Monday, 9 March 2020

പൊങ്കാലയുടെ പടം മാത്രം കണ്ട് എന്റെ മുതുകത്ത് പൊങ്കാലയിടാൻ വരരുത്...

പൊങ്കാലയുടെ പടം മാത്രം കണ്ട് എന്റെ മുതുകത്ത് പൊങ്കാലയിടാൻ വരരുത്...
മുഴുവൻ വായിച്ചിട്ട് പൊങ്കാല ആവാം.....കമന്റ് ബോക്സിലേക്കോ ഇൻബോക്സിലേക്കോ സ്വാഗതം....

ക്ഷേത്രങ്ങളിൽ പൊങ്കാല വേണ്ടെന്നു പറഞ്ഞിട്ട് കാര്യമൊന്നുമില്ല; ചികിത്സകൾ കണ്ടെത്താത്ത കോവിഡ് 19 വൈറസ് പടരുന്ന ദുരന്ത സാധ്യത മുൻകൂട്ടിക്കണ്ട് മാറി നിൽക്കുന്നവരുണ്ടെങ്കിൽ അവരോട് ആദരവ്. എന്തിന് പൊങ്കാലയിടാൻ പോകുന്നവരെ മാത്രം പറയുന്നു....!?? നമ്മുടെ നാട്ടിലെ ഏത് മതത്തിലെ വിശ്വാസികൾക്കാണ് വിശ്വാസങ്ങളിൽ നിന്നും ആചാരങ്ങളിൽ നിന്നും യുക്തിപൂർവ്വം മാറി നില്ക്കാൻ ബോധമനസ്സ് പാകപ്പെട്ടിട്ടുള്ളത്. വൈറസ് പടരാതിരിക്കാൻ സ്വീകരിക്കുന്ന പ്രതിരോധ നടപടികളുടെ ഭാഗമായി ഉംറ നിർത്തലാക്കിയ സൗദിയുടെയും പള്ളിത്തിരുക്കർമ്മങ്ങൾ വേണ്ടെന്ന് വച്ച ക്രിസ്ത്യൻ രാജ്യങ്ങളുടെയും നിലവാരത്തിലേക്ക് ഈ നൂറ്റാണ്ടിൽ നമുക്കെത്താൻ സാധിക്കുമോ !!??? 

ഇത്രയും പേര് മതപരമായി നടത്തുന്ന പൊങ്കാല വേണ്ടന്നുവയ്ക്കാൻ സർക്കാർ തുനിഞ്ഞാൽ ഉണ്ടാകാവുന്ന പുകിൽ കഴിഞ്ഞ ശബരിമലക്കാലം ഓർക്കുന്നവർക്ക് ആലോചിക്കാവുന്നതേ ഉള്ളൂ. ആ ക്ഷേത്ര ഭരണസമിതി വേണ്ടാന്ന് വച്ചാൽ തീരുന്ന പ്രശ്നമായിരുന്നു പൊങ്കാല. ദേവിക്കുള്ള പൊങ്കാലയല്ലേ ഇടുന്നത്, സൂക്കേടൊക്കെ ദേവി തടഞ്ഞോളും എന്ന് പറയുന്ന നിഷ്ക്കുകളെ നോക്കി ചിരിക്കുന്ന ഓരോരുത്തരും ഒന്ന് ആത്മപരിശോധന നടത്തണം. കൊറോണ വിപത്ത് ഒഴിയുന്നത് വരെ ഉത്സവങ്ങൾ, പെരുന്നാളുകൾ, പൊതു നേർച്ചകൾ, പൊതു സമ്മേളനങ്ങൾ തുടങ്ങിയവ വേണ്ടെന്നു വക്കാനോ കുറച്ചു കൂടി നീട്ടി വെക്കാനോ ഇവിടത്തെ മത സാമുദായിക രാഷ്ട്രീയ ബഹുജന സംഘടനകൾ തീരുമാനിക്കണം. ചുമരുണ്ടെങ്കിലല്ലേ ചിത്രമെഴുതാനാകൂ.... മനുഷ്യർ ജീവനോടെ ഉണ്ടെങ്കിലല്ലേ സംഘടനകൾക്ക് പ്രസക്തിയുള്ളൂ....

നിയന്ത്രണസാധ്യതകൾ ഒന്നുമില്ലാതെ ദയാരഹിതമായി കൊറോണ വൈറസ് ബാധ ലോകമെങ്ങും പടർന്നു പിടിക്കുന്ന വാർത്തകളാണെമ്പാടും കേൾക്കുന്നത്. നമ്മുടെ കൊച്ചു കേരളത്തിലും കൊറോണ ബാധിതരുടെ എണ്ണം വർദ്ധിക്കുകയാണ്. ഈ പ്രതിസന്ധി ഘട്ടത്തിൽ എനിക്ക് പ്രത്യേകം അപേക്ഷിക്കാനുള്ളത് ഞാൻ അംഗമായിട്ടുള്ള കത്തോലിക്കാ സഭാ നേതൃത്വത്തോടാണ്. ഇപ്പോഴാണ് കേരള കത്തോലിക്കാ സഭ അതിന്റെ സാമൂഹ്യ പ്രതിബദ്ധത പ്രകടിപ്പിക്കേണ്ടത്. രോഗവ്യാപനം തടയുന്നതിനായി ആൾക്കൂട്ടം ഉണ്ടാകുന്ന പൊതുപരിപാടികൾ ഒഴിവാക്കണമെന്ന് സർക്കാർ നിർദ്ദേശിക്കുമ്പോൾ അതിനോട് വിവേകപൂർവ്വം പ്രതികരിക്കുകയാണ് സാമൂഹ്യ പ്രതിബദ്ധതയും ഉത്തരവാദിത്തവുമുള്ള സഭ ചെയ്യേണ്ടത്. ഇപ്പോൾ സഭ എടുക്കുന്ന പോസിറ്റിവ് നടപടികൾ മറ്റുള്ളവർക്ക് കൂടി അനുകരണീയ മാതൃകകൾ ആവും.  

പള്ളികളിൽ പതിവിൽ നിന്ന് വ്യത്യസ്തമായി കൂടുതൽ ആൾക്കൂട്ടമുണ്ടാകുന്ന കാലമാണ്; വിശുദ്ധ യൗസേപ്പിതാവിന്റെ തിരുന്നാൾ ആഘോഷങ്ങളും നേർച്ചസദ്യകളും, വാർഷിക - നോമ്പുകാല ധ്യാനങ്ങൾ, നോമ്പുകാല മലകയറ്റങ്ങൾ തുടങ്ങി വലിയ ആഴ്ചയിലെ ഓശാന, പെസഹാ, ദുഃഖവെള്ളി, ഈസ്റ്റർ മുതലായവയ്ക്ക് മുൻപേ നടക്കാനിരിക്കുന്ന ആൾക്കൂട്ട സാധ്യതയുള്ള പരിപാടികൾ ഒട്ടേറെ ഉണ്ട്. ഇത്തരം പരിപാടികൾ മുൻകൂട്ടി റദ്ദു ചെയ്യുന്നതിന് പുറമെ രോഗഭീതി ഒഴിയുന്നത് വരെ കുടുംബയോഗങ്ങൾ മുതൽ പൊതു ദിവ്യബലി പോലും നിർത്തി വയ്ക്കണമെന്നാണ് എന്റെ ഒരു അഭിപ്രായം. ധ്യാനകേന്ദ്രങ്ങളോട് ധ്യാനപരിപാടികളും നിർത്തിവയ്ക്കാൻ സഭ ആവശ്യപ്പെടണം. ദൈവശാസ്ത്രം, കാനോൻ നിയമം, ആചാരങ്ങൾ ഒക്കെ തല്ക്കാലം യുക്തിക്ക് മാറ്റിവച്ച് മാർപ്പാപ്പയും വൈദേശികസഭകളും സ്വീകരിച്ചത് പോലെ പ്രായോഗിക സുരക്ഷിത നിലപാടുകളിലേക്ക് മാറണം. രോഗം മാറാൻ പ്രാർത്ഥിക്കാനും അതത് രൂപതകളും ഇടവകകളും മനോധർമ്മത്തിനനുസരിച്ച് പ്രവർത്തിക്കാനും നിർദേശിച്ചു കൊണ്ടുള്ള നിർജ്ജീവമായ പത്രക്കുറിപ്പിന് പകരം കൃത്യമായ മാർഗ്ഗ നിർദേശങ്ങളും അത് കർശനമായി നടപ്പാക്കാനുള്ള കല്പനകളും പുറപ്പെടുവിക്കണം.

അടുത്തിടെ രണ്ടു വൻ ജലപ്രളയങ്ങൾ തുടരെത്തുടരെ അഭിമുഖീകരിച്ചവരാണ് നമ്മൾ; അന്നും കുർബ്ബാനയും പെരുന്നാളും ആഘോഷങ്ങളും നമ്മൾ തീരുമാനിക്കാതെയും ആഗ്രഹിക്കാതെയും തന്നെ മുടങ്ങി; പക്ഷെ നമുക്കൊന്നും സംഭവിച്ചില്ല. ചടങ്ങുകൾ കുറച്ചു കൊണ്ടും ആത്മീയത നിലനിർത്താമെന്നുള്ള സന്ദേശമാണ്  ഇടയന്മാർ കുഞ്ഞാടുകൾക്ക് നൽകേണ്ടത്. ദൈവം തന്ന ബുദ്ധിയും യുക്തിയും ഉപയോഗിക്കാത്തവരെ ദൈവം പോലും സംരക്ഷിക്കുമെന്ന് എനിക്ക് തോന്നുന്നില്ല.

കൊറോണ വൈറസ് അതിന്റെ ഏറ്റവും പുതിയ മ്യൂട്ടേഷനുകളുമായി വൈദ്യശാസ്ത്രത്തിന് ഒരു പിടിയും കൊടുക്കാതെ ലോകമെമ്പാടും നാശം വിതയ്ക്കുന്ന ഈ ദശാസന്ധിഘട്ടത്തിൽ സർവ്വ ആഘോഷക്കാരോടും പറയാനുള്ളത് പ്രശസ്ത റഷ്യൻ അമേരിക്കൻ എഴുത്തുകാരനും ചിന്തകനുമായിരുന്ന എയ്ന്‍ റാന്‍ഡി (Ayn Rand)- ന്റെ ഉദ്ധരണിയാണ് "We can evade reality, but we cannot evade the consequences of evading reality" "നമുക്ക് യാഥാര്‍ത്ഥ്യം അവഗണിക്കാന്‍ സാധിച്ചേക്കും. പക്ഷെ അങ്ങനെ ചെയ്യുന്നതിന്റെ അനന്തരഫലത്തെ അവഗണിക്കാന്‍ സാധിക്കില്ല"

Update :  ഇന്നലെ ഉച്ചകഴിഞ്ഞതോടെ ചില കത്തോലിക്കാ രൂപതകൾ ജനക്കൂട്ടം ഒഴിവാക്കാൻ ഉതകുന്ന രീതിയിൽ സഭ നടത്താനിരുന്ന പല ചടങ്ങുകളും പിൻവലിച്ച് നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. പക്ഷെ അതിലൊന്നിൽ പോലും പൊതു വിശുദ്ധ കുർബ്ബാന ഒഴിവാക്കുന്നതിലേക്ക് വേണ്ട നിർദ്ദേശങ്ങൾ കണ്ടില്ല. കുർബ്ബാനയ്ക്ക് വരുന്ന ആൾക്കൂട്ടം അപകടരഹിതമാകുന്നതിന്റെ യുക്തി എത്ര ആലോചിച്ചിട്ടും പിടി കിട്ടുന്നില്ല. എന്നാലും രൂപതകളുടെ പോസിറ്റിവ് നടപടികളോട് ആദരവ്. മിണ്ടാത്തതിലും ഭേദമാണല്ലോ കൊഞ്ഞപ്പ്... മാർത്തോമാ സഭയുടെ റവ. ഡോ. ജോസഫ് മാർത്തോമ്മാ മെത്രാപ്പൊലീത്ത മാത്രം കുർബ്ബാനയടക്കമുള്ള ചടങ്ങുകൾ എല്ലാം നിർത്തിവച്ചതായി കണ്ടു; അദ്ദേഹത്തിന് അഭിവാദ്യങ്ങൾ 

(സുടാപ്പി, സംഘി, നിരീശ്വർ വിളികൾക്കും പൊങ്കാലക്കും ഉള്ള സ്പേസ് കമന്റ് ബോക്സിലും ഇൻബോക്സിലും ഒരുക്കിയിട്ടുണ്ട്)
ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക


അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക

1 comment:

  1. ഇതുപോലെ ബോധവൽക്കരണങ്ങൾ നടക്കട്ടേ ..

    ReplyDelete