ഞാൻ വെറും പോഴൻ

Thursday, 17 September 2026

കുറച്ച് കപ്പ പുരാണം !!!


കഴിഞ്ഞ ദിവസം ഒരു ഇറ്റലി സെറ്റിൽഡ് ദമ്പതികൾ കൺസൽട്ടിങ്ങിന് വന്നിരുന്നു. ഉച്ച ഭക്ഷണ സമയം ആയപ്പോൾ പുറത്ത് ഭക്ഷണം കഴിക്കാൻ പോകാൻ ക്ഷണിച്ചു. വീട്ടിൽ നിന്ന് ഭക്ഷണം  കൊണ്ട് വന്നിരുന്നത് കൊണ്ട് ഞാൻ കൂടെ പോയില്ല. അവർ പാൽക്കപ്പ എന്ന ഭക്ഷണവിഭവത്തെ പറ്റി എവിടെ നിന്നോ കേട്ടിട്ടുണ്ട്. അവർക്ക് അതാണ് കഴിക്കേണ്ടത്. ഓഫീസിനടുത്ത് തന്നെ ഉള്ള ഒരു റെസ്റ്റോറന്റിലെ പാൽക്കപ്പ അത്യാവശ്യം നിലവാരം ഉള്ളതാണ്. ഞാൻ അവരെ അവിടെ ഡ്രോപ്പ് ചെയ്ത് പോന്നു. തിരിച്ചു വന്ന അവർക്ക് പാൽക്കപ്പയെ പറ്റി പറഞ്ഞിട്ടും പറഞ്ഞിട്ടും മതിയാവുന്നില്ല. പിന്നെ അവർക്ക് കഴിക്കേണ്ടിയിരുന്നത് നാടൻ കപ്പയും പോട്ടിയും ആയിരുന്നു. അതിന് പറ്റിയ ഒരു തട്ട് കടയും ഞാൻ അവർക്ക് പറഞ്ഞു കൊടുത്തു. കപ്പയുടെ ടേസ്റ്റിനെപ്പറ്റിയും ഗുണഗണങ്ങളെയും പാട്ടി നീണ്ട ക്‌ളാസ് എടുത്തിട്ടാണ് അവർ പോയത്. കപ്പ ഏത് രൂപത്തിലും ഭാവത്തിലും എനിക്കും ഇഷ്ടപ്പെട്ട ഒരു ആഹാര സാധനമാണ്. എന്നാൽ കുറച്ച് കപ്പ പുരാണവും കപ്പ മാഹാത്മ്യവും ഡോക്യുമെന്റ് ചെയ്തേക്കാം എന്ന് കരുതി. 

നമ്മുടെ കേരളത്തിലെ ഏറ്റവും സാധാരണമായ നാടൻ ഭക്ഷണമേതാണ് എന്ന ചോദ്യം ചോദിച്ചാൽ എന്തായിരിക്കും മറുപടി ?

“കപ്പയും മീൻകറിയും" എന്നായിരിക്കും നമ്മളിൽ മിക്കവരും ഒറ്റയടിക്ക് പറയുക 

എന്നാൽ കപ്പ കേരളത്തിന്റെ സ്വന്തം ഭക്ഷണമാണോ?”

“അതെ… പിന്നെന്താ സംശയം !!??” 

പക്ഷേ, ആ കപ്പയുടെ ചരിത്രം അന്വേഷിച്ചാൽ നമ്മൾ എത്തുന്നത് കേരളത്തിലല്ല… കേരളത്തിന്റെ തനത് നാടൻ വിഭവമെന്ന നിലയിൽ അവതരിപ്പിക്കപ്പെടുന്ന കപ്പ അഥവാ മരച്ചീനി, നാടൻ പോയിട്ട് സങ്കര ഇനം പോലുമല്ല; തനി വിദേശിയാണ്. തെക്കേ അമേരിക്കയിലെ തെക്കൻ അമസോൺ തട (Southern Amazon basin) ങ്ങളിൽ, പ്രത്യേകിച്ച് ബ്രസീലിലെ മഴക്കാടുകളിൽ നിന്നാണ് കേരളീയരുടെ എക്കാലത്തെയും പ്രിയപ്പെട്ട ഭക്ഷണമായ കപ്പയുടെ ഉത്ഭവം. ഇന്നത്തെ ബ്രസീലിലെ റോണ്ടോനിയ (Rondônia), മറ്റോ ഗ്രോസോ (Mato Grosso) സംസ്ഥാനങ്ങളും അതിനോട് ചേർന്ന ബൊളീവിയയുടെ ഭാഗങ്ങളുമായിരുന്നു കപ്പയുടെ പിള്ളത്തൊട്ടിൽ എന്ന് ജനിതക പരീക്ഷണങ്ങൾ ഉൾപ്പെടെയുള്ള ശാസ്ത്രീയ പഠനങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്. Manihot esculenta എന്ന ശാസ്ത്രനാമത്തിലാണ് ഇവാൻ ഇപ്പോൾ അറിയപ്പെടുന്നത് (ഞാൻ സ്ക്കൂളിൽ പഠിച്ചത് Manihot utilissima എന്നായിരുന്നു; ഇപ്പൊ അത് മാറിയത് എങ്ങനെയാണോ !?). ഒരു സെർച്ചിങ്ങിൽ കയ്പുള്ള കപ്പ Manihot esculenta എന്നും കയ്പ്പില്ലാത്തത് Manihot utilissima എന്നും വിളിക്കപ്പെടുന്നു എന്ന് കണ്ടു. 

ശാസ്ത്രീയ നാമമൊക്കെ ഒരു സൈഡാക്കി, ഇവന്റെ വിളിപ്പേരുകളിലേക്ക് കടന്നാൽ മലയാളത്തിൽ തന്നെ എണ്ണമറ്റ വിളിപ്പേരുകൾ ഉണ്ട് കപ്പക്ക്. കപ്പൽ മാർഗ്ഗം വിദേശത്ത് നിന്ന് വന്നതു കൊണ്ട് ഇതിനെ "കപ്പൽക്കിഴങ്ങ്" എന്ന് വിളിക്കാൻ തുടങ്ങിയെന്നും കാലക്രമേണ അത് ചുരുങ്ങി "കപ്പ" ആയി മാറിയെന്നുമാണ് പറയപ്പെടുന്നത്. തെക്കൻ കേരളത്തിൽ ചീനി, മരച്ചീനി, കപ്പ എന്നൊക്കെ വിളിക്കപ്പെടുമ്പോൾ മധ്യകേരളത്തിൽ മരക്കിഴങ്ങ്, കൊള്ളി, കൊള്ളിക്കിഴങ്ങ് എന്നും വടക്കൻ കേരളത്തിൽ പൂള, പൂളക്കിഴങ്ങ് എന്നും ഇതറിയപ്പെടുന്നു. ഗുണ്ടർട്ട് നിഘണ്ടു ഉൾപ്പെടെയുള്ള പഴയ മലയാളം നിഘണ്ടുകളിൽ “കൊള്ളിക്കിഴങ്ങ്, മരക്കിഴങ്ങ്” എന്നൊക്കെ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. മാറ്റ് ഭാഷകളിലേക്ക് വന്നാലും ഇതിന്റെ പേരുകൾ രസകരമാണ്. പൊതുവെ ഇംഗ്ലീഷിൽ Tapioca എന്ന് വിളിക്കുന്നത് കാണാമെങ്കിലും cassava, Manioc എന്നിവയാണ് കപ്പയുടെ യഥാർത്ഥ ഇംഗ്ലീഷ് പേര്. Tapioca എന്താണെന്ന് പിന്നാലെ വിശദീകരിക്കാം. कसावा (കസാവ) എന്ന് ഹിന്ദിയിൽ അറിയപ്പെടുന്ന കപ്പ തമിഴിൽ മരവള്ളി കിഴങ്കു (மரவள்ளிக்கிழங்கு) എന്നും കന്നഡത്തിൽ മരഗെനാസു (ಮರಗೆಸು) എന്നും തെലുങ്കിൽ കർര പെണ്ടലം (కర్ర పెండలం) എന്നും വിളിക്കപ്പെടുന്നു. കപ്പ ആദ്യമായി ഇന്ത്യയിലെത്തിച്ച പോർച്ചുഗീസുകാർ ഇതിനെ Mandioca (മാൻഡിയോക്ക) എന്നാണ് വിളിക്കുന്നത്.

പതിനാറാം നൂറ്റാണ്ടിൽ പോർച്ചുഗീസുകാരുടെ വരവിനൊപ്പമായിരുന്നത്രെ കപ്പ ഇവിടേക്ക് വന്നത്. കപ്പൽ മാർഗ്ഗം ഇന്ത്യയിലെത്തിയ പോർച്ചുഗീസുകാരാണ് തെക്കേ അമേരിക്കയിൽ നിന്ന് കപ്പ (Cassava) ഇന്ത്യയിലെത്തിച്ചത്. ആദ്യ കാലത്ത് ഗോവയിലും മലബാർ തീരങ്ങളിലും പോർച്ചുഗീസുകാർ ഇത് എത്തിച്ചെങ്കിലും, അക്കാലത്തൊന്നും ഇത് ഇവിടെ വലിയ തോതിൽ കൃഷി ചെയ്യപ്പെട്ടിരുന്നില്ലത്രേ.

പിന്നീട്, 19-ാം നൂറ്റാണ്ടിൽ തിരുവിതാംകൂർ ഭരണാധികാരിയായിരുന്ന ആയില്യം തിരുനാൾ രാമവർമ്മയും അദ്ദേഹത്തിന്റെ സഹോദരനായ വിശാഖം തിരുനാൾ രാമവർമ്മ മഹാരാജാവുമാണ് കപ്പയെ കേരളീയരുടെ പ്രധാന ആഹാരമാക്കി മാറ്റിയതിൽ പ്രധാന പങ്ക് വഹിച്ചത്. പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ തിരുവിതാംകൂറിൽ വലിയ രീതിയിലുള്ള അരിക്ഷാമവും പട്ടിണിയും നേരിട്ടു. സസ്യശാസ്ത്രത്തിൽ വലിയ അറിവുണ്ടായിരുന്ന വിശാഖം തിരുനാൾ മഹാരാജാവ്, അരിക്ക് പകരം ജനങ്ങൾക്ക് കഴിക്കാൻ പറ്റിയ പോഷകസമ്പുഷ്ടമായ ഒരു ആഹാരമാർഗ്ഗം അന്വേഷിക്കുകയും മലേഷ്യയിൽ നിന്നും മറ്റും കപ്പയുടെ പുതിയ ഇനങ്ങൾ വരുത്തി കൃഷി ചെയ്യാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. തുടക്കത്തിൽ ജനങ്ങൾക്ക് കപ്പ കഴിക്കാൻ പേടിയായിരുന്നു; ഇതിൽ വിഷാംശം ഉണ്ടെന്നായിരുന്നു പൊതുവെയുള്ള പ്രചാരണം. ഇത് കഴിക്കുന്നവർക്ക് ചെറിയ മയക്കമോ തലവേദന പോലുള്ള ശാരീരിക ബുദ്ധിമുട്ടുകളോ അനുഭവപ്പെടുമായിരുന്നത്രീ. മരച്ചീനിയിൽ ചെറിയ തോതിൽ കാണപ്പെടുന്ന ഹൈഡ്രോസയാനിക് ആസിഡ് ആയിരുന്നു ഇതിന് കാരണം. കപ്പയുടെ "കട്ട്" എന്നാണ് ജനങ്ങൾ ഇതിനെ പറഞ്ഞിരുന്നത്. തിളച്ച വെള്ളത്തിൽ പുഴുങ്ങികഴിഞ്ഞ കപ്പയിലെ വെള്ളം വാർത്തു കളഞ്ഞാൽ ഈ കട്ട് ഉപദ്രവമാവില്ല എന്ന് ജനങ്ങൾ പതുക്കെ മനസിലാക്കി. കപ്പയെ ജനകീയമാക്കാനുള്ള തന്ത്രമെന്ന നിലക്ക് വിശാഖം തിരുനാൾ മഹാരാജാവ് ഒരു പരിപാടി ചെയ്തു. കൊട്ടാരവളപ്പിൽ കപ്പ കൃഷി ചെയ്യുകയും, രാജകൊട്ടാരത്തിലെ പ്രധാന ഭക്ഷണവിഭവങ്ങളിൽ കപ്പ ഉൾപ്പെടുത്തുകയും ചെയ്തു. തോട്ടത്തിന് കാവൽ ഏർപ്പെടുത്തിയെങ്കിലും, രാത്രിയിൽ ആളുകൾക്ക് ഇത് മോഷ്ടിച്ചു കൊണ്ടുപോകാൻ സൗകര്യത്തിന് കാവൽക്കാരുടെ ശ്രദ്ധ തിരിച്ചുവിട്ടു. രാജാവ് കഴിക്കുന്ന 'വിലപിടിപ്പുള്ള' ഒന്നാണെന്ന് കരുതി ആളുകൾ ഇത് മോഷ്ടിച്ച് കൊണ്ടുപോയി സ്വന്തം പറമ്പുകളിൽ നടാനും കഴിക്കാനും തുടങ്ങി.

രണ്ടാം ലോകമഹായുദ്ധ സമയത്ത് ബർമ്മയിൽ നിന്നുള്ള അരിയുടെ വരവ് നിലച്ചപ്പോൾ കേരളത്തിൽ വീണ്ടും കടുത്ത പട്ടിണിയുണ്ടായി. ആ സമയത്ത് ചിത്തിര തിരുനാൾ മഹാരാജാവിന്റെയും സർ സി.പി. രാമസ്വാമി അയ്യരുടെയും ഭരണകാലത്ത് കപ്പ കൃഷി വൻതോതിൽ പ്രോത്സാഹിപ്പിക്കപ്പെടുകയും, അനേകം മലയാളികളുടെ ജീവൻ പട്ടിണിയിൽ നിന്ന് രക്ഷിക്കുകയും ചെയ്തു.

പണ്ട് കാലത്ത് ഇത് “പാവപ്പെട്ടവന്റെ ഭക്ഷണം” അല്ലെങ്കിൽ “പഞ്ഞ കാല ഭക്ഷണം” എന്നൊക്കെ വിളിക്കപ്പെട്ടിരുന്നു. എന്നാൽ കാലം മാറിയതോടെ അത്തരം classist പരിഹാസമൊക്കെ പോയി എന്ന് മാത്രമല്ല പണക്കാരെന്നോ പാവപ്പെട്ടവരെന്നോ പണ്ഡിതരെന്നോ പാമരരെന്നോ വ്യത്യാസമില്ലാതെ കുടിൽ മുതൽ കൊട്ടാരം വരെ സ്വീകാര്യതയുള്ള പ്രിയ വിഭവമായി. തട്ട് കടകളിൽ മുതൽ പഞ്ച നക്ഷത്ര ഹോട്ടലുകളിൽ വരെ കപ്പയിൽ നിന്നുണ്ടാക്കുന്ന വിഭവങ്ങൾ വിളമ്പുന്നു.  

മനുഷ്യർ കപ്പ കൃഷി ചെയ്തു തുടങ്ങിയിട്ട് ഏകദേശം 9,000 വർഷം വരെ പഴക്കമുണ്ടാകാമെന്ന് Food and Agriculture Organization of the United Nations രേഖപ്പെടുത്തുന്നു. അതായത് അമേരിക്കയിലെ പ്രാചീന കർഷക സമൂഹങ്ങളുടെ വളരെ പഴയ ഭക്ഷ്യ വിളകളിലൊന്നാണ് കപ്പ. കൊളംബസ് അമേരിക്കയിലെത്തുന്നതിന് മുമ്പുതന്നെ South America, Central America, Caribbean എന്നിവിടങ്ങളിലെ indigenous ജനവിഭാഗങ്ങൾ കപ്പ വ്യാപകമായി കൃഷി ചെയ്തിരുന്നു.

നീർവാർച്ചയുള്ള മണ്ണാണ്‌ കപ്പ കൃഷിക്ക്‌ അനുയോജ്യം. മണ്ണ്‌ ഇളക്കി കൂനകൾ ഉണ്ടാക്കിയാണ്‌ സാധാരണ കൃഷി ചെയ്യാറ്‌. ഇത്തരം കൂനകളെ കപ്പക്കൂടം, കപ്പക്കൂന എന്നൊക്കെ വിളിക്കുന്നു. ശൈത്യം കപ്പ കൃഷിക്ക് അനുയോജ്യമല്ല. വെള്ളം കെട്ടിനിൽക്കാത്ത മണൽക്കൂട്ടുന്ന നിലങ്ങളിൽ ചെടി നന്നായി വളരുന്നു. കപ്പത്തണ്ട് ഒരു ചാൺ നീളത്തിലുള്ള ചെറു കഷണങ്ങളാക്കി മുറിച്ച് മണ്ണിൽ കുഴിച്ച് വച്ചാണ് വളർത്തുന്നത്. ഏകദേശം എട്ട് മുതൽ പത്ത് മാസം കൊണ്ട് കിഴങ്ങുകൾ പാകമാവുന്നു. കുറഞ്ഞ കാലദൈർഘ്യം കൊണ്ട് വിളവെടുപ്പിനു പര്യാപ്‌തമാവുന്ന കപ്പയുടെ പ്രധാന ശത്രു പെരുച്ചാഴി അല്ലെങ്കിൽ എലി വർഗ്ഗത്തിൽ പെട്ട ജീവികളാണ്. 

മരച്ചീനിയിൽ അന്നജം (Carbohydrate) ധാരാളമായി അടങ്ങിയിരിക്കുന്നു. കൂടാതെ, നാരുകൾ, വിറ്റാമിൻ സി, വിറ്റാമിൻ ബി ജീവകങ്ങൾ, കാൽസ്യം, പൊട്ടാസ്യം, കോപ്പർ തുടങ്ങിയ പോഷകങ്ങളും അടങ്ങിയിരിക്കുന്നു. കപ്പ ചെറിയ അളവിൽ ഉപയോഗിക്കുന്നതാണ് ആരോഗ്യകരം. പ്രത്യേകിച്ച് പ്രമേഹം, ഹൃദ്രോഗം, അമിതവണ്ണം, അമിത കൊളസ്ട്രോൾ തുടങ്ങിയവ ജീവിതശൈലീരോഗങ്ങൾ ഉള്ളവർ കപ്പ അമിതമായി ഉപയോഗിക്കാൻ പാടില്ലാത്തതാകുന്നു. മരച്ചീനിയിൽ ദോഷകരമായ സയനൈട് അടങ്ങിയിരിക്കുന്നതിനാൽ പാകത്തിന് വേവിച്ചു മാത്രമേ ഉപയോഗിക്കാൻ പാടുള്ളു. കാരണം വേവിക്കുമ്പോൾ സയനൈട് ഇല്ലാതാകുന്നു. 
മരച്ചീനി കൃത്യമായി പാചകം ചെയ്യാതെ ഉപയോഗിക്കുന്നത് അപകടകരമാണ്. പാചക രീതിയിലെ പിഴവ് മൂലം കപ്പയിൽ കാണപ്പെടുന്ന സയനൈഡ് അംശം കാരണം താത്കാലികമായ സയനൈഡ് ലഹരി, ഗോയിറ്റർ, നാഡീരോഗമായ അടാക്സിയ, പാൻക്രിയാസ് വീക്കം തുടങ്ങിയ രോഗങ്ങൾ ഉണ്ടാകാം. കപ്പ വിഭവങ്ങൾ മത്സ്യം, മാംസം തുടങ്ങിയവയുടെ കൂടെ ഉപയോഗിക്കുന്നതാണ് നല്ലത്. കാരണം, മത്സ്യമാംസാദികളിൽ അടങ്ങിയിരിക്കുന്ന മാംസ്യം അഥവാ പ്രോട്ടീനിൽ കാണപ്പെടുന്ന സൾഫർ അടങ്ങിയ അമിനോ ആസിഡുകൾ മരച്ചീനിയിൽ കാണപ്പെടുന്ന സയനൈടിന്റെ അംശത്തെ നിർവീര്യമാക്കുന്നു. 

കപ്പ പല രൂപങ്ങളിൽ തീന്മേശയിൽ എത്താറുണ്ട്. കപ്പ പുഴുങ്ങിയത്, കപ്പ പുഴുക്ക്, കപ്പയും മീനും, കപ്പയും ഇറച്ചിയും, കപ്പ ബിരിയാണി, പാൽ കപ്പ, കപ്പ പുട്ട്, കപ്പ പായസം തുടങ്ങിയവ അവയിൽ ചിലതാണ്. കപ്പ ചുട്ടത്, കപ്പ വറുത്തത്, കപ്പ ചിപ്സ്, കപ്പ കൊണ്ടാട്ടം, കപ്പ ഉണക്കിയത് (വാട്ട് കപ്പ), ഫ്രോസൺ കപ്പ, കപ്പപ്പൊടി എന്ന് വേണ്ട കപ്പ ഉപയോഗിച്ചുണ്ടാക്കുന്ന ഭക്ഷ്യ വിഭവങ്ങൾ എണ്ണി തീർക്കാൻ പറ്റില്ല. 

കപ്പയുടെ കിഴങ്ങിൽ നിന്ന് വേർതിരിച്ചെടുക്കുന്ന അന്നജം (Starch) ആണ് അന്താരാഷ്ട്ര തലത്തിൽ Tapioca എന്ന് വിളിക്കപ്പെടുന്നത്. വ്യവസായിക പ്രാധാന്യമുള്ള കപ്പയുടെ നൂറ് റൊട്ടി നിർമ്മാണത്തിൽ ഉപയോഗിക്കുന്നുണ്ട്. കേക്ക്, മിഠായി ഇവയുടെ നിർമ്മാണത്തിലും കപ്പ നൂറിന്റെ ഉപയോഗം ഉണ്ട്. സ്പഗെട്ടി, നൂഡിത്സ് തുടങ്ങിയ ഉല്പന്നങ്ങളും കപ്പ മാവിൽനിന്നും ഉണ്ടാക്കുന്നുണ്ട്. കപ്പ സ്റ്റാർച്ച് ചെറു ഉണ്ടകളാക്കി മാറ്റി ഉണ്ടാക്കുന്നതാണ് ചൗവ്വരി/സാബോരി. പായസം, ഉപ്പുമാവ് എന്നിവയുണ്ടാക്കാൻ ഇത് ഉപയോഗിക്കുന്നു.

കപ്പയുടെ സ്റ്റാർച്ച് (Tapioca Starch) തുണിത്തരങ്ങൾ മിനുസപ്പെടുത്താനും (Textile Sizing), പേപ്പർ വ്യവസായത്തിലും (Paper Industry), പശ നിർമ്മാണത്തിലും വൻതോതിൽ ഉപയോഗിക്കുന്നു. ബയോ-പ്ലാസ്റ്റിക് പ്ലാസ്റ്റിക്കിന് പകരമായി കപ്പ സ്റ്റാർച്ച് ഉപയോഗിച്ച് പരിസ്ഥിതി സൗഹൃദപരമായ കാരിബാഗുകളും പാക്കിംഗ് സാമഗ്രികളും (Bio-Plastics / Biodegradable Bags) നിർമ്മിക്കുന്നു. മിഠായികൾ, ശീതളപാനീയങ്ങൾ, ഔഷധങ്ങൾ എന്നിവയിൽ മധുരത്തിനായി കപ്പ സ്റ്റാർച്ചിൽ നിന്ന് നിർമ്മിക്കുന്ന സിറപ്പുകൾ (Liquid Glucose & High Fructose Syrup) ഉപയോഗിക്കുന്നു. ചൈനീസ് ഭക്ഷണങ്ങളിൽ ഉപയോഗിക്കുന്ന അജിനോമോട്ടോ പോലുള്ള വസ്തുക്കൾ ഉണ്ടാക്കാനും കപ്പ സ്റ്റാർച്ച് ഉപയോഗിക്കുന്നു.

കപ്പയിൽ ഉയർന്ന അളവിൽ അന്നജം (Starch) ഉള്ളതിനാൽ, പെട്രോളിൽ കലർത്താനുള്ള ബയോ-എഥനോൾ നിർമ്മാണത്തിന് കപ്പ ഉപയോഗിക്കുന്നു. കപ്പ പ്രോസസ്സ് ചെയ്യുമ്പോൾ ലഭിക്കുന്ന അവശിഷ്ടങ്ങളും വെള്ളവും ഉപയോഗിച്ച് മലിനജല സംസ്‌കരണ പ്ലാന്റുകളിൽ ബയോഗ്യാസ് ഉത്പാദിപ്പിക്കാം. 

കപ്പ ഫാക്ടറികളിലെ സംസ്കരണത്തിന് ശേഷം വരുന്ന അവശിഷ്ടങ്ങൾ (Tapioca Peels & Spent Pulp) ഉണക്കി പശുക്കൾക്കും കോഴികൾക്കും പന്നികൾക്കും നൽകുന്ന പോഷകസമ്പുഷ്ടമായ തീറ്റയാക്കുന്നു. കപ്പയുടെ അവശിഷ്ടങ്ങൾ കമ്പോസ്റ്റ് ചെയ്ത് ജൈവവളമായി മാറ്റാൻ കഴിയും.

ഗുളികകളിൽ മരുന്ന് ഉറപ്പിച്ചു നിർത്തുന്ന ബൈൻഡറായും കോട്ടിംഗ് ആയും (Tablet Binding), കപ്പ സ്റ്റാർച്ച് ഉപയോഗിക്കുന്നു. ടാൽകം പൗഡറുകൾക്ക് പകരമായി സൗന്ദര്യവർദ്ധക വസ്തുക്കളിൽ കപ്പ സ്റ്റാർച്ച് ചേർക്കാറുണ്ട്.

ഇത്രയും കപ്പ പുരാണവും മാഹാത്മ്യവും കേട്ടപ്പോൾ നിങ്ങൾക്ക് മനസിലായില്ലേ "കപ്പ ചെറിയ മീനല്ല" എന്ന് !!!



Friday, 28 August 2026

മാർക്കറ്റിൽ കറങ്ങാൻ വിട്ട പണം GST ആയി ഖജനാവിൽ തിരിച്ചെത്തുമോ ??


സർക്കാർ ജനങ്ങളിൽ എത്തിച്ച !? പണം മാർക്കറ്റിൽ 6-7 വട്ടം കറങ്ങി കറങ്ങി 3-4 മാസങ്ങൾ കൊണ്ട് GST ആയി സംസ്ഥാന ഖജനാവിൽ തിരിച്ചെത്തുമെന്ന മുഖ്യമന്ത്രി V D സതീശന്റെ സ്വപ്നം യാഥാർഥ്യമാകാൻ സാധ്യതയുണ്ടോ ? എക്കണോമിക്സിലെ ഏതെങ്കിലും തിയറിയുടെ പിൻബലം ഈ വാദത്തിനുണ്ടോ ? ഈ വിഷയത്തിൽ ChatGPT-യോട് ചോദിച്ച ചോദ്യങ്ങളും കിട്ടിയ ഉത്തരങ്ങളും ചുവടെ.


ചോദ്യം 1. മുഖ്യമന്ത്രി പറയുന്നത് പോലെ ആദ്യ സർക്കുലേഷനിൽ തന്നെ 15% മുതൽ 18% വരെ സംസ്ഥാന ഖജനാവിൽ എത്താൻ എന്തെങ്കിലും സാധ്യതയുണ്ടോ ?

നിലവിലെ സാഹചര്യത്തിൽ തീർച്ചയായും സാധ്യതയില്ല.

മൂന്ന് തലത്തിൽ പ്രശ്നമുണ്ട്.

A. എല്ലാ ചെലവുകൾക്കും 18% GST ഇല്ല. ജനങ്ങളുടെ ചെലവുകളിൽ GST വരുന്നത് താഴെ പറയുന്ന നിരക്കുകളിലാണ്.

GST-exempt / 0% supplies
5% GST supplies
18% GST supplies
അപൂർവ്വം 40% GST supplies

അതുകൊണ്ട് ജനങ്ങൾ പണം മുഴുവൻ വിപണിയിൽ ചെലവാക്കിയാലും 15% to 18% GST ആയി ആദ്യ സർക്കുലേഷനിൽ വരും എന്നത് ഒരു തരത്തിലും ശരിയാവില്ല.

B. വാദത്തിന് വേണ്ടി, മുഴുവൻ ചിലവും 18% GST ബ്രാക്കറ്റിൽ വരുന്നു എടുത്താൽ പോലും അത് മുഴുവൻ സംസ്ഥാനത്തിന് ലഭിക്കില്ല; മൊത്തം GST-യുടെ പകുതി ഭാഗം CGST ആയി കേന്ദ്ര ഖജനാവിലേക്കാണ് പോവുക. അതിനാൽ സംസ്ഥാനത്തിന് കിട്ടുന്നത് 18% അല്ല, 9% മാത്രമായിരിക്കും.

C. ഇനി Consumer Spending 100 രൂപ ആണെങ്കിൽ, അതിൽ 18% GST വരില്ല. ഇവിടെ വളരെ പ്രധാനപ്പെട്ട ഒരു mathematical point ഉണ്ട്. 100 രൂപ ചിലവെന്നത് 18% GST ഉൾപ്പെട്ട തുകയാണ്. അങ്ങനെ നോക്കുമ്പോൾ 18% GST rate ഉള്ള supply-യുടെ GST = ₹ 100 × 18/118 = ₹ 15.25 മാത്രമേ വരൂ. അതിന്റെ സംസ്ഥാന വിഹിതം ₹ 15.25 ന്റെ പകുതി, ₹ 7.63 മാത്രമേ വരൂ. അതിനാൽ ഏറ്റവും അനുകൂലമായ 18% scenario-ലും 100 രൂപ consumer spending നടക്കുമ്പോൾ ഏകദേശം ₹7.63 മാത്രമാണ് SGST ആയി സംസ്ഥാനത്തിന് ലഭിക്കുക.

ഇത് തന്നെ Input Tax Credit, IGST settlement, exemptions, composition, non-GST items, Non Registered Suppliers തുടങ്ങിയ യാഥാർഥ്യങ്ങൾ പരിഗണിക്കുന്നതിന് മുമ്പുള്ള വളരെ favourable hypothetical calculation ആണ്. അതിനാൽ 15% to 18% സംസ്ഥാന ഖജനാവിൽ ആദ്യ circulation-ൽ തന്നെ ഖജനാവിൽ തിരിച്ചെത്തും എന്ന വാദം ഗണിതപരമായി പോലും സാധൂകരിക്കാനാവില്ല.

ചോദ്യം 2. ജനങ്ങൾക്ക് ലഭ്യമാക്കിയ 100% പണവും ഈ രീതിയിൽ ജി.എസ്.ടി വഴി സംസ്ഥാന ഖജനാവിൽ എത്തിച്ചേരാനുള്ള എന്തെങ്കിലും സാധ്യത ഉണ്ടോ ?

തീരെ സാധ്യതയില്ല. താങ്കൾ സൂചിപ്പിച്ചതുപോലെ, ജനങ്ങൾ പണം മുഴുവൻ വിപണിയിൽ ഇറക്കിയാൽ പോലും ആ പണം മുഴുവനായും നികുതിയായി ഖജനാവിൽ എത്തുകയില്ല. പണം circulation ചെയ്യുന്നതും GST revenue ആയി മാറുന്നതും രണ്ടും വ്യത്യസ്ത കാര്യങ്ങളാണ്.

ആ വ്യക്തി 100 രൂപ പല തരത്തിൽ ചിലവാക്കാം. അയാൾ ആ പണം ഭക്ഷണത്തിന് ചെലവാക്കാം, ചികിത്സയ്ക്ക് ചെലവാക്കാം, വസ്ത്രത്തിന് ചെലവാക്കാം, വാടകയ്ക്ക് ചെലവാക്കാം, വിദ്യാഭ്യാസത്തിന് ചെലവാക്കാം. ഇതിനെല്ലാം GST 0% മുതൽ 18% വരെയാണ്. ചില ആഡംബര കാര്യങ്ങൾക്ക് മാത്രമാണ് അതിലും വലിയ GST % ഉള്ളത്. ഈ വ്യക്തിക്ക് GST രജിസ്ട്രേഷൻ ഉള്ള കടക്കാരനിൽ നിന്ന് തന്നെ വാങ്ങണമെന്നില്ല; GST രജിസ്ട്രേഷൻ ഇല്ലാത്ത കടക്കാരനിൽ നിന്നും വാങ്ങാം

വിപണിയിൽ ഒരു കച്ചവടക്കാരന് ലഭിക്കുന്ന 100 രൂപയിൽ ഒരു ചെറിയ ഭാഗം മാത്രമാണ് ലാഭവും നികുതി ബാധ്യതയും. ബാക്കി തുക ഉൽപ്പാദനച്ചെലവ്, ജീവനക്കാരുടെ ശമ്പളം, കെട്ടിട വാടക തുടങ്ങിയ കാര്യങ്ങൾക്കാണ് പോകുന്നത്.

കാർഷിക ഉൽപ്പന്നങ്ങൾ, അൺഓർഗനൈസ്ഡ് (തട്ടുകടകൾ, ചെറിയ തയ്യൽക്കടകൾ മുതലായവ) മേഖലയിലെ സേവനങ്ങൾ എന്നിവ ജി.എസ്.ടിയുടെ പരിധിക്ക് പുറത്താണ്. പണം ഇത്തരം വഴികളിലേക്ക് പോകുമ്പോൾ അവിടെ ജി.എസ്.ടി ചോർച്ച (Leakage) സംഭവിക്കുന്നു.

വ്യാപാരികൾ ജി.എസ്.ടി അടയ്ക്കുമ്പോൾ മുൻ ഘട്ടങ്ങളിൽ അടച്ച നികുതി; ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് (ITC), കുറച്ച ശേഷമുള്ള തുക മാത്രമേ സർക്കാരിലേക്ക് അടയ്‌ക്കേണ്ടതുള്ളൂ.

ഇതൊക്കെ കൊണ്ട് 100 രൂപ economy-യിൽ വീണ്ടും വീണ്ടും circulate ചെയ്യുന്നു എന്നത് ₹100 GST revenue ആയി മാറുന്നു എന്നല്ല.

ചോദ്യം 3: 6 അല്ലെങ്കിൽ 7 റീ-സർക്കുലേഷനിലൂടെ മുഴുവൻ തുകയും സംസ്ഥാന ഖജനാവിൽ എത്തുമോ?

സാധ്യത തീരെ കുറവാണ്. സാമ്പത്തിക ശാസ്ത്രത്തിലെ 'മൾട്ടിപ്ലെയർ ഇഫക്റ്റ്' (Multiplier Effect) അനുസരിച്ച് പണം കൈമാറ്റം ചെയ്യപ്പെടുമ്പോൾ ഘട്ടംഘട്ടമായി നികുതി ലഭിക്കുമെന്നത് സത്യമാണ്. എന്നാൽ 6-7 കൈമാറ്റങ്ങൾ കൊണ്ട് മുഴുവൻ തുകയും സംസ്ഥാനത്തിന് മാത്രം ലഭിക്കില്ല.

പണം വിപണിയിൽ ആവർത്തിച്ച് കൈമാറ്റം ചെയ്യപ്പെടുമ്പോഴും ഓരോ ഘട്ടത്തിലും പിരിച്ചെടുക്കുന്ന ജി.എസ്.ടിയുടെ പകുതി വീതം കേന്ദ്ര സർക്കാരിലേക്ക് (CGST) പൊയ്ക്കൊണ്ടിരിക്കും.

കൂടാതെ, കേരളം ഒരു ഉപഭോക്തൃ സംസ്ഥാനമായതുകൊണ്ട് (Consumer State) വിപണിയിലെത്തുന്ന പണത്തിന്റെ വലിയൊരു ഭാഗം മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ഉൽപ്പന്നങ്ങൾ ഇറക്കുമതി ചെയ്യുന്നതിനായി (IGST വഴി) വെളിയിലേക്ക് പോകുന്നു. ഇതിന്റെ നികുതി വിഹിതം ഐ.ജി.എസ്.ടി സെറ്റിൽമെന്റ് വഴി പിന്നീട് ലഭിക്കുമെങ്കിലും മുഴുവൻ പണവും നികുതിയായി മാത്രം മാറുന്നില്ല.

ചോദ്യം 4: 3 അല്ലെങ്കിൽ 4 മാസത്തിനുള്ളിൽ ഇത് സംഭവിക്കാൻ സാധ്യതയുണ്ടോ?

തീരെ സാധ്യതയില്ല.

പണത്തിന്റെ വേഗത (Velocity of Money): സാധാരണ ഗതിയിൽ ഒരു സമ്പദ്‌വ്യവസ്ഥയിൽ പണം ഒരു കൈയിൽ നിന്ന് മറു കൈയിലേക്ക് മാറി 6 അല്ലെങ്കിൽ 7 തവണ സർക്കുലേഷൻ പൂർത്തിയാക്കാൻ മാസങ്ങളോ വർഷങ്ങളോ എടുത്തേക്കാം. 3-4 മാസത്തിനുള്ളിൽ 7 ആവർത്തി സർക്കുലേഷൻ നടക്കുക എന്നത് വളരെ ഉയർന്ന സാമ്പത്തിക വേഗതയെയാണ് കാണിക്കുന്നത് (High Money Velocity).

വിപണിയിൽ എത്തുന്ന പണം ബാങ്ക് നിക്ഷേപങ്ങൾ, വായ്പാ തിരിച്ചടവുകൾ, ജി.എസ്.ടി പരിധിക്ക് പുറത്തുള്ള ഇന്ധന/മദ്യ വില്പന എന്നിവയിലേക്ക് പോകുമ്പോൾ ജി.എസ്.ടി വേഗത കുറയുകയും മന്ദഗതിയിലാവുകയും ചെയ്യുന്നു.

ചോദ്യം 5. ഇതൊരു സമ്പൂർണ്ണ സാങ്കൽപ്പിക ചോദ്യമാണ്. ജനങ്ങൾക്ക് കിട്ടിയ മുഴുവൻ തുകയും ജനങ്ങൾ വിപണിയിൽ ഇറക്കി എന്ന് കരുതുക. അവർ മുഴുവൻ തുകയും GST 18% വരുന്ന സേവനങ്ങൾക്കും സാധനങ്ങൾക്കുമായി ചിലവാക്കി എന്നും സങ്കൽപ്പിക്കുക. GST കളക്ഷൻ കേന്ദ്രത്തിന് പോകാതെ മുഴുവനും സംസ്ഥാനത്തിന് ലഭിക്കും എന്നും കരുതുക. GST Input System ഇല്ലെന്നും സങ്കൽപ്പിക്കുക. ഈ സാങ്കൽപ്പിക സാഹചര്യത്തിൽ എത്ര റീ സർക്കുലേഷനിൽ മുഴുവൻ പണവും സംസ്ഥാന ഖജനാവിൽ എത്തിച്ചേരും ?

നിങ്ങൾ പറയുന്ന hypothetical scenario രസകരമായിട്ടുണ്ട്. താങ്കൾ പറഞ്ഞ assumptions എല്ലാം അംഗീകരിക്കാം:

1. സർക്കാർ നൽകിയ ₹100 മുഴുവൻ market-ൽ ചെലവാക്കുന്നു.
2. ഓരോ transaction-വും 18% GST taxable ആണ്.
3. GST മുഴുവനും സംസ്ഥാനത്തിന് കിട്ടുന്നു.
4. കേന്ദ്രത്തിന് ഒന്നും പോകുന്നില്ല.
5. Input Tax Credit ഇല്ല.
6. ഓരോ ഘട്ടത്തിലും ലഭിക്കുന്ന മുഴുവൻ balance വീണ്ടും market-ൽ ചെലവാക്കുന്നു.

GST-inclusive consumer spending ആണ് 100 രൂപ എങ്കിൽ;

ഓരോ circulation-ലും സർക്കാർ നേടുന്നത്:

18/118 = 15.254% എന്ന proportion ആണ്.

ശേഷിക്കുന്നത്: 100/118 = 84.746%

അതിനാൽ n circulations കഴിഞ്ഞുള്ള സംസ്ഥാനത്തിന്റെ cumulative collection: ₹100 × [1 − (100/118)ⁿ] ആയിരിക്കും.

അതിനാൽ 6 circulation: ₹62.96

7 circulation: ₹68.61

10 circulation: ₹80.89

20 circulation: ₹96.35

25 circulation: ₹98.40

30 circulation: ₹99.30

100% നേടാൻ എത്ര circulation?

ഒരു finite number of circulations കൊണ്ടും 100% ലഭിക്കില്ല. കാരണം ഓരോ ഘട്ടത്തിലും ചെറിയൊരു balance ശേഷിച്ചുകൊണ്ടിരിക്കും.

ചുരുക്കത്തിൽ Conclusion ഇതാണ്.

മുഖ്യമന്ത്രിയുടെ പ്രസ്താവനയെ സാമ്പത്തിക വീക്ഷണത്തിൽ വിലയിരുത്തിയാൽ, സമ്പദ്‌വ്യവസ്ഥയിലേക്ക് പണം ഇറക്കുമ്പോൾ അത് വിപണി ഉണർത്തുകയും (Multiplier Effect) ആ പണം കൈമാറ്റം ചെയ്യപ്പെടുമ്പോൾ സർക്കാരിന് ജി.എസ്.ടി വരുമാനം വർദ്ധിക്കുകയും ചെയ്യും എന്നത് തത്ത്വത്തിൽ ശരി തന്നെയാണ്. എന്നാൽ 15%-18% ആദ്യ ഘട്ടത്തിൽ തന്നെ സംസ്ഥാനത്തിന് കിട്ടും എന്നതും, 3-4 മാസത്തിനുള്ളിൽ 6-7 സർക്കുലേഷനിലൂടെ 100% പണവും സംസ്ഥാന ഖജനാവിൽ തിരിച്ചെത്തും എന്നതും സാമ്പത്തിക യാഥാർത്ഥ്യങ്ങൾക്കും നിലവിലെ ജി.എസ്.ടി ഘടനയ്ക്കും (50:50 CGST/SGST വീതം വെയ്പ്പ്) നിരക്കാത്ത അമിത പ്രതീക്ഷ മാത്രമാണ്.

Tuesday, 7 July 2026

ദ്വയാർത്ഥ പ്രയോഗ വയ്യാവേലികൾ !!

പിഷാരടി MLA-യെയും ബോബി ചെമ്മണ്ണൂരിനെയും ബാക്ക് ഫൂട്ടിലാക്കിയ ദ്വയാർ
ത്ഥ പ്രയോഗം : ഒരു വാക്കിനോ വാചകത്തിനോ ഒരേ സമയം രണ്ട് അർത്ഥങ്ങൾ (ദ്വി അർത്ഥം) വരാവുന്ന രീതിയിൽ സംസാരിക്കുകയോ എഴുതുകയോ ചെയ്യുന്ന രീതിയാണിത്. ഇതിന്റെ ഇംഗ്ലീഷ് പദമായി Double Meaning Usage എന്നാണ് നമ്മൾ പൊതുവേ പറയാറുള്ളത്. ഇംഗ്ലീഷ് ഭാഷയിൽ Pun, Double Entendre, Innuendo മുതലായ പ്രയോഗങ്ങൾ മലയാളത്തിലെ ദ്വയാർത്ഥ പ്രയോഗത്തിന് ഏറെക്കുറെ സമാനമാണ്. ഇവ മൂന്നും ഒളിപ്പിച്ച് വച്ച അർത്ഥങ്ങൾ ഉള്ള ആശയങ്ങൾ കൈമാറാൻ ഉപയോഗിക്കുന്ന ഭാഷാപ്രയോഗങ്ങളാണ്. സാഹിത്യത്തിൽ പോലും ശ്ലേഷം എന്നറിയപ്പെടുന്ന ദ്വയാർത്ഥ പ്രയോഗങ്ങൾ സമർത്ഥമായി ഉപയോഗിക്കാറുണ്ട്. ഭാഷാപരമായ കൗതുകം, ബുദ്ധിപരമായ തമാശ, സാഹിത്യഭംഗി എന്നിവയാണ് ഈ പ്രയോഗത്തിന്റെ ലക്ഷ്യം. കലാരൂപങ്ങളിലും സിനിമയിലുമെല്ലാം ഫലിതമെന്ന പേരിൽ ദ്വയാർത്ഥ പ്രയോഗം കടന്നു വരാറുണ്ട്. ദ്വയാർത്ഥ പ്രയോഗങ്ങൾക്ക് വ്യക്തമായ രണ്ട് അർത്ഥങ്ങൾ ഉണ്ടാകും. അതിൽ ഒന്നാമത്തേത് സാധാരണ അർത്ഥവും, രണ്ടാമത്തേത് ഒളിഞ്ഞിരിക്കുന്ന അർത്ഥവുമായിരിക്കും. ഉദാഹരണത്തിന്, "മാധവൻ വരുന്നു" എന്ന പ്രയോഗം. ഇതിൽ 'മാധവൻ' എന്നതിന് കൃഷ്ണൻ എന്നും "വസന്തകാലം" എന്നും അർത്ഥമെടുക്കാം. പലപ്പോഴും ദ്വയാർത്ഥപ്രയോഗങ്ങളിൽ, രണ്ടാമത്തെ അർത്ഥം അല്പം അശ്ലീലതയോ, സാമൂഹിക വിലക്കുകളുള്ള വിഷയങ്ങളോ, അല്ലെങ്കിൽ അതീവ രഹസ്യങ്ങളോ ആയിരിക്കും. സാഹിത്യത്തിലെ ധ്വനി (വ്യംഗ്യാര്‍ത്ഥം) അലങ്കാരത്തിന് ഉദാഹരണമായി ചൂണ്ടിക്കാണിക്കപ്പെടുന്ന ഒരു ദ്വയാർത്ഥ പ്രയോഗം കേട്ടിട്ടുണ്ട്. അത് ഇപ്രകാരമാണ് 

"പയോധരത്തിന്നുയർച്ച പാർത്തിട്ടാധിയെങ്കിൽ 

ഇന്നിവിടെ ശയിച്ച് പുലരേ ഗമിക്കാം"

ഭർത്താവ് വീട്ടിലില്ലാത്ത സ്ത്രീയെ സന്ദർശിച്ച ഒരന്യപുരുഷനുമായി ആ സ്ത്രീ നടത്തുന്ന സംഭാഷണശകലമാണ് ഈ പദ്യഭാഗം. 'പയോധരം' എന്ന വാക്കിന്റെ 'മേഘം' എന്നും 'മുല' എന്നുമുള്ള അര്‍ത്ഥങ്ങളാണ് ഇവിടെ ദ്വയാർത്ഥപ്രയോഗത്തിനുപയോഗിക്കുന്നത്. പദ്യത്തിന്റെ നേരിട്ടുള്ള അർത്ഥം "പയോധരത്തിന്റെ (മഴമേഘത്തിന്റെ) ഉയര്‍ച്ച കണ്ടിട്ടാണ് ആധിയെങ്കില്‍, ഇന്നിവിടെ താമസിച്ചിട്ട് പുലർച്ചെ യാത്രയാകാം" എന്നാണ്. എന്നാൽ ഇവിടെ തികച്ചും ഗോപ്യമായൊരു വ്യംഗ്യാർത്ഥം ഉണ്ട്; "പയോധരത്തിന്റെ (മുലകളുടെ) ഉയര്‍ച്ച (വലിപ്പവും ആകർഷണീയതയും) കണ്ടിട്ടാണ് അസ്വസ്ഥമാകുന്നതെങ്കിൽ, ഇന്ന് ഇവിടെ കിടന്നിട്ട് രാവിലെ പോയാല്‍ മതി". മഴമേഘങ്ങളുടെ ഉയര്‍ച്ച കണ്ട് ആശങ്കപ്പെടാതെ യാത്ര രാവിലത്തേക്ക് മാറ്റി വെക്കാം എന്ന് സാമാന്യമായി പറയുന്നതുപോലെ തോന്നിപ്പിക്കുമെങ്കിലും, കാമുകന്റെ യഥാര്‍ത്ഥ ഉദ്ദേശ്യം മനസ്സിലാക്കി സ്ത്രീ തന്ത്രപരമായി, രാത്രി കൂടെ പാർക്കാൻ അവനെ  ക്ഷണിക്കുകയാണ് എന്നും നിരൂപിച്ചെടുക്കാം. 


സാഹിത്യത്തിലും കലാരൂപങ്ങളിലും മാത്രമല്ല, നിത്യജീവിതത്തിൽ സുഹൃത്തുക്കൾക്കിടയിലും സഹപ്രവർത്തകർക്കിടയിലുമൊക്കെയുള്ള സംസാരങ്ങളിൽ ദ്വയാർത്ഥപ്രയോഗങ്ങളുടെ പ്രയോഗം അപൂർവമായൊരു കാര്യമൊന്നുമല്ല. ദ്വയാർത്ഥ തമാശകൾ ഒറ്റക്കേൾവിയിൽ നിരുപദ്രവകാരിയും നിഷ്കളങ്കവും ചിരിയുണർത്തുന്നതുമായി തോന്നാമെങ്കിലും, അവ സമൂഹത്തിലും വ്യക്തിബന്ധങ്ങളിലും നിരവധി പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. ദ്വയാർത്ഥ പ്രയോഗങ്ങൾ എല്ലാവർക്കും ഒരു പോലെ ആസ്വദിക്കാൻ  സാധിക്കില്ല. സിനിമകളിലും കലാരൂപങ്ങളിലും വരുന്ന ഇത്തരം തമാശകളുടെ പ്രധാന പ്രശ്നം അവ കുടുംബത്തിലെ എല്ലാവർക്കും ഒരുമിച്ച് ഇരുന്ന് കാണാനോ കേൾക്കാനോ സാധിക്കുന്നതല്ല എന്നതാണ്; പ്രത്യേകിച്ച് കുട്ടികളും മുതിർന്നവരും ഉള്ള ഒരവസരത്തിൽ ഇത് വലിയ embarrassment-ന് കാരണമാകുന്നു.

ഇത് കൂടാതെ, പല ദ്വായാർത്ഥ തമാശകളും സ്ത്രീകളെ അധിക്ഷേപിക്കുന്ന രീതിയിലോ, അവരുടെ ശരീരത്തെയും ലൈംഗികതയെയും വില കുറച്ചു കാണിക്കുന്ന രീതിയിലോ ആണെന്നുള്ളതാത്. ഇത് സമൂഹത്തിൽ സ്ത്രീകളോടുള്ള ബഹുമാനം കുറയ്ക്കാൻ ഇടയാക്കുന്നു. സാഹിത്യപരവും സർഗ്ഗാത്മകവുമായ മികച്ച ഹാസ്യത്തിന് പകരം, വളരെ വിലകുറഞ്ഞ വാക്കുകളും പ്രയോഗങ്ങളും ഉപയോഗിക്കുന്നത് ഭാഷയുടെ ഗുണനിലവാരത്തെയും സംസ്കാരത്തെയും ബാധിക്കുന്നു. മാത്രവുമല്ല, ഇവയുടെ പ്രയോഗം പലപ്പോഴും തൊഴിലിടങ്ങളിലും വ്യക്തിബന്ധങ്ങളിലും  അസ്വസ്ഥത ഉണ്ടാക്കാറുണ്ട്. സമാന മനസ്കരും ഏകദേശം ഒരേ നിലവാരത്തിൽ ഉള്ളവരും ആയ ആളുകളുടെ കൂട്ടത്തിൽ മാത്രമേ ദ്വയാർത്ഥ കോമഡികൾ അപകടരഹിതമാകാൻ സാധ്യതയുള്ളൂ. പലപ്പോഴും ദ്വയാർത്ഥ ഫലിതപ്രയോഗത്തിൽ, അത് കേട്ട് നിൽക്കുന്നവർ പ്രതികരിക്കാൻ സാധിക്കാത്ത ഒരു സ്ഥിതിയിലോ സാഹചര്യത്തിലോ ഉള്ളവർ ആവുമ്പോൾ അതൊരു പീഡനത്തിന്റെ തലത്തിലേക്ക് പോലും എത്തുന്നു. ചില സന്ദർഭങ്ങളിൽ ദ്വയാർത്ഥ പ്രയോഗങ്ങൾ കേൾക്കുന്ന ആൾക്ക് മനസിലാകാത്ത സന്ദർഭങ്ങളും ഉണ്ടാകാറുണ്ട്. അത്തരം സന്ദർഭങ്ങളിൽ കേൾക്കുന്നയാൾ പ്രത്യേകിച്ച് പ്രതികരിക്കാതെ നിൽക്കുകയും പിന്നീട് അർത്ഥം മനസ്സിലാക്കുമ്പോൾ ആത്മനിന്ദയും അമർഷവും സഹിക്കേണ്ട അവസ്ഥ വരികയും ചെയ്യാം.

Sunday, 14 June 2026

"കിങ്ങിണിക്കുട്ടനും" കിങ്ങിണിക്കുട്ടന്റെ സൃഷ്ടാവും; വിവാദ ചരിത്രത്തിലേക്കൊരു എത്തിനോട്ടം

 

"കിങ്ങിണിക്കുട്ടൻ" കേരളത്തിൽ വിവാദമാകുന്നത് ഇത് ആദ്യമായല്ല. 1994-ൽ കേരള രാഷ്ട്രീയം, പ്രത്യേകിച്ച് കോൺഗ്രസ് രാഷ്ട്രീയം ഗ്രൂപ്പ് പോര് കൊണ്ട്, കലാപ കലുഷിതമായ സന്ദർഭത്തിലായിരുന്നു എസ്. രമേശൻ നായർ എഴുതിയ "ശതാഭിഷേകം" എന്ന ആക്ഷേപഹാസ്യ റേഡിയോ നാടകം വൻ വിവാദങ്ങൾക്ക് വഴിവെച്ചത്. അഖില കേരള റേഡിയോ നാടകോത്സവത്തിലേക്ക് തിരുവനന്തപുരം നിലയത്തിൽ നിന്ന് അവതരിപ്പിച്ച നാടകമായിരുന്നു ഇത്. ഈ നാടകത്തിലെ  പ്രധാന കഥാപാത്രങ്ങളായിരുന്നു കിട്ടുമ്മാവനും കിങ്ങിണിക്കുട്ടനും. കിട്ടുമ്മാവന് ശബ്ദം നല്‍കിയത് നെടുമുടി വേണുവും കിങ്ങിണിക്കുട്ടനു ശബ്ദം നല്‍കിയത് ജഗന്നാഥനുമായിരുന്നു. തറവാട്ടിലെ കസേരയൊഴി‍ഞ്ഞു കൊടുക്കാത്ത കാരണവർ ആയിരുന്നു കിട്ടുമ്മാവനെങ്കിൽ മാനസികവളർച്ചയില്ലാത്ത പിന്മുറക്കാരനായിരുന്നു കിങ്ങിണിക്കുട്ടൻ.  കെ. കരുണാകരൻ  മുഖ്യമന്ത്രിസ്ഥാനം ഒഴിയണമെന്നാവശ്യപ്പെട്ട് കോൺഗ്രസിൽ തർക്കം രൂക്ഷമായ കാലമായിരുന്നു അത്. കോൺഗ്രസിൽ ‘തിരുത്തൽവാദികൾ’ എന്നറിയപ്പെട്ട യുവനേതാക്കളുടെ ഒരു സംഘം  ലീഡർക്കെതിരെ നിലയുറപ്പിച്ച അതേ സമയത്ത് ആകാശവാണി പ്രക്ഷേപണം ചെയ്ത ഈ നാടകത്തെ അക്കാലത്തെ രാഷ്ട്രീയവുമായി ചിലർ ചേർത്തുവെച്ചതോടെ നാടകം വിവാദ വിഷയമായി. കെ. കരുണാകരനെയും കെ മുരളീധരനെയും പരിഹസിക്കാന്‍ മനഃപൂർവ്വം സൃഷ്ടിച്ചതായിരുന്നു ഈ കഥാപാത്രങ്ങളെന്ന ആരോപണമുയർന്നതോടെ വിഷയത്തിൽ അന്വേഷണം നടത്താൻ ആകാശവാണി ഡയറക്ടർ ജനറൽ ഉത്തരവിട്ടു. ആ നാടകത്തിലെ കഥാപാത്ര അവതരണം ബോധപൂർവ്വം ആരെയും ഇകഴ്ത്താൻ ഉദ്ദേശിച്ചുള്ളതായിരുന്നില്ലെന്ന് രമേശൻ നായർ വിശദീകരിച്ചു. തന്റെ ജന്മനാടായ നാഞ്ചിനാട്ടിലെ ഒരു കാരണവരെയും കുടുംബത്തെയും വരച്ചിടുകയായിരുന്നു നാടകത്തിലൂടെ താൻ ചെയ്തതെന്നായിരുന്നു അദ്ദേഹത്തിന്റെ ഭാഷ്യം. അന്വേഷണ റിപ്പോര്‍ട്ട്  രമേശന്‍ നായര്‍ക്ക് അനുകൂലമായിരുന്നെങ്കിലും വിവാദം കെട്ടടങ്ങിയില്ല. ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന്റെ വിവിധ തലങ്ങൾ ചർച്ച ചെയ്യപ്പെട്ട സംഭവ പരമ്പരകൾക്കൊടുവിൽ അദ്ദേഹത്തെ ആൻഡമാനിലെ പോർട്ട്ബ്ളയർ ആകാശവാണി നിലയത്തിലേക്ക് സ്ഥലം മാറ്റുകയുണ്ടായി. സ്ഥലം മാറ്റ നടപടിക്കെതിരെ വന്‍ പ്രതിഷേധം ഉയര്‍ന്നെങ്കിലും നടപടി പിന്‍വലിക്കപ്പെട്ടില്ല. അദ്ദേഹം പോർട്ട്ബ്ലയറില്‍ പോയില്ല എന്ന് മാത്രമല്ല ഏകദേശം പന്ത്രണ്ട് വർഷത്തെ സർവ്വീസ് ബാക്കി നില്‍ക്കെ 1996-ൽ സർവ്വീസിൽ നിന്ന് സ്വമേധയാ വിരമിക്കുകയും ചെയ്തു. പിന്നീട് ഈ നാടകം പുസ്തകമായി ഇറങ്ങുകയും വിവിധ എഡിഷനുകളിലായി ഏറെ കോപ്പികള്‍ വില്‍ക്കപ്പെടുകയും ചെയ്തു. ഇതിന്റെ കോപ്പികൾ ഇപ്പോഴും ബുക്ക് സ്റ്റോറുകളിൽ ലഭ്യമാണെന്ന് തോന്നുന്നു.

ആകാശവാണിയിൽ പ്രോഗ്രാം പ്രൊഡ്യൂസറായിരുന്ന എസ്. രമേശൻ നായർ മലയാളത്തിലെ അറിയപ്പെടുന്ന കവിയും ഗാനരചയിതാവുമായിരുന്നു. കേരള ഭാഷാ ഇനിസ്റ്റിറ്റ്യൂട്ടിൽ സബ് എഡിറ്ററായും അദ്ദേഹം ജോലി ചെയ്തിട്ടുണ്ട്. നാടകത്തിനും കവിതക്കും ചലച്ചിത്ര ഗാനങ്ങൾക്കും പുറമെ ഭക്തിഗാനങ്ങളും ലളിതഗാനങ്ങളും പരസ്യ ജിംഗിളുകളും അദ്ദേഹം രചിച്ചിട്ടുണ്ട്. പൂമുഖവാതിൽക്കൽ സ്നേഹം വിടർത്തുന്ന പൂന്തിങ്കളാകുന്നു ഭാര്യ....., ചന്ദനം മണക്കുന്ന പൂന്തോട്ടം...., 'ഗുരു' എന്ന സിനിമയിലെ ദേവസംഗീതം നീയല്ലേ... മുതലായ സിനിമാഗാനങ്ങൾ ഇദ്ദേഹത്തിന്റെ രചനകളാണ്.  വിഘ്നേശ്വരാ ജന്മ നാളികേരം നിന്റെ തൃക്കാൽക്കൽ ഉടയ്ക്കുവാൻ വന്നു..., രാധതൻ പ്രേമത്തോടാണോ കൃഷ്ണാ, ഞാൻ പാടും ഗീതത്തോടാണോ... എന്നീ ഭക്തിഗാനങ്ങളും അദ്ദേഹത്തിന്റെ  നിന്ന് പിറന്നവയാണ്. രാമച്ചവിശറി പനിനീരിൽ മുക്കി, ആരോമൽ വീശും തണുപ്പാണോ... കസ്തൂരിമഞ്ഞൾ പുരട്ടുംപുലർകാല കന്യകേ നിന്റെ തുടിപ്പാണോ.... രാധാസ് ആയുർവേദിക് സോപ്പിന്റെ ഈ പരസ്യ ജിംഗിൾ എഴുതിയതും ഇദ്ദേഹമായിരുന്നു. ഓടക്കുഴൽ അവാർഡ്, ഇടശ്ശേരി അവാർഡ് ഉൾപ്പെടെ വിവിധ പുരസ്കാരങ്ങളും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.


Saturday, 6 June 2026

നിലവിളക്ക് കൊളുത്തിയ ഫാത്തിമയും കൊളുത്താത്ത ഷംസുദ്ദീനും നിലവിളക്കേ വേണ്ടാത്ത സുധാകരനും !!!

ഒരു പൊതുപരിപാടിയിൽ ഫാത്തിമ തഹ്‍ലിയ എംഎൽഎ നിലവിളക്ക് കൊളുത്തിയതും മന്ത്രി ഷംസുദ്ദീൻ നിലവിളക്ക് കൊളുത്താതിരുന്നതും വിവാദമായിരിക്കുകയാണല്ലോ. അതൊക്കെ കാലാകാലങ്ങളായി നടന്നു കൊണ്ടിരിക്കുന്ന കാര്യങ്ങളാണെന്നും ഈ വിവാദം ചെറിയ കാര്യമാണെന്നും ചെറിയ കാര്യങ്ങൾ ചർച്ച ചെയ്യേണ്ട കാര്യമില്ലെന്നും മന്ത്രി പറഞ്ഞു. വിഷയത്തിൽ ഫാത്തിമ തഹ്‍ലിയയുടെ പ്രതികരണമൊന്നും കേട്ടില്ല. പക്ഷെ തഹ്ലിയയെ തിരുത്തുകയും ഉപദേശിക്കുകയും ഒക്കെ ചെയ്യുന്ന പല അഭിപ്രായങ്ങളും കാണുകയും ചെയ്തിരുന്നു. "മതപരമല്ലെങ്കില്‍ വിളക്ക് കൊളുത്താം, ആചാരമെങ്കില്‍ വിട്ടുനില്‍ക്കണം" എന്ന രീതിയിൽ സമസ്ത മുശാവറ യോഗത്തിന്റെ ഒരു അഭിപ്രായവും ശ്രദ്ധയിൽ പെട്ടിരുന്നു. 

ലീഗ് നേതാക്കൾ നിലവിളക്കുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പെടുന്നത് ഇതാദ്യമായിട്ടൊന്നുമല്ല. കുറെ വർഷങ്ങൾക്ക് മുൻപ് ഈ. ടി. മുഹമ്മദ്‌ ബഷീറും അബ്ദു റബ്ബും (ഒന്നിലധികം തവണ) നിലവിളക്ക് വിവാദത്തിൽ പെട്ടിരുന്നു. ഏതാനും വർഷങ്ങൾക്ക് മുൻപ്, കേരളത്തിലെ മുസ്ലീങ്ങള്‍ ഓണമാഘോഷിക്കുന്നതിലും നിലവിളക്ക് കൊളുത്തുന്നതിലും തെറ്റില്ലെന്ന് അഭിപ്രായപ്പെട്ട എംഇഎസ് പ്രസിഡന്റ് ഫസല്‍ ഗഫൂറിനെ വിവിധ മുസ്ലീം സംഘടനകള്‍ വലിച്ചു കീറി പോസ്റ്റർ ഒട്ടിച്ചിരുന്നു. എന്തായാലും, ഒരു പതിറ്റാണ്ടിന് ശേഷം, നിലവിളക്ക് വീണ്ടും ഒരു വിവാദ ചർച്ചയിൽ വന്നു പെട്ടു എന്ന് പറഞ്ഞാൽ മതി. നിലവിളക്ക് തങ്ങളുടെ സാംസ്കാരിക സ്വത്തായി കരുതുന്ന വിഭാഗങ്ങളും നിലവിളക്ക് കത്തിക്കുന്നതിൽ മൃദുസമീപനം വച്ച് പുലർത്തുന്ന വിഭാഗങ്ങളും വിളക്ക് കൊളുത്തുന്നത് മതാചാരങ്ങള്‍ക്ക് എതിരാണ് എന്ന തീവ്രസമീപനം പുലർത്തുന്നവരും വിവിധ ചേരികളിൽ നിന്ന് വാദിക്കുമ്പോഴാണ് പൊതുവെ നിലവിളക്ക് ഒരു വിവാദവിഷയമായി മാറാറുള്ളത്. 

ഏതാണ്ട് പത്ത് വർഷങ്ങൾക്ക് മുൻപ്, പ്രഖ്യാപിതമായിത്തന്നെ മതാചാരങ്ങൾക്ക് എതിരായ കമ്യൂണിസ്റ്റ് മാർക്സിസ്റ്റ് ചിന്താധാരയുടെ അനുയായിയും നേതാവുമായ സഖാവ് ജി. സുധാകരൻ പോലും നിലവിളക്ക്‌ വിവാദത്തിൽ ചെന്ന് പെട്ടിട്ടുണ്ട്. അന്നദ്ദേഹം ഇടതുപക്ഷത്തെ  MLA-യും മന്ത്രിയും ആയിരുന്നു. സര്‍ക്കാര്‍ പരിപാടികളിലും സ്‌കൂളുകളിലെ ചടങ്ങുകളിലും നിലവിളക്കു കൊളുത്തലും ദൈവത്തെ വര്‍ണിച്ചു കൊണ്ടുള്ള പ്രാര്‍ഥനയും ഒഴിവാക്കണമെന്നായിരുന്നു ജി. സുധാകരന്‍ അന്ന് പറഞ്ഞത്. "നമുക്ക് ജാതിയില്ല" എന്ന ശ്രീനാരായണ ഗുരുദേവവിളംബരത്തിന്റെ ശതാബ്ദി വാര്‍ഷികത്തിന്റെ ഭാഗമായി മുതുകുളത്ത് നടന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്ത വേളയിലായിരുന്നു മന്ത്രി ഈ പ്രസ്താവന നടത്തിയത്. 

നിലവിളക്ക് ആവർത്തിച്ച് വിവാദ വസ്തുവാകുമ്പോൽ,  എന്താണ് നിലവിളക്കിനെ പറ്റിയുള്ള ഭാരതീയ വിചാരധാരാ സങ്കല്പം എന്ന് തേടിയപ്പോൾ കിട്ടിയ അറിവ് ഇപ്രകാരമാണ്. "നെറ്റ"റിവും കേട്ടറിവും ആയതിനാൽ കുറെയൊക്കെ മാറ്റം ഉണ്ടാവാം. ഈശ്വര ആരാധനയുടെ അടിസ്ഥാനമായ പഞ്ചഭൂതസങ്കല്പത്തില്‍ പുഷ്പം (ആകാശം), ധൂപം-സാമ്പ്രാണി (വായു), ദീപം (അഗ്നി), കിണ്ടിയില്‍ ജലം (ജലം), ഗന്ധം - ചന്ദനാദികള്‍ (പൃഥ്വി) എന്നിവ പൂജാനുഷ്ഠാനങ്ങളിൽ നിര്‍ബന്ധമാണ്.  ഓട്, പിത്തള, വെള്ളി, സ്വര്‍ണ്ണം എന്നീ ലോഹങ്ങളില്‍ നിര്‍മ്മിച്ച വിളക്കുകളാണ് ഉപയോഗിക്കേണ്ടത്. മുകളില്‍ ശിവനും  മദ്ധ്യേ വിഷ്ണുവും പാദങ്ങളില്‍ ബ്രഹ്മാവുമെന്ന ത്രിമൂര്‍ത്തി സങ്കൽപ്പത്തിൽ നിലവിളക്കിനെ ദേവിയായി കരുതി വരുന്നു. നിലവിളക്കു കൊളുത്തുന്നതു ഭദ്രകാളിക്കുള്ള ചിരപ്രതിഷ്ഠക്കു തുല്യമായത് കൊണ്ടാണ് അതിനെ ഭദ്രദീപമെന്നു വിളിക്കാറുള്ളത്. വിളക്കിന്റെ ഭാരം ഭൂമീദേവിയുടെ മേൽ നേരിട്ടു എൽപ്പിക്കാതിരിക്കാൻ നിലവിളക്കു പീഠത്തിനു മുകളിലാണ് പ്രതിഷ്ഠിക്കേണ്ടത്. നിലവിളക്കിനു സംഭവിക്കുന്ന അശുദ്ധി വീടിന്റെ ഐശ്വര്യത്തെ ബാധിക്കും എന്നാണു വിശ്വാസം. നിലവിളക്കു കൊളുത്തുന്നതോടൊപ്പം ജപിക്കാൻ "ദീപം ജ്യോതി പരബ്രഹ്മഃ ദീപം" എന്ന് തുടങ്ങുന്ന ശ്ലോകം പോലുമുണ്ട്. കഴുകിമിനുക്കിയ വിളക്ക് കൊളുത്തുന്നതിനു മുമ്പ് നിലവിളക്കിന്റെ പാദങ്ങളിലും കഴുത്തിലും, നെറ്റിയിലും ആദ്യം ഭസ്മംകൊണ്ട് മൂന്നുവരയും അതിനു മദ്ധ്യേ ചന്ദനം കൊണ്ടൊരു വരയും ചന്ദനത്തിനു മദ്ധ്യേ കുങ്കുമം കൊണ്ടൊരു പൊട്ടും ചാർത്തണം. ശനിദോഷമകറ്റാനും പിതൃപ്രീതിക്കുമായി എള്ളെണ്ണയാണുത്തമം.  ഒറ്റത്തിരിയിട്ടു കൊളുത്തുന്നതു മഹാവ്യാധിയും രണ്ടു തിരി ധനവൃദ്ധിയും മൂന്നുതിരി ദാരിദ്ര്യവും നാലുതിരി ആലസ്യവും അഞ്ചുതിരി സര്‍വൈശ്വര്യവുമെന്നുമൊക്കെയാണ് പാരമ്പര്യവിധികൾ. നിലവിളക്ക് പ്രഭാതത്തിലും സായംസന്ധ്യയിലും വീടുകളില്‍ കൊളുത്തണം. രണ്ടുതിരിയിട്ടു ഒരു ജ്വാല വരത്തക്കവിധം പ്രഭാതത്തിലും നാലുതിരിയിട്ടു രണ്ടു ജ്വാല വരത്തക്കവണ്ണം സായംസന്ധ്യയിലും കൊളുത്തണം.  ഒരു ജ്വാലയെങ്കില്‍ കിഴക്കോട്ടും രണ്ടെങ്കില്‍ കിഴക്കോട്ടും പടിഞ്ഞാറോട്ടും, അഞ്ചെങ്കില്‍ നാലു ദിക്കുകള്‍ക്കു പുറമെ വടക്കു കിഴക്കേമൂലയിലേക്കും ജ്വാല വരും വിധമാകണം വിളക്ക് കൊളുത്തേണ്ടത്.  കൊളുത്തുമ്പോള്‍ കിഴക്കുനിന്നാരംഭിച്ചു പ്രദക്ഷിണസമാനം ഇടതു വശത്തുകൂടി എന്ന ക്രമത്തിൽ കൊളുത്തി ഏറ്റവും അവസാന തിരി കൊളുത്തിയശേഷം പിന്നീടു കൈ മുന്നോട്ടെടുക്കാതെ പിറകിലോട്ടു വലിച്ചു കൊള്ളി കളയണം. വിളക്ക് കൊളുത്തുമ്പോള്‍ പാദരക്ഷകള്‍ ഉപയോഗിക്കുകയോ കയ്യടിക്കുകയോ അരുത്. കരിന്തിരി കത്തുന്നതു ലക്ഷണക്കേടാകയാൽ, എണ്ണ മുഴുവന്‍ വറ്റി കരിന്തിരി കത്താതെ നിലവിളക്കണക്കണം എന്നാണ് വിധി. ഊതി അണക്കുന്നതും കൈകൊണ്ടു തട്ടി അണക്കുന്നതും വിളക്കിനെ നിന്ദിക്കലാകയാൽ, വിളക്കണക്കാന്‍ കിണ്ടിയിലെ പുഷ്പം ഉപയോഗിക്കാം. നാരായണജപത്തോടെ വേണം നിലവിളക്കണക്കേണ്ടത്.  സ്ത്രീകളല്ലാതെ, പുരുഷന്മാര്‍ വീട്ടില്‍ നിലവിളക്കു കൊളുത്തിയാല്‍ ഐശ്വര്യക്കെടാണെന്നും വിധിയുണ്ട്.

കുറേക്കാലം മുൻപ് ശ്രീ ബീ. ആര്‍. പീ. ഭാസ്കര്‍, എഴുതിയ "മതചിഹ്നങ്ങളും മതേതരത്വവും" എന്ന ലേഖനത്തിലെ ബീ. ആര്‍. പീ. യുടെ ഒരു നിരീക്ഷണം രസകരമായി തോന്നിയിരുന്നു. "നിലവിളക്ക് ഹിന്ദുക്കള്‍ പേറ്റന്റ് എടുത്ത് കുത്തകയാക്കിയ കണ്ടുപിടിത്തമല്ല. ക്രിസ്തുമതവും ഇസ്ലാമും കേരളത്തിലെത്തുമ്പോള്‍ ഇവിടെ ഒരു ഹിന്ദു സമൂഹം ഉണ്ടായിരുന്നില്ല. ആദ്യകാലത്ത് കേരളത്തിലെ ക്രൈസ്തവ മുസ്ലിം ആരാധനാലയങ്ങളിലും നിലവിളക്ക് ഉപയോഗിച്ചിരുന്നു. ബാഹ്യസ്വാധീനത്തില്‍ പിന്നീട് അവ ഉപേക്ഷിക്കപ്പെടുകയായിരുന്നു. മറ്റുള്ളവര്‍ നിലവിളക്ക് ഉപേക്ഷിച്ചതിന്റെ ഫലമായാണ് അത് ഹിന്ദു കുത്തകയായത്". ഈ നിരീക്ഷണമനുസരിച്ച് മതചിഹ്ന്നങ്ങളും അനുഷ്ടാനങ്ങളും പ്രാദേശികമായ സ്വാധീനത്തില്‍ നിന്നും ഉരുത്തിരിഞ്ഞു വരുന്നതാണെന്നും അതാതു സ്ഥലത്ത് ജനജീവിതത്തിനു സഹായകരമായ സംഗതികള്‍ അവിടുത്തെ ആരാധനാ അനുഷ്ടാനങ്ങള്‍ക്കും ഉപയോഗിക്കപ്പെടുന്നു എന്നും അനുമാനിക്കണം. പുരാതനകാലം മുതൽക്കേ  പ്രകാശം ലഭിക്കുവാന്‍ ഒരു പ്രദേശത്ത് ഉണ്ടായിരുന്ന ഒരു ഉപകരണത്തെ ഒരു മതത്തിന്റെ മാത്രം ചിഹ്നമായി ചിത്രീകരിക്കുമ്പോഴും, മറ്റു മതസ്ഥര്‍ അതിനെ അവരുടെ മതത്തിനു വിരുദ്ധമായി ചിത്രീകരിക്കുമ്പോഴും മുകളില്‍ ബീ ആര്‍ പീ സൂചിപ്പിച്ച "ബാഹ്യസ്വാധീനം", സാധാരണ ജനങ്ങളില്‍ മോശപ്പെട്ട സന്ദേശങ്ങളായി എത്തിച്ചേരുന്ന മതതത്വചിന്തകള്‍ ആണെന്ന് തന്നെ സംശയിക്കണം. 

തിരഞ്ഞെടുക്കപ്പെട്ട ഒരു ജനപ്രതിനിധിയോ മന്ത്രിയോ നിലവിളക്ക് കൊളുത്താൻ തയ്യാറാകുമ്പോഴോ, തയ്യാറല്ല എന്ന് പറയുമ്പോഴോ ഉണ്ടാകുന്ന വിവാദം, സാംസ്കാരിക കേരളം തീര്‍ത്തും ഒഴിവാക്കേണ്ട ഒന്നാണ് .  ഫാത്തിമ തഹ്‌ലിയയോ ഷംസുദ്ദീനോ അബ്ദുറബ്ബോ സഖാവ് സുധാകരനോ ആരുമായിക്കോട്ടെ, ജനപ്രതിനിധി മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്  രാജ്യത്തിന്റെ ഭരണഘടനയോടു കൂറ് പുലർത്താനാണ്; ഒരു ചടങ്ങിൽ നിലവിളക്ക് കൊളുത്തുക എന്നത് അവരിൽ നിക്ഷിപ്തമായ ഭരണഘടനാബന്ധിയായ ഉത്തരവാദിത്തങ്ങളിൽ വരുന്ന കാര്യമല്ല. അവരുടെ മതവിശ്വാസമോ വിശ്വാസരാഹിത്യമോ മതനിരപേക്ഷതാബോധമോ ഒരു പ്രവൃത്തി ചെയ്യണമോ വേണ്ടയോ എന്ന കാര്യത്തിൽ തീരുമാനമെടുക്കുന്നതിന് ഹേതുവാകുന്നെങ്കിൽ അതിലെന്തിനാണ് മറ്റുള്ളവര്‍ ഇത്ര അസഹിഷ്ണുക്കൾ ആവുന്നത്? മത വിശ്വാസമെന്നത് തികച്ചും വ്യക്തിപരമായ കാര്യമാണ്. അതില്‍ കൈകടത്താന്‍ അപരനെന്താണ് അവകാശം? ഈ രാജ്യത്ത് ജനിച്ച്, തിരഞ്ഞെടുപ്പ് ജയിച്ച്, ഭരണഘടന അനുശാസിക്കുന്ന വിധത്തിൽ ഈശ്വരനാമത്തിലോ അല്ലാതെയോ സത്യപ്രതിജ്ഞ ചെയ്ത്, ജനപ്രതിനിധിയും മന്ത്രിയും ആയി എന്നത് കൊണ്ട്, തങ്ങളുടെ തികച്ചും വ്യക്തിപരമായ വിശ്വാസ നിലപാടുകളെ തള്ളിക്കളയേണ്ട ആവശ്യമില്ല.

സർക്കാർ പരിപാടികളിൽ ഈശ്വരപ്രാർഥന പാടില്ലെന്നും സ്ക്കൂളുകളിലും കോളെജുകളിലും ഈശ്വരപ്രാർഥന ഒഴിവാക്കേണ്ടതാണെന്നുമുള്ള സുധാകരന്റെ കാഴ്ചപ്പാട് തികച്ചും ജനാധിപത്യപരമാണ്. ഈശ്വരപ്രാർഥനയും നിലവിളക്ക് കൊളുത്തലുമൊക്കെ വ്യക്തികളുടെ സ്വകാര്യമായ തിരഞ്ഞെടുപ്പുകളാണ്. അത് സ്വകാര്യമായി ചെയ്യുന്നതിനെ ആരും തടയാൻ പാടില്ല എന്നത് പോലെ തന്നെ കരണീയമാണ് അത് പൊതുചടങ്ങുകളിൽ നടത്താതിരിക്കുക എന്നതും. ഒരു മതേതരജനാധിപത്യരാഷ്ട്രമെന്ന നിലയില്‍ മൗലികാവകാശമായി ഇന്ത്യന്‍ ഭരണഘടന ആ സ്വാതന്ത്യ്രം ഏതവസ്ഥയിലും ഏത് സ്ഥാനമാനങ്ങളിലും ഏതൊരു ഇന്ത്യന്‍ പൌരനും ഉറപ്പു നൽകുന്നുണ്ട്. എന്റെ വിശ്വാസത്തിനനുസരിച്ച് അപരനും പ്രവര്‍ത്തിച്ചേ മതിയാവൂ എന്ന് ചിന്തിക്കുന്നവരുടെ ചുറ്റും ഒരു താലിബാന്റെ മണവും നിറവും ഉയർന്നു വരുന്നുണ്ട്. 

പുല്ലു പോലെ അവഗണിക്കേണ്ട ചില നിസ്സാര വിഷയങ്ങൾക്ക്‌ തീവ്രവർഗീയ നിറം നൽകി മണിക്കൂറുകളും പേജുകളും ചർച്ചയ്ക്കു മാറ്റി വയ്ക്കുന്ന മാധ്യമങ്ങളാണ് ഇത്തരം വിവാദങ്ങളിലെ മുഖ്യപ്രതികൾ. വായിൽത്തോന്നിയത് കോതയ്ക്ക് പാട്ട് എന്ന സിദ്ധാന്തവുമായി, അനാവശ്യ പ്രകോപനങ്ങളില്‍ രോഷം കൊള്ളുവാനും തയ്യാറായി ഉറഞ്ഞു തുള്ളുന്ന സോഷ്യല്‍ മീഡിയ വെളിച്ചപ്പാടുകളും ഈ വിഷയത്തിൽ പ്രതിസ്ഥാനത്ത് നിൽക്കേണ്ടവരാണ്. വ്യക്തിപരമായ നിലപാടുകളെ വര്‍ഗ്ഗീയ വിഷം പുരട്ടിയ അമ്പുകളാക്കി നിഷ്പക്ഷമായും നിഷ്കളങ്കമായും ചിന്തിക്കുന്ന സാധാരണ മനുഷ്യരുടെ മനസ്സിലേയ്ക്ക് എയ്യുന്ന സാമുദായിക, സാംസ്ക്കാരിക, രാഷ്ട്രീയ നേതാക്ക. കൂടിയാകുമ്പോൾ "ദൈവത്തിന്റെ സ്വന്തം  നാട്ടിലെ" സാമുദായിക സൌഹൃദഅന്തരീക്ഷത്തിന് എന്തോ വലിയ അപകടം സംഭവിക്കാൻ പോകുന്നു എന്ന് കുറച്ചു പേർക്കെങ്കിലും തോന്നുന്നുണ്ടാവണം. എന്തിലും ഏതിലും മതവും ജാതിയും സമുദായവും കലർത്തി മുതലെടുപ്പ് നടത്തുന്ന ശവം തീനികളുടെ തന്ത്രങ്ങൾ ആവറേജ് സാമാന്യ ബുദ്ധിയുള്ളവർ തിരിച്ചറിയുന്നുണ്ട് എന്നത് തന്നെ മഹാഭാഗ്യം. 

Thursday, 14 May 2026

സർക്കുലാർ ഇക്കോണമി നല്ലതാണ്; പക്ഷെ, സാർ പറയുന്ന സംഭവം അതല്ല !!!

സതീശൻ സാർ, ഒരു കാലഘട്ടത്തിൽ ഹരിത എം എൽ എ എന്ന പേരിലും സാമ്പത്തിക മാനേജ്മെന്റ് വൈദഗ്ധ്യം ഉള്ളയാൾ എന്ന പേരിലും അറിയപ്പെട്ട താങ്കൾ ആവർത്തിച്ച് പറഞ്ഞതായി ശ്രദ്ധയിൽപ്പെട്ട ഒരു കാര്യത്തെക്കുറിച്ച് എഴുതണമെന്ന് കരുതുന്നു. മണി സർക്കുലേഷനുമായി ബന്ധപ്പെട്ട് താങ്കൾ പറഞ്ഞ അഭിപ്രായം ഏകദേശം ഇപ്രകാരമായിരുന്നു. "നാട്ടിലെ പാവപ്പെട്ടവരും സാധാരണക്കാരുമായി മനുഷ്യരുടെ കയ്യിലേക്ക് കുറച്ചധികം പണം ലഭ്യമാക്കുക; പണക്കാരുടെ കയ്യിലേക്ക് പണം കിട്ടിയിട്ട് കാര്യമില്ല; അവർ അത് ചിലവാക്കില്ല. പാവപ്പെട്ടവരും സാധാരണക്കാരും അവരുടെ കയ്യിൽ കിട്ടുന്ന പണം അവരുടെ ദൈനം ദിന കാര്യങ്ങൾക്ക് വേണ്ടി ചിലവഴിക്കും. അങ്ങനെ സംസ്ഥാനത്ത് GST കളക്ഷൻ വർധിക്കും. അങ്ങനെ ഏകദേശം നാലു മാസങ്ങൾ കൊണ്ട് ഈ പണം മുഴുവൻ സംസ്ഥാന സർക്കാരിന്റെ കയ്യിൽ GST  ആയി വന്ന് ചേരും. ഈ അവകാശവാദം എങ്ങനെ ശരിയാകും !? 

ഈ രീതിയിൽ പണം കറങ്ങിത്തിരിഞ്ഞ് സർക്കാരിന്റെ കൈകളിൽ വന്നു ചേരുന്നതിനെ താങ്കൾ സർക്കുലർ ഇക്കോണമി എന്ന് വിശേഷിപ്പിക്കുന്നത് കേട്ടു. സത്യത്തിൽ ഇതാണോ സർക്കുലർ ഇക്കോണമി !?

താങ്കൾ ആദ്യം പറഞ്ഞ ആശയത്തെ സാമ്പത്തിക ശാസ്ത്രത്തിന്റെ കണ്ണിലൂടെ നോക്കിയാൽ അതിൽ ചില വസ്തുതകളും എന്നാൽ വലിയ ചില സാങ്കേതിക പിശകുകളും ഉണ്ടെന്ന് കാണാം. നമുക്ക് ഇതിനെ രണ്ട് ഭാഗങ്ങളായി തിരിച്ച് വിശകലനം ചെയ്യാം:

താങ്കൾ അഭിപ്രായപ്പെട്ട, അടിസ്ഥാന വിഭാഗങ്ങളിലേക്ക് ലഭ്യമാക്കുന്ന പണം കറങ്ങിത്തിരിഞ്ഞ് നാലു മാസങ്ങൾ കൊണ്ട് സർക്കാരിലേക്ക് എത്തും എന്ന പ്രതീക്ഷ യാഥാർഥ്യത്തിന് നിരക്കുന്നതാണോ !?

ഇത് ഭാഗികമായി മാത്രമേ ശരിയാകൂ എന്നതാണ് വസ്തുത. ബ്രിട്ടീഷ് സാമ്പത്തിക ശാസ്ത്രജ്ഞനായ ജോൺ മെയ്‌നാർഡ് കീൻസ് മുന്നോട്ട് വച്ച കെയ്‌നീഷ്യൻ സാമ്പത്തിക ശാസ്ത്രത്തിലെ "മൾട്ടിപ്ലെയർ ഇഫക്റ്റ് (Multiplier Effect)" എന്ന് വിളിക്കപ്പെടുന്ന ആശയത്തിൽപ്പെടുന്ന ഒന്നാണിത്. സാധാരണക്കാരുടെ കയ്യിൽ എത്തുന്ന പണം അവർ അത് സൂക്ഷിച്ച് വെക്കാതെ അവരുടെ ദൈനം ദിന ആവശ്യങ്ങളായ ഭക്ഷണം, വസ്ത്രം, ആരോഗ്യ പരിപാലനം, മറ്റു സേവനങ്ങൾ തുടങ്ങിയവക്ക് വേണ്ടി ഉടൻ തന്നെ വിപണിയിൽ ചിലവഴിക്കുന്നു എന്നതാണിതിന്റെ ഒരു സങ്കൽപം. ഇത്തരം ഇടപാടുകളിലെ ജി.എസ്.ടി (GST) വിഹിതം നേരിട്ട് സർക്കാരിലേക്ക് എത്തിച്ചേരുന്നു എന്നും വിപണിയിലുള്ള ബാക്കി പണം സാധനങ്ങൾക്കും സേവനങ്ങൾക്കും വേണ്ടി  വീണ്ടും വീണ്ടും കൈമാറ്റം ചെയ്യപ്പെടുമ്പോൾ ഓരോ ഘട്ടത്തിലും നികുതി സർക്കാർ ഖജനാവിലേക്ക് എത്തിച്ചേരുമെന്നും ഇത് വിഭാവനം ചെയ്യുന്നു. എന്നാൽ "നാലു മാസം കൊണ്ട് കൊടുത്ത പണം മുഴുവൻ ജി.എസ്.ടി ആയി തിരിച്ചെത്തും" എന്നത് ഒരു അതിശയോക്തി മാത്രമാണ്. കാരണം, ജി. എസ്. ടി നിരക്കുകൾ സാധാരണയായി 5%, 18% എന്നിങ്ങനെയാണ്. സ്റ്റേറ്റിന് GST കിട്ടാവുന്ന ഇടപാടുകളിൽ തന്നെ മൊത്തം GST കളക്ഷന്റെ പകുതിയേ സ്റ്റേറ്റിന് ലഭിക്കൂ. അതായത് 18% നികുതി വിധേയമായ ഒരു ഇടപാട് നടക്കുമ്പോൾ അതിന്റെ പകുതി അതായത് 9% മാത്രമേ സംസ്ഥാന വിഹിതമായി സ്റ്റേറ്റിന് ലഭിക്കൂ; ബാക്കി 9 % കേന്ദ്ര സർക്കാർ ഖജനാവിലേക്കാണ് പോകുന്നത്. GST കഴിച്ചുള്ള തുക സ്വകാര്യവ്യക്തിയായ കച്ചവടക്കാരന്റെ കയ്യിലാണ് എത്തുന്നത്. അത് വീണ്ടും പലതവണ കൈമാറ്റം ചെയ്യപ്പെട്ടാൽ മാത്രമേ നികുതിയായി സർക്കാരിന് ലഭിക്കൂ. മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളിൽ പെട്ട ഭക്ഷണം, വസ്ത്രം, വീട്ട് വാടക, ആരോഗ്യ പരിപാലനം തുടങ്ങിയ മേഖലകൾ മിക്കവയും GST യിൽ നിന്ന് ഒഴിവാക്കപ്പെട്ടവയോ ചെറിയ നികുതി നിരക്കായ 5%-ൽ പെടുന്നതോ ആണ്. ഇതിനെല്ലാം പുറമെ, ലഭ്യമായ പണം അത് ലഭിക്കുന്നവർ വിപണിയിൽ ചിലവഴിക്കുമെന്നത് സങ്കൽപം മാത്രമാണ്; ചിലവാക്കുന്ന പണത്തിന്റെ ഒരു ഭാഗം ഒരു പക്ഷെ സമ്പാദ്യമായി (Savings) മാറാം; അല്ലെങ്കിൽ അവർ അത് സംസ്ഥാനത്തിന് പുറത്തുള്ള ഉൽപ്പന്നങ്ങളോ സേവനങ്ങളോ വാങ്ങാൻ ഉപയോഗിച്ചേക്കാം. രാഷ്ട്രീയക്കാർ പലപ്പോഴും ഇത്തരം പ്രയോഗങ്ങൾ നടത്തുന്നത് 'ഡിമാൻഡ് സൈഡ് ഇക്കണോമിക്സ്' (Demand-side Economics) എന്ന ആശയത്തെ ലളിതവൽക്കരിക്കാനാണ്. ജനങ്ങളുടെ കയ്യിൽ പണം എത്തിച്ച് വിപണിയെ ഉണർത്തുക (Consumption led growth) എന്നതാണ് ഇതിന്റെ ലക്ഷ്യം. ദാരിദ്ര്യ ലഘൂകരണത്തിനും സാമ്പത്തിക മാന്ദ്യം മറികടക്കാനും ഇത് ഒരു പരിധി വരെ സഹായിക്കുമെങ്കിലും, സർക്കാർ നൽകുന്ന പണം മുഴുവനായി നികുതിയിലൂടെ തിരിച്ചുകിട്ടും എന്നത് സാമ്പത്തിക ശാസ്‌ത്രപരമായി പ്രായോഗികമല്ല. ഈ ഘടകങ്ങൾ എല്ലാം പരിഗണിച്ചാൽ 'മൾട്ടിപ്ലെയർ ഇഫക്റ്റ്' പ്രകാരം അടിസ്ഥാന വിഭാഗങ്ങൾക്ക് ലഭ്യമാക്കിയ പണം തിരികെ സർക്കാർ ഖജനാവിൽ എത്തുന്നതിന് നാലു മാസം പോയിട്ട് അതിന്റെ പല മടങ്ങ് മാസങ്ങൾ വേണ്ടി വന്നേക്കും !!!

ഇനി, ഈ രീതിയിൽ പണം കറങ്ങിത്തിരിഞ്ഞ് സർക്കാരിന്റെ കൈകളിൽ വന്നു ചേരുന്നതിനെ താങ്കൾ വിശേഷിപ്പിച്ചത് പോലെ സർക്കുലർ ഇക്കോണമി എന്ന് വിളിക്കാമോ ? സത്യത്തിൽ ഇതാണോ സർക്കുലർ ഇക്കോണമി !?

ഇവിടെയാണ് താങ്കളുടെ വാദത്തിൽ പ്രശ്നമുള്ളത്. സാങ്കേതികമായി ഇതിനെ സർക്കുലർ ഇക്കോണമി എന്ന് വിളിക്കുന്നത് പരിപൂർണ്ണമായും തെറ്റാണ്.

സാമ്പത്തിക ശാസ്ത്രത്തിൽ സർക്കുലാർ ഇക്കോണമി (Circular Economy) എന്നത് വിഭവങ്ങൾ പരമാവധി കാലം ഉപയോഗിക്കുകയും, അവയിൽ നിന്ന് ലഭിക്കാവുന്ന മൂല്യം പൂർണ്ണമായും പ്രയോജനപ്പെടുത്തുകയും ചെയ്യുന്ന ഒരു മാതൃകയാണ്. വിഭവങ്ങളുടെ പുനഃചംക്രമണത്തെയും പുനരുപയോഗത്തെയും (Recycling and  Reusing of Resources) മാലിന്യ നിർമ്മാർജ്ജനത്തെയും കുറിച്ചുള്ള പരിസ്ഥിതി സൗഹൃദ സാമ്പത്തിക മാതൃകയെയാണ് സർക്കുലർ ഇക്കോണമി (Circular Economy) എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. ലളിതമായി പറഞ്ഞാൽ വിഭവങ്ങൾ കറങ്ങുന്നതിനെയാണ് (പണം വിപണിയിൽ കറങ്ങുന്നതിനെയല്ല) ഇത് സൂചിപ്പിക്കുന്നത്. ഒരു പക്ഷെ, പണത്തിന്റെ അല്ലെങ്കിൽ വരുമാനത്തിന്റെ ചംക്രമണം (Circular Flow of money or Income) ആയിരിക്കണം താങ്കൾ ഉദ്ദേശിച്ചത്.

സാധാരണയായി പ്രചാരത്തിലുള്ള ലീനിയർ ഇക്കോണമി അനുസരിച്ച് പ്രകൃതിയിൽ നിന്ന് വിഭവങ്ങൾ എടുക്കുന്നു, ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നു, ഉപയോഗത്തിന് ശേഷം അവ മാലിന്യമായി വലിച്ചെറിയുന്നു. പ്രകൃതി വിഭവങ്ങളുടെ നാശത്തിനും മലിനീകരണത്തിനും ശോഷണത്തിനും കാരണമാകുന്ന Take-Make-Dispose (എടുക്കുക, ഉപയോഗിക്കുക, വലിച്ചെറിയുക) എന്ന രീതിക്ക് പകരമായാണ് സർക്കുലാർ ഇക്കോണമി അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്. സർക്കുലാർ ഇക്കോണമിയിൽ ഒന്നും വലിച്ചെറിയപ്പെടുന്നില്ല. ഒരു പ്രാഥമിക ഉപയോഗം അത് പുനരുപയോഗിക്കുകയോ (Reuse), അറ്റകുറ്റപ്പണി നടത്തി വീണ്ടും ഉപയോഗിക്കുകയോ (Repair), അല്ലെങ്കിൽ പുനരുൽപ്പാദനം (Recycle) നടത്തുകയോ ചെയ്യുന്നു. 

സർക്കുലാർ ഇക്കോണമി പ്രധാനമായും മൂന്ന് അടിസ്ഥാന തത്വങ്ങളിലാണ് നിലകൊള്ളുന്നത്. ഒന്നാമതായി, ഉൽപ്പന്നങ്ങൾ രൂപകൽപ്പന ചെയ്യുമ്പോൾ തന്നെ അവ മാലിന്യമായി മാറാത്ത രീതിയിൽ പ്ലാൻ ചെയ്യുകയും അത് വഴി മാലിന്യവും മലിനീകരണവും പരമാവധി ഒഴിവാക്കുന്നു. രണ്ടാമത്, അറ്റകുറ്റപ്പണികളിലൂടെയും പുനരുപയോഗത്തിലൂടെയും പുനർനിർമ്മാണത്തിലൂടെയും സാധനങ്ങളുടെ ആയുസ്സ് ദീർഘിപ്പിച്ച്  ഉൽപ്പന്നങ്ങളും വിഭവങ്ങളും കൂടുതൽ കാലം ഉപയോഗപ്രദമായി നിലനിർത്തുന്നു. പരിസ്ഥിതിയെ നിയന്ത്രണമില്ലാതെ ചൂഷണം ചെയ്യുന്നതും നശിപ്പിക്കുകയും ചെയ്യുന്നതിന് പകരം അതിനെ സംരക്ഷിക്കുന്ന രീതിയിലുള്ള ഉൽപ്പാദന രീതികൾ അവലംബിക്കുകയാണ് മൂന്നാമത്തേത്.

ഇത് കൊണ്ട്  വാതകങ്ങളുടെ പുറന്തള്ളൽ കുറയ്ക്കാനും പ്രകൃതി വിഭവങ്ങൾ സംരക്ഷിക്കാനും സഹായിക്കുന്നു. വിഭവങ്ങൾ വീണ്ടും ഉപയോഗിക്കുന്നത് വഴി നിർമ്മാണ ചിലവ് കുറയുന്നു. റീസൈക്ലിംഗ്, റിപ്പയറിംഗ് മേഖലകളിൽ പുതിയ തൊഴിലുകൾ സൃഷ്ടിക്കപ്പെടുന്നു. പഴയ സ്മാർട്ട്ഫോണുകൾ വലിച്ചെറിയുന്നതിന് പകരം അവയിലെ സ്വർണം, ചെമ്പ് തുടങ്ങിയ ലോഹങ്ങൾ വേർതിരിച്ചെടുത്ത് പുതിയ ഫോണുകൾ നിർമ്മിക്കാൻ ഉപയോഗിക്കുന്നത് ഒരു സർക്കുലാർ ഇക്കോണമി പ്രവർത്തനമാണ്. അതുപോലെ പഴയ തുണികൾ റീസൈക്കിൾ ചെയ്ത് പുതിയ ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നതും ഇതിന്റെ ഭാഗമാണ്. ചുരുക്കത്തിൽ, "മാലിന്യം എന്നത് മറ്റൊരു വിഭവമാണ്" എന്ന ചിന്താഗതിയാണ് സർക്കുലാർ ഇക്കോണമി മുന്നോട്ട് വെക്കുന്നത്. ഇത് സുസ്ഥിരമായ (Sustainable) ഒരു ഭാവി കെട്ടിപ്പടുക്കാൻ അത്യാവശ്യമാണ്.

ഇത്രയും എഴുതിയത്, പണം വിപണിയിൽ എത്തുന്നതും അതിന്റെ ചംക്രമണം വഴി നികുതി കളക്ഷൻ വർദ്ധിക്കുന്നതും ശരിയാണ്, പക്ഷേ ഇതിനെ വിശേഷിപ്പിക്കാൻ ഉപയോഗിച്ച 'സർക്കുലർ ഇക്കോണമി' എന്ന പദം തെറ്റാണ്. ഇതിനെ പണത്തിന്റെ അല്ലെങ്കിൽ വരുമാനത്തിന്റെ ചംക്രമണം (Circular Flow of money or Income) എന്ന് വിളിക്കുന്നതാണ് ശരി.

Friday, 8 May 2026

മാടമ്പള്ളിയിലെ പ്രശ്നക്കാരൻ നീ ഉദ്ദേശിക്കുന്നത് പോലെ രമേശനല്ല; ആ പ്രശ്നക്കാരൻ......!??

(മണിച്ചിത്രത്താഴിലെ Dr. സണ്ണിയുടെ ശൈലിയിൽ വായിക്കുക)

സതീശാ, ഞാൻ കരുതിയിരുന്നതിലും വളരെ മുൻപ് തന്നെ അമ്പരപ്പിക്കുന്ന ചില വിവരങ്ങൾ നീ അറിയാൻ തുടങ്ങുകയാണ്. അങ്ങേയറ്റം സമചിത്തതയോടെ നീ അത് കേൾക്കണം...

ഭൂരിപക്ഷം എം എൽ എ മാരുടെ പിന്തുണയുള്ള ആൾ മുഖ്യമന്ത്രി ആവും എന്ന് പറഞ്ഞു കൊണ്ടിരുന്ന...,

മുഖ്യമന്ത്രി ആരാണെന്ന് ഹൈക്കമാൻഡ് തീരുമാനിക്കും എന്ന് പറഞ്ഞു കൊണ്ടിരുന്ന....,

ഞങ്ങളുടെ സർക്കാർ വന്നാലുടനെ വയനാട്ടിലെ വീട് പണി തീർക്കുമെന്ന് പറഞ്ഞു കൊണ്ടിരുന്ന....,

മാടമ്പള്ളിയിലെ പ്രശ്നക്കാരൻ നീ ഉദ്ദേശിക്കുന്നത് പോലെ രമേശനല്ല; ആ പ്രശ്നക്കാരൻ നമ്മുടെ K C വേണുഗോപാലാണ്.

എനിക്ക് ആദ്യമേ മനസിലായി; രമേശന് പ്രശ്നമൊന്നുമില്ല; രമേശനിൽ പ്രശ്നം ആരോപിക്കപ്പെടുമ്പോൾ യഥാർത്ഥ പ്രശ്നക്കാരൻ അടങ്ങിയിരിക്കുകയാണ്; ആഹ്ളാദിക്കുകയാണ്... പക്ഷെ ആ പ്രശ്നക്കാരൻ ആരാണെന്ന് മാത്രം പിടികിട്ടിയിരുന്നില്ല

ആ ഘട്ടത്തിലാണ് ഒരു ദിവസം ഞാൻ, KC മാധ്യമങ്ങൾക്ക് കൊടുത്ത പ്രതികരണങ്ങൾ ശ്രദ്ധിക്കാനിടയായത്; മാധ്യമങ്ങളുടെ ചോദ്യത്തിന് KC കൊടുത്ത ഉത്തരങ്ങളിലൂടെ KC-യിൽ നിന്നൊരു പ്രത്യേക തരം സൈക്കിക്ക് വൈബ്രെഷന്റെ അനുഭവം എനിക്ക് കിട്ടാൻ തുടങ്ങി; അമ്പരപ്പോടെ ഞാൻ മനസിലാക്കി ഞാൻ അന്വേഷിച്ചു നടക്കുന്ന മാടമ്പള്ളിയിലെ യഥാർത്ഥ പ്രശ്നക്കാരൻ ഞാൻ കേട്ട് കൊണ്ടിരിക്കുന്ന KC-യാണെന്ന്. 

KC-യിൽ എന്ത് കൊണ്ട്, എവിടെ നിന്ന്, എങ്ങനെ ഈ പ്രശ്നം  ഉടലെടുത്തു....!?? കേന്ദ്രത്തിലേക്ക് പോകേണ്ടി വന്നത് കൊണ്ട് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ മത്സരിക്കാൻ പറ്റാതെ പോയതും കേരളത്തിലെ പാർട്ടിയിൽ ഏറെ സീനിയർ ആയിട്ടും പ്രധാനമായ സ്ഥാനങ്ങളിൽ ഒന്നും ഇരിക്കാൻ പറ്റാതെ പോയതും എല്ലാം കൂടി ചേർന്നുണ്ടായ സങ്കീർണ്ണമായ മാനസികാവസ്ഥയാണ് KC-യുടെ പ്രശ്നത്തിന്റെ കാരണം...!? മുഖ്യമന്ത്രി സ്ഥാനത്തേക്ക് സതീശൻ വരുന്നതിനെപ്പറ്റിയുള്ള ചോദ്യങ്ങൾക്ക് രമേശൻ നൽകിയ മറുപടികളിൽ നിന്ന് അത് അദ്ദേഹത്തിന് ഒരു പ്രശ്നമേയല്ലെന്ന് എനിക്ക് വളരെ വ്യക്തമായി. 

തിരഞ്ഞെടുപ്പ് കാലത്ത് നടത്തിയ ഒരു പ്രസ്താവനയിൽ ഇപ്പോൾ തിരഞ്ഞെടുപ്പിൽ മത്സരിക്കാത്തവർ ആയിരിക്കും തിരഞ്ഞെടുപ്പ് വിജയിച്ചു കഴിയുമ്പോൾ പ്രധാന സ്ഥാനങ്ങളിൽ വരുന്നതെന്ന് KC പറഞ്ഞത് എന്നിൽ വലിയ സംശയമൊന്നും ഉണ്ടാക്കിയില്ല. എന്നാൽ തിരഞ്ഞെടുപ്പിലെ തകർപ്പൻ വിജയത്തിന് ശേഷം മുഖ്യമന്ത്രി സ്ഥാനത്തെപ്പറ്റി ഒരു ചോദ്യം ചോദിച്ച് KC-യെ പ്രകോപിപ്പിക്കാൻ മാധ്യമ പ്രവർത്തകർ ശ്രമിച്ചു; KC പ്രതികരിച്ചു... അതിശക്തമായി.... അസാധാരണമായി... അടുത്ത ഘട്ടത്തിൽ താങ്കൾ മുഖ്യമന്ത്രി ആകുമോ എന്ന ചോദ്യത്തിന് മുന്നിൽ, ഭൂരിപക്ഷം എം എൽ ഏ മാരുടെ പിന്തുണ തനിക്കുണ്ടെങ്കിൽ മുഖ്യമന്ത്രി ആകാൻ തനിക്ക് സമ്മതമാണെന്ന് അപൂർവ്വമായ വ്യക്തതയിൽ അദ്ദേഹം ഉത്തരം പറഞ്ഞു. തീക്ഷ്ണമായൊരു  മുഖ്യമന്ത്രിപദമോഹത്തിന്റെ അഗ്നികുണ്ഡങ്ങൾ KC-യുടെ കണ്ണുകളിൽ ജ്വലിക്കുന്നത് എനിക്ക് ആദ്യമായി കാണാനായി. ആ നിമിഷങ്ങളിൽ ഒരു വേള KC മുഖ്യമന്ത്രി സ്ഥാനത്തിനത്തെത്തിയതായി സ്വപ്നം കാണുകയായിരുന്നു. 

KC-യുടെ പ്രശ്നം അതാണ്; ചില നിമിഷങ്ങളിൽ KC മുഖ്യമന്ത്രി സ്ഥാനത്തെത്തി എന്ന് സങ്കൽപ്പിച്ചു പോകും; നമ്മൾ പത്രത്തിലൊക്കെ വായിക്കാറില്ലേ; പതിനൊന്ന് വയസുള്ള മുസ്ലിം ബാലിക എഴുപത്തൊന്ന് വയസുള്ള വാരസ്യാരായി പെരുമാറുന്നു.... സംസാരിക്കുന്നു... സംസ്കൃതശ്ലോകം ചൊല്ലുന്നു എന്നൊക്കെ... പഴമക്കാർ ഇതിനെ ബാധ കൂടിയതാണെന്നൊക്കെ പറയും... സൈക്യാട്രിയിൽ സ്പ്ളിറ്റ് പേഴ്സണാലിറ്റി, ഡ്യൂവൽ പേഴ്സണാലിറ്റി അതായത്  അപര വ്യക്തിത്വം, ദ്വന്ദ്വ വ്യക്തിത്വം, പൊസഷൻ സ്റ്റേറ്റ് തുടങ്ങിയ ലഘുമനശാസ്ത്രപ്രശ്നങ്ങളായിട്ടാണ് ഇതിനെ കാണുന്നത്. നിയന്ത്രിച്ചില്ലെങ്കിൽ KC-യിലെ ഈ മറ്റൊരാൾ കേരളത്തിന്റെ മുഖ്യമന്ത്രി തന്നെയാണ്. ഈ മാനസികാവസ്ഥ കലശലാകുമ്പോൾ KC-ക്ക് അമാനുഷികമായ കഴിവുകളാണ്; സതീശനെക്കൊണ്ട് നുണകൾ പറയിപ്പിക്കാം, തൊഴിലുറപ്പുകാരുടെ കൂടെ തറയിലിരുന്ന് കപ്പ പുഴുങ്ങിയത് തിന്നും പാവപ്പെട്ടവരുടെ വീട്ടിൽ കയറി മീൻ ചട്ടിയിൽ കയ്യിട്ട് തിന്നും വീഡിയോ എടുത്ത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കാം, ഹൈക്കമാന്റിനെക്കൊണ്ട് ഗ്യാരണ്ടികൾ പ്രഖ്യാപിപ്പിക്കാം, പുറമെ നിന്നുള്ള നേതാക്കളെ കൊണ്ട് വന്ന് ഇവിടെയുള്ള പഴയ മുഖ്യനെയും ഗവണ്മെന്റിനെയും തെറി വിളിപ്പിക്കാം, പിഷാരടിയുടെ കൂടെ KSRTC ബസിൽ കയറി സ്ത്രീകളോട് അടുത്ത മാസം പതിനഞ്ചാം തിയതി മുതൽ സൗജന്യ യാത്രയാണെന്ന് പറയിപ്പിക്കാൻ, ഭൂരിഭാഗം എം എൽ എ മാരെക്കൊണ്ട് കേന്ദ്ര നിരീക്ഷകർക്ക് പിന്തുണ കൊടുപ്പിക്കാം, പ്രവർത്തകരെക്കൊണ്ട് കേളത്തിലും ഡൽഹിയിലും വരെ  ഫ്ളക്സുകളും ഹോർഡിങ്ങുകളും വയ്പ്പിക്കാം, ലോക്കൽ നേതാക്കളെക്കൊണ്ട് നാട് നീളെ അനുകൂല പ്രകടനങ്ങൾ നടത്തിക്കാം........ അങ്ങനെ ഈ നാട്ടിൽ നടന്നതും നടക്കുന്നതുമായ വിചിത്രമായ പല പരിപാടികൾക്കും അർത്ഥമുണ്ട്; ലക്ഷ്യമുണ്ട്. പക്ഷെ ഇതൊക്കെ തനിക്ക് മുഖ്യമന്ത്രിയാവാൻ വേണ്ടി ചെയ്യപ്പെടുന്നതെന്ന കാര്യം പാവം KC അറിയുമ്പോഴും അദ്ദേഹം ഇതൊന്നും അറിയാമെന്ന് ഭാവിക്കുന്നില്ല...

KSU-ൽ തുടങ്ങി യൂത്ത് കോൺഗ്രസിലും മൂത്ത കോൺഗ്രസിലും കളിക്കാവുന്ന കളികളൊക്കെ കളിച്ച്, കരുണാകരൻ, ആന്റണി, ഉമ്മൻ‌ചാണ്ടി തുടങ്ങിയ ഗംഭീരൻ നേതാക്കളോടൊപ്പവും എതിരിട്ടുമൊക്കെ കോൺഗ്രസ് ഹൈക്കമാൻഡിന്റെ കിച്ചൺ ക്യാബിനറ്റ് ചീഫ് എന്ന നിലയിൽ അതിശക്തനായി വല്ലാത്തൊരു മുഖ്യമന്ത്രി മോഹവുമായി നിൽക്കുകയാണ് KC. ഇതെല്ലാം KC-യിലെ മുഖ്യമന്ത്രിമോഹി ഇത്രയും കാലം ഇവിടെ നിന്ന് കണ്ടെടുത്ത ശക്തമായ ചില കോഡുകളാണ്. പക്ഷെ ആ കോഡുകൾ ഒരിക്കലും ഇനി KC-യിൽ നിന്ന് മാഞ്ഞു പോവില്ല. ഇന്ന് രാത്രിയോടെ  KC-യുടെ വ്യക്തിബോധം ഒരു മുഖ്യമന്ത്രിയുടേതായി മാറും. അതായത് മുഴു പ്രശ്നക്കാരൻ; പഴയ KC-ക്ക് ഇനിയൊരിക്കലും തിരിച്ചു വരാൻ പറ്റില്ല. ആ രോഗ ഭാഷയിലൂടെ പുറത്ത് വരാൻ ഇനി രണ്ടു കാര്യങ്ങളെ ഒള്ളൂ. സതീശൻ ഏത് നിമിഷവും സൈഡ് ട്രാക്ക് ചെയ്യപ്പെടും; KC വല്ല കടുംകൈയും ചെയ്യും.....

.....
എനിക്കിനിയും മണിക്കൂറുകൾ ബാക്കിയിട്ടുണ്ട്. വോട്ടർമാരുടെ മനസിനെ അടുത്തറിഞ്ഞിട്ടുള്ള സാധാരണ പാർട്ടി പ്രവർത്തകരിലാണ് ഞാനിതിന് പരിഹാരം കാണുന്നത്. ബാനറുകൾ, പ്രകടനങ്ങൾ, ഇ മെയിലുകൾ, വാട്ട്സ് ആപ്പ് മെസേജുകൾ, ആത്മഹത്യാ ഭീഷണി എന്ന് വേണ്ട ഏത് മാർഗ്ഗം വേണമെങ്കിലും ഉപയോഗിക്കാം. പ്രതിഷേധം കണ്ട് ഹൈക്കമാന്റിനെയും ഇരുത്തി ചിന്തിപ്പിക്കുവാനും KC-യെ വിട്ടുവീഴ്ച്ചയുടെ പാതയിലേക്ക് കൊണ്ടുവരാനും പറ്റിയ ഒരറ്റമോസ്‌ഫിയർ നിങ്ങൾ ക്രിയേറ്റ് ചെയ്യണം. നിങ്ങൾ പരമാവധി ശക്തിയെടുത്ത് സതീശന് വേണ്ടി മുറവിളി കൂട്ടണം.. അതിന് മാത്രമേ ഒരു പക്ഷെ സതീശനെ രക്ഷിക്കാൻ സാധിക്കൂ.......