Friday, 31 July 2015

മുറ്റത്ത് തുപ്പിയ പെണ്ണിനെ മൊഴി ചൊല്ലി ഉമ്മറത്ത് മുള്ളുന്ന പെണ്ണിനെ കെട്ടിയ പോക്കർ




രാജ്യത്ത് നടപ്പാക്കുന്ന നവലിബറല്‍ സാമ്പത്തിക നയത്തിന്‍െറ ഇരട്ട മുഖങ്ങളാണ് ബി.ജെ.പിയും കോണ്‍ഗ്രസുമെന്ന് ഇടതുപക്ഷ പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പിന് മുന്‍പ് മുതല്‍ പറയുന്ന കാര്യമാണ്. കോണ്‍ഗ്രസും ബി.ജെ.പിയും ഒരേ സാമ്പത്തിക നയമാണ്‌ പിന്തുടരുന്നതെന്നും അവ ധനികര്‍ക്കുവേണ്ടിയുള്ളതാണെന്നും രണ്ടു പാര്‍ട്ടികളും ഇന്ത്യന്‍ കോര്‍പ്പറേറ്റുകളുടെ കളിപ്പാവകളാണെന്നും പ്രകാശ് കാരാട്ട് അഭിപ്രായപ്പെട്ടിരുന്നു. രാജ്യത്ത് നയങ്ങള്‍ തീരുമാനിക്കുന്നത് ഇപ്പോള്‍ കോര്‍പറേറ്റുകളാണെന്നും കോര്‍പറേറ്റുകളായ രാഷ്ട്രീയക്കാരുടെ എണ്ണം വര്‍ധിക്കുന്നു എന്നും "കോര്‍പറേറ്റുകള്‍ കോര്‍പറേറ്റുകളാല്‍ കോര്‍പറേറ്റുകള്‍ക്ക്" എന്ന രീതിയിലാണ് ഇപ്പോഴത്തെ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ പോക്കെന്ന് ആം ആദ്മി പാര്‍ട്ടിയും ജനത്തെ ഉത്ബോധിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. കോര്‍പറേറ്റുകള്‍ക്കുവേണ്ടിയുള്ള നയം നടപ്പാക്കുന്നതില്‍ കോണ്‍ഗ്രസും ബി ജെ പി യും ഒരേ തൂവല്‍പ്പക്ഷികലാണെന്നു കേജ്രിവാല്‍ പറഞ്ഞതിനും അധികമാരും ചെവി കൊടുത്തില്ല.


എന്തായാലും, പ്രസിഡന്‍റ് നടത്തിയ എന്‍ ഡി ഏ ഗവണ്‍മെന്റിന്റെ പ്രഥമ നയ പ്രഖ്യാപന പ്രസംഗം തന്നെ പുതിയ സര്‍ക്കാര്‍ പഴയ യു പി ഏ സര്‍ക്കാരിന്റെ നയങ്ങള്‍ തന്നെയായിരിക്കും പിന്തുടരുക എന്ന് വിളിച്ചോതുന്നതായിരുന്നു. തങ്ങള്‍ ഉണ്ടാക്കിയ മാവ് കൊണ്ട് എന്‍ ഡി ഏ അപ്പം ചുടുകയാണെന്നും ഇതില്‍ ഒരു പുതുമയും ഇല്ലെന്നും യു.പി.ഏ. പരിഹസിച്ചു. 

പേരിനെങ്കിലും, ദുര്‍ബലമായ ഭാഷയിൽ പോലും ബി.ജെ.പി ഈ പരിഹാസത്തെ നിഷേധിച്ചില്ല.  ഒരു ഭരണകാലഘട്ടത്തിൽ  ചെയ്തു കൂട്ടാവുന്ന ഒരു വിധപ്പെട്ട ജനദ്രോഹങ്ങളൊക്കെ  ഇക്കണ്ട കാലത്തിനിടയ്ക്ക് യു പി ഏ  ചെയ്തു കഴിഞ്ഞതുകൊണ്ട് പുതിയവ കണ്ടുപിടിച്ച് ചെയ്യാന്‍ ഞങ്ങൾക്ക് കുറച്ചു സമയം വേണം എന്നത് കൊണ്ട് തല്‍ക്കാലം പഴയ പടി തുടരും എന്നാണോ സന്ദേശം എന്നറിയില്ല. തല്‍ക്കാലത്തേക്ക്, "കോണ്‍ഗ്രസ് ദ്രോഹിക്കുക, അതിനെ ബി.ജെ.പി. അതിരൂക്ഷം വിമര്‍ശിക്കുക" എന്ന നിലവിലിരുന്ന നാട്ടുനടപ്പ് പ്ലേറ്റ്‌ തിരിച്ചു പിടിച്ച് "ബി.ജെ.പി. ചെയ്യുമ്പോള്‍ കോണ്‍ഗ്രസ് വിമര്‍ശിക്കുക" എന്ന ഒരു രീതിയില്‍ പോകട്ടെ; ഒന്ന് കൂടി കൂലംകഷമായി ആലോചിച്ച ശേഷം തുടര്‍ നടപടികള്‍  എടുക്കാം എന്നായിരിക്കും മനസ്സിലിരുപ്പ്. എന്തായാലും, അഞ്ഞൂറും അറുന്നൂറും കോടി രൂപ തിരഞ്ഞെടുപ്പ് പ്രചരണം നടത്താന്‍ കൊടുത്തവര്‍ കഴുത്തിന്‌ പിടിക്കും മുന്‍പ് അവര്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യണം എന്ന കാര്യത്തിൽ തർക്കം വേണ്ടല്ലോ....

അതിന്റെ ഭാഗമായി, പ്രഥമ റെയില്‍വേ ബജറ്റിന് മുന്‍പ് തന്നെ റെയില്‍ യാത്രാ-ചരക്ക് നിരക്കുകള്‍ കുത്തനെ കൂട്ടി.  എന്നാല്‍, മുന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച വര്‍ധനയാണ് ഇപ്പോള്‍ തങ്ങള്‍ നടപ്പാക്കുന്നതെന്നായിരുന്നു റെയില്‍വേ മന്ത്രി സദാനന്ദഗൗഡയുടെ വിശദീകരണം. ഡീസല്‍ വില നിയന്ത്രണം എടുത്തുകളയൽ, ജീവൻ രക്ഷാ മരുന്നുകളുടെ വില നിയന്ത്രണം എടുത്തുകളയൽ, പാചക വാതക വില എല്ലാ മാസവും നിശ്ചിത തുക കൂട്ടുന്ന രീതി നടപ്പാക്കൽ, ഭൂമി ഏറ്റെടുക്കല്‍ നിയമം ലഘൂകരിക്കൽ, യൂറിയ അടക്കമുള്ള വളങ്ങളുടെ വിലവര്‍ധന, വെള്ളം ചേർത്ത വനാവകാശം, പരിസ്ഥിതി സംരക്ഷണ നിയമങ്ങളുടെ ലഘൂകരണം, പല്ലും നഖവും നഷ്ടപ്പെട്ട ഹരിത ട്രിബ്യൂണൽ അങ്ങനെയങ്ങനെ  മനോഹരമായ എത്രയോ ആചാരങ്ങള്‍...... ജനം അനുഭവിക്കാൻ ഇരിക്കുന്നതെ ഒള്ളൂ എന്നാണ് ഈ പരിതസ്ഥിതിയിൽ മനസ്സിലാക്കേണ്ടത്...

ഇന്ത്യയിൽ നികുതിയടയ്ക്കാതെ സ്വിസ്സ് ബാങ്കിൽ പൂഴ്ത്തി വച്ചിരിക്കുന്ന ലക്ഷക്കണക്കിന്‌ കോടി രൂപയുടെ കള്ളപ്പണം നൂറു നാള്‍ കൊണ്ട് ഖജനാവില്‍ ചേര്‍ക്കും എന്നു പറഞ്ഞു കൊണ്ടാണ് മോഡി സർക്കാർ തിരഞ്ഞെടുപ്പിനെ നേരിട്ടത് തന്നെ. പക്ഷെ മുൻ യു പി എ സർക്കാർ ചെയ്തതു പോലെ തന്നെ കള്ളപ്പണക്കാരുടെ വിവരങ്ങൾ അപ്പാടെ വെളിപ്പെടുത്തിയാൽ ശരിയാവില്ല എന്ന നിലപാടുമായി വിദേശനിക്ഷേപകരായ ഇന്ത്യന്‍ കള്ളപ്പണക്കാരുടെ ലിസ്റ്റ് പൂഴ്ത്തിവയ്ക്കുന്ന കാഴ്ച നാം കണ്ട് കഴിഞ്ഞതാണ്. 

ഇത്തരം നയപരിപാടികളിലെന്ന പോലെ വ്യാപകമായ അധികാര ദുർവിനിയോഗത്തിലും സ്വജനപക്ഷപാതത്തിലും ഭീമമായ അഴിമതികളിലും എല്ലാം തന്നെ കോണ്‍ഗ്രസ്സുമായി ആശ്ചര്യജനകമായ അദ്വൈതഭാവം പുലർത്തുന്നു ബിജെപി.

2000 കോടിയോളം രൂപയുടെ അഴിമതി ആരോപിക്കപ്പെടുന്ന വ്യാപം കേസിലും അതിന്റെ ഭാഗമായുള്ള കൊലപാതകപരമ്പരയിലും ആരോപിതനായി നില്‍ക്കുന്നത് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ്സിങ് ചൗഹാന്‍ ആണ്. അനുമാനഷ്ടത്തിന്റെ (presumptive loss) അടിസ്ഥാനത്തിൽ അളന്നെടുത്ത സ്പെക്ട്രം, കൽക്കരി അഴിമതികളിൽ നിന്ന് തികച്ചും വ്യത്യസ്തമായ പ്രത്യക്ഷ അഴിമതിയാണ് വ്യാപം കേസിൽ ഉള്ളത്. സാധാരണ പത്രപ്രവര്‍ത്തകന്‍ മുതല്‍ ഡീന്‍ ഉൾപ്പെടെ ഈ കേസുമായി ബന്ധപ്പെട്ട അൻപതോളം പേർ ദുരൂഹസാഹചര്യത്തിൽ മരണപ്പെട്ടു കഴിഞ്ഞു. 

പാവങ്ങള്‍ക്ക് അരി നല്‍കുന്ന "ചാവല്‍ ബാബ' എന്ന പ്രതിച്ഛായയുമായി മുന്നേറിയിരുന്ന  ഛത്തീസ്ഗഡ് മുഖ്യമന്ത്രി രമണ്‍സിങ് റേഷനരി വിതരണത്തിൽ തട്ടിപ്പ് നടത്തിയാണ് പ്രതിക്കൂട്ടില്‍ നില്‍ക്കുന്നത്. ഛത്തീസ്ഗഡിലെ സിവില്‍ സപ്ലൈസ് കോര്‍പ്പറേഷനായ നാഗരിക് ആപൂര്‍ത്തി നിഗം (നാന്‍) വഴി ഒരു രൂപയ്ക്ക് അരി നല്‍കുന്ന പദ്ധതിയിലൂടെ, മില്ലുടമകളും റേഷന്‍ വ്യാപാരികളുമടങ്ങുന്ന വലിയ ശൃംഖല വഴി വെട്ടിപ്പ് നടത്തിയെന്നാണ് ആരോപണം. 

രാഷ്ട്രീയത്തില്‍ വന്നിട്ട് കേവലം ആറു മാസം മാത്രം പിന്നിട്ട മഹാരാഷ്ട്ര മന്ത്രി പങ്കജ് മുണ്ടെ 200 കോടിയുടെ വെട്ടിപ്പ് കേസിലാണ് ആരോപിതയായിരിക്കുന്നത്.മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ഗോപിനാഥ് മുണ്ടെയുടെ മകളാണ് പങ്കജ് മുണ്ടെ. 

ഐപിഎൽ നടത്തിപ്പുമായി ബന്ധപ്പെട്ട് എഴുന്നൂറോളം കോടി രൂപയുടെ സാമ്പത്തിക ക്രമക്കേട് ആരോപിതനായ മുന്‍ ഐപിഎൽ ചെയര്‍മാന്‍ ലളിത് മോഡിക്ക് വിസ നല്‍കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് 2014 ജൂലായില്‍ ബ്രിട്ടീഷ് എംപിക്ക് കത്തയച്ചുവെന്ന ആരോപണം നേരിട്ട് വരികയാണ് കേന്ദ്ര വിദേശമന്ത്രി സുഷമ സ്വരാജ്. സത്യവാങ്മൂലം നല്‍കി എന്ന് മാത്രമല്ല, അത് രഹസ്യമായി വയ്ക്കണമെന്നുകൂടി പറഞ്ഞു എന്ന് കൂടി വാർത്തകൾ ഉണ്ട്. ഇതേ സാമ്പത്തിക കുറ്റവാളിക്കു വേണ്ടി കത്തും സത്യവാങ്മൂലവും നൽകിയതിന്റേയും പേരിൽ രാജസ്ഥാൻ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യയും ആരോപണവിധേയ ആയിരിക്കുന്നു. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വഴി ലളിത് മോഡിയുടെ പേര് പത്മ പുരസ്‌കാരത്തിന് ശുപാര്‍ശ ചെയ്‌തെന്നും ആരോപണമുണ്ട്. 

യുപിഎ സര്‍ക്കാരിന്റെ അഴിമതിക്കെതിരെ നിരന്തരം സംസാരിച്ചു കൊണ്ടിരുന്ന നരേന്ദ്രമോഡി പ്രധാനമന്ത്രിയായ ശേഷം ഉയര്‍ന്നു വന്ന സ്വന്തം പാര്‍ട്ടിക്കാർ ആരോപിതരായ അഴിമതിയെ പറ്റി തന്ത്രപരമായ മൌനമാണ് പുലർത്തുന്നത്. തിരഞ്ഞെടുപ്പില്‍ ജനം പാടേ തള്ളിക്കളഞ്ഞ യു പി ഏ നയങ്ങള്‍ നടപ്പാക്കാനും അവർ നടത്തിയ അതേ ജനദ്രോഹ നടപടികൾ തുടരാനും  ആണെങ്കില്‍ എന്തിനാണ് ഇങ്ങനെ ഒരു പുതിയ സര്‍ക്കാര്‍ എന്ന ജനങ്ങളുടെ ചോദ്യത്തിന് ആര് ഉത്തരം പറയും? ഇതെല്ലാം കണ്ട് സഹി കെട്ട ജനങ്ങൾ തന്നെയാണ് കോണ്‍ഗ്രസിനെ ചരിത്രത്തിന്റെ ചവറ്റുകുട്ടയിലേക്ക് തൂത്തെറിഞ്ഞത്  എന്ന് എന്‍.ഡി.ഏ. യോട് ആര് പറയും? 

കോര്‍പറേറ്റുകള്‍ക്ക് ഒട്ടനവധി ഇളവുകള്‍ നല്‍കിയിട്ട് സാധാരണക്കാരെയും പാവപ്പെട്ടവരെയും ഞെക്കിപ്പിഴിഞ്ഞവരെയും അധികാര ദുർവിനിയോഗവും സ്വജനപക്ഷപാതിത്വവും കാണിച്ചവരെയും കൈവാക്കിനു കിട്ടിയപ്പോള്‍ ഇരകള്‍ നല്ല രീതിയില്‍ കൈകാര്യം ചെയ്തതായിരുന്നു കഴിഞ്ഞ തിരഞ്ഞെടുപ്പ് ഫലമെന്ന് മോഡിജിയെ ആര് ഓര്‍മ്മിപ്പിക്കും ? 

വിദേശ പര്യടനങ്ങൾക്കിടക്കും സംസ്ഥാന സന്ദർശനങ്ങൾക്കിടക്കും പ്രാദേശികഭാഷയില്‍ ട്വീറ്റ് ചെയ്തും  പ്രസംഗിച്ചും കയ്യടി വാങ്ങുന്ന പ്രധാനമന്ത്രിക്ക് ആരോപണങ്ങളെ കുറിച്ച് പ്രതികരിക്കാന്‍ ഗുജറാത്തി ഭാഷ പോലും കൈവശമില്ലെന്ന് വരുമ്പോൾ, തിരഞ്ഞെടുപ്പിലെ അദ്ദേഹത്തിൻറെ വാഗ്ദാനമായിരുന്ന "അഴിമതിദിനങ്ങള്‍'ക്കെതിരെ "നല്ല ദിനങ്ങള്‍' നമുക്ക് പ്രതീക്ഷിക്കാനാകുമോ ? അവസാനം, തൊപ്പി വച്ച താടിക്കാരനും തൊപ്പിയില്ലാത്ത താടിക്കാരനും തമ്മില്‍ ഫലത്തില്‍ ഒരു മാറ്റവും ഇല്ലായിരുന്നെന്ന് പറയേണ്ടി വരുമോ ? ഒന്നായ നിന്നെയിഹ രണ്ടെന്നു കണ്ടളവിലുണ്ടായൊരിണ്ടൽ ബത മിണ്ടാവതല്ല മമ എന്ന് പാടേണ്ടി വരുമോ ?കാത്തിരുന്നു കാണാം; അല്ലെ...

ചുമ്മാ ഇരിക്കട്ടെ രണ്ട് കഥകൾ : 

കഥ 1 : ഒരിടത്ത് ഒരു കടത്തുകാരന്‍ ഉണ്ടായിരുന്നു. സ്ത്രീ വിഷയത്തില്‍ അല്‍പ്പം ദൌര്‍ബല്യം ഉണ്ടായിരുന്ന അയാള്‍ കരയില്‍ നിന്നും മൂന്നടി മാറിയേ വള്ളം നിര്‍ത്തുമായിരുന്നുള്ളൂ. അപ്പോള്‍ സ്ത്രീകള്‍ സാരി നനയാതിരിക്കാന്‍ മുട്ടൊപ്പം സാരി പൊക്കിപ്പിടിച്ചു നടക്കും. നമ്മുടെ കടത്തുകാരന്‍ മുട്ടൊപ്പം നഗ്നമായ അവരുടെ കാല്‍ കണ്ടു നിര്‍വൃതി അടയും. വെറുത്തു പോയ സ്ത്രീകള്‍ പരസ്പരം പറഞ്ഞു. ഇയാള്‍ ഒന്ന് ചത്ത്‌ തുലഞ്ഞിരുന്നെങ്കില്‍ നന്നായിരുന്നു. അവരുടെ പ്രാര്‍ത്ഥന ദൈവം കേട്ടു. നമ്മുടെ വൃത്തികെട്ട കടത്തുകാരന്‍ മരിച്ചു; അദ്ദേഹത്തിന്റെ മകന്‍ കടത്തു തുടങ്ങി. സന്തോഷത്തോടെ വഞ്ചിയില്‍ കയറിയ സ്ത്രീകള്‍ കരക്കെത്തിയപ്പോള്‍ ഞെട്ടി. വഞ്ചി കരയില്‍ നിന്ന് ആറടി മാറ്റിയാണ് വഞ്ചി നിര്‍ത്തിയത്. ഇപ്പോള്‍ അരക്കൊപ്പം സാരി പൊക്കിപ്പിടിച്ചാലെ നനയാതെ പോകാനൊക്കൂ. അവര്‍ പരസ്പരം പറഞ്ഞു; ഇവന്റെ അച്ഛന്‍ എന്ത് തങ്കപ്പെട്ട മനുഷ്യനായിരുന്നു. ഇവന്‍ വെറും വൃത്തി കെട്ടവന്‍ എന്ന്. 

കഥ 2 : പോക്കർ ഒരു പെണ്ണ് കെട്ടി. കല്യാണം കഴിഞ്ഞു പത്തു വർഷവും കഴിഞ്ഞു. ഒരു ദിവസം പോക്കർ പുറത്തു പോയി തിരിച്ചു വരുമ്പോൾ പെമ്പ്രന്നോര് മുറ്റത്ത്‌ തുപ്പുന്നു. കലി കയറിയ പോക്കർ അവളുടെ മുതുകിനിട്ട് ഒരു ചവിട്ട് കൊടുത്തിട്ട് അപ്പൊത്തന്നെ മൊഴി ചൊല്ലി വീട്ടിൽകൊണ്ടാക്കി. ശേഷം നല്ല വൃത്തിയും മെനയുമുള്ള മറ്റൊരു മൊഞ്ചത്തിയെ കെട്ടിക്കൊണ്ടുവന്നു. പോക്കർ പത്തു ദിവസം കഴിഞ്ഞ് പുറത്തു പോയി തിരിച്ചു വരുമ്പോൾ പുതിയ പെമ്പ്രന്നോര് ഉമ്മറത്തിരുന്നു മുള്ളുന്നു. പകച്ചു പോയി പാവം പോക്കർ...

ഇപ്പോള്‍ ചില വാര്‍ത്തകളും പ്രസ്താവനകളും പേപ്പറില്‍ വായിക്കുമ്പോഴും ടി വിയില്‍ കാണുമ്പോഴുമൊക്കെ ഈ കഥകൾ ഓര്‍മ്മ വരുന്നു. എന്താണോ എന്തോ ???

ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക

അല്ലെങ്കില്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക


No comments:

Post a Comment