Friday, 28 February 2014

മോഹന്‍ലാലിന്‍റെ നരസിംഹത്തിലെ ഇന്ദുചൂഡന്‍ യഥാർത്ഥത്തിൽ ആരാണ്...!!!???

പ്രശസ്ത തിരക്കഥാകൃത്ത് രഞ്ജിത്ത് രചിച്ചു സംവിധായകന്‍ ഷാജി കൈലാസ്‌ സംവിധാനം ചെയ്ത് മോഹന്‍ലാല്‍ അഭിനയിച്ചു സൂപ്പര്‍ മെഗാ ഡ്യൂപ്പര്‍ ഹിറ്റാക്കിയ "നരസിംഹം" എന്ന മലയാള സിനിമയിലെ മോഹന്‍ ലാലിന്റെ പൂവള്ളി ഇന്ദുചൂഡന്‍ എന്ന കഥാപാത്രത്തിന്റെ അവതാരവൈവിധ്യവും ചിത്രത്തിൽ പരക്കെ മുഴച്ചു നില്ക്കുന്ന സ്ത്രീ വിരുദ്ധതയും ഹീറോയിസത്തിന്റെ സവിശേഷതകളും ആണ് എന്നെ തെല്ല് സംശയാലു ആക്കിയത്. "നായക സങ്കല്‍പ്പങ്ങളുടെ പൂര്‍ണ്ണത" എന്നായിരുന്നു ആ ചിത്രത്തിന്റെ പരസ്യ വാചകം. ഞാനും അന്ന് ആ സിനിമ കണ്ടു രോമാഞ്ചം അണിഞ്ഞ ഒരു വ്യക്തിയാണ്. എന്നാലും കഴിഞ്ഞ ദിവസം വീട്ടിലിരുന്നു ടി.വി.യില്‍ ആ പടം കണ്ടപ്പോൾ മുതല്‍ എനിക്ക് തോന്നി തുടങ്ങിയ സംശയങ്ങളാണ് ഇനി പറയുന്നത്; സത്യത്തിൽ ഈ കഥാപാത്രം ആരാണ് !?

പടത്തിന്റെ പേര് അനുസരിച്ച് നായകന്‍ സ്വഭാവപരമായി വിഷ്ണുവിന്റെ അവതാരമായ നരസിംഹമായിരിക്കണം. പടം തുടങ്ങുമ്പോള്‍ പാടുന്ന പാട്ടില്‍ നായകന്‍ പതിനാല് വര്‍ഷത്തെ വനവാസം കഴിഞ്ഞു വരുന്ന രാമനാണ്; ഭാഗ്യത്തിന് അത് വിഷ്ണുവിന്റെ തന്നെ അവതാരമാണ്. നായകനെ അവതരിപ്പിക്കുന്ന പാട്ട് വന്നപ്പോള്‍ വീണ്ടും നായകന്‍ നരസിംഹമാണ്. പടത്തില്‍ അദ്ദേഹത്തിന്റെ പേര് പറഞ്ഞപ്പോള്‍ വീണ്ടും കണ്‍ഫ്യൂഷന്‍ കൂടി. ഇന്ദുചൂഡന്‍ എന്നാണ് ചേട്ടന്റെ പേര്. നിഘണ്ടു അനുസരിച്ച്, അതാണെങ്കില്‍ ചന്ദ്രക്കല ചൂടിയ സാക്ഷാല്‍ പരമശിവന്‍. സിനിമയില്‍ ഇടയ്ക്കു നായകന്‍ അദ്ദേഹത്തിന്റെ തൃക്കണ്ണ്‍ തുറന്നു ഭസ്മമാക്കലിനെ പ്രതിപാദിക്കുന്നുണ്ട്. തൃക്കണ്ണും പരമശിവന്റെ ആണ്. തിലകന്റെ കഥാപാത്രത്തിന്റെ അന്ത്യനിമിഷത്തിലും നായകന്‍ ശിവനാണ് എന്നാണ് പറഞ്ഞു വയ്ക്കുന്നത്. ഇടഞ്ഞ കൊമ്പന്റെ കൃഷ്ണമണിക്ക് തോട്ടി കയറ്റിയാൽ പാതാളത്തിലേക്ക്‌ ചവിട്ടിത്താഴ്ത്തും എന്ന് ആക്രോശിക്കുന്ന ഒരു രംഗവുമുണ്ട്. പാതാളത്തിലേക്ക്‌ ചവിട്ടിത്താഴ്ത്തിയത് വിഷ്ണുവിന്റെ മറ്റൊരവതാരമായ വാമനനാണ്. എന്തായാലും നായകന്റെ ബ്രഹ്മ രൂപം എങ്ങും സൂചിപ്പിക്കുന്നില്ല എന്നതുകൊണ്ട് ആ വഴിക്കുള്ള കണ്‍ഫ്യൂഷന്‍ ഉണ്ടായില്ല.

ഇനി നായകന്‍റെ കയ്യിലിരിപ്പ് കണ്ടാലോ... സിനിമ തുടങ്ങുമ്പോള്‍  ഒരു വില്ലന്‍ മറ്റു വില്ലന്മാരോടൊപ്പം അച്ഛന്‍ വില്ലന്റെ ചിതാഭസ്മം പുഴയില്‍ നിമഞ്ജനം ചെയ്യാന്‍ വരികയാണ്. അത് തടഞ്ഞു നിമഞ്ജനം നടത്താതെ തിരിച്ചു വീട്ടില്‍ വിട്ടു കൊണ്ടാണ് നായകന്‍ അദ്ദേഹത്തിന്റെ ഹീറോയിസം കാണിക്കുന്നത്.അവസാന സീനില്‍ നായകന്റെ അച്ഛന്‍ മരിച്ചിട്ട് അന്ത്യകര്‍മ്മങ്ങള്‍ ചെയ്യുന്ന നായകനെ അവിടെ എത്തുന്ന വില്ലന്‍ സമാധാന പരമായി അത് ചെയ്തു തീര്‍ക്കാന്‍ അനുവദിക്കുന്നു. കര്‍മ്മങ്ങള്‍ കഴിഞ്ഞെഴുന്നേല്‍ക്കുന്ന നായകന്‍ വില്ലന്റെ അച്ഛന്റെ ചിതാഭസ്മം പുറം കാലിനു തട്ടി തെറിപ്പിക്കുന്നു. അത് പോരാഞ്ഞ് വില്ലന്മാരെ മുഴുവന്‍ അടിച്ചു ഊറക്കിടുന്നു.  മുഖ്യ വില്ലന്റെ കയ്യും കാലും പിരിച്ചൊടിക്കുന്നു. എന്നിട്ടൊരു സമാധാന സന്ദേശ പ്രഖ്യാപനം നടത്തുന്നു. മടപ്പള്ളി പവിത്രന്റെ സ്ത്രീ പീഡനത്തിൽ നിന്ന് നിസ്സഹായയായ ഒരു പെൺകുട്ടിയെ (പെൺകുട്ടി നായകന്റെ അർദ്ധ സഹോദരിയാണ്) രക്ഷിക്കാൻ അവതരിക്കുന്ന നായകൻ സ്ത്രീപക്ഷത്തല്ല എന്നതാണ് രസകരം. പവിത്രൻ ഈ നിലക്ക് പോയാൽ കൊടുക്കാൻ പോകുന്ന ശിക്ഷയിലാണ് അത് പറയുന്നത്; പവിത്രന്റെ വീട്ടിലെ സ്ത്രീകളെ നായകനും പീഡിപ്പിച്ച് പകരം വീട്ടും; അതിൽ നിന്ന് ഭാര്യ, അമ്മ , പെങ്ങൾ എന്ന് വേണ്ട പടിഞ്ഞാറ്റയിൽ അറ്റം നോക്കി കിടക്കുന്ന അമ്മൂമ്മയെപ്പോലും അദ്ദേഹം വെറുതെ വിടില്ലത്രേ. ഇതിലാരാണ് വില്ലന്‍...ആരാണ് നായകന്‍....

സ്ത്രീയെന്നാല്‍ പുരുഷൻ എന്ന കേന്ദ്ര ഗ്രഹത്തിനെ ചുറ്റി ഭ്രമണം ചെയ്യേണ്ട ഉപഗ്രഹം മാത്രമാണെന്ന് പറഞ്ഞു വയ്ക്കുന്ന ഒരവസാനവും. ‘വെള്ളമടിച്ച് കോണ്‍ തിരിഞ്ഞ് പാതിരാക്ക് വീട്ടി വന്നുകേറുമ്പോ ചെരിപ്പൂരി കാലുമടക്കി ചുമ്മാ തൊഴിക്കാനും തുലാവര്‍ഷ രാത്രികളില്‍ ഒരു പുതപ്പിനടിയില്‍ സ്‌നേഹിക്കാനും എന്റെകുഞ്ഞുങ്ങളെ പെറ്റുപോറ്റാനും ഒടുവിലൊരുനാള്‍ വടിയായി തെക്കേപറമ്പിലെ പുളിയന്‍മാവിന്റെ വിറകിനടിയില്‍ എരിഞ്ഞു തീരുമ്പോ നെഞ്ചു തല്ലി കരയാനും എനിക്ക് ഒരു പെണ്ണിനെ വേണം‘. ചുമ്മാ തൊഴിക്കാനും കാമപൂർത്തി ഉപകരണമായും കുഞ്ഞുങ്ങളെ പെറ്റു പോറ്റാനും ചാവുമ്പോൾ വിലപിക്കാനും ഒക്കെയായി സ്ത്രീകളെ ആഗ്രഹിക്കുന്ന ശരാശരി പുരുഷന്റെ ഉടുപ്പ് ഒരു ദൈവ അവതാരത്തിനും ചേരാൻ വഴിയില്ല. എത്രയൊക്കെ മുറുക്കി കുത്തിയാലും ഏതെങ്കിലും പുരുഷന്റെ കൈ കൊണ്ട് അഴിയാനുള്ളതാണ് സ്ത്രീയുടെ മടിക്കുത്തെന്നും സംരക്ഷിച്ചു നിർത്താൻ ഒരു പുരുഷൻ ഇല്ലെങ്കിൽ പിന്നെ സ്ത്രീയുടെ മുൻപിലുള്ള ഏക പോംവഴി ബസ്‌ സ്റ്റാന്റിൽ സ്വയം വിൽക്കുക മാത്രമാണെന്ന് പ്രഖ്യാപിക്കുന്ന വില്ലനും സാമാന്യം നല്ല സ്ത്രീ വിരുദ്ധനാണ്.

പതിറ്റാണ്ടുകൾക്കിപ്പുറം, കുട്ടിക്കാണികളെ തിയേറ്ററുകളിലേക്ക് വല്ലാതെ ആകർഷിച്ച "ഫിലിപ്‌സ് ആന്റ് ദ മങ്കിപെന്നിലെ" മീശ കുരുക്കാത്ത നായകനായ  "റിയാന്‍ ഫിലിപ്പ് " എന്ന അഞ്ചാം ക്ലാസ്സുകാരനെക്കൊണ്ട് പറയിപ്പിച്ച ഇതേ ഡയലോഗിന്റെ പാരഡി കേട്ടപ്പോൾ സത്യത്തിൽ ഞെട്ടിപ്പോയി. 
‘ക്രിക്കറ്റ് കളിച്ച് ക്ഷീണിച്ച് കിടന്നുറങ്ങുമ്പോൾ എന്റെ മാത്ത്സ് ഹോം വര്‍ക്ക് ചെയ്യാനും, മണ്‍സൂണ്‍ കാലത്ത് സ്കൂളിൽ പോകുമ്പോൾ ഒരു പോപ്പി കുടയ്ക്കുള്ളിൽ സ്നേഹിക്കാനും ഒടുവില വർഷാവസാനം പരീക്ഷയിൽ ഞാൻ പൊട്ടുമ്പോൾ നെഞ്ചു തല്ലി കരയാനും എനിക്കൊരു പെണ്ണിനെ വേണം.... വില്‍ യു ബി മൈ ഗേള്‍’

തലമുറകൾക്ക് ശേഷവും കുഞ്ഞു നാവിലൂടെ "അവതാരം" പുനർജ്ജനിക്കുന്നു.... (വല്ലാത്തൊരു അവതാരം തന്നെ !!!)

ഇതെല്ലാം ഒരു പാവം സംശയാലുവിന്റെ സംശയങ്ങള്‍ മാത്രമാണേ.


ഇത്രയൊക്കെ സംശയങ്ങള്‍ ഉണ്ടെങ്കിലും  പടം ഭൂലോക ഹിറ്റ്‌ തന്നെയായിരുന്നു. പ്രദര്‍ശന ശാലകള്‍ നിറഞ്ഞു കവിഞ്ഞു. പടത്തിന്റെ ശില്‍പ്പികള്‍ കോടികള്‍ വാരിക്കൂട്ടി. 

ഇപ്പറഞ്ഞതിനർത്ഥം മോഹൻലാലും രഞ്ജിത്തും മാത്രം സ്ത്രീവിരുദ്ധരാണെന്നും മറ്റു "മഹാ"നടന്മാരോ അങ്ങനെ നടിക്കുന്നവരോ സിനിമാപ്രവർത്തകരോ സ്ത്രീവിരുദ്ധരാണെന്നും അല്ല... എല്ലാവരും അവരെക്കൊണ്ടു കഴിയുന്ന തരത്തിലൊക്കെ സ്ത്രീവിരുദ്ധത ആഘോഷിച്ചിട്ടുണ്ട്. 

അവസാന സീന്‍  :  നരസിംഹം  100 ഉം 150 ഉം ഒക്കെ പിന്നിട്ടു കഴിഞ്ഞു എന്നിട്ടും തിയേറ്ററില്‍ ജനത്തിരക്കൊഴിയു ന്നില്ല. അതോടെ മോഹല്‍ലാല്‍ വീണ്ടും മലയാള സിനിമയുടെ നെറുകയിലെയ്ക്ക് വരുകയും മമ്മൂട്ടിയുടെ നില സ്വല്‍പ്പം പരുങ്ങലിലാവുകയു ം ചെയ്തു. ഷൂട്ടിംഗ് തിരക്കില്ലാത്ത ഒരു സുപ്രഭാതത്തില്‍ ­ മമ്മൂട്ടി തന്റെ ഡ്രൈവറെ വിളിച്ചു

"നിനക്ക് ആന്റണി പെരുമ്പാവൂരിനെ അറിയാവോ"

"ഉം" ഡ്രൈവര്‍ തല കുലുക്കി

"അങ്ങേരു ലാലിനെ വച്ച് എടുത്ത കഴിഞ്ഞ നാല് പടങ്ങളും സൂപ്പര്‍ ഹിറ്റാ അറിയാവോ"

" ഉം " ഡ്രൈവര്‍ അതിനും തല കുലുക്കി

"ന്ഹും ! അപ്പൊ അതും അറിയാം "

"നിനക്ക് ആന്റണിയെപ്പോലെ ഒരു പടമൊക്കെ എടുക്കണമെന്ന് ആഗ്രഹം തോന്നാറില്ലേ "

" ആഗ്രഹമോക്കെ ഉണ്ട് സാറെ പക്ഷെ......ഈ മോഹന്‍ലാല്‍ സാറിന്റെ ഡേറ്റ് ഇപ്പം എങ്ങനാ ഒന്ന് കിട്ടുക "

(ഇത് എന്റെ ഒരു പഴയ ഫേസ്ബുക്ക് പോസ്റ്റ്‌ ആയിരുന്നു. അവിടെ നിന്ന് Ctrl+Alt+X അടിച്ചു ഇവിടെ Ctrl+Alt+V ചെയ്തതാണീ പോസ്റ്റ്‌. തികച്ചും ഒരു റീട്രോസ്പെക്റ്റ്‌. കടുത്ത മോഹന്‍ലാല്‍--രഞ്ജിത്ത്--ഷാജി കൈലാസ്‌ ആരാധകര്‍ സദയം ക്ഷമിക്കുക)

ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക

https://www.facebook.com/achayatharangal.blogspot.in


അല്ലെങ്കില്‍ 
 താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക

Friday, 21 February 2014

മീന്‍ വിറ്റ് നടന്ന കടാപ്പുറം കാരി സുധാമണി !!!??? - എന്റെ തീര്‍ത്തിട്ടും തീരാത്ത സംശയങ്ങള്‍....

ഗയ്ല്‍ ട്രെഡ്വെല്ലിന്റെ വിശുദ്ധ നരകം പുറത്തു വന്നു കഴിഞ്ഞു സാമൂഹിക സമുദായിക രംഗത്ത്‌  ( Social Community Space ആണ് ഉദ്ദേശിച്ചത്; തെറ്റുണ്ടെങ്കില്‍ ക്ഷമിക്കുക ) വ്യാപകമായ ചര്‍ച്ചകളാണ് നടന്നതും നടന്നു കൊണ്ടിരിക്കുന്നതും. അമ്മയെ അനുകൂലിച്ചു കുറെ പേര്‍. അമ്മയെ എതിര്‍ത്ത് കുറെ പേര്‍. പച്ചത്തെറി വിളിക്കുന്നവര്‍. ശുദ്ധവും അശുദ്ധവും ആയ അശ്ലീലം എഴുതി വയ്ക്കുന്നവര്‍. ചാനലുകളില്‍ അമ്മയെ ന്യായീകരിക്കുന്നവര്‍. എതിര്‍ക്കുന്നവര്‍. അമ്മയെ അനുകൂലിക്കുന്നവരെ എതിര്‍ക്കുന്നവര്‍. അമ്മയെ എതിര്‍ക്കുന്നവരെ എതിര്‍ക്കുന്നവര്‍. മേല്പ്പറഞ്ഞവരെ അനുകൂലിക്കുന്നവര്‍. മൊത്തത്തില്‍ പൊടി പൂരമായിരുന്നു. ഇതിന്റെ പേരില്‍ മദര്‍ തെരേസ, കാന്തപുരം, മാര്‍പ്പാപ്പ തുടങ്ങി ഒട്ടനവധി പേരുടെ പിതാമഹന്മാരും ശരീരത്തിലെ അവയവങ്ങളും ഒക്കെ ഇവിടെ പരാമര്‍ശിക്കപ്പെട്ടു. .  ഒരു ....ശ്ശ്ശ്ശൂര്  പൂരം തന്നെ ആയിരുന്നു. പൊട്ടാസ്, ഈര്‍ക്കില്‍ പടക്കം, ഗുണ്ട്, അമിട്ട്, കുഴി ഡൈന, ഗര്‍ഭം കലക്കി, ആറ്റം ബോംബ്‌  മുതല്‍ പൊട്ടാതെ പോയ നനഞ്ഞ പടക്കങ്ങള്‍ വരെ.; പല സൈസില്‍ പിടയ്ക്കണത്. അതിനിടയില്‍ സംഭവത്തിലെ ഇരയെ തങ്ങളുടെ മതത്തിലേക്ക് സ്നേഹപൂര്‍വ്വം ക്ഷണിക്കുന്ന ശുദ്ധാത്മാക്കളുടെ വക എലിവാണം കണ്ടു ചിരിയടക്കാന്‍ പലരും പാട് പെടുന്നു. ഇപ്പോഴും പൊട്ടും പുകയും ഒതുങ്ങിയിട്ടില്ല.  നിലയ്ക്കാത്ത വെടിയച്ചകളും മാറ്റൊലികളും ഇപ്പോഴും കേള്‍ക്കാം..കാതോര്‍ത്താല്‍.....പൊതു സ്ഥലമാണ്...ആളുകള്‍ കാണും കേള്‍ക്കും ; ഇതൊന്നും ആര്‍ക്കും ഒരു പ്രശ്നമായില്ല. പിന്നെ അപകീര്‍ത്തികരമായ കമന്റ്‌ ഇട്ടവര്‍ക്കെതിരെ കേസ് വരും എന്ന് പറഞ്ഞതോടെ വെടിക്കെട്ടുകാരുടെ എണ്ണം ഗണ്യമായി കുറഞ്ഞു.  എന്നാലും ധീരന്മാര്‍ ഇപ്പോഴും വച്ച് പെരുക്കുകയാണ്. മോഹന്‍ലാല്‍ പറഞ്ഞ പോലെ "എന്താ ചെയ്യാ..."

ഈ ബഹളങ്ങള്‍ക്കിടയില്‍ എന്റെ വളരെ ചെറിയ തലച്ചോറില്‍ തോന്നിയ കുറെ സംശയങ്ങള്‍.....


പല കമന്റിലും കടപ്പുറം നിരങ്ങി മീന്‍ വിറ്റ് നടന്ന സുധാമണി എന്ന് കണ്ടു ; അതായിരുന്നോ ഇവിടത്തെ പ്രശ്നങ്ങള്‍ക്ക് കാരണം !!?? പഴയ കാല ജീവിത അന്തസ്സ് ഒരാളുടെ ഇപ്പോഴത്തെ ബഹുമാന്യ സ്ഥാനത്തിന് അളവുകോല്‍ ആകേണ്ടതുണ്ടോ ? ഇതേ ലൈന്‍ തന്നെയല്ലേ മോദിയെ ചായ കച്ചവടക്കാരന്‍ എന്നു വിളിച്ചതിനു പിന്നിലും !!??

പുസ്തകം എഴുതിയ മദാമ്മയുടെ പൂര്‍വ്വ ജീവചരിത്രവും വലിച്ചു കീറുന്നത് കണ്ടു;ഇത്തരം ഒരു ആരോപണം ഉന്നയിക്കാന്‍ അവര്‍ ജനിച്ചത് മുതലേ വിശുദ്ധയായിരിക്കേണ്ടതുണ്ടോ!!!???

അവര്‍ കന്യകയല്ലായിരുന്നു എന്ന് കണ്ടു; കന്യകയല്ലെന്കില്‍ തന്നെ ആര്‍ക്കും അവരെ ലൈംഗികമായി പീഡിപ്പിക്കാമോ !!??

അതിക്രമങ്ങള്‍  നേരിട്ടു എന്ന് പറയുന്ന ചേച്ചി പുസ്തകം എഴുതി വില്‍ക്കുന്നതല്ലാതെ അംഗീകൃത നിയമ സംവിധാനങ്ങളില്‍ ഒരു പരാതി കൊടുക്കുകയോ ഒന്നും ചെയ്തിട്ടില്ല; അവര്‍ എന്താണ് നിയമ സംവിധാനങ്ങളെ സമീപിക്കാതെ പുസ്തകം മാത്രം എഴുതുന്നത്‌  !!??

കെട്ടിപ്പിടിച്ചു ഉമ്മ കൊടുക്കുന്നത് ഒരു വന്‍ പരാമര്‍ശമായിരുന്നു: അമൃതാനന്ദമയിയുടെ അടുത്ത് ചെല്ലുന്നവരെ അവര്‍ കെട്ടിപ്പിടിച്ചു ഉമ്മ കൊടുക്കുന്നതിനു പൊതുസമൂഹത്തിനെന്തിനാ ചൊറിഞ്ഞു കേറുന്നത്  !!??

സമൂഹത്തിനു ഭീഷണിയായ അമൃതാനന്ദമയി എന്ന് കേട്ടു ; അവര്‍ പൊതു സമൂഹത്തില്‍ ഇറങ്ങി വന്നു പൊതു ജന സമാധാനത്തെ തകര്‍ക്കുന്ന ഒന്നും ചെയ്തതായി കേട്ടില്ല. ഇനി ആശ്രമത്തിലും സ്ഥാപനങ്ങളിലും അവര്‍ ഭീകരിയാണെന്കില്‍ തന്നെ അവരോടു അടുത്തിടപഴകുന്നവര്‍ക്കും ആ സ്ഥാപനങ്ങളില്‍ പോകുന്നവര്‍ക്കും മാത്രമല്ലേ അത് ബാധകമാവുക. അപ്പോള്‍ അതാണോ യഥാര്‍ത്ഥ പ്രശ്നം !!??

അവര്‍ നടത്തുന്ന അനുബന്ധസ്ഥാപനങ്ങളെ എന്തിനാണ് തെറി വിളിക്കുന്നത്‌ !!???

അമൃതാനന്ദമയി ഒരു അഭിസാരിക (അതിന്റെ സഭ്യവും സഭ്യേതരവും ആയ അനേകം പര്യായങ്ങളും) ആണെന്ന ഗുരുതര വ്യക്തിഹത്യാപരമായ ആരോപണങ്ങള്‍ കണ്ടു. അവര്‍ അത്തരം പ്രവൃത്തിയില്‍ ഏര്‍പ്പെടുന്നത് ആരെങ്കിലും കണ്ടിട്ടുണ്ടോ !!??

പുസ്തകത്തിന്‌ പിന്നില്‍ മര്‍പ്പാപ്പയാണെന്നും മുസ്ലിം തീവ്രവാദികളാണെന്നും വായിച്ചു. അതിനു എന്തെങ്കിലും തെളിവുണ്ടോ !!?? പുസ്തകം എഴുതിയ വ്യക്തി മാര്‍പ്പാപ്പയുടെ അധികാരത്തിന്റെ കീഴിലുള്ള റോമന്‍ കത്തോലിക്കാ വിശ്വാസിയാണോ !!!??? അവര്‍ ഇപ്പോള്‍ ഇസ്ലാം മതക്കാരിയാണോ !!??

"പണക്കാരുടെ" അമ്മയാണിവര്‍ എന്ന് കേട്ടു; അവരുടെ ഭക്തര്‍ മുഴുവന്‍ പണക്കാര്‍ മാത്രമാണോ ?  "പാവപ്പെട്ടവര്‍ക്ക്" അവര്‍ അമ്മയല്ലാതെ മറ്റെന്താണ് ??

വിശുദ്ധ നരകം കൊച്ചുപുസ്തകം ആണെന്ന് കേട്ടു; കൊച്ചുപുസ്തകമായി പരിഗണിക്കാവുന്ന വിധത്തില്‍ ലൈംഗിക വര്‍ണ്ണനകള്‍ അതിലുണ്ടോ !!!??? പുസ്തകത്തിലെ ഏതെന്കിലും രണ്ടു വരികള്‍ കണ്ടു മുഴുവന്‍ പുസ്തകവും ഒരു കൊച്ചുപുസ്തകാനുഭവം അത് തരും എന്ന് ആള്‍ക്കൂട്ടം വ്യാമോഹിക്കുന്നതിനു എന്തെങ്കിലും മരുന്ന് ഉണ്ടോ !!??

ആള്‍ദൈവം എന്ന പ്രയോഗം എത്രത്തോളം വിമര്‍ശിക്കപ്പെടാന്‍ യോഗ്യത ഉള്ളതാണ്; ലോകത്തു ഇന്നുള്ള ഒരു മാതിരിപ്പെട്ട എല്ലാ മതങ്ങളുടെയും ആരാധനാമൂര്‍ത്തികളായ ദൈവിക വ്യക്തിത്വങ്ങളും അവര്‍ ജീവിച്ചിരുന്ന കാലത്ത് ആള്‍ദൈവങ്ങള്‍ ആയിരുന്നില്ലേ !!???


അമ്മയെ അപകീര്‍ത്തിപ്പെടുത്തുന്ന ഈ പുസ്തകം മത സ്പര്‍ദ്ധ വളര്‍ത്തുന്നത് എങ്ങിനെയാണ്? അഥവാ, ഇതിനെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും തെരുവിലറങ്ങി ഏറ്റുമുട്ടിയാല്‍ അത് മതങ്ങള്‍ തമ്മിലുള്ള ഏറ്റു മുട്ടലാവുമോ ? അമ്മ ഒരു മതത്തില്‍ പെട്ട ആളായത് കൊണ്ട് അവര്‍ ആ മതത്തെ മുഴുവനായി പ്രതിനിധീകരിക്കുന്നുണ്ടോ ?

പത്തിരുപതു വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോഴാണ് ആരോപണങ്ങള്‍ വന്നത്; ഇത്രയും നാള്‍ എവിടെയായിരുന്നു എന്ന ചോദ്യവും കേട്ടു. ആരോപണങ്ങള്‍, ആക്രമണം  സംഭവിച്ച ഉടനെ ഉന്നയിക്കണം എന്നുണ്ടോ !!?? വര്‍ഷങ്ങള്‍ കഴിഞ്ഞാല്‍ ആരോപണം അതല്ലാതെ ആകുമോ !!??

സഖാവ് മണിയാശാന്റെ പ്രസംഗത്തിന്റെ അടിസ്ഥാനത്തില്‍; പോലീസ് കോണ്‍സ്റ്റബിള്‍ രാമചന്ദ്രന്‍ നായരുടെ വെളിപെടുത്തലിന്റെ പുറത്തു; വര്‍ഷങ്ങള്‍ക്കു ശേഷം കേസ്സെടുക്കാം എങ്കില്‍  പുസ്തകത്തിലെ പരാമര്‍ശങ്ങളുടെ പേരില്‍ കേസ് എടുക്കാന്‍ പറ്റില്ലേ !!??

അമ്മയ്ക്കെതിരെ അപകീര്‍ത്തികരമായ പോസ്റ്റ്‌ ഇട്ടവര്‍ക്കെതിരെ കേസ്‌ എടുക്കുമ്പോള്‍ ന്യായമായും അപകീര്‍ത്തികരമായ പുസ്തകം എഴുതിയ ആള്‍ക്കെതിരെ കേസ്‌ എടുക്കേണ്ടതല്ലേ !!??

ആക്രോശിക്കുന്നവരിലും  അട്ടഹസ്സിക്കുനവരിലും മുടി പറിച്ചാടുന്നവരിലും എത്ര പേര്‍ ഈ പുസ്തകം മുഴുവന്‍ വായിച്ചിട്ടുണ്ട്!!!??? ഇരുപത്തഞ്ച്, എന്തിനു പത്തു ശതമാനം എങ്കിലും കാണുമോ !!!???

ഓരോരുത്തരുടേയും അസഹിഷ്ണുതയും അസ്വീകാര്യതയുമല്ലേ തിളച്ചു മറിയുന്നത് !!!???

സംശയങ്ങള്‍ അനവധിയാണ്...ഉത്തരം പറയലും ബുദ്ധിമുട്ടാണ്...സംഗതി ഒന്നേയുള്ളൂ. അവരവര്‍ക്ക് ആവശ്യമായത് എടുത്തുപയോഗിച്ചിട്ടു ബാക്കിയുള്ളവ സൗകര്യപൂര്‍വ്വം തമസ്ക്കരിക്കുന്നു. ക്ഷീരമുള്ളോരകിടിന്‍ ചുവട്ടിലും ചോര തന്നെ കൊതുകിന്നു കൌതുകം...നിലനില്‍പ്പല്ലേ പ്രധാനം...

ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക

https://www.facebook.com/achayatharangal.blogspot.in


അല്ലെങ്കില്‍ 
 താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക






Thursday, 20 February 2014

കൊച്ചുപുസ്തകങ്ങളും ആള്‍ക്കൂട്ടവും - വിശുദ്ധ നരകം, ആമ്മേന്‍, ഒരു വൈദികന്റെ ഹൃദയമിതാ


ഈ ദിവസങ്ങളില്‍ വിശുദ്ധ നരകത്തെ പറ്റി വന്ന പല കമെന്റുകളിലും അതിനു വന്ന മറു പോസ്റ്റുകളിലും പരക്കെ ഉപയോഗിക്കപെട്ട ഒരു വാക്കാണ് കൊച്ചുപുസ്തകം എന്നത്. 

കൊച്ചു പുസ്തകം എന്ന് പറഞ്ഞാല്‍ ചെറിയ പുസ്തകം എന്നല്ല. അതൊരു തനി നാടന്‍ ടെക്നിക്കല്‍ നെയിം ആണ്. ഇന്നത്തെ പോലെ ഇലക്ട്രോണിക് ഡിജിറ്റല്‍ നെറ്റ് എനേബിള്‍ഡ്  പോണ്‍ (Porn) : അതായത് ഇന്റര്‍നെറ്റ്‌, കമ്പ്യൂട്ടര്‍, മൊബൈല്‍ ഫോണ്‍ വഴിയൊക്കെ കിട്ടുന്ന തുണ്ടുകള്‍, വ്യാപകമാവുന്നതിനു മുന്‍പ് അന്നത്തെ ആളുകള്‍ക്ക് കിട്ടിക്കൊണ്ടിരുന്ന മഞ്ഞ ഇക്കിളി സാഹിത്യ പുസ്തകങ്ങള്‍ക്ക് പൊതുവായി പറഞ്ഞിരുന്ന പേരാണ് കൊച്ചുപുസ്തകം. അന്നൊക്കെ പൊതു ലൈബ്രറിയില്‍ നിന്ന് പുസ്തകങ്ങള്‍ എടുത്തിട്ട് പുറം ചട്ടയുടെ അകത്തു നോക്കിയാല്‍ സാമൂഹ്യസേവനം വ്രതമാക്കിയ മുന്‍ വായനക്കാര്‍ എരിവും പുളിയുമുള്ള ഭാഗങ്ങള്‍ (Adult Content) ഏതു പേജിലാണ് ഉള്ളതെന്ന് എഴുതിയിടുന്നത് തീരെ അപൂര്‍വ്വമായ ഒരു കാഴ്ച അല്ലായിരുന്നു. ഇവിടെ ഇത് പറയാന്‍ കാരണം തലക്കെട്ടില്‍ പറഞ്ഞ പുസ്തകങ്ങള്‍ എല്ലാം തന്നെ വളരെ വലിയതും വിശുദ്ധമെന്നും ആളുകള്‍ വിശ്വസിച്ചു പോരുന്ന ആത്മീയ പ്രസ്ഥാനങ്ങളില്‍ വര്‍ഷങ്ങളോളം തങ്ങളെ സമര്‍പ്പിച്ച ശേഷം അവിടം വിട്ടിട്ട് അവരുടെ അനുഭവങ്ങള്‍ പച്ചയായി (മഞ്ഞ ചേര്‍ത്ത് എന്നല്ലേ പറയേണ്ടത് എന്നാണെന്റെ ഒരു സംശയം) എഴുതി, ചെറിയ തോതിലെങ്കിലും ഒരു കൊച്ചുപുസ്തകാനുഭവം അത് നല്‍കും എന്ന പ്രതീക്ഷ ആള്‍ക്കൂട്ടത്തിനു നല്‍കാന്‍ ശേഷിയുള്ളവ ആയത് കൊണ്ടാണ്. അനുഭവങ്ങളുടെ സൂക്ഷ്മ വിവരണം ഒഴിവാക്കി കൊണ്ടും  ഈ പുസ്തകങ്ങള്‍ എഴുതാം. പക്ഷെ അപ്പോള്‍ സര്‍കുലേഷന്‍ കുറഞ്ഞു പോകാന്‍ സാധ്യത ഉണ്ട്. എന്തായാലും എഴുതാനായി നനഞ്ഞിറങ്ങുമ്പോള്‍ അതിനുള്ള നേട്ടം വേണ്ടേ. അതു അതിന്റെ കച്ചവട വശം. ആത്മീയ മാസികകളില്‍ പോലും പുറം ചട്ടയില്‍ സെക്സ് എന്നൊരു വാക്ക് ഉണ്ടെങ്കില്‍ അനേകം കോപ്പികള്‍ വില്‍ക്കപെടാനുള്ള അധിക സാധ്യതയുള്ളപ്പോള്‍, അനുഭവങ്ങളുടെ പൊടിപ്പും തൊങ്ങലും എരിവും ചൂടും ഒന്നും നഷ്ടപ്പെടാതെ നാടകീയമായി തന്നെ അവതരിപ്പിക്കലാണ് കൂടുതല്‍ കോപ്പികള്‍ വില്കാനുള്ള എളുപ്പ വഴി. അതിന്റെ ഭാഗമാണ് ഈ പുസ്തകങ്ങളിലെ അല്‍പമാത്ര മഞ്ഞ.  വായനയെ ഗൌരവമായി എടുക്കാത്ത ആള്‍ക്കൂട്ടത്തിനു വിശുദ്ധ നരകവും ആമേന്‍ഉം ഒരു വൈദികന്റെ ഹൃദയവും എല്ലാം ജന പ്രിയമാകുന്നതിന്റെ പ്രധാന ഗുട്ടന്‍സ് അവര്‍ അതില്‍ പ്രതീക്ഷിക്കുന്ന ലൈംഗിക വിവരണങ്ങളാണ്. കച്ചവടം അതിന്റെ വഴിക്ക് പോവട്ടെ...

പക്ഷെ എനിക്ക് മനസ്സിലാവാത്തത് മറ്റൊന്നാണ്. ആദ്യത്തെ പുസ്തകമൊഴികെ മറ്റു രണ്ടു പുസ്തകങ്ങളും വളരെ വിശാലമായ പൊതു ചര്‍ച്ചക്കോ വിമര്‍ശനങ്ങള്‍ക്കോ പാത്രമാകാതെ പോയപ്പോള്‍ ആദ്യത്തെ പുസ്തകം സൈബര്‍ ലോകത്തു വിപുലമായ ചര്‍ച്ചക്കും വിമര്‍ശനങ്ങള്‍ക്കും പാത്രമായി. കുറച്ചു സമയത്തെ മൌനത്തിനു ശേഷം ഇലക്ട്രോണിക് മാധ്യമങ്ങള്‍ അതിനെ പറ്റി ചര്‍ച്ച ചെയ്തു തുടങ്ങി. അച്ചടി മാധ്യമങ്ങള്‍ അപ്പോഴും മിതത്വം പാലിച്ചു മാറി നിന്നു. ആദ്യ പുസ്തകത്തിലെ പരാമര്‍ശം അമൃതാനന്ദമയി മഠത്തെ ചുറ്റിപറ്റിയാണെങ്കില്‍ രണ്ടും മൂന്നും പുസ്തകങ്ങള്‍ കേരളത്തിലെ കത്തോലിക്കാ സഭയെ ചുറ്റി പറ്റി ആയിരുന്നു. രണ്ടും മൂന്നും പുസ്തകങ്ങള്‍ ആഗോള ക്രൈസ്തവ സമൂഹത്തെ മുഴുവനോ, ഭാരതീയ ക്രൈസ്തവ സമൂഹത്തെ മുഴുവനോ എന്തിനു കേരള ക്രൈസ്തവ സമൂഹത്തെ മുഴുവന്‍ പോലും ബാധിക്കാത്തത് പോലെ ഒന്നാമത്തെ പുസ്തകം മുഴുവന്‍ ഹിന്ദുത്വത്തിനെതിരെ ആണെന്ന് പറയാന്‍ എങ്ങനെ കഴിയും. അതു കേരള കത്തോലിക്കാ സഭയെ മാത്രമേ ബാധിക്കൂ. കത്തോലിക്കമല്ലാത്ത അനേകം ക്രൈസ്തവ സഭകള്‍ കേരളത്തിലുണ്ട്. ഇതിലെല്ലാം സന്തോഷിച്ച സഭകളും ഉണ്ടെന്നത് അതിശയം ഒന്നും അല്ല. രണ്ടും മൂന്നും പുസ്തകങ്ങള്‍ക്ക് പിന്നില്‍ സംഘകുടുംബക്കാരാണെന്നോ ഹിന്ദുക്കള്‍ ആണെന്നോ മറ്റേതെങ്കിലും മതക്കാര്‍ ആണെന്നോ ഒരു ആരോപണം അന്ന്  കേട്ടതായി ഓര്‍ക്കുന്നില്ല. അമൃതാനന്ദമയീ ആശ്രമത്തെ ചുറ്റിപറ്റിയുള്ള ഒരു ആരോപണം മാത്രമാണ് ഇപ്പോള്‍ വന്നിരിക്കുന്നത്. തെളിയിക്കപ്പെട്ടിട്ടു പോലുമില്ല.  അതെങ്ങനെ മുഴുവന്‍ ഹിന്ദുത്വത്തിന് നേരെയുള്ള ആക്രമണം ആകും.  അമൃതാനന്ദമയീമഠവുമായി ആത്മബന്ധമുള്ളവര്‍ക്കും അവരുടെ ഭക്തര്‍ക്കും ആരാധകര്‍ക്കും അല്ലാതെ പൊതു  സമൂഹത്തിനു  എന്താണിതില്‍ താല്പര്യം.  ഇപ്പോള്‍, വിശുദ്ധ നരകത്തിന് പിന്നില്‍ മാര്‍പ്പാപ്പ മുതല്‍ മറ്റു പല മതവിഭാഗക്കാരും എന്തിനു ചില രാഷ്ട്രീയക്കാര്‍ വരെ ആരോപണ വിധേയരാകുന്നു. ഇത് പൊതുവേ മത സാമുദായിക സൗഹാര്‍ദ്ദത്തില്‍ പൊയ്ക്കൊണ്ടിരിക്കുന്ന കേരളത്തിലെ സാമൂഹ്യാന്തരീക്ഷത്തില്‍ മത സാമുദായിക ധ്രുവീകരണവും സ്പര്‍ധയും വളര്‍ത്താനേ ഉപകരിക്കൂ. 

ആഗോള തലത്തില്‍ അതി പ്രശസ്തയായ ഒരു ഭാരതീയ ആത്മീയ ആചാര്യക്ക് നേരെയും അവരുടെ സ്ഥാപനങ്ങള്‍ക്കെതിരെയും രണ്ടു ദശാബ്ദത്തോളം അവരുടെ സന്തത സഹചാരി ആയിരുന്ന ആള്‍ തന്നെ അതീവ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിക്കുമ്പോള്‍ അതിന്റെ നിജ സ്ഥിതി പരിശോധിക്കേണ്ടതും  സത്യാവസ്ഥ അന്വേഷിച്ചു വെളിച്ചത്തു കൊണ്ടുവരേണ്ടതും സര്‍ക്കാരും അതിന്റെ അന്വേഷണ ഏജന്‍സികളും ആണ്. ആരോപണം തെറ്റാണെങ്കില്‍ അത് ഉന്നയിച്ചവരെ നിയമത്തിന്റെ മുന്‍പില്‍ കൊണ്ടുവന്നു അര്‍ഹിക്കുന്ന ശിക്ഷ കൊടുപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കണം.


ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക

https://www.facebook.com/achayatharangal.blogspot.in


അല്ലെങ്കില്‍ 
 താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക

നമോ ഗുജറാത്തി ദേവന്റെ അത്ഭുതം...കുറെ മോദി ഗുജറാത്ത്‌ സ്തുതികളും പല്ലിളിക്കുന്ന കുറച്ചു കാര്യങ്ങളും...

ഗുജറാത്തില്‍ നമോ ചെയ്ത വികസന പദ്ധതികളെ കുറിച്ച് അറിവില്ലാത്തവര്‍ക്കും അതില്‍ വിശ്വസ്സിക്കാത്തവര്‍ക്കും പ്രചരിപ്പിക്കാത്തവര്‍ക്കും ഈ ലഘുലേഖ ഒരു പാഠമായിരിക്കട്ടെ. അറിയാവുന്നവര്‍ക്ക് പതിന്‍മടങ്ങ്‌ ഊര്‍ജത്തോടെ പ്രചരിപ്പിക്കാന്‍ ഇത് സഹായിക്കട്ടെ.

നമോ ചെയ്ത വികസന പ്രവര്‍ത്തനങ്ങളില്‍ വിശ്വസിച്ചു അ
ത് സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റ്‌കളിലൂടെ പ്രചരിപ്പിച്ച ഒരാളുടെ പശു പ്രസവിച്ചപ്പോള്‍ 23 പശുകുട്ടികള്‍ ഉണ്ടായി. കൂടാതെ രാവിലെയും വൈകീട്ടും കൂടി 650 ലിറ്റര്‍ പാലും കിട്ടുന്നു.

വിശ്വസിക്കാതെ ഈ പോസ്റ്റ്‌ അവഗണിച്ച ഒരാളുടെ ആധാര്‍ കാര്‍ഡില്‍ തെറ്റ് വരികയും ഗ്യാസ് സബ്സിഡി കിട്ടാതെ മടങ്ങി പോയി വഴിയാധാരമാവുകയും ചെയ്തു.

ഈ നോട്ടീസ് പ്രചരിപ്പിക്കാതിരുന്ന മറ്റൊരു വ്യക്തിയെ പാമ്പ് കടിച്ചു. അത് കൂടാതെ അയാളെ ആശുപത്രിയിലേക്ക് കൊണ്ട് പോകുന്ന വഴി ആംബുലന്‍സ് പുഴയില്‍ വീണു. പുഴയില്‍ വീണ ആംബുലന്‍സിനു തീ പിടിച്ചു.

നമോ വികസന പ്രവര്‍ത്തനങ്ങള്‍ പ്രചരിപ്പിച്ചതോടൊപ്പം അരവിന്ദ്‌ കേജ്രിവാളിനെ തെറി പറയുകയും ചെയ്തയാളുടെ മകള്‍ക്ക് റിലയന്‍സില്‍ ജോലി കിട്ടി. മാത്രമല്ല അയാള്‍ വീട്ടില്‍ കക്കൂസിന് കുഴിയെടുത്തപ്പോള്‍ അതില്‍ നിന്ന് പെട്രോളിയം നിക്ഷേപം കണ്ടെത്താനായി.

മറ്റു രാഷ്ട്രീയക്കാരെ മുഴുവന്‍ പുച്ഛത്തോടെ തെറിപ്പാട്ട് പാടിയ ഒരു വ്യക്തി കഴിഞ്ഞ ആഴ്ച നട്ട ഒരു തെങ്ങ് വളര്‍ന്നു ഇന്നലെ മുതല്‍ തേങ്ങ കിട്ടി തുടങ്ങി. മാത്രവുമല്ല, ആ തെങ്ങിന് കായ്‌ ഫലമുള്ള മൂന്നു ശിഖരങ്ങള്‍ ഉണ്ടത്രേ.




വികസന പ്രവര്‍ത്തനങ്ങളെ പാടി പുകഴ്ത്തിയ മറ്റൊരാളുടെ വീട്ടിലെ പ്ലാവ് ഒടിഞ്ഞു വീഴുമാറ് ചക്ക ഉണ്ടായി.





നമോ സ്തുതികളുടെ ഓഡിയോ സീ ഡി പുറത്തിറക്കി വിതരണം ചെയ്ത ഒരു ആളുടെ വീട്ടിലെ ലവ് ബേര്‍ഡ് രണ്ടര കിലോ തൂക്കമുള്ള മുട്ടയിട്ടു.




നോട്ടീസ് അവഗണിച്ച ഒരു ചങ്ങാതിയെ ഫോര്‍ഡ്‌ ഫൌണ്ടേഷന്‍ന്റെ കാറിടിച്ചു.

നിങ്ങള്‍ക്ക് വന്നു ചേര്‍ന്നേക്കാവുന്ന ദുരന്തങ്ങള്‍ ഒഴിവാക്കാന്‍ ഈ പോസ്റ്റ്‌ നൂറു നമോ ആരാധകര്‍ക്ക് എങ്കിലും അയച്ചു കൊടുക്കുക.

പല്ലിളിക്കുന്ന കുറച്ചു കാര്യങ്ങള്‍:


കോണ്‍ഗ്രസ്‌ നേതൃത്വത്തിലുള്ള യു പി എ സര്‍ക്കാരിന്റെ ജനദ്രോഹം സഹിക്കാതെ വന്നപ്പോള്‍ മുതല്‍ തലയ്ക്കു വെളിവുള്ള ഓരോ ഇന്ത്യക്കാരും ഉറ്റു നോക്കിയിരുന്ന കാര്യം ഒന്ന് മാത്രമാണ്. എന്നാണ് അടുത്ത തിരഞ്ഞെടുപ്പ് വരുന്നത്. മന്മോഹന്‍ ചക്രവര്‍ത്തിയും ചിദംബരം മന്ത്രിയും കൊട്ടാരം ഉപദേശകന്‍ അലുവാലിയ സാറും അമുല്‍ യുവരാജാവും മദാമ്മ റാണിയും മന്ത്രി സൈന്യവും ഒക്കെ കൂടി ഇവിടത്തെ  ജനത്തിനെ ക്ഷമയുടെ നെല്ലിപ്പലക എന്ന വസ്തു കാണിച്ചപ്പോഴാണ് ജനം കൈ വിട്ടു ചിന്തിക്കാന്‍ തുടങ്ങിയത്. ഈ ജനദ്രോഹികള്‍ക്ക് ഒരു പണി കൊടുക്കാന്‍ ഇവരെ വലിച്ചു താഴെയിട്ടു വേറെ ആരേയെന്കിലും കയറ്റി ഇരുത്തണം എന്ന് മാത്രമേ സാമാന്യ ജനത്തിനുള്ളൂ. ഒരു ശിക്ഷ...അത്ര മാത്രം....അല്ലാതെ പകരം വരുന്നവര്‍ നമ്മളെ അങ്ങ് സേവിച്ചു ആനന്ദ സാഗരത്തില്‍ ആറാടിക്കും എന്നൊന്നും ഇത് വരെ ഉള്ള അനുഭവം വച്ച് വായിലൂടെ ഭക്ഷണം കഴിക്കുന്നവര്‍ ആരും ചിന്തിക്കാന്‍ വഴിയില്ല. അങ്ങനെ പകരം വക്കാന്‍ ആര് എന്ന് നോക്കുമ്പോഴാണ് കസേരയില്‍ കയറ്റി ഇരുത്താന്‍ യോഗ്യത ഉള്ള ആരെയും കാണാനില്ല. അപ്പോഴാണ്‌ ഹൈടെക്‌ വികസനത്തിന്റെ മൊത്തകച്ചവടക്കാരന്റെ പേര് കേട്ട് തുടങ്ങിയത്. ജനം നോക്കുമ്പോള്‍ ഇപ്പോള്‍ ഭരിക്കുന്നവര്‍ ചെയ്തതിനേക്കാള്‍ മോശമായിട്ടൊന്നും ആര് വിചാരിച്ചാലും ഭരിക്കാന്‍ പറ്റുകേല. ഇപ്പോഴത്തേത് അതിന്റെ അങ്ങേയറ്റമാണ്. എന്നാല്‍ പിന്നെ മോദി എങ്കില്‍ മോദി എന്ന് പലരും പറഞ്ഞു തുടങ്ങിയത്. പിന്നെ പിന്നെ അതൊരു മന്ത്രം പോലെ പലരും ഏറ്റെടുത്തു. എല്ലാ വിധ അതി നൂതന കമ്മ്യുണികേഷന്‍ വിദ്യകളും ഉപയോഗിച്ച് അതിനെ നമോ ആരാധകര്‍ മാര്‍ക്കറ്റ്‌ ചെയ്തു. കുറെ പേര്‍ അതില്‍ വീഴുകയും ചെയ്തു. ദേശീയ തലത്തില്‍ മറ്റൊരു ബദല്‍ സാധ്യത ഇല്ലാത്തതു കൊണ്ട് മാത്രമാണ് മോദി പ്രസക്തനാവുന്നത്. അതെത്രത്തോളം മുന്നോട്ടു പോകുമെന്നത് കാത്തിരുന്നു കാണേണ്ട കാര്യമാണ്. ഒരു ദേശീയ പാര്‍ട്ടി എന്നാ നിലയില്‍ മോദിയുടെ പാര്‍ട്ടി ഇന്ത്യയുടെ തെക്ക് ഭാഗത്തും കിഴക്ക് ഭാഗത്തും ഇനിയും സാന്നിധ്യമറിയിച്ചിട്ടില്ല. പിന്നെ ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം നമോ കൂട്ടത്തിനു കിട്ടുമെന്ന് തോന്നുന്നില്ല. ഒരു നീക്കു പോക്ക് സര്‍ക്കാര്‍ ഉണ്ടായേക്കാം. മുന്‍പ് വാജ്പേയ്‌ ഉണ്ടാക്കിയ നേട്ടമൊന്നും നമോ ഉണ്ടാക്കുമെന്ന് എനിക്ക് തോന്നുന്നില്ല. പിന്നെ ഇന്ത്യന്‍ രാഷ്ട്രീയമല്ലേ. ഉള്ളിയുടെ വിലക്കനുസ്സരിച്ചു തിരഞ്ഞെടുപ്പ് നടത്തുന്ന ജനത ആരെ വേണമെങ്കിലും കസേരയില്‍ ഇരുത്താം...
അത് നമോ ആകാം..
ആന്റണിയാവാം..
കേജ്രിവാളാവാം..
മായാവതിയാവാം..
ജയലളിതയാവാം..

മനോരാജ്യത്തിലെന്തിനു അര്‍ദ്ധരാജ്യം...



ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക

https://www.facebook.com/achayatharangal.blogspot.in


അല്ലെങ്കില്‍ 
 താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക



Wednesday, 19 February 2014

വിശുദ്ധ നരകം – അമ്മ; പിണറായി; ഉമ്മന്‍ ചാണ്ടി – ഒരു സംശയാലുവിന്റെ സംശയങ്ങള്‍...

ഗെയ്ല്‍ ട്രെഡ്വെല്ലിന്റെ വിശുദ്ധ നരകം HOLY HELL എന്ന പുസ്തകത്തിന്റെ പേരില്‍ അനേക ലക്ഷം പേര്‍ ആരാധിക്കുന്ന അമൃതാനന്ദമയിയുടെ യോഗ്യതകളോ കുറവുകളോ ആശ്രമ വിശുദ്ധിയോ പാവനതയോ ഒന്നും അപഗ്രഥിക്കാന്‍ എനിക്ക് യാതൊരു ഉദ്ദേശ്യവും ഇല്ല. പുസ്തകത്തിന്റെ സത്യാവസ്ഥയെയും എഴുതിയ ആളുടെ ഉദ്ദേശശുദ്ധിയും ആരോപണ വിധേയരായിരിക്കുന്നവരുടെ നന്മ-തിന്മകളെ പറ്റിയോ ഒന്നും ഞാന്‍ എഴുതാന്‍ ഉദ്യമിക്കുന്നുമില്ല. പുസ്തകത്തില്‍ ഉന്നയിക്കപ്പെട്ടിരിക്കുന്ന പ്രശനം ഒരു മതത്തിന്റെയോ മാത്രം പ്രശ്നമാണെന്ന് കരുതാന്‍ മാത്രം ഞാന്‍ അത്രക്കും മണ്ടന്‍ ഒന്നും അല്ല. എല്ലാ മത വിഭാഗങ്ങളിലും രാഷ്ട്രീയ സംഘടനകളിലും കള്ളനാണയങ്ങളും മൂല്യച്യുതികളും ഇഷ്ടം പോലെ കാണാം. ഇതൊക്കെ അവർ കരുതിക്കൂട്ടി പ്രചരിപ്പിക്കുന്ന നുണകളാണോ അല്ലയോ എന്നത് കണ്ടെത്തേണ്ടത്‌ സർക്കാരും അതിന്റെ അന്വേഷണ ഏജൻസികളുമാണ്. 

ഈ പോസ്റ്റില്‍ ഞാന്‍ ഉദ്ദേശിക്കുന്നത് നമ്മുടെ മുഖ്യധാരാ മാധ്യമങ്ങളുടെയും രാഷ്ട്രീയക്കാരുടെയും ഒരു പൊതു മനോഭാവത്തിലേക്ക് ഒന്ന് വിരല്‍ ചൂണ്ടാനാണ്. മാധ്യമങ്ങള്‍ അമൃതാനന്ദമയിയെയും ആശ്രമത്തെയും വലിച്ചു കീറാഞ്ഞിട്ടു എനിക്ക് ഒരു കുഴപ്പവും ഇല്ല. അമ്മയോടും ഉമ്മന്‍ ചാണ്ടിയോടും പിണറായിയോടും യാതൊരു വിധ എതിര്‍പ്പോ താല്‍പ്പര്യമോ എനിക്ക് ഇല്ല. എന്നാലും ഉള്ള സാമാന്യ ബോധം വച്ച് ഞാന്‍ ചിന്തിക്കുന്ന കുറച്ചു കാര്യങ്ങള്‍ ഇതാണ്

1. ഇത് പോലെ ഒരു പുസ്തകം എഴുതിയത് പിണറായിയുടെയോ ഉമ്മന്‍ ചാണ്ടിയുടെയോ അടുത്ത ആളുകള്‍ ആയിരുന്നെങ്കില്‍ നമ്മുടെ മാധ്യമങ്ങളും രാഷ്ട്രീയക്കാരും ഇപ്പോള്‍ കാണിക്കുന്ന പക്വതയും സംയമനവും കാണിക്കുമായിരുന്നോ ?

2. നമ്മുടെ രാഷ്ട്രീയ സിംഹങ്ങള്‍ മുതല്‍ എലികള്‍ വരെ കിലോമീറ്ററുകളോളം നീളമുള്ള നാക്കുമായി ചാനലുകളിലും കവലകളിലും വന്നിരുന്നു ഗര്ജ്ജിക്കുമായിരുന്നില്ലേ ?

3. മാധ്യമ നിരീക്ഷകര്‍, സാമൂഹ്യ പ്രവര്‍ത്തകര്‍, സാഹിത്യകാരന്മാര്‍ ഈ വിഭാഗത്തില്‍ പെട്ടവര്‍ സ്വന്തം തൊണ്ട കേട് വരുത്തുമായിരുന്നില്ലേ ?


4. News @ 9 ല്‍ തിരുവനന്തപുരത്ത് നിന്ന് വിപ്പ്‌, കൊല്ലത്ത് നിന്ന് ഉണ്ണിത്താന്‍, കൊച്ചിയില്‍ നിന്ന് ജയശങ്കര്‍, പാലക്കാട്‌ നിന്നും സുരേന്ദ്രന്‍, ടെലിഫോണ്‍ ലൈനില്‍ ടി സിദ്ദിക്ക് etc., etc…എന്താകുമായിരുന്നു പുകില്‍ !!!

ഏതു ബ്രേക്കിംഗ് ഹെഡ് ലൈന്‍ ഇടുന്നതിനു മുന്‍പും ഇപ്പോള്‍ കാണിച്ച അത്രയും ആലോചനയും മിതത്വവും സംയമനവും ആവശ്യമല്ലേ  ?

TAM Rating ഉം Circulation ഉം  കൂട്ടുന്നത്‌ മാത്രമാകാമോ മാധ്യമങ്ങളുടെ ലക്‌ഷ്യം ?


ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക

https://www.facebook.com/achayatharangal.blogspot.in


അല്ലെങ്കില്‍ 
 താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക



Monday, 17 February 2014

മനോരമയുടെ തിരഞ്ഞെടുപ്പ് ഗുണ്ട് ??? : അതിവേഗ റയില്‍ ഇടനാഴി പദ്ധതി സംസ്ഥാന സര്‍ക്കാര്‍ ഉപേക്ഷിക്കുന്നു

മനോരമയുടെ തിരഞ്ഞെടുപ്പ് ഗുണ്ട് ????കാസര്‍കോട്-തിരുവനന്തപുരം അതിവേഗ പാത ഉപേക്ഷിക്കുന്നു

ഇന്നലെ (16.02.2014) മലയാള മനോരമയില്‍ വന്ന ഒരു വാര്‍ത്തയുടെ രത്നച്ചുരുക്കമാണ് താഴെ എഴുതിയിരിക്കുന്നത്...

വന്‍ എതിര്‍പ്പ് നേരിട്ട കാസര്‍കോട്-തിരുവനന്തപുരം അതിവേഗ റയില്‍ ഇടനാഴി പദ്ധതി സംസ്ഥാന സര്‍ക്കാര്‍ ഉപേക്ഷിക്കുന്നു. ചെന്നൈ-ബാംഗ്ലൂര്‍-കോയമ്പത്തൂര്‍-കൊച്ചി അതിവേഗ പാത തിരുവനന്തപുരത്തേക്കു കൂടി നീട്ടാമെന്ന ഉറപ്പ് കേന്ദ്ര സര്‍ക്കാരില്‍ നിന്നു ലഭിച്ചതോടെയാണു പദ്ധതി സംസ്ഥാന സര്‍ക്കാര്‍ ഉപേക്ഷിക്കുന്നത്.
അതിവേഗ റെയില്‍ ഇടനാഴി നടപ്പാക്കുന്നതിനെതിരെ രാഷ്ട്രീയ ഭേദമെന്യേ വന്‍ എതിര്‍പ്പാണ്  ഉണ്ടായത്. പദ്ധതിയെക്കുറിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ ഡിഎംആര്‍സിയെ നിയോഗിച്ചെങ്കിലും ജനങ്ങളുടെ എതിര്‍പ്പുമൂലം റിപ്പോര്‍ട്ടു സമര്‍പ്പിക്കാന്‍ പോലും അവര്‍ക്ക് സാധിച്ചില്ല.എട്ട് അതിവേഗ റയില്‍ ഇടനാഴികളാണു കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയിലുള്ളത്. ഇതിന്റെ രണ്ടാം ഘട്ടത്തില്‍ ചെന്നൈ-തിരുവനന്തപുരം പദ്ധതിക്ക് അനുമതി ലഭിച്ചേക്കുമെന്ന് സംസ്ഥാനം പ്രതീക്ഷിക്കുന്നു. പദ്ധതി നിലവില്‍ വന്നാല്‍ പാലക്കാടു മുതല്‍ തിരുവനന്തപുരം വരെ ഈ പാതയുടെ പ്രയോജനം ലഭിക്കും. സംസ്ഥാനത്തിന് കാര്യമായ സാമ്പത്തികബാധ്യതയില്ലാതെ പദ്ധതി നടപ്പാകുമെന്നതിനാല്‍ വന്‍ ചെലവു വരുന്ന അതിവേഗ റയില്‍പ്പാത ഉപേക്ഷിക്കാനാണ് തീരുമാനം.

മനോരമ പ്രസിദ്ധീകരിച്ച വാര്‍ത്തയുടെ ലിങ്കാണ് താഴെ...
http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=16191436&programId=1073753760&tabId=11&contentType=EDITORIAL&BV_ID


എന്നാല്‍, കാസർഗോഡ്‌-തിരുവനന്തപുരം അതിവേഗ റെയിൽ ഇടനാഴി പദ്ധതി തിടുക്കത്തിൽ നടപ്പാക്കില്ലെന്നു മാത്രമാണ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി ഇന്നലെ മലപ്പുറത്ത്‌ പറഞ്ഞത്. പദ്ധതി ഉപേക്ഷിക്കുന്ന കാര്യത്തിൽ ഔദ്യോഗികമായി സംസ്‌ഥാന സർക്കാർ തീരുമാനമെടുത്തില്ലെന്നും അദ്ദേഹം പ്രസ്താവിച്ചു. ജനങ്ങളെ ബാധിക്കുന്ന പദ്ധതികളുമായി മുന്നോട്ടുപോകില്ലെന്നും പുതിയ പദ്ധതി ഇതിനായി തയാറാക്കുമെന്നും അദ്ദേഹം പറഞ്ഞു. മംഗളം പത്രത്തില്‍ വന്ന ഈ റിപ്പോര്‍ട്ട്‌ വായിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

http://www.mangalam.com/ipad/print-edition/keralam/149950


തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടു മനോരമ പൊട്ടിക്കുന്ന ഗുണ്ടുകളാണ്‌ ഈ വക തെറ്റി ധാരണാ ജനകമായ ഈ വാര്‍ത്തകളെന്നാണ് എനിക്ക് തോന്നുന്നത്. 
ഒന്നേകാല്‍ ലക്ഷം കോടി രൂപയുടെ പദ്ധതിയെന്നതു സങ്കല്‍പ്പങ്ങള്‍ക്കും ഭാവനകള്‍ക്കും അപ്പുറത്തുള്ള ചക്കരക്കുടമാണ്. അതില്‍ കൈയിട്ടു വാരാനും നക്കാനും കാത്തിരിക്കുന്നവരുടെ അസാമാന്യ ബുദ്ധിയാണല്ലോ കാര്യങ്ങള്‍ തീരുമാനിക്കുന്നത്. 

എന്തൊക്കെയായാലും ഈ പദ്ധതി എളുപ്പത്തില്‍ നടപ്പാവില്ല;  സര്‍ക്കാര്‍ നടപടികള്‍ എന്തായാലും മരവിക്കപ്പെട്ടിരിക്കുകയുമാണ്. ഈ പദ്ധതിക്കെതിരായ പോരാട്ടത്തെ പ്രത്യക്ഷമായും പരോക്ഷമായും പിന്‍തുണച്ചവര്‍ക്കും ഐകദാര്‍ഡ്യം പ്രഖ്യാപിച്ചവര്‍ക്കും അഭിവാദ്യങ്ങള്‍...അനുമോദനങ്ങള്‍....

ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക

https://www.facebook.com/achayatharangal.blogspot.in


അല്ലെങ്കില്‍ 
 താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക

ആലുവ, 17.02.2014


Saturday, 15 February 2014

നപുംസക വിജയം ആട്ടക്കഥ....കേജരി "വാള്‍" ഈ രാജ്യത്തോട് വിളിച്ചു പറഞ്ഞത്....




കേജ്രിവാളിന്റെ ന്യൂന പക്ഷ സര്‍ക്കാര്‍ വീണതില്‍ പലരും പ്രകടിപ്പിക്കുന്നത് പോലെ എനിക്ക് ഒരു സങ്കടവും ഇച്ഛാഭംഗവും  ഇല്ല. 

ആണായി പിറന്നു ആണായി ജീവിച്ചു കാണിക്കുന്ന ഒരു സാധാരണക്കാരന്‍ ഒരു സുപ്രഭാതത്തില്‍ വന്നു ഇവിടത്തെ വാര്‍ധക്യം ബാധിച്ച ഒരു അഴിമതി പാര്‍ട്ടി യെയും കുറെ റബ്ബര്‍ നട്ടെല്ല്  പേറുന്ന പാര്‍ട്ടി കളെയും വെല്ലു വിളിക്കുന്നു.

അഴിമതിക്കും അനീതികള്‍ക്കുമെതിരെ സാധാരണ ജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ ആത്മാര്‍ഥമായി ശ്രമിക്കുന്നു.

സാധാരണ ജനങ്ങളുടെ ഇടയില്‍ നിന്നും അവര്‍ക്ക് വേണ്ടി സ്ഥാനാര്‍ഥികളെ കണ്ടെത്തി രാജ്യത്തിന്റെ ഭരണ സിരാ കേന്ദ്രത്തിലെ നിയമ സഭയിലേക്ക് മത്സരിപ്പിക്കുന്നു.

ആദ്യമായി ഈ രാജ്യത്തു ജനങ്ങള്‍ക്ക്‌ വേണ്ടി ജനങ്ങളാല്‍ ഒരു ജനകീയ സര്‍ക്കാര്‍ രൂപവല്‍ക്കരിക്കാനുള്ള ആത്മാര്‍ത്ഥ ശ്രമം നടക്കുന്നു.

തിരഞ്ഞെടുപ്പില്‍ , കേവലം മാസങ്ങളുടെ ചരിത്രം മാത്രമുള്ള അവര്‍ക്ക് കേവല ഭൂരിപക്ഷം കിട്ടിയില്ലെങ്കിലും, അതി പുരാതന അതി പൌരാണിക അഭിജാത തറവാടി രാഷ്ട്രീയ പാര്‍ട്ടികളുടെ മാനം കപ്പല് കേറ്റി വിട്ടു കൊണ്ട്,  അവര്‍ മികച്ച ഒരു പ്രകടനം നടത്തുന്നു.

സര്‍ക്കാര്‍ രൂപവല്‍ക്കരിക്കാന്‍ താല്പര്യമില്ല എന്ന തീരുമാനം വരുന്നു. മറ്റു നപുംസകങ്ങളൊന്നും സര്‍ക്കാര്‍ ഉണ്ടാക്കുന്നില്ല എന്ന് പ്രഖ്യാപിക്കുന്നു. എന്നാല്‍, തിരഞ്ഞെടുപ്പ് പെരുന്നാള് വീണ്ടും നടത്തി പണം കളയാതിരിക്കാന്‍ വലിയ കക്ഷി എന്ന നിലയില്‍ മാങ്ങാ മനുഷ്യര്‍ സര്‍ക്കാര്‍ ഉണ്ടാക്കാം എന്ന തീരുമാനം എടുക്കുന്നു. അപ്പോള്‍, നപുംസകങ്ങളുടെ ഒരു കൂട്ടം പിന്തുണ കൊടുക്കില്ല എന്ന് പ്രഖ്യാപിക്കുന്നു. മറ്റൊരു കൂട്ടം മനസ്സില്ലാ മനസ്സോടെ നിരുപാധിക പിന്തുണ കൊടുക്കുന്നു.

ഒരു അതി ദുര്‍ബല ജനകീയ സര്‍ക്കാര്‍ രൂപ വല്ക്കരിക്കപ്പെടുന്നു. പിന്നീടെല്ലാം ഭാരതം കണ്ട പുതിയ കാര്യങ്ങള്‍ ആയിരുന്നു....

1. പൊതു ഗതാഗത സംവിധാനം അല്ലെങ്കില്‍ സ്വന്തം വാഹനം ഉപയോഗിച്ച് യാത്ര ചെയ്യുന്ന ഭരണാധികാരികള്‍ ( പണ്ട് പുതുച്ചേരി മുഖ്യമന്ത്രി മോപെഡില്‍ ഓഫീസില്‍ വന്നിരുന്നതായി കേട്ടിട്ടുണ്ട്; സത്യമാണോ എന്നറിയില്ല  )

2. തിരഞ്ഞെടുത്ത ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന പോലീസ് എസ്കോര്‍ട്ട് / പൈലറ്റ്‌ ഒഴിവാക്കുക.

3. സംസ്ഥാനത്തിന്റെ നിയമപരമായ അവകാശ സംരക്ഷണത്തിന് വേണ്ടി മുഖ്യമന്ത്രി തന്നെ ജനാധിപത്യപരമായി സമരം ചെയ്യുക.

4. തൂക്കു നിയമ സഭയില്‍ നിന്ന് കൊണ്ട് വളരെയധികം ജനോപകാര പ്രദമായ നടപടികള്‍ സ്വീകരിക്കുക.

5. പിന്തുണയ്ക്കുന്ന  പാര്‍ട്ടിയുടെ കടുത്ത എതിര്‍പ്പുകളെ അവഗണിച്ചു അവരുടെ നേതാക്കള്‍ക്ക് എതിരെ അന്വേഷണം അടക്കമുള്ള കടുത്ത നടപടികള്‍ സ്വീകരിക്കുന്നു.
6.  പരമ്പരാഗത രാഷ്ട്രീയക്കാരുടെ സ്പോണ്‍സര്‍മാരായ വന്‍ വ്യവസായികളോട് നേരിട്ട് കൊമ്പ് കോര്‍ക്കുന്നു.

7. നിയമ - ഭരണ ഘടന വ്യാഖ്യാനത്തില്‍ അധിഷ്ടിതമായി നിന്ന് കൊണ്ട് ധീരമായി നിയമ നിര്‍മ്മാണ നടപടികള്‍ സ്വീകരിക്കുന്നു.

8.  ഭരണം പോയാലും അത് പുല്ലാണ് എന്ന് ഉറക്കെ പ്രഖ്യാപിച്ചു കൊണ്ട് കസേര വലിച്ചെറിഞ്ഞു ഇറങ്ങിപ്പോരുന്നു.

പ്രിയ കേജ്രിവാല്‍,

ഈ ശിഖണ്ടികള്‍ പിന്തുണ തന്നപ്പോള്‍ തന്നെ ജനത്തിനറിയാം ഇതേ സംഭവിക്കൂ എന്ന്. അത് കൊണ്ട് ചിന്തിക്കുന്ന ജനതയ്ക്ക് ഇതൊരു ഞെട്ടല്‍ അല്ല. 

പലര്‍ക്കും പല അഭിപ്രായങ്ങള്‍ ഉണ്ടാകാം..

അടുത്ത തിരഞ്ഞെടുപ്പില്‍ നിങ്ങള്‍ വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ചേക്കാം...

ചിലപ്പോള്‍ നാണം കേട്ട് പരാജയപ്പെട്ടെക്കാം....

എന്നാല്‍, മുകളില്‍ എണ്ണമിട്ടു നിരത്തിയ കാര്യങ്ങളുടെ പേരിലായിരിക്കും ഇപ്പോഴും ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന കുറെ മാങ്ങാ മനുഷ്യര്‍ നിങ്ങളെ ഓര്‍ക്കുന്നത്. ആണായി ജനിക്കുന്നതും  പ്രത്യക്ഷത്തില്‍ ആണിന്റെ രൂപവും ഭാവവും പേറുന്നതും  വലിയ കാര്യമല്ലെന്നും, ആണായി ജീവിക്കുകയാണ് പ്രധാനമെന്നും ഒരു സന്ദേശം നല്‍കാന്‍ അങ്ങേക്കായി.

പരസ്പരം പരിഹസിക്കുന്നവരും വാളെടുക്കുന്നവരും കാര്യത്തോടടുക്കുമ്പോള്‍  ഒറ്റക്കെട്ടാണ് എന്നു തുറന്നു കാട്ടാന്‍ 
നിങ്ങള്‍ക്കായി.

അമുല്‍ ബേബിയും ചായക്കടക്കാരനും ഒക്കെ ഒരേ മുതലാളിയുടെ കൂലിപണിക്കാര്‍ എന്ന് ഉറക്കെ വിളിച്ചു പറയാന്‍ നിങ്ങള്‍ക്കായി.

ജനാധിപത്യത്തില്‍ ജനത്തിനും അവര്‍ തിരഞ്ഞെടുത്തു വിടുന്നവര്‍ക്കും അധികാരമുണ്ടെന്നു ഈ കഴിഞ്ഞ 48 ദിവസങ്ങളില്‍ ഞങ്ങള്‍ കണ്ടറിഞ്ഞു.

അതിന്റെ പേരില്‍ ഒരു നൂറു അഭിനന്ദനങ്ങള്‍ ....അഭിവാദ്യങ്ങള്‍.....


വാല്‍ക്കഷണം : ഈ രാജ്യത്ത്, ഇന്നലെ വരെ, അത് ലോക്സഭയിലായാലും സംസ്ഥാന നിയമ സഭകളിലായാലും, ഇന്നലെ ഡല്‍ഹിയില്‍ നടന്നത് പോലെ, ഭരണം വേണോ നിയമം 
വേണോ എന്ന ചോദ്യം സിംഹാസനത്തില്‍ ഇരിക്കുന്ന "ജന പ്രതിനിധി"യോട് ചോദിച്ചാല്‍ "എന്ത് നിയമം" എന്നൊരു മറു ചോദ്യവും ചോദിച്ചു അതെഴുതിയ കടലാസ്സു മടക്കി ടോയ്‌ലെറ്റ്‌ പേപ്പറിനു പകരം ഉപയോഗിച്ചിട്ട് ആ കസേരയില്‍ അള്ളിപ്പിടിചിരുന്നേനെ...ജന്മം മൊച്ചക്കൊരങ്ങിന്റെയാണല്ലോ...



ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക

https://www.facebook.com/achayatharangal.blogspot.in


അല്ലെങ്കില്‍ 
 താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക


കാലടി, 15.02.2014

Tuesday, 11 February 2014

ആറന്മുള വിമാനത്താവളം ആര്‍ക്കു വേണ്ടിയായിരുന്നു ?

മുഖ്യമന്ത്രി പറയുന്നു ജനങ്ങളുടെ ആവശ്യപ്രകാരം ഉള്ള വിമാനത്താവളം എന്ന്  പക്ഷേ ...
വിമാനത്താവളത്തിനുവേണ്ടി പത്തുപേര്‍ ഒപ്പിട്ട ഒരു നിവേദനം പോലും നാളിതുവരെ സര്‍ക്കാരിനു കിട്ടിയിട്ടില്ല....
വിമാനത്താവളത്തിനുവേണ്ടി പത്തുപേര്‍ പോലും പങ്കെടുത്ത ഒരുപ്രകടനം പോലും ആറന്‍മുളയില്‍ ഇതുവരെ നടന്നിട്ടില്ല..... 

എന്നാല്‍ വിമാനത്താവളത്തിനെതിരെ ജനകീയസമരം രൂക്ഷമാണുതാനും  
എന്നിട്ടും ഈ വിമാനത്താവളം ആര്‍ക്കുവേണ്ടി... 

കേരളത്തിന്‍റെ അത്ര വലിപ്പമുള്ള മുംബയ് പട്ടണത്തില്‍ ഉള്ളത് ഒരു ഇന്‍റെര്‍നാഷണല്‍ എയര്‍പോര്‍ട്ടും  ഒരു ഡൊമാസ്റ്റിക് എയര്‍പോര്‍ട്ടും...

കേരളത്തിന്‍റെ മൂന്നിരട്ടി വലുപ്പമുള്ള വികസിത സംസ്ഥാനമായ ഗുജറാത്തില്‍ ഉള്ളത് ഒരു ഇന്‍റെര്‍നാഷണല്‍ എയര്‍ പോര്‍ട്ടും മൂന്നു ഡൊമസ്റ്റിക്  എയര്‍ പോര്‍ട്ടും ....

ഉപരിതല ഗതാഗത സൌകര്യങ്ങൾ ആവശ്യമുള്ളതിന്റെ അടുത്തെങ്ങും ഇല്ലാത്ത ഈ കൊച്ചുകേരളത്തില്‍ ഇപ്പോള്‍ തന്നെ നാലു എയര്‍ പോര്‍ട്ടുകള്‍ ഉണ്ട്; 
അതില്‍ മൂന്നും  ഇന്‍റെര്‍നാഷണല്‍  എയര്‍ പോര്‍ട്ടുകൾ ആണ് താനും; എന്നിട്ട് ഇനിയും ഒരു എയര്‍ പോര്‍ട്ട് ആര്‍ക്കുവേണ്ടി...ഈ കൊച്ചു കേരളത്തില്‍ എന്തിനാണിത്രമാത്രം എയര്‍പോര്‍ട്ടുകളെന്ന് സാമാന്യ ബുദ്ധി വച്ച് ചിന്തിച്ചിട്ട് മനസ്സിലാകുന്നില്ല. സ്വകാര്യ കമ്പനികള്‍ക്ക് ലാഭം കൊയ്യുവാന്‍ വേണ്ടി രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥന്മാരും ഭൂമാഫിയകളും ഒത്തുചേര്‍ന്ന് നടത്തുന്ന തികച്ചും അനീതിപരമായ ഇത്തരം പരിപാടികള്‍ ഇവിടത്തെ സാധാരന്കാരന് ഒരു ഗുണവും ചെയ്യാൻ പോകുന്നില്ല. ആറന്മുളനിന്നും ഏതാണ്ട് രണ്ടു മൂന്ന് മണിക്കൂര്‍ സഞ്ചരിച്ചെത്താവുന്ന ദൂരത്തില്‍ തിരുവനന്തപുരം, നൊടുമ്പാശ്ശേരി വിമാനത്താവളങ്ങള്‍ ഉണ്ടെന്നും ഓർക്കണം.

സാധാരണകാരന്‍റെ  ആവശ്യമായ  റോഡു വികസനത്തെക്കുറിച്ചോ റയില്‍ വികസനത്തെക്കുറിച്ചോ ചിന്തിക്കാതെ  സമ്പന്ന വര്‍ഗത്തിന്‍റെ സ്വാര്‍ത്ഥ ലാഭത്തിനായി UNDP പോലും പൈതൃകഗ്രാമമായി അംഗീകരിച്ചനൂറ്റാണ്ടുകള്‍ പഴക്കമുള്ള ഒരു പൈതൃക ഗ്രാമത്തെ ഇല്ലാതാക്കണോ.....

ഈ പദ്ധതി മാത്രമല്ല, കേരളത്തില്‍ ഇപ്പോള്‍ കൊട്ടിഘോഷിക്കപ്പെടുന്ന മെഗാ നിക്ഷേപ വികസന പദ്ധതികളെല്ലാം തന്നെ ലാന്‍ഡ്‌ മാഫിയകള്‍ വച്ച് നീട്ടുന്ന എല്ലിന്‍ കഷണങ്ങള്‍ക്ക് വേണ്ടി നമ്മുടെ രാഷ്ട്രീയ പിച്ചക്കാര്‍ പടച്ചു വിടുന്നതാണ്. അതിസമ്പന്നർക്കും കോർപ്പറേറ്റുകൾക്കും  വേണ്ടി മാത്രമായി മാറിയിരിക്കുന്നു നവ വികസന പദ്ധതികൾ. അതിൽ ഒന്ന് മാത്രമാണ് ഇത്. സാധാരണക്കാരന്റെയും സാധുക്കളുടെയും, ആകെ ഉള്ള തുണ്ട് ഭൂമി പെട്ട വില കൊടുത്തു വാങ്ങി കുത്തകകളുടെ കയ്യിൽ  എത്തിച്ചു കൊടുക്കുന്ന റിയൽ എസ്റ്റേറ്റ്‌ ജാലവിദ്യയാ ആണ് ഇവയെല്ലാം എന്ന് ഒട്ടു മിക്കവർക്കും അറിയാവുന്ന വസ്തുതയും ആണ്. ഇതി നെല്ലാം കുഴലൂതുന്നതിനു പ്രതിഫലമായി എത്തേണ്ട വിഹിതം എത്തേണ്ട ആളുകൾക്ക് എത്തേണ്ട സ്ഥലങ്ങളില്‍ എത്തിയിട്ടുണ്ടെന്ന് ഇതിനെ അനുകൂലിക്കുന്നവരുടെ വാക്കുകളും ശരീരഭാഷയും വിളിച്ചു പറയുന്നുണ്ട്.... 

ഈ വിഴുങ്ങല്‍ പദ്ധതിക്കെതിരെ സമരം ചെയ്യാന്‍ അണി നിരന്ന എല്ലാ ജനകീയ പോരാളികള്‍ക്കും അഭിവാദ്യങ്ങള്‍...

വാല്‍ക്കഷണം 


പൊതുസമൂഹവും സർക്കാരും താഴെ പറയുന്ന കാര്യങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്യണം 


1. കേരളത്തിൽ ഇപ്പോൾ 3 വിമാനത്താവളങ്ങൾ ഉണ്ട്‌. കണ്ണൂർ വിമാനത്താവളം ഉടൻ പൂർത്തിയാകും. ഒരു അഞ്ചാം വിമാനത്താവളം കേരളത്തിനാവശ്യമുണ്ടോ എന്ന കാര്യം സർക്കാർ വിമർശനപരമായി പരിശോധിക്കണം.
2. നിലവിലുള്ള വിമാനസർവ്വീസുകളുടെ വിശദാംശങ്ങൾ ശേഖരിച്ച്‌ വിലയിരുത്തൽ നടത്തണം. വിമാന സർവ്വീസുകളുടെ എണ്ണം, യാത്രക്കാരുടെ എണ്ണം, വിമാനത്തിലെ സീറ്റുകളുടെ ലഭ്യതയും ആവശ്യകതയും, പത്തനംതിട്ട, ഇടുക്കി, കോട്ടയം ജില്ലകളിലെ അന്താരാഷ്‌ട്ര സഞ്ചാരികളുടെ എണ്ണം ഇവയൊക്കെ പരിശോധിച്ച്‌ നിലവിലുള്ള വിമാനത്താവളത്തിൽ അധിക സൗകര്യങ്ങൾ ഏർപ്പെടുത്തേണ്ടതുണ്ടെങ്കിൽ അത്‌ ചെയ്യണം.
3. ഒരു സാഹചര്യത്തിലും നെൽവയൽ നീർത്തട സംരക്ഷണ നിയമത്തിൽ ഒരു ഇളവും കൊടുക്കാൻ പാടില്ല. കേരളം അതിരൂക്ഷമായ ഭക്ഷ്യക്ഷാമത്തിലേക്ക്‌ നീങ്ങുകയാണ്‌. ഈ സാഹചര്യത്തിൽ വിമാനത്താവളത്തിനായി 400 ഏക്കർ നെൽപാടം നികത്തുന്നതിനുള്ള അനുമതി നൽകരുത്‌.
4. ആറന്മുളയിൽ കുറെക്കാലമായി കൃഷി നടക്കാത്ത നെൽവയൽ അടിയന്തിരമായി കൃഷിയോഗ്യമാക്കണം
5. വലിയതോടിനുണ്ടായ പാരിസ്ഥിതിക ആഘാതം പരിഹരിക്കണം. തോടിന്റെ സ്വാഭാവികാവസ്ഥ പുനഃസ്ഥാപിക്കണം.

ഈ ഗ്രാമീണ ഭംഗിയുടെയും ജൈവ വൈവിധ്യത്തിന്റെയും മേൽ നടക്കാൻ പോകുന്ന വൻ കടന്നു കയറ്റം ഒഴിവായി പോകട്ടെ എന്ന് എന്ന് തന്നെ നാം പ്രത്യാശിക്കുക....അന്തിമ വിജയം സത്യത്തിനായിരിക്കും....

(ഞാനൊരു ആറന്മുളക്കാരന്‍ അല്ല; അതിനാല്‍ വായിച്ചറിഞ്ഞ കാര്യങ്ങളെ അടിസ്ഥാനമാക്കി എഴുതിയതാണ് ഈ കുറിപ്പ്. അതിനാല്‍ ഇതെന്റെ ബൌദ്ധിക സ്വത്തല്ല)


അടുത്തിടെ കേട്ട നവ ഹൈടെക് വികസന പദ്ധതികളുമായി ബന്ധപ്പെട്ട ചില ബ്ലോഗ്‌ പോസ്റ്റുകൾ വായിക്കാൻ താഴെ കൊടുത്ത ലിങ്കുകൾ ക്ലിക്ക് ചെയ്യുക....


അടിവസ്ത്രമില്ലാതെ മേല്‍വസ്ത്രമിടാന്‍ നിര്‍ബന്ധിതരാകുമ്പോൾ.....

കേരളത്തിന്‌ താങ്ങാനാകുമോ ഒരു അതി വേഗ റെയില്‍ പാത (HIGH SPEED RAIL CORRIDOR - HSRC) ?

കോരൻ ഒരു വികസന നായകൻ ആയ കഥ................

ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക

https://www.facebook.com/achayatharangal.blogspot.in


അല്ലെങ്കില്‍ 
 താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക


കാലടി, 11.02.2014

Monday, 10 February 2014

ആര് പറഞ്ഞു രാഹുല്‍ജിക്ക് ഒട്ടും മൂളയില്ലെന്ന് ??? വീ എം സുധീരന്‍ - കെ പി സി സി പ്രസിഡന്റ്‌

അര്‍ണാബ് ഗോസ്വാമിയുമായി നടത്തിയ ചാനല്‍ അഭിമുഖത്തിന്റെ പേരില്‍ ഏറെ വിവരമില്ലാത്തവനായി  മുദ്ര കുത്തപ്പെട്ട രാഹുല്‍ ഗാന്ധി ഈ അടുത്ത കാലത്ത് എടുത്ത അബദ്ധമല്ലാത്തതും വളരെയേറെ നയപരവും കുശാഗ്ര ബുദ്ധി പകടിപ്പിക്കുന്നതുമായ  ഒരു തീരുമാനം... 

സുധീരനെ പാര്‍ട്ടി തലപ്പത്തു പ്രതിഷ്ടിച്ചിരിക്കുന്നു.

സ്വന്തം അഭിപ്രായം, അത് പാര്‍ട്ടി താല്പര്യങ്ങള്‍ക്കെതിരാണെങ്കില്‍ പോലും തുറന്നു പറയാന്‍ ആര്‍ജ്ജവമുള്ള ഒരു നേതാവ്...

തിരഞ്ഞെടുപ്പുകാലത്ത് സീറ്റിനു വേണ്ടി കടി പിടി കൂടാത്ത ഒരു അപൂര്‍വ്വ രാഷ്ട്രീയക്കാരന്‍...

പൊതുവേ ജനകീയനും അഴിമതി രഹിതനും എന്ന് കരുതപ്പെടുന്നയാൾ...

ജനങ്ങൾ (കോൺഗ്രസുകാരല്ല) വളരെ നല്ല നീക്കങ്ങള്‍ പ്രതീക്ഷിക്കുന്നു...

പക്ഷെ, നിങ്ങളുടെ പാര്‍ട്ടിയിലെ കൃമി കീടങ്ങള്‍ അധിക കാലം നിങ്ങളെ ഈ കസേരയില്‍ ഇരുത്തുമെന്ന് കരുതാന്‍ വയ്യല്ലോ. അധികാരവും പാര്‍ട്ടി പദവികളും ഇല്ലാതിരുന്ന കാലത്ത് കോണ്‍ഗ്രസില്‍ V S അച്യുതാനന്ദൻ കളിച്ചിരുന്ന ഇദ്ദേഹത്തെ അവര്‍ എല്ലാം മറന്ന് അംഗീകരിക്കുമോ ? ഇദ്ദേഹത്തിന്റെ നിലപാടുകളും നയപരിപാടികളും ഗ്രൂപ്പ് മുതലാളിമാർ തുരങ്കം വച്ച് നശിപ്പിക്കില്ല എന്നതിന് ഒരു ഗ്യാരണ്ടിയുമില്ല. കപട ആദർശക്കാരോടും രാഷ്ട്രീയ ബ്ളാക്ക് മെയിലിങ് വിദഗ്ദ്ധരോടും സമരസപ്പെടാനുള്ള വൈഭവവും സന്നദ്ധതയും ഇല്ലാത്തത് കൊണ്ട് തന്നെ ഇദ്ദേഹം പാർട്ടിയിലെ പുകഞ്ഞ കൊള്ളിയാകാനും പലരുടെയും ഉറക്കം കളയാനുമാണ് സാധ്യത. 

എന്തായാലും അദ്ദേഹത്തിൽ ഭരമേല്പിക്കപ്പെട്ടിരിക്കുന്ന ദൗത്യം ചെറുതല്ല; അത്രയ്ക്കും ശത്രുക്കൾ പാളയത്തിനകത്ത് തന്നെ ഉണ്ട്. കേരളരാഷ്ട്രീയത്തില്‍ വളര്‍ന്നു പന്തലിച്ച  നവ ഹൈ ടെക് വികസന അഴിമതി രാഷ്ട്രീയത്തെ അദ്ദേഹം എങ്ങനെ നേരിടും എന്നാണു കേരളത്തിലെ മാങ്ങാ മനുഷ്യര്‍ (ആം ആദ്മി) ഉറ്റു നോക്കുന്നത്. 

ഉത്തരം തേടുന്ന ചോദ്യങ്ങള്‍ അനവധിയാണ്...

ആറന്മുള വിമാനത്താവളത്തിന് എന്ത് സംഭവിക്കും ?

കരിമണല്‍ മാഫിയക്ക് മണി കെട്ടുമോ ??

അങ്ങനെ അങ്ങനെ....

പക്ഷെ, രാഹുല്ജിയുടെ ഈ നീക്കത്തില്‍ മുഖം കറുത്ത് പോയത് ചെന്നിത്തലക്കോ ഉമ്മച്ചായനോ മാത്രമല്ല. നേരെ മറിച്ച്, പല വിധ വിഷയങ്ങളില്‍ മുഖം നഷ്ടപ്പെട്ടു പോയ എല്‍ ഡി എഫിന് കൂടിയാണ്. ഇനി വരാനിരിക്കുന്ന ലോക് സഭാ തിരഞ്ഞെടുപ്പില്‍ ആദർശ പരിവേഷമുള്ള സുധീരനും കാർക്കശ്യ നിലപാടുകാരനായ പിണറായിയും മുഖാമുഖം നിന്ന് തിരഞ്ഞെടുപ്പ് നയിക്കുമ്പോൾ അതൊരു താരതമ്യമില്ലാത്ത പോരാട്ടമായിരിക്കും...തീര്‍ച്ച...!!!!

ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക

https://www.facebook.com/achayatharangal.blogspot.in


അല്ലെങ്കില്‍ 
 താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക



http://www.mathrubhumi.com/story.php?id=429172

ആലുവ, 10-02-2014


Sunday, 9 February 2014

കേരളത്തിന് താങ്ങാനാകുമോ ഒരു അതിവേഗ റെയിൽ പാത (HIGH SPEED RAIL CORRIDOR - HSRC) ?

ഇന്നത്തെ (10.02.2014) പത്രത്തില്‍ ഒരു വാര്‍ത്ത കണ്ടു; സ്ഥലം ഏറ്റെടുക്കാതെ തന്നെ അതി വേഗ റെയില്‍ പാത പദ്ധതി നടപ്പാക്കാന്‍ പറ്റും എന്ന് ശ്രീ ഇ. ശ്രീധരന്റെ പ്രസ്ഥാവന. എന്നാല്‍  HSRC പദ്ധതി നടത്തിപ്പ് നേരിടാന്‍ ഇടയുള്ള പലവിധ പ്രശ്നങ്ങളില്‍ ഒന്ന് മാത്രമാണ് സ്ഥലം ഏറ്റെടുപ്പ്. 

കേരളത്തിന്റെ ബജറ്റ്‌ രേഖകള്‍ അനുസരിച്ച് റവന്യു വരുമാനവും മൊത്തം ചിലവും തമ്മിലുള്ള വിടവ് നികത്തപ്പെടുന്നത് കടം വാങ്ങിയാണ്. കഴിഞ്ഞ വര്‍ഷത്തെ ബജറ്റ്‌ പ്രകാരം കേരളത്തിന്റെ മൊത്തം കടം ഒരു ലക്ഷത്തി പതിനഞ്ചായിരത്തോളം കോടി രൂപയാണ്. ഇപ്പോള്‍ തന്നെ നിത്യ ചിലവിനു ഫണ്ട്‌ ഇല്ലായ്മയും ട്രഷറി പൂട്ടലും ഒരു അപൂര്‍വമല്ലാത്ത സംഭവമാണ് കേരളത്തില്‍. ദിശാബോധവും യാഥാർഥ്യ ബോധവും ഇല്ലാത്ത പദ്ധതികള്‍ കേരളത്തെ അതിഭീകരവും പരിഹരിക്കാന്‍ ആവാത്തതുമായ കടക്കെണിയിലേക്ക് നയിക്കും എന്ന് സാമാന്യബുദ്ധിയുള്ള ഏതൊരാൾക്കും ഒരുപാട് തലപുകക്കാതെ തന്നെ മനസിലാക്കാവുന്നതാണ്.

മാർച്ച് 2011-ൽ "വികസനവും കരുതലും" എന്നപേരിൽ യുഡിഎഫ് പുറത്തിറക്കിയ പ്രകടന പത്രികയിൽ മുന്നോട്ട് വച്ച പദ്ധതിയാണ് ഇപ്പോൾ ഉമ്മൻ ചാണ്ടി പൊടി തട്ടിയെടുത്തിരിക്കുന്നത്. ഈ പദ്ധതിയില്‍, സ്ഥലം ഏറ്റെടുപ്പ് എന്നത്, സ്ഥലം നഷ്ടപ്പെടുന്ന ഹതഭാഗ്യരെ മാത്രം ബാധിക്കുമെന്നിരിക്കെ, ഓരോ കേരള നിവാസിയെയും ബാധിക്കുന്ന അതിന്റെ സാമ്പത്തിക വശം അധികം ചര്‍ച്ചക്ക് വന്നിട്ടില്ലെന്നതാണ് ഈ പദ്ധതിയുമായി ബന്ധപ്പെട്ടു നില നില്‍ക്കുന്ന പ്രധാന ന്യൂനത.

ഈ പദ്ധതിയുമായി ബന്ധപ്പെട്ടു സര്‍ക്കാര്‍ പുറത്തിറക്കിയ ആദ്യ ഔദ്യോഗിക റിപ്പോര്‍ട്ട്‌ അനുസരിച്ച് ഉടനെ ഈ പദ്ധതി തുടങ്ങുകയാണെങ്കില്‍ ഏതാണ്ട് ഒന്നേകാല്‍ ലക്ഷം കോടി രൂപ ഇതിനു മുതല്‍ മുടക്ക് വരും. ഇതിന്റെ സാങ്കേതിക വിദ്യ തരുന്ന ജപ്പാന്‍ കമ്പനി തന്നെ വളരെ തുച്ഛമെന്നു തോന്നിയേക്കാവുന്ന 1.43% നിരക്കില്‍ 70000 കോടിയോളം രൂപ കടം തരാമെന്നു തത്വത്തില്‍ സമ്മതിച്ചിട്ടുണ്ടെന്നാണ് ഇതിന്റെ ശില്‍പികള്‍ ജനങ്ങളോട് പറയുന്നത്. ബാക്കി തുക സംസ്ഥാന സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും കൂടി ചിലവിടണം. കേന്ദ്ര സര്‍ക്കാര്‍ ഇതിനു വേണ്ടി പണം ചിലവാക്കില്ലെന്നു മുന്‍പേ വ്യക്തമാക്കിയിട്ടുണ്ട്.  അപ്പോള്‍ ബാക്കി തുക കേരളം തന്നെ കണ്ടെത്തണം. ഈ പറഞ്ഞ തുക തന്നെ, ഈ പദ്ധതി ഉടനെ തുടങ്ങുകയാണെങ്കില്‍ വരാവുന്ന, ഇതിന്റെ മൂലധന മുടക്ക് മാത്രമാണ്. പദ്ധതി കഴിഞ്ഞാല്‍ വരുന്ന ആവര്‍ത്തന ചിലവുകള്‍ വേറെയാണ്. വാങ്ങുന്ന കടത്തിന്റെ പലിശയും മുതലും വീട്ടണം. പലിശ മാത്രം ഒരു ദിവസം രണ്ടേമുക്കാല്‍ കോടി രൂപ വരും. പിന്നെ മുതല്‍ തിരിച്ചടവ്, ആവര്‍ത്തന ചെലവ് എല്ലാം ചേര്‍ത്ത് പ്രതിദിനം എത്ര കോടി രൂപ ഉപഭോക്താക്കളില്‍ നിന്ന് പിരിച്ചെടുത്താല്‍ ഈ പദ്ധതി  Break Even ആവും. ലോകമാകമാനം നോക്കിയാല്‍, എന്റെ പരിമിതമായ അറിവില്‍ ജപ്പാനിലെ ടോക്യോ – ക്യോട്ടോ HSR Corridor ഒഴികെ ഒരെണ്ണം പോലും സാമ്പത്തിക ലാഭം ഉണ്ടാക്കുന്നില്ല.

കടം എടുത്താല്‍ ഇത്രയും തുക  എന്ന് കൊടുത്തു തീരും എന്നോ, ഈ പദ്ധതി എന്ന് ബ്രേക്ക് ഈവന്‍  ആയി തീരും എന്നോ ഒരു കണക്കും ഉണ്ട് എന്ന് തോന്നുന്നില്ല. കൊച്ചിയില്‍ നിന്നും തിരുവനന്തപുരത്ത് ഹൈസ്പീഡ് റെയിലില്‍ എത്താനുള്ള ചിലവ് പരിഗണിച്ചാല്‍ എത്ര സാധാരണക്കാര്‍ക്ക് അത് താങ്ങാനാകും എന്നതാണ് പ്രധാന കാര്യം. പണച്ചിലവ് കൂടുതലുള്ള ട്രെയിനുകളിലെ എ.സി. കോച്ചുകള്‍ പോലും ഒഴിവാക്കുന്ന സാധാരണക്കാരന്‍, ഈ വലിയ തുക മുടക്കി കൊച്ചിയില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോകുമോ ?
   
KSRTC യെ പോലും മര്യാദക്ക് നോക്കി നടത്താന്‍ കഴിയാത്ത, തുച്ഛമായ കേന്ദ്ര പദ്ധതി വിഹിതം പോലും കാര്യക്ഷമമായി ചിലവാക്കാന്‍ കഴിവില്ലാത്ത ഒരു സംസ്ഥാനം, ഈ പദ്ധതി നടപ്പാക്കിയാല്‍ മറ്റു വികസന പദ്ധതികള്‍ പോലും മരവിക്കാനും ഭീമമായ കടക്കെണിയിലേക്ക് വീഴുവാനും മാത്രമേ സാധ്യതയുള്ളൂ എന്നുമാണ് സാമാന്യ ബുദ്ധി എന്നോട് പറയുന്നത്. സാമാന്യബുദ്ധി വേറെ രീതിയിൽ പറയുന്നവരോട് ഒരു വിരോധവുമില്ല; കാരണം എല്ലാവരുടെയും സാമാന്യ ബുദ്ധി ഒരു പോലെ ആവണമെന്നില്ലല്ലോ. ഇതിൽ പ്രതിപക്ഷത്തിന് ആത്മാർത്ഥമായ എതിർപ്പില്ലെന്നാണ് പൊതുവെയുള്ള പ്രതികരണങ്ങളിൽ നിന്ന് മനസിലാകുന്നത്. ഒന്ന് ഇത് വി എസ് അച്യുതാനന്ദൻ മുഖ്യമന്ത്രി ആയിരുന്ന കാലത്ത് മുന്നോട്ട് വച്ച ആശയമാണെന്ന് പറയപ്പെടുന്നു. രണ്ടാമത്തേത് ബൃഹത്ത് നിർമ്മാണ പദ്ധതികൾ ഏത് രാഷ്ട്രീയക്കാർക്കും നേട്ടങ്ങൾ സമ്മാനിക്കുന്ന ഏർപ്പാടാണ്. പ്രത്യേകിച്ച്, കേരളം പോലെ അഞ്ച് വർഷ ഇടവേളയിൽ ഭരണം മാറി വരുന്ന മാറി വരുന്ന ഒരു സംസ്ഥാനത്ത്.

രാഷ്ട്രീയക്കാരെ സംബന്ധിച്ച് ഒന്നേകാല്‍ ലക്ഷം കോടി രൂപയുടെ നിർമ്മാണ പദ്ധതിയെന്നത് സങ്കല്‍പ്പങ്ങള്‍ക്കും ഭാവനകള്‍ക്കും അപ്പുറത്തുള്ള ചക്കരക്കുടമാണ്. അതില്‍ കൈയിട്ടു വാരാനും നക്കാനും കാത്തിരിക്കുന്നവരുടെ സാമാന്യ ബുദ്ധിയാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നതെന്ന യാഥാർഥ്യം നില നിൽക്കുമ്പോൾ ഇതിന്റെ കൂറ്റൻ തൂണുകളും പാലങ്ങളും എന്റെ കൂരക്ക് മുകളിലോ ആകെയുള്ള നാലിടങ്ങഴി മണ്ണിന്റെ നെഞ്ചിലൂടെയോ ആകാതിരിക്കാൻ മാത്രമാണെന്റെ പ്രാർത്ഥന.


ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക

https://www.facebook.com/achayatharangal.blogspot.in


അല്ലെങ്കില്‍ 
 താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക