Tuesday, 16 January 2018

ഒരു സിനിമയിലേക്ക് ലൈംഗികത കടന്നു വരുന്ന വിധം...; ഒഴിവാകുന്ന വിധവും !!!


ഒരു സിനിമയിലേക്ക് ലൈംഗികത കടന്നു വരുന്ന വിധം...

മാധവിക്കുട്ടിയായി അഭിനയിക്കുന്ന വിദ്യാബാലൻ നായകന്റെ കണ്ണിലേക്ക് സൂക്ഷിച്ചു നോക്കുന്നു. നായകൻ നിർവികാരനായി നിൽക്കുകയാണ്. വിദ്യയുടെ കണ്ണുകളിൽ കാമം കത്തുന്നു. വിദ്യയുടെ ശ്വാസഗതി ഉയരുന്നു. വിദ്യ നായകൻറെ കരം കവർന്ന ശേഷം അയാളുടെ മാറിലേക്ക് വീഴുന്നു. നിമിഷാർദ്ധത്തിൽ വിദ്യയുടെ സാരിത്തലപ്പ് ഊർന്നു വീഴുന്നു. ഇറക്കി വെട്ടിയ ബ്ലൗസിലൂടെ ക്ളീവെജ്‌ കൃത്യമായി കാണാം. നേർത്ത ഷിഫോൺ സാരിക്കിടയിലൂടെ വ്യക്തമായിക്കാണാവുന്ന വയറും പൊക്കിൾച്ചുഴിയും. നായകൻ വിദ്യയെ തടയുന്നു. തെറ്റ് ചെയ്യാത്തവരായി ആരാണുള്ളത് എന്ന് നായകനോട് ചോദിച്ചു കൊണ്ട് ചുംബനം, കെട്ടിപ്പിടിത്തം, തുടർന്ന് ലൈംഗികബന്ധം.... നായികയുടെ ഈ പ്രവർത്തിയിൽ ഒരു നിയന്ത്രണവും ചെലുത്താനാവാത്ത ഡയറക്ടർ സങ്കടത്തോടെ ഇതെല്ലാം ഷൂട്ട് ചെയ്യാൻ മനസില്ലാമനസോടെ ക്യാമറാമനോട് പറയുന്നു. 


ഒരു സിനിമയിൽ നിന്ന് ലൈംഗികത ഒഴിവാകുന്ന വിധം...


വിദ്യാബാലനു പകരം മഞ്ജു വാര്യർ മാധവിക്കുട്ടിയാകുന്നു; മുകളിൽ വിവരിച്ച അതേ സീൻ...


നായകൻ മാധവിക്കുട്ടിയായ മഞ്ജു വാര്യരുടെ കണ്ണുകളിലേക്ക് കാമപരവശനായി നോക്കുന്നു. ആ നോട്ടത്തിലെ അപാകതയും ലൈംഗികത കടന്നു വരാനുള്ള സാധ്യതയും മനസിലാക്കിയ മഞ്ജു സാരിത്തലപ്പെടുത്തു പുതക്കുന്നു. തന്നിലേക്ക് നീണ്ടു വരുന്ന നായകൻറെ കയ്യിൽ നിന്ന് തന്ത്രപരമായി മഞ്ജു ഒഴിഞ്ഞ് മാറുന്നു. മഞ്ജു സാധാരണ തൃശ്ശൂര്‍ക്കാരിയുടെ നാട്ടുഭാഷയില്‍ നായകനോട് ലൈംഗികത ഒഴിവാക്കേണ്ടതിനെ പറ്റി ഉപദേശിക്കുന്നു. എന്നാൽ നായകൻ നയപ്പെടുന്നില്ല. ഒടുക്കം നായകൻ മഞ്ജുവിനെ സമീപിക്കുന്നു. വളരെ നേർത്ത ബാക്ക് ഗ്രൗണ്ട് സംഗീതത്തോടെ സൂര്യൻ കടലിലേക്ക് താണ് പോകുന്ന സീൻ എടുക്കാൻ മഞ്ജു സമ്മതിക്കുന്നു. ആനന്ദതുന്ദിലനായ സംവിധായകൻ ക്യാമറാമനോട് മഞ്ജു പറയുന്ന രീതിയിൽ സീൻ ഷൂട്ട് ചെയ്യാൻ നിർദ്ദേശിക്കുന്നു.  ലൈംഗികത കടന്നു വരാതെ സിനിമ രക്ഷപ്പെടുന്നു......


മലയാളിയുടെ പ്രിയ എഴുത്തുകാരി മാധവിക്കുട്ടിയുടെ ജീവിതകഥ പറയുന്ന "ആമി" എന്ന ചിത്രവുമായി ബന്ധപ്പെട്ട് സംവിധായകൻ കമൽ നടത്തിയ ചില പരാമർശങ്ങളുടെ വെളിച്ചത്തിൽ ചുമ്മാ എഴുതി നോക്കിയതാണ്.  കഴിഞ്ഞ ദിവസമാണ്, കമൽ തന്റെ ചിത്രത്തിൽ മാധവിക്കുട്ടിയാവാൻ കാസ്റ്റ് ചെയ്തിട്ട് എന്തോ കാരണങ്ങളാൽ റോൾ വേണ്ടെന്ന് വച്ച് പോയ വിദ്യാ ബാലനെക്കുറിച്ച് മോശപ്പെട്ട പരാമർശം നടത്തിയത്. മഞ്ജു വാരിയർ ആണ് ഇപ്പോൾ ആ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് 


ഒരു വെബ്സൈറ്റിന് നൽകിയ അഭിമുഖത്തിൽ കമൽ പറഞ്ഞത് ഇപ്രകാരമാണ്. "വിദ്യയെ ഞങ്ങള്‍ ചിത്രത്തില്‍ നിന്നും ഒഴിവാക്കിയതല്ല, അവര്‍ പിന്മാറിയതാണ്. അത് കഥയോ കഥാപാത്രമോ ഇഷ്ടപ്പെടാതെ ആയിരുന്നില്ല മറ്റെന്തോ ചില കാരണങ്ങള്‍ കൊണ്ടാണ്. ചില ബാഹ്യപ്രേരണകള്‍ മൂലം. പക്ഷെ ഇപ്പോള്‍ ഞാന്‍ ഭയങ്കര സന്തോഷത്തിലാണ്. വിദ്യയ്ക്ക് വേണ്ടി കണ്ടിരുന്ന മാധവിക്കുട്ടിയെ അല്ല മഞ്ജു ചെയ്തിരിക്കുന്നത്. വിദ്യ ചെയ്തിരുന്നെങ്കില്‍ അതില്‍ കുറച്ച് ലൈംഗികതയൊക്കെ കടന്ന് വരുമായിരുന്നു. ഞാന്‍ പോലും ശരിക്ക് ശ്രദ്ധിക്കാത്ത ഒരു ഭാഗമായിരുന്നു അത്. എന്നാല്‍ മഞ്ജു വന്നതിനാല്‍ സാധാരണ തൃശ്ശൂര്‍ക്കാരിയുടെ നാട്ടുഭാഷയില്‍ പെരുമാറുന്ന മാധവിക്കുട്ടിയെ അവതരിപ്പിക്കാനായി. അന്താരാഷ്ട്ര തലത്തില്‍ വരെ ശ്രദ്ധിക്കപ്പെട്ട സ്ത്രീയായിരുന്നെങ്കിലും അടിസ്ഥാനപരമായി അവര്‍ സാധാരണ ഒരു മലയാളി സ്ത്രീ ആയിരുന്നു. അങ്ങനെയുള്ളൊരു കലാകാരിയാകാന്‍ എന്തുകൊണ്ടും വിദ്യാ ബാലനെക്കാള്‍ ചേരുന്നത് മഞ്ജു തന്നെയാണ്.  മേക്കോവർ ശരിയാകുമോ എന്ന സംശയം കൊണ്ടാണ് മഞ്ജുവിനെ ആദ്യം ആദ്യം കാസ്റ്റ് ചെയ്യാതിരുന്നത്. എന്നാല്‍ മഞ്ജു ശരിക്കും വിസ്മയിപ്പിച്ചു. വളരെ പെട്ടന്ന് മഞ്ജു മാധവിക്കുട്ടിയായി മാറി. ഇപ്പോള്‍ ചിന്തിക്കുമ്പോള്‍ വിദ്യ പിന്മാറിയത് ദൈവാനുഗ്രഹമായി തോന്നുന്നു. ഞാന്‍ ആഗ്രഹിച്ച മാധവിക്കുട്ടിയെ കുറച്ചുകൂടി നല്ല രീതിയില്‍ ചെയ്യാന്‍ സാധിച്ചു. അതില്‍ സന്തോഷവും സമാധാനവും ഉണ്ട്."


കമൽ സാർ, 


ജീവിതാനുഭവങ്ങൾ; ലൈംഗികതയടക്കം സത്യസന്ധമായി തുറന്ന് പറഞ്ഞും തുറന്ന് എഴുതിയും ജീവിച്ച്  മരിച്ച ആമിയുടെ കഥ സിനിമയിലൂടെ പറയുമ്പോൾ ലൈംഗികത കടന്നു വരും എന്ന് പേടിക്കുന്ന സംവിധായകന്റെ സിനിമ എങ്ങനെ സത്യസന്ധമാകും ?

ചെങ്കനൽ പോലെ കത്തിനിൽക്കുന്ന അസ്തമയ സൂര്യനെ നോക്കിയിരുന്ന കമലയോട് "നീ ഏതു ദൈവത്തെയാണ് ധ്യാനിക്കുന്നത്" എന്നു ചോദിച്ച അമ്മയ്ക്ക് "ഞാനിഷ്ടപ്പെട്ട പുരുഷനുമായി രതിലീലകളാടുന്നത് ഭാവന ചെയ്യുകയാണ്" എന്ന മറുപടി പറഞ്ഞ കമലയെ താങ്കൾ എങ്ങനെയാവും അവതരിപ്പിക്കുക ?


മാധവിക്കുട്ടി എന്ന സത്യസന്ധയായ എഴുത്തുകാരി സ്ത്രീ ലൈംഗീകതയുടെ വിവിധ ഘട്ടങ്ങള്‍ തന്റെ കൃതികളിൽ തുറന്നെഴുതിയിട്ടുണ്ട്. വളരെ കാവ്യാത്മകമായ വിവരണങ്ങളാണവ. മാധവിക്കുട്ടിയുടെ രചനകളെല്ലാം കമൽ വായിച്ചിട്ടുണ്ടോ എന്ന് സംശയം ജനിപ്പിക്കുന്നതാണ് അദ്ദേഹത്തിന്റെ ചില അഭിപ്രായങ്ങൾ. മാധവിക്കുട്ടി തുറന്ന് പറഞ്ഞിരുന്നത് നൈസർഗികമായ ലൈംഗികതയെപ്പറ്റിയായിരുന്നു; അതിനെ ഒരു കാരണവശാലും ഭയക്കേണ്ടതില്ലെന്നാണ് എന്റെ തോന്നൽ; എന്നാൽ, "കടന്നു വരുമായിരുന്നു" എന്ന് താങ്കൾ ഭയപ്പെടുന്ന ലൈംഗികത സോഫ്റ്റ് പോൺ ആണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. 

"സംവിധായകന്റെ കല" എന്ന് വിളിക്കപ്പെടുന്ന സിനിമയുടെ ഫീൽഡിൽ ഇത്രയും എക്സ്‌പീരിയൻസ് ഉള്ള താങ്കൾ, വളരെ ആലോചിച്ചെഴുതിയ സ്ക്രിപ്റ്റിന്റെ പിൻബലത്തിൽ താങ്കൾ തന്നെ സംവിധാനം ചെയ്യുന്ന ഒരു സിനിമയിൽ, ഒരു പ്രത്യേക അഭിനേത്രി അഭിനയിച്ചിരുന്നെങ്കിൽ അതിൽ ലൈംഗികത കടന്നു വന്നേനെ എന്ന് പറഞ്ഞാൽ പിന്നെ സംവിധായകൻ എന്ന നിലയിൽ താങ്കൾ എന്ത് പണിയാണവിടെ ചെയ്യുന്നത്...!!??? കേവലം ഒരു നടിയ്ക്ക് സംവിധായകനെ ഓവർടേക്ക് ചെയ്ത് എങ്ങനെയാണ് സിനിമയിലേക്ക് ലൈംഗികത കൊണ്ട് വരാൻ സാധിക്കുക ? മാത്രവുമല്ല, ഈ നടി പടം വേണ്ടെന്നു വച്ച് പോയി പുതിയ നടിയെ വച്ച് പടം ഏറെ മുന്നോട്ടു പോയപ്പപ്പോൾ മാത്രമാണോ അങ്ങേക്ക് ഈ വെളിപാട് ഉണ്ടായത് ? 

ഒരു കാര്യം ഓർക്കണം; താങ്കൾ കേവലം ഒരു സംവിധായകൻ എന്നതിനപ്പുറം ചലച്ചിത്ര അക്കാദമി എന്ന സർക്കാർ സംവിധാനത്തിന്റെ അധ്യക്ഷൻ കൂടിയാണ്. സിനിമാ മേഖലയിലെ സ്ത്രീ സ്വാതന്ത്ര്യവും സ്ത്രീ വിരുദ്ധതയും വ്യാപക ചര്‍ച്ചയായിരിക്കെ താങ്കളെപ്പോലെ ഉന്നത സ്ഥാനത്തിരിക്കുന്ന ഒരു വ്യക്തിയില്‍ നിന്നും ഇത് പോലെ നിരുത്തരവാദപരമായ പരാമര്‍ശം ഉണ്ടായത് ചീപ്പായിപ്പോയി. നിങ്ങളുടെ ജല്പനങ്ങൾ സ്ത്രീവിരുദ്ധമാണ് സാർ; കുറഞ്ഞ പക്ഷം വ്യക്ത്യധിക്ഷേപം ആണ് സാർ...  


ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക

അല്ലെങ്കില്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക
    
https://www.facebook.com/groups/224083751113646/

2 comments:

  1. കമലിനെന്താണന്തസ്സെന്ന് മലയാളിയ്ക്ക്‌ മനസ്സിലായിക്കഴിഞ്ഞു.ശവം.!!!ഇനിയവന്റെ ഒരു പടവും ജയിപ്പിക്കരുത്‌.അത്രന്നെ.

    ReplyDelete
    Replies
    1. ഇന്നദ്ദേഹത്തിന്റെ വിശദീകരണം വന്നിട്ടുണ്ട്; ന്യായീകരിക്കാൻ വേണ്ടി താത്വികമായി അവലോകനം ചെയ്ത് കഷ്ടപ്പെട്ടിട്ടുണ്ട് ചങ്ങായി

      Delete