എറണാകുളത്ത് തിരക്കേറിയ പത്മ ജംഗ്ഷനില്‍ യുവാവ് കെട്ടിടത്തില്‍ നിന്ന് വീണ് പരുക്കേറ്റ് മണിക്കൂറുകള്‍ കിടന്നിട്ടും തിരിഞ്ഞുനോക്കാതെ ജനക്കൂട്ടം. ഏറെ സമയത്തിന് ശേഷം, ഒരു വിവാഹച്ചടങ്ങിൽ പങ്കെടുക്കാനായി അത് വഴിയേ പോവുകയായിരുന്ന രഞ്ജിനി എന്ന സ്ത്രീയും അവരുടെ മകളും മുൻകൈയെടുത്താണ് യുവാവിനെ ആശുപത്രിയിലെത്തിക്കുന്നതിനുള്ള നടപടി സ്വീകരിച്ചത്. ഹൈക്കോടതി അഭിഭാഷകയാണ് രഞ്ജിനി; മകൾ വിഷ്ണുപ്രിയ, തൃക്കാക്കര ഭവൻസ് വരുണ വിദ്യാലയത്തിലെ പത്താംക്ലാസ് വിദ്യാർഥിനിയാണ്... പുരുഷ കേസരികൾ ഇവരെ നമിക്കേണ്ടിയിരിക്കുന്നു....
ഈ അവസരത്തിൽ ഓർമ്മ വന്നത് യൂട്യൂബിൽ കണ്ട രണ്ട് വീഡിയോകളാണ്. രണ്ട് സാമൂഹ്യ പരീക്ഷണ പരിപാടി (Social Experiment) കളുടേതാണ് വീഡിയോ.
സമൂഹത്തില്‍ വനിതകള്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങള്‍ക്ക് നേരെ ചെറുവിരല്‍ അനക്കാന്‍ മടിക്കുന്നവരെയും അതിനോട് നിസംഗമായി പ്രതികരിക്കുന്നവരെയും തുറന്നു കാട്ടിയും ഇതിനിടയിലും തങ്ങളാല്‍ ആവുന്നത് ചെയ്യുന്ന ചുരുക്കം ധൈര്യശാലികളെ പ്രശംസിച്ചുമാണ് ഈ വീഡിയോ ക്ലിപ്പ് പുരോഗമിക്കുന്നത്. ‘യെസ് നോ മേബി’ എന്നാണ് ഏതാണ്ട് രണ്ടര മിനിറ്റ് മാത്രം ദൈര്‍ഘ്യമുള്ള വീഡിയോയുടെ പേര്. ഞാന്‍ കാണുന്ന സമയത്ത് ആ ക്ലിപ്പ് പതിനാലര ലക്ഷം ആളുകള്‍ കണ്ടു കഴിഞ്ഞിട്ടുണ്ടായിരുന്നു. ഇവിടെ തരികിട, ഒടിയന്‍ എന്നൊക്കെ വിളിപ്പേരുള്ള പ്രാങ്ക് വീഡിയോ പ്രോഗ്രാം ചെയ്യുന്നവര്‍ ഒന്ന് കണ്ടു പഠിക്കണം ഈ പരിപാടി .
പരിപാടിയുടെ ഏകദേശ രൂപം ഇങ്ങിനെയാണ്. ഡല്‍ഹിയിലെ ആളൊഴിഞ്ഞ ഏതോ തെരുവില്‍ നിര്‍ത്തിയിട്ടിരുന്ന ഒരു കാര്‍. ചില്ലുകള്‍ മുഴുവനും കറുത്ത ഫിലിം ഒട്ടിച്ച് അകത്തേയ്ക്കുള്ള കാഴ്ച പൂര്‍ണ്ണമായും മറച്ചിരിക്കുന്നു. കാറിനുള്ളില്‍ ഒരു സ്ത്രീയുടെ പേടിച്ചരണ്ട ഉച്ചസ്ഥായിലുള്ള കരച്ചില്‍ ശബ്ദം റെക്കോഡ് ചെയ്ത് വെച്ചിരിക്കുന്നു. റെക്കോര്‍ഡ് ചെയ്ത കരച്ചില്‍ ഓരോ ആളുകള്‍ വണ്ടിയുടെ സമീപത്ത് എത്തുന്നതിന് അനുസരിച്ച് കേള്‍പ്പിക്കുന്നു. അത് കേട്ടിട്ടും ഒരു ഭാവഭേദവുമില്ലാതെ കടന്നു പോകുന്നു ചിലര്‍. ഇതൊന്നും തങ്ങളെ ബാധിക്കുന്ന പ്രശ്നമേയല്ലെന്ന ഭാവത്തിലാണ് മറ്റു ചിലര്‍ കടന്നു പോകുന്നത്. ഭീരുക്കളെ കുറ്റക്കാരായും നല്ല രീതിയില്‍ പ്രതികരിച്ച ആളുകളെ ഹീറോകള്‍ ആയുമാണ് വീഡിയോയില്‍ ചിത്രീകരിച്ചിരിക്കുന്നത്. ആദ്യ പകുതിയില്‍ ഉള്ളത് മനസ്സിനെ വിഷമിപ്പിക്കുന്ന കാഴ്ചകളാണെങ്കിലും വിഡിയോയുടെ അവസാന ഭാഗം പ്രത്യാശ നല്‍കുന്നതാണ്. ചില യുവാക്കളെ കൂടാതെ അത്ര കണ്ടു ആരോഗ്യവാന്‍ അല്ലാത്ത ഒരു വൃദ്ധന്‍ പോലും രണ്ടാം പകുതിയില്‍ കാഴ്ചക്കാരന്റെ മനസ്സില്‍ ഇടം പിടിക്കും. അവര്‍ പ്രകടിപ്പിക്കുന്ന നല്ല മനസ്സും ഉയര്‍ന്ന ധൈര്യവും പ്രശംസനീയം തന്നെയാണ്. സിനിമകളിലെ നായകന്മാരെ പോലെ അവര്‍ അവസരത്തിനൊത്ത് ഉയര്‍ന്നു പ്രവര്‍ത്തിക്കുന്നു.
ദില്ലിയിലെ പ്രശസ്തമായ ഒരു ആശുപത്രിക്കടുത്തുള്ള റോഡില്‍ ശരീരം മുഴുവന്‍ രക്തവുമായി സഹായത്തിന് കേണു വിളിക്കുന്ന യുവാവാണ് ചിത്രത്തില്‍. വരുണ്‍ പൃഥ്വി എന്ന നടനും കൂട്ടുകാരുമാണ് നിസ്സംഗരായ സമൂഹത്തിന്റെ കണ്ണു തുറപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഈ പരീക്ഷണം നടത്തിയത്. ദല്‍ഹി ബാലാസംഗക്കേസിലെ ഇരയായ പെണ്‍കുട്ടിയുടെ കൂട്ടുകാരനുണ്ടായ അതേ അനുഭവമായിരുന്നു വരുണിനും. ആളൊഴിഞ്ഞ ഒരു ആംബുലന്‍സ് അടക്കം ഒരു വണ്ടി പോലും നിര്‍ത്തിയില്ല. റോഡിന്റെ ഇരു വശങ്ങളിലും കൂടിയ ആളുകലും ഇയാളെ ആശുപത്രിയില്‍ എത്തിക്കാന്‍ തയ്യാറായില്ല. അവസാനം റോഡില്‍ പിടഞ്ഞു മരിച്ചപ്പോള്‍, "സഹതാപ"ത്തോടെ എല്ലാവരും പറഞ്ഞു, പാവം, ആ പയ്യന്‍ മരിച്ചു...
വീഡിയോ - 2 (കാണേണ്ടവർ ലിങ്ക് ക്ലിക്ക് ചെയ്താൽ മതി)....=> https://goo.gl/ujKeSR
പീഡനങ്ങളും അപകടങ്ങളും തുടരുമ്പോള്‍ പൊതു ജനം ഇപ്പോഴും അതിനെ ഇരകളുടെ മാത്രം പ്രശ്നമായി കാണുന്നിടത്താണ് നമ്മുടെ നാടിന്റെ ദുരവസ്ഥ കുടി കൊള്ളുന്നത്. ഇര തനിക്ക് വളരെ വേണ്ടപ്പെട്ട ഒരാളാണ് എന്ന തിരിച്ചറിവിന് മാത്രമേ ഒരു സുരക്ഷിത സമൂഹം ഉണ്ടാക്കാന്‍ കഴിയൂ. നാളെ നമ്മളും ഇരയാവാമെന്ന സാധ്യത മുന്നില്‍ കണ്ടാലെ ക്രൂരമായ ഈ നിസ്സംഗതയുടെ ആഴം നമുക്ക് മനസ്സിലാവൂ.
ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക
അല്ലെങ്കില്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക് ചെയ്യുക
No comments:
Post a Comment