Thursday, 17 April 2014

ചില പാതിരി ഫലിതങ്ങൾ....

പള്ളീലച്ചന്മാര്‍ പള്ളി പ്രസംഗങ്ങളിലെ വിരസതയകറ്റാന്‍ രസകരമായ ചെറിയ കഥകള്‍ പറയാറുണ്ട്‌. അവയില്‍ ചിലത്.

ഒരച്ചന്‍ ദുഖവെള്ളിയാഴ്ച പ്രസംഗം തുടങ്ങി. മുന്നില്‍ വന്നു പെട്ട ഇരകളോട് യാതൊരു ദയാ ദാഷിണ്യവുമില്ലാതെ അച്ചന്‍ പ്രസംഗം വച്ച് പെരുക്കുകയാണ്. എത്രയൊക്കെ ശ്രമിച്ചിട്ടും അച്ചന്റെ ആവേശം പക്ഷെ കുഞ്ഞാടുകളിലേക്ക് എത്തുന്നില്ല. എല്ലാവരുടെയും മുഖം പഴയ പ്രധാന മന്ത്രി നരസിംഹ റാവുവിന്റെ പോലെ നിര്‍വികാരമായിരിക്കുന്നു. കര്‍ത്താവിന്റെ പീഡാനുഭവങ്ങളുടെ കരളുരുക്കുന്ന വിവരണം എടുത്തു പ്രയോഗിച്ചിട്ടും ഒരുത്തനും ഒരു വികാരവും ഇല്ല. ഇതെല്ലാം കണ്ടു മനം മടുത്തു അച്ചന്‍ കരയുമെന്ന ഘട്ടം വന്നു. അപ്പോഴുണ്ട്, പള്ളിയുടെ മുന്നിലിരിക്കുന്ന ഒരു വല്യമ്മച്ചി മാത്രം കണ്ണ് തുടക്കുന്നു. അച്ചന് സന്തോഷമായി. ഒരാള്‍ക്കെങ്കിലും എല്ക്കുന്നുണ്ട്. അദ്ദേഹം വല്ല്യമ്മച്ചിക്ക് കാണാവുന്ന വിധത്തില്‍ തിരിഞ്ഞു നിന്ന് പ്രസംഗം തുടര്‍ന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ വല്യമ്മച്ചി വലിയ വായില്‍ കരഞ്ഞു തുടങ്ങി. അത് കണ്ടും കേട്ടും പലരും ചെറുതായി കരഞ്ഞു തുടങ്ങി. എന്തായാലും അച്ചന് സന്തോഷമായി. പ്രസംഗം തീര്‍ത്തു പുറത്തിറങ്ങി; വാതില്‍ക്കല്‍ കാത്തു നിന്നു. അച്ചനെ രക്ഷിച്ച വല്ല്യമ്മച്ചിയെ ഒന്ന് കാണണം; അതാണ് ഉദേശ്യം. ഒടുവില്‍ വല്യമ്മച്ചിയും അച്ചനും കണ്ടു മുട്ടി. അച്ചന്‍ വല്ല്യമ്മച്ചിയോട് ആകാംഷയോടെ ചോദിച്ചു. എന്റെ പ്രസംഗത്തിലെ ഏതു ഭാഗം കേട്ടാണ് വല്യമ്മച്ചി കരഞ്ഞത്. ഉടനെ വന്നു അവരുടെ മറുപടി; "അച്ചന്റെ പ്രസംഗം അതിനാര് കേട്ടു ? അച്ഛന്റെ ഊശാന്‍ താടി കണ്ടപ്പോള്‍ ഞാനെന്റെ ചത്ത്‌ പോയ മുട്ടനാടിനെ ഓര്‍ത്തു പോയി. അതിന്റെ സങ്കടത്തില്‍ കരഞ്ഞതാണ്" ഇത്തവണ അച്ചന്‍ ശരിക്കും കരഞ്ഞു പോയി.

മലബാര്‍ സഭയിലെ പഴയ പിതാവ് മാര്‍ ആന്റണി പടിയറ പറഞ്ഞ ഒരു ഫലിതം.



ഒരിക്കല്‍ ആന്റണി പടിയറ പിതാവ് ഇംഗ്ലണ്ടില്‍ പോയ സമയത്ത് അവിടത്തെ ഒരു മലയാളീ കുടുംബം സന്ദര്‍ശിക്കുവാന്‍ ഇട വന്നു. കുഞ്ഞുങ്ങളില്ലാത്തതിന്റെ ദുഖം അനുഭവിക്കുന്ന ദമ്പതികളുടെ വീട്ടിലായിരുന്നു സന്ദര്‍ശനം. പിതാവ് അവരോടു പറഞ്ഞു "ലൂര്‍ദ്ദ്ള്ളിയില്‍ പോയി ഒരു മെഴുകുതിരി കത്തിച്ചു പ്രാര്‍ഥിക്കൂ, മാതാവ്‌ നിങ്ങളെ അനുഗ്രഹിക്കും". സന്ദര്‍ശനം കഴിഞ്ഞു പിതാവ് തിരികെ കേരളത്തിലേക്ക് പോന്നു. അഞ്ചു വര്‍ഷത്തിനു ശേഷം പിതാവ് ഇംഗ്ലണ്ടില്‍ എത്തിയപ്പോള്‍ ആ പഴയ ദമ്പതികളുടെ വീട് സന്ദര്‍ശിക്കാന്‍ ഇട വന്നു. അപ്പോള്‍ വീട്ടില്‍ ര്‍ത്താവ് ഉണ്ടായിരുന്നില്ല. വീടിന്റെ മുറ്റത്ത്‌ നാലും മൂന്നും വയസുള്ള 2 കുട്ടികള്‍ കളിക്കുന്നുണ്ട്. പിതാവിനെ കണ്ടപ്പോള്‍ ഭാര്യ മുറ്റത്തേക്ക് ഇറങ്ങി വന്നു. അവളുടെ കയ്യില് 2 വയസുള്ള ഒരു കുഞ്ഞ് ഇരിപ്പുണ്ട്. കൂടാതെ അവള്‍ ഗര്‍ഭിണിയും ആണ്. പിതാവ് അവളോട്‌ ഭര്‍ത്താവ് എവിടെ എന്ന് തിരക്കി. അവള് പറഞ്ഞു. "ലൂര്‍ദ്ദ് പള്ളിയില്‍ പോയിരിക്കുവാ പിതാവ് അത്ഭുതത്തോടെ ചോദിച്ചു എന്ത് പറ്റി ഭാര്യ തെല്ല് നാണത്തോടെ മൊഴിഞ്ഞു തിരി കെടുത്താന്‍”. ഇത്തവണ പിതാവ് ഞെട്ടി.

കുടുംബപ്പേരുകള്‍ വന്നതിനെപ്പറ്റിയുള്ള ഒരു കഥ:

ഒരു കുന്നിന്‍ മുകളില്‍ അത്യാവശ്യം കൃഷികാര്യങ്ങളില്‍ മുഴുകി ജീവിച്ചിരുന്ന ആളായിരുന്നു ഔത. സ്വര്‍ണ്ണം വിളയുന്ന കുന്നില്‍ ജീവിക്കുന്ന ഔതയെ ആളുകള്‍ "സ്വര്‍ണ്ണക്കുന്നേല്‍ ഔത" എന്ന് വിളിച്ചിരുന്നു. പിന്നീടദ്ദേഹത്തിന്റെ മക്കള്‍ ജോലിയൊക്കെ കിട്ടിയപ്പോള്‍ കുന്നിന്‍ താഴെ റോഡരികില്‍ ഒരു വീട് പണിതു. അപ്പോള്‍ നാട്ടുകാര്‍ അദ്ദേഹത്തെ "വഴി വക്കില്‍ ഔത" എന്ന് വിളിച്ചു തുടങ്ങി. അദ്ദേഹത്തിന്റെ വീട്ടുമുറ്റത്ത്‌ ഒരു വന്‍ ആനി മരം (ആഞ്ഞിലി പ്ലാവ്) വളര്‍ന്നു പന്തലിച്ചു. പിന്നെ അദ്ദേഹം "ആനിമൂട്ടില്‍ ഔത" എന്ന് വിളിക്കപ്പെട്ടു തുടങ്ങി. അദ്ദേഹത്തിന് താങ്ങാവുന്നതിനപ്പുറമായിരുന്നു ഈ കുടുംബപ്പേര് മാറ്റം. അദ്ദേഹം ആ ആനിമരം വെട്ടി മാറ്റി. ആനിമരക്കുറ്റിയുടെ അടുത്ത് താമസിക്കുന്ന അദ്ദേഹത്തെ "കുറ്റിയാനിക്കല്‍ ഔത" എന്ന് വിളിച്ചു തുടങ്ങി. കലി മൂത്ത ഔതചേട്ടന്‍ ജെ സി ബി വരുത്തി ആനിമരകുറ്റി പറിച്ചു ദൂരെയെറിഞ്ഞു. പിന്നെ അദ്ദേഹം "കുറ്റി പറിയാനിക്കല്‍ ഔത" എന്നറിയപ്പെട്ടു തുടങ്ങി.

ഫലിതപ്രിയനായ മാര്‍ക്രിസ്റ്റോം തിരുമേനി പറഞ്ഞ ഒരു കഥ


ഒരു വല്ല്യച്ചന്‍ ഞായറാഴ്ച്ച പ്രസംഗം പറയുക ആയിരുന്നു....


എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം മറ്റൊരാളുടെ ഭാര്യയുടെ മടിയില്‍ തല വെച്ച് കിടന്നതാണ്...അവര്‍ എന്റെ തലയില്‍ വിരലുകള്‍ ഓടിക്കുമ്പോള്‍ ഞാന്‍ അനിര്‍വചനീയമായ ഒരു പരമാനന്ദം ആസ്വദിക്കുകയായിരുന്നു.
വിശ്വാസികള്‍  ഞെട്ടി ...എന്തായിത് ....വല്ല്യച്ചന്‍ ഒരു പരസ്യ കുമ്പസ്സാരത്തിനുള്ള പുറപ്പാടില്‍ ആണോ ....
അച്ചന്‍ തുടര്‍ന്നു ....
ആ സ്ത്രീ എന്റെ അമ്മയായിരുന്നു.
വിശ്വാസികളുടെ ശ്വാസം നേരെയായി. പള്ളിയില്‍ പൊട്ടിച്ചിരിയുടെ അലകള്‍ ഉയര്‍ന്നു....
പ്രസംഗം  കേട്ട് കൊണ്ടിരുന്ന മറ്റൊരു കൊച്ചച്ചന് ഇത് നന്നേ പിടിച്ചു. അദ്ദേഹം ചിന്തിച്ചു ...സംഗതി കൊള്ളാം ...നല്ല കയ്യടി കിട്ടും ...
അദ്ദേഹം ഇതേ തമാശ അദ്ദേഹത്തിന്റെ പള്ളിയില്‍ പ്രസംഗത്തിനിടെ പറഞ്ഞു ...
എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം മറ്റൊരാളുടെ ഭാര്യയുടെ മടിയില്‍ തല വെച്ച് കിടന്നതാണ്...അവര്‍ എന്റെ തലയില്‍ വിരലുകള്‍ ഓടിക്കുമ്പോള്‍ ഞാന്‍ അനിര്‍വചനീയമായ ഒരു പരമാനന്ദം ആസ്വദിക്കുകയായിരുന്നു....

വിശ്വാസികള്‍ ഞെട്ടി ...എന്തായിത് ....കൊച്ചച്ചന്‍ ഒരു പരസ്യ കുമ്പസ്സാരത്തിനുള്ള പുറപ്പാടില്‍ ആണോ ....

പക്ഷെ ഇവിടെ അച്ചനും ഒന്ന് ഞെട്ടി ....അച്ചന്‍ തമാശയുടെ അവസാന  ഭാഗം മറന്നു പോയി ...

എന്നിട്ട് ഇങ്ങനെ പറഞ്ഞ് അവസാനിപ്പിച്ചു ...

അതാരുടെ മടിയിലാണെന്ന് ഞാന്‍ ഇപ്പോള്‍ മറന്ന് പോയിരിക്കുന്നു ...!"

 ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക



അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക


No comments:

Post a Comment