ഞാൻ വെറും പോഴൻ

Tuesday 2 October 2018

അഭിവന്ദ്യ ഫ്രാങ്കോയുടെ ജയിൽ വാസവും ചില സുവിശേഷഭാഗ്യങ്ങളും !!!


പ്രത്യേകിച്ച് വിശദീകരണം ആവശ്യമില്ലാത്ത വേദപുസ്തക ഭാഗമാണ് ഗിരിപ്രഭാഷണം...

എട്ട് സുവിശേഷ ഭാഗ്യങ്ങൾ മുന്നോട്ട് വയ്ക്കുന്ന മഹത്തായ വേദപാഠം... 

വചനപുസ്തകത്തിന്റെ തന്നെ രത്നചുരുക്കമായാണ് ഗിരിപ്രഭാഷണത്തെ കരുതിപ്പോരുന്നത്. യേശു, തന്റെ അനുയായികൾക്ക് അവശ്യം ഉണ്ടായിരിക്കണമെന്ന് കരുതുന്ന ധാർമ്മികവും നീതിനിഷ്ഠവും ആത്മീയവുമായ അടിസ്ഥാന സ്വഭാവഗുണങ്ങളുടെ ഒരു പട്ടികയായി ഇതിനെ കണക്കാക്കാം. അത് ഏകദേശം താഴെപ്പറയുന്ന രീതിയിലാണ്.

അവൻ പുരുഷാരത്തെ കണ്ടപ്പോൾ മലയിലേക്ക് കയറി പഠിപ്പിക്കാനാരംഭിച്ചു.

1. ആത്മാവിൽ ദരിദ്രർ ഭാഗ്യവാന്മാർ; സ്വർഗ്ഗരാജ്യം അവർക്കുള്ളതാകുന്നു.

2.  ദുഃഖിക്കുന്നവർ ഭാഗ്യവാന്മാർ; അവർക്കു ആശ്വസിപ്പിക്കപ്പെടും. 

3. സൌമ്യതയുള്ളവർ ഭാഗ്യവാന്മാർ; അവർ ഭൂമിയെ അവകാശമാക്കും.

4. നീതിക്കു വേണ്ടി വിശക്കുകയും ദാഹിക്കുകയും ചെയ്യുന്നവർ ഭാഗ്യവാന്മാർ; അവർക്കു തൃപ്തരാകും.

5. കരുണയുള്ളവർ ഭാഗ്യവാന്മാർ; അവർക്കു കരുണ ലഭിക്കും.

6. ഹൃദയശുദ്ധിയുള്ളവർ ഭാഗ്യവാന്മാർ; അവർ ദൈവത്തെ കാണും.

7. സമാധാനം ഉണ്ടാക്കുന്നവർ ഭാഗ്യവാന്മാർ; അവർ ദൈവത്തിന്റെ പുത്രന്മാർ എന്നു വിളിക്കപ്പെടും.

8. നീതിക്ക് വേണ്ടി പീഢയനുഭവിക്കുന്നവർ ഭാഗ്യവാന്മാർ; സ്വർഗ്ഗരാജ്യം അവർക്കുള്ളതാകുന്നു.

എന്നെ പ്രതി മറ്റുള്ളവർ നിങ്ങളെ പഴിക്കയും ഉപദ്രവിക്കയും നിങ്ങളെക്കൊണ്ടു എല്ലാ തിന്മയും കളവായി പറയുകയും ചെയ്യുമ്പോൾ നിങ്ങൾ ഭാഗ്യവാന്മാർ. സ്വർഗ്ഗത്തിൽ നിങ്ങളുടെ പ്രതിഫലം വലുതായിരിക്കും; നിങ്ങൾക്കു മുമ്പെയുണ്ടായിരുന്ന പ്രവാചകന്മാരെയും അവർ അങ്ങനെ തന്നെ ഉപദ്രവിച്ചുവല്ലോ.

മേൽപ്പറഞ്ഞ എട്ട് സൗഭാഗ്യങ്ങളെയും അവ മുന്നോട്ട് വയ്ക്കുന്ന വാഗ്ദാനങ്ങളെയും സസൂക്ഷ്മം നിരീക്ഷിച്ചാൽ സൗഭാഗ്യങ്ങൾ ഏഴേ ഉള്ളൂ എന്ന് കാണാം; കാരണം നാലും എട്ടും നീതിയെപ്പറ്റി തന്നെയാണ് പറയുന്നത്. ആവർത്തിച്ചത് കൊണ്ട് തന്നെ അത് പരമപ്രധാനമായിട്ടാണ് യേശു കാണുന്നതെന്ന് കരുതാം. അതേ സാമാന്യ നീതിയുടെ വാതിലുകൾ പരാതിക്കാരിയുടെ മുന്നിൽ നിർദ്ദയം കൊട്ടിയടയ്ക്കപ്പെട്ടപ്പോഴാണ് അവൾ പൊതുസമൂഹത്തെ സമീപിച്ചതും ഒരു വലിയ സമൂഹം അവൾക്ക് പുറകിൽ നിലകൊണ്ടതും. ഫ്രാങ്കോയ്ക്കാണെങ്കിൽ വന്ദ്യ പിതാക്കന്മാരുടെയും സന്യസ്തരുടെയും പരസ്യ പിന്തുണ; രാഷ്ട്രീയക്കാരുടെ അപ്രഖ്യാപിത ഐകദാർഢ്യം; ധ്യാനഗുരുക്കന്മാരുടെ പ്രാർത്ഥനാ സഹായങ്ങൾ; സോഷ്യൽ മീഡിയ സിങ്കങ്ങളുടെയും ചാനൽ ചർച്ചാപുലികളുടെയും വാഴ്ത്തുപാട്ടുകൾ; എന്തിനേറെ പറയുന്നു; പ്രഖ്യാപിത ശത്രുക്കളായിരുന്ന അറക്കൽ മത്തായിച്ചനും പ്ലാത്തോട്ടം വക്കച്ചനും ഫ്രാങ്കോയ്ക്ക് വേണ്ടി ഒന്നായി. 

"അടിച്ചമർത്തപ്പെട്ടവർക്ക് സ്വാതന്ത്ര്യവും ബന്ധിതർക്ക് മോചനവും നല്കുവാനാണ്" യേശുക്രിസ്തു വന്നതെന്നാണ് എന്റെയൊരു ധാരണ. അടിച്ചമർത്തപ്പെട്ടവളെ അവഗണിക്കുകയും ബന്ധിതനെ പരിഗണിക്കുകയും ചെയ്യുമ്പോഴാണ് കാര്യങ്ങൾ ആകെ കുഴയുന്നത്. ഇവിടെ സഭാ നേതൃത്വവും വിശ്വാസികളിൽ ചിലരും സമൂഹത്തിലെ ചില ഉന്നതരും പരാതിക്കാരിയെ വീണ്ടും വീണ്ടും ഇകഴ്ത്താനും കടുത്ത അവഗണനയുടെ അനുഭവം സമ്മാനിക്കാനുമാണ് കിണഞ്ഞു ശ്രമിക്കുന്നത്; അതെ സമയം അവർ നിയമപരമായി കുറ്റാരോപിതനായ ജയിലിലടയ്ക്കപ്പെട്ട ആളെ വെള്ളപൂശാൻ ആവത് ശ്രമിച്ചു കൊണ്ടേയിരിക്കുന്നു. 

എന്തായാലും പരാതി ഫയൽ ചെയ്യപ്പെട്ടിട്ടും പത്ത് തൊണ്ണൂറ് ദിവസം സർവ്വ തന്ത്ര സ്വതന്ത്രനായി നടക്കാൻ പറ്റിയില്ലേ; മുന്തിയ സ്വാമിമാർക്കും മുല്ലാക്കമാർക്കും രാഷ്ട്രീയനേതാക്കൾക്കും സിനിമാ നടന്മാർക്കും ഒന്നും കിട്ടാതെ പോയ ആനുകൂല്യമാണത്. എന്തായാലും കാര്യങ്ങൾ പ്രതീക്ഷിച്ചത് പോലെ കയ്യിൽ നിന്നില്ല;  അകത്ത് പോകേണ്ടി വന്നു; കുറച്ച് ദിവസം സർക്കാർ ഭക്ഷണം കഴിക്കട്ടേന്ന്; അഥവാ, അദ്ദേഹം നീതിക്ക് വേണ്ടിയാണിതൊക്കെ സഹിക്കുന്നതെങ്കിൽ ഗിരിപ്രഭാഷണ വാഗ്ദാനമനുസരിച്ച് തൃപ്തിയും സ്വർഗ്ഗരാജ്യവും ഒക്കെ വഴിയേ കിട്ടിക്കോളും. ഇല്ലെങ്കിൽ സർക്കാർ ഭക്ഷണം തുടർന്നും കഴിക്കേണ്ടി വരികയും ചെയ്യും. എന്ത് ചെയ്യാനാ... കർത്താവിന്റെ കുഞ്ഞാടുകളെ ഭരമേല്പിച്ചിരിക്കുന്ന ഇടയനെ കാക്കാൻ കർത്താവിന് പറ്റിയില്ലെങ്കിൽ പിന്നെ അനുഭവിക്കുക തന്നെ !!! അവന് തീർച്ചയായും നല്ല മുന്തിയ ഒരു പദ്ധതി കാണും; കാരണം, എന്റെ കർത്താവ് വെറും പോഴനല്ല !!! 

ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക



അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക