Wednesday, 17 November 2021

സാറാ ബാർട്ട്മാൻ; നൂറ്റാണ്ടുകൾ നീണ്ട മനുഷ്യാവകാശ ധ്വംസനത്തിന്റെയും സ്ത്രീവിരുദ്ധതയുടെയും ഇര

 

ഒരു വ്യക്തിയുടെ ജീവിതത്തിലുണ്ടായ ക്രൂരമായ യാതനകൾ വായിച്ചിട്ട്, അത് കൊണ്ട് മനസ്സ് ദിവസങ്ങളോളം അസ്വസ്ഥമായിപ്പോയി എന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ എന്നെനിക്കറിയില്ല. 1789-ൽ ദക്ഷിണാഫ്രിക്കയിലെ ഈസ്റ്റേൺ കേപ്പിൽ ജനിച്ച സാറാ ബാർട്ട്മാൻ (Sarah Baartman) എന്ന കറുത്തവർഗ്ഗക്കാരിയാണ് ഒരു സാധാരണ മനുഷ്യന്റെ ഉള്ളുലക്കുന്ന യാതനതകൾക്ക് വിധേയയായ ആ സ്ത്രീ. രണ്ട് വയസ്സിൽ തന്റെ അമ്മയെയും നാല് വയസ്സിൽ അപ്പനെയും നഷ്‌ടമായ സാറ തീർത്തും അനാഥയായി. കാലിമേച്ചും കൃഷിചെയ്തും ജീവിച്ചു പോന്നിരുന്ന ഗുഹാവാസികളുടെ ഗോത്രത്തിലായിരുന്നു അവളുടെ ജന്മം. കൗമാരത്തിൽ തന്നെ ഒരു ഡ്രമ്മറുമായി അവളുടെ വിവാഹം കഴിഞ്ഞു. ആ ബന്ധത്തിൽ അവൾക്കൊരു കുട്ടിയുമുണ്ടായിരുന്നു. ആഫ്രിക്കയിൽ കോളനിവൽക്കരണം സംഭവിച്ചു കൊണ്ടിരിക്കുന്ന കാലമായിരുന്നു അത്. അധിനിവേശത്തിനിടയിൽ ഡച്ചുകാര്‍  കറുത്ത വര്‍ഗ്ഗക്കാരെ യാതൊരു ദയയുമില്ലാതെ കൊന്നു തള്ളിക്കൊണ്ടിരുന്നു. അതില്‍ അവളുടെ ഭര്‍ത്താവുമുൾപ്പെട്ടു. അയാൾ കൊല്ലപ്പെടുമ്പോള്‍ അവളുടെ  പ്രായം കേവലം 16 വയസ്സായിരുന്നു. ഭർത്താവിന്റെ മരണശേഷം ഉപജീവനമാർഗ്ഗം തേടി അവർ കേപ്ടൗണിലേക്ക് പോയി. അവിടെ അവൾ ഒരു വീട്ടിലെ വേലക്കാരിയുടെ തൊഴിൽ ചെയ്ത് ജീവിച്ചു വരികയായിരുന്നു.  

സാറ ജോലി ചെയ്തിരുന്ന വീട്ടിൽ നിന്നാണ് സാറയുടെ ദുർവിധി ആരംഭിക്കുന്നത്. അതിന് കാരണമായതാകട്ടെ അവളുടെ ശരീരത്തിന്റെ ചില പ്രത്യേകതകളും. സാറയുടെ മുതലാളി പീറ്റർ സീസറുടെ വീട്ടിലേക്ക് ഒരു ദിവസം രണ്ട് അതിഥികൾ വന്നെത്തി. പീറ്ററിന്റെ സഹോദരൻ ഹെൻറിക്ക് സീസറും അയാളുടെ സുഹൃത്ത് വില്യം ഡൺലപ്പുമായിരുന്നു ആ അതിഥികൾ. സാറായുടെ ശരീരത്തിന്റെ ഒരു പ്രത്യേകതയിൽ അവരുടെ ദൃഷ്ടി പതിഞ്ഞു. അൽപ്പം വലിപ്പം കൂടിയ നിതംബമുള്ള ശരീരഘടനയായിരുന്നു പൊതുവെ സാറ ഉൾപ്പെടുന്ന ഖോയ്ഖോയ് ഗോത്രവർഗക്കാരുടെ സ്ത്രീകൾക്കുണ്ടായിരുന്നത്. എന്നാൽ സാറയാകട്ടെ അതിലുമേറെ നിതംബവളർച്ചയുള്ള വ്യക്തിയായിരുന്നു.  ആ നിതംബ വലിപ്പം കുറച്ച് അസാധാരണവും ഏവരാലും ശ്രദ്ധിക്കപ്പെടുന്ന രീതിയിലും ഉള്ളതായിരുന്നു. സത്യത്തിൽ, നിതംബത്തിൽ അസാധാരണമായി കൊഴുപ്പടിഞ്ഞ് വണ്ണം വെക്കുന്ന Steatopygia എന്ന മെഡിക്കൽ കണ്ടീഷൻ ആയിരുന്നു അത്.  

സാറയുടെ പ്രത്യേക ശരീരഘടനയിൽ ആകൃഷ്ടരായ അതിഥികൾ അവളെ ലണ്ടനിലെത്തിച്ച് പ്രദർശിപ്പിച്ച്  പണമുണ്ടാക്കാനുള്ള പദ്ധതികൾ ആവിഷ്കരിച്ചു. വിവിധങ്ങളായ പ്രദർശന വേദികൾക്ക് പ്രശസ്തമായിരുന്നു അക്കാലത്തെ ലണ്ടൻ നഗരം. ഏതെങ്കിലും ഒരു പ്രദർശനശാലയുടെ നടത്തിപ്പുകാരനോ ഉടമയോ ആയിരിക്കുക എന്നത് വലിയ ഒരു സാമൂഹിക ഔന്നത്യമായി കൊണ്ടാടപ്പെട്ടിരുന്ന കാലമായിരുന്നു അത്.

വായിച്ചു നോക്കിയാൽ സാറക്ക് എളുപ്പം മനസിലാവാത്ത വിധത്തിലുള്ള ഇംഗ്ലീഷ് ഭാഷയിൽ തയ്യാറാക്കപ്പെട്ട ഒരു കരാറിന്റെ ബലത്തിൽ അവർ സാറയെ ലണ്ടനിലെത്തിച്ചു. 1810-ൽ ആയിരുന്നു അത്. സാമാന്യം തടിച്ച നിതംബം എന്നത് അന്ന് സൗന്ദര്യത്തിന്റെ മാനദണ്ഡമായി കരുതിയിരുന്ന യൂറോപ്യർക്കിടയിൽ സാറയും അവളുടെ നിതംബവും ചൂടുള്ള വാർത്തയായി. ആഫ്രിക്കൻ വംശജരായ സ്ത്രീകൾക്ക് പൊതുവെയും ഖോയ്ഖോയ് ഗോത്രത്തിലെ സ്ത്രീകൾക്ക് പ്രത്യേകിച്ചും ഗുഹ്യാവയവമായ ലേബിയക്ക് സാധാരണയിൽ കവിഞ്ഞ നീളമുണ്ടെന്ന് അക്കാലത്തെ യൂറോപ്യന്മാർക്കിടയിൽ ഒരു വിശ്വാസമുണ്ടായിരുന്നു. പരിഹാസം കലർത്തി അവർ അത്തരം ലേബിയയെ "Hottentot apron" എന്നായിരുന്നു വിശേഷിപ്പിച്ചിരുന്നത്. സാറയുടെ അവയവങ്ങളെ ഉദ്ധരിച്ചു കൊണ്ടുള്ള പാട്ടുകളൊരുക്കി പ്രദർശന നടത്തിപ്പുകാർ കാണികളെ പ്രദർശനത്തിലേക്ക് മാടി വിളിച്ചു. അവളുടെ സ്ഥൂലനിതംബത്തിന്റെ ചിത്രങ്ങൾ ലണ്ടൻ നഗര ഭിത്തികളിൽ ഒരു ലജ്ജയുമില്ലാതെ സ്ഥാനം പിടിച്ചു. പക്ഷിത്തൂവലുകൾ പിടിപ്പിച്ച ഇറുകിയ വസ്ത്രങ്ങളണിയിച്ച് അർദ്ധനഗ്നനായി സാറയെ അവർ പ്രദർശനത്തിന് നിർത്തി. പ്രദർശനത്തിന് നിർത്തിയിരിക്കുന്ന ഒരു മൃഗത്തെയെന്നതു പോലെ ഇരുമ്പുകൂട്ടിലാക്കിയായിരുന്നു സാറയെ വേദിയിലേക്ക് വലിച്ചു കൊണ്ടു വന്നിരുന്നതത്രെ. “കൂട്ടിലടച്ച ആഫ്രിക്കൻ  ഇരുകാലി മൃഗം’ എന്നായിരുന്നു സാറയെ പ്രദര്ശിപ്പിച്ചിരുന്നതിന്റെ പരസ്യവാചകം. സാറയുടെ അർദ്ധ നഗ്ന ശരീരം കാണാൻ ഇംഗ്ലീഷുകാർ കൂട്ടമായെത്തി. വർണ്ണവെറിയും വംശവെറിയുമെല്ലാം കച്ചവടത്തിന് ഇന്ധനമാകുന്ന കാലവുമായിരുന്നു അത്. യൂറോപ്പിന്റെ വിവിധ  ഭാഗങ്ങളിൽ നിന്നുള്ള ആളുകളെ അവൾ ഹഠാദാകർഷിച്ചു. കറുത്ത ശരീരങ്ങൾ ഒന്ന് കാണാൻ പോലും അപൂർവ്വമായിരുന്ന യൂറോപ്പിൽ വേണ്ടത്ര നാണം പോലും മറക്കാനാവാതെ കൂട്ടിനുള്ളിൽ ഞെളിപിരി കൊള്ളുന്ന സാറയെ നുള്ളിയും പിച്ചിയും വെള്ളക്കാർ ക്രൂരമായ ആനന്ദം കണ്ടെത്തി. അതി സമ്പന്നരുടെ വീടുകളിലെ സ്വകാര്യ പ്രദർശനങ്ങളിലും സാറ എത്തിക്കപ്പെട്ടു കൊണ്ടിരുന്നു. നിറവും രൂപവും നോക്കി പരിഹസിക്കുന്ന പെൺകാണികളുടെ കാഴ്ച്ചവസ്‌തുവും ആൺ നേരമ്പോക്കുകളുടെ കളിപ്പാട്ടവുമായി സാറ മാറി.   അവളെ അവർ വളരെ ഹീനമായ വാക്കുകളിൽ "Hottentot Venus" എന്നായിരുന്നു വിശേഷിപ്പിച്ചിരുന്നത്. 

എന്നാൽ ഇതിനിടെ, അടിമത്വത്തിനെതിരെ ചില മുന്നേറ്റങ്ങൾ ബ്രിട്ടനിൽ  ശക്തിയാർജ്ജിച്ചു. അടിസ്ഥാന മനുഷ്യാവകാശത്തെപ്പറ്റി ധാരണയുള്ള ഏതാനും പേരെങ്കിലും സാറ ബാർട്മാന്റെ അവകാശ നിഷേധത്തെ ചോദ്യം ചെയ്തു. എന്നാൽ, തന്നെ പ്രദർശനത്തിന് വയ്ക്കാൻ  സാറ സമ്മതം നൽകിയതായി പറയപ്പെടുന്ന സാക്ഷ്യപത്രം കാണിച്ച് പ്രദർശകനായ ഡൺലപ്പ് നിയമത്തിന്റെ കുരുക്കിൽ നിന്ന് വഴുതി മാറി. 1807-ൽ അടിമക്കച്ചവടം അവസാനിപ്പിച്ചു കൊണ്ടുള്ള നിയമം ലണ്ടനിൽ പ്രാബല്യത്തിൽ വന്നു. അതോടെ, പ്രദർശന സംഘാടകർ അവളേയും കൊണ്ട് ബ്രിട്ടണിലേക്കും അയർലന്റിലേക്കും പ്രദർശന യാത്രകൾ സംഘടിപ്പിച്ചു. പ്രദർശന ഷോകൾക്ക് വിലക്ക് വന്നേക്കാമെന്നതോടെ 1814-ൽ സീസർ, സാറയുമായി പാരീസിലേക്ക് പോയി. അവിടെ അവൾ മദ്യപാനശാലകളിലെ കസ്റ്റമേഴ്സ്സിനെ ആകർഷിക്കാൻ നിയോഗിതയായി. അയാൾ ഏറെക്കാലം അവളെ  ക്രൂരമായി ചൂഷണം ചെയ്ത് ധാരാളം സമ്പാദിച്ചുകൂട്ടി. ഒടുക്കം സീസർ അവളെ ഒരു മൃഗശാലക്കാരന് കൈമാറി ദക്ഷിണാഫ്രിക്കയിലേക്ക് തിരിച്ചു പോയി. പ്രദർശനവസ്തു എന്ന നിലയിലുള്ള ജീവിതത്തിനിടെ ഏകാന്തതയും വിഷാദവും സാറയെ പിടികൂടി. ഇക്കാലയളവിൽ അവൾ നിർബന്ധിത വ്യഭിചാരത്തിനും ഇരയാക്കപ്പെട്ടതായി പറയപ്പെടുന്നു. ഇതെല്ലം  സാറയെ ഒരു നിത്യ മദ്യപാനിയാക്കി മാറ്റി.

വംശീയ ശാസ്ത്ര പഠനങ്ങളുടെ ഒരു തുടക്കകാലമായിരുന്നു അത്. അക്കാലത്ത് പഠനാവശ്യങ്ങൾക്കായി സാറയുടെ ശരീരഘടന വരച്ചെടുക്കാനും അവളുടെ പ്രത്യേകതകൾ പഠിക്കാനുമായി പല ശാസ്ത്രകാരന്മാരും അവളെ സമീപിച്ചു. എന്നാൽ അവരുടെ മുന്നിൽ തന്റെ നഗ്നത പ്രദർശിപ്പിക്കാൻ സാറ വിസമ്മതം പ്രകടിപ്പിച്ചു.  

1815 ഡിസംബർ 29-ന്, സാറ അവളുടെ ഇരുപത്തിയാറാം വയസിൽ, പാരീസിലെ ഒരു സ്റ്റേജ് ഷോക്കിടയിൽ  മരിച്ചു വീണു.

സാധാരണ ഒരു മനുഷ്യനെ സംബന്ധിച്ച് എല്ലാ ദുരിതങ്ങളിൽ നിന്നും വിടുതൽ നൽകുന്ന ഒന്നായിരിക്കും മരണം. സാറയുടെ കാര്യത്തിൽ മരിച്ചിട്ടും തീർന്നില്ലായിരുന്നു അവളുടെ ദുരിതപർവ്വം. ജീവിച്ചിരുന്നപ്പോളെന്ന പോലെ മരണശേഷവും അവൾക്ക് ഒരു പ്രദർശന വസ്തുവായി തുടരേണ്ടി വന്നു. സാറയുടെ നിതംബവും ഗുഹ്യഭാഗങ്ങളും തലച്ചോറും അസ്ഥികൂടവും ഫ്രാൻസിലെ മ്യൂസിയ (Museum of Man)-ത്തിൽ പ്രദർശനത്തിനു വെക്കപ്പെട്ടു. പ്ലാസ്റ്റർ ഓഫ് പാരീസിൽ തീർത്ത അവളുടെ ഒരു പൂർണ്ണകായ ശില്പവും അതിനോടൊപ്പം സ്ഥാപിക്കപ്പെട്ടു.

1940-കളോടെ സാറയുടെ ഭൗതികാവശിഷ്ടങ്ങൾ ജന്മനാട്ടിലേക്ക് തിരിച്ചു കൊണ്ടു വരണമെന്നുള്ള ആവശ്യങ്ങൾ ഉയരാൻ തുടങ്ങി. ഈ കാലയളവിൽ പുറത്തിറങ്ങിയ ചില സാഹിത്യ രചനകളും സാറയുടെ നീതിക്ക് വേണ്ടി ശബ്ദമുയർത്തുന്നതായിരുന്നു. 1994-ൽ നെൽസൺ മണ്ടേല ദക്ഷിണാഫ്രിക്കൻ പ്രസിഡന്റായപ്പോൾ സാറയുടെ ഭൗതികാവശിഷ്ടങ്ങൾ സാറയുടെ ഭൗതിക ശരീരം വിട്ടുതരാൻ ഫ്രാൻസിനോട് ആവശ്യപ്പെട്ടു. ഫ്രഞ്ച് ദേശീയ അസംബ്ലിയിൽ നടന്ന നിരവധി ചർച്ചകൾക്കും സംവാദങ്ങൾക്കും ശേഷം 2002 മാർച്ച് ആറിന് ഫ്രാൻസ് ഈ അഭ്യർഥന അംഗീകരിച്ചു. ഒടുക്കം 2002 മെയ് 6-ന്, സർവ്വ വിധ നീതി നിഷേധങ്ങളുടെയും മനുഷ്യാവകാശലംഘനങ്ങളുടെയും ഇരയായി മരിച്ച സാറാ ബാർട്ട്മാന്റെ ഭൗതികാവശിഷ്ടങ്ങൾ സ്വന്തം ജന്മനാടായ Gamtoos Valley-യിൽ തിരിച്ചെത്തി. വളരെ ഉചിതമായ വരവേൽപ്പാണ് ആ തിരിച്ചുവരവിന് മണ്ടേല ഒരുക്കിയത്. 2002 ആഗസ്ത് 9-ന്, സമ്പൂർണ ഔദ്യോഗിക ബഹുമതികളോടെ, അവയെ ഹാർക്കി പട്ടണത്തിലെ വെർഗാസെറിംഗ്‌സ്‌കോപ്പിലെ കുന്നിൻ മുകളിൽ  അടക്കം ചെയ്തു.

1999-ൽ കേപ്ടൗണിൽ ആരംഭിച്ച, ഗാർഹിക പീഡനം അനുഭവിക്കുന്നവർക്കുള്ള അഭയ കേന്ദ്രത്തിന് സാർജി ബാർട്മാൻ സെന്റർ ഫോർ വിമൻ ആൻഡ് ചിൽഡ്രൻ എന്ന പേരാണ് കൊടുത്തത്. ദക്ഷിണാഫ്രിക്കയുടെ ആദ്യത്തെ ഓഫ്‌ഷോർ പ്രകൃതി സംരക്ഷണ കപ്പലിന്റെ പേരും സാറയെന്നാണ്. കേപ്ടൗൺ സർവകലാശാല ക്യാമ്പസിന്റെ മധ്യഭാഗത്തുള്ള ഹാളിന് സാറ ബാർട്മാൻ ഹാൾ എന്ന് പിൽക്കാലത്ത് പുനർനാമകരണം ചെയ്തു. ഒരു സാമൂഹ്യജീവി എന്ന നിലയിൽ മനുഷ്യൻ എത്ര മോശം മനോഭാവമുള്ളവർ ആയിരുന്നു എന്നും മനുഷ്യർ തമ്മിലുള്ള തുല്യത, ബഹുമാനം, ആധുനിക മനുഷ്യാവകാശങ്ങൾ എന്നിവയുടെ പ്രാധാന്യം എത്രത്തോളം പ്രധാനപ്പെട്ടതാണെന്നും ഓർമ്മിപ്പിക്കാൻ സാറാ ബാർട്ട്മാന്റെ കഥ സഹായിക്കട്ടെ.  

No comments:

Post a Comment