ഞാൻ വെറും പോഴൻ

Saturday 4 February 2017

ടെക്നോപാർക്കുകൾ പഞ്ചനക്ഷത്ര വേശ്യാലയങ്ങളല്ല സാർ...



ഏതാനും ദിവസങ്ങൾക്ക് മുൻപ് കാഴ്ചയിൽ മാന്യനായ ഒരു വ്യക്തി എന്റെ ഓഫീസിൽ വന്നു. പ്രൊഫഷണൽ അഡ്വൈസ് തേടി വന്നതായിരുന്നു. ആറക്ക ശമ്പളം വാങ്ങിയിരുന്ന ഒരു വല്യ ഉദ്യോഗസ്ഥനായിരുന്നു ആൾ. ഭക്തിയുടെയും ആത്മീയതയുടെയും നിറകുടം. കൺസൾട്ടൻസി കഴിഞ്ഞപ്പോൾ ചുമ്മാ വീട്ടുകാര്യങ്ങൾ ഒക്കെ ആരാഞ്ഞു. മക്കൾ രണ്ടു പേരും M Tech കഴിഞ്ഞ് ജോലിയില്ലാതെ വീട്ടിലുണ്ട്. എത്ര ക്വാളിഫിക്കേഷൻ ഉണ്ടായാലും ജോലി കിട്ടാൻ പ്രയാസമായിരിക്കുന്നു എന്ന് സഹതപിച്ച എന്നോടദ്ദേഹം പറഞ്ഞ കാര്യങ്ങൾ എന്നെ അതിശയിപ്പിച്ചു; അമ്പരപ്പിച്ചു. അദ്ദേഹത്തിന്റെ മക്കൾക്ക് ബാംഗളൂരിലെ മുന്തിയ IT കമ്പനികളിൽ ജോലി കിട്ടിയതാണ്; അദ്ദേഹം വിടാതിരുന്നതാണത്രേ; കാരണമാണ് രസകരവും ചിന്താജനകവും ആയിട്ടുള്ളത്; അവിടെ ജോലിചെയ്യുന്ന ഭൂരിഭാഗം ടെക്കികളും വഴി പിഴച്ചവരാണ് പോലും. അതൊക്കെ ഒറ്റപ്പെട്ട കേസുകളുടെ പേരിലുള്ള വെറും സാമാന്യവൽക്കരണമല്ലേ എന്നായി ഞാൻ. അദ്ദേഹത്തിന് വളരെ വിശ്വാസമുള്ള ഒരു ധ്യാനഗുരു പറഞ്ഞത്രേ പുറം സ്റ്റേറ്റുകളിൽ പഠിക്കാൻ പോകുന്ന പിള്ളേരും ടെക്കിപ്പിള്ളേരും ഒട്ടുമുക്കാലും കുത്തഴിഞ്ഞ സെക്സിനും മയക്കുമരുന്നിനും മദ്യത്തിനും അടിമകളാണെന്ന്. അതിനെ ഖണ്ഡിക്കാൻ ഞാൻ ഉയർത്തിയ വാദങ്ങളൊന്നും സ്വീകരിക്കാൻ കഴിയാത്ത വിധം മുൻവിധികളുടെ തടവറയിലായിരുന്നു അദ്ദേഹം. എന്നാൽ കേരളത്തിൽ ഇഷ്ടം പോലെ ഇൻഫോ പാർക്കുകൾ ഉണ്ടല്ലോ എന്ന് പറഞ്ഞപ്പോൾ ഇവിടെയും സ്ഥിതി വ്യത്യസ്തമല്ല എന്നാണ് അദ്ദേഹത്തിന്റെ ഉറച്ച ബോധ്യം. അദ്ദേഹത്തിൻറെ ഈ കാഴ്ചപ്പാടിനെപ്പറ്റി മക്കളുടെ നിലപാട് എന്താണെന്ന എന്റെ ചോദ്യത്തിന് അദ്ദേഹം പറഞ്ഞത് ഇങ്ങിനെയാണ്‌. മക്കൾക്ക് നല്ല അമർഷം കാണും; പക്ഷെ എന്നെ ധിക്കരിച്ച് അവർ ഒന്നും ചെയ്യില്ല. ഈ വിശ്വാസം പുലർത്തുന്ന അദ്ദേഹത്തിന് തന്റെ മക്കൾ എത്ര മോശം സാഹചര്യത്തിലും പിഴച്ചു പോവില്ല എന്ന ഉത്തമ വിശ്വാസം ഇല്ല എന്നത് എനിക്ക് ഫലിതം കലർന്ന ഒരു കൗതുകമായി. അദ്ദേഹത്തിന്റെ കാഴ്ചപ്പാടിൽ ഒരു കുഴപ്പവും ഇല്ലാത്ത തൊഴിൽ മേഖല ടീച്ചിങ്ങ് ആണ്. മക്കൾക്ക് അതിൽ കഴഞ്ചും താൽപ്പര്യവും ഇല്ല. ഇതിന്റെ പരിണതി എന്താകുമെന്ന് അദ്ദേഹത്തിനും ഒരു നിശ്ചയമില്ല എന്നതാണ് രസം. 

അതി പൈശാചികവും അതീവ ദുരൂഹത നിറഞ്ഞതുമായ ആറ്റിങ്ങല്‍ ഇരട്ട കൊലപാതകത്തിന്റെ സമയത്ത് നമ്മുടെ ചില മാധ്യമങ്ങള്‍ ഇപ്പോൾ പറഞ്ഞ ചേട്ടന്റെ ചിന്താനിലവാരത്തിലുള്ള ചില ഫീച്ചറുകളും ലേഖന പരമ്പരകളും ഇട തടവില്ലാതെ പ്രസിദ്ധീകരിച്ചു കണ്ടിരുന്നു. ഓൺലൈൻ ന്യൂസ് പോർട്ടലുകൾ ആയിരുന്നു അപരാധകഥകൾ പ്രചരിപ്പിക്കുന്നതിൽ മുൻപന്തിയിൽ. നവ സാമൂഹിക മാധ്യമങ്ങളും പൊടിപ്പും തൊങ്ങലും വച്ച ഒട്ടനവധി പോസ്റ്റുകളും കുറിപ്പുകളും കൊണ്ട് തങ്ങളാൽ ആവുന്ന വിധം രംഗം കൊഴുപ്പിച്ചു. തികച്ചും അപൂർവ്വവും ഒറ്റപ്പെട്ടതുമായ ഈ കൊലപാതകക്കേസിലെ പ്രതികളായ അനുശാന്തിയും നിനോ മാത്യുവും കഴിഞ്ഞാല്‍ അന്ന് ഏറ്റവും കൂടുതല്‍ ആഘോഷിക്കപ്പെട്ടത് തിരുവനന്തപുരം ടെക്നോ പാര്‍ക്കിലെയും മറ്റു സ്ഥലങ്ങളിലെയും "ടെക്കി"കൾ ആണ്. വേലിക്കെട്ടുകളിലാത്ത സ്വതന്ത്ര ലൈംഗികതയുടെയും അവിഹിത ബന്ധങ്ങളുടെയും കുത്തഴിഞ്ഞ ജീവിത ശൈലിയുടെയും പറുദീസയാണ് ടെക്നോ പാര്‍ക്ക്‌ എന്ന നിലയില്‍ ആണ് ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ എഴുതി വിട്ടുകൊണ്ടിരുന്നത്. ചില ടി വി സീരിയലുകളും സോഷ്യല്‍ കമ്മ്യുണിറ്റി സൈറ്റുകളും കുറെ കാലമായി ടെക്കികളെയും നവ തൊഴില്‍ മേഖലകളെയും ഇത്തരത്തില്‍ വേട്ടയാടിക്കൊണ്ടിരിക്കുകയായിരുന്നു. ഒരു പരിധി വരെ ചില ന്യു ജെറേഷന്‍ സിനിമകളും ഈ പ്രചാരണത്തിന് വെള്ളവും വളവും നല്‍കി. പലപ്പോഴും ഇത്തരം വന്യ ഭാവനകൾക്ക് ബലം നല്‍കാന്‍ പറ്റിയ ഒറ്റപ്പെട്ട ഒരു സംഭവങ്ങൾ വീണു കിട്ടുകയും ചെയ്യും. പിന്നീട് സാമാന്യ വൽക്കരണത്തിൽ ഊന്നി നിന്ന് കൊണ്ടുള്ള തള്ളുകളും ഗോസിപ്പുകളും കൊണ്ട് വീണ് കിട്ടുന്നതിനെ വച്ച് നമ്മുടെ വേട്ടക്കാരെല്ലാവരും ചേർന്ന് അങ്ങ് ആഘോഷമാക്കി രസിക്കും. എന്തിനും തയ്യാറായി ജീവിക്കുന്ന പോക്ക് കേസ്സുകളായ ടെക്കി പെണ്‍കുട്ടികള്‍, മദ്യം, മയക്കുമരുന്ന്, കുത്തഴിഞ്ഞ ലൈംഗികത എന്നിവയുടെ മൊത്ത ഉപഭോക്താക്കള്‍, ലിവിംഗ് ടുഗെദര്‍ സംസ്കാരത്തിന്റെ പ്രയോക്താക്കള്‍, രാപകല്‍ ഭേദമില്ലാതെ അഴിഞ്ഞാടുന്നവര്‍ etc etc. ഇങ്ങനെയൊക്കെയാണ് മാധ്യമറിപ്പോർട്ടുകളും സോഷ്യൽ മീഡിയ പോസ്റ്റുകളും വായിച്ചാല്‍ ടെക്കികളെ പറ്റി കിട്ടുന്ന പൊതു ധാരണകള്‍. 

ഈയിടെ Whatsapp-ലും Facebook-ലും ചില വീഡിയോകളും കണ്ടിരുന്നു. അയൽസംസ്ഥാനങ്ങളിലേക്ക് സർവീസ് നടത്തുന്ന ഹൈടെക്ക് ബസുകളിലും ട്രെയിനുകളിലും ടെക്കികളും വിദ്യാർത്ഥിനി വിദ്യാർത്ഥികളും നടത്തുന്നതായി പറയപ്പെടുന്ന അവിഹിത വേഴ്ചകളുടെ നിറം പിടിപ്പിച്ച വൈറൽ കഥകൾ. ഞാൻ അത്യാവശ്യം യാത്ര ചെയ്യുന്ന ആളാണ്; ഇന്നേ വരെ ഇത്തരം അവിഹിത വേഴ്ചകൾ കാണാൻ "ഭാഗ്യം" കിട്ടിയിട്ടില്ല.

ഏക്കര്‍ കണക്കിന് ചുറ്റളവുള്ള സ്ഥലത്ത് ലക്ഷക്കണക്കിന് സ്കൊയര്‍ ഫീറ്റ്‌ കെട്ടിടങ്ങളും നൂറ് കണക്കിന് കമ്പനികളും അവിടെ പണിയെടുക്കുന്ന പതിനായിരക്കണക്കിന് ജീവനക്കാരും അതിനാവശ്യമായ മറ്റു സൌകര്യങ്ങളും അടങ്ങുന്ന ഒരു ബൃഹത് തൊഴില്‍ സമുച്ചയങ്ങളാണ് ടെക്നോ പാര്‍ക്കുകളും ഇൻഫോപാർക്കുകളും സമാന തൊഴിലിടങ്ങളും. ഭൂരിഭാഗം ടെക്കികളും തൊഴിലെടുക്കുന്നത് അവിടങ്ങളിലാണ്. വലിപ്പത്തിന്റെയും ആധുനിക സൗകര്യങ്ങളുടെയും സുരക്ഷാ സംവിധാനങ്ങളുടെയും കാര്യത്തിലുള്ള ഏറ്റക്കുറച്ചിലുകൾ ഒഴിച്ചാൽ ഇത്തരം ന്യൂജെനറേഷൻ തൊഴിൽ ഇടങ്ങൾക്ക് നമ്മുടെ സാധാരണ തൊഴിൽ ഇടങ്ങളിൽ നിന്ന് വ്യത്യസ്ഥമായി പത്തു കാലും നാല് കൊമ്പും ഒന്നുമില്ല. ഇതിന്റെയൊന്നും അകത്തല്ലാതെയുള്ള കമ്പനികളിൽ തൊഴിലെടുക്കുന്ന ടെക്കികളും ഉണ്ട്. ഒരു ആൺ ടെക്കിക്ക് പെൺ ടെക്കിയില്‍ ഉണ്ടായിട്ടു ടെക്നോ പാര്‍ക്കില്‍ പണിക്ക് വരുന്ന പ്രത്യേക ജനുസ്സിൽ പെട്ട മനുഷ്യജന്മങ്ങൾ ഒന്നുമല്ല ഈ ടെക്കികൾ എന്ന് വിളിക്കപ്പെടുന്നവർ. നമുക്കൊക്കെ പരിചയമുള്ള സാധാരണ പുരുഷനും സ്ത്രീക്കും സാധാരണ രീതിയിൽ ഉണ്ടാകുന്ന മനുഷ്യക്കുഞ്ഞുങ്ങൾ തന്നെ. അതായത് എന്റെയും നിന്റെയും മുൻപ് ഞാൻ പറഞ്ഞ ആ ചേട്ടന്റെയും ഒക്കെ കുടുംബത്തില്‍ നിന്ന്, ഒരു നല്ല തൊഴില്‍ കിട്ടിയത് കൊണ്ട് അത് ചെയ്തു ജീവിക്കാന്‍ വേണ്ടി വരുന്നവര്‍ ആണ് അവർആറ്റിങ്ങൽ കേസിലെ അനുശാന്തിയും നിനോ മാത്യുവും, അല്ലെങ്കിൽ സമാന കേസുകളിലെ കുറ്റക്കാർ ഒരുമിച്ചു പണിയെടുത്തിരുന്നത് എന്നത് കൊണ്ട് അവര്‍ തമ്മില്‍ പരിചയപ്പെടാന്‍ ടെക്നോപാര്‍ക്കോ സമാന തൊഴിലിടങ്ങളോ കാരണമായി എന്ന് പറയാം. അല്ലാതെ ഈ കൊലപാതകത്തിലോ അതിലേക്കു നയിച്ച സാഹചര്യങ്ങളിലോ ടെക്നോ പാര്‍ക്ക്‌ എന്ത് തെറ്റ് ചെയ്തു ? ടെക്നോ പാര്‍ക്കിന്റെ എന്ത് പ്രത്യേകതയാണ് ഇവരെക്കൊണ്ട് ഇതെല്ലാം ചെയ്യിപ്പിച്ചത് എന്ന് എത്ര ആലോചിച്ചിട്ടും പിടി കിട്ടുന്നില്ല. പക്ഷെ   ചില വ്യക്തികളുടെ ആരോപണങ്ങളും ഇപ്പോള്‍ ഓണ്‍ ലൈനിലും സോഷ്യൽ മീഡിയയിലും പ്രചരിപ്പിക്കപ്പെടുന്ന പല കുറിപ്പുകളും ചില മീഡിയാ റിപ്പോർട്ടുകളും വാര്‍ത്തകളും ഒക്കെ നോക്കിയാൽ തോന്നുക, ടെക്നോ പാര്‍ക്കിലോ സമാന തൊഴിലിടങ്ങളിലോ പണിയെടുക്കുന്നവരില്‍ ഭൂരിഭാഗവും കുത്തഴിഞ്ഞ ജീവിതം നയിക്കുന്നവരാണ് എന്നും അവിടെയൊക്കെ മാത്രമേ ഇതെല്ലാം സംഭവിക്കുന്നുള്ളൂ എന്നും മറ്റുമാണ്. (പഴയ ആളുകളുടെ ഇടയിൽ ഇത്തരം നിറം പിടിപ്പിച്ച കഥകളിലെ കഥാപാത്രങ്ങൾ നഴ്‌സുമാർ ആയിരുന്നു). ഇവരൊക്കെ താരതമ്യേന ഉയർന്ന ശമ്പളം വാങ്ങുന്നതും അൽപ്പം പരിഷ്ക്കാരത്തിൽ നടക്കുന്നതും ഒക്കെ സഹിക്കാൻ പറ്റായ്കയാണ് ഇത്തരം അപരാധകഥകൾക്ക് പിന്നിലെന്നാണ് എനിക്ക് തോന്നുന്നത്.      

ആണും പെണ്ണും തമ്മിൽ വിവാഹേതര ബന്ധങ്ങൾ ഉണ്ടാവുക എന്നത്‌ എല്ലാക്കാലത്തും ഉണ്ടായിട്ടുള്ളതും ഉണ്ടായിക്കൊണ്ടിരിക്കുന്നതും ഇനിയും ഉണ്ടാവാനിരിക്കുന്നതുമായ ഒരു സംഗതിയാണ്‌. സംഘടിതമോ അസംഘടിതമോ ആയ ഏതു തൊഴിലിടങ്ങളിലും പതിയിരിക്കുന്ന ഒരു സാധ്യത മാത്രമാണിത്. ആത്മീയത വിളമ്പുന്ന ഇടങ്ങളില്‍ പോലും സംഭവിക്കുന്ന കാര്യങ്ങളാണ് ഇതെല്ലാം. പെണ്ണുങ്ങൾക്ക്‌ അടുക്കളയിലും അറപ്പുരയിലും മാത്രം സ്ഥാനമുണ്ടായിരുന്ന കാലത്തും അവിഹിത ബന്ധങ്ങൾ ഉണ്ടായിട്ടുണ്ട്; സ്ത്രീകൾ അവിഹിത ഗർഭം ധരിച്ചിട്ടുണ്ട്‌; പുരാണങ്ങളും ഹോളി ബൈബിളും മറ്റു മതഗ്രന്ഥങ്ങളും ഇത്തരം കഥകൾ വച്ച് നീട്ടുന്നുണ്ട്. കുറിയേടത്ത്‌ താത്രിയെയും സരിതാ നായരെയും പകൽ മാന്യന്മാർ കണ്ട്‌ മുട്ടിയത്‌ ടെക്നോ പാർക്കിൽ ജോലി ചെയ്യുമ്പോഴല്ല എന്ന് കൂടി ഓർക്കണം. അത്രയേ ഉള്ളൂ അതിന്റെ കാര്യം !  

കല്ലെറിയുന്നവരും തേജോവധം ചെയ്യുന്നവരും ഒന്നോര്‍ക്കണം.... ടെക്നോ പാർക്കുകളും ഇൻഫോപാർക്കുകളും പഞ്ചനക്ഷത്ര വേശ്യാലയങ്ങൾ അല്ല... അവിടങ്ങളിലെ കമ്പനികളില്‍ ജീവിതം ഹോമിക്കപ്പെടുന്ന ഭൂരിഭാഗം തൊഴിലാളികളും നല്ല കുടുംബജീവിതവും സ്വകാര്യ ജീവിതവും ഒക്കെ നയിക്കുന്നവര്‍ ആണ്.

പുഴുക്കുത്തു പിടിച്ച വ്യക്തിത്വം ഉള്ള ചിലരുടെ ഒറ്റപ്പെട്ട ദുര്‍വൃത്തികളുടെ വെളിച്ചത്തില്‍ അവരെ മുഴുവന്‍ അപരാധികളായി മുദ്ര കുത്താതിരുന്നു കൂടെ. അവര്‍ ജീവിത മാര്‍ഗ്ഗം കണ്ടെത്തുന്ന തൊഴിലിടത്തെ ദുഷിച്ചത്‌ എന്നു സ്ഥാപിക്കാതിരുന്നു കൂടെ. അവരുടെ മാതാപിതാക്കളുടെയും ഉറ്റവരുടെയും ആത്മാഭിമാനത്തെ തകര്‍ക്കാതിരുന്നു കൂടെ.....

ഇതേ തരം മറ്റൊരു മനോരോഗത്തെ സംബന്ധിച്ച് മുന്‍പ് എഴുതിയ ഒരു ലേഖനം താഴെ... വായിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുക.


 ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക



അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക

Thursday 2 February 2017

”മറക്കരുത്; മനുഷ്യനാണ് - നമുക്ക് ഇങ്ങിനെയൊന്നും ആകാതിരിക്കാം”

ബഹുനില കെട്ടിടത്തിൽ നിന്നും റോഡിലേക്ക് വീണ് ജീവന് വേണ്ടി പിടഞ്ഞയാളെ സഹായിക്കാതെ ആൾക്കൂട്ടം കാഴ്ചക്കാരായി നോക്കി നിന്നു. കൊച്ചിയിലെ തിരക്കേറിയ പത്മ ജംഗ്ഷനിൽ ശനിയാഴ്ച ആറരയോടെയാണ് സംഭവമുണ്ടായത്. ഓട്ടോറിക്ഷയും ജീപ്പും അടുത്ത് പാർക്ക് ചെയ്തിരുന്നെങ്കിലും ജനം കാഴ്ചക്കാരായി നിൽക്കുക മാത്രമാണ് ചെയ്തത്. ആ വഴി കടന്നു പോയ ഒരു സ്ത്രീയുടെയും അവരുടെ മകളുടെയും അവസരോചിതമായ ഇടപെടലിനെ തുടർന്നാണ് പരിക്കേറ്റയാളെ ആശുപത്രിയിൽ എത്തിക്കാനായത്....



ബംഗളൂരുവില്‍ നിന്ന് 300 കിലോമീറ്റര്‍ അകലെ കൊപ്പൽ എന്ന സ്ഥലത്ത് അപകടത്തില്‍പ്പെട്ട അന്‍വര്‍ അലി എന്ന 18 കാരൻ 25 മിനിറ്റ് ആരും സഹായിക്കാനില്ലാതെ റോഡിൽ കിടന്നു. ഒടുവിൽ അവിടെത്തന്നെ കിടന്ന് ചോര വാര്‍ന്ന് മരിച്ചു. ഇയാൾ സഞ്ചരിച്ചിരുന്ന സൈക്കിള്‍ ഒരു സര്‍ക്കാര്‍ ബസില്‍ ഇടിച്ചാണ് അപകടമുണ്ടായത്. ഇതിനും ഏതാനും ദിവസങ്ങൾക്ക് മുൻപാണ് മൈസൂരിൽ ബസുമായി കൂട്ടിയിടിച്ച് തകര്‍ന്ന പോലീസ് ജീപ്പിനുള്ളില്‍ കുടുങ്ങിയ 38-കാരനായ പോലീസ് ഉദ്യോഗസ്ഥൻ ജനങ്ങളുടെ അനാസ്ഥയെ തുടര്‍ന്ന് മരിച്ചത്. രണ്ട് സംഭവങ്ങളിലും അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിൽ എത്തിക്കുന്നതിന് പകരം അപകടദൃശ്യങ്ങളുടെ ചിത്രങ്ങളും വീഡിയോകളും പകര്‍ത്താനാണ് ഓടിക്കൂടിയവർ ശ്രമിച്ചതെന്ന് റിപ്പോർട്ടുകൾ പറയുന്നു. ബെംഗളൂരുവില്‍ ട്രക്കുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ശരീരം ഏറെക്കുറെ രണ്ടായിപ്പോയ ബൈക്ക് യാത്രികനായ ചെറുപ്പക്കാരന്‍ സഹായത്തിനായി അപേക്ഷിക്കുന്ന രംഗം വിവിധ മാധ്യമങ്ങളിലൂടെ പുറത്തു വന്നത് കഴിഞ്ഞ വർഷമാണ്.

കനിവ് എന്ന വികാരം ബാക്കിയുള്ള ഏതൊരാളും ലജ്ജ കൊണ്ട് തല കുനിച്ചു പോകുന്ന ഒരു ദാരുണ സംഭവം  രാജ്യ തലസ്ഥാനത്ത് നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടതും ഈ അടുത്ത കാലത്താണ്. ഡൽഹിയിലെ സുഭാഷ് നഗറിൽ ഒരു യുവാവിനെ ഒരു ചരക്കുവാഹനം ഇടിച്ചിടുന്നു. ഇടിച്ചിട്ട വാഹനത്തിന്റെ ഡ്രൈവർ വണ്ടി നിറുത്തി പുറത്തിറങ്ങി വണ്ടിക്കൊന്നും പറ്റിയിട്ടില്ല എന്നുറപ്പ് ശേഷം വീണു കിടക്കുന്ന മനുഷ്യന്റെ ഭാഗത്തേക്ക് നോക്കുക പോലും ചെയ്യാതെ വണ്ടി ഓടിച്ചു പോകുന്നു. ഒരു തിടുക്കവും വെപ്രാളവും ഇല്ലാതെയാണ് ഇയാൾ ഈ നീചമായ ഒളിച്ചോട്ടം നടത്തുന്നത് എന്ന് CCTV ഫൂട്ടേജ് കാണുന്ന ആർക്കും മനസ്സിലാവും. ഇതിനിടയിൽ ഒരു സൈക്കിൾ യാത്രക്കാരൻ വീണു കിടക്കുന്ന മനുഷ്യനെ നോക്കിക്കൊണ്ട് കടന്നു പോകുന്നു. പിന്നീട് ഒരു സൈക്കിൾ റിക്ഷയിൽ വന്ന ആൾ വീണു കിടക്കുന്ന ആളുടെ കയ്യിൽ നിന്ന് തെറിച്ചു വീണു കിടക്കുന്ന മൊബൈൽ ഫോൺ എടുത്ത് കൊണ്ട് സ്ഥലം  വിടുന്നു. അയാളോ ആ റിക്ഷാവാലയും കൂടി എന്തോ കൂടിയാലോചനയ്ക്ക് ശേഷമാണ് അപകടത്തിൽ പെട്ടയാളെ അവഗണിച്ചു കൊണ്ട് പോകുന്നതെന്ന് സീ സീ ടീ വി വീഡിയോയിൽ കാണാം. സംഭവസ്ഥലത്തിന് കേവലം 500 മീറ്ററിനുള്ളിൽ സർക്കാർ ആശുപത്രി ഉണ്ടെന്നാണ് റിപ്പോർട്ട് പറയുന്നത്. ഒന്നര മണിക്കൂറോളം വഴിയിൽ കിടന്ന് രക്തം വാർന്ന്  മരിച്ച ഈ ഗതികെട്ട മനുഷ്യ ജന്മത്തെ അവഹണിച്ചു കടന്നുപോയത് 140 കാറുകളും, 82 ഓട്ടോറിക്ഷകളും, 181 മോട്ടോർ ബൈക്കുകളും, 45 കാൽനടക്കാരുമാണെന്ന് ഒരു പത്രം പറയുന്നത്. 

കുറച്ചു കാലങ്ങള്‍ക്കു മുന്‍പ്  ഇന്റര്‍നെറ്റില്‍ കണ്ട മറ്റൊരു ദൃശ്യമുണ്ട്‌. ബീഹാറില്‍, ഒരു സ്ത്രീയുടെ മാല മോഷ്ടിക്കന്‍ ശ്രമിച്ച യുവാവിനെ നാട്ടുകാര്‍ പിടി കൂടി ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യം; മര്‍ദ്ദമേറ്റ് അവശനായ യുവാവിനെ കൈകള്‍ പിന്നിലേക്ക് ബന്ധിച്ച് കാലുകള്‍ ഒരു ബൈക്കില്‍ കെട്ടിയിട്ട് വലിച്ചിഴക്കുന്നു. ഏറ്റവും ക്രൂരമായ കാര്യം ഇതൊന്നുമല്ലായിരുന്നു. ആള്‍ക്കൂട്ടം നിയമം കയ്യിലെടുക്കുന്നത് തടയേണ്ടിയിരുന്ന ഒരു പോലീസുകാരനായിരുന്നു ആ ബൈക്ക് ഓടിച്ചിരുന്നത് എന്നതാണ് ഏറ്റവും ക്രൂരമായി തോന്നിയത്. കൂടിനില്‍ക്കുന്നവരില്‍ ആരും തന്നെ ഈ ക്രൂരത തടയാന്‍ ഒന്നും ചെയ്തില്ല എന്നതാണ് അത്ഭുതകരമായ സംഗതി. തീര്‍ച്ചയായും അയാള്‍ ചെയ്തത് തെറ്റു തന്നെ; അതിന് ശിക്ഷയും വേണം. അതിനിവിടെ നിയമം ഇല്ലേ. അങ്ങിനെയെങ്കില്‍ ശത-സഹസ്ര കോടികളുടെ അഴിമതി കാണിക്കുന്ന രാഷ്ട്രീയക്കാരനെ എങ്ങനെ ശിക്ഷിക്കണം ?

തിരുവന്തപുരത്ത് ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിലെ പത്മതീര്‍ത്ഥക്കുളത്തില്‍ ഒരു മനോരോഗി നിസ്സഹായനായ ഒരു യുവാവിനെ മുക്കിക്കൊല്ലുന്നത് നിസ്സംഗതയോടെ നോക്കി നിന്നവരാണ് നമ്മള്‍ മലയാളികള്‍. ഇതിന്റെ ലൈവ് കവറേജ് കാണിച്ച ചാനലുകള്‍ പോലും നമുക്കുണ്ട്. എറണാകുളം ഷൊര്‍ണൂര്‍ തീവണ്ടിയില്‍ നിന്ന് ഒരു ക്രൂരന്റെ കൈകളിലേക്കും അതേതുടര്‍ന്ന് മരണത്തിലേക്കും പോയ സൗമ്യയുടെ ദയനീയ നിലവിളി കേട്ട ഒരാളെങ്കിലും സമയോചിതമായി പ്രവര്‍ത്തിച്ചിരുന്നെന്കില്‍ ആ കുട്ടി
ഇപ്പോഴും ജീവനോടെ ഉണ്ടാകുമായിരുന്നു. ആ നരാധമന് വേണ്ടി കോടതിയില്‍ കേസ്‌ വാദിക്കാന്‍ ഒരു വക്കീല്‍ വന്നതും നമ്മുടെ ഇടയില്‍ നിന്ന് തന്നെയായിരുന്നു. 
ഏറ്റവും ഒടുവില്‍, തിരുവനന്തപുരം തമ്പാനൂര്‍ ബസ് സ്റ്റാന്റിനു മുന്നില്‍ ബസ് തട്ടി വീണ് ഏറെ നേരം റോഡില്‍ കിടന്ന ഒരു ബൈക്ക് യാത്രികന്‍ തിരിഞ്ഞു നോക്കാനാരുമില്ലാതെ ഗുരുതരാവസ്ഥയിലായി മരിച്ചത് കഴിഞ്ഞ ദിവസമാണ്. മനുഷ്യപ്പറ്റ് എന്നത് ചോര്‍ന്നു പോയ മനുഷ്യരാണ് നമ്മളെന്ന് ഓരോ ദിവസവും നമ്മള്‍ തെളിയിച്ച് കൊണ്ടേയിരിക്കുന്നു. അതിന്റെ ഫോട്ടോ എടുത്ത ആള്‍ പോലും അയാളെ ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രദ്ധിച്ചില്ല എന്നോര്‍ക്കണം. നമ്മുടെ സമൂഹ മനസാക്ഷിക്ക് എന്താണ് സംഭവിച്ചു കൊണ്ടിരിക്കുന്നത്...?? ഈ വാര്‍ത്ത പ്രസിദ്ധീകരിച്ച മാതൃഭൂമിയുടെ ക്യാപ്ഷന്‍  തന്നെയാണ് സമൂഹത്തിന് സ്വീകരിക്കാവുന്ന ഏറ്റവും നല്ല നിര്‍ദ്ദേശവും ...നമുക്ക് ഇങ്ങിനെയൊന്നും ആകാതിരിക്കാം”. പീഡനങ്ങളും അപകടങ്ങളും തുടരുമ്പോള്‍ പൊതു ജനം ഇപ്പോഴും അതിനെ ഇരകളുടെ മാത്രം പ്രശ്നമായി കാണുന്നിടത്താണ് നമ്മുടെ നാടിന്റെ ദുരവസ്ഥ കുടി കൊള്ളുന്നത്‌. ഇര തനിക്ക് വളരെ വേണ്ടപ്പെട്ട ഒരാളാണ് എന്ന തിരിച്ചറിവിന് മാത്രമേ ഒരു സുരക്ഷിത സമൂഹം ഉണ്ടാക്കാന്‍ കഴിയൂ. നാളെ നമ്മളും ഇരയാവാമെന്ന സാധ്യത മുന്നില്‍ കണ്ടാലെ ക്രൂരമായ ഈ നിസ്സംഗതയുടെ ആഴം നമുക്ക് മനസ്സിലാവൂ.

മറുപുറം : ഏതു ദാരുണ സംഭവം നടക്കുമ്പോഴും മൊബൈല്‍ കാമറയും പൊക്കിപ്പിടിച്ചു പടവും വീഡിയോയുമെടുത്തു സോഷ്യല്‍ മീഡിയയില്‍ ഇടാന്‍ എല്ലാവര്‍ക്കും എന്തൊരു ശുഷ്കാന്തിയാ ? അത് വീണ്ടും വീണ്ടും കണ്ടാസ്വദിക്കാന്‍ ഇഷ്ടം പോലെ ആളുകള്‍ ഉള്ളപ്പോള്‍  പടമെടുക്കുന്നവരെ മാത്രം എങ്ങനെ കുറ്റപ്പെടുത്തും. യുട്യൂബിലും മറ്റു വീഡിയോ സൈറ്റുകളിലും വരുന്ന ലക്ഷക്കണക്കിന് വീഡിയോ ക്ലിപ്പുകള്‍ ഇതിനു ഉദാഹരണമാണ്. ഏതോ ഒരു പള്ളിയിലെ ഉത്സവത്തിന് വന്ന ആന മദമിളകി ഇടഞ്ഞിട്ട് അതിന്റെ കാല്‍ക്കീഴില്‍ പെടുന്നവരെ ഒക്കെ ചവിട്ടി മെതിക്കുന്നതും നാടിനെ വിറപ്പിക്കുന്നതും സൌദിയില്‍ പോലീസ് ഒരു കുറ്റവാളിയുടെ തല വെട്ടുന്നതും ഒരു കൊച്ചു കുട്ടിയും കുടുംബവും വെള്ളപ്പൊക്കത്തില്‍ ഒലിച്ചു പോകുന്നതും ഒക്കെ മൊബൈല്‍ ക്ലിപ്പുകളായി പടരുന്ന നാടാണിത്. ഏത് ദാരുണ സംഭവങ്ങളെയും ക്രൂരതയേയും കണ്‍ തുറന്ന് ആസ്വദിക്കാനുള്ള കഴിവ് നമ്മുടെ സമൂഹത്തിന് കൈവന്നിരിക്കുന്നു.  ജീവിതത്തിലെ ഓരോ നിമിഷങ്ങളും മൊബൈല്‍ കാമറയുടെ ഓര്‍മ്മയിലൊതുക്കി വീണ്ടും വീണ്ടും കണ്ടു രസിക്കുന്ന കാമറ മാനിയ...വിഷ്വല്‍ എക്സറ്റസി....മനസ്സാക്ഷിയുള്ളവര്‍ കണ്ടാല്‍ കരളു പിളര്‍ക്കുന്ന, രക്തം കട്ട പിടിക്കുന്ന ദാരുണ രംഗങ്ങള്‍ പിക്ചര്‍ മെസ്സേജുകളാക്കി നാടൊട്ടുക്കുള്ള മൊബൈലുകളിലേക്കും ഇന്റര്‍നെറ്റ് വഴി കമ്പ്യൂട്ടറുകളിലേക്കും അയച്ചു രസിക്കുന്ന ക്രൂരതയെ എന്ത് പേരിട്ടു വിളിക്കാം...എന്ത് പേരിട്ട് വിളിച്ചാലും ഇതൊരു വിഷ്വല്‍ പെര്‍വെര്‍ഷന്‍ ആണ്... അറപ്പുളവാക്കുന്ന ഈ വൈകൃതത്തിനു തക്കതായ ചികില്‍സ അത്യാവശ്യമാണ്.... അല്ലെങ്കില്‍ സ്വന്തം ആളുകള്‍ക്കിത് സംഭവിക്കുമ്പോഴും ഇവനൊക്കെ കാമറയും എടുത്തു കൊണ്ട് ചെല്ലും....

ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക


അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക