ഞാൻ വെറും പോഴൻ

Friday 25 February 2022

"ഭീഷ്മപർവ്വ"ത്തിലെ പ്രാന്തൻ കുരിയച്ചൻ ആരാണ് !?


പുതിയ മമ്മൂട്ടി ചിത്രമായ ഭീഷ്മ പര്‍വ്വത്തിന്റെ ട്രെയ്‌ലര്‍ വന്നത് തീരെ അപ്രതീക്ഷിതമായിട്ടായിരുന്നു. ലക്ഷക്കണക്കിന് പേരാണ് ഇത് വരെ ട്രെയിലർ കണ്ടിട്ടുള്ളത്. ട്രെയിലറിൽ ഒരു ഭാഗത്ത് പറയുന്ന ഒരു ഡയലോഗാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാവിഷയം. സിനിമയിലെ ഒരു കഥാപാത്രം പറയുന്ന ആ ഡയലോഗ് ഇപ്രകാരമാണ്; "മൈക്കിളേട്ടായി എങ്ങാനും അറിഞ്ഞാലേ പിന്നെ പ്രാന്തന്‍ കുരിയച്ചന്‍ വിചാരിച്ചാല്‍ പോലും നമ്മളെ രക്ഷിക്കാന്‍ കഴിയില്ല" ഇതിൽ പ്രതിപാദിക്കുന്ന "പ്രാന്തന്‍ കുരിയച്ചന്‍" പടത്തിലെ ഏതെങ്കിലും ഭീകര കഥാപാത്രമായിരിക്കും എന്നാണ് പൊതുവെ പറയപ്പെടുന്ന അഭിപ്രായം. എന്നാൽ പടത്തിലെ കഥ പറയുന്ന പരിസരം കൊച്ചിയും മട്ടാഞ്ചേരിയും ഒക്കെ ആയത് കൊണ്ട് "പ്രാന്തന്‍ കുരിയച്ചന്‍" ഒരു കഥാപാത്രം ആകാൻ ഒരു സാധ്യതയുമില്ല. കൊച്ചിയുടെയും അതിന്റെ പരിസരങ്ങളുടെയും ജീവിതവും രീതികളും അറിയാവുന്നവർക്ക് "പ്രാന്തന്‍ കുരിയച്ചന്‍" തീരെ അപരിചിതനല്ല. വസ്തുതകളിൽ നിന്ന് ക്ര്യത്യമായി പറഞ്ഞാൽ "പ്രാന്തന്‍ കുരിയച്ചന്‍" ഒരു വ്യക്തിയോ കഥാപാത്രമോ പോലുമല്ല. അതൊരു മിത്താണ്; ഒരു കുരിശിനെ പറ്റിയുള്ള മിത്ത്. പക്ഷെ ആ മിത്ത് യാഥാർഥ്യത്തെക്കാൾ തെളിമയോടെയാണ് കൊച്ചിക്കാരുടെ ഉള്ളിൽ നില നിന്നു പോരുന്നതെന്ന് മാത്രം. 

കേരളത്തിലെ ക്രിസ്ത്യാനികളുടെ ചരിത്രത്തിൽ കൂനൻ കുരിശ് സത്യമെന്നും കൂനൻ കുരിശ് കലാപമെന്നുമൊക്കെ പ്രദിപാദിക്കപ്പെടുന്ന ഒരു സംഭവമുണ്ട്. AD 52 - ൽ, ക്രിസ്തുശിഷ്യനായ സെന്റ് തോമസ്, ക്രിസ്തുമതം പ്രസംഗിക്കുന്നതിനായി മുസിരിസിൽ വന്നിറങ്ങി എന്നും ഇന്ത്യയിൽ ആദ്യത്തെ ക്രിസ്ത്യാനികളുടെ സമൂഹം സ്ഥാപിച്ചതായും വിശ്വസിക്കപ്പെടുന്നു. കേരളത്തിലെ സെന്റ് തോമസിന്റെ അനുയായികളെ മാർ തോമ (സെയിന്റ് തോമസ്) ക്രിസ്ത്യാനികൾ എന്ന് വിളിക്കുന്നു. തുടർന്നുള്ള നൂറ്റാണ്ടുകളിൽ അവർ അന്ത്യോക്യൻ സഭയുമായി സഹവർത്തിത്വത്തിൽ തുടരുകയും അവരുടെ സഭാ ഭാഷയായി സുറിയാനി ഉപയോഗിക്കുകയും ചെയ്തു പോന്നു. പതിനാറാം നൂറ്റാണ്ടിന്റെ തുടക്കത്തോടെ, കൊച്ചിയിൽ പോർച്ചുഗീസുകാരുടെ സ്വാധീനം വർദ്ധിച്ചതോടെ, ജെസ്യൂട്ട് മിഷനറിമാർ കൊച്ചിയിൽ എത്തി കത്തോലിക്കാ മതം പ്രസംഗിക്കാൻ തുടങ്ങി. ജെസ്യൂട്ട് മിഷനറിമാർ കേരളത്തിലെ സഭയെ ലത്തീൻവൽക്കരിക്കാൻ ശ്രമിച്ചു. 1599-ൽ അവർ സെന്റ് തോമസ് ക്രിസ്ത്യാനികൾക്കായി നിയമങ്ങളും നിയന്ത്രണങ്ങളും ഏർപ്പെടുത്തുന്ന ഒരു കൗൺസിൽ, ഡയമ്പർ സിനഡ് (ഉദയംപേരൂർ സൂനഹദോസ്) സംഘടിപ്പിച്ചു. റോമൻ കത്തോലിക്കാ സഭയുടെ കീഴിലുള്ള സെന്റ് തോമസ് ക്രിസ്ത്യാനികളെ ഔപചാരികമായി ഒന്നിപ്പിക്കാനും അവരെ ലത്തീൻ ആചാരത്തിന്റെ അധികാരത്തിൻകീഴിൽ കൊണ്ടു വരാനുമുള്ള ശ്രമമായിരുന്നു ആ സിനഡ്. കേരളത്തിലെ സുറിയാനി പാരമ്പര്യത്തിൽപ്പെട്ട ക്രിസ്ത്യാനികളെ ലത്തീന്‍ സഭയുടെ ഭരണത്തിൻ കീഴിലാക്കാൻ ഇവിടെയുണ്ടായിരുന്ന പോർട്ടുഗീസുകാർ ഏറെക്കാലമായി കിണഞ്ഞ് ശ്രമിച്ചിരുന്നു. പോര്‍ട്ടുഗീസുകാരുടെ കാലങ്ങളായുള്ള ഈ ശ്രമം തദ്ദേശീയരായ സുറിയാനി ക്രിസ്ത്യാനികള്‍ മുൻപേ എതിര്‍ത്തിരുന്നു. റോമിലെ പോപ്പിന്റെ ആധിപത്യത്തിനു വേണ്ടി സഭയെ മാറ്റാനുള്ള പോര്‍ട്ടുഗീസുകാരുടെ ഈ ശ്രമം പല അഭിപ്രായ ഭിന്നതകൾക്കും വഴക്കിനുമൊക്കെ വഴി വച്ചിരുന്നു. മാർ തോമാ ക്രിസ്ത്യാനികള്‍ പ്രാര്‍ഥനയ്ക്ക് ഉപയോഗിച്ചിരുന്ന സുറിയാനി ഭാഷക്കു പകരം റോമന്‍ കത്തോലിക്കർ ഉപയോഗിച്ചിരുന്ന ലത്തീൻ ഭാഷയിലുള്ള പ്രാര്‍ഥനകൾ പോര്‍ട്ടുഗീസുകാര്‍ പള്ളികളില്‍ നിര്‍ബന്ധിച്ച് ഏര്‍പ്പെടുത്തിയതോടെ രംഗം വഷളായി. സുറിയാനി ക്രിസ്ത്യാനികളുടെ അഭ്യര്‍ഥനപ്രകാരം ബാബിലോണിയയിലെ യാക്കോബായ പാത്രിയാര്‍ക്കീസ് കേരളത്തിലേക്ക് അയച്ച ഒരു സുറിയാനി മെത്രാനെ പോര്‍ട്ടുഗീസുകാര്‍ തടഞ്ഞതോടെ പ്രശ്നം രൂക്ഷമായി. ഇതിനിടയില്‍ സുറിയാനി മെത്രാൻ വധിക്കപ്പെട്ടു എന്ന വാര്‍ത്ത പരന്നു. ക്ഷുഭിതരായ സുറിയാനി ക്രിസ്ത്യാനികള്‍ 1653-ല്‍ മട്ടാഞ്ചേരിയിലെ മട്ടാഞ്ചേരിയിലെ ഔവർ ലേഡി ഓഫ് ലൈഫ് പള്ളിയുടെ കപ്പേളയിൽ പഴയ കുരിശിന്റെ മുമ്പില്‍ ഒത്തു കൂടി. ലത്തീന്‍  ബിഷപ്പന്മാരെ അനുസരിക്കില്ലെന്ന് പ്രതിജ്ഞ ചെയ്യാനായിരുന്നു അവരുടെ പരിപാടി. എന്നാൽ ആൾക്കൂട്ടം വലുതായപ്പോൾ എല്ലാവരും കുരിശിൽ തൊട്ട് സത്യം ചെയ്യുക എന്നത് പ്രായോഗികമല്ലാതായി. ഒടുവിൽ ജനക്കൂട്ടം ആ കുരിശില്‍ വലിയ ഒരു വടം കെട്ടി അതില്‍ പിടിച്ച് "ലത്തീന്‍ ബിഷപ്പന്മാരെ അനുസരിക്കില്ലെന്ന്" പ്രതിജ്ഞ ചെയ്തു. അന്നത്തെ പ്രതിജ്ഞയുടെ ഏകദേശ വാചകങ്ങൾ ഇങ്ങനെയായിരുന്നത്രെ; 'പിതാവിനാലും പുത്രനാലും പരിശുദ്ധാത്മാവിനാലും ഇനി മുതൽ ഞങ്ങൾ ഗോവ ആർച്ച് ബിഷപ്പിനെയോ ഗോവയിലെ സെന്റ് പോൾസ് സെമിനാരിയിലെ മറ്റേതെങ്കിലും വൈദികരെയോ അനുസരിക്കുകയോ സമ്മതിക്കുകയോ ഇല്ല". ഏറെ ആളുകൾ സത്യം ചെയ്യാനായി വടത്തിൽ പിടിച്ചതോടെ കുരിശ് വളഞ്ഞ് കൂന്  ബാധിച്ചത് പോലെയായി എന്നാണ് പറയപ്പെടുന്നത്. ഇതിനെയാണ് "കൂനന്‍ കുരിശ് സത്യം', "കൂനന്‍ കുരിശ് പ്രതിജ്ഞ", "കൂനൻ കുരിശ് കലാപം" എന്നൊക്കെ ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുള്ളത്. 1653 ജനുവരി 3-നാണ് ഈ പ്രതിജ്ഞയെടുക്കപ്പെട്ടതെന്നാണ് ചില ചരിത്രകാരന്മാർ പറയുന്നത്.  ഈ സംഭവത്തിനു ശേഷമാണ് കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികൾ  'റോമൻ സുറിയാനി'കളെന്നും 'യാക്കോബായ സുറിയാനികളെ'ന്നും രണ്ടു വിഭാഗങ്ങളായത്. കേരളത്തിലെ ക്രിസ്ത്യാനികളെ ആകമാനം റോമിന്റെ ആധിപത്യത്തില്‍ കൊണ്ടു വരാനുള്ള പോര്‍ട്ടുഗീസുകാരുടെ ശ്രമം അങ്ങനെ പരാജയപ്പെട്ടു. നിർബന്ധബുദ്ധ്യാലുള്ള ഈ മതനയം സൃഷ്ടിച്ച പ്രശ്നങ്ങള്‍ പൊതുവെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും പോർട്ടുഗീസുകാരോടുള്ള വെറുപ്പിനും വിദ്വേഷത്തിനും കാരണമായി എന്നത് ചരിത്രവസ്തുതയാണ്. വൈദേശിക കോളനിവത്ക്കരണത്തിനെതിരായ നാട്ടുകാരുടെ ആദ്യ പ്രതിഷേധമെന്ന അർത്ഥത്തിൽ കൂനന്‍ കുരിശ് സത്യത്തെ വിശാലമായ കാഴ്ചപ്പാടിൽ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമാണെന്നും ചില ചരിത്രകാരന്മാർ  വ്യാഖ്യാനിക്കുന്നുമുണ്ട്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉത്ഭവിച്ച മത സംസ്കാരങ്ങൾ ഒത്തിണങ്ങി ജീവിക്കുന്ന ഒരു പ്രദേശമാണ് മട്ടാഞ്ചേരി. മുസ്ലിംങ്ങളും ഹിന്ദുക്കളും ജൈനന്മാരും ക്രിസ്ത്യാനികളും എന്തിന് ജൂതന്മാർ വരെ ജീവിക്കുന്ന പ്രദേശം. ഗുജറാത്തികളും കൊങ്ങിണികളും ആംഗ്ലോ ഇന്ത്യന്‍സും പോർട്ടുഗീസ് വംശജരും ലോകത്തിന്റെ മറ്റു പല പ്രദേശങ്ങളിൽ നിന്നുള്ളവരും കൂടിക്കലർന്നു ജീവിക്കുന്ന ഒരിടം. ചുരുക്കത്തിൽ ലോകത്തിന്റെ ഒരു കൊച്ചു പരിച്ഛേദം. 

മട്ടാഞ്ചേരി ബസാര്‍ റോഡിന്റെ സൈഡിലുള്ള ഒരു ചെറിയ ആരാധനാലയത്തിലാണ് കൂനൻ കുരിശ് എന്നപേരിൽ പ്രശസ്തമായ കൽക്കുരിശ് സ്ഥിതി ചെയ്യുന്നത്. മാർത്തോമാ സഭ മാർപ്പാപ്പയെ അംഗീകരിക്കുന്നവരെന്നും എതിര്‍ക്കുന്നവരെന്നും രണ്ടായി പിരിഞ്ഞത് കൂനന്‍കുരിശു സത്യത്തോടു കൂടിയാണെന്നിരിക്കെ, മാര്‍പ്പാപ്പയേയും റോമിനേയും അംഗീകരിക്കുന്ന മാര്‍ത്തോമ്മാ വിഭാഗത്തിന്‍റെ ഒരു പള്ളിയുടെ ഉള്ളിലാണ് ചരിത്രപ്രധാനമായ കൂനന്‍കുരിശിപ്പോള്‍ നിലനിൽക്കുന്നതെന്ന വസ്തുത കൗതുകം ജനിപ്പിക്കുന്നതാണ്. കൂനൻ കുരിശ് കപ്പേളയെ കുര്യച്ചന്റെ നട എന്നാണ് ഭക്തർ വിളിക്കുന്നത്. എന്നാൽ ജാതി മത സമുദായ വ്യത്യാസമില്ലാതെ നിരവധി ഭക്തരുടെ ആശാകേന്ദ്രമായ തീര്‍ത്ഥാടനസ്ഥാനമാണ് ഈ പള്ളി. ഈ കൽക്കുരിശിനെ യാണ് വിശ്വാസികൾ "പ്രാന്തന്‍ കുരിയച്ചന്‍" "പ്രാന്തൻ കുരിശ് മുത്തപ്പൻ" "പ്രാന്തൻ മുത്തപ്പൻ" എന്നൊക്കെ വിളിച്ചു പോരുന്നത്.  

പോര്‍ട്ടുഗീസ് ഭാഷയില്‍ സാന്താ ക്രൂസ് എന്നാൽ വിശുദ്ധ കുരിശെന്നും പാന്ത് ക്രൂസ് എന്നാല്‍ വളഞ്ഞ കുരിശെന്നുമാണ് അർത്ഥം. പോര്‍ച്ചുഗീസ് ഭാഷയറിയാത്ത നാട്ടുകാര്‍ പാന്ത് ക്രൂസ് എന്നത് പറഞ്ഞു പറഞ്ഞ് പ്രാന്താ ക്രൂസ്സും പ്രാന്തന്‍ കുരിശും പ്രാന്തന്‍ കുരിയച്ചനും ഒക്കെയായതാണെന്നു കരുതപ്പെടുന്നു. ചന്ത പ്രദേശത്ത് നാട്ടിയിരുന്ന കുരിശ് വഴി യാത്രക്കാര്‍ക്ക് ചിലപ്പോഴൊക്കെ വിശ്രമസ്ഥലമായപ്പോള്‍ "പാന്ഥന്‍ കുരിശെ"ന്ന പേരുണ്ടായി എന്നൊരു കഥയുമുണ്ട്. പാന്ഥന്‍ എന്ന വാക്കിന് വഴിപ്പോക്കൻ എന്നർത്ഥമുണ്ടല്ലോ. 

കളവ് പോയ സാധനങ്ങൾ വീണ്ടെടുത്ത് നൽകാനും അസാധ്യമെന്ന് കരുതുന്ന കാര്യങ്ങൾ സാധ്യമാക്കാനും പ്രാന്തൻ കുരിയച്ചനോടുള്ള പ്രാർത്ഥനക്ക് കഴിവുണ്ടെന്നാണ് ഇവിടത്തെ സന്ദർശകരുടെ വിശ്വാസിക്കുന്നത്. ആരുടെയെങ്കിലും എന്തെങ്കിലും സാധനം കളവു പോയാല്‍ ഉടന്‍ പ്രാന്തന്‍ കുരിയച്ചനു നേർച്ച നേർന്നാൽ മോഷ്ടാവ് അത് ഇരുചെവി അറിയാതെ തിരികെ കൊണ്ട് തരുമെന്നും അത് ചെയ്യാത്ത പക്ഷം മോഷ്ടാവിന് ഭ്രാന്ത് വരും എന്നുമാണ് വിശ്വാസം. അങ്ങനെ മോഷണം അപൂർവ്വസംഭവമല്ലാത്ത കമ്പോളഭാഗത്ത് പിരാന്തന്‍ കുരിയച്ചന്‍ മോഷ്ടാക്കള്‍ക്ക് പേടിസ്വപ്നമായി നിലനിൽക്കുന്നു. വിളക്കിലെ കുരിശിന്‍റെ മുകളിലൂടെ എണ്ണ ധാരയായി  ഒഴിക്കുന്നതും പൂമാല ചാർത്തുന്നതുമാണ് ഈ പള്ളിയിലെ പ്രധാന നേർച്ചകൾ.

മട്ടാഞ്ചേരിക്കാരുടെ ഇതേ പ്രാന്തൻ കുര്യച്ചനെക്കുറിച്ചാണ് കൊച്ചിയുടെയും കൊച്ചിക്കാരുടെയും കഥ പറയുന്ന ഭീഷ്മപർവ്വം സിനിമയിൽ പ്രതിപാദിക്കുന്നതെന്ന് അനുമാനിക്കുന്നതിൽ സാംഗത്യം ഉണ്ടെന്നാണ് എനിക്ക് തോന്നുന്നത്...

ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക


അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക