പ്രശസ്ത തിരക്കഥാകൃത്ത് രഞ്ജിത്ത് രചിച്ചു സംവിധായകന്‍ ഷാജി കൈലാസ് സംവിധാനം ചെയ്ത് മോഹന്‍ലാല്‍ അഭിനയിച്ചു സൂപ്പര്‍ മെഗാ ഡ്യൂപ്പര്‍ ഹിറ്റാക്കിയ "നരസിംഹം" എന്ന മലയാള സിനിമയിലെ മോഹന്‍ ലാലിന്റെ പൂവള്ളി ഇന്ദുചൂഡന്‍ എന്ന കഥാപാത്രത്തിന്റെ അവതാരവൈവിധ്യവും ചിത്രത്തിൽ പരക്കെ മുഴച്ചു നില്ക്കുന്ന സ്ത്രീ വിരുദ്ധതയും ഹീറോയിസത്തിന്റെ സവിശേഷതകളും ആണ് എന്നെ തെല്ല് സംശയാലു ആക്കിയത്. "നായക സങ്കല്‍പ്പങ്ങളുടെ പൂര്‍ണ്ണത" എന്നായിരുന്നു ആ ചിത്രത്തിന്റെ പരസ്യ വാചകം. ഞാനും അന്ന് ആ സിനിമ കണ്ടു രോമാഞ്ചം അണിഞ്ഞ ഒരു വ്യക്തിയാണ്. എന്നാലും കഴിഞ്ഞ ദിവസം വീട്ടിലിരുന്നു ടി.വി.യില്‍ ആ പടം കണ്ടപ്പോൾ മുതല്‍ എനിക്ക് തോന്നി തുടങ്ങിയ സംശയങ്ങളാണ് ഇനി പറയുന്നത്; സത്യത്തിൽ ഈ കഥാപാത്രം ആരാണ് !?
പടത്തിന്റെ പേര് അനുസരിച്ച് നായകന്‍ സ്വഭാവപരമായി വിഷ്ണുവിന്റെ അവതാരമായ നരസിംഹമായിരിക്കണം. പടം തുടങ്ങുമ്പോള്‍ പാടുന്ന പാട്ടില്‍ നായകന്‍ പതിനാല് വര്‍ഷത്തെ വനവാസം കഴിഞ്ഞു വരുന്ന രാമനാണ്; ഭാഗ്യത്തിന് അത് വിഷ്ണുവിന്റെ തന്നെ അവതാരമാണ്. നായകനെ അവതരിപ്പിക്കുന്ന പാട്ട് വന്നപ്പോള്‍ വീണ്ടും നായകന്‍ നരസിംഹമാണ്. പടത്തില്‍ അദ്ദേഹത്തിന്റെ പേര് പറഞ്ഞപ്പോള്‍ വീണ്ടും കണ്‍ഫ്യൂഷന്‍ കൂടി. ഇന്ദുചൂഡന്‍ എന്നാണ് ചേട്ടന്റെ പേര്. നിഘണ്ടു അനുസരിച്ച്, അതാണെങ്കില്‍ ചന്ദ്രക്കല ചൂടിയ സാക്ഷാല്‍ പരമശിവന്‍. സിനിമയില്‍ ഇടയ്ക്കു നായകന്‍ അദ്ദേഹത്തിന്റെ തൃക്കണ്ണ്‍ തുറന്നു ഭസ്മമാക്കലിനെ പ്രതിപാദിക്കുന്നുണ്ട്. തൃക്കണ്ണും പരമശിവന്റെ ആണ്. തിലകന്റെ കഥാപാത്രത്തിന്റെ അന്ത്യനിമിഷത്തിലും നായകന്‍ ശിവനാണ് എന്നാണ് പറഞ്ഞു വയ്ക്കുന്നത്. ഇടഞ്ഞ കൊമ്പന്റെ കൃഷ്ണമണിക്ക് തോട്ടി കയറ്റിയാൽ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തും എന്ന് ആക്രോശിക്കുന്ന ഒരു രംഗവുമുണ്ട്. പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തിയത് വിഷ്ണുവിന്റെ മറ്റൊരവതാരമായ വാമനനാണ്. എന്തായാലും നായകന്റെ ബ്രഹ്മ രൂപം എങ്ങും സൂചിപ്പിക്കുന്നില്ല എന്നതുകൊണ്ട് ആ വഴിക്കുള്ള കണ്‍ഫ്യൂഷന്‍ ഉണ്ടായില്ല.
ഇനി നായകന്‍റെ കയ്യിലിരിപ്പ് കണ്ടാലോ... സിനിമ തുടങ്ങുമ്പോള്‍ ഒരു വില്ലന്‍ മറ്റു വില്ലന്മാരോടൊപ്പം അച്ഛന്‍ വില്ലന്റെ ചിതാഭസ്മം പുഴയില്‍ നിമഞ്ജനം ചെയ്യാന്‍ വരികയാണ്. അത് തടഞ്ഞു നിമഞ്ജനം നടത്താതെ തിരിച്ചു വീട്ടില്‍ വിട്ടു കൊണ്ടാണ് നായകന്‍ അദ്ദേഹത്തിന്റെ ഹീറോയിസം കാണിക്കുന്നത്.അവസാന സീനില്‍ നായകന്റെ അച്ഛന്‍ മരിച്ചിട്ട് അന്ത്യകര്‍മ്മങ്ങള്‍ ചെയ്യുന്ന നായകനെ അവിടെ എത്തുന്ന വില്ലന്‍ സമാധാന പരമായി അത് ചെയ്തു തീര്‍ക്കാന്‍ അനുവദിക്കുന്നു. കര്‍മ്മങ്ങള്‍ കഴിഞ്ഞെഴുന്നേല്‍ക്കുന്ന നായകന്‍ വില്ലന്റെ അച്ഛന്റെ ചിതാഭസ്മം പുറം കാലിനു തട്ടി തെറിപ്പിക്കുന്നു. അത് പോരാഞ്ഞ് വില്ലന്മാരെ മുഴുവന്‍ അടിച്ചു ഊറക്കിടുന്നു. മുഖ്യ വില്ലന്റെ കയ്യും കാലും പിരിച്ചൊടിക്കുന്നു. എന്നിട്ടൊരു സമാധാന സന്ദേശ പ്രഖ്യാപനം നടത്തുന്നു. മടപ്പള്ളി പവിത്രന്റെ സ്ത്രീ പീഡനത്തിൽ നിന്ന് നിസ്സഹായയായ ഒരു പെൺകുട്ടിയെ (പെൺകുട്ടി നായകന്റെ അർദ്ധ സഹോദരിയാണ്) രക്ഷിക്കാൻ അവതരിക്കുന്ന നായകൻ സ്ത്രീപക്ഷത്തല്ല എന്നതാണ് രസകരം. പവിത്രൻ ഈ നിലക്ക് പോയാൽ കൊടുക്കാൻ പോകുന്ന ശിക്ഷയിലാണ് അത് പറയുന്നത്; പവിത്രന്റെ വീട്ടിലെ സ്ത്രീകളെ നായകനും പീഡിപ്പിച്ച് പകരം വീട്ടും; അതിൽ നിന്ന് ഭാര്യ, അമ്മ , പെങ്ങൾ എന്ന് വേണ്ട പടിഞ്ഞാറ്റയിൽ അറ്റം നോക്കി കിടക്കുന്ന അമ്മൂമ്മയെപ്പോലും അദ്ദേഹം വെറുതെ വിടില്ലത്രേ. ഇതിലാരാണ് വില്ലന്‍...ആരാണ് നായകന്‍....
സ്ത്രീയെന്നാല്‍ പുരുഷൻ എന്ന കേന്ദ്ര ഗ്രഹത്തിനെ ചുറ്റി ഭ്രമണം ചെയ്യേണ്ട ഉപഗ്രഹം മാത്രമാണെന്ന് പറഞ്ഞു വയ്ക്കുന്ന ഒരവസാനവും. ‘വെള്ളമടിച്ച് കോണ്‍ തിരിഞ്ഞ് പാതിരാക്ക് വീട്ടി വന്നുകേറുമ്പോ ചെരിപ്പൂരി കാലുമടക്കി ചുമ്മാ തൊഴിക്കാനും തുലാവര്‍ഷ രാത്രികളില്‍ ഒരു പുതപ്പിനടിയില്‍ സ്‌നേഹിക്കാനും എന്റെകുഞ്ഞുങ്ങളെ പെറ്റുപോറ്റാനും ഒടുവിലൊരുനാള്‍ വടിയായി തെക്കേപറമ്പിലെ പുളിയന്‍മാവിന്റെ വിറകിനടിയില്‍ എരിഞ്ഞു തീരുമ്പോ നെഞ്ചു തല്ലി കരയാനും എനിക്ക് ഒരു പെണ്ണിനെ വേണം‘. ചുമ്മാ തൊഴിക്കാനും കാമപൂർത്തി ഉപകരണമായും കുഞ്ഞുങ്ങളെ പെറ്റു പോറ്റാനും ചാവുമ്പോൾ വിലപിക്കാനും ഒക്കെയായി സ്ത്രീകളെ ആഗ്രഹിക്കുന്ന ശരാശരി പുരുഷന്റെ ഉടുപ്പ് ഒരു ദൈവ അവതാരത്തിനും ചേരാൻ വഴിയില്ല. എത്രയൊക്കെ മുറുക്കി കുത്തിയാലും ഏതെങ്കിലും പുരുഷന്റെ കൈ കൊണ്ട് അഴിയാനുള്ളതാണ് സ്ത്രീയുടെ മടിക്കുത്തെന്നും സംരക്ഷിച്ചു നിർത്താൻ ഒരു പുരുഷൻ ഇല്ലെങ്കിൽ പിന്നെ സ്ത്രീയുടെ മുൻപിലുള്ള ഏക പോംവഴി ബസ് സ്റ്റാന്റിൽ സ്വയം വിൽക്കുക മാത്രമാണെന്ന് പ്രഖ്യാപിക്കുന്ന വില്ലനും സാമാന്യം നല്ല സ്ത്രീ വിരുദ്ധനാണ്.
പതിറ്റാണ്ടുകൾക്കിപ്പുറം, കുട്ടിക്കാണികളെ തിയേറ്ററുകളിലേക്ക് വല്ലാതെ ആകർഷിച്ച "ഫിലിപ്‌സ് ആന്റ് ദ മങ്കിപെന്നിലെ" മീശ കുരുക്കാത്ത നായകനായ "റിയാന്‍ ഫിലിപ്പ് " എന്ന അഞ്ചാം ക്ലാസ്സുകാരനെക്കൊണ്ട് പറയിപ്പിച്ച ഇതേ ഡയലോഗിന്റെ പാരഡി കേട്ടപ്പോൾ സത്യത്തിൽ ഞെട്ടിപ്പോയി. ‘ക്രിക്കറ്റ് കളിച്ച് ക്ഷീണിച്ച് കിടന്നുറങ്ങുമ്പോൾ എന്റെ മാത്ത്സ് ഹോം വര്‍ക്ക് ചെയ്യാനും, മണ്‍സൂണ്‍ കാലത്ത് സ്കൂളിൽ പോകുമ്പോൾ ഒരു പോപ്പി കുടയ്ക്കുള്ളിൽ സ്നേഹിക്കാനും ഒടുവില വർഷാവസാനം പരീക്ഷയിൽ ഞാൻ പൊട്ടുമ്പോൾ നെഞ്ചു തല്ലി കരയാനും എനിക്കൊരു പെണ്ണിനെ വേണം.... വില്‍ യു ബി മൈ ഗേള്‍’
തലമുറകൾക്ക് ശേഷവും കുഞ്ഞു നാവിലൂടെ "അവതാരം" പുനർജ്ജനിക്കുന്നു.... (വല്ലാത്തൊരു അവതാരം തന്നെ !!!)
ഇതെല്ലാം ഒരു പാവം സംശയാലുവിന്റെ സംശയങ്ങള്‍ മാത്രമാണേ.
ഇത്രയൊക്കെ സംശയങ്ങള്‍ ഉണ്ടെങ്കിലും പടം ഭൂലോക ഹിറ്റ് തന്നെയായിരുന്നു. പ്രദര്‍ശന ശാലകള്‍ നിറഞ്ഞു കവിഞ്ഞു. പടത്തിന്റെ ശില്‍പ്പികള്‍ കോടികള്‍ വാരിക്കൂട്ടി.
ഇപ്പറഞ്ഞതിനർത്ഥം മോഹൻലാലും രഞ്ജിത്തും മാത്രം സ്ത്രീവിരുദ്ധരാണെന്നും മറ്റു "മഹാ"നടന്മാരോ അങ്ങനെ നടിക്കുന്നവരോ സിനിമാപ്രവർത്തകരോ സ്ത്രീവിരുദ്ധരാണെന്നും അല്ല... എല്ലാവരും അവരെക്കൊണ്ടു കഴിയുന്ന തരത്തിലൊക്കെ സ്ത്രീവിരുദ്ധത ആഘോഷിച്ചിട്ടുണ്ട്.
അവസാന സീന്‍ : നരസിംഹം 100 ഉം 150 ഉം ഒക്കെ പിന്നിട്ടു കഴിഞ്ഞു എന്നിട്ടും തിയേറ്ററില്‍ ജനത്തിരക്കൊഴിയു ന്നില്ല. അതോടെ മോഹല്‍ലാല്‍ വീണ്ടും മലയാള സിനിമയുടെ നെറുകയിലെയ്ക്ക് വരുകയും മമ്മൂട്ടിയുടെ നില സ്വല്‍പ്പം പരുങ്ങലിലാവുകയു ം ചെയ്തു. ഷൂട്ടിംഗ് തിരക്കില്ലാത്ത ഒരു സുപ്രഭാതത്തില്‍ മമ്മൂട്ടി തന്റെ ഡ്രൈവറെ വിളിച്ചു
"നിനക്ക് ആന്റണി പെരുമ്പാവൂരിനെ അറിയാവോ"
"ഉം" ഡ്രൈവര്‍ തല കുലുക്കി
"അങ്ങേരു ലാലിനെ വച്ച് എടുത്ത കഴിഞ്ഞ നാല് പടങ്ങളും സൂപ്പര്‍ ഹിറ്റാ അറിയാവോ"
" ഉം " ഡ്രൈവര്‍ അതിനും തല കുലുക്കി
"ന്ഹും ! അപ്പൊ അതും അറിയാം "
"നിനക്ക് ആന്റണിയെപ്പോലെ ഒരു പടമൊക്കെ എടുക്കണമെന്ന് ആഗ്രഹം തോന്നാറില്ലേ "
" ആഗ്രഹമോക്കെ ഉണ്ട് സാറെ പക്ഷെ......ഈ മോഹന്‍ലാല്‍ സാറിന്റെ ഡേറ്റ് ഇപ്പം എങ്ങനാ ഒന്ന് കിട്ടുക "
(ഇത് എന്റെ ഒരു പഴയ ഫേസ്ബുക്ക് പോസ്റ്റ് ആയിരുന്നു. അവിടെ നിന്ന് Ctrl+Alt+X അടിച്ചു ഇവിടെ Ctrl+Alt+V ചെയ്തതാണീ പോസ്റ്റ്. തികച്ചും ഒരു റീട്രോസ്പെക്റ്റ്. കടുത്ത മോഹന്‍ലാല്‍--രഞ്ജിത്ത്--ഷാജി കൈലാസ് ആരാധകര്‍ സദയം ക്ഷമിക്കുക)
ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക് ചെയ്യുക
https://www.facebook.com/achayatharangal.blogspot.in
അല്ലെങ്കില്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക