ഞാൻ വെറും പോഴൻ

Saturday 16 January 2021

കൂഴച്ചക്കയും കേരള കത്തോലിക്കാ സഭയും...


പ്ലസ് ടു ക്‌ളാസിൽ പഠിച്ചു കൊണ്ടിരുന്ന ഒരു പെൺകുട്ടിയെ ഒരാൾ നയത്തിലോ ഭീഷണിയിലോ പ്രലോഭനത്തിലോ വശീകരിച്ച് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നു; ദൗർഭാഗ്യവശാൽ പെൺകുട്ടി ഗർഭിണിയാകുന്നു; ഇത് ചെയ്തയാൾ ഒരു മധ്യവയസ്‌കൻ. കൗശലക്കാരനായ അയാൾ പണം കൊടുത്ത് ഈ ഗർഭം മറ്റൊരാളെക്കൊണ്ട് ഏറ്റെടുപ്പിക്കാൻ തീരുമാനിക്കുന്നു. ഏറ്റെടുക്കേണ്ട ആളെ കണ്ടെത്തുന്നു. ഗർഭം ഏറ്റെടുക്കേണ്ടി വരുന്ന നിർഭാഗ്യവാൻ മറ്റാരുമല്ല; ഈ പെൺകുട്ടിയുടെ അപ്പൻ തന്നെയാണ്. പെൺകുട്ടി പ്രസവിച്ച കുഞ്ഞിനെ ആശുപത്രിയിൽ നിന്ന് തന്നെ ഒരു അനാഥാലയത്തിലേക്ക് മാറ്റുന്നു. അതിന് ഒത്താശ ചെയ്തത് രണ്ടു മൂന്ന് സ്ത്രീകളും വാർദ്ധക്യത്തിലേക്ക് കാലൂന്നി നിൽക്കുന്ന ഒരാളും....

മറ്റൊരു സംഭവം; ചെറുപ്പക്കാരിയായ ഒരു വീട്ടമ്മ തനിക്കുണ്ടായ ഒരു വിവാഹേതര ലൈംഗിക ബന്ധത്തെക്കുറിച്ച് ഒരു ചെറുപ്പക്കാരനോട് പറയുന്നു. അയാൾ ഈ വിവരം ഉപയോഗിച്ച് ബ്ലാക്ക് മെയിൽ ചെയ്ത് ഈ പെൺകുട്ടിയെ ലൈംഗികമായി ചൂക്ഷണം ചെയ്യുന്നു. ഇയാൾ തന്നെ സുഹൃത്തുക്കൾക്ക് ഈ വിവരം കൈമാറുന്നു. അവരും ഇതേ ബ്ലാക്ക് മെയിൽ തന്ത്രത്തിലൂടെ ഈ വീട്ടമ്മയെ ലൈംഗികമായി ഉപയോഗിക്കുന്നു. ഒടുക്കം വിവരങ്ങൾ നാട്ടുകാരറിയുന്നു. 

ഇത് പോലുള്ള നിരവധി കേസുകൾ വേറെയും ഉണ്ട്. നികൃഷ്ടർ എന്നതിൽ കുറഞ്ഞ് എന്താണ് ഇവരെ വിളിക്കാനാവുക. നിങ്ങൾക്ക് തോന്നുന്നുണ്ടാവും ഇതൊക്കെ ഏതോ ഫ്രോഡ് കിമിനലുകളാണെന്ന്. എന്നാൽ ഈ പറഞ്ഞവരാരും പ്രത്യക്ഷത്തിൽ ഫ്രോഡുകളോ ഗുണ്ടകളോ തെമ്മാടികളോ ക്രിമിനൽ പശ്ചാത്തലമുള്ളവരോ ഒന്നുമല്ല; സമൂഹത്തിൽ മാന്യമായ പദവി അനുഭവിക്കുന്ന, ദൈവത്തിന്റെ പ്രതിപുരുഷന്മാരെന്നും കർത്താവിന്റെ മണവാട്ടിമാരെന്നും വിളിപ്പേരുള്ള കത്തോലിക്കാ സഭയിലെ പുരോഹിതന്മാരും കന്യാസ്ത്രീകളുമാണ്.  

കേരളത്തിലെ കത്തോലിക്കാ സഭയിലെ അംഗങ്ങൾക്കും പൊതുസമൂഹത്തിനും സഭയിലെ അച്ചന്മാരും കന്യാസ്ത്രീകളും ഉൾപ്പെടുന്ന തീരെ മോശം വാർത്തകൾ വരുമ്പോൾ ഞെട്ടലോ അവിശ്വസനീയതയോ ഇല്ലാതായി തുടങ്ങിയിട്ട് കുറച്ചു നാളുകളായി. വരുന്ന വാർത്തകളിലെ പല കേസുകൾക്ക് പിന്നിലെ സത്യാവസ്ഥയും യഥാർത്ഥ വസ്തുതകളും ആരോപിതർക്കും ദൈവം തമ്പുരാനും മാത്രമേ അറിയൂ എന്നത് സത്യമാണ്. അതെന്ത് തന്നെയായാലും, സഭയിലോ കന്യാസ്ത്രീമഠങ്ങളിലോ സഭയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിലോ ഉണ്ടാകുന്ന സാധാരണമല്ലാത്ത ഒരു സംഭവം പോലും ക്രൈമാണെന്നും മരണം ഒരു കൊലപാതകമാണെന്നും അച്ചന്മാരും കന്യാസ്ത്രികളും ബ്രഹ്മചര്യവ്രതം തെറ്റിക്കുന്നത് അസാധാരണമല്ലെന്നും എളുപ്പത്തിൽ ചിന്തിക്കുന്ന നിലയിൽ വിശ്വാസികളും പൊതുസമൂഹവും എത്തി എന്ന് മനസിലാക്കാൻ പാഴൂർ പടിപ്പുര വരെയൊന്നും പോകേണ്ട കാര്യമില്ല. സഭ എന്ന എസ്റ്റാബ്ലിഷ്‌മെന്റിനെ സംബന്ധിച്ച് ആപൽക്കരവും സഭയിലെ അംഗങ്ങൾ എന്ന നിലക്ക് വിശ്വാസികൾക്ക് ഏറെ അപമാനകരവും ആയ "വിശ്വാസ്യതാ നഷ്ടം" (Credibility Loss) എന്ന ഈ ദയനീയാവസ്ഥ ഒരു സുപ്രഭാതത്തിൽ പൊടുന്നനെ വന്നു ഭവിച്ചതല്ല; മറിച്ച് കാലാകാലങ്ങളായി സഭാനേതൃത്വത്തിൽ ഇരുന്നവരും അവരോട് ഒട്ടി നിന്നവരും മറ്റു ചില അഭ്യുദയകാംക്ഷികളും എല്ലാം തോളോട് തോൾ ചേർന്ന് അത്യദ്ധ്വാനം ചെയ്‌ത്‌ ആർജ്ജിച്ചെടുത്തതാണെന്ന് തന്നെ പറയേണ്ടി വരും.

പതിറ്റാണ്ടുകളുടെ ചരിത്രമുള്ള ലൈംഗികാരോപണങ്ങൾ, അസ്വാഭാവിക മരണങ്ങൾ, സാമ്പത്തികക്രമക്കേടുകൾ തുടങ്ങി അനവധി ക്രിമിനൽ കേസുകളിലെ അട്ടിമറികളുടെയും തേച്ചുമായ്ക്കലുകളുടെയും മൂടിവയ്ക്കലുകളുടെയും കഥകൾ കേട്ട് ബോധ്യത്തിലെത്തിയ സാധാരണക്കാർ, ഉന്നയിക്കപ്പെടുന്ന ഏത് ആരോപണവും വഴിയേ പോകുന്ന ഏത് അപവാദവും സത്യമാണെന്ന് ധരിച്ചു പോകുന്നതിനെ എങ്ങനെ കുറ്റപ്പെടുത്താനാകും. ഓരോ കേസ് വരുമ്പോഴും സഭയുടെ പേരിലും സഭക്കെന്ന പേരിലും ന്യായീകരണത്തൊഴിലുമായി ഇറങ്ങുന്നവരിൽ ഭൂരിഭാഗത്തിനും ഒരു ക്രെഡിബിലിറ്റിയും ഉണ്ടാകാറില്ലെന്ന് മാത്രമല്ല അവരിൽ പലരും ക്രിമിനൽ ആരോപണങ്ങളും കേസുകളും നേരിടുന്നവർ പോലുമാകാറുണ്ട്. സഭക്കും കർത്താവിനും വേണ്ടി എന്ന പേരിൽ  വേണ്ടി അവർ കേട്ടാലറക്കുന്ന തെറികളും പുലയാട്ടുകളുമാണ് പബ്ലിക്ക് വാളുകളിൽ പോലും കുറിച്ച് വക്കുന്നത്.

ഈ പൂരപ്പാട്ടിനും അധിക്ഷേപത്തിനും ചില അച്ചന്മാരും ധ്യാനഗുരുക്കളുടെ വലംകൈയായി പ്രവർത്തിക്കുന്ന മാന്യദേഹങ്ങളും ഒക്കെ ഉണ്ടെന്നതാണ് കൂടുതൽ ലജ്ജാകരം. ആരോപണങ്ങൾ ഉയരാൻ ഉണ്ടായ കാരണം അന്വേഷിച്ച് അതിന്റെ സത്യാവസ്ഥ പൊതുസമൂഹത്തിന് ബോധ്യപ്പെടണം എന്നാരെങ്കിലും പറഞ്ഞാൽ ഉടനെ ഇരവാദവും വോട്ട് ബാങ്ക് ബേസ്‌ഡ് ബ്ലാക്ക് മെയിലിംഗും ന്യായീകരണങ്ങളും സൈബർ ഗുണ്ടായിസവുമായി കുറെ വിശ്വസ്ത വിധേയരും കളം നിറയും. വാസ്തവഭദ്രമായ ആരോപണങ്ങൾ പോലും ഡിഫൻഡ് ചെയ്യാൻ വസ്തുതകളെ തമസ്കരിക്കുകയും സഭയ്ക്ക് വേണ്ടി വാസ്തവവിരുദ്ധതയിൽ ആത്മാർഥമായി ഊന്നി നിന്ന് വാദിക്കുന്ന വക്കീലന്മാർ, അടുത്തൂൺ പറ്റിയ ജഡ്ജിമാർ, സർവ്വീസിൽ നിന്ന് പോന്ന ഉന്നത പോലീസുദ്യോഗസ്ഥർ, മാധ്യമപ്രവർത്തകർ ഇവരെയൊക്കെ അണി നിരത്തി സഭാനേതൃത്വം കളിക്കുന്ന ചതുരംഗം കളി തികഞ്ഞ പരാജയത്തിൽ അവസാനിക്കാനേ സാധ്യത കാണുന്നുള്ളൂ. സഭയ്ക്കും സഭയിലെ പ്രമുഖർക്കുമെതിരെ ക്രിമിനൽ ആരോപണങ്ങൾ വരുമ്പോൾ അത് സാത്താൻ സേവകർ ടാർഗറ്റ് ചെയ്ത് പ്രവർത്തിക്കുന്നത് കൊണ്ടാണെന്നും അഥവാ സഭാനാഥന്മാർക്ക് വീഴ്ച പറ്റിയാൽ അതെല്ലാം പുതപ്പിട്ട് മൂടണമെന്നും പഠിപ്പിക്കുന്ന ധ്യാനഗുരുക്കൾ കൂടിയാവുമ്പോൾ അധഃപതനം പൂർത്തിയാകുന്നു.

കുറ്റകൃത്യങ്ങൾ തെളിയിക്കപ്പെട്ടവരെയും കുറ്റകൃത്യങ്ങൾ കയ്യോടെ പിടിക്കപ്പെട്ടവരേയും വർഷങ്ങളോളം തിരുവസ്ത്രത്തിൽ തന്നെ പൊതിഞ്ഞു സൂക്ഷിച്ച് നിയമത്തിൽ നിന്ന് ഒളിപ്പിച്ചു പിടിക്കുന്ന ഉളുപ്പില്ലായ്മയും കണ്ട് ശീലിച്ച പൊതു സമൂഹം പലതും ഊഹിക്കുന്നു, വിശ്വസിക്കുന്നു, ബോധ്യത്തിലെത്തുന്നു. പ്രമാദമായ മറിയക്കുട്ടി കൊലക്കേസിൽ തെളിവുകളുടെ അഭാവത്തിൽ പ്രതിസ്ഥാനത്ത് നിന്ന് ഒഴിവാക്കപ്പെട്ടയാളായിരുന്നു സഭയുടെ സഹനദാസൻ ബെനഡിക്ട് അച്ചൻ. സഭയുടെ പ്രമുഖനായ മാണി പുതിയിടം എന്ന കത്തനാര് പറയുന്നതനുസരിച്ച് 1960 - 70 കാലഘട്ടത്തിൽ തീർപ്പായ ഈ കേസിൽ DNA ഫിംഗർ പ്രിന്റിംഗ് ആണ് പ്രധാന തെളിവായതെന്നാണ്. 1984-ൽ മാത്രം ഉരുത്തിരിഞ്ഞ DNA പ്രൊഫൈലിങ് സാങ്കേതികവിദ്യ, 1987 ലാണ് ആദ്യമായി ഒരു കുറ്റകൃത്യം തെളിയിക്കാനായി ഉപയോഗിച്ചതെന്ന ചരിത്രം നിലനിൽക്കെ നട്ടാൽ കിളിർക്കാത്ത DNA ടെസ്റ്റ് പോലുള്ള നമ്പറുകളുമായി വരുന്ന സഭ ഈ നാട്ടിലെ മനുഷ്യരുടെ ചിന്താശേഷിയെ വെല്ലുവിളിക്കുകയാണ്. അഭയക്കേസ് ദേഹത്ത് തട്ടാതെ അവസാനിപ്പിച്ചെടുക്കാൻ സഭ ശതകോടികൾ മുടക്കിയെന്നും കേസ്‌ രേഖകളും തെളിവാധാരങ്ങളും തിരുത്താൻ സഭ ശ്രമിച്ചു എന്ന് സമൂഹവും ഭൂരിപക്ഷവും സഭാ വിശ്വാസികളും ഏറെക്കുറെ വിശ്വസിച്ചിരിക്കുന്ന കാര്യമാണ്. അഭയ കേസ് വിധി വന്നപ്പോൾ തന്നെ കേസുമായി ബന്ധപ്പെട്ട്, ന്യായീകരണത്തൊഴിലാളികളും വ്യാഖ്യാനപടുക്കളും സഭയ്ക്ക് വേണ്ടി കളം നിറഞ്ഞു കഴിഞ്ഞു. അത്തരം വൈറ്റ് വാഷുകൾക്കുള്ള വ്യഗ്രതയും തിടുക്കവും കാണുമ്പോൾ മുമ്പേ ഇക്കാര്യങ്ങളിൽ ചാഞ്ചാടി നിന്നിരുന്ന കുറേപ്പേർ കൂടി സഭയെ വിശ്വാസത്തിലെടുക്കാത്ത അവസ്ഥയിലേക്ക് കാര്യമാണ് കൊണ്ടെത്തിക്കും. 

ഇനി വരുന്ന കേസുകളിലെങ്കിലും സഭാനേതൃത്വം മനസാക്ഷിയുടെ അടിക്കോണിലെവിടെയോ ഉറങ്ങിക്കിടക്കുന്ന നീതിബോധത്തെ ഉണർത്തിയെടുത്ത്, നിയമത്തെ അതിന്റെ വഴിക്കു പോകാനും എന്തെങ്കിലും അഹിതമായത് നടന്നിട്ടുണ്ടെങ്കിൽ അത് പുറത്ത് വരാനും കുറ്റക്കാർ മാതൃകാപരമായി ശിക്ഷിക്കപ്പെടാനുമുള്ള സാഹചര്യം ഉണ്ടാക്കണം. നിയമവാഴ്ചയുടെ നടപടികളെ തടസപ്പെടുത്താൻ ഒരു തരത്തിലും ശ്രമിക്കുകയുമരുത്.

അല്ലെങ്കിൽ സമയത്തിന് പറിച്ചെടുക്കാത്ത പഴപ്ലാച്ചക്ക (കൂഴച്ചക്ക) യുടെ അവസ്ഥയിലാകും സഭ.... മഞ്ഞ് കൊള്ളും.... വെയില് കൊള്ളും..... മഴ കൊള്ളും... വാടും... പുളിക്കും.... പഴുക്കും.... ചീയും... പുഴുക്കും.... കാക്ക കൊത്തും... അണ്ണാൻ തുരക്കും... ഈച്ചയാർക്കും... അവസാനം നിവൃത്തിയില്ലാതെ തണ്ടുരിഞ്ഞ് താഴെ വീഴും.... പരിസരം മുഴുവനും നാറി വൃത്തികേടാവും. അത്രക്ക് ധാർമ്മിക പ്രതിസന്ധിയിലാണ് കേരള കത്തോലിക്കാ സഭ.

ഏശയ്യാ പ്രവാചകൻ പറയുന്നു "മരുഭൂമിയില്‍ കര്‍ത്താവിനു വഴിയൊരുക്കുവിന്‍; വിജനപ്രദേശത്ത് നമ്മുടെ ദൈവത്തിന് വിശാലവീഥി ഒരുക്കുവിന്‍; താഴ്‌വരകള്‍ നികത്തപ്പെടും; മലകളും കുന്നുകളും താഴ്ത്തപ്പെടും; കുന്നും കുഴിയുമായ സ്ഥലങ്ങള്‍ നിരപ്പാകും"

മത്തായി സുവിശേഷകനിലൂടെ യേശു പറയുന്നു "നിങ്ങളുടെ വാക്ക് അതേ, അതേ എന്നോ അല്ല, അല്ല എന്നോ ആയിരിക്കട്ടെ. ഇതിനപ്പുറമുള്ളതു ദുഷ്ടനില്‍നിന്നു വരുന്നു"

ഇതൊക്കെ വല്ലപ്പോഴും മനസ്സിരുത്തി വായിക്കുന്നത് നല്ലതാണ്...

ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക https://www.facebook.com/achayatharangal.blogspot.in

അല്ലെങ്കില്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക https://www.facebook.com/groups/224083751113646/