Friday, 11 April 2014

ആം ആദ്മി ഒരു ഒഴിഞ്ഞ ഇടമായിരുന്നു....എന്നതിനാല്‍, അതിനെ അവഗണിക്കാനാവുമോ ?


ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തെ രണ്ടായി വേര്‍തിരിക്കാന്‍ Reference Point ആയി ഉപയോഗിക്കാവുന്ന ഒരു ദിവസമാണ് 2013, ഡിസംബര്‍ 8. അതായത് ആം ആദ്മിക്ക് മുന്‍പും ശേഷവും. പരമ്പരാഗത രാഷ്ട്രീയ ചിന്താകേന്ദ്രങ്ങളോ രാഷ്ട്രീയ നിരീക്ഷകരോ മുഖ്യധാരാ മാധ്യമങ്ങളോ ഒന്നും തന്നെ അല്പം പോലും രാഷ്ട്രീയ പ്രാധാന്യം നല്‍കാതിരുന്ന ആം ആദ്മി പാര്‍ട്ടി എന്ന രാഷ്ട്രീയ മുന്നേറ്റം ഡല്‍ഹിയെയും ഇന്ത്യയെ മൊത്തത്തിലും ഞെട്ടിച്ചു കൊണ്ട് ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ അവരുടെ വ്യക്തമായ സാന്നിധ്യമറിയിച്ച ഒരു ദിവസമായിരുന്നു അത്.

സത്യത്തില്‍ എന്താണ് ഇന്ത്യയിലെ രാഷ്ട്രീയ പരിതസ്ഥിതി !!??? ജന്മി കുടിയാന്‍ വ്യവസ്ഥിതി അതിന്റെ എല്ലാ ഭീകരതയോടെ നില നില്‍ക്കുന്ന ഒരു സംവിധാനമാണ് ഇന്നത്തെ ഇന്ത്യന്‍ ജനാധിപത്യം. ജനാധിപത്യത്തിന്റെ മൂന്നു തൂണുകളായ Legislature, Executive, Judiciary എന്നിവയില്‍ എല്ലാം ഇത് പ്രകടമാണെങ്കിലും, പ്രത്യക്ഷ രാഷ്ട്രീയമാണ് നമ്മുടെ വിഷയം എന്നത് കൊണ്ട് ഈ ചര്‍ച്ച Legislature ല്‍ മാത്രം ഒതുക്കാമെന്ന് കരുതുന്നു. ഇവിടെ ഉയര്‍ന്ന ഭരണ സഭകളില്‍ കയറി ഇരിക്കുന്നവര്‍ ജന്മിമാരും പ്രാദേശിക ഭരണ സഭകളില്‍ നുഴഞ്ഞു കയറിയവര്‍ മിച്ചവാരക്കാരും രാഷ്ട്രീയപ്രവര്‍ത്തകര്‍ പാട്ടക്കുടിയാന്മാരും ഇതിലൊന്നും പെടാത്ത കഴുത പൊതുജനം അഗണ്യകോടിയില്‍ പെട്ട ദരിദ്രവാസി കര്‍ഷകതൊഴിലാളികളും ആണെന്ന് വേണമെങ്കില്‍ നിരീക്ഷിക്കാം.
തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു കഴിഞ്ഞു വോട്ട് രേഖപ്പെടുത്തുന്നത് വരെ ഉള്ള ചെറിയ കാലയളവിലാണ് ഇവിടെ പൌരന് എന്തെങ്കിലും ഒരു വിലയുള്ളത്. അത് കഴിഞ്ഞാല്‍, നിയമനിർമ്മാണ സഭകളിലെ ഇരിപ്പിടം ജനത്തിന്റെ ഭിക്ഷയാണെന്ന കാര്യം സൌകര്യപൂര്‍വ്വം മറന്നിട്ട് അധികാരപ്രമത്തത, ധാര്‍ഷ്ട്യം, സ്വജന പക്ഷപാതം, അഴിമതി, കയ്യിട്ടു വാരല്‍ തുടങ്ങി സര്‍വ്വ വിധ ജനവിരുദ്ധ നടപടികളിലും മുഴുകി ജീവിക്കും. ഇതിനു ഭരണ പക്ഷം, പ്രതി പക്ഷം എന്ന യാതൊരു വിധ ഭേദവും ഇല്ല. ഒരേ തൊഴിലെടുക്കുന്ന രണ്ടു കമ്പനികളിലെ തൊഴിലാളികള്‍. ഇവിടെയാണ്‌ യഥാര്‍ത്ഥ അദ്വൈതം പുലരുന്നത്. ജനാധിപത്യ ഗോപുരത്തിന്റെ നാലാം തൂണെന്നു വിശേഷിപ്പിക്കപ്പെടുന്ന മുഖ്യ ധാരാ മാധ്യമങ്ങള്‍ ഇതിനെല്ലാം കുഴലൂതുകയും ചെയ്യുന്നു.
ഇതെല്ലാം കണ്ടു മടുത്ത ജനതയുടെ നല്ലൊരു ശതമാനം ജനാധിപത്യ നിരാസത്തിലേക്കും അരാഷ്ട്രീയവാദത്തിലേക്കും ആകര്‍ഷിക്കപ്പെട്ടു കൊണ്ടിരുന്ന അവസരത്തിലാണ് ആം ആദ്മി എന്ന മുന്നേറ്റം രൂപപ്പെടുന്നത്. മുന്നേറ്റം എന്ന പ്രയോഗം മനപൂര്‍വ്വം ആണ്. കാരണം അതിനൊരു സംഘടനാ ബലമോ പ്രത്യയ ശാസ്ത്ര പിന്ബലമോ അവകാശപ്പെടാന്‍ ഇല്ലായിരുന്നു. ഫേസ്ബുക്ക് രാഷ്ട്രീയപ്രവര്‍ത്തനം എന്ന് വിളിച്ചു എതിരാളികള്‍ നിസാരവല്ക്കരിക്കാന്‍ ശ്രമിച്ച ഈ മുന്നേറ്റം വിജയിച്ചതിന് ഒരേ ഒരു കാരണമേ ഉള്ളൂ...അത് കേജ്രിവാല്‍ അല്ല... ചൂല്‍ അല്ല....ആം ആദ്മി പാര്‍ട്ടിയുമല്ല....അത്തരം ഒരു മുന്നേറ്റം ഉണ്ടാകാന്‍ തക്ക ഒരു ഒഴിഞ്ഞ ഇടം (EMPTY SPACE) ഇവിടത്തെ രാഷ്ട്രീയ പരിതസ്ഥിതിയില്‍ ഉണ്ടായിരുന്നു....ഇവിടത്തെ നിരാശരായ ജനാധിപത്യ വിശ്വാസികളുടെ മനസ്സില്‍ ഉണ്ടായിരുന്നു.ഈ തിരഞ്ഞെടുപ്പില്‍ ആം ആദ്മി ദയനീയമായി തോറ്റു പോയേക്കാം...
കേജ്രി വാളും അദ്ദേഹത്തിന്റെ മുന്നേറ്റവും വിസ്മൃതമായിപ്പോയെക്കാം...
അതിനു പകരം മറ്റൊരു മുന്നേറ്റം ഇവിടെ ഉയര്‍ന്നു വരും...
ഇവിടത്തെ പരമ്പരാഗത രാഷ്ട്രീയ കക്ഷികള്‍ക്ക് മുന്‍ തിരഞ്ഞെടുപ്പില്‍ ലഭിച്ചതിനേക്കാള്‍ ഒരു വോട്ടെങ്കിലും കുറയുകയും ആം ആദ്മി പാര്‍ട്ടിക്കോ നോട്ട (None of the Above) യ്ക്കോ ഒരു വോട്ടെങ്കിലും കിട്ടുകയും ചെയ്‌താല്‍ ഇവിടത്തെ യഥാര്‍ത്ഥ ജനാധിപത്യസ്നേഹി ഹൃദയത്തില്‍ സൂക്ഷിക്കുന്ന ആ ഒഴിഞ്ഞ ഇടം ഇപ്പോഴും സജീവമാണെന്നാണ് അര്‍ത്ഥം...താത്വികമായ അവലോകനങ്ങള്‍ ഒരു കക്ഷിയെയും അനന്തമായി നില നിര്‍ത്താന്‍ പോകുന്നില്ല.
ഇവിടത്തെ രാഷ്ട്രീയ ഭിക്ഷാംദേഹികള്‍ കാലത്തിന്റെ ചുവരെഴുത്തുകള്‍ വായിച്ചു സമൂലമായ മാറ്റത്തിന് തയ്യാറായില്ലെങ്കില്‍ ഈ ഒഴിഞ്ഞ ഇടം നിങ്ങളുടെ ഇപ്പോഴത്തെ ഉയര്‍ന്ന സ്ഥാനങ്ങളെ ഇല്ലാതാക്കിയേക്കും.....


കോണ്ഗ്രസിന്റെ തലപ്പത്ത് സുധീരനും സതീശനും വന്നതിനും തിരുവഞ്ചൂര്‍ ശമ്പളം ഉപേക്ഷിച്ചതിനും പിന്നില്‍ ആം ആദ്മിയാണെന്ന് പറഞ്ഞാല്‍ ആര്‍ക്കാണ് നിഷേധിക്കാന്‍ ആവുക. കേരളം മുതല്‍ ഡല്‍ഹി വരെ അങ്ങനെ എത്ര എത്ര ഉപരിപ്ലവമായ മാറ്റങ്ങള്‍....


ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക


അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക



No comments:

Post a Comment