇതിനു വേണ്ടി വാങ്ങുന്ന കടം എങ്ങിനെ വീട്ടും. നിന്റെ വരുമാനം കൊണ്ട് അത് പറ്റുമോ. ഈയവസരത്തിൽ പുതിയ വികസന പദ്ധതികൾക്ക് വഴി മുടക്കികളായി നില്ക്കുന്ന പിന്തിരിപ്പൻ മൂരാചികൾക്കും തന്റെ കാർ വാങ്ങൽ പദ്ധതികളെ എതിർക്കുന്നവർക്കും ഒരേ മുഖമാണെന്ന് കോരൻ തിരിച്ചറിഞ്ഞു.

കോരന്‍ ബെന്‍സ്‌ അനുകൂലി കൂട്ടുകാരുമായി ആലോചിച്ചു. അവര്‍ പറഞ്ഞു, ബെന്‍സ്‌ വാങ്ങിയാല്‍ നിന്റെ നിലയും വിലയും മാറിപ്പോകും. നിന്റെ മകളെ നിനക്ക് വലിയ പണക്കാരനെ കൊണ്ട് കെട്ടിക്കാം. ആണ്‍ മക്കള്‍ക്കും നല്ല പണക്കാരുടെ വീട്ടില്‍ നിന്ന് കല്യാണം കഴിക്കാം. പിന്നെ ഇപ്പോള്‍ ഉള്ള കൂതറ ജോലി കളഞ്ഞു നമുക്ക് നല്ല ബിസ്സിനെസ്സ് തുടങ്ങുകയും ചെയ്യാം. പിന്നെ ലോണ്‍ തിരിച്ചടവിനു വല്ല പ്രയാസവും വരുമോ

ഭാര്യയും മക്കളും കുറച്ചു നല്ല സുഹൃത്തുക്കളും വീണ്ടും എതിര്‍ത്തപ്പോള്‍ കോരന്‍ ചോദിച്ചു ഞാന്‍ നല്ല പത്രാസ്സില്‍ നടക്കുന്നതിനു നിങ്ങള്ക്ക് വല്ല വിരോധവും ഉണ്ടോ. നിങ്ങളൊക്കെ എന്റെ വഴിമുടക്കികള്‍ ആവരുത്. ഞാന്‍ ബെന്‍സില്‍ നടക്കുമ്പോള്‍ അതിന്റെ അന്തസ് നിങ്ങള്ക്ക് കൂടി അല്ലെ. ഇത്രക്കൊന്നും മനസ്സിലാക്കാന്‍ കഴിവില്ലാത്ത അട്ടപ്പാടി ഭാര്യയേയും മക്കളെയും വഴിമുടക്കി കൂട്ടുകാരെയും കോരനും ബെന്‍സ്‌ അനുകൂല കൂട്ടുകാരും കണക്കിന് പരിഹസിച്ചു. ഒടുവില്‍ ഭീഷണിയുടെയും നയത്തിന്റെയും ഭാഷയില്‍ കൈകാര്യം ചെയ്തു വഴിമുടക്കികളെ ഒതുക്കി.  വീടും കിടപ്പാടവും പണയം വച്ചു. പറമ്പിൽ ഉണ്ടായിരുന്ന പ്ലാവ്, മാവ് മുതലായ എല്ലാ മരങ്ങളും വെട്ടി വിറ്റു. ഒടുവിൽ കോരൻ ഒരു ബെൻസ്‌ ഉടമയായി.

മുഴുക്കടത്തിലാണെങ്കിലും ബെന്‍സ്‌ കിട്ടിയ ആവേശം കൊണ്ട് കോരനും അതിലുപരി കാര്‍ ഡീലര്‍, സര്‍വിസ് സെന്‍റര്‍, പെട്രോള്‍ പമ്പ്‌, സ്പയെര്‍ പാര്‍ട്സ് ഡീലര്‍, ലോണ്‍ ഏജന്‍സി എന്നിവരുടെ കയ്യില്‍ നിന്ന് കിട്ടിയ കമ്മീഷന്‍, കുപ്പി, ട്രീറ്റ് മുതലായവ കൊണ്ട് ബെന്‍സ് അനുകൂല കൂട്ടുകാരും ആനന്ദഭരിതരായി. വല്ലപ്പോഴും ഓസ്സിനു കിട്ടുന്ന ലിഫ്റ്റ്‌ ഓര്‍ത്തു നാട്ടുകാരും സന്തോഷത്തില്‍ ആറാടി.

ഉള്ള സ്വര്‍ണ്ണവും നഷ്ട്ടപ്പെട്ടു; കിട്ടുന്ന വരുമാനം ലോണ്‍ അടക്കാനും പെട്രോള്‍ അടിക്കാനും തികയുന്നില്ല. ഭാര്യയെയും മക്കളെയും പലപ്പോഴും പട്ടിണി സന്ദര്‍ശിച്ചു തുടങ്ങി. പുതിയ മേച്ചില്‍ പുറങ്ങള്‍ തേടി ബെന്‍സ്‌ അനുകൂല കൂട്ടുകാര്‍ മറ്റൊരു കോരനെ അന്വേഷിച്ചു പോയിക്കഴിഞ്ഞു. കോരനും പതുക്കെ പട്ടിണിയുടെ രുചിയറിഞ്ഞു തുടങ്ങി. കുഞ്ഞുങ്ങൾക്കും ഭാര്യക്കും മരുന്നും തുണിയും വാങ്ങാൻ പോലും പത്തു ചക്രം കയ്യിൽ ഇല്ലാതായി. പണ്ട് നേര്‍വഴി ഉപദേശിച്ച നല്ല കൂട്ടുകാര്‍ കോരന്റെ അവസ്ഥയില്‍ പരിതപിച്ചു. അന്ന് ബെന്‍സ്‌ വാങ്ങാന്‍ സപ്പോര്‍ട്ട് ചെയ്ത കൂട്ടുകാരും നാട്ടുകാരും കോരന്റെ ആലോചനയില്ലായ്മയെ നിശിതമായി   കുറ്റപ്പെടുത്തി. മാത്രവുമല്ല അവര്‍ മറ്റൊരു പുതിയ കോരന്റെ നയപരിപാടികള്‍ക്ക് പിന്തുണ വാഗ്ദാനം ചെയ്യുന്ന തിരക്കിലായിരുന്നു.....!!!!!!!!!!!

കോരന്റെയും മക്കളുടെയും വയറിന്റെ മൂളല്‍ അപ്പോള്‍ കൂടുതല്‍ ഉച്ചസ്ഥായിയില്‍ എത്തിയിരുന്നു....!!!!!


ആകെ ഒരാശ്വാസം പെട്രോള്‍ അടിച്ചില്ലെങ്കിലും പുരപ്പുറത്തു തൂക്കി ഇട്ടിരുന്ന; ക്ഷമിക്കണം മുറ്റത്തു മൂടി ഇട്ടിരിക്കുന്ന ബെന്‍സ്‌ ആണ്....

ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക

അല്ലെങ്കില്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക

4 comments:

  1. എന്നെ ഒരു കോരന്‍ ആക്കല്ലേ ഈശ്വരാ...!!

    ReplyDelete
  2. likes.................. അച്ചായോ ജോര്‍!!!!!!!!!!!

    ReplyDelete
    Replies
    1. ഇത് നമ്മുടെ HSRC പ്രതിരോധ കാലത്തെഴുതിയതാ...

      Delete