ഞാൻ വെറും പോഴൻ

Saturday 1 August 2020

വെട്ടി തീയിൽ എറിയപ്പെടേണ്ടവയാണോ നന്മമരങ്ങൾ ...!!???

"സോഷ്യൽ മീഡിയ ചാരിറ്റി"യുമായി ബന്ധപ്പെട്ട് ഒട്ടും ഹിതകരമല്ലാത്ത വാർത്തകളാണ് ഈ ദിവസങ്ങളിൽ പുറത്ത് വരുന്നത്. സോഷ്യൽ മീഡിയ ചാരിറ്റിയോ; അതെന്താണെന്നു ചോദിക്കരുത്; അങ്ങനെ ഒരു ചാരിറ്റി ഉണ്ട്. തല്ക്കാലം അത് മാത്രം മനസിലാക്കുക. വിശദമായി അക്കാര്യം ചർച്ച ചെയ്യുന്നതിന് മുൻപ് പൊതുവ്യവഹാരഭാഷയിൽ ചാരിറ്റി എന്താണെന്ന് ഒന്ന് നോക്കാം. 

സാമ്പത്തികമായോ ആരോഗ്യപരമായോ ശാരീരികമായോ സാമൂഹിക അന്തസുമായോ മറ്റെന്തെങ്കിലും പാർശ്വവൽക്കരണവുമായോ ഒക്കെ ബന്ധപ്പെട്ട് വെല്ലുവിളികൾ നേരിടുന്നവർക്ക് പണം കൊണ്ടോ മറ്റു സഹായങ്ങൾ കൊണ്ടോ ഒരു കൈത്താങ്ങാവുന്ന പരിപാടിയെ വിളിക്കാവുന്ന പേരാണ് ചാരിറ്റി. സ്വന്തം പോക്കറ്റിൽ നിന്ന് പണമെടുത്ത് അർഹരായവരെ നേരിട്ട് സഹായിക്കുന്ന വ്യക്തികൾ മുതൽ കൂട്ടായ പരിശ്രമങ്ങളിലൂടെ ഒരു ചാരിറ്റബിൾ കമ്പനിയോ ട്രസ്റ്റോ സംഘമോ രൂപീകരിച്ച് ലാഭേച്ഛയില്ലാത്ത സ്ഥാപനങ്ങളും വിവിധ സർക്കാരിതര സംഘടനകളും (എൻ‌ജി‌ഒകളും) ലോകമെമ്പാടും ഇത്തരം ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. അത് നമ്മുടെ നാട്ടിൽ മാത്രമല്ല വിദേശരാജ്യങ്ങളിലും ധാരാളമായുണ്ട്. പൊതുവെ സർക്കാർ സംവിധാനങ്ങൾക്ക് ചെയ്ത് തീർക്കാൻ കഴിയാത്തതും എന്നാൽ സമൂഹത്തിൽ അത്യാവശ്യം നടക്കേണ്ടതുമായ സാമൂഹ്യക്ഷേമ ലക്ഷ്യങ്ങളെ പൂർത്തീകരിക്കാൻ ഇത്തരം സന്നദ്ധപ്രവർത്തനങ്ങൾ സമൂഹത്തെ നല്ലയളവിൽ സഹായിക്കുന്നുണ്ട്. ഇക്കാരണത്താൽ തന്നെ, നിയമാനുസൃതം പ്രവർത്തിക്കുന്ന ചാരിറ്റി പ്രവർത്തങ്ങൾക്ക് വിവിധ നികുതി ആനുകൂല്യങ്ങളും ഇളവുകളും സർക്കാർ നൽകുന്നുണ്ട്. 

“ചാരിറ്റി എന്ന വാക്ക് ചിന്തയിലും പ്രവൃത്തിയിലും പരക്ഷേമ താല്പര്യത്തെ സൂചിപ്പിക്കുന്നു. തനിക്കതീതമായി മറ്റുള്ളവർക്ക് പ്രയോജനം ചെയ്യുക എന്ന ആശയമാണ് അതിൽ അടങ്ങിയിരിക്കുന്നത്" ആന്ധ്ര ചേംബർ ഓഫ് കൊമേഴ്‌സ് കക്ഷിയായ കേസിൽ സുപ്രീം കോടതി ഉയർത്തിപ്പിടിച്ച നിരീക്ഷണമാണിത്. [The word ‘Charity’ connotes altruism in thought and action. It involves an idea of benefiting others rather than oneself” Supreme Court in the case Andhra Chamber of Commerce [1965] 55 ITR 722 (SC)]

വീണ്ടും ആദ്യം പറഞ്ഞ സോഷ്യൽ മീഡിയ ചാരിറ്റിയിലേക്ക് വന്നാൽ, ആ മേഖലയിൽ ഇപ്പോൾ എന്താണ് വിശേഷമായി സംഭവിച്ചത് !!??? ഞാൻ മനസിലാക്കിയത് ഇപ്രകാരമാണ്. ഒരു യുവതി അയാളുടെ അമ്മയുടെ ചികിത്സ നടത്താൻ ഭീമമായ തുക ആവശ്യമുണ്ടെന്നും സഹായിക്കാൻ ആരുമില്ലാത്ത തനിക്ക് നിത്യവൃത്തിക്കുള്ള തുക പോലും കയ്യിലില്ലെന്നും കഴിയുന്നവർ സഹായിക്കണമെന്നും അഭ്യർത്ഥിച്ച് ഒരു വീഡിയോ സമൂഹത്തിന്റെ ശ്രദ്ധയിലേക്ക് വിടുന്നു. സോഷ്യൽ മീഡിയ ചാരിറ്റി പ്രവർത്തകർ എന്ന് വാഴ്ത്തപ്പെടുന്ന ചില പ്രശസ്ത വ്യക്തികൾ ("നന്മമരം" എന്നൊരു വിളിപ്പേരും ഇവർക്കുണ്ട്) ഈ വീഡിയോ അവരുടെ സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകളിൽ ഷെയർ ചെയ്യുന്നു. 30 ലക്ഷം രൂപയോളം ചിലവ് വരുന്ന ചികിത്സക്ക് സഹായമായി മണിക്കൂറുകൾ കൊണ്ട് ഒന്നേകാൽ കോടിയോളം രൂപ ആ യുവതിയുടെ ബാങ്ക് അക്കൗണ്ടിൽ എത്തിച്ചേരുന്നു. പണം വരവ് തുടർന്നപ്പോൾ ആ അക്കൗണ്ടിൽ പണം നിക്ഷേപിക്കൽ നിർത്തി വയ്ക്കാൻ (Credit Freezing) ബാങ്കിന് നിർദേശം കൊടുക്കുന്നു. രോഗിയുടെ ചികിത്സക്ക് ആവശ്യമായ തുക കഴിച്ച് സർപ്ലസ് വന്ന തുക തങ്ങൾ നിർദേശിക്കുന്ന അക്കൗണ്ടുകളിലേക്ക് മാറ്റിക്കൊടുക്കാൻ നന്മമരങ്ങളുടെ ഭാഗത്ത് നിന്ന് ആവശ്യമുണ്ടാകുന്നു. സഹായാഭ്യർത്ഥനാ വീഡിയോ തങ്ങളുടെ സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമിലൂടെ ഷെയർ ചെയ്യുന്നതിനുള്ള നന്മരങ്ങളുടെ സ്ഥിരം സ്ഥിരം ഉപാധിയാണ് ഈ സർപ്ലസ് ഫണ്ട് ട്രാൻസ്ഫർ. സോഷ്യൽ മീഡിയ/ഓൺലൈൻ  ചാരിറ്റി പ്രവർത്തകരുടെ ഏകദേശ പ്രവർത്തനരീതി കാലങ്ങളായി ഇപ്രകാരമാണ്. എന്നാൽ, ഓപ്പറേഷൻ കഴിഞ്ഞതല്ലേ ഉള്ളൂ, ചെലവുകൾ ഇനിയും ഉണ്ടല്ലോ, അപ്പോൾ വീണ്ടും സഹായം അഭ്യർത്ഥിക്കാനാവില്ല, കുറച്ചു കൂടി കഴിഞ്ഞ് കൊടുക്കാം എന്ന നിലപാടെടുക്കുന്നു യുവതി. ഇതിനിടയിൽ കിട്ടിയ തുകയിൽ നിന്ന് ഒരു കുഞ്ഞിന്റെ ചികിത്സാചിലവിലേക്ക് സംഭാവന കൊടുത്തു എന്നും യുവതി അവകാശപ്പെടുന്നുണ്ട്. ഇതോടെ നന്മമരങ്ങൾ ഇടയുന്നു. വേണമെങ്കിൽ തുടർ ചികത്സക്കും ഒരു വീട് വെയ്ക്കാനും കൂടി ഉള്ള ഒരു തുക എടുത്തിട്ട് ബാക്കി തങ്ങൾ പറയുന്നവർക്ക് കൊടുക്കണം എന്ന്  നിർബന്ധിക്കുന്നു. ഇതിന് യുവതി വഴങ്ങുന്നില്ല എന്ന് കാണുന്നതോടെ നന്മമരങ്ങൾ യുവതിക്കെതിരെ തിരിയുന്നു. അമ്മക്ക് കരൾ നൽകാൻ വേണ്ടി ഓപ്പറേഷൻ കഴിഞ്ഞു വിശ്രമത്തിലിരിക്കുന്ന ആ പെൺകുട്ടിക്ക് മേൽ നന്മമരങ്ങളും അവരുടെ സ്തുതിപാഠകരും ഫാൻസും ഒരു വെട്ടുക്കിളിക്കൂട്ടത്തേപ്പോലെ പറന്നിറങ്ങുന്നു. ഫോണിലൂടെയും സോഷ്യൽ മീഡിയയിലൂടെയും വീഡിയോകൾ, സന്ദേശങ്ങൾ, വിളികൾ, നേരിട്ടുള്ള സന്ദർശനങ്ങൾ എന്നിവയിലൂടെ അവർ ആ യുവതിയെ പല വിധത്തിൽ സമ്മർദ്ദത്തിലാക്കുന്നു. നയം, വിനയം, അനുനയം, അഭിനയം എല്ലാം പയറ്റിയ ചാരിറ്റി പ്രവർത്തകരുടെയും സംഘത്തിന്റെയും തെറിവിളി, പുലയാട്ട്, പുലഭ്യവർഷം, പ്രാകൽ, ശപിക്കൽ തുടങ്ങിയ കലാപരിപാടികൾ സഹിക്ക വയ്യാതായപ്പോൾ ഗത്യന്തരമില്ലാതെ യുവതി തന്റെ പ്രശ്നങ്ങൾ പൊതുസമൂഹത്തോട് വിളിച്ചു പറയുന്നു. മുഖ്യധാരാമാധ്യമങ്ങളും സോഷ്യൽ മീഡിയയും യുവതിക്ക് പിന്തുണയുമായെത്തുന്നു. സംഭവം പോലീസ് കേസാകുന്നു. 

ഇതിന് മുൻപും ഇത്തരത്തിൽ ഒറ്റപ്പെട്ട ചില ആരോപണങ്ങൾ വന്നിട്ടുണ്ടെങ്കിലും ഇതൊരു വ്യാപക ചർച്ചയാവുന്നത് ആദ്യമായാണ്. കുറച്ചു കാലം മുൻപ് ജസ്റ്റീന എന്ന മാധ്യമപ്രവർത്തകയും സംസ്ഥാന സാമൂഹ്യ സുരക്ഷാ മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. മുഹമ്മദ് അഷീലും ഇത്തരം ചാരിറ്റി പ്രവർത്തകരുടെ പ്രവർത്തനങ്ങൾ അന്വേഷണവിധേയമാക്കണം എന്നാവശ്യപ്പെട്ടിരുന്നു. ഇതിൽ ഹവാല, കുഴൽപ്പണം, 
കള്ളപ്പണം വെളുപ്പിക്കൽ, അവയവ മാഫിയ, ആശുപത്രി മാഫിയ മുതലായവയുടെ സാന്നിധ്യം ഉണ്ടെന്ന ആരോപണം ശക്തമാണ്. ഇത്തരം കാര്യങ്ങളിൽ കൃത്യമായ അന്വേഷണം നടക്കേണ്ടതുണ്ട്.

ഇനി ഒരു വാദത്തിന് വേണ്ടി, നന്മമരങ്ങളും അവരുടെ ആരാധകരും സ്തുതിഗായകരും അവകാശപ്പെടുന്നത് പോലെ 101 % സുതാര്യതയോടെയും ഉത്തരവാദിത്തത്തോടെയും (With Due Transparency & Accountability) ആണ് ഇതൊക്കെ നടക്കുന്നത് എന്ന് കരുതുക. അപ്പോഴും ഈ നടക്കുന്നതൊന്നും നിയമാനുസൃതമല്ല എന്നതാണ് വസ്തുത. ചാരിറ്റി എന്നതിനേക്കാൾ ക്രൗഡ് ഫണ്ടിംഗ് എന്ന് വിളിക്കാവുന്ന ഏർപ്പാടാണ് ഇവർ ചെയ്യുന്നത്. ഈ രണ്ട് രീതിയിലാണെങ്കിലും അതിന് കൃത്യമായ നിയമങ്ങൾ മൂലം നിയന്ത്രിക്കപ്പെടുന്ന ഔദ്യോഗിക നടപടിക്രമങ്ങൾ ഇവിടെ പാലിക്കപ്പെടേണ്ടതുണ്ട്. പ്രവർത്തനരീതികൾക്കനുസൃതമായി  ആദായനികുതി നിയമം, രജിസ്ട്രേഷൻ നിയമം, ചാരിറ്റബിൾ പ്രസ്ഥാനങ്ങളെ നിയന്ത്രിക്കുന്ന നിയമങ്ങൾ, കമ്പനി നിയമം, GST നിയമം, ആന്റി മണി ലോണ്ടറിംഗ് തടയുന്നതിനുള്ള ചട്ടങ്ങൾ, ഇന്ത്യക്ക് പുറമെ നിന്ന് പണം വരുന്നുണ്ടെങ്കിൽ FEMA, FCRA നിയമങ്ങൾ തുടങ്ങിയ എണ്ണമറ്റ നിയമങ്ങളുടെ ചട്ടക്കൂടുകളിൽ നിന്നേ ഇവക്കൊക്കെ പ്രവർത്തിക്കാനാവൂ. അല്ലാതെ പ്രവർത്തിക്കുന്നത് നിയമവിരുദ്ധമാണെന്ന് മാത്രമല്ല ചില വിദേശ സംഭാവനകൾ സ്വീകരിക്കുന്നത് രാജ്യദ്രോഹക്കുറ്റം പോലുമാകാം. ഭൂരിഭാഗം കേസുകളിലും നന്മമരങ്ങൾ സ്വന്തം അക്കൗണ്ട് നമ്പർ കൊടുത്തല്ല പണം പിരിക്കുന്നതെന്നത് ശ്രദ്ധിക്കേണ്ട വിഷയമാണ്. സഹായം വേണ്ട ആളുകളുടെ അക്കൗണ്ട് നമ്പറിലാണ് പണപ്പിരിവ് നടക്കുന്നത് (ഇപ്പോൾ ഉയർന്നിരിക്കുന്ന വിഷയങ്ങളും ഇതുമായി ബന്ധപ്പെട്ടാണല്ലോ). നികുതിയുമായോ രാജ്യദ്രോഹവുമായോ സാമ്പത്തികകുറ്റകൃത്യവുമായോബന്ധപ്പെട്ട ഒരു നിയമപ്രശ്നം വരുമ്പോൾ നന്മമരങ്ങൾക്കൊപ്പം സഹായം ലഭിച്ചവർ പ്രശ്നത്തിലാവാനും ഇത് കാരണമാക്കും. ഇൻകം ടാക്സ് നിയമമനുസരിച്ച് കൃത്യമായി നിർവ്വചിക്കപ്പെട്ട വളരെ അടുത്ത ബന്ധുക്കളിൽ നിന്നല്ലാതെ ആരിൽ നിന്നും ലഭിക്കുന്ന സമ്മാനമോ സഹായമോ ഇൻകം ടാക്സ് നിയമമനുസരിച്ച് ടാക്സ് അടക്കേണ്ട വരുമാനമാണ്. അതിൽ നിന്ന് ചിലവാക്കി എന്നത് കൊണ്ട് വന്ന തുകയുടെ നികുതിയിൽ ഒരു കുറവും കിട്ടില്ല. അത് പോലെ ബാങ്കിൽ വരുന്ന തുക മുഴുവനും വൈറ്റ് മണി ആണെന്നൊരു തെറ്റിധാരണയും വേണ്ട. ബാങ്കിൽ വന്ന തുകയ്ക്ക് ASSESSING ഓഫീസർ മുൻപാകെ നിയമപരമായി നിലനിൽക്കുന്ന ഒരു വിശദീകരണം കൊടുത്ത് അത് അംഗീകരിക്കപ്പെടുന്നത് വരെ അത് വൈറ്റ് മണി ആകുന്നില്ല. 

ഇത്തരം വസ്തുതകൾ ചൂണ്ടിക്കാട്ടുമ്പോൾ നന്മരങ്ങളും അവരുടെ ആരാധകരും യക്ഷകിന്നരന്മാരും സ്ഥിരം ചൂണ്ടിക്കാണിക്കാറുള്ള ചില കാര്യങ്ങളുണ്ട്. സർക്കാർ ചെയ്യാത്ത കാര്യങ്ങളല്ലേ ഇവർ ചെയ്യുന്നത് ? ഒട്ടേറെ പാവപ്പെട്ടവർക്ക് അവർ സഹായം ചെയ്യുന്നില്ലേ ? നിങ്ങൾ അഞ്ചു പൈസ ആർക്കെങ്കിലും കൊടുത്ത് സഹായിക്കുന്നുണ്ടോ ? ഇവർക്ക് പണം കൊടുക്കുന്നവർക്കില്ലാത്ത പരാതി നിങ്ങൾക്കെന്തിനാണ് ? എല്ലാ നിയമവും നോക്കി ആവശ്യക്കാരെ സഹായിക്കാൻ പറ്റുമോ ? സഹായം അഭ്യർത്ഥിച്ചവർക്ക് ആവശ്യമുള്ളതിലും കൂടുതൽ വരുന്ന പണം കൈമാറിയാൽ എന്താണ് കുഴപ്പം ? ഇതിന്റെയൊക്കെ ഉത്തരങ്ങൾ എന്ത് തന്നെയായാലും പൊതു സമൂഹത്തിൽ നിന്ന് പണം പിരിക്കുമ്പോൾ പാലിക്കേണ്ട മാന്യതയും മര്യാദയും ബാധ്യതയും ഉണ്ട്. 


ചാരിറ്റിയുടെ പേരില്‍ കള്ളത്തരങ്ങള്‍ ചെയ്യുന്നതായി സംശയിക്കുന്നു എന്ന ആരോപണം വരുമ്പോൾ അസഹിഷ്ണുത പ്രകടിപ്പിക്കുകയും ആരാധകവൃന്ദങ്ങളുടെ ബലത്തിൽ തെറിവിളിച്ചു തോൽപ്പിക്കാൻ ശ്രമിക്കുകയുമല്ല വേണ്ടത്;  മറിച്ച് കൃത്യമായ കണക്കുകളോടെ മറുപടി പറയുകയാണ് വേണ്ടത്. ചെയ്യുന്നത് എത്ര മഹനീയ പ്രവൃത്തി ആണെങ്കിലും നാട്ടിൽ പ്രാബല്യത്തിലുള്ള നിയമചട്ടക്കൂടിനകത്ത് നിന്ന് മാത്രം വേണം പ്രവർത്തിക്കാൻ. നിയമ സംവിധാനങ്ങൾ കൈകാര്യം ചെയ്യുന്ന അധികാരികൾ പലപ്പോഴും ഇതിനെ കണ്ടില്ലെന്ന് നടിക്കുന്നത് നിയമത്തിൽ വകുപ്പില്ലാത്തത് കൊണ്ടല്ല; എന്തെങ്കിലും നന്മ ആർക്കെങ്കിലും കിട്ടുന്നത് ഞാനായിട്ട് തടയേണ്ടല്ലോ എന്ന വൈകാരിക ചിന്ത കൊണ്ട് മാത്രമാണ്; തികച്ചും വ്യക്ത്യധിഷ്ഠിതമായ വികാരങ്ങളിൽ നിന്നുണ്ടാകുന്ന ആ അനുഭാവത്തെ അനുകൂല്യമായി കാണാതെ അവകാശമായി കണ്ട് നിയമവ്യവസ്ഥയെ വെല്ലുവിളിച്ച് ഏറെക്കാലം മുന്നോട്ട് പോകാൻ എളുപ്പമല്ല. കാരണം, എല്ലാവരെയും കുറച്ചു കാലത്തേക്ക് വിഡ്ഢികളാക്കാം; കുറച്ചുപേരെ എല്ലാ കാലത്തേക്കും വിഡ്ഢികൾ ആക്കാം; എല്ലാവരെയും എല്ലാ കാലത്തേക്കും വിഡ്ഢികൾ ആക്കാനാവില്ല.

അവസാനിപ്പിക്കുന്നതിന് മുൻപ് ഒരു കാര്യം കൂടി; ഈ പ്രവർത്തനങ്ങളൊന്നും നിയമാനുസൃതമാക്കാൻ വലിയ ബുദ്ധിമുട്ടോ പണച്ചിലവോ ഇല്ല; ഈ പണി അറിയാവുന്ന ഒരു ചാർട്ടേർഡ് അക്കൗണ്ടന്റിനെയോ വക്കീലിനെയോ സമീപിച്ചാൽ എളുപ്പത്തിൽ ഒരു ചാരിറ്റബിൾ കമ്പനിയോ ട്രസ്റ്റോ സംഘമോ രൂപീകരിച്ച് ഇതേ പ്രവർത്തങ്ങളുമായി മുന്നോട്ട് പോകാം. നിയമാനുസൃതം വേണ്ട രജിസ്‌ട്രേഷൻ എടുത്ത് നിർദിഷ്ട രീതിയിൽ പ്രവർത്തിക്കുന്ന ഇത്തരം സ്ഥാപനങ്ങളുടെ മുഴുവൻ വരുമാനവും നികുതി രഹിതമാക്കാം; മാത്രവുമല്ല ഇതിലേക്ക് സംഭാവനകൾ തരുന്നവർക്ക് പോലും നികുതി ഇളവ് ലഭിക്കാൻ വകുപ്പുണ്ട്. ഒറ്റ പ്രശ്നമേയുള്ളൂ; വരുന്ന പണത്തിനും ചിലവാക്കുന്ന പണത്തിനും തെളിവുകളോടെ കണക്ക് സൂക്ഷിക്കണം, അത് കൃത്യമായി ഓഡിറ്റ് ചെയ്യിക്കണം; സർക്കാരിലേക്ക് കൃത്യമായി റിട്ടേണുകൾ ഫയൽ ചെയ്യണം. ചുരുക്കി പറഞ്ഞാൽ അണ പൈ വിടാതെ കണക്കു പറയേണ്ടി വരും; കക്കലും മുക്കലും നക്കലും മറ്റ് ഉഡായിപ്പുകളും എളുപ്പമാവില്ല; "നേരെ വാ നേരെ പോ" നിലപാടുകാർക്ക് ആരെയും പേടിക്കാതെ ഈ പണിയുമായി മുന്നോട്ട് പോകാം. ഈ നാട്ടിൽ വർഷങ്ങളായി ചാരിറ്റി പ്രവർത്തങ്ങൾ നടത്തുന്ന വിശ്വാസ്യതയും വിശ്വസ്തതയും ഉള്ള വ്യക്തികളും സ്ഥാപനങ്ങളും ഒക്കെ ഇങ്ങനെ ചട്ടങ്ങൾക്കകത്ത് നിന്നാണ് സാർ പ്രവർത്തിക്കുന്നത്. അവയിൽ പലതിനും നിങ്ങൾക്കുള്ള ഫണ്ട് മൊബിലൈസേഷൻ കപ്പാസിറ്റിയുടെ നൂറിലൊരംശം കപ്പാസിറ്റിയില്ല എന്ന് കൂടി ഓർക്കണം. 

ചുറ്റുപാടുകളിൽ നിന്ന് വെള്ളവും വായുവും വളവും വലിച്ചെടുത്ത് മനുഷ്യനുപകാരപ്പെടുന്ന ഫലങ്ങൾ തരുന്ന മരങ്ങൾ എന്ന് ചാരിറ്റി പ്രവർത്തകരെ വിളിക്കുന്നതിൽ തെറ്റൊന്നുമില്ല. പക്ഷെ ചട്ടക്കൂടുകൾക്കകത്ത് വളരുമ്പോൾ മാത്രമേ അവയെ നന്മമരം എന്ന് വിളിക്കാനാവൂ; അല്ലെങ്കിൽ പരാദസസ്യം, പാഴ്‌മരം, വിഷവൃക്ഷം എന്നൊക്കെ വിളിക്കാനേ പറ്റൂ. 

വിശുദ്ധ ബൈബിൾ പറയുന്നതാണ്...."ആടുകളുടെ വേഷത്തില്‍ വരുന്ന വ്യാജപ്രവാചകന്മാരെ സൂക്ഷിച്ചു കൊള്ളുക. ഉള്ളില്‍ അവര്‍ കടിച്ചു ചീന്തുന്ന ചെന്നായ്ക്കളാണ്. ഫലത്തില്‍ നിന്ന് അവരെ മനസ്സിലാക്കാം. മുള്‍ച്ചെടിയില്‍ നിന്ന് മുന്തിരിപ്പഴമോ ഞെരിഞ്ഞിലില്‍ നിന്ന് അത്തിപ്പഴമോ പറിക്കാറുണ്ടോ? നല്ല വൃക്ഷം നല്ല ഫലവും ചീത്ത വൃക്ഷം ചീത്ത ഫലവും നല്‍കുന്നു. നല്ല വൃക്ഷത്തിന് ചീത്ത ഫലങ്ങളോ ചീത്ത വൃക്ഷത്തിന് നല്ല ഫലങ്ങളോ പുറപ്പെടുവിക്കാന്‍ സാധിക്കുകയില്ല. നല്ല ഫലം കായ്ക്കാത്ത വൃക്ഷങ്ങളെല്ലാം വെട്ടി തീയില്‍ എറിയപ്പെടും. അവരുടെ ഫലങ്ങളില്‍ നിന്ന് നിങ്ങള്‍ അവരെ അറിയും"

ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക


അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക