Thursday, 28 May 2020

"മദ്യ" കേരളത്തിന്റെ ലഘു ചരിത്രം

എന്താണ് "മദ്യ" കേരളത്തിന്റെ ചരിത്രം ? മലയാളി എന്ന് മുതലാണ്‌ മദ്യപിച്ചു തുടങ്ങിയത് ? ഉത്തരം കോഴിയാണോ മുട്ടയാണോ ആദ്യം ഉണ്ടായത് എന്ന ചോദ്യത്തിന്റെ ഉത്തരം പോലെ തന്നെ കുഴയ്ക്കുന്നതാണ്. ഒരു മാതിരിപ്പെട്ട ഇതിഹാസങ്ങളിലും പുരാണ ഗ്രന്ഥങ്ങളിലും വേദ പുസ്തകങ്ങളിലും മദ്യത്തെപ്പറ്റിയും മദ്യ സേവയെപ്പറ്റിയും പരാമർശമുണ്ട്.

കുടിക്കുന്നത് ഏതു മദ്യമായാലും, അത് കുടിക്കുന്നവരെ മലയാളികൾ പൊതുവെ, കള്ള് കുടിയൻ എന്ന് വിളിക്കുന്നതിൽ നിന്ന് കേരളത്തിന്റെ പരമ്പരാഗത മദ്യം കള്ളായിരുന്നു എന്ന് അനുമാനിക്കാം. തെങ്ങ്, പന എന്നിവയില്‍ നിന്നെടുക്കുന്ന കള്ള് ആയിരുന്നിരിക്കണം പ്രാചീന മലയാളിയുടെ പ്രിയമദ്യം. പിന്നെ പിന്നെ അതിനു ലഹരി പോരാ എന്ന് തോന്നിയ ഏതെങ്കിലും വിരുതന്മാർ ആയിരിക്കും കള്ളോ പഴങ്ങളോഅത് പോലുള്ള മറ്റു വസ്തുക്കളോ പുളിപ്പിച്ച് വാറ്റി പട്ടച്ചാരായം ഉണ്ടാക്കാം എന്ന് കണ്ടു പിടിച്ചതെന്നും കരുതാം. പഴമക്കാർ ഔഷധമായിപ്പോലും മദ്യം ഉപയോഗിച്ചിരുന്നത്രേ.

തെങ്ങ്, പന എന്ന അടിസ്ഥാന വർഗീകരണത്തിൽ ഒതുങ്ങാത്ത കള്ളുകളും കേരളത്തിൽ നിലവിൽ ഉണ്ടായിരുന്നു. മൂക്കാത്ത നെല്ല് കൊയ്ത് എടുത്ത് പുളിപ്പിച്ചുണ്ടാക്കുന്ന 'നെങ്കള്ള്' വളരെ എളുപ്പത്തിൽ ഉണ്ടാക്കാവുന്ന മദ്യമായിരുന്നത്രേ. വനവാസികൾക്കും കർഷകർക്കും വളരെ പ്രിയപ്പെട്ട സാധനമായിരുന്നത്രേ നെങ്കള്ള്. കരിമ്പ് നീരിൽ നിന്ന് ഉരുത്തിരിച്ചെടുക്കുന്ന 'കുന്തക്കള്ള്', ശര്‍ക്കര കലക്കി പല തരം ഔഷധങ്ങളും സാധനങ്ങളും സുഗന്ധവ്യജ്ഞനങ്ങളും ചേര്‍ത്തുണ്ടാക്കുന്ന 'മധുരക്കള്ള്', സോമതല എന്ന ഔഷധ സസ്യത്തിൽ നിന്നും ഉണ്ടാക്കുന്ന 'പിറമ്പരണ്ടക്കള്ള്', നെല്ലിൽ നിന്നും ഉണ്ടാക്കുന്ന മലർ പൊടിച്ചെടുത്ത് ചില കിടു പിടി സാധനങ്ങള്‍ ചേര്‍ത്ത് ഉണ്ടാക്കിയിരുന്ന 'പൊരിങ്കള്ള്', കൂടുതൽ ലഹരിയ്ക്ക് വേണ്ടി കഞ്ചാവ് കൂടി ചേര്‍ത്ത് ഉണ്ടാക്കിയിരുന്ന 'രാമരസം' തുടങ്ങിയവയായിരുന്നത്രേ  പ്രാചീന മലയാളിയുടെ പ്രധാന മദ്യങ്ങള്‍.

എന്നാല്‍ ഏതോ മിടുക്കന്മാർ, കൂടുതൽ ലഹരിക്ക്‌ വേണ്ടി, കള്ള് എന്ന താരതമ്യേന അസംസ്കൃതമായ ലഹരി പാനീയത്തെ വാറ്റി എടുത്ത് ചാരായമാക്കാന്‍ തുടങ്ങിയതോടെ മദ്യത്തിന്റെ അടുത്ത കാലഘട്ടം ആരംഭിച്ചിരിക്കണം. പിന്നീട് ഇവിടെ കച്ചവടത്തിന് വന്നു ഇവിടെ കീഴടക്കി ഭരിച്ച വിദേശികളുടെ കൈയിലൂടെ വിദേശ മദ്യങ്ങൾ ഇവിടെ എത്തിക്കാണണം. പതുക്കെ പതുക്കെ വിദേശി സമ്പര്‍ക്കത്തിൽ നിന്ന് മലയാളിക്ക് വിദേശമദ്യത്തോടുള്ള താല്പ്പര്യം കൂടിക്കാണണം. ഇതെല്ലാം ചരിത്രകാരന്മാരുടെ ഊഹങ്ങളാണ്. വിദേശികൾ ക്ളബ്ബുകൾക്കും അതിലെ മദ്യ സൽക്കാരങ്ങൽക്കും കൊടുത്ത പ്രാധാന്യം ക്രമേണ തദ്ദേശീയരായ ആളുകൾക്കും ഇത്തരം കാര്യങ്ങളോട് താല്പ്പര്യം വളർത്തി. വിദേശ ഭരണത്തിന്റെ വ്യാപ്തി നാട്ടിൻ പുറങ്ങളിലേക്കും എത്തിയതോടെ കേരളത്തിന്റെ എല്ലാ ഭാഗത്തും വിദേശമദ്യത്തിന് കൂടുതല്‍ പ്രചാരം കിട്ടിഎന്നും കരുതാം. കേരള ചരിത്രം പരിശോധിച്ചാൽ തിരുവിതാംകൂര്‍ സര്‍ക്കാര്‍ കാലാ കാലങ്ങളില്‍ മദ്യവില്പനയും മദ്യം നിര്‍മാണവും വിദേശമദ്യവും സംബന്ധിച്ച ഉത്തരവുകള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ചെത്തുകാരെ സംരക്ഷിക്കാന്‍ 1817 ല്‍ സ്വാതിതിരുനാളിനുവേണ്ടി ഭരണം നടത്തിയ റാണി പാര്‍വതിഭായി കള്ള് എടുക്കാനുള്ള തെങ്ങുകളുടെ കരം പിന്‍വലിച്ചു. ആ വര്‍ഷം തന്നെയാണ് കള്ള്, ചാരായം എന്നിവ നിര്‍മിച്ച് വില്‍ക്കുന്നതിന് ലൈസന്‍സ് ഏര്‍പ്പെടുത്തികൊണ്ട് വിളംബരം പുറപ്പെടുവിച്ചത്. ഇതോടെ മദ്യവില്പനയ്ക്ക് ആദ്യം നിയന്ത്രണം വന്നു. കേരളത്തില്‍ നിര്‍മിക്കുന്ന മദ്യത്തിനും വിദേശത്തുനിന്ന് കൊണ്ടുവരുന്ന മദ്യത്തിനുമെല്ലാം തിരുവിതാംകൂറില്‍ മാറി മാറി വന്ന രാജക്കന്മാര്‍ ശക്തമായ നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരുന്നത്.

സ്വാതന്ത്ര്യസമരകാലത്ത്  മദ്യഷാപ്പുകള്‍ക്ക് എതിരെ  വ്യാപകമായി  സമരം നടന്നിരുന്നു. ഇവിടത്തെ മദ്യാസക്തിയെ സാക്ഷാൽ ഗാന്ധിജി വരെ രൂക്ഷമായി വിമർശിച്ചിട്ടുണ്ട്. ശ്രീ നാരായണ ഗുരുവും മദ്യത്തിനെതിരെ ബോധവൽക്കരണം നടത്തിയിട്ടുണ്ട്. സ്വാതന്ത്ര്യലബ്ധിയോടെയാണ് കേരളത്തിലെ മദ്യ മേഖല ശക്തി പ്രാപിച്ചത്. കള്ളിനും ചാരായത്തിനുമൊപ്പം വൈനും ബിയറും ഇന്ത്യൻ നിർമ്മിത വിദേശമദ്യങ്ങളും മലയാളികൾക്കിടയിൽ പ്രിയങ്കരമായിത്തുടങ്ങി. എന്നാൽത്തന്നെയും, തൊണ്ണൂറുകളുടെ പകുതി വരെ കള്ളും ചാരായവും തന്നെയായിരുന്നു കൂടുതൽ മലയാളികളും ഉപയോഗിച്ചിരുന്നത്.

അങ്ങനെയിരിക്കെയാണ്, ഉണ്ണാനിരുന്ന നായർക്കൊരു വിളി വന്നു എന്ന ചൊല്ലിനെ ഓർമ്മിപ്പിച്ചു കൊണ്ട്, 1996 - ൽ നിയമസഭാതെരഞ്ഞെടുപ്പ് തന്ത്രങ്ങളുടെ ഭാഗമായി ആന്റണിയുടെ നേതൃത്വത്തിലുള്ള ഐക്യജനാധിപത്യ മുന്നണി കേരളത്തിൽ ചാരായം നിരോധിച്ചത്. ഭർത്താവിന്റെ മുഴുക്കുടി മൂലം കണ്ണീര് കുടിച്ച് ജീവിക്കുന്ന "കള്ള് കുടിയന്മാരുടെ" ഭാര്യമാരുടെ കണ്ണിലുണ്ണിയായി അടുത്ത ഭരണം പിടിക്കാമെന്ന ആന്റണിയുടെ മോഹം നടന്നില്ല എന്ന് മാത്രമല്ല ചാരായനിരോധനം "മദ്യ"കേരളത്തിന്റെ കുടിശീലങ്ങളെ മാറ്റി മറിച്ചു എന്നതാണ് സത്യം. കേരളത്തിലെ ‘സാധാരണക്കാരന്റെ’യും പാവപ്പെട്ടവന്റെയും ജീവിതം ചാരായമടിച്ച് നശിച്ചു പോകുന്നത് തടയാനെന്ന പേരിൽ നടത്തിയ ഈ അഭ്യാസം മലയാളിയുടെ ജീവിതത്തെ എങ്ങിനെ മാറ്റിമറിച്ചു എന്ന് ചിന്തിക്കുന്നത് രസകരമായിരിക്കും. ചാരായ നിരോധത്തിന് ശേഷം പാവപ്പെട്ട പട്ടയടിക്കാരുടെ സാമ്പത്തിക സംതുലനമാണ് അട്ടിമറിക്കപ്പെട്ടത്. പകലന്തിയോളം പണി ചെയ്തിട്ട് 10 രൂപയ്ക്ക് ചാരായം കുടിച്ച് ഒരു താറാമുട്ടയും കഴിച്ച് ബാക്കി കാശുമായി വീട്ടിൽ പോയിരുന്ന മലയാളി ഉയർന്ന വിലയുള്ള വിദേശമദ്യം കുടിക്കുന്നത് പരിചയിച്ചു. ഒറ്റക്കു ഒരു കുപ്പി വാങ്ങാൻ പാങ്ങില്ലാത്തവർ ഷെയർ ഇട്ടടിച്ചു. അപ്പോഴും പോക്കറ്റ് ഒട്ടയാവുമെന്ന യാഥാർത്ഥ്യം നില നിന്നു. അത്യാവശ്യം കിന്റാവാൻ പാകത്തിന് കഴിച്ചാൽ കുടുംബത്തിന് അരിയും സാമാനങ്ങളും വാങ്ങാൻ പണമുണ്ടാവില്ല എന്ന നിലയിലേക്ക് കാര്യങ്ങൾ നീങ്ങി. 1984 മുതല്‍ ചാരായ വില്‍പ്പനയും നിയന്ത്രണവും കയ്യാളിയിരുന്ന, കേരള സ്റ്റേറ്റ് ബീവറെജസ് കോര്‍പറേഷന്‍ എന്ന സ്ഥാപനം ചാരായ നിരോധനത്തോടനുബന്ധിച്ചുണ്ടായ കച്ചവട സാധ്യത പരമാവധി ചൂഷണം ചെയ്തു സംസ്ഥാനത്ത് ഏറ്റവുമധികം ലാഭം കൊയ്യുന്ന പൊതുമേഖലാ സ്ഥാപനങ്ങളിൽ ഒന്നായി മാറി. ലോ ക്ളാസ്സിന്റെ പ്രതിനിധിയായി ജീവിച്ചിരുന്ന ചാരായം കുടിക്കുന്നവൻ അഥവാ പട്ടയടിക്കുന്നവന്‍, ക്രമേണ ‘സ്ഥിരമായി രണ്ട് സ്മോള്‍ വിദേശമദ്യം വിടുന്ന’ ആള്‍ മാന്യനും ആയി പരിവർത്തനം ചെയ്യപ്പെട്ടു. കള്ളിന് വേണ്ടത്ര വീര്യവും മാന്യതയും വിശ്വാസ്യതയുമില്ലാത്തതിനാൽ നാടുനീളെ ബാറുകളും ബെവ്കോ ഔട്ട്‌ ലെറ്റുകളും കൊണ്ട് നിറഞ്ഞു. ബാറുകൾ സമൂഹത്തിലെ മുന്തിയവരുടെ ഡെസ്റ്റിനേഷൻ എന്ന നിലയിൽ നിന്ന് എല്ലാ വിഭാഗം ആളുകളുടെയും അവശ്യസർവീസ് പ്രൊവൈഡർ എന്ന നിലയിലേക്ക് മാറി. മദ്യം പാർസൽ വേണമെങ്കിൽ വളരെ ഉയർന്ന വിലക്ക് ബാറിൽ നിന്നോ "ന്യായവിലക്ക്" ബെവ്‌കോ ഔട്‍ലെറ്റുകളിൽ ക്യൂ നിന്നോ വാങ്ങണമെന്ന സ്ഥിതി വന്നു. അടിസ്ഥാനസൗകര്യങ്ങളുടെയും വൃത്തിയുടെയും കാര്യത്തിൽ നിലവാരമില്ലാത്ത ബിവറേജസ് ഔട്ട്ലെറ്റുകളെ ലജ്ജിപ്പിച്ചു കൊണ്ട് കെട്ടിലും മട്ടിലും മനോഹരമായ പ്രീമിയം സെല്ഫ് സർവീസ് ഔട്ട്ലെറ്റുകൾ ബെവ്‌കോ ആരംഭിച്ചു. കേരള സംസ്ഥാനം രൂപവല്ക്കരിച്ച സമയത്തെ അഡ്മിനിസ്‌ട്രേഷന്‍ റിപ്പോര്‍ട്ട് അനുസരിച്ച് 32 വിദേശമദ്യ മൊത്തക്കച്ചവടക്കാരും, 24 ചെറുകിട കച്ചവടക്കാരും വിദേശമദ്യം വിളമ്പുന്ന 16 ക്ളബ്ബുകളുമാണ് ഇവിടെ ഉണ്ടായിരുന്നതെന്ന് കാണാം. അവിടെ നിന്നാണ് മുക്കിലും മൂലയിലും വിദേശമദ്യം കിട്ടുമെന്ന നില വന്നത്. രാഷ്ട്രീയത്തേയും അധികാരകേന്ദ്രങ്ങളേയും നിയന്ത്രിക്കുന്ന വൻ ശക്തിയായി മദ്യലോബി മാറി.

പിന്നെ കഴിഞ്ഞ ഉമ്മൻ ചാണ്ടി സർക്കാരിന്റെ അവസാന കാലത്ത്, ഒറ്റനോട്ടത്തിൽ ഐതിഹാസികമെന്നു തോന്നാവുന്ന മദ്യനയം പ്രഖ്യാപിക്കപ്പെട്ടു. ഘട്ടം ഘട്ടമായി മദ്യനിരോധനം നടപ്പിലാക്കും; ബാറുകളെല്ലാം അടക്കും; ബിവറേജസ് ഔട്ട്‌ലെറ്റുകളുടെ എണ്ണം ഓരോ വർഷവും 10 ശതമാനം വീതം കുറയ്ക്കും; പുതിയ ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ തുറക്കില്ല; കള്ള് ചെത്ത് വ്യവസായത്തെ പ്രോത്സാഹിപ്പിക്കും; ഞായറാഴ്ച്ചകളില്‍ മദ്യവില്‍പ്പന അനുവദിക്കില്ല; ബാര്‍ തൊഴിലാളികളെ പുനരധിവസിപ്പിക്കും; ബിവറേജസ് കോര്‍പ്പറേഷന്‍റെ വരുമാനത്തില്‍ നിന്ന് ഒരു ശതമാനം ഇതിനായി നീക്കിവെക്കും; ബാര്‍ തൊഴിലാളികള്‍ക്ക് സ്വയംതൊഴില്‍ കണ്ടെത്താനുള്ള സാമ്പത്തിക സഹായം ഉറപ്പുവരുത്തും; ഫൈവ് സ്റ്റാര്‍ ഹോട്ടലുകളല്ലാത്ത മറ്റു സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് ലൈസന്‍സ് നല്‍കില്ല; പത്തു വര്‍ഷത്തിനകം കേരളത്തെ മദ്യരഹിതമാക്കും; മദ്യാസക്തി കുറയ്ക്കാന്‍ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കും; സമ്പൂര്‍ണ മദ്യനിരോധനത്തിലുപരി മദ്യ വര്‍ജ്ജനമാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്; ഇതിനായി മദ്യ ഉപഭോഗത്തിന്റെ അളവ് കുറയ്ക്കുക, ഡ്രൈ ഡെകളുടെ എണ്ണം വര്‍ധിപ്പിക്കുക, വീര്യം കൂടിയവയ്ക്ക് പകരം വീര്യം കുറഞ്ഞ മദ്യം പ്രോത്സാഹിപ്പിക്കുക തുടങ്ങിയവയാണ് യുഡിഎഫിന്റെ ലക്‌ഷ്യം.... ഹൌ ഹൌ...ഓർത്താൽ തന്നെ കോൾമയിർ കൊണ്ട് പോകാവുന്ന ഈ പ്രഖ്യാപനങ്ങൾ കേട്ട് മധുര മനോജ്ഞ മദ്യ രഹിത കേരളം സംജാതമാകുമോ എന്ന് പോലും  ശുദ്ധഹൃദരും നിഷ്കളങ്കമാനസറും ഒരു വേള ശങ്കിച്ച് പോയി. പക്ഷെ, സ്വസ്ഥമായോ അസ്വസ്ഥമായോ ഇരുന്നോ നിന്നോ മദ്യം കഴിക്കാനുള്ള കുറച്ച് ഇടങ്ങൾ മാത്രമാണ് പൂട്ടിയതെന്നും മറ്റൊന്നും പ്രയോഗത്തിൽ വരാൻ പോകുന്നില്ലെന്നും ചിന്തിക്കുന്ന അൽപ്പബുദ്ധികൾക്ക് പോലും മനസിലാകുമായിരുന്നു.

മറ്റു പല കാരണങ്ങൾക്കുമൊപ്പം ഊജ്വലമായ മദ്യനയം കൂടിയായപ്പോൾ "മഹത്തായ" ഉമ്മൻ‌ചാണ്ടി സർക്കാർ മാറി പിണറായി വിജയൻറെ നേതൃത്വത്തിലുള്ള ഇടതുപക്ഷമുന്നണി സർക്കാർ അധികാരത്തിൽ വന്നു. തിരഞ്ഞെടുപ്പിന് മുൻപ് പറഞ്ഞ പ്രഖ്യാപിത നിലപാടുകൾ പലതും മറന്നു. ഒട്ടേറെ ബാറുകൾ അനുവദിക്കപ്പെട്ടു. പ്രീമിയം സെല്ഫ് സർവീസ് ലിക്കർ സെയിൽ കൗണ്ടറുകളുടെ എണ്ണം വർധിച്ചു. ഒടുക്കം പബ്ബുകൾക്കും മൈക്രോ ബ്രൂവറികൾക്കും അനുമതി നൽകാനും അത്യാധുനിക സൗകര്യമുള്ള കള്ളുഷാപ്പുകള്‍ക്കും അനുമതി നൽകാനും പദ്ധതിയുണ്ടെന്ന് കേട്ടിരുന്നു. ഇതിനിടെയാണ് ഒരശനിപാതം പോലെ കോവിഡ് 19 മഹാമാരി പൊട്ടിപ്പുറപ്പെട്ടത്. സോഷ്യൽ ഡിസ്റ്റൻസിങ് ഉറപ്പാക്കാനുള്ള നടപടികളുടെ ഭാഗമായി മനസില്ലാമനസോടെ സർക്കാരിന് മദ്യവിൽപ്പന നിർത്തി വെക്കേണ്ടി വന്നു. ഇതിനിടെ ഓൺലൈൻ  ആയി മദ്യം വിൽക്കാൻ സർക്കാരിനോട് നിർദ്ദേശിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച ആൾക്ക് മദ്യം ആവശ്യവസ്തുവല്ലാതിരിക്കെ ഇക്കാര്യം പറഞ്ഞ് കോടതിയുടെ സമയം മെനക്കെടുത്തിയതിന് അര ലക്ഷം രൂപ പിഴയടിച്ചു. മാസങ്ങൾ നീണ്ട ലോക്ക് ഡൗണിനൊടുവിൽ സംസ്ഥാനങ്ങൾക്ക് വേണമെങ്കിൽ മദ്യം വിൽക്കാൻ കേന്ദ്രസർക്കാർ അനുമതി കൊടുത്തു. ഓൺലൈൻ വഴി മദ്യം വിൽക്കാൻ സംവിധാനമൊരുക്കിക്കൂടെ എന്ന് സുപ്രീം കോടതി സംസ്ഥാന സർക്കാരുകളോട് ചോദിക്കുകയും ചെയ്തു. സോഷ്യൽ ഡിസ്റ്റൻസിങ് ഉറപ്പാക്കാൻ, ലോക്ക്ഡൗണ്‍ ഇളവുകളുടെ ഭാഗമായി തുറന്ന മദ്യശാലകള്‍ അടയ്ക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജിയുമായി സുപ്രീംകോടതിയെ സമീപിച്ച അഭിഭാഷകന് ഒരുലക്ഷം രൂപ പിഴ ചുമത്തിയതും ശ്രദ്ധേയമായി. ലോക്ക് ഡൗൺ ഇളവുകളുടെ ആദ്യഘട്ടത്തിൽ മറ്റ് പല സംസ്ഥാനങ്ങളും മദ്യവിൽപ്പന പുനരാരംഭിച്ചെങ്കിലും കേരളം അത് ചെയ്തില്ല. ഇപ്പോൾ Bev Q എന്നൊരു മൊബൈൽ ആപ്പിന്റെ സഹായത്തോടെ വെർച്യുൽ ക്യു സിസ്റ്റത്തിൽ മദ്യവിൽപ്പന പുനരാരംഭിച്ചു. കേരളത്തിന്റെ മദ്യ ചരിത്രത്തിൽ പുതിയൊചുവട് വയ്പ്പാണ് Bev Qവഴിയുള്ള മദ്യവിൽപ്പന.

കാലാകാലങ്ങളിൽ മദ്യവർജ്ജനബോധവൽക്കരണ പ്രസ്ഥാനങ്ങളും ക്രൈസ്തവസഭകളും മറ്റ് സമുദായ നേതാക്കളും നിരവധി ഘട്ടങ്ങളിൽ എന്നപോലെ ഇപ്പോഴും സമ്പൂർണ്ണ മദ്യനിരോധനം എന്ന ആവശ്യം ഉന്നയിച്ചെങ്കിലും മധ്യധനം സർവ്വധനാൽ പ്രധാനം എന്ന തത്വത്തിൽ അധിഷ്ഠിതമായി പ്രവർത്തിക്കുന്ന സർക്കാർ ആ ആവശ്യം അവഗണിച്ചു എന്ന് പ്രത്യേകം എടുത്തു പറയേണ്ട കാര്യമേയില്ല.

ഇതിൽക്കൂടുതൽ എഴുതി ബോറടിപ്പിക്കുന്നില്ല. ഈ ചരിത്രത്തിൽ നിന്ന് മനസിലാക്കി അംഗീകരിക്കേണ്ട ചില കാര്യങ്ങളുണ്ട്. 

1. മദ്യം നിരോധിക്കാം; പക്ഷെ, മനുഷ്യന്റെ  ശീലങ്ങളും സന്തോഷങ്ങളും നിരോധിക്കാനാവില്ല.
2. അടിക്കുന്നവർ ഉള്ളിടത്തോളം ഇവിടെ സാധനം സുലഭമായി കിട്ടും; അത് ചിലപ്പോ വ്യാജനോ കടത്തിയതോ ഒക്കെ ആയിരിക്കും. സാധനം കിട്ടാനുണ്ടെങ്കിൽ അടിക്കാൻ ആളും ഉണ്ടാകും. ഈ പരസ്പര പൂരകത്വം നിലനിൽക്കുന്നിടത്തോളം ഇത് മുഴുവൻ ഇല്ലാതാക്കാൻ ഏതു ഭരണാധികാരി ആണേലും ഇച്ചിരി  ബുദ്ധിമുട്ടും
3. മദ്യലഭ്യത കുറയുന്നതോടെ കഞ്ചാവോ മയക്ക് മരുന്നോ പോലുള്ള ലഹരി വസ്തുക്കളുടെ ഉപഭാഗം കൂടും
4. കേരളത്തിലെ മദ്യ മേഖല ഈ നിലക്കെത്തിച്ചതിൽ ഇത് വരെ മാറി മാറി ഭരിച്ച രണ്ട് പക്ഷങ്ങൾക്കും ഒരു പോലെ പങ്കുണ്ട്. 

മദ്യത്തിന്റെ ലഭ്യത കുറച്ചാല്‍ മദ്യപാനം കുറയുമെന്ന വാദം ഒരു വിധത്തിലുള്ള പഠനത്തിന്റെയോ അനുഭവത്തിന്റെയോ അടിസ്ഥാനത്തിൽ ആണെന്ന് എനിക്ക് തോന്നുന്നില്ല. നമ്മുടെ സമൂഹത്തിന്റെ കപട ധാര്‍മ്മിക-സാന്മാര്‍ഗിക മനോഭാവത്തിന്റെ മുൻവിധികളിൽ നിന്ന് ഉയരുന്നതാണ്. ധാര്‍മ്മിക-സാന്മാര്‍ഗിക വിദ്യാഭ്യാസം നടത്തേണ്ടത് മതവും ആത്മീയതയും കൈകാര്യം ചെയ്യുന്നവരുടെ ഉത്തരവാദിത്തമാണ്. ഭരണാധികാരികള്‍ക്ക് ചെയ്യാവുന്നതും ചെയ്യേണ്ടതും പരമാവധി ബോധവല്‍ക്കരണം നടത്തുക എന്നതാണ്. മദ്യം കുടിക്കണോ, എത്ര കുടിക്കണം, അതില്‍ എത്ര നിയന്ത്രണങ്ങള്‍ വേണം എന്നൊക്കെയുള്ളത് വ്യക്തിപരമായ തിരഞ്ഞെടുപ്പുകളുടെ വിഷയമാണ്. മദ്യോപഭോഗം ക്രമസമാധാനത്തെയും പൊതു സുരക്ഷയെയും പൗരന്റെ സ്വൈര്യജീവിതത്തെയും ബാധിക്കാതെ നോക്കുക മാത്രമാണ് ഭരണകൂടത്തിന്റെ കർത്തവ്യം.

(**ചരിത്ര രേഖകൾക്ക് മാതൃഭൂമി പത്രത്തിൽ മുൻപ് വന്ന ഒരു ലേഖനത്തോടു കടപ്പാട്)

ഇതേ വിഷയത്തിൽ മുൻപ് എഴുതിയ ലേഖനം വായിക്കാൻ ഇവിടെ ക്ളിക്ക് ചെയ്യുക ==>  മദ്യത്തോടും മദ്യം കഴിക്കുന്നവരോടും കേരളം എന്താണ് ഇങ്ങനെ പെരുമാറുന്നത്.......!!!!???

ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക

അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക

1 comment:

  1. കൊള്ളാം കേട്ടോ നമ്മുടെ 'മദ്യ ചരിതം  '...

    ReplyDelete