ഞാൻ വെറും പോഴൻ

Monday 5 April 2021

എന്ത് ചെയ്യാനാ; ടാങ്കിലുള്ളതല്ലേ ടാപ്പിലൂടെ വരൂ...!!!

(ഇത് പഴയൊരു പോസ്റ്റാണ്; ഇപ്പോൾ നടന്ന ചില സംഭവങ്ങൾ കൂടി ചേർത്ത് അപ്ഡേറ്റ് ചെയ്തതാണ്)

ആലപ്പുഴ MP എ. എം ആരിഫ്, ആലപ്പുഴ ജില്ല പഞ്ചായത്ത് മുന്‍ അംഗവും കായംകുളത്തെ  യു.ഡി.എഫ് സ്ഥാനാർത്ഥിയുമായ അരിത ബാബുവിനെ തൊഴിലിന്റെ അടിസ്ഥാനത്തിൽ അധിക്ഷേപിച്ചതിന്റെ പേരിൽ പ്രതിഷേധം നേരിടുകയാണ്. അരിത ബാബു വലിയ സാമ്പത്തികശേഷിയില്ലാത്ത ഒരു ക്ഷീര കര്‍ഷകയാണ്; അക്കാര്യം തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്നുമുണ്ട്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ആലപ്പുഴയിലെത്തിയ പ്രിയങ്ക ഗാന്ധി അരിതയുടെ പശുവളര്‍ത്തല്‍ കേന്ദ്രത്തില്‍ എത്തിയിരുന്നു; ഇതിന്റെയെല്ലാം പശ്ചാത്തലത്തിലായിരുന്നു "തിരഞ്ഞെടുപ്പില്‍ പ്രാരാബ്ധമാണ് അരിത ഉയര്‍ത്തിക്കാട്ടുന്നതെന്നും ഇത് പാല്‍ സൊസൈറ്റിയിലേക്കുള്ള തെരഞ്ഞെടുപ്പല്ല; കേരള നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പാണ്" എന്നുമൊക്കെയുയുള്ള ആരിഫിന്റെ പരാമർശമെന്ന് വിമർശനമുയർന്നു കഴിഞ്ഞു.

"ഒരു ചെത്തുകാരന്റെ മകനല്ലേ മുഖ്യമന്ത്രി; പിന്നെങ്ങനെ ഇങ്ങനെ ഒക്കെ ആവാതിരിക്കും !!??" എന്ന അർത്ഥം ദ്യോതിപ്പിക്കുന്ന ഒട്ടേറെ പ്രയോഗങ്ങൾ പലരും സ്വകാര്യ സംഭാഷണങ്ങളിൽ പറയുന്നത് പല വട്ടം കേട്ടിട്ടുണ്ട്. അതിൽ ചില ഇടതുപക്ഷക്കാർ പോലുമുണ്ടെന്നത് അത്ഭുതപ്പെടുത്തിയിട്ടുമുണ്ട്. പിന്നെയീ സ്വകാര്യപ്രയോഗങ്ങൾ പലരും സോഷ്യൽ മീഡിയ വാളുകളിൽ നിർലജ്ജം പോസ്റ്റ് ചെയ്യുന്നത് കണ്ടിട്ടുണ്ട്. കോവിഡ് ലോക്ക്ഡൌൺ കാലത്ത് "ഞങ്ങളുടെ നേതാവിന്റെ പാരമ്പര്യം ചെത്തുകാരന്റെ അല്ല; സ്വാതന്ത്ര്യ സമര സേനാനിയുടേതാണ്" എന്ന മട്ടിലുള്ള ഒരു പോസ്റ്റർ ഒരു പ്രധാന രാഷ്ട്രീയ പാർട്ടിയുടെ സൈബർ വിങ്ങിന്റെ പോസ്റ്റർ ആയി സോഷ്യൽ മീഡിയ വാളുകളിൽ വന്നത് ഓർക്കുന്നു; എന്നാൽ അതിന് ഔദ്യോഗിക അംഗീകാരമില്ലെന്ന് പറഞ്ഞു ആ സംഘടന വിവാദങ്ങളിൽ നിന്ന് തല ഊരിയെടുത്തെങ്കിലും സൈബർ പോരാളികൾ സ്വന്തം നിലക്കത് അത് ആവോളം പ്രചരിപ്പിച്ച് സുഖം കണ്ടെത്തിയിരുന്നു. ഒടുക്കം കെപിസിസി വർക്കിങ്‌‌ പ്രസിഡന്റ്‌ കെ സുധാകരനാണ് കുലത്തൊഴിലിന്റെ പേര് പറഞ്ഞ് മുഖ്യമന്ത്രിയെ അധിക്ഷേപിച്ചത്. ‘പിണറായി വിജയൻ ആരാ, കുടുംബമെന്താ,
ചെത്തുകാരന്റെ കുടുംബം’ എന്ന്‌ പറഞ്ഞാണ്‌ പ്രസംഗത്തിനിടെ കെ സുധാകരൻ മുഖ്യമന്ത്രിക്കു ‌നേരെ തിരിഞ്ഞത്‌. ‘ചെത്തുകാരന്റെ കുടുംബത്തിൽനിന്ന്‌ കേരളത്തിന്റെ മുഖ്യമന്ത്രിയായി. ചെത്തുകാരന്റെ വീട്ടിൽ നിന്നുയർന്നു വന്ന മുഖ്യമന്ത്രിക്ക്‌ സഞ്ചരിക്കാൻ ഹെലികോപ്റ്റർ. നിങ്ങൾക്ക്‌ അഭിമാനമാണോ അത്‌ എവിടെനിന്നു വന്നു. എങ്ങനെ ഈ നിലയിലെത്തി. അധികാര ദുർവിനിയോഗം നടത്താതെയാണോ’ എന്നിങ്ങനെ സുധാകരൻ ആവർത്തിച്ച് ചോദിക്കുമ്പോൾ കയ്യടിക്കുന്ന അണികളുടെ ചിന്താനിലവാരം സമ്മതിച്ചു കൊടുക്കണം. എതിര്‍ക്കപ്പെടുന്നത് പിണറായി വിജയന്‍ എന്ന മുഖ്യമന്ത്രിയോ അദ്ദേഹത്തിന്റെ സര്‍ക്കാരിന്റെ നയങ്ങളോ മാത്രമായിരുന്നെങ്കിൽ ആ എതിര്‍പ്പിനെ രാഷ്ട്രീയമായി മാത്രം കാണാനാകുമായിരുന്നു; പക്ഷെ അതിനൊരു "ഗുമ്മ്" കിട്ടാൻ കള്ള് ചെത്തെന്ന തൊഴിലിൽ ഏർപ്പെട്ടവർ സമൂഹത്തിന്റെ മുൻപന്തിയിലേക്ക് വരുന്നത് എന്തോ അസ്വാഭാവികമായ കാര്യമാണെന്നും അതിന് അഹിതമായതെന്തൊക്കെയോ ചെയ്യേണ്ടതുണ്ടെന്നും പറഞ്ഞ് വക്കുമ്പോൾ ആ തൊഴിലെടുത്ത് ജീവിക്കുന്നവരുടെ ആത്മാഭിമാനത്തെയാണ് ചോദ്യം ചെയ്യുന്നത്. 

ഇടുക്കി മുൻ MP ജോയ്‌സ് ജോർജിൻ്റെ സ്‌ത്രീവിരുദ്ധവും വ്യക്തിഹത്യാപരവവുമായ വിവാദ പ്രസ്‌താവന ഇപ്പോഴും കേരളം ചർച്ച ചെയ്ത് നിർത്തിയിട്ടില്ല. "പെൺകുട്ടികളുള്ള കോളേജിൽ മാത്രമേ രാഹുൽ പോകാറുള്ളൂ. വളഞ്ഞു നിൽക്കാനും നിവർന്നു നിൽക്കാനുമാണ് അദ്ദേഹം പഠിപ്പിക്കുന്നത്. എൻ്റെ പൊന്ന് മക്കളെ പെണ്ണൊന്നും കെട്ടിയിട്ടില്ലാത്ത രാഹുലിൻ്റെ മുന്നിൽ വളയാനും കുനിയാനും ഒന്നും പോയേക്കല്ല്. ഇതൊക്കെയാണ് അദ്ദേഹത്തിൻ്റെ പരിപാടി. ഇതൊക്കെയായിട്ടാണ് ഇപ്പോൾ നടപ്പ്” – ഇത്തരത്തിലുള്ള വഷളൻ കവലപ്രസംഗത്തിന് നിറഞ്ഞ ചിരിയോടെ കയ്യടിച്ചവരിൽ സംസ്ഥാനത്തെ ഒരു മന്ത്രിയടക്കം പല തട്ടിലുള്ള ജനപ്രതിനിധികളും നേതാക്കളുമൊക്കെ ഉണ്ടായിരുന്നു. 

"ഓട്ടോക്കാരന്റെ മകനൊക്കെയാണ് IT കമ്പനി തുടങ്ങിയിരിക്കുന്നത്; മറ്റൊരാൾ ലോഡ്ജ് നടത്തിപ്പുകാരൻ" ഏതാനും മാസങ്ങൾക്ക് മുൻപ് കോൺഗ്രസ് നേതാവ് വി ഡി  സതീശൻ ചാനൽ ചർച്ചയിൽ പറഞ്ഞ വാക്കുകളാണിത്. ഡോക്ടറുടെ മകൻ ഡോക്ടറും വക്കീലിന്റെ മകൻ വക്കീലും രാഷ്ട്രീയക്കാരന്റെ മകൻ രാഷ്ട്രീയക്കാരനും.... അങ്ങനെയൊക്കെയേ ആകാവൂ എന്നാണോ ഇവരൊക്കെ മുന്നോട്ട് വയ്ക്കുന്ന ആശയങ്ങൾ. ഓട്ടോക്കാരന്റെ മകനും ലോഡ്ജ് നടത്തിപ്പുകാരനും ഐടി സ്റ്റാർട്ട് ആപ്പ് കമ്പനി തുടങ്ങുന്നത് പോലും അംഗീകരിക്കാൻ കഴിയാത്ത അതേ മനോഭാവം തന്നെയാണ് ചെത്തുകാരന്റെ മകൻ മുഖ്യമന്ത്രി ആകുന്നതിൽ തോന്നുന്ന വല്ലായ്മ. ആരോഗ്യമന്ത്രി കെ കെ ശൈലജയെ തുന്നല്‍ ടീച്ചറെന്നും ഫിഷറീസ്-കയര്‍ വകുപ്പ് മന്ത്രി മേഴ്‌സിക്കുട്ടിയമ്മയെ അണ്ടിക്കുഞ്ഞമ്മയെന്നും വിളിച്ച് അധിക്ഷേപിക്കുന്നതിലും തൊഴിലിലെ ഉച്ഛനീചത്വബോധം തന്നെയാണ് പ്രകടമാകുന്നത്. 

ഇക്കാര്യത്തിൽ ഇടതുപക്ഷത്തും ആരോപിതർ ധാരാളമുണ്ട്.  ആലപ്പുഴയിലെ സിപിഎം വിട്ട് സിപിഐയിൽ ചേർന്ന ടി ജെ ആഞ്ചലോസിനെ “മീൻ പെറുക്കി നടന്നവൻ” എന്ന് വിളിച്ചത് കേരളത്തിന്റെ മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനായിരുന്നു. കോൺഗ്രസിൽ നിന്നുള്ള മന്ത്രിയും എം എൽ എ യുമായിരുന്ന എം എ കുട്ടപ്പനെ “ഹരിജൻ കുട്ടപ്പൻ” എന്ന് വിളിച്ചത് മുൻ മുഖ്യമന്ത്രി ഇ കെ നായനാർ ആണ്. ആ കേസ് സുപ്രീം കോടതി വരെ പോയതുമാണ്. ഇ എം എസ്‌ നമ്പൂരിപ്പാടിന്റെ മകൻ ശ്രീധരൻ സഖാവ് ഗൗരിയമ്മയെ “ഗൗരി ചോത്തി” എന്ന് വിളിച്ചധിക്ഷേപിച്ചെന്നും ഗൗരിയമ്മ കരഞ്ഞു എന്നും വായിച്ചിട്ടുണ്ട്. 'ആ പന്നപ്പുലയന്‍' എന്ന് എംഎല്‍എയും സിപിഐ
നേതാവുമായ ചിറ്റയം ഗോപകുമാറിനെ സിപിഐ പത്തനംതിട്ട ജില്ല അസി.സെക്രട്ടറി മനോജ് ചരളേല്‍ വിളിച്ചതിന് പാർട്ടി നടപടി നേരിട്ടത് ഒരുപാട് പഴയ കഥയല്ല. സഹ മെമ്പർ ജാതി അധിക്ഷേപം നടത്തിയെന്ന്​ പരാതി നൽകിയെങ്കിലും നടപടി എടുക്കാത്തതിൽ പ്രതിഷേധിച്ച് കൂടരഞ്ഞി പഞ്ചായത്തിലെ സി.പി.ഐ (എം) അംഗം കെ.എസ്​. അരുൺകുമാർ രാജിവെച്ച വാർത്ത വന്നത് കഴിഞ്ഞ വർഷമാണ്. പാർട്ടി ഏരിയാ നേതൃത്വത്തിന്റെ ഭാഗത്തുനിന്ന് മാനസിക പീഡനവും ജാതീയ അധിക്ഷേപവും ഉണ്ടായിട്ടുണ്ടെന്ന് ആരോപിച്ചു കൊണ്ട് സി പി ഐ (എം) വിഴിഞ്ഞം ലോക്കൽ കമ്മിറ്റി സെക്രട്ടറി രാജി വച്ചത് കഴിഞ്ഞ ദിവസമാണ്.

പതിറ്റാണ്ടുകൾക്ക് മുൻപ് ഈഴവ (ചോവോൻ) സമുദായത്തിൽ പെട്ട കെ ആർ ഗൌരിയമ്മ ഭരിക്കുന്നതും ക്രിസ്ത്യാനിയായ ടി വി തോമസിന്റെ ഭാര്യയാകുന്നതും സഹിക്കാൻ പറ്റാതെ പോയ എതിർപക്ഷക്കാർ അന്ന് വിളിച്ച മുദ്രാവാക്യമായിരുന്നു “ഗൗരിച്ചോത്തിയെ മടിയിലിരുത്തിയ റൗഡിത്തോമാ സൂക്ഷിച്ചോ”…എന്നത്. "ഗൌരിച്ചോത്തീ പെണ്ണല്ലേ പുല്ലു പറിക്കാന്‍ പോയ്ക്കൂടെ ? " എന്ന മുദ്രാവാക്യവും അവർണ്ണ വിരുദ്ധവും സ്ത്രീ വിരുദ്ധവും ആയിരുന്നു എന്ന് പ്രത്യേകം പറയേണ്ട കാര്യമുണ്ടോ ? "ഗൗരിച്ചോത്തിയെ മടിയിലിരുത്തി നാടു ഭരിക്കും നമ്പൂരീ"യെന്നും "ഗൗരിച്ചോത്തീടെ കടി മാറ്റാന്‍ കാച്ചിയതാണീ മുക്കൂട്ട്" എന്നുമൊക്കെ മുദ്രാവാക്യം വിളിച്ചിട്ടുണ്ടെന്ന് ആവേശത്തോടും അഭിമാനത്തോടും വിളിച്ചു പറയുന്ന ആളുകൾ ഞങ്ങളുടെ നാട്ടിൽ അടുത്ത കാലത്ത് വരെ ജീവിച്ചിരുന്നു; അതൊക്കെ ഓർത്ത് ഊറ്റം കൊള്ളുന്നവരും.  

ജനാധിപത്യ കേരളത്തിലെ പ്രഥമ ജനകീയ മന്ത്രിസഭയിലെ മന്ത്രിയായിരുന്ന പി കെ ചാത്തന്‍മാസ്റ്റര്‍ ദളിതനായിരുന്നു. പാളയില്‍ കിട്ടുന്ന കഞ്ഞിക്ക് വേണ്ടി നിലം ഉഴാനായി കന്ന് പൂട്ടലും ഞാറു നടീലും തൊഴിലാക്കിയ വിഭാഗത്തിൽ പെട്ടയാൾ. അദ്ദേഹം മന്ത്രിയായതിന്റെ കയ്പ്പ് അന്നത്തെ വലതു പക്ഷം മാറ്റിയത് താഴെ കൊടുക്കുന്ന മുദ്രാവാക്യം പറഞ്ഞാണ്. "

"പാളേക്കഞ്ഞി കുടിപ്പിക്കും,

തമ്പ്രാനെന്ന് വിളിപ്പിക്കും,

ചാത്തന്‍ പൂട്ടാന്‍ പോകട്ടെ,

ചാക്കോ നാടു ഭരിക്കട്ടെ..."

വിമോചന സമരത്തിന് നേതൃത്വം കൊടുത്ത പി ടി ചാക്കോയാണ് നാടു ഭരിക്കാന്‍ യോഗ്യനെന്നും ചാത്തനൊക്കെ പൂട്ടാന്‍ പോയാല്‍ മതിയെന്നുമാണ് മുദ്രാവാക്യത്തിന്റെ പൊരുൾ.

പതിറ്റാണ്ടുകൾ കഴിഞ്ഞു; ഇന്ന് ഉയർന്ന സാക്ഷരത ഉള്ളവരാണെന്നും സാംസ്കാരികമായി ഏറെ വളർന്നവരാണ് എന്നും ഊറ്റം കൊള്ളുന്നവരാണ് നമ്മൾ മലയാളികൾ. പുരോഗമന  ആശയങ്ങളും വിപ്ലവ പ്രസ്ഥാനങ്ങളും ഉഴുതു മറിച്ച് നവോത്ഥാനം വിതച്ച് വെള്ളം കോരി വളമിട്ട കേരള മണ്ണിൽ അയിത്തത്തിന്റെയും ജാതി ചിന്തയുടെയും തൊഴിലിലെ ഉച്ഛനീചത്വബോധത്തിന്റെയും വിഷച്ചെടികൾ ഇന്നും തഴച്ചു വളർന്നു നിൽക്കുന്നുവെന്നതിന്റെ ഏറ്റവും തികഞ്ഞ ഉദാഹരണങ്ങളാണ് പലപ്പോഴായി നമ്മുടെ രാഷ്ട്രീയക്കാരിൽ നിന്ന് പുറപ്പെടുന്ന ചില വാക്കുകൾ. സമൂഹത്തിന്റെ പ്രതിനിധികൾ ആണല്ലോ രാഷ്ട്രീയക്കാർ; ആ അർത്ഥത്തിൽ കേരള സമൂഹത്തിന്റെ ഭാഗമായിട്ടുള്ള ആർക്കും ഈ വിഷയത്തിൽ കാര്യമായി മേനി നടിക്കാനില്ല. നവോത്ഥാന പ്രസ്ഥാനങ്ങളുടെ സ്വാധീനത്താല്‍ ജാതിയുടെയും മതത്തിന്റെയും ചെയ്യുന്ന തൊഴിലിന്റെയും അടിസ്ഥാനത്തിൽ മനുഷ്യനെ വേർതിരിക്കുന്ന ചിന്തകള്‍ പുറത്ത് പറയാൻ ആളുകൾക്ക് ചെറിയ ജാള്യതയൊക്കെ വന്നു എന്നല്ലാതെ സ്വത്തും അധികാരവും നഷ്ടപ്പെട്ട മേലാളൻ പോലും കീഴാളനെ അംഗീകരിക്കാന്‍ തയ്യാറാവുന്നില്ല എന്ന സത്യം അംഗീകരിക്കാതെ തരമില്ല. എന്തൊക്കെ വികസനവും പുരോഗതിയും പരിഷ്കാരവും അവകാശപ്പെട്ടാലും സാംസ്‌കാരിക കേരളം ഏറെ മുന്നോട്ട് പോയില്ല എന്ന് മാത്രമല്ല സഞ്ചരിക്കുന്നത് പിന്നോട്ടാണോയെന്ന് സംശയിക്കേണ്ടിയുമിരിക്കുന്നു. സ്ത്രീ വിരുദ്ധത, ലൈംഗികച്ചുവയുള്ള അപകീർത്തിപ്പെടുത്തൽ, ദ്വയാർത്ഥപ്രയോഗങ്ങൾ, അശ്ളീലം നിറഞ്ഞ ഒളിവാക്കുകൾ, അറപ്പുളവാക്കുന്ന വഷളത്തരങ്ങൾ...ഇവയൊക്കെ ഒഴിവാക്കി പൊളിറ്റിക്കൽ കറക്ട്നെസ്സ് ഉള്ള വാക്കുകളിൽ രാഷ്ട്രീയം പറയാൻ എന്നാണ് നമ്മുടെ ജനപ്രതിനിധികളും നേതാക്കന്മാരും പഠിക്കുന്നത്...!!???

"അറബിക്കഥ" സിനിമയിൽ സുരാജ് വെഞ്ഞാറമൂടിന്റെ ജെയിംസ് എന്ന കഥാപാത്രം പറഞ്ഞത് പോലെ "എത്രയൊക്കെ വിനയം മുഖത്ത് വാരി തേച്ച് വെച്ചാലും ഉള്ളിൽ കിടക്കണ ഫ്രോഡുകള് ഇടക്കിക്ക് തള്ളി തള്ളി പുറത്തോട്ട് വരും"... ഇത്രയുമൊക്കെ പറഞ്ഞത് കുറഞ്ഞ വാക്കുകളിൽ ഇങ്ങനെയും പറയാം - ഹൃദയത്തിന്റെ നിറവിലാണ് അധരം മൊഴിയുന്നത്...!!!

ഏറെക്കുറെ സമാനമായ വിഷയത്തിൽ മുൻപെഴുതിയത് വായിക്കാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക ==>>>>ടാങ്കിലുള്ളതല്ലേ ടാപ്പിലൂടെ വരൂ.......

 ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക



അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക