ഞാൻ വെറും പോഴൻ

Tuesday 6 June 2023

പൊതു ഇടത്ത് വച്ച് നഗ്നത കാണിച്ചവന് സ്വീകരണമോ !!!


പബ്ലിക് ട്രാൻസ്‌പോർട്ട് ബസിലിരുന്ന് പാന്റ്സിന്റെ സിബ്ബ് തുറന്ന് നഗ്‌നത വെളിവാക്കി അടുത്തിരിക്കുന്ന പെൺകുട്ടിയെ അപമാനിച്ച
തിന്റെ പേരിൽ അറസ്റ്റിലായി ജയിലിൽ പോയ സവാദ് ജയിലിൽ നിന്ന് ഇറങ്ങിയപ്പോൾ അയാൾക്ക് ഒരു കൂട്ടം മലയാളികൾ ജയിലിന് പുറത്ത് സ്വീകരണം നൽകിയ വാർത്ത ചെറിയ അതിശയവും ഞെട്ടലുമല്ല സാധാരണ മനോനിലയുള്ളവർക്ക് ഉണ്ടാക്കിയത്. സവാദിനോട് 'വിഷമിക്കണ്ട, ഞങ്ങളുണ്ട് കൂടെ' എന്ന പ്രഖ്യാപനവുമായി ഈ സ്വീകരണത്തിന് നേതൃത്വം നൽകിയത് "ഓൾ കേരള മെൻസ് അസോസിയേഷൻ" എന്നൊരു "സംഘടന" ആണ്; ആ കൂട്ടത്തിൽ കോൺഗ്രസ്‌ നേതാവെന്ന് അവകാശപ്പെടുന്ന ഒരു സോഷ്യൽ മീഡിയ ആക്റ്റിവിസ്റ്റും ഒന്ന് രണ്ട് സോഷ്യൽ മീഡിയ സെലിബ്രിറ്റീസും ഉണ്ടായിരുന്നു. 

ഇൻസ്റ്റഗ്രാമിൽ ഫോളോവേഴ്സിനെ കൂട്ടാൻ വേണ്ടി കേസിലെ പരാതിക്കാരിയായ നന്ദിത ശങ്കര (മസ്താനി) മനഃപൂർവ്വം സവാദിനെ ഹണിട്രാപ്പിൽ കുടുക്കുകയായിരുന്നെന്നും കള്ളപ്പരാതിയാണ് നൽകിയതെന്നുമാണ് ഓൾ കേരള മെൻസ് അസോസിയേഷൻ ആരോപിക്കുന്നത്.  ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി അസോസിയേഷൻ പ്രസിഡന്‍റ് വട്ടിയൂർക്കാവ് അജിത് കുമാർ ഡിജിപിക്ക് പരാതി നൽകിക്കഴിഞ്ഞു എന്നും അവകാശപ്പെടുന്നു. സവാദിനു നീതി ലഭിക്കുന്നതുവരെ പോരാടാനാണ് സംഘടനയുടെ തീരുമാനമെന്നും ഇയാൾ പ്രഖ്യാപിക്കുന്നുണ്ട്.  

സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളെപ്പറ്റി ഉറക്കെ സംസാരിക്കുകയോ പരാതിപ്പെടുകയോ ചെയ്‌താൽ അതിക്രമത്തിനിരയായ അതിജീവിതകള്‍ എല്ലാക്കാലത്തും നേരിടുന്ന ഒരു പ്രശ്നമാണ് വിക്റ്റിം ബ്ലെയ്മിങ്. പൊതുവിധത്തിലെ വസ്ത്രധാരണമാണ് പീഡിപ്പിക്കാൻ പ്രൊവൊക്കേഷൻ ആയതെന്ന പതിവ് നമ്പറിൽ നിന്ന് മാറി അതിജീവിതയുടെ സോഷ്യൽ മീഡിയ ഹാൻഡിലുകളിലെ വസ്ത്രധാരണത്തെ കുറ്റപ്പെടുത്തിയും ഇൻസ്റ്റഗ്രാം സെലിബ്രിറ്റിയാകാനുള്ള കുല്സിത ശ്രമമായിരുന്നു സവാദിനെ കുടുക്കിയതെന്ന് ആരോപിക്കുകയും ചെയ്ത് വിക്റ്റിം ബ്ലെയ്‌മിങ്ങിന്റെ മറ്റൊരു മുഖം തുറക്കുകയായിരുന്നു സവാദ് അനുകൂലികൾ. 

കാലാകാലങ്ങളിൽ ഭരണത്തിൽ വരുന്നവരുടെ സ്ഥിര വാഗ്‌ദാനമാണ് സ്ത്രീ സൗഹൃദ അന്തരീക്ഷം പുലരുന്ന നാടായി നമ്മുടെ നാടിനെ മാറ്റിയെടുക്കുമെന്നുള്ളത്. സ്ത്രീകളെ തങ്ങളുടെ ലൈംഗിക ആസ്വാദനത്തിനുള്ള ഉപകരണങ്ങൾ ആയിട്ട് കാണുന്ന മനോനിലക്ക് മാറ്റം ഉണ്ടാക്കിയെടുക്കാതെ അതെങ്ങനെ സാധിക്കാനാണ്. ലൈംഗിക പീഡനത്തിന് ഇരയാകുന്ന വ്യക്തി സഹിക്കേണ്ടി വരുന്ന മാനസികവ്യഥയും പിരിമുറുക്കവും സമൂഹത്തെയോ അടുപ്പമുള്ള ഒരാളെത്തന്നെയോ പറഞ്ഞ് മനസിലാക്കിക്കാൻ പോലും പ്രയാസമാണ്. പീഡനസമയത്തേൽക്കേണ്ടി വരുന്ന മാനസിക വ്യഥയെക്കാൾ വലിയ മാനസികാഘാതമാണ് അതിന് ശേഷമുള്ള പൊതുവിചാരണകളും കുറ്റപ്പെടുത്തലുകളും എതിർ പരാമർശങ്ങളും ആ അതിജീവിതയുടെ മേൽ ഉണ്ടാക്കുന്നത്. ഈയിടെയായി യാത്രാ സംവിധാനങ്ങളിലും പൊതു ഇടങ്ങളിലും വച്ച് തങ്ങൾ നേരിട്ട പീഡനങ്ങളെ തുറന്നെതിർക്കാനും അത് ലോകത്തോട് വിളിച്ചു പറയാനും പരാതിപ്പെടാനും സ്ത്രീകൾ മുന്നോട്ടുവരുന്നുണ്ട്. എന്നാൽ ഇതിന് ശേഷമുണ്ടാവുന്ന ദുരനുഭവങ്ങളും വേട്ടയാടലുകളും സൈബർ ബുള്ളിയിങ്ങും പീഡന സാഹചര്യമുണ്ടാവുമ്പോൾ അതിജീവിതരെ പരാതിപ്പെടാൻ പോലും തയ്യാറാവാത്ത മാനസികാവസ്ഥയിൽ എത്തിക്കും. 

ഇതിപ്പോൾ പതിവ് വിക്റ്റിം ബ്ലെയ്‌മിങ്ങിനും സൈബർ ബുള്ളിയിങ്ങിനും പുറമെ നിയമസംവിധാനങ്ങളുടെ  പരിഗണനയിൽ ഇരിക്കുന്ന കേസിൽ ഉപാധികളോടെ മാത്രം ജാമ്യത്തിലിറങ്ങിയ പ്രതിയെ ആൾക്കൂട്ടം ചേർന്ന് മാലയിട്ട് സ്വീകരിക്കുന്ന അസംബന്ധമാണ് നടന്നത്. ഈ സ്വീകരണത്തിലൂടെ അതിജീവിതയെ മാത്രമല്ല, ഈ നാട്ടിലെ സകല പെൺകുട്ടികളെയും സ്ത്രീകളെയും നാണവും മാനവും തലക്ക് വെളിവുമുള്ള പുരുഷന്മാരെയും അങ്ങേയറ്റം അപമാനിക്കുന്ന പരിപാടിയാണ് മെൻസ് അസോസിയേഷൻ നടത്തിയത്. സെലിബ്രിറ്റിയോ പ്രശസ്തനോ അല്ലാത്ത വെറുമൊരു സാധാരണക്കാരനായ സവാദിന് സ്വീകരണമൊരുക്കാൻ വേണ്ടി ജയിലിന് മുൻപിൽ സംഘടിച്ച
ആൾക്കൂട്ടം തികച്ചും ആപൽക്കരമായ ഒരു പുതിയ സ്ഥിതിവിശേഷമാണ് സൃഷ്ടിച്ചിരിക്കുന്നത്. പ്രശസ്തരും സമൂഹത്തിൽ പ്രസക്തരുമായിരുന്ന നടൻ ദിലീപിനും  ബിഷപ്പ് ഫ്രാങ്കോ മുളക്കനും ജയിൽ മോചിതനായ ശേഷം കിട്ടിയ വരവേൽപ്പുകൾ ഇപ്പോഴുണ്ടായ ഈ സ്വീകരണ സാധ്യത വിളിച്ചു പറഞ്ഞിരുന്നു. ജയിൽ കവാടത്തിനരികെ തന്നെ നടന്ന ഇത്തരം സ്വീകരണങ്ങൾ ജയിൽ സംവിധാനം എന്ന കറക്ടീവ് സിസ്റ്റത്തെ നിസാരവൽക്കരിക്കുന്നതാണ്. ഈ പോക്ക് പോയാൽ നാളെ ഗോവിന്ദച്ചാമിക്കും അത് പോലുള്ള കൊടും ക്രിമിനലുകൾക്കും നാളെ സ്വീകരണം സംഘടിപ്പിക്കപ്പെട്ടേക്കാം. 

വ്യവസ്ഥാപിതമായ നിയമസംവിധാനങ്ങളെ നോക്കി കൊഞ്ഞനം കുത്തുന്ന ഇത്തരം പരിപാടികൾക്കെതിരെ  സിവിൽ സമൂഹത്തിലുള്ള ജനാധിപത്യ വിശ്വാസികൾ എഴുത്തുകളിലൂടെയും ബൗദ്ധികമായ ആവിഷ്കാരങ്ങളിലൂടെയും സാധ്യമായ വിധത്തിലെല്ലാം ഇടപെടണം. സ്ത്രീ പക്ഷത്ത് നിൽക്കുന്നു എന്ന് നാഴികക്ക് നാൽപ്പത് വട്ടം അവകാശപ്പെടുന്ന പുരോഗമന സർക്കാരും അതിനു കീഴിലുള്ള വനിതാ ശിശു ക്ഷേമ വകുപ്പും വനിതാ കമ്മീഷനും യുവജനകമ്മീഷനുമെല്ലാം ഇതിൽ നിയമപരമായി എടുക്കാവുന്ന പരമാവധി നടപടികൾ എടുക്കേണ്ടതാണ്. നിയമത്തിന് കെൽപ്പ് പോരെങ്കിൽ കെൽപ്പുള്ള നിയമങ്ങൾ നിർമ്മിക്കേണ്ടതാണ്. അല്ലാത്ത പക്ഷം, സാമൂഹ്യ വിരുദ്ധ മാനസികാവസ്ഥ ഉള്ളവരും ഞരമ്പ് രോഗികളും പൊതു സ്ഥലത്ത് തുണി മാറ്റി കാണിക്കുന്നതും മുഷ്ടിമൈഥുനം ചെയ്യുന്നതും സ്ത്രീകളെ കടന്നു പിടിക്കുന്നതും  ഒക്കെ ഒരു ശീലമാക്കും; കാരണം സ്വീകരണവും പ്രോത്സാഹനവും ഒക്കെ കിട്ടുന്ന മഹത്കാര്യമാണെന്ന് അവർക്ക് തോന്നിയാൽ എന്താണ് തെറ്റ് !!???