Monday, 14 September 2015

മുല്ലപ്പൂവും മലരും ഒന്നുമല്ല; ഇതാണ് വിശക്കുന്നവന്റെ രോദനം...

മാതൃഭൂമിയാണെന്ന് തോന്നുന്നു, മൂന്നാർ സമരത്തെ മുല്ലപ്പൂ വിപ്ലവത്തോട് ഉപമിച്ചത്. ഇത് മുല്ലപ്പൂവും മലരും ഒന്നുമല്ല. ഇതായിരുന്നു വിശക്കുന്നവന്റെ രോദനം...എനിക്ക് ഓർമ്മ വച്ചതിനു ശേഷം കേരളം കണ്ട ഏറ്റവും ആത്മാർഥവും ഉജ്ജ്വലവുമായ സമരം ഏതാണെന്ന് ചോദിച്ചാൽ ഒറ്റ ഉത്തരമേ ഉള്ളൂ....അത് മൂന്നാർ സമരം ആണ്. രാഷ്ട്രീയ പാര്‍ട്ടികളെയും തൊഴിലാളി യൂണിയനുകളെയും തങ്ങള്‍ക്ക് വിശ്വാസമില്ലെന്നും തങ്ങളുടെ ആവശ്യങ്ങളിൽ ഒരു വിധ വിട്ടുവീഴ്ച്ചക്കില്ലെന്നും ഉറക്കെ പ്രഖ്യാപിച്ചു കൊണ്ട് രാഷ്ട്രീയ പാര്‍ട്ടികളുടെയോ ട്രേഡ് യൂനിയനുകളുടെയോ പിന്തുണയില്ലാതെ അയ്യായിരത്തില്‍പരം സ്ത്രീ തൊഴിലാളികള്‍ കണ്ണന്‍ദേവന്‍ ഓഫിസിന് മുന്നില്‍ ദേശീയപാതകള്‍ ഉപരോധിച്ച് നടത്തിയ സമരം വിജയം കണ്ടപ്പോൾ കേരളത്തിലെ എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും ഏറ്റ കനത്ത പ്രഹരമായി അത് മാറി. സമരമുഖത്തത്തെിയ മന്ത്രി പി കെ ജയലക്ഷ്മി, എസ്. രാജേന്ദ്രന്‍ എം.എല്‍.എ, കോണ്‍ഗ്രസ് നേതാക്കളായ ലതിക സുഭാഷ്, ബിന്ദു കൃഷ്ണ തുടങ്ങി ഒരു രാഷ്ട്രീയ നേതാക്കളെയും അവർ സമരമുഖത്ത്‌ മുഖം കാണിക്കാൻ അനുവദിച്ചില്ല. ആകെ സഖാവ് വി എസിനോടും ഇ.എസ്. ബിജിമോള്‍ എം.എല്‍.എയോടും മാത്രമാണ് സമരക്കാർ അല്പ്പമെങ്കിലും സൗഹൃദ ഭാവം കാണിച്ചത്. അത് സമീപകാലത്ത് നടന്ന പല ജനകീയ പോരാട്ടങ്ങളിലും അവർ കാണിച്ച ചില അനുകൂല ഭാവങ്ങളോടുള്ള നന്ദി പ്രകടനമായി മാത്രം കണ്ടാൽ മതി.

ഈ സമരത്തിന്റെ വിജയത്തിൽ ഒരു നേതാക്കൾക്കും പങ്ക് അവകാശപ്പെടാൻ ഇല്ല എന്നതാണ് യാഥാർത്ഥ്യം. വി എസും സാഹചര്യം മുതലെടുത്തതാണെന്ന് വിശ്വസിക്കാതിരിക്കാൻ ഒരു കാരണവും ഇല്ല. ഒരു പരിധി വരെ പ്രശ്നപരിഹാരത്തിന് വി എസ് ഒരു രാസത്വരകമായി പ്രവർത്തിച്ചു എന്ന് വേണമെങ്കിൽ പറയാം. ''സമരം തീര്‍ക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുംവരെ ഞാന്‍ ഈ തൊഴിലാളികള്‍ക്കൊപ്പം ഇവിടെ ഇരിക്കാന്‍പോവുകയാണ്'' എന്ന വി.എസ്സിന്റെ പ്രഖ്യാപനമാണ് സമരത്തിന്റെ വഴി മാറ്റി വിട്ടത്. ഈ പ്രഖ്യാപനത്തോടെയാണ് അത് വരെ ഉറങ്ങിയവരും ഉറക്കം നടിച്ചവരും എല്ലാം രായ്ക്കു രാമാനം വിഷയത്തിൽ ഇടപെട്ടതും സമരത്തിനു ക്ഷിപ്ര പരിഹാരമുണ്ടായതും. രാഷ്ട്രീയ ചാണക്യന്മാർ അമ്പേ ഇളിഭ്യരാവുന്ന ഈ കാഴ്ച നിഷ്പക്ഷരായ ജനാധിപത്യ വിശ്വാസികളെ കുറച്ചൊന്നുമല്ല സന്തോഷിപ്പിച്ചത്. 

സെപ്റ്റംബര്‍ രണ്ടിന്റെ ദേശീയപണിമുടക്ക് ദിനത്തില്‍ കമ്പനിക്കെതിരെ പ്രതിഷേധവുമായത്തെിയ ഏതാനും സ്ത്രീ തൊഴിലാളികളെ അവഗണിച്ച രാഷ്ട്രീയ നേതാക്കളും അവരുടെ ഓശാന പാട്ടുകാരും രണ്ട്  മൂന്ന് ദിവസത്തിനുള്ളില്‍  മൂന്നാറിനെ സ്തംഭിപ്പിച്ച്  നിർത്തിയ തീക്ഷ്ണ സമരം കണ്ടു കണ്ണ് തള്ളി നിന്നു. തൊഴിൽ നിർത്തി സമരത്തിൽ അണി ചേർന്ന തൊഴിലാളികളുടെ എണ്ണം അയ്യായിരത്തോളം ആയിരുന്നു. ദ്രാവിഡഗോത്രവീര്യത്തിന്റെ തീവ്രതയും സൗന്ദര്യവും അവരുടെ മുദ്രാവാക്യങ്ങളിലും ഉണ്ടായിരുന്നു.

"കരിയടുപ്പ് നാങ്കള്‍ക്ക് കരണ്ടടുപ്പ് ഉങ്കള്‍ക്ക്
പൊട്ട ലയങ്ങള്‍ നാങ്കള്‍ക്ക് ഏസി ബംഗ്ളാ ഉങ്കള്‍ക്ക്
തമിഴ് മീഡിയം നാങ്കള്‍ക്ക് ഇംഗ്ളീഷ് മീഡിയം ഉങ്കള്‍ക്ക്
കുട്ടതൊപ്പി നാങ്കള്‍ക്ക് കോട്ടും സൂട്ടും ഉങ്കള്‍ക്ക്
ചിക്കന്‍, ദോശ ഉങ്കള്‍ക്ക് കാടി കഞ്ഞി നാങ്കള്‍ക്ക്
പണിയെടുക്കുവത് നാങ്കള് പണം കൊയ്വത് നീങ്കള്
കൊളുന്തുകുട്ട എടുപ്പതു നാങ്കള് പണക്കുട്ട അമുക്കുതു നീങ്കള്
അപ്പാ അപ്പാ കരിയപ്പാ കൊള്ളയടിത്ത പണമെല്ലാം എവിടപ്പാ?

പോരാടുവോം പോരാടുവോം 
നീതി കെടയ്ക്കും വരെ പോരാടുവോം
പോരാടുവോം പോരാടുവോം 
വെട്രി വരുവോം പോരാടുവോം
ഇന്‍ക്വിലാബ് സിന്ദാബാദ്
തൊഴിലാളി ഐക്യം സിന്ദാബാദ് 
പെമ്പിള ഒരുമൈ സിന്ദാബാദ്" 

കേൾവിക്കാരെ പോലും ആവേശം കൊള്ളിക്കുന്ന വിപ്ലവ കവിത പോലുള്ള മുദ്രാവാക്യങ്ങൾ ആയിരുന്നു അവ.

പരമ്പരാഗത രാഷ്ട്രീയ-തൊഴിലാളി സംഘടനകള്‍ ന്യായമായ ജനകീയ പ്രശ്നങ്ങളില്‍ നിന്ന് മുഖം തിരിഞ്ഞു നിൽക്കുമ്പോൾ തികച്ചും അസംഘടിത തൊഴിലാളികള്‍ സ്വന്തം ശക്തി തിരിച്ചറിഞ്ഞ് പോരാടി നേടിയ ഈ വിജയം ചിലത് വിളിച്ചു പറയുന്നുണ്ട്. ഡൽഹിയിലെ ആം ആദ്മി മുന്നേറ്റത്തിന്റെ തീവ്രരൂപം എന്ന് വേണമെങ്കിൽ ഇതിനെ നോക്കിക്കാണാം. കുറച്ചു കാലമായി കക്ഷി രാഷ്ട്രീയക്കാരുടെ പിന്തുണയില്ലാതെ നിരവധി സമരങ്ങൾ ഇവിടെ നടക്കുന്നുണ്ട്. തികച്ചും ന്യായമായ സാമൂഹിക - പരിസ്ഥിതി വിഷയങ്ങള്‍ ഉയര്‍ത്തി പ്രാദേശികമായി നടക്കുന്ന സമരങ്ങളെ തങ്ങളുടെ നിക്ഷിപ്ത താല്‍പര്യത്തിനനുസരിച്ച്  മുഖ്യധാരാ രാഷ്ട്രീയകക്ഷികള്‍ കണ്ടില്ലെന്നു നടിച്ചപ്പോൾ രാഷ്ട്രീയ സാമുദായിക ഭേദമില്ലാതെ പ്രാദേശികമായ ജനകീയ കൂട്ടായ്മകൾ അത്തരം സമരങ്ങളെ വിജയ തീരത്തെത്തിച്ചിട്ടുണ്ട്‌. പക്ഷെ ഇത്തരം സമരങ്ങളെ ഒക്കെത്തന്നെ ഏതെങ്കിലും ഘട്ടത്തിൽ രാഷ്ട്രീയക്കാർ ഹൈജാക്ക് ചെയ്യുകയും തങ്ങളുടെ രാഷ്ട്രീയനേട്ടത്തിനായി ഉപയോഗിക്കുകയും ചെയ്തു എന്നതാണ് ചരിത്രം. അല്ലെങ്കിൽ, സമരങ്ങൾ താല്ക്കാലികമായി അവസാനിച്ചെങ്കിലും ആവശ്യങ്ങളിൽ നിന്ന് ബഹുദൂരം പിന്നോട്ട് പോയുള്ള ഒത്തുതീർപ്പ് വ്യവസ്തകൾ പോലും ലംഘിക്കപ്പെടുകയും ചെയ്തു. ഇവിടെയേതായാലും ഈ പെണ്‍പട പിടിച്ച പിടിയാൽ തങ്ങളുടെ ഡിമാന്റുകൾ അംഗീകരിപ്പിച്ച് വിജയ ചരിത്രം കുറിച്ചു. 

മൂന്നാർ സമരം ചൂട് പിടിച്ചത് മുതൽ, ഇതിന്  പിന്നില്‍ തമിഴ് തീവ്രവാദികളാണ് എന്ന തരത്തിൽ പ്രചാരണം അഴിച്ചു വിടാൻ ബോധപൂര്‍വമായ ശ്രമമുണ്ടായി. എന്നാല്‍, കൊളുന്തുനുള്ളുന്ന പാവപ്പെട്ട തൊഴിലാളികള്‍ നടത്തുന്ന ജീവിത സമരത്തിനെതിരെ നടക്കുന്ന ഈ നെറികെട്ട പ്രചാരണം പോലീസ് തള്ളിക്കളഞ്ഞു. ഡി ജി പി മുതലുള്ള ഉന്നത പോലീസുദ്യോഗസ്ഥരാരും ഈ ആരോപണത്തിന് ഒരു വിലയും കൽപ്പിച്ചില്ല. തൊഴിലാളികളോട് ഏറ്റവും അനുഭാവപൂര്‍വ്വമായ നിലപാടാണ് അവര്‍ സ്വീകരിച്ചതും. ഭാഷാ വിദ്വേഷം പരത്തി സമരം പൊളിക്കാൻ ശ്രമിച്ച ഒരുത്തനെ പോലീസ് കൃത്യ സമയത്ത് തന്നെ അകത്താക്കി. ഇതൊക്കെക്കൊണ്ടാണ്‌ സമരം തീർപ്പായ ഉടനെ സമരക്കാർ പോലീസുകാരെ തോളിലേറ്റി വികാര പറക്ടനം നടത്തിയത്. ഈ സമരത്തിൽ പോലീസ് സ്വീകരിച്ച നിലപാടുകൾക്ക് ഒരു ലോഡ് ലൈക്ക്സ്.

മൂന്നാറിലെ തൊഴിലാളി സമരവും അതിന്റെ ഉജ്ജ്വല വിജയവും  ഇവിടത്തെ ഇരട്ടത്താപ്പുകാരായ രാഷ്ട്രീയ-തൊഴിലാളി സംഘടനകൾക്കുള്ള താക്കീതാണ്. തുച്ഛമായ കൂലിക്കും മോശം തൊഴിൽ സാഹചര്യങ്ങളിലും പണിയെടുക്കുന്ന തൊഴിലാളികളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍  മാറിവരുന്ന സര്‍ക്കാറുകള്‍ക്കും അവരെ നയിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കും അവരുടെ പോഷക തൊഴിലാളി സംഘടനകള്‍ക്കും കഴിയാത്തതാണ് ഇത്തരം സ്വതന്ത്ര നീക്കങ്ങൾക്ക്‌ വിത്ത് പാകുന്നത്. അപ്രായോഗികവും രാജ്യ നിയമങ്ങളെ വെല്ലുവിളിക്കുന്നതുമായ സായുധ പോരാട്ടക്കാരും മാവോയിസ്റ്റുകളും ഈ പ്രക്ഷോഭത്തിൽ നിന്ന് പാഠം പഠിക്കേണ്ടതുണ്ട്.

തൊഴിലാളികളെ അവരുടെ അവകാശങ്ങളെ ബോധ്യപ്പെടുത്തി സംഘടിപ്പിച്ച സംഘടനകൾ പിന്നീട് പല ഘട്ടങ്ങളിലും തൊഴിലാളി വിരുദ്ധ നിലപാടുകൾ സ്വീകരിച്ചു എന്നത് യാഥാർത്യമാണ്. കാലക്രമത്തിൽ അതിന്റെയൊക്കെ നേതൃത്വം ഒരു തുള്ളി വിയർപ്പ് പോലും പൊടിയാത്തവരുടെ കയ്യിൽ എത്തിപ്പെട്ടതോടെ പതിയെ പതിയെ തൊഴിലാളികള അവരുടെ കാര്യം സ്വയം നോക്കാൻ തുടങ്ങുന്നു. ഇപ്പോൾക്കണ്ടത് വളരെ എളുപ്പത്തിലും വ്യാപകമായും സംഭവിക്കാവുന്ന ഒരു മുന്നേറ്റമല്ലെന്നു സമ്മതിച്ചാൽ തന്നെ, ജനങ്ങള്‍ക്ക് വേണ്ടി ജനങ്ങൾ തന്നെ നയിക്കുന്ന പുതിയൊരു ജനകീയരാഷ്ട്രീയത്തിന്റെ സാധ്യതകളാണ് കാണിക്കുന്നത്; ഒരു ബദല്‍രാഷ്ട്രീയത്തിന്റെ ഇടമാണ് തുറന്നു തരുന്നത്. ഡൽഹി കൂട്ടബലാത്സംഗത്തിനെതിരെ പ്രതിഷേധിക്കാൻ ഒത്തുകൂടിയ ജനാവലിയും തുടർന്ന് ആം ആദ്മി വിപ്ലവവും ഇത് പോലുള്ള ഒന്നായിരുന്നു എന്നോർക്കണം. കാലത്തിന്റെ ചുമരെഴുത്താണ് ഇത്...വായിച്ചു വേണ്ട വിധം തിരുത്തിയാൽ തുടരാം... ഇച്ഛാശക്തിയുള്ള ജന മുന്നേറ്റത്തിനു മുന്നിൽ പിടിച്ചു നില്ക്കാൻ കെല്പ്പുള്ള ഒരു ഭരണകൂടവും ഇല്ല എന്ന് ഓർത്താൽ രാഷ്ട്രീയമുതലാളിമാർക്ക് ഭാവിയിലും ഈ "വയറ്റിപ്പിഴപ്പുമായി" ജീവിക്കാം.....ഇല്ലെങ്കിൽ ചരിത്രത്തിലേക്ക് പിൻവാങ്ങാം...



ഇതാണ് ഒറിജിനൽ ഇങ്ക്വിലാബ്
"പെമ്പിള ഒരുമൈക്കഭിവാദ്യങ്ങൾ"

ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക

അല്ലെങ്കില്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക


No comments:

Post a Comment