Tuesday, 10 August 2021

കറൻസി നോട്ടിന് പകരം പോസ്റ്റൽ സ്റ്റാമ്പ് ഉപയോഗിച്ച കാലം


റഷ്യയിൽ 1917-ലെ ഫെബ്രുവരി വിപ്ലവത്തോടെ സാർ ചക്രവർത്തിയായിരുന്ന നിക്കോളാസ് രണ്ടാമൻ സ്ഥാനമൊഴിയേണ്ടതായി വന്നു. തുടർന്ന് ജോർജി എൽവോവ് (Prince Georgy Yevgenyevich Lvov)-ന്റെ നേതൃത്വത്തിൽ ഒരു താൽക്കാലിക സർക്കാർ (Provisional Government) സ്ഥാപിതമായി. പെട്രോഗ്രാഡിൽ (ഇപ്പോൾ സെന്റ് പീറ്റേഴ്‌സ്ബർഗ്) വച്ചായിരുന്നു ആയിരുന്നു ആ സർക്കാർ രൂപീകരിക്കപ്പെട്ടത്. വിപ്ലവാനന്തര റഷ്യയിൽ ഭരണഘടനാപരവും ജനാധിപത്യപരവുമായ രാഷ്ട്രീയ സംവിധാനം സ്ഥാപിക്കുക, സാമൂഹിക-സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കുക, ഒന്നാം ലോക മഹായുദ്ധത്തിൽ റഷ്യയുടെ ഇടപെടൽ തുടരുക എന്നിവ ലക്ഷ്യമിട്ടുള്ള ഒന്നായിരുന്നു ആ സർക്കാർ. പൊതുവെ മിതവാദികളും ലിബറലുകളുമായിരുന്നു ഈ സർക്കാരിന് പിന്നിൽ 
നിലവിലുള്ള യുദ്ധം, സാമ്പത്തിക ബുദ്ധിമുട്ടുകൾ, സമൂലമായ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ, പ്രത്യേകിച്ച് വ്‌ളാഡിമിർ ലെനിന്റെ നേതൃത്വത്തിലുള്ള ബോൾഷെവിക്കുകളുടെ ഉയർച്ച എന്നിവ ഉൾപ്പെടെ നിരവധി വെല്ലുവിളികൾ ഈ സർക്കാർ നേരിട്ടു. അക്കാലത്ത്, തൊഴിലാളികളുടെയും പട്ടാളക്കാരുടെയും കൗൺസിലായ പെട്രോഗ്രാഡ് സോവിയറ്റുമായി അധികാരം പങ്കിടുന്ന രീതിയിലുള്ള Duel Power (ഇരട്ട അധികാരം) സ്ഥിതിവിശേഷവും താൽക്കാലിക ഗവൺമെന്റിന് നേരിടേണ്ടി വന്നു. ഈ ഇരട്ട അധികാര ക്രമീകരണം രാഷ്ട്രീയ അസ്ഥിരത സൃഷ്ടിച്ചു. റഷ്യക്കാർ അനുഭവിച്ചു കൊണ്ടിരുന്ന സാമൂഹ്യ രാഷ്ട്രീയ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ സംഭവിച്ച, താൽക്കാലിക ഗവൺമെന്റിന്റെ കഴിവില്ലായ്മ അതിനുള്ള ജന പിന്തുണ ഇല്ലാതാക്കി. The July Days, Kornilov Affair തുടങ്ങിയ പ്രക്ഷോഭങ്ങളും താൽക്കാലിക സർക്കാരിനെ കൂടുതൽ ദുർബലപ്പെടുത്തി. 

മുൻപ് പറഞ്ഞത് പോലെ, താൽക്കാലിക ഗവൺമെന്റിന്റെ കാലത്തെ ഗുരുതരമായ സാമ്പത്തിക വെല്ലുവിളികളുടെ അനന്തരഫലമായി സാധാരണ കറൻസിയുടെ ക്ഷാമം അനുഭവപ്പെട്ടു. ഈ പ്രശ്നം പരിഹരിക്കാൻ, ചില സ്ഥാപനങ്ങൾ അടിയന്തര കറൻസികൾ ഇറക്കാൻ ആരംഭിച്ചു. ഇവ പലപ്പോഴും പരമ്പരാഗത രൂപങ്ങളിൽ നിന്ന് വ്യത്യസ്തമായിരുന്നു. അത്തരത്തിലുള്ള ഒരു രൂപമായിരുന്നു തപാൽ സ്റ്റാമ്പുകൾ താൽക്കാലിക കറൻസിയായി ഉപയോഗിച്ചത്. 
ഇതിന് പിറകിൽ "It circulates at par with copper coin" എന്ന് ഇംഗ്ലീഷിൽ അർത്ഥം വരുന്ന റഷ്യൻ ഭാഷയിലുള്ള ഒരു വാചകമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.  ഈ സ്റ്റാമ്പ് കറൻസികൾ ഗവൺമെന്റ് ഔദ്യോഗികമായി അനുവദിച്ചതല്ല, മറിച്ച് സാമ്പത്തിക അസ്ഥിരതയ്ക്കും പരമ്പരാഗത കറൻസിയുടെ ദൗർലഭ്യത്തിനും ഉള്ള ഒരു താൽക്കാലിക അനൗദ്യോഗിക പരിഹാരമായിരുന്നു. അത് ഒരു തരത്തിലും ഔപചാരികമോ സുസ്ഥിരമോ ആയ ഒരു പണ വ്യവസ്ഥ ആയിരുന്നില്ല എന്നത് ശ്രദ്ധിക്കേണ്ടതാണ്. 

ഒടുവിൽ, 1917-ൽ തന്നെ ഒക്ടോബർ വിപ്ലവത്തിൽ ബോൾഷെവിക്കുകൾ താൽക്കാലിക ഗവൺമെന്റിനെ അട്ടിമറിച്ച് ഭരണം കയ്യടക്കുകയും സോവിയറ്റ് റഷ്യ (USSR) നിലവിൽ വരികയും ചെയ്തു. പുതിയ സർക്കാർ സ്വന്തം കറൻസി അവതരിപ്പിക്കുകയും സമ്പദ്‌വ്യവസ്ഥയെ സുസ്ഥിരമാക്കാനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്തതോടെ Stamp Currency എന്ന സംവിധാനം ആവശ്യമില്ലാതെ വന്നു.

പ്രചാരത്തിൽ ഇല്ലെങ്കിലും സ്റ്റാമ്പ്, നോട്ട് എന്നിവ ശേഖരിക്കുന്നവരുടെ പ്രിയപ്പെട്ടവ  ആണ് ഈ സ്റ്റാമ്പ് നോട്ടുകൾ. ഒരർത്ഥത്തിൽ ലോകത്ത് ഇത് വരെ ഉപയോഗത്തിലിരുന്ന കറൻസികളിൽ ഏറ്റവും ചെറുത് ഇതാണെന്ന് വേണമെങ്കിൽ പറയാം. എന്നാൽ ഇതിനെ ഒരു കറൻസിയായി പോലും അംഗീകരിക്കാത്ത നോട്ട് ശേഖരണക്കാരുമുണ്ട്.  

No comments:

Post a Comment