ഞാൻ വെറും പോഴൻ

Tuesday 20 October 2020

ദൈവേ... ഇതൊക്കെ കണ്ടിട്ട് എങ്ങനാ സഹിക്ക്യാ; ല്ലേ !!???

ഈ പോസ്റ്റ് ഒന്ന് കൂടി അപ്‌ഡേറ്റ് ചെയ്ത റീപോസ്റ്റ് ചെയ്തിട്ടുണ്ട്....
വായിക്കാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക...

Friday 9 October 2020

മാറണം; പോലീസും ജനങ്ങളും

ജനങ്ങൾക്ക് പോലീസിനോടുള്ള മനോഭാവം മാറ്റേണ്ട സമയം കഴിഞ്ഞിരിക്കുന്നുവെന്ന പ്രസ്താവന ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിംഗ് നടത്തിയത് ട്വിറ്ററിൽ വൈറൽ ആയത് കഴിഞ്ഞ മാർച്ചിലാണ്. കൊവിഡ്-19 മഹാമാരി വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് 21 ദിവസത്തെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ കടുത്ത നടപടികൾ എടുത്ത പോലീസുകാരെ പ്രതിരോധിക്കുകയും കായികമായി നേരിടുകയും ചെയ്യുന്ന വീഡിയോകൾ വ്യാപകമായി പുറത്ത് വന്നിരുന്നു. ഇതില്‍ രോഷം നിറഞ്ഞാണ് വിമര്‍ശനവുമായി ഭാജി രംഗത്തെത്തിയത്. പോലീസുകാരെ ആളുകൾ മര്‍ദ്ദിക്കുന്ന വീഡിയോ സഹിതമാണ് അദ്ദേഹം വിമര്‍ശന പോസ്റ്റിട്ടത്. "പോലീസിനോടുള്ള വൃത്തികെട്ട മനോഭാവം ജനങ്ങള്‍ മാറ്റേണ്ട സമയം അതിക്രമിച്ചിരിക്കുന്നു, നമ്മുടെ ജീവന്‍ രക്ഷിക്കാന്‍ വേണ്ടി സ്വന്തം ജീവന്‍ പണയംവെക്കുന്നവരാണ് പോലീസെന്ന കാര്യം മറക്കരുത്. അവര്‍ക്കും കുടുംബമുണ്ട്, എന്നാല്‍ രാജ്യത്തിനായാണ് അവര്‍ ജോലി ചെയ്യുന്നത്. എന്തുകൊണ്ട് ആ ബോധം നമുക്കില്ലാതെ പോകുന്നു" ഹര്‍ഭജന്‍ ചോദിച്ചത് ഇങ്ങനെയൊക്കെയാണ്. 

പോലീസ് അതിക്രമങ്ങളുടെ വാർത്ത കേട്ടാലുടൻ ഭൂരിഭാഗം പേരും പറയുന്ന കാര്യമാണ് പോലീസ് നന്നാവണം, പോലീസ് കാലാനുസൃതമായി പരിഷ്കരിക്കപ്പെടണം, നവീകരിക്കപ്പെടണം എന്നതൊക്കെ. ബ്രിട്ടീഷുകാരുടെ മർദ്ദനോപകരണമായിരുന്ന പോലീസ് ബ്രിട്ടീഷ് രാജ് അവസാനിച്ചെങ്കിലും അന്നത്തെ ശീലങ്ങളിൽ നിന്ന് പൂർണ്ണ വിടുതൽ പ്രാപിച്ചിട്ടില്ല എന്നത് ഒരു സത്യമാണ്. അന്നത്തെ കാക്കി പോലെ മനോഭാവവും കാലാനുസൃതമായ മാറ്റമില്ലാതെ തുടരുന്നു. മനുഷ്യത്വമുഖമില്ലാത്ത ഹയരാർക്കിയാൽ അധികാര ഘടനയുടെ താരതമ്യേന താഴെക്കിടയിൽ വരുന്ന സാദാ പോലീസുകാരും പെറ്റി ഇൻസ്പെക്ടർമാരും ഹയരാർക്കിയൽ ഓർഡറിൽ തങ്ങൾക്ക് ലഭിക്കുന്ന ദുരനുഭവങ്ങളും അംഗീകാരനഷ്ടങ്ങളും ഡിസ്പ്ലേസ് ചെയ്യാൻ പലപ്പോഴും പൊതുജനങ്ങളുടെ മുതുകും ശരീരവും ഉപയുക്തമാക്കുന്നുണ്ടെന്ന വസ്തുതയും വിസ്മരിക്കാനാവില്ല. 

അതേ സമയം, പൊലീസിന് ജനങ്ങളോടുള്ള മനോഭാവം പോലെ തന്നെ മാറേണ്ടതാണ് ജനങ്ങൾക്ക് പോലീസിനോടുള്ള സമീപനവും മനോഭാവവും. പോലീസിനോട് പ്രകടിപ്പിക്കേണ്ട ആദരവിനും അംഗീകാരത്തിനും ഉപരി അവരോട് ഭയവും അടിമ സമാനമായ വിധേയത്വവും ഒക്കെയാണ് പൊതുവെ ജനവും കാത്തു സൂക്ഷിക്കുന്നത്. പൗരന്റെ ജീവനും സ്വത്തിനും കാവൽ ആവേണ്ട പോലീസിനെ ഭയന്ന് മുണ്ടു മടക്കിക്കുത്തഴിച്ച് ഓച്ഛാനിച്ച് നിന്ന് ശീലിച്ചവരാണ് ഒരു കൂട്ടം പൗരന്മാരെങ്കിൽ പോടാ പുല്ലേ പോലീസെ എന്ന മുദ്രാവാക്യവും വിളിക്കാനും എന്നോട് കളിച്ചാൽ ഓണം കേറാമൂലയിലേക്ക് ട്രാൻസ്ഫർ ചെയ്യും എന്നും തലയിൽ തൊപ്പി കാണില്ലെന്നും വിരട്ടുന്ന പണവും അധികാരവും സ്വാധീനവും ഉള്ളവരാണ് ബാക്കിയുള്ളവർ. പോലീസ് വണ്ടി തല്ലിപ്പൊളിക്കുന്നതിലും പോലീസിന്റെ തല എറിഞ്ഞ് തകർക്കുന്നതിലും പോലീസ് ബാരിക്കേഡ് ചാടിക്കടക്കുന്നതിലും സമര വിജയം കണ്ടെത്തുന്ന ബഹുജന സംഘടനകൾ എന്ത് എന്ത് മനോഭാവമാണ് കാത്ത് സൂകഷിക്കുക. വീട്ടിൽ ഭക്ഷണം കഴിക്കാൻ
മടി കാണിക്കുന്ന കുഞ്ഞുങ്ങളെയും ചെറിയ കുസൃതി കാണിക്കുന്ന കുഞ്ഞുങ്ങളെയും വരുതിക്ക് കൊണ്ട് വരാൻ പോലും പോലീസിനെ വിളിക്കും എന്നൊക്കെയാണ് പലപ്പോഴും പറയുക. 

ചെറുപ്പത്തിലേ പോലീസിനെ ഭയക്കാതിരിക്കാനും അവരുടെ സേവനങ്ങളെ ആദരിക്കാനും കുഞ്ഞുങ്ങളെ പരിശീലിപ്പിക്കേണ്ടി ഇരിക്കുന്നു. തങ്ങൾ "ഏമാന്മാർ" അല്ലെന്നും ജനസേവകരാണെന്നും പ്രവർത്തി കൊണ്ട് കാണിച്ചു കൊടുക്കാൻ പോലീസുകാർക്കും കഴിയണം. ബ്രിട്ടീഷ് ഭരണം മുതലിങ്ങോട്ട് ശീലിച്ചു പോയ മൂന്നാം മുറ പോലീസിംഗ് മാറ്റിയെടുക്കാൻ ഒറ്റ രാത്രി കൊണ്ട് സാധിക്കില്ല; പക്ഷെ വർഷങ്ങൾ കൊണ്ട് സാധിക്കണമെങ്കിൽ പോലീസും ജനങ്ങളും മനോഭാവങ്ങളും സമീപനങ്ങളും അടി മുടി മാറ്റേണ്ടതുണ്ട്. 

തമിഴ്നാട്ടിൽ "കാവൽ" എന്നാണ് പോലീസിന് വിളിപ്പേര്; ഇവിടെ "ജനമൈത്രി" എന്നും.... കേരളത്തിൽ എന്ന് മാത്രമല്ല ഈ രാജ്യത്ത് ഏതെങ്കിലും സംസ്ഥാനത്ത് പോലീസിനെ കാവൽ എന്ന് ആത്മാർത്ഥമായി വിളിക്കാൻ അടുത്തെങ്ങാനും സാധിക്കുമോ !?? പോലീസിനെ നവീകരിക്കുമെന്ന ക്ളീഷേ പ്രഖ്യാപങ്ങൾ ഭരണാധികാരികളും പോലീസ് മേധാവികളും പറയുന്നത് കേട്ട് ജനങ്ങൾ മടുത്തു. നവീകരിച്ചില്ലെങ്കിലും മാനവീകരിക്കാനുള്ള നടപടികൾ വകുപ്പ് തലത്തിൽ തന്നെ സ്വീകരിക്കണം. വകുപ്പ് തല നടപടി ഉണ്ടായില്ലെങ്കിലും ഓരോ പോലീസുകാരനും ആത്മാർഥമായി മനസ് വച്ചാൽ മാനവീകരണം കുറച്ചു കൂടി എളുപ്പത്തിലാവുമെന്നാണ് തോന്നുന്നത്.  

ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക https://www.facebook.com/achayatharangal.blogspot.in 

അല്ലെങ്കില്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക https://www.facebook.com/groups/224083751113646/