ഞാൻ വെറും പോഴൻ

Thursday 30 April 2020

മണിച്ചിത്രത്താഴ് റീലോഡഡ്.... കോവിഡ് 19 പൊളിറ്റിക്കൽ കേരളാ വൈഡ് റിലീസ്...

നകുലാ, ഞാൻ കരുതിയിരുന്നതിലും വളരെ മുൻപ് തന്നെ അമ്പരപ്പിക്കുന്ന ചില വിവരങ്ങൾ നീ അറിയാൻ തുടങ്ങുകയാണ്. അങ്ങേയറ്റം സമചിത്തതയോടെ നീ അത് കേൾക്കണം...

കോവിഡ് നിയന്ത്രണത്തിൽ സർക്കാർ നടപടികൾ പാളി എന്നാരോപിക്കുന്ന... 

ആരോഗ്യമന്ത്രി മീഡിയമാനിയ അവസാനിപ്പിക്കണം എന്ന് ആവശ്യപ്പെടുന്ന... മാടമ്പള്ളിയിലെ മാനസിക രോഗി നീ ഉദ്ദേശിക്കുന്നത് പോലെ രമേശനല്ല; ആ രോഗി നമ്മുടെ ഉമ്മച്ചനാണ്...

എനിക്ക് ആദ്യമേ മനസിലായി; രമേശന് അസുഖമൊന്നുമില്ല; രമേശനിൽ അസുഖം ആരോപിക്കപ്പെടുമ്പോൾ യഥാർത്ഥ രോഗി അടങ്ങിയിരിക്കുകയാണ്; ആഹ്ളാദിക്കുകയാണ്... പക്ഷെ ആ രോഗി ആരാണെന്ന് മാത്രം പിടികിട്ടിയില്ല

ആ ഘട്ടത്തിലാണ് ഒരു ദിവസം ഞാൻ, ഉമ്മച്ചനുമായുള്ള ജോണി ലൂക്കോസിന്റെ നേരെ ചൊവ്വേയുള്ള അഭിമുഖം ശ്രദ്ധിക്കാനിടയായത്; ആ അഭിമുഖത്തിലെ ഉത്തരങ്ങളിലൂടെ ഉമ്മച്ചനിൽ നിന്നൊരു പ്രത്യേക തരം സൈക്കിക്ക് വൈബ്രെഷന്റെ അനുഭവം എനിക്ക് കിട്ടാൻ തുടങ്ങി; അമ്പരപ്പോടെ ഞാൻ മനസിലാക്കി ഞാൻ അന്വേഷിച്ചു നടക്കുന്ന മാടമ്പള്ളിയിലെ യഥാർത്ഥ മനോരോഗി ഞാൻ കേട്ട് കൊണ്ടിരിക്കുന്ന ഉമ്മച്ചനാണെന്ന്

ഉമ്മച്ചനിൽ എന്ത് കൊണ്ട് എവിടെ നിന്ന് എങ്ങനെ ഈ രോഗം ഉടലെടുത്തു....!?? കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഗ്രൂപ്പനുസരിച്ച് ഒരു സീറ്റ് കുറവ് വന്നത് കൊണ്ട് കൈവിട്ടുപോയ പ്രതിപക്ഷനേതാവ് സ്ഥാനമാണ് ഉമ്മച്ചന്റെ രോഗത്തിന്റെ കാരണം...!? പ്രതിപക്ഷനേതൃസ്ഥാനത്തെ രമേശന്റെ പ്രവർത്തനങ്ങളെ പറ്റിയുള്ള ചോദ്യത്തിന് ഉമ്മച്ചൻ നൽകിയ മറുപടിയിൽ നിന്ന് അതദ്ദേഹത്തിന് ഒരു പ്രശ്നമേയല്ലെന്ന് എനിക്ക് വളരെ വ്യക്തമായി. മുഖ്യമന്ത്രി സ്ഥാനത്തെപ്പറ്റി ഒരു ചോദ്യം ചോദിച്ച് ഉമ്മച്ചനെ പ്രകോപിപ്പിക്കാൻ ലൂക്കോസ് ശ്രമിച്ചു; ഉമ്മച്ചൻ പ്രതികരിച്ചു... അതിശക്തമായി....അസാധാരണമായി...അടുത്ത ഘട്ടത്തിൽ യു ഡി എഫിന് ഭൂരിപക്ഷം കിട്ടിയാൽ ആരാവും മുഖ്യമന്ത്രി എന്ന ആ ചോദ്യത്തിന് മുന്നിൽ, അത് തിരഞ്ഞെടുപ്പ് കഴിഞ്ഞ് യു ഡി എഫ് ചേർന്ന് തീരുമാനിക്കുമെന്ന് അപൂർവ്വമായ വ്യക്തതയിൽ അദ്ദേഹം ഉത്തരം പറഞ്ഞു. തീക്ഷ്ണമായൊരു അധികാരമോഹത്തിന്റെ അഗ്നികുണ്ഡങ്ങൾ ഉമ്മച്ചന്റെ കണ്ണുകളിൽ ജ്വലിക്കുന്നത് എനിക്ക് ആദ്യമായി കാണാനായി. ആ നിമിഷങ്ങളിൽ ഒരു വേള ഉമ്മച്ചൻ മുഖ്യമന്ത്രി സ്ഥാനത്തിനടുത്തെത്തിയതായി സ്വപ്നം കാണുകയായിരുന്നു.

ഉമ്മച്ചന്റെ അസുഖം അതാണ്; ചില നിമിഷങ്ങളിൽ ഉമ്മച്ചൻ മുഖ്യമന്ത്രി സ്ഥാനത്തെത്താറായി എന്ന് സങ്കൽപ്പിച്ചു പോകും; നമ്മൾ പത്രത്തിലൊക്കെ വായിക്കാറില്ലേ; പതിനൊന്ന് വയസുള്ള മുസ്ലിം ബാലിക എഴുപത്തൊന്ന് വയസുള്ള വാരസ്യാരായി പെരുമാറുന്നു.... സംസാരിക്കുന്നു...സംസ്കൃതശ്ലോകം ചൊല്ലുന്നു എന്നൊക്കെ...പഴമക്കാർ ഇതിനെ ബാധ കൂടിയതാണെന്നൊക്കെ പറയും... സൈക്യാട്രിയിൽ സ്പ്ളിറ്റ് പേഴ്സണാലിറ്റി, ഡ്യൂവൽ പേഴ്സണാലിറ്റി അതായത്  അപര വ്യക്തിത്വം, ദ്വന്ദ്വ വ്യക്തിത്വം, പൊസഷൻ സ്റ്റേറ്റ് തുടങ്ങിയ ലഘുമനോരോഗങ്ങളായിട്ടാണ് ഇതിനെ കാണുന്നത്. നിയന്ത്രിച്ചില്ലെങ്കിൽ ഉമ്മച്ചനിലെ ഈ മറ്റൊരാൾ മുഖ്യമന്ത്രിയാണ്. ഈ മാനസികാവസ്ഥ കലശലാകുമ്പോൾ ഉമ്മച്ചന് അമാനുഷികമായ കഴിവുകളാണ്. തന്റെ കൂട്ടത്തിലെ എം എൽ എ മാരെക്കൊണ്ട് നിയമസഭയിൽ കൂവിക്കാം, രമേശനെക്കൊണ്ട് പത്രസമ്മേളനങ്ങളിൽ മണ്ടത്തരങ്ങൾ പറയിപ്പിക്കാം, തൃക്കാക്കര തോമാച്ചനെക്കൊണ്ട് പരസ്പരബന്ധമില്ലാത്ത കാര്യങ്ങൾ പറയിപ്പിക്കാം, എൽദോസിനെക്കൊണ്ട് ഒരടിസ്ഥാനവുമില്ലാത്ത ആരോപണങ്ങൾ ഉന്നയിപ്പിക്കാം, രമേശന്റെ ഫോൺ വിളി കള്ളത്തരമെന്ന് ആൾക്കാരെക്കൊണ്ട് പറയിപ്പിക്കുമ്പോൾ തന്നെ തന്റെ ഫോൺ വിളികൾ പ്രോജക്റ്റ് ചെയ്ത് മനോരമയെക്കൊണ്ട് വർത്തകളെഴുതിക്കാം, യുവനേതാക്കളെ വാളയാറിലിറക്കി അലമ്പുണ്ടാക്കിക്കാം.... അങ്ങനെ ഈ നാട്ടിൽ നടന്നതും നടക്കാൻ പോകുന്നതുമായ വിചിത്രമായ പല പരിപാടികൾക്കും അർത്ഥമുണ്ട്. പക്ഷെ ഇതൊക്കെ താനാണ് ചെയ്യുന്നതെന്ന കാര്യം പാവം ഉമ്മച്ചൻ അറിയുന്നില്ല...

ചാരക്കേസിൽ തുടങ്ങി ലീഡറോട് പടവെട്ടി മുന്നേറി സോളാറിൽ ഇടറി വീണ് പ്രതിപക്ഷനേതൃസ്ഥാനവും വേണ്ടെന്ന് വച്ച് വല്ലാത്തൊരു മുഖ്യമന്ത്രി മോഹവുമായി നിൽക്കുകയാണ് ഉമ്മച്ചൻ.  ഈ വരുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പ് കഴിയുന്നതോടെ ഉമ്മച്ചന്റെ വ്യക്തിബോധം ഒരു മുഖ്യമന്ത്രിസ്ഥാനാർത്ഥിയുടേതായി മാറും; വരുന്ന നിയമസഭാതിരഞ്ഞെടുപ്പോടെ 
കക്ഷി-ഗ്രൂപ്പ് വ്യത്യാസമില്ലാതെ യു ഡി എഫ് സ്നേഹികൾ തന്നെ പറയും ഉമ്മച്ചൻ മതി ഉമ്മച്ചൻ മതി എന്ന്....(തുടരും)

ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക


അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക

ട്രാൻസും പ്രഭുവിന്റെ മക്കളും പീകെയും...

എന്നെ സംബന്ധിച്ച് തിയേറ്ററിൽ പോയി സിനിമ കാണുന്ന പരിപാടി അത്യപൂർവ്വമാണ്‌. പക്ഷെ, സിനിമ തിയ്യേറ്ററിൽ വരുന്നതിന് മുൻപേ സെൻസറിങ്ങുമായി ബന്ധപ്പെട്ട പ്രതിബന്ധങ്ങളും ആദ്യ റിവ്യൂകളും വായിച്ചപ്പോൾത്തന്നെ തിയ്യേറ്ററിൽ പോയി കാണണമെന്ന് കരുതിയ പടമാണ് ട്രാൻസ്. തൊട്ടാല്‍ പൊള്ളുന്ന വിഷയത്തെ സിനിമയാക്കിയ സംവിധായകന്റെ ധീരത, ഫഹദ് ഫാസിലെന്ന നടന്റെ അഭിനയചാതുരി, അമൽ നീരദിന്റെ ഛായാഗ്രഹണമികവ്, മൊത്തത്തിൽ ഔട്ട് സ്റ്റാൻഡിങ് മൂവി മേക്കിങ്ങ്... ഏതാണ്ട് ഈ നിലയിലൊക്കെയായിരുന്നു റിവ്യൂസിന്റെ പൊതുനിരീക്ഷണം. പക്ഷെ ഓഫീസ് തിരക്കുകളും കൊറോണയും ലോക്ക്ഡൗണും എല്ലാം കൈകോർത്തപ്പോൾ തിയ്യേറ്ററിൽ കാണുക എന്ന തീരുമാനം എട്ട് നിലയിൽ പൊട്ടി. ഒടുക്കം ഈസ്റ്റർ ദിവസം ആമസോൺ പ്രൈമിലാണ് പടം കാണാനൊത്തത്. ഈ വൈകിയ വേളയിൽ സിനിമ റിവ്യൂ എഴുതുക എന്നതല്ല എന്റെ ഉദ്ദേശ്യമെന്ന് ഒരു മുൻ‌കൂർ ജാമ്യം ആദ്യമേ എടുക്കുന്നു.

ഒരൊറ്റ വരിയിൽ പറയാൻ പറഞ്ഞാൽ വിജു പ്രസാദ് എന്ന പ്രാരാബ്ധക്കാരൻ മോട്ടിവേഷണല്‍ സ്പീക്കർ ആയിരക്കണക്കിന് ആരാധകരുടെയും ഭക്തരുടെയും ലഹരിയായ രോഗശാന്തി ശുശ്രൂഷകനായ ദൈവവചനപ്രഘോഷകൻ പാസ്റ്റര്‍ ജോഷ്വാ കാള്‍ട്ടൻ ആയി ട്രാൻസ്ഫോം ആകുന്ന മായാജാലക്കാഴ്ചയാണ് ട്രാൻസ്. ഇതിന് മുൻപ് കാര്യമായി ആരും പറയാൻ ശ്രമിക്കാത്ത ഒരു വിഷയത്തെ ആണ് അന്‍വര്‍ റഷീദ് കെെകാര്യം ചെയ്തിരിക്കുന്നത്. പ്രത്യക്ഷത്തിൽ ക്രൈസ്തവമതത്തിലെ വ്യക്ത്യധിഷ്ഠിതമായി പ്രവർത്തിക്കുന്ന ഇവാഞ്ചലിക്കൽ പെന്റക്കോസ്റ്റൽ സഭയെയാണ് സിനിമയിൽ ചിത്രീകരിച്ചിരിക്കുന്നതെങ്കിലും ട്രാൻസ് തൊടുത്തു വിട്ട വിമർശനശരങ്ങൾ പരോക്ഷമായി വ്യവസ്ഥാപിത ക്രൈസ്തവ സഭകളോട് ചേർന്ന് നിന്ന് പ്രവർത്തിക്കുന്ന കരിസ്മാറ്റിക്ക് പ്രസ്ഥാനങ്ങളുടെ മുഴുവൻ ശരീരങ്ങളിലും ചെന്ന് തറക്കുന്നുണ്ട്. പെന്റക്കൊസ്റ്റ് പാസ്റ്റർമാരിൽ നിന്നെന്ന പോലെ മുഖ്യധാരാവിഭാഗങ്ങളിൽ നിന്നും കേട്ട പ്രതിഷേധസ്വരങ്ങൾ സൂചിപ്പിക്കുന്നത് സിനിമ കൊള്ളേണ്ടിടത് തന്നെ കൊണ്ടു എന്നാണ്. എരുമയെ ചാരി പോത്തിനെ തല്ലുന്ന ആ ക്രിയയിൽ സിനിമയുടെ ശിൽപ്പികൾ വിജയിച്ചിട്ടുണ്ട്. ഭക്തിയും ആത്മീയതയും മതവും ഒരു ലഹരിയായും അടിമത്തമായും മാറുന്നതിനെ വ്യക്തതയോടെ വെള്ളിത്തിരയിൽ ആവിഷ്കരിക്കുന്നു ട്രാൻസ്. അതോടൊപ്പം ഭക്തിയുടെയും ആത്മീയതയുടെയും മുഖംമൂടിക്ക് പിന്നിൽ പ്രവർത്തിക്കുകയും തഴച്ച് വളരുകയും ചെയ്യുന്ന കോർപ്പറേറ്റ് എസ്റ്റാബ്ലിഷ്‌മെന്റുകളെ വിമർശനാത്മകമായി തുറന്നു കാട്ടുവാനും കാര്യമായി ശ്രമിച്ചിട്ടുണ്ട്. ആത്മീയ മേഖലയിലെ കള്ളനാണയങ്ങളെയും ധനസമ്പാദനവ്യഗ്രതയേയും കമ്പോളവൽക്കരണത്തെയും വെറുതെ തൊട്ടു പോകുന്നതിന് പകരം ഭക്തിക്കച്ചവടത്തിന് വളമാകുന്ന തരത്തിൽ സാങ്കേതിക സംവിധാനങ്ങൾ, പബ്ലിക് റിലേഷൻ പ്രൊഫഷണൽ എക്സ്പെർട്ടീസ്, പാക്കേജിങ് മികവ്, പല തരം ഗിമ്മിക്കുകൾ എന്നിവയുടെയൊക്കെ സുസാന്നിധ്യത്തെയും അനിവാര്യതയെയും ചിത്രം മിഴിവോടെ തുറന്നു കാണിക്കുന്നു. ഭക്തിയും ആത്മീയതയും പോലെ തന്നെ മനഃപൂർവ്വമോ അല്ലാതെയോ സിനിമ പറയാൻ ശ്രമിക്കുന്ന മനഃശാസ്ത്രവുമായും വൈദ്യശാസ്ത്രവുമായും ബന്ധപ്പെട്ട കാര്യങ്ങൾ ആ മേഖലയോട് നീതിയോ സത്യസന്ധതയോ കാണിക്കുന്നില്ല എന്നാണ് എനിക്ക് തോന്നിയത്; എനിക്ക് അറിവില്ലാത്ത ഒരു മേഖല ആയത് കൊണ്ട് അതെന്റെ തോന്നലുമാകാം. സിനിമ നിരൂപണം എന്റെ ലക്ഷ്യമല്ലെങ്കിലും, യുക്തിഭദ്രമല്ലാത്ത ഒട്ടേറെ കാര്യങ്ങൾ ഉള്ള തിരക്കഥയും അഭിനേതാവിന്റെ സ്വന്തം ഭാഷാശൈലിയിലും സ്ഥിരം ശരീരഭാഷയിലും കുടുങ്ങിപ്പോയ ചില കഥാപാത്രസൃഷ്ടിയും സിനിമയുടെ ഗതിയിൽ കാര്യമായൊന്നും ചെയ്യാൻ കഴിയാത്ത കഥാപാത്രങ്ങളുടെ സാന്നിധ്യവും ചില രംഗങ്ങളുടെ ആവർത്തനം സൃഷ്ട്ടിക്കുന്ന ചെറിയ വിരസതയും എല്ലാം ചേർത്തെടുത്താൽ കേവലം ശരാശരിക്കപ്പുറമേ സിനിമ പോകുന്നുള്ളൂ.  

1960-കളിൽ ഉരുത്തിരിഞ്ഞ് പ്രൊട്ടസ്റ്റന്റ്-പെന്റക്കൊസ്റ്റൽ വിഭാഗങ്ങൾക്കിടയിൽ ശക്തമായിരുന്ന ഒരു ഭക്തി പ്രസ്ഥാനമാണ് ഉന്മത്തസ്തുതിപ്പുകളുടെയും ഗാനാലാപനങ്ങളുടെയും അകമ്പടിയിൽ ദൈവത്തിന്റെ പരിശുദ്ധാത്മാവിന്റെ ശക്തിയിലും സഹായത്തിലും ആശ്രയിച്ച് ക്രിസ്തുവിന്റെ സുവിശേഷങ്ങൾ പ്രഘോഷിച്ച് അത്ഭുതങ്ങളും രോഗശാന്തികളും പ്രവർത്തിക്കുന്ന കരിസ്മാറ്റിസം. ആരംഭഘട്ടത്തിൽ പരമ്പരാഗത-മുഖ്യധാരാ ക്രൈസ്തവ സഭകൾ കരിസ്മാറ്റിസത്തോട് അയിത്തമനോഭാവം വച്ച് പുലർത്തിയെങ്കിലും എൺപതുകളോടെ കത്തോലിക്കാ സഭയും മറ്റ് മുഖ്യധാരാ സഭകളും കരിസ്മാറ്റിക്ക്  നവീകരണ പ്രസ്ഥാനത്തെ അംഗീകരിക്കാൻ തുടങ്ങി. പിന്നീടിങ്ങോട്ട് പ്രഘോഷിക്കപ്പെടുന്ന ക്രിസ്‌തുവിനേക്കാൾ വളരുന്ന പ്രഘോഷകരും അവരുടേതായ ഗ്രൂപ്പുകളും അവരുടെ സ്തുതിഗായകരും ആജ്ഞാനുവർത്തികളും അതത് ഗ്രൂപ്പുകൾ പുറത്തിറക്കുന്ന പ്രസിദ്ധീകരങ്ങളും എല്ലാം ചേർന്ന് വലിയ കിടമത്സരം നടക്കുന്ന രംഗമായി ഇത് മാറി. പ്രിന്റ്-ഇലക്ട്രോണിക്-സോഷ്യൽ മീഡിയകൾ വഴി നടക്കുന്ന പ്രചാരവേലകളും പരസ്യങ്ങളും കോർപ്പറേറ്റുകളെ തോൽപ്പിക്കുന്ന തരത്തിലേക്ക് നീങ്ങുന്ന ഈ കാലയളവിൽ ട്രാൻസ് നടത്തിയ തുറന്നു കാട്ടലും വിമർശനവും വളരെ പ്രസക്തമാണ്.

ട്രാൻസ് സിനിമ എടുത്തവനൊക്കെ പണി വരുന്നുണ്ടെന്ന് അലറി പറഞ്ഞ അബ്രഹാം പാസ്റ്റർക്ക് തൽക്കാലം സന്തോഷിക്കാം; പ്രവചനം ഫലിച്ചല്ലോ; കാരണം കോവിഡ് ലോക്ക് ഡൗൺ കാരണം തിയേറ്ററുകൾ അടച്ചിട്ടപ്പോൾ അവർക്ക് കിട്ടാമായിരുന്ന കുറെ പണം നഷ്ടമായിട്ടുണ്ട്. പക്ഷെ, ഭക്തിക്കച്ചവടത്തെ തുറന്ന് കാട്ടി ട്രാൻസ് എന്നും വേൾഡ് വൈഡ് വെബിൽ ലൈവ് ആയിത്തന്നെ നിൽക്കും; ഇനിയും നിരവധി ആളുകളുടെ ചിന്തക്കും തിരിച്ചറിവുകൾക്കും അത് ഭക്ഷണവും ജലവുമാകും. ഈയവസരത്തിൽ മറന്നു കൂടാത്ത ഒരു ചിത്രമാണ് 2012-ല്‍ ഇറങ്ങിയെങ്കിലും മേക്കിങ് ബജറ്റിന്റെ പൊലിമക്കുറവിലും താരസാന്നിധ്യത്തിന്റെ ദാരിദ്ര്യത്തിലും അൽപ്പായുസായിപ്പോയ ചിത്രമായിരുന്നു "പ്രഭുവിന്റെ മക്കൾ". അറിയപ്പെടുന്ന ഇന്ത്യൻ യുക്തിവാദി ബസവ പ്രമാനന്ദിന്റെ ജീവിതാനുഭവങ്ങളിൽ നിന്ന് രൂപപ്പെടുത്തിയതായിരുന്നു "പ്രഭുവിന്റെ മക്ക"ളുടെ കഥ. സിദ്ധാര്‍ത്ഥന്‍ എന്ന സയൻസ് വിദ്യാര്‍ത്ഥി ആത്മീയതയിലേക്ക് ആകര്‍ഷിക്കപ്പെടുകയും സന്യാസമാര്‍ഗ്ഗം തേടുന്നതും തുടർന്ന് സന്യാസജീവിതത്തിന്റെ ചില ഉള്ളറ രഹസ്യങ്ങൾ മനസിലാക്കുന്നതോടെ ആ ജീവിതത്തോട് വിരക്തി തോന്നി സന്യാസം വിടുന്നതുമൊക്കെയാണ് സിനിമയുടെ പശ്ചാത്തലം. നാട്ടില്‍ തിരിച്ചെത്തുന്ന സിദ്ധാര്‍ത്ഥന്‍ സഹോദരൻ മണിയുമൊത്ത് ആൾദൈവങ്ങൾക്കും സിദ്ധന്മാർക്കും ഭക്തിക്കച്ചവടക്കാർക്കും അന്ധവിശ്വാസങ്ങള്‍ക്കുമെതിരെ പോരാടുന്നതാണ് സിനിമയുടെ പ്രധാനപ്രതിപാദ്യം. ശക്തമായ ഈ കഥാതന്തുവും തിരക്കഥയുമായിരുന്നു ചിത്രത്തിന്റെ ശക്തി; പക്ഷെ അത് തന്നെ സിനിമയുടെ പരാജയത്തിനു കാരണമായി. അറിയപ്പെടാത്ത സംവിധായകൻ താരമൂല്യം കുറഞ്ഞ അഭിനേതാക്കളെ വച്ച് ചെയ്ത വളരെ കുറഞ്ഞ ബജറ്റ് സിനിമ എന്നതിനപ്പുറം സിനിമ കൈകാര്യം ചെയ്ത വിഷയമാണ് പ്രദർശനത്തിന് തിയ്യേറ്ററുകൾ കിട്ടാതെ പോകാൻ കാരണമെന്ന് കരുതുന്നതാണ് യുക്തിഭദ്രം. ചിത്രം പ്രദര്‍ശിപ്പിച്ചു തുടങ്ങിയ തിയേറ്റര്‍ പോലും തുടർന്ന് പ്രദർശിപ്പിക്കാനാവില്ല എന്ന നിലപാടെടുത്തു. മൂന്നാം കിട കൂറ സിനിമയുടെ പോലും സാറ്റലൈറ്റ് അവകാശം കോടിക്കണക്കിനു രൂപക്ക് വാങ്ങുന്ന ചാനലുകൾ പോലും ചിത്രത്തിന്റെ പ്രദര്‍ശനാവകകാശം വാങ്ങാൻ താല്‍പര്യം കാണിച്ചില്ല. സി.ഡി പുറത്തിറക്കിയാല്‍ തങ്ങള്‍ക്ക് ദൈവകോപമുണ്ടാകുമെന്ന് പറഞ്ഞ് സിഡി പുറത്തിറക്കുന്ന കമ്പനികൾ പിന്മാറിയതായി വായിച്ചതോർക്കുന്നു. എന്തിന്, പ്രമാനന്ദിന്റെ ജീവിതകഥ കൃത്യതയോടെ ചിത്രീകരിക്കുന്നതില്‍ ചിത്രം പരാജയപ്പെട്ടെന്ന് ആരോപിച്ച് കേരളത്തിലെ പരമ്പരാഗത യുക്തിവാദി സംഘടകനകൾ പോലും ഈ ചിത്രത്തിനെതിരായി നിലകൊണ്ടു. എന്നാൽ ബോളിവുഡിന്റെ ചരിത്രത്തിലെ ബ്ലോക്ക് ബസ്റ്റർ ചിത്രം അമീര്‍ഖാന്‍ നായകനായ രാജ്‌കുമാർ ഹിരാനിയുടെ "പീകെ" ഇറങ്ങിയതോടെയാണ് "പ്രഭുവിന്റെ മക്കൾ" ഏറെ പുനർ ചർച്ച ചെയ്യപ്പെട്ടതും ജനകീയമായതും. 2012-ല്‍ നിസാരമാളുകൾ മാത്രം കണ്ടു പോയ ചിത്രം സംവിധായകന്‍ യുട്യൂബില്‍ റിലീസ് ചെയ്തു. അതിശയിപ്പിക്കുന്നതായിരുന്നു പിന്നീടുള്ള പ്രേക്ഷകപ്രതികരണം. പിന്നീടിങ്ങോട്ട് ലക്ഷക്കണക്കിന് ആളുകളാണ് പ്രഭുവിന്റെ മക്കളെ കണ്ടത്.

ഇത്രയും ഒക്കെ പറഞ്ഞ സ്തുതിക്ക് "പീകെ" യെ പറ്റിയും പറഞ്ഞില്ലെങ്കിൽ മോശമാകും. "LAUGH & THINK Magazine" എന്ന വിശേഷണവുമായി മലയാളത്തിൽ ഇറങ്ങിയിരുന്ന "ബോബനും മോളിയും" എന്ന പുസ്തകത്തിന്റെ വിശേഷണം ഈ സിനിമയ്ക്കും ചാർത്താവുന്നതാണ്. "LAUGH & THINK സിനിമ" എന്ന് നിസ്സംശയം ഇതിനെ വിളിക്കാം. പണം കൊടുത്ത് സിനിമ കാണാൻ കയറുന്ന ഭൂരിപക്ഷം പ്രേക്ഷകർക്കും രസച്ചരട് പൊട്ടാത്ത ഒരു ദൃശ്യാനുഭവം പികെ സമ്മാനിക്കുന്നു എന്ന് ധൈര്യമായി പറയാം. ക്ലൈമാക്‌സിനു തൊട്ടു മുൻപ് വരുന്ന ചെറിയ ഒരു നാടകീയത ഒഴിവാക്കിയാൽ ആദ്യ സീൻ മുതൽ അവസാന സീൻ വരെയും പ്രേക്ഷകൻ സിനിമയോടൊപ്പം സഞ്ചരിക്കുന്നു, അല്ലെങ്കിൽ സിനിമ പ്രേക്ഷകനോടൊപ്പം സഞ്ചരിക്കുന്നു. ഉള്ളു തുറന്നു ചിരിക്കാവുന്ന കുറെ കോമഡി രംഗങ്ങളും മനസ്സിനെ മഥിക്കാൻ തക്ക എണ്ണമില്ലാത്ത ചിന്താബീജങ്ങളും സമാനിക്കുന്ന ഒരു ലളിത ഗംഭീര ചിത്രം. സിനിമയിലെ ലളിത ഘടകങ്ങളെ വിട്ടു കളഞ്ഞാൽ ഓരോ സീനിലും ഭാരതത്തിന്റെ വിവിധ കോണുകളിൽ സാമൂഹ്യ മത രംഗങ്ങളിൽ നിലവിലിരിക്കുന്ന ആചാരങ്ങളും വ്യവസ്ഥകളെയും ചിത്രം തുറന്നു കാട്ടുന്നു. ഒരേ രൂപത്തിൽ പിറന്ന മനുഷ്യന്‍ മതത്തിന്റെയും ആചാരങ്ങളുടെയും അടിസ്ഥാനത്തില്‍ എങ്ങനെയൊക്കെ വര്‍ഗീകരിക്കപ്പെട്ടിരിക്കുന്നു എന്ന് തുറന്നു കാണിക്കാൻ ഈ ചിത്രം ആത്മാർഥമായി ശ്രമിക്കുന്നുണ്ട്. തുറന്ന യുക്തിയും സാമാന്യ ബോധവും കൊണ്ടാണ് ഈ സിനിമയെ അളക്കാവൂ.

ഭാഷയുടെയും മതത്തിന്റെയും  രാഷ്ട്രത്തിന്റെയും അതിർ വരമ്പുകളെ പരിഗണിക്കാതെ ഭൂമിക്കു പുറത്തു നിന്ന് വന്ന പീ കെ എന്ന കഥാപാത്രം ചിത്രത്തിൽ ഒരു സമയത്ത് പോലും ഒരു അസാധാരണ-അമാനുഷ നായകൻ ആവുന്നില്ല. ഇത്തരം ഒരു കഥാപാത്രം ഇന്ത്യയിൽ ഒരു ചലച്ചിത്രത്തിലും ഉണ്ടായിക്കാണാൻ ഇടയില്ല. ദൈവങ്ങളുടെ പേരിൽ വിവിധ മതങ്ങളും അവയുടെ നടത്തിപ്പുകാരും ഉണ്ടാക്കിയ ആചാരങ്ങളുടെയും മാമൂലുകളുടെയും ജീവിത രീതികളുടെയും കാമ്പില്ലായ്മയെ നർമ്മത്തിന്റെ മേമ്പൊടിയിൽ ചാലിച്ച് പീ കെ അവതരിപ്പിക്കുന്നു. ചിത്രം ദൈവത്തിന്റെ അസ്ഥിത്വത്തെ തള്ളിപ്പറയുന്നില്ലെങ്കിലും ദൈവവും അതിന്റെ നടത്തിപ്പുകാരും ആവർത്തിച്ച് ചോദ്യം ചെയ്യപ്പെടുന്നുണ്ട്. 

മതം സൃഷ്ടിച്ചെടുത്തിട്ടുള്ള അതിന്റെ നടത്തിപ്പ് സംവിധാനങ്ങളോടും അതിന്റെ കാര്യസ്ഥന്മാരോടും ആള്‍ ദൈവങ്ങളോടും നമ്മുടെ മാധ്യമങ്ങൾ പ്രകടിപ്പിക്കുന്ന വിധേയത്വവും തെല്ലു ഭയവും ചിത്രം തുറന്നു കാട്ടാൻ ആത്മാർഥമായി ശ്രമിക്കുന്നുണ്ട്. എന്നാല്‍ മാധ്യമങ്ങളെ ആരോഗ്യകരമായും ക്രിയാത്മകമായും എങ്ങനെ സമൂഹത്തിനു വേണ്ടി ഉപയോഗിക്കാം എന്നു കൂടി അവതരിപ്പിക്കാൻ ചിത്രം തയ്യാറാകുന്നിടത്ത് ചിത്രത്തിൻറെ മികച്ച നിലവാരം കാണാവുന്നതാണ്. മൊത്തത്തിൽ നോക്കിയാൽ പ്രത്യക്ഷത്തിൽ ഈ സിനിമ ഇവിടത്തെ ഭൂരിപക്ഷ മതത്തിനെ ചുറ്റിപ്പറ്റി ഉപജീവനം നടത്തുന്ന ചിലരെയാണ് വിമർശിക്കുന്നതെങ്കിലും "വെട്ടു കൊള്ളാത്തവരില്ല കുരുക്കളിൽ" എന്ന പ്രയോഗത്തെ അനുസ്മരിപ്പിക്കുന്ന വിധത്തിൽ ഒട്ടു മിക്ക മുഖ്യധാരാ മതങ്ങളെയും ഒന്ന് ഞോണ്ടാൻ മുതിർന്നിട്ടുണ്ടെന്നും സൗകര്യപൂർവ്വം മറക്കരുത്.

ഈ മൂന്ന് ചിത്രങ്ങളെയും തുടരെ തുടരെ കണ്ടിട്ട് ഒരു റാങ്കിങ് നടത്താൻ പറഞ്ഞാൽ മൂന്നാം സ്ഥാനത്തേ ഞാൻ ട്രാൻസിനെ പ്രതിഷ്ഠിക്കൂ...

ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക


അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക

Saturday 25 April 2020

അങ്ങനെ ചില വിരുതന്മാര്‍ കാത്തിരുന്ന ദിനം ഇങ്ങെത്തി; "അക്ഷയ തൃതീയ"....

അങ്ങനെ ചില വിരുതന്മാര്‍ കാത്തിരുന്ന ദിനം ഇങ്ങെത്തി; "അക്ഷയ തൃതീയ". കേരളത്തില്‍ ഈ ദിനത്തെപ്പറ്റി കേട്ട് തുടങ്ങിയിട്ട് ഏതാനും വര്‍ഷങ്ങളെ ആയിട്ടുള്ളൂ. ഉത്തരഭാരതത്തിലെ സവര്‍ണ്ണ ഹൈന്ദവരുടെ ഒരു പുണ്യദിനമാണത്. വിശേഷിച്ചും വിഷ്ണുഭക്തരുടെ. ശകവര്‍ഷ കലണ്ടറിലെ രണ്ടാമത്തെ മാസമാണ് വൈശാഖം. ആദ്യത്തേത് ചൈത്രം.വൈശാഖമാസത്തിലെ ആദ്യ പകുതിയിലെ മൂന്നാമത്തെ തിഥിയാണു അക്ഷയ തൃതീയ എന്ന് അറിയപ്പെടുന്നത്. ഇതുപ്രകാരം ഈ ദിവസം എല്ലാ പുണ്യ കര്‍മ്മങ്ങള്‍ക്കും ഉത്തമമായി കരുതപ്പെടുന്നു. അക്ഷയതൃതീയ ദിനത്തില്‍ ലഭിക്കുന്ന പുണ്യം അക്ഷയം ആയിരിക്കും എന്ന് പുരാതനകാലം മുതൽക്കേ വിശ്വാസമുണ്ട്. അന്ന് ദാനാദിധർമ്മങ്ങൾ നടത്തുന്നത് പുണ്യമായി പലരും കരുതുന്നു. ത്രേതായുഗം ഉണ്ടായതും പരശുരാമന്‍ ജനിച്ചതും ആയ ദിവസം കൂടിയാണത്. ഭഗീരഥന്‍ കഠിന തപസ്സു ചെയ്തു ഗംഗാനദിയെ ഭൂമിയിലേക്ക്‌ വീഴിച്ചത് ഈ ദിനത്തിലാണെന്നും ഒരു ഐതിഹ്യമുണ്ട്.

കേരളത്തിലെ നമ്പൂതിരിഗൃഹങ്ങളിൽ അന്നേദിവസം വിധവകളായ അന്തർജ്ജനങ്ങൾ കുട, വടി, ചെരിപ്പ്, വിശറി, പണം തുടങ്ങിയവ ദാനം ചെയ്യുന്ന പതിവ് ഉണ്ടായിരുന്നത്രെ. ജൈനമതവിശ്വാസികളും‍ അക്ഷയ തൃതീയ ഒരു പുണ്യദിവസമായി കരുതുന്നു. എന്നാല്‍ സ്വര്‍ണ്ണവും അക്ഷയതൃതീയയും തമ്മില്‍ എങ്ങനെ ബന്ധപ്പെട്ടു ? അന്നത്തെ പുണ്യം അക്ഷയമായിരിക്കും എന്നേ വിശ്വാസം പറയുന്നുള്ളൂ. സ്വര്‍ണ്ണം ഈ ദിവസം വാങ്ങിയാലുള്ള ഭാഗ്യത്തെ കുറിച്ച് ഒരു വിശ്വാസവും പറയുന്നില്ല. എന്നും അന്ധവിശ്വാസങ്ങളില്‍ നിന്ന് മുതലെടുപ്പ് നടത്തുന്നവര്‍ കച്ചവടക്കാരാണല്ലോ? അവര്‍ അക്ഷയതൃതീയക്ക് വലിയ പരസ്യംകൊടുത്തു. അന്നേ ദിവസം സ്വര്‍ണ്ണം വാങ്ങുന്നത് ഒരു അനുഷ്ഠാനമാക്കി മാറ്റി. സ്വര്‍ണ്ണക്കച്ചവടക്കാരാണ് ഇതിനുവേണ്ട പ്രചാരവേല സംഘടിപ്പിച്ചത്. അവര്‍ വിശ്വാസത്തിന് ഒരു ചെറിയ തിരുത്തല്‍ വരുത്തി. അക്ഷയ തൃതീയ നാളിലെ പുണ്യം പൊലിക്കുമെന്നതിന് പകരം അന്ന് ലഭിക്കുന്ന സ്വര്‍ണ്ണം പൊലിക്കും എന്നാക്കി മാറ്റി പ്രചരിപ്പിച്ചു. ജനം കെണിയില്‍ വീണു. പൊലിക്കുന്ന സമൃദ്ധിയെക്കുറിച്ച് നമുക്കാകെ ഉണ്ടായിരുന്ന വിശ്വാസം വിഷുനാളിലെ കണിയിലും കൈനീട്ടത്തിലുമാണ്. വര്‍ഷാദ്യം കാണുന്ന സമൃദ്ധിയുടെ കണിയും ലഭിക്കുന്ന കൈനീട്ടവും വര്‍ഷം മുഴുവന്‍ പൊലിക്കുമെന്ന് നമ്മള്‍ വിശ്വസിച്ചു ആചരിച്ചു പോന്നു. സമ്പത്തിനോടുള്ള കാഴ്ചപ്പാട് മാറിയ മലയാളി ചുളുവില്‍ സമ്പത്തുണ്ടാക്കുന്ന എല്ലാ കോപ്രായങ്ങളും കാണിച്ചു തുടങ്ങി. സാധാരണ ഗതിയില്‍ പണമുണ്ടാക്കാന്‍ അധ്വാനിക്കണം. ഇന്ന് അതൊരു പഴഞ്ചന്‍ ഏര്‍പ്പാടായി പലരും കാണുന്നു. ആട്, തേക്ക്, മാഞ്ചിയം, ലിസ്, വെള്ളിമൂങ്ങ, റൈസ് പുള്ളര്‍, നാഗമാണിക്യം, കുചേല കുഞ്ചി, ദൃഷ്ടി രക്ഷക് യന്ത്രം, മഹാലക്ഷ്മി വിളക്ക്, വലം പിരി ശംഖ്, മണി ചെയിന്‍ ശ്രേണിയിലെ പ്രധാന താരമാണ് ഇപ്പോള്‍ മലയാളിയെ സംബന്ധിച്ച് അക്ഷയതൃതീയ. അന്ധ വിശ്വാസവും കുതന്ത്രവും കപട കച്ചവട തന്ത്രവും കൈകോര്‍ക്കുന്ന ദിവസം മാത്രമാണ് അക്ഷയ ത്രിതീയ. ചില അതി ബുദ്ധിമാന്‍മാര്‍ തങ്ങളുടെ സ്വര്‍ണ്ണക്കടയില്‍ പൂജാരിമാരേയും ജോത്സ്യന്മാരേയും നിയമിക്കുകകൂടി ചെയ്തതോടെ കേരളം ഒന്നാകെ സ്വര്‍ണ്ണക്കടക്കാരുടെ കെണിയില്‍ മൂക്കുംകുത്തി വീണു. രാവിലെ മുതല്‍ പാതിരാ വരെ ഒട്ടുമിക്ക സ്വര്‍ണ്ണക്കടകള്‍ക്ക് മുന്നിലും നീണ്ട ക്യൂ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളില്‍ ഉണ്ടായിരുന്നു. ഈ വര്‍ഷം ഇതെഴുതുമ്പോള്‍ പത്രപ്പരസ്യങ്ങളും റേഡിയോ പരസ്യങ്ങളും ടി വി പരസ്യങ്ങളും പൊടി പൊടിക്കുകയാണ്. ഏറ്റവും രസകരമായ വസ്തുത സ്വര്‍ണ്ണക്കടയ്ക്കു മുന്നില്‍ ക്യൂ നില്‍ക്കുന്നവര്‍ പാവപ്പെട്ടവരോ നിരക്ഷരരോ ഒന്നും അല്ല. ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയും മതിയായ സാമ്പത്തിക സുരക്ഷയും ഉള്ളവരാണ്. നിലവില്‍ കയ്യിലുള്ള എന്തെങ്കിലുമൊക്കെ വിറ്റു പെറുക്കിയിട്ടാണെന്കിലും അന്നേ ദിവസം അൽപ്പം സ്വർണ്ണം വാങ്ങി വിട്ടിൽ വച്ചില്ലെങ്കിൽ എന്തോ ഭയങ്കര കുഴപ്പം സംഭവിക്കും എന്ന നിലയിലേക്ക് മലയാളിയുടെ യുക്തി ബോധം വളര്‍ന്നു കഴിഞ്ഞു. മലയാളിയെ ഈ നിലവാരത്തിലെത്തിക്കാൻ കേരളത്തിലെ സ്വർണ്ണക്കച്ചവടക്കാർ നടത്തിയ പങ്കപ്പാടുകൾക്കു കണക്കൊന്നുമില്ല. കോടിക്കണക്കിനു രൂപയുടെ പരസ്യം ചെയ്താണ്‌ സ്വർണ്ണ കച്ചവടക്കാർ അക്ഷയ തൃതീയയുടെ മഹത്വം നാട്ടുകാരെ പഠിപ്പിച്ചെടുത്തത്‌. അര മണിക്കൂർ സമയം മാത്രം ദൈർഘ്യമുള്ള അക്ഷയ തൃതീയ ജ്വല്ലറി ഉടമകൾ പറയുന്നതനുസ്സരിച്ചു രണ്ടും മൂന്നും ദിവസങ്ങളാണ്. ഈ ദിനങ്ങളിലെ കച്ചവടം പൊലിപ്പിക്കാന്‍ ചില അതി ബുദ്ധിമാന്‍മാര്‍ തങ്ങളുടെ സ്വര്‍ണ്ണക്കടയില്‍ പൂജാരിമാരേയും ജോത്സ്യന്മാരേയും നിയമിക്കുക കൂടി ചെയ്തിട്ടുണ്ട്. ഞായറാഴ്ച്ചയോ അവധി ദിനമോ ആയാല്‍ പോലും  രാവിലെ ആറു മണിക്ക് കടകള്‍ തുറക്കുമെന്നുള്ളതും വളരെ വൈകിയേ അടക്കൂ എന്നുള്ളതും  മുന്‍കൂട്ടി  ബുക്ക് ചെയ്യാന്‍ സൗകര്യം ഉണ്ടാക്കിയതും എല്ലാം ഐശ്യര്യ സമൃദ്ധി വര്‍ദ്ധിപ്പിക്കാനേ  ഉപകരിക്കൂ. സ്വര്‍ണ്ണത്തിന് പുറമേ വെള്ളി, ഡയമണ്ട്, പ്ലാറ്റിനം, വസ്ത്രം, വീട്, ഭൂമി, ഗൃഹോപകരണങ്ങള്‍ എന്നിവയെല്ലാം വൈകാതെ അക്ഷയതൃതീയയുടെ ലിസ്റ്റിലേക്ക് വരുമെന്ന് നമുക്ക് പ്രത്യാശിക്കാം.  അങ്ങനെ എല്ലാ ഐശ്യര്യ സമൃദ്ധികളും കളിയാടുന്ന ഒരു കേരളം ഉണ്ടാകട്ടെ.

എല്ലാവര്‍ക്കും കച്ചവടതൃതീയയുടെ അക്ഷയതൃതീയയുടെ ഐശ്വര്യങ്ങള്‍ നേരുന്നു. 

ഏതാനും വർഷങ്ങൾക്ക് മുൻപ്, ഏതോ ഒരു മാർക്കറ്റിങ്ങ് വിദഗ്ധൻറെ തലയിൽ വിരിഞ്ഞ ആശയം, എങ്ങനെ ഒരു അന്ധവിശ്വാസമാക്കി വളർത്തിയെടുത്തു എന്നും അത് എങ്ങനെ കച്ചവടത്തിന് ഉപയുക്തമാക്കി എന്നും, ഒരു പ്രമുഖ സ്വർണ്ണവ്യാപാരി തന്നെ വെളിപ്പെടുത്തുന്ന ഈ വീഡിയോ ആണ് താഴെ...



ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക



അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക

Thursday 9 April 2020

പിള്ളേച്ചാ, തള്ളുമ്പോൾ മുഴുവനും തള്ളണം...അല്ലെങ്കിൽ പിള്ളേച്ചൻ നുണ പറഞ്ഞതാണെന്ന് ആൾക്കാര് കരുതും..!!

കുറച്ചു നാളുകളായി സോഷ്യൽ മീഡിയയിൽ വ്യാപകമായി കിടന്നു കറങ്ങുന്ന ഒരു കുറിപ്പിനെക്കുറിച്ച് എഴുതണമെന്ന് കരുതുന്നു. കുറിപ്പ് ഇങ്ങനെയാണ്.... 

#ഇന്ത്യൻ പ്രധാനമന്ത്രിക്ക് ഒരു ഫോൺ കാൾ വരുകയാണ്. ഇന്ത്യാ-പാക് യുദ്ധം കൊടുമ്പിരി കൊണ്ടിരിക്കുന്ന സമയത്ത് അമേരിക്കയിലെ വൈറ്റ്ഹൗസിൽ നിന്ന് പ്രസിഡൻ്റ് റിച്ചാർഡ് നിക്സൻ്റെ ഫോൺ. ഇന്ത്യൻ പ്രധാനമന്ത്രി എന്താ കാര്യം എന്ന് അന്വേഷിച്ചു. പ്രസിഡൻറ് നിക്സൺ ആവശ്യമറിയിച്ചു, എത്രയും പെട്ടന്ന് പാകിസ്ഥാനെതിരെയുള്ള യുദ്ധം അവസാനിപ്പിക്കുക,അല്ലായെങ്കിൽ പാക് സൈന്യത്തെ സഹായിക്കാനായി അമേരിക്കൻ ഏഴാം കപ്പൽപ്പട അവിടേക്ക് എത്തും എന്നായിരുന്നു... ഇന്ത്യൻ പ്രധാനമന്ത്രിയുടെ മറുപടി ഇതായിരുന്നു, ഞങ്ങൾക്കെതിരെ പാകിസ്ഥാന് വേണ്ടി സൈനികരുമായി കപ്പൽ വിടണോ എന്ന് നിങ്ങൾക്ക് തീരുമാനിക്കാം, പക്ഷെ ഇന്ത്യൻ സമുദ്രാതിർത്തി കടക്കുന്ന കപ്പലുകളും, അതിലെ സൈനികരും ജീവനോടെ തിരിച്ചു പോകണോ വേണ്ടയോ എന്ന് ഞാൻ തീരുമാനിക്കും. ആ പ്രധാനമന്ത്രിയുടെ പേരാണ് ഇന്ദിരാഗാന്ധി എന്ന് ചുമ്മാതൊന്ന് ഓർമ്മിപ്പിക്കുകയാണ്..

പോസ്റ്റിന്റെ ഉദ്ദേശം ഇത്രയേയുള്ളു; ഞങ്ങളുടെ ഇന്ദിരാജിയുടെ നേതൃത്വപാടവത്തിന്റെയും കൂസലില്ലായ്മയുടെയും വിപദിധൈര്യത്തിന്റെയും ഒന്നും അടുത്ത് പോലും മോഡി വരില്ല എന്ന് പറഞ്ഞുറപ്പിക്കണം. അതിലൊന്നും എനിക്ക് വിരോധമില്ല.

പക്ഷെ മറ്റൊന്ന് പറയാൻ ആഗ്രഹമുണ്ട്.

പോസ്റ്റിൽ വർഷം ഒന്നും പറഞ്ഞിട്ടില്ലെങ്കിലും ഇന്ദിരാഗാന്ധി ഇന്ത്യൻ പ്രധാനമന്ത്രിയും റിച്ചാർഡ് നിക്‌സൺ അമേരിക്കൻ പ്രസിഡന്റും ആയിരുന്ന കാലഘട്ടത്തിൽ 1971-ലെ ഇന്ത്യ പാക്കിസ്ഥാൻ യുദ്ധമാവണം പ്രതിപാദ്യയുദ്ധം. ആരംഭദിശയിൽ ഓപ്പറേഷൻ ചെങ്കിസ്ഖാൻ എന്ന് വിശേഷിപ്പിക്കപ്പെട്ട ഈ യുദ്ധം 13 ദിവസം മാത്രം നീണ്ടുനിന്ന് ചരിത്രത്തിലെ ഏറ്റവും ചെറിയ യുദ്ധങ്ങളിലൊന്നായി അവസാനിച്ചു; പക്ഷെ, 1971 വരെ പാകിസ്താന്റെ ഭാഗമായിരുന്ന പ്രദേശങ്ങൾ ചേർന്ന് "ബംഗ്ലാദേശ്" എന്ന സ്വതന്ത്ര രാജ്യമായത് ഈ യുദ്ധത്തിന്റെ അവസാനത്തോട് കൂടിയാണ്.

നമുക്ക് വിഷയത്തിലേക്ക് വരാം; നിക്‌സൺ ഇന്ദിരയെ ഫോണിൽ വിളിച്ചോ ഇല്ലയോ എന്നത് പറയാനുദ്ദേശിക്കുന്ന കാര്യത്തിൽ പ്രസക്തമല്ലാത്തത് കൊണ്ട് അതിന്റെ വാസ്തവം എന്തെങ്കിലും ആവട്ടെ.  

പ്രസ്തുത പോസ്റ്റിൽ പറഞ്ഞിരിക്കുന്ന ഏഴാം കപ്പൽ പടയുടെ വലിപ്പം കാണിച്ച്‌ അമേരിക്ക ഇന്ത്യയെ പേടിപ്പിക്കാൻ ശ്രമിച്ചു എന്നത് ചരിത്രവസ്തുതയാണ്. അത് കേട്ട് ഇന്ദിരാജി വിരണ്ടില്ല എന്നതും വസ്തുതയാണ്. അതിന്റെ കാരണം ഇന്ദിരാജിയുടെ വ്യക്തിഗുണങ്ങളോ ഇന്ത്യയുടെ സൈനികശേഷിയോ യുദ്ധമികവോ ഒന്നുമല്ല. ഈ യുദ്ധത്തിന് മുന്നേ ഇന്ത്യ സോവിയറ്റു യൂണിയനുമായി ഒപ്പിട്ട Treaty of Friendship ന്റെ ബലമാണ്. അക്കാലത്ത് അമേരിക്കയുമായി കൊമ്പു കോർക്കാൻ കിട്ടുന്ന അവസരങ്ങൾ ഒന്നും പാഴാക്കാതിരുന്ന സോവിയറ്റ് യൂണിയൻ ഉരുക്കു കോട്ട പോലെ പിന്നിലുണ്ടെന്ന വിശ്വാസമാണ് നെഞ്ച് വിരിച്ചു നിൽക്കാൻ ഇന്ത്യയെയും ഇന്ത്യയുടെ ഉരുക്കുവനിതയെയും ധൈര്യപ്പെടുത്തിയത്.  സോവിയറ്റ് യൂണിയൻ കൊടുത്ത ആത്മവിശ്വാസത്തിന്റെ ബലത്തിലാണെങ്കിലും ലോക പോലീസാവാൻ കച്ച കെട്ടിയിറങ്ങിയ യാങ്കികളെ നിസാരവല്ക്കരിക്കാൻ ഇന്ദിര പ്രകടിപ്പിച്ച മനസാന്നിധ്യവും ആജ്ഞാശക്തിയും ചെറുതാണെന്നും എനിക്കഭിപ്രായമില്ല.  

നിക്സണും കിസിഞ്ഞറും കൂടി നയിച്ചിരുന്ന ലോകശക്തികളിൽ ഒന്നിനെതിരെ ഇന്ദിരയുടെ നേതൃത്വത്തിൽ ഇന്ത്യ നടത്തിയ ഈ ചെറുത്തുനിൽപ്പ് അമേരിക്കയെ സാരമായി അലോസരപ്പെടുത്തി എന്നതിൽ തർക്കമില്ല. അക്കാലത്തെ വൈറ്റ്‌ ഹൗസ്‌ ചർച്ചകളുടെ, പിന്നീട് declassify ചെയ്ത റെക്കോർഡ്‌, ഔട്ട്‌ ലുക്ക്‌ മാസികയിൽ  കുറേക്കാലം മുൻപു വന്നിരുന്നു. നിക്സണും കിസിഞ്ഞറും ഇന്ദിരാഗാന്ധിയെ പരാമർശ്ശിക്കാൻ കൊടിച്ചിപ്പട്ടി (Bitch) എന്ന തെറി ലോഭമില്ലാതെ ഉപയോഗിക്കുന്നതും മറ്റും അതിലുണ്ട്‌. അതിൽ നിന്ന് തന്നെ, ഇന്ദിരയുടെ നിലപാട്‌ അമേരിക്കയെ എത്ര frustrate ചെയ്തു എന്നു മനസിലാകും. 

വിയറ്റ്‌നാം കോളനി സിനിമയിൽ മോഹൻലാലിന്റെ നായകനെ കണ്ട് ഓട്ടോ ഡ്രൈവർ പേടിച്ച് മുണ്ടാട്ടം മുട്ടി സീനിൽ നിന്ന് സ്കൂട്ടാവുന്ന ഒരു സീനുണ്ട്. നായകന് കാര്യത്തിന്റെ കിടപ്പ് അപ്പോൾ മനസിലാവുന്നില്ലെങ്കിലും ഓട്ടോക്കാരൻ പേടിക്കുന്നത് നായകന്റെ പിന്നിൽ നിൽക്കുന്ന പറവൂർ റാവുത്തർ എന്ന ഭയങ്കരനെ കണ്ടിട്ടാണെന്ന് സിനിമ കാണുന്നവർക്ക് മനസിലാവും.

ഇന്ദിരാഗാന്ധിയെ കണ്ടല്ല അമേരിക്ക പേടിച്ചതെന്നും ഇന്ത്യക്ക് പിന്നിലുള്ള സോവിയറ്റ് യൂണിയനെയും  കണ്ടിട്ടാണെന്നും ചരിത്രനിരാസം നടത്താത്തവർക്ക് മനസിലാവും. ചരിത്രനിരാസം നടത്തുന്നവർ ചിന്തിക്കുന്നത്, ചരിത്രത്തെ അംഗീകരിച്ചാൽ ഇന്ദിരാഗാന്ധിസ്തുതിഗീതത്തിലെ ഹീറോയിനിസം എലമെന്റ് ചാടിപ്പോകും എന്നാണെന്ന് തോന്നുന്നു. ഉരുക്കു വനിതക്ക് ഉരുക്കു കോട്ട പോലെ അതിശക്തനായ ഉറ്റ ചങ്ങാതി കൂടെ ഉണ്ടായിരുന്നു എന്നും ആ ബന്ധം ഉള്ളത് കൊണ്ട് അമേരിക്ക പേടിച്ചു എന്ന് പറഞ്ഞാലും ഹീറോയിനിസത്തിന് കുറവൊന്നും വരില്ല പിള്ളേച്ചാ; അല്ലെങ്കിൽ പിള്ളേച്ചൻ നുണ പറഞ്ഞതാണെന്ന് ആൾക്കാര് കരുതും..

ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക


അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക



Friday 3 April 2020

പൊലീസിന് ഒരു കിടിലൻ സിവിലിയൻ സല്യൂട്ട്....


പോലീസുകാരുടെ മനുഷ്യത്വ വിരുദ്ധമായ പ്രവൃത്തികളെ വിമർശിച്ച് വളരെയധികം പോസ്റ്റുകൾ ഇട്ടിട്ടുള്ള ആളാണ് ഞാൻ. പക്ഷെ ഇന്ന് ഇത് പോസ്റ്റ് ചെയ്തില്ലെങ്കിൽ വലിയ ശരികേടുണ്ടെന്ന് തോന്നി. പ്രധാന കവലകളിലെല്ലാം ഒന്നോ രണ്ടോ പൊലീസുകാരെ എങ്കിലും കാണാം. രാജ്യമാകമാനം കോവിഡ് 19 വിരുദ്ധ പോരാട്ടത്തിന്റെ ഭാഗമായുള്ള ലോക്ക് ഡൗണിലിരിക്കുമ്പോൾ താങ്കളിങ്ങനെ ഇത് കാണുന്നു എന്ന് ചോദിക്കരുത്; ബാങ്ക് മാനേജറായ സഹധർമ്മിണി അവശ്യ സർവ്വീസ് നിർവചനത്തിൽ പെടുന്നത് അവർക്ക് Work from Office ഉള്ള ദിവസങ്ങളിലെല്ലാം അവരെ കൊണ്ട് വിടാനും തിരികെ കൊണ്ടുവരാനും ഏകദേശം പത്തൻപത് കിലോമീറ്റർ വണ്ടി ഓടിക്കുമ്പോൾ കാണുന്ന കാഴ്ചയാണ്; പിന്നെ മീഡിയാ റിപ്പോർട്ടുകളിൽ കാണുന്നതും. ആലുവ ദേശം കവലയിൽ രണ്ട് പോലീസുകാർക്കിരിക്കാനുള്ളത് ചാര് പോലുമില്ലാത്ത പ്ലാസ്റ്റിക്ക് സ്റ്റൂളുകളാണ്. കൃത്യമായി എല്ലാ ദിവസവും വണ്ടിക്ക് കൈ കാണിക്കുന്ന സ്ഥലങ്ങൾ കളമശ്ശേരി പ്രീമിയർ കവലയും മുട്ടം മെട്രോ സ്റ്റേഷനുമാണ്. ഇത് വരെ അവരിൽ നിന്ന് മോശമായൊരു പെരുമാറ്റം ഉണ്ടായിട്ടില്ല. ഒരാളെ പോലും വാഹനത്തിൽ നിന്ന് പുറത്തിറക്കുന്നത് കണ്ടിട്ടില്ല. എത്ര തരം മനുഷ്യരെയായിരിക്കും അവർക്ക് ഡീൽ ചെയ്യേണ്ടി വരുന്നത്. വിവിധ ഈഗോ നിലവാരമുള്ളവർ, പണവും സ്വാധീനവും വിദ്യാഭ്യാസവും ഉള്ളവർ മുതൽ തീരെ ദരിദ്രരും ഇതരസംസ്ഥാനക്കാരും നാടോടികളും ഭാവനരഹിതരും ആയിട്ടുള്ളവർ, പ്രശ്നത്തിന്റെ ഗൗരവം അറിയാമായിരുന്നിട്ടും വളരെ ആവശ്യകാര്യങ്ങൾക്ക് വേണ്ടിയും അല്ലാതെയും പുറത്തിറങ്ങി നടക്കുന്നവർ..... അങ്ങനെ അങ്ങനെ പല തരക്കാർ....

സാഹചര്യവശാൽ മഴയുടെ അവസ്ഥയിലാണ് പോലീസുകാർ. "പെയ്താലും കുറ്റം, പെയ്തില്ലെങ്കിലും കുറ്റം" എന്ന സ്ഥിതിയിൽ. അനാവശ്യമായി പുറത്തിറങ്ങുന്നവനെ പിന്തിരിപ്പിക്കാൻ കർശന നടപടികൾ എടുത്താൽ പോലീസ് ഗുണ്ടായിസം, എന്തെങ്കിലും ഒരു ചെറിയ പിഴവോ പാളിച്ചയോ പറ്റിയാൽ പോലീസ് നിഷ്‌ക്രിയത്വം. വാഹന പരിശോധനയിൽ ഏർപ്പെടുന്ന പൊലീസുകാരെ ഒന്ന് ശ്രദ്ധിച്ചാൽ മതി; അവരുടെ മുഖത്ത് ഗൗരവത്തെക്കാൾ ദൈന്യത തന്നെയാണ്. സമയത്ത് ഭക്ഷണവും വെള്ളവും കിട്ടാത്തതിന്റെ, പതിവിലേറെ അധ്വാനിക്കുന്നതിന്റെ, ഇരിക്കാനോ നിൽക്കാനോ കാക്കത്തണൽ പോലുമില്ലാത്തതിന്റെ, അധികാരശ്രേണിയുടെ മുകൾത്തട്ടിൽ നിന്ന് മുതൽ സാദാ പൊതുജനത്തിന്റെ വരെ സമ്മർദ്ദങ്ങളുടെയും വിമർശനങ്ങളുടെയും..... അവരുടെ ദൈന്യതയ്ക്കും ക്ഷീണത്തിനും വാട്ടത്തിനും ഏറെ ഏറെ കാരണങ്ങൾ ചികഞ്ഞെടുക്കാം.... തികച്ചും അപകടകരമായ സാഹചര്യങ്ങളെ അഭിമുഖീകരിച്ച് കോവിഡിനെതിരെ പൊരുതുന്ന ആരോഗ്യപ്രവർത്തകർക്കൊപ്പം പോലീസുകാരും കട്ടക്ക് നിൽക്കുന്നത് കൊണ്ടാണ് നമുക്ക് ഇതിനെ അതിജീവിക്കാം എന്നൊരു പ്രത്യാശ നിലനിൽക്കുന്നത്. അത് കൊണ്ട് ഇരിക്കട്ടെ പൊലീസിന് ഒരു കിടിലൻ സിവിലിയൻ സല്യൂട്ട്....

ചിത്രം : പ്രിയ സ്നേഹിതൻ Lal Kalluparambil (Jacob Chandy), കേരളാ പൊലീസിന് ഐകദാർഢ്യവും അനുഭാവവും പ്രകടിപ്പിക്കാനായി പെൻസിൽ സ്കെച്ച് ചെയ്ത് FB യിൽ പോസ്റ്റ് ചെയ്തതാണ്...

(മറ്റ് അവശ്യ സർവ്വീസുകാരുടെ സേവനത്തെ കുറച്ച് കാണുന്നു എന്ന് ദയവ് ചെയ്ത് പറയരുത്; മുന്നണിപ്പോരാളികളെ പ്രത്യേകം സ്മരിച്ചു എന്ന് കരുതിയാൽ മതി)

#ആവശ്യവും #അത്യാവശ്യവും #തിരിച്ചറിയണമെന്ന് #ഓർമിപ്പിക്കുന്നു

#കൊറോണ
#പരിഭ്രാന്തി #അല്ല #ജാഗ്രത #ആണ് #വേണ്ടത് .
#Covid19
#Breakthechain
#KeralaPolice


ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക

https://www.facebook.com/achayatharangal.blogspot.in


അല്ലെങ്കില്‍ 
 താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക