മാർച്ച് 24 - ജോസ് പ്രകാശ് ഓർമ്മയായിട്ട് അഞ്ച് വർഷങ്ങൾ കഴിയുന്നു. ജോസ് പ്രകാശ് എന്ന് വിളിപ്പേരുള്ള വളരെ പ്രതിഭാശാലിയായ ഈ നടനെ മലയാള സിനിമാപ്രേമികൾക്ക് പരിചയപ്പെടുത്തേണ്ട കാര്യമൊന്നുമില്ല. വില്ലനായും പക്വമതിയായ കാരണവരായും ഉത്തരവാദിത്തമുള്ള പോലീസ് ഓഫീസറായുമൊക്കെ വേഷപ്പകർച്ച നടത്തി ഇദ്ദേഹം സിനിമാസ്വാദകരെ വിസ്മയിപ്പിച്ചിട്ടുണ്ട്. കൊച്ചു കുട്ടികൾക്ക് പോലും ഇദ്ദേഹത്തിന്റെ "ഹെലോ മിസ്റ്റർ പെരേര", "എന്റെ മുതലക്കുഞ്ഞുങ്ങൾ", "വെൽ ഡൺ മൈ ബോയ്", "ബൈ ദി ബൈ" മുതലായ ഡയലോഗുകൾ സുപരിചിതമാണ്.
ചങ്ങനാശേരിയിൽ കുന്നേൽ കെ ജെ ജോസഫ് - ഏലിയാമ്മ ജോസഫ് ദമ്പതികളുടെ എട്ടു മക്കളിൽ മൂത്തയാളായി 1926 ഏപ്രിൽ 16-നാണ് ബേബി ജോസഫ് ജനിച്ചത്. കോട്ടയം സേക്രഡ് ഹാർട്ട് മൗണ്ട് ഇംഗ്ലീഷ് ഹൈസ്കൂളിലായിരുന്നു അദ്ദേഹത്തിന്റെ പഠനം തുടങ്ങിയത്. ഇദ്ദേഹം എട്ടു വർഷത്തോളം ബ്രിട്ടീഷ് ഇന്ത്യൻ ആർമിയിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. സൈന്യത്തിൽ നിന്ന് വിരമിച്ച ശേഷം ബേബി ജോസഫ് ചെറിയ ബിസിനസുകളുമായി കഴിച്ചു കൂട്ടി. കലാപ്രവർത്തനങ്ങളോടുള്ള താല്പര്യം സമാന ചിന്താഗതിക്കാർ ചേർത്ത് കോട്ടയം കേന്ദ്രമാക്കി "കോട്ടയം ആർട്ട്സ് ക്ലബ്ബ്" എന്നൊരു കലാ കൂട്ടായ്മ ഉണ്ടാക്കുകയും അതിൽ പ്രധാനഗായകനാവുകയും ചെയ്തു. ഗായകൻ എന്ന നിലയിലായിരുന്നു "കോട്ടയം ആർട്ട്സ് ക്ലബ്ബി"ൽ അദ്ദേഹം പ്രവർത്തിച്ചിരുന്നത്.
സിനിമയിലും അദ്ദേഹത്തിന്റെ എൻട്രി, ഗായകൻ എന്ന നിലയിലായിരുന്നു. കോട്ടയം ജോസഫ് എന്നറിയപ്പെട്ടിരുന്ന സി. ജോസഫെന്നൊരു സുഹൃത്ത് അദ്ദേഹത്തിനുണ്ടായിരുന്നു. സി. ജോസഫിന് കോട്ടയത്ത് "ചാൻസൺ സൗണ്ട് എക്വിപ്മെന്റ്സ്" എന്നൊരു സ്ഥാപനമുണ്ടായിരുന്നു. ബേബി ജോസഫും ചാൻസൺ ജോസഫും ഒഴിവുള്ളപ്പോഴെല്ലാം വൈകുന്നേരങ്ങളിൽ ചാൻസൺ സൗണ്ട് എക്വിപ്മെന്റ്സിൽ ഒത്തു ചേരുമായിരുന്നു. ആ അവസരങ്ങളിൽ കടയിലെ മൈക്കിലൂടെ ബേബി ജോസഫ് പാട്ടുകൾ പാടുമായിരുന്നു. സി. ജോസഫും സുഹൃ ത്തുക്കളായ വാസുവും (മംഗളം പിക്ചേഴ്സ്) അഡ്വ. കെ.കെ.ജോർജ്ജും പ്രശസ്ത നടൻ അന്തരിച്ച തിക്കുറിശി സുകുമാരൻ നായരും ചേർന്നാണ് അക്കാലത്ത് "ശരിയോ തെറ്റോ" എന്ന സിനിമ നിർമ്മിച്ചത്. "ശരിയോ തെറ്റോ" സിനിമയുടെ പ്രാരംഭ ജോലികൾ തുടങ്ങുന്ന സമയത്ത് തന്നെ കോട്ടയത്തെ കടയിൽ വച്ച് ബേബിയുടെ പാട്ട് തിക്കുറിശിയെ നേരിട്ട് കേൾപ്പിച്ചത് സി.ജോസഫായിരുന്നു. സിനിമയിൽ ബേബിയെക്കൊണ്ട് പാടിച്ചാലോ എന്ന് നിർദ്ദേശിച്ചതും അദ്ദേഹത്തെക്കൂട്ടിക്കൊണ്ട് തിക്കുറിശിയോടൊപ്പം മദിരാശിയിലേക്ക് പോയതും ഇതേ ജോസഫ് തന്നെ ആയിരുന്നു.
സംഗീതം ശാസ്ത്രീയമായൊന്നും പഠിച്ചിട്ടില്ലെങ്കിലും പാടണമെന്നുള്ള ആഗ്രഹവും സ്വതസിദ്ധമായി ഉണ്ടായിരുന്ന സംഗീത വാസനയും അൻപതിലധികം സിനിമാ പാട്ടുകൾ പാടാൻ ബേബിയെ സഹായിച്ചു. ഗായകനെന്ന നിലയിൽ വി ദക്ഷിണാമൂർത്തി, എം എസ് ബാബുരാജ്, പി ലീല എന്നിവരോടൊപ്പം അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ഇതിനിടയിൽ ചെറുവേഷങ്ങളിൽ തുടങ്ങിയ അഭിനയം ശ്രദ്ധിക്കപ്പെട്ടതോടെ തിരക്കും വിലയുമുള്ള താരമായി. പിന്നീടുള്ള ആറു പതിറ്റാണ്ടുകൾ മലയാള സിനിമാലോകത്തെ പ്രമുഖ വ്യക്തിത്വമായി ബേബി ജോസഫ് തിളങ്ങി. അത് "ജോസ് പ്രകാശ്" എന്ന പേരിലായിരുന്നു എന്ന് മാത്രം. മലയാളത്തിലെ ഒട്ടനവധി നടീ നടന്മാർക്ക് പേര് മാറ്റം നിർദ്ദേശിച്ച തിക്കുറിശ്ശി തന്നെയാണ് ബേബി ജോസഫിന് "ജോസ് പ്രകാശ്" എന്ന പേര് നൽകിയത്.
ജോസ് പ്രകാശ് കുറച്ചു കാലം നാടകങ്ങളിലും അഭിനയിച്ചിരുന്നു. ടെലിവിഷൻ സീരിയലുകളിലും അദ്ദേഹം ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്. 2011-ലെ ജെ സി ദാനിയേൽ പുരസ്കാരമടക്കം വിവിധ പുരസ്കാരങ്ങൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
വാർദ്ധക്യകാലത്ത് പ്രമേഹരോഗ ബാധയെത്തുടർന്ന് അദ്ദേഹത്തിന്റെ കണ്ണുകൾക്ക് കാഴ്ച നഷ്ടപ്പെടുകയും ഒരു കാൽ മുറിച്ചു മാറ്റപ്പെടുകയും ചെയ്തു. 2012 മാർച്ച് 24-ന് അസുഖം കലശലായതിനേത്തുടർന്ന് എറണാകുളം കാക്കനാട്ടെ സൺറൈസ് ആശുപത്രിയിൽ അന്തരിക്കുമ്പോൾ അദ്ദേഹത്തിന് 87 വയസായിരുന്നു.
ജോസ് പ്രകാശിനോട് സംവിധാനം ചെയ്യാൻ നിർമ്മാതാക്കൾ ആവശ്യപ്പെട്ട സിനിമയാണ് 1974-ൽ ഇറങ്ങിയ "ശാപമോക്ഷം" എന്ന സിനിമ. എന്നാൽ ആ ഓഫർ സ്വീകരിക്കാതെ ജോസ് പ്രകാശ് നിർദ്ദേശിച്ച സംവിധായകനാണ് പിന്നീട് ശ്രദ്ധേയമായ പല സിനിമകളും സംവിധാനം ചെയ്ത "ജേസി". പ്രകാശ് മൂവി ടോണിന്റെ ബാനറിൽ പിതൃസഹോദരനായ പ്രേം പ്രകാശുമായി ചേർന്ന് കൂടെവിടെ, ഈറൻ സന്ധ്യ, ഉപഹാരം, ആയിരം കണ്ണുകൾ എന്നീ സിനിമകൾ അദ്ദേഹം നിർമ്മിച്ചു. ആർമിയിൽ ജോലിചെയ്തിരുന്ന ഇന്ത്യാ വിഭജനകാലത്ത് മഹാത്മാ ഗാന്ധിയുടെ അംഗരക്ഷകനായി ജോസ് പ്രകാശ് ജോലി നോക്കിയിട്ടുണ്ടെന്നത് കൂടി അറിയുമ്പോൾ അദ്ദേഹം മലയാളി കൃത്യമായി മനസിലാക്കാതെ പോയ ഒരു ബഹുമുഖ വ്യക്തിത്വമാണെന്ന് നിസ്സംശയം പറയാം...
അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ സ്മരണാഞ്ജലികൾ....
No comments:
Post a Comment