ഞാൻ വെറും പോഴൻ

Monday 25 November 2019

എത്ര കഷ്ടപ്പെട്ടിട്ടാണ് മൊബൈൽ ഫോൺ സർവീസ് ഈ നാട്ടിൽ വേര് പിടിച്ചതെന്നറിയാമോ....

കൊച്ചു കുഞ്ഞുങ്ങളും വയോവൃദ്ധരും മൊബൈൽ ഫോൺ അനായാസം കൈകാര്യം ചെയ്യുന്ന ഈ നാട്ടിൽ അത്ര എളുപ്പത്തിലൊന്നുമല്ല മൊബൈൽ ഫോൺ (സെല്ലുലാർ ഫോൺ) സാങ്കേതിക വിദ്യ ചുവടുറപ്പിച്ചത്. 

1996- ൽ എസ്കോട്ടെൽ (ഇപ്പോഴത്തെ ഐഡിയ മൊബൈൽ സർവീസ് നെറ്റ് വർക്കിന്റെ ആദ്യ ഉടമ) കേരളത്തിലുടനീളം വിതരണം ചെയ്ത ഒരു ബുക്ക്-ലെറ്റാണ് ചിത്രങ്ങളായി ചുവടെ ചേർത്തിരിക്കുന്നത്. അത് വായിച്ചാൽ മനസിലാകും ഈ ടെക്ക്നോളജി ജനങ്ങളെ പരിചയപ്പെടുത്താൻ അവർ എത്ര ശ്രമം നടത്തിയിട്ടുണ്ടെന്ന്. എന്താണ് സെൽഫോൺ ടെക്ക്നോളജി ? കോർഡ്‌ലെസ്സ് ഫോണിൽ നിന്ന് ഇതിനുള്ള വ്യത്യാസമെന്താണ് ? എന്തിനാണ് ഇൻകമിംഗ് കോളിന് പണം കൊടുക്കേണ്ടി വരുന്നത് ? തുടങ്ങി ഏറ്റവും അടിസ്ഥാനപരമായ സംശയങ്ങൾ ചോദ്യത്തരരീതിയിൽ ദൂരീകരിക്കുന്ന ഒരു ബുക്‌ലെറ്റ് ആയിരുന്നു അത്. 

മൊബൈൽ ഫോൺ ഇവിടെ വന്ന കാലത്ത് ഇൻകമിംഗ് കോളുകൾക്ക് ചാർജ്ജ് ഉണ്ടായിരുന്നു എന്ന കാര്യം, ഇന്ന് മൊബൈൽ ഫോൺ കൊണ്ട് അമ്മാനമാടുന്ന പലർക്കും അറിയുമോ ആവോ ? അന്നത്തെ കോൾ റേറ്റുകൾ മിനിട്ടിന് പീക്ക്, ഓഫ് പീക്ക് അടിസ്ഥാനത്തിൽ 4.20 രൂപ മുതൽ 18.80 രൂപ വരെ ആയിരുന്നു.  

1996 സെപ്റ്റംബർ 17 നാണ് കേരളത്തിൽ മൊബൈൽ കമ്മ്യൂണിക്കേഷന്റെ ഉദ്‌ഘാടനകോൾ നടന്നത്. എസ്കോട്ടെൽ മൊബൈൽ കമ്പനിയുടെ പ്രതിനിധി എ ആർ ഠണ്ഡൻ പ്രശസ്ത സാഹിത്യകാരൻ തകഴിയുമായാണ് ആദ്യ മൊബൈൽ ഫോൺ സംഭാഷണം നടത്തിയത്. സർവീസിന്റെ ഔദ്യോഗിക ഉദ്‌ഘാടക പ്രശസ്ത സാഹിത്യകാരി കമല സുരയ്യ ആയിരുന്നു. അന്നവരുടെ പേര് മാധവിക്കുട്ടി എന്നായിരുന്നു. ഇന്ത്യയിൽ ആദ്യ മൊബൈൽ ഫോൺ സംഭാഷണം നടന്നത് അന്നത്തെ ടെലിക്കോം മന്ത്രി സുഖ്‌റാമും അന്നത്തെ പശ്ചിമബംഗാൾ മുഖ്യമന്ത്രി ജ്യോതിബസുവും തമ്മിലായിരുന്നു; 1995 ജൂലൈ 31 നായിരുന്നു ആ ചടങ്ങ്....

പിന്നീട് കാലക്രമത്തിൽ, ഇൻകമിങ് കോളുകൾ സൗജന്യമായി; സെക്കൻഡ് അടിസ്ഥാനത്തിൽ ബില്ലിംഗ് നിലവിൽ വന്നു; ഇന്റർനെറ്റ്, 3ജി, 4ജി തുടങ്ങിയവ നിലവിൽ വന്നു. വാർത്താവിനിമയ വിസ്ഫോടനത്തിനു തന്നെ ഈ നാട് സാക്ഷിയായി.... 






















































































































































Saturday 23 November 2019

തലച്ചോറിൽ വിഷം തീണ്ടിയ ഒരു ജനത...

വയനാട്ടിൽ പാമ്പ് കടിയേറ്റ ഷഹലയുടെ ചിരിക്കുന്ന മുഖം ഇപ്പോഴും മനസിനെ വേട്ടയാടുകയാണ്....

വീഴ്ച പറ്റിയതാർക്കാണ്‌ എന്ന് എളുപ്പത്തിൽ ഒരു വിശകലനം ഈ കേസിൽ സാധ്യമല്ല; പ്രശ്നങ്ങൾ പല അടരുകളിൽ വ്യാപിച്ചു കിടക്കുന്ന ഒരു കേസാണിത്. 

ഒരു സ്റ്റേറ്റിന്റെ സാമൂഹ്യപുരോഗതിയെ വിലയിരുത്തുമ്പോൾ പ്രഥമഗണനീയമായ രണ്ടു മേഖലകളാണ് വിദ്യാഭ്യാസമേഖലയും ആരോഗ്യമേഖലയും. ഈ രണ്ടു മേഖലകളിലും ഉന്നതസ്ഥാനത്താണ് നാം വിരാജിക്കുന്നതെന്ന മേനി നടിക്കലിനാണ് വയനാട് സംഭവം കൊണ്ട് ഇടിവ് സംഭവിച്ചത്.  

മറ്റേതൊരു തൊഴിലിനേക്കാളും വളരെയേറെ ഉത്തരവാദിത്തം ആവശ്യപ്പെടുന്ന ഒരു തൊഴിലാണ് അദ്ധ്യാപനം; അതിനനുസരിച്ചുള്ള ബഹുമാനവും ആദരവും എല്ലാം അധ്യാപകർക്ക് പൊതുസമൂഹം നൽകുന്നുമുണ്ട്. അവരിൽ ഭരമേല്പിക്കപ്പെട്ട ആ അധിക ഉത്തരവാദിത്തം കാട്ടാതിരുന്നതാണ് പൂമ്പാറ്റകളുടെ പിറകെ ഓടി നടക്കേണ്ട ഒരു കൊച്ചു മിടുക്കിയെ ഈ ലോകത്തിൽ നിന്നും അകാലത്തിൽ പറഞ്ഞയച്ചത്. ഷഹലയുടെ സ്ക്കൂളിലെ അധ്യാപകരെ പ്രതിസ്ഥാനത്ത് നിർത്താനുള്ള കാരണങ്ങൾ പലതാണ്...
  • പാമ്പ് കടിച്ചു എന്നൊരു ചെറിയ സംശയം എങ്കിലും ഉള്ളപ്പോൾ സമയം ഒട്ടും കളയാതെ ആശുപത്രിയിൽ എത്തിക്കാൻ ഉണ്ടായ കാലതാമസം ന്യായീകരിക്കാവുന്നതാണോ ?
  • പരിക്ക് പറ്റിയ ഒരു വിദ്യാർത്ഥി(നി)യെ അടിയന്തിരമായി ആശുപത്രിയിൽ എത്തിക്കാൻ രക്ഷിതാവിന്റെ വരവും കാത്ത് നിൽക്കേണ്ടതിന്റെ ആവശ്യം എന്താണ് ?
  • ദിവസേന കയറി ഇറങ്ങുന്ന ക്ലാസ് മുറിയിൽ ബ്ലാക്ക് ബോർഡിന് താഴെ ഇങ്ങനെ ഒരു പൊത്തുണ്ടായിട്ട് അത് കാണാതെ പോവുകയോ കണ്ടിട്ട് അതൊന്നടയ്ക്കാൻ നടപടി എടുക്കാതിരിക്കുകയോ ചെയ്ത അദ്ധ്യാപഹയർ വെറും ഉദരംഭരശമ്പളം വാങ്ങികൾ മാത്രമാണ്...(ഇതിന് സർക്കാർ ഫണ്ടോ ഉന്നതങ്ങളിൽ നിന്നുള്ള അനുമതിയോ കാക്കേണ്ട കാര്യം പോലുമില്ല; ലക്ഷങ്ങളുടെ ചിലവൊന്നുമില്ലല്ലോ....പത്തു രൂപയുടെ സിമന്റും സ്ക്കൂൾ മുറ്റത്ത് കിടക്കുന്ന ചരലും ഉപയോഗിച്ച് അഞ്ച് മിനിറ്റ് കൊണ്ടടയ്ക്കാമായിരുന്ന പൊത്തായിരുന്നു അത്... !?? ഒന്നുമില്ലെങ്കിൽ കുറച്ച് ചരലോ കടലാസോ കുത്തി നിറച്ച് അടക്കാമായിരുന്നില്ലേ.... !!???)
  • ഇത്രയ്ക്ക് അപകടം പിടിച്ച ക്‌ളാസ് റൂമിൽ അധ്യാപകർക്ക് മാത്രം പാദരക്ഷകൾ ഉപയോഗിക്കാൻ അനുമതിയും കുട്ടികൾക്ക് പാദരക്ഷകൾ ഉപയോഗിക്കാൻ വിലക്കും (പാദരക്ഷകൾ ഉപയോഗിച്ചിരുന്നെങ്കിൽ ഒരു പക്ഷെ ആ കുട്ടിക്ക് പാമ്പുകടിയേക്കാതിരിക്കാനും മതി)
അധ്യാപക രക്ഷാകർതൃ സംഘടനയുടെയും ജനപ്രതിനിധികളുടെയും സർക്കാർ സംവിധാനങ്ങളുടെയും ഭാഗത്ത് നിന്നുള്ള വീഴ്ചകളും പാളിച്ചകളും ലളിതവൽക്കരിക്കാനാവില്ലെങ്കിലും ഒരു സ്ക്കൂളിനകത്തുള്ള കുറവുകൾ ഇവർക്കെല്ലാം സമയാസമയത്ത് നേരിട്ട് കാണാൻ പ്രായോഗിക ബുദ്ധിമുട്ടുകൾ ഉണ്ടെന്ന വസ്തുത കൂടി പരിഗണിക്കേണ്ടതുണ്ട്. ക്‌ളാസ് മുറിയുടെ തറയിലെ ദ്വാരവും പൊത്തും മാളവും ഒന്നും മേൽപ്പറഞ്ഞ ആളുകൾക്ക് എളുപ്പത്തിൽ ശ്രദ്ധിക്കാൻ കഴിയുന്ന കാര്യങ്ങൾ അല്ലല്ലോ; ക്ലാസ്സ് മുറികളിലെ ഭൗതികസാഹചര്യത്തിന്റെ കുറവുകൾ മേല്പറഞ്ഞവർക്ക് ചൂണ്ടിക്കാണിച്ചു കൊടുക്കേണ്ടത് അവ നിത്യം നേരിട്ട് കാണുന്ന അധ്യാപകർ തന്നെ ആണ്.

അപകടകരമായ നിലയിൽ ശോച്യാവസ്ഥയിലായ ഈ സ്ക്കൂൾ കെട്ടിടത്തിന്, മെയ് മാസത്തിൽ വാർഷിക ഫിറ്റ്നസ് സർട്ടിഫിക്കറ്റ് കൊടുത്ത നഗരസഭാധികാരികൾക്ക് ഈ ജീവനഷ്ടത്തിന്റെ ഉർത്തരവാദിത്തത്തിൽ നിന്നെങ്ങിനെയാണ് ഒഴിഞ്ഞു മാറാനാവുക...!!???

പണം എങ്ങിനെ അഡ്വാൻസ് ആയി സമാഹരിക്കാം എന്ന് കൂടി തീരുമാനിക്കണം. ആഘോഷം കഴിഞ്ഞ് ഓടിച്ചിട്ട് പണം പിരിക്കുന്ന സ്ഥിതി വരരുത്. 

അടുത്തത് കുട്ടിയെ ചികിത്സക്കെത്തിച്ച താലൂക്ക് ആശുപത്രിയിലെ ഡോക്ടറുടെ നടപടികൾ ആണ്. പ്രഥമദൃഷ്ട്യാ ഈ ബാലമരണത്തിന് പ്രസ്തുത ഡോക്ടറും ഉത്തരവാദി ആണ്. താരതമ്യേന വർക്ക് എക്സ്പീരിയൻസ് കുറവുള്ള ജൂനിയർ ഡോക്റ്റർ വലിയൊരു റിസ്ക്കെടുക്കാൻ മടിച്ചു എന്നതാണ് ലോജിക്കൽ നിഗമനം. ആശുപത്രിയിൽ എത്തിക്കുന്നതിൽ താമസം നേരിട്ട കുട്ടിയെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാൻ പറയുമ്പോൾ യാത്രാസമയം രോഗിയുടെ ജീവൻ അപഹരിക്കുമോ എന്ന് കൂടി ഡോക്ടർ കണക്കാക്കക്കേണ്ടതുണ്ട്. ബത്തേരി ആശുപത്രിയിൽനിന്ന്‌ ഷഹ്‍ലയെ മെഡിക്കൽ കോളേജിലേക്ക് അയച്ചപ്പോൾ ഇതു പരിഗണിച്ചില്ല എന്നത് ഡോക്ടറുടെ ഭാഗത്തുള്ള വീഴ്ച തന്നെയാണ്. ആന്റി സ്നേക്ക് വെനം കുത്തിവയ്ക്കാൻ ആവശ്യപ്പെട്ടിട്ടും ഡോക്ടർ അത് ചെയ്തില്ല എന്നതാണ് മറ്റൊരു ആരോപണം. (ASV) കുത്തിവെക്കുമ്പോഴുള്ള അപകടസാധ്യത മറ്റു മരുന്നുകളെക്കാൾ കൂടുതലാണ്. പഠന നിരീക്ഷണങ്ങൾ അനുസരിച്ച് 100 രോഗികളിൽ ആന്റിവെനം പ്രയോഗിച്ചാൽ 10 പേരെങ്കിലും മരിക്കാൻ സാധ്യതയുണ്ടെന്നാണ് കണക്ക്. ഇത്തരത്തിൽ ഉയർന്ന Risk Possibility ഉള്ളതിനാൽ മരുന്നു പ്രയോഗിക്കാൻ ഡോക്ടർമാർ പൊതുവെ മടിയ്ക്കുന്നു. പല ഡോക്റ്റർമാരും പാമ്പു കടിയേറ്റെത്തുന്ന രോഗികളെ മറ്റ് ആശുപത്രികളിലേക്ക് റഫർ ചെയ്ത് രക്ഷപ്പെടുന്നു എന്ന് പരക്കെ ഒരു ആരോപണവും നിലവിലുണ്ട്. പക്ഷെ, ഷഹലയുടെ കാര്യത്തിൽ വസ്തുതാപരമായി സ്ഥിതിഗതികൾ കുറെക്കൂടി സങ്കീർണ്ണമായിരുന്നു. കഴിഞ്ഞ ദിവസം കൊച്ചു ഷഹലയെ എത്തിച്ച താലൂക്ക് ആശുപത്രിയിൽ ആകെ 6 യൂണിറ്റ് ASV ആണ് സ്റ്റോക്ക് ഉണ്ടായിരുന്നത്; അത് ആവശ്യമുള്ളതിനേക്കാൾ ഏറെ കുറവാണത്രേ. മാത്രവുമല്ല നെഫ്രോളജിസ്റ്റിന്റെ സപ്പോർട്ടോ വെന്റിലേറ്റർ സൗകര്യമോ ഒന്നും ഈ ആശുപത്രിയിൽ ലഭ്യമല്ല. വനപ്രദേശങ്ങൾ കൂടുതലുള്ള വയനാട്ടിൽ സ്വാഭാവികമായും പാമ്പുകടിയേറ്റെത്തുന്നവരുടെ എണ്ണവും കൂടുതലായിരിക്കും. അപ്പോൾ അവിടെയുള്ള കൂടുതൽ ആശുപത്രികളിൽ ആവശ്യത്തിന് ആന്റി സ്നേക്ക് വെനം (ASV) സ്റ്റോക്ക് ചെയ്യേണ്ടതായിട്ടുണ്ട്. വയനാട്ടിലെ വിരലിലെണ്ണാവുന്ന സർക്കാർ ആശുപത്രികളിൽ ആണ് ASV ലഭ്യമായിട്ടുള്ളതെന്ന് മീഡിയ റിപ്പോർട്ടുകൾ പറയുന്നു. പാമ്പുകടി കേസുകൾ കൂടുതൽ വരാൻ സാധ്യതയുള്ള പ്രദേശങ്ങളിൽ ചികില്സയ്ക്കാവശ്യമായ മറ്റ് സൗകര്യങ്ങൾ കൂടി ഏർപ്പെടുത്തേണ്ടത് ആരോഗ്യവകുപ്പാണ്. അപ്പോൾ കേവലം ഒരു ഡോക്ടറുടെ പിഴവിനേക്കാൾ ആരോഗ്യവകുപ്പ് നയങ്ങളുമായി ബന്ധപ്പെട്ട പാളിച്ചകളും പ്രതിക്കൂട്ടിലാവുന്നു.

ഈ അവസരത്തിൽ പൊതുജനങ്ങളുടെ മനോഭാവത്തെയും പ്രതിസ്ഥാനത്ത് നിന്ന് മാറ്റി നിർത്താനാവില്ല. പലപ്പോഴും ഗുരുതരാവസ്ഥയിലുള്ള രോഗി മരിച്ചാൽ ഡോക്ടർ കുത്തിവെച്ച മരുന്ന് മാറിപ്പോയെന്നും ചികിത്സ തെറ്റിപ്പോയെന്നും ഒക്കെ ആരോപിച്ച് ബന്ധുക്കളും നാട്ടുകാരും ചേർന്ന് ആശുപത്രി തല്ലിപ്പൊളിക്കുകയും ഡോക്ടർമാരെ കൈയ്യേറ്റം ചെയ്യുകയും ചെയ്യുന്ന പ്രവണത കൂടി വരികയാണ്; കൂടാതെ വ്യാപകമായ സോഷ്യൽ മീഡിയ ആക്രമണവും മുൻകൂട്ടി കാണുന്ന ഡോക്ടർമാർ ഡിഫൻസീവ് മെഡിസിനിലേക്ക് അഭയം തേടുമ്പോൾ പൊതുസമൂഹമല്ലേ പ്രതിക്കൂട്ടിലാകുന്നത്.

ഷഹലക്കുണ്ടായ ദുര്യോഗത്തിന്റെ ഉത്തരവാദിത്തത്തെപ്പറ്റിയും ഉത്തരവാദപ്പെട്ടവരുടെ ഉത്തരവാദിത്തരാഹിത്യത്തെപ്പറ്റിയും ഉയരുന്ന ആരോപണങ്ങളും പ്രത്യാരോപണങ്ങളും ന്യായീകരണങ്ങളും പ്രതിഷേധങ്ങളും എല്ലാം കാണുമ്പോൾ മനസ്സിൽ ഒരു സംശയം ഉയരുന്നു; തലച്ചോറിൽ വിഷം തീണ്ടിയ ഒരു ജനതയല്ലേ നമ്മൾ എന്ന്....

നിശ്ചയമായും ഒഴിവാക്കേണ്ടിയിരുന്ന ചില ഉത്തരവാദിത്തരഹിതസമീപനങ്ങൾ മൂലം ഒരു കുഞ്ഞു ജീവൻ അകാലത്തിൽ പൊലിഞ്ഞതിന്റെ ഞെട്ടലിലും കുറ്റബോധത്തിലും ഉഴലുമ്പോഴും മനസിനെ അൽപ്പമെങ്കിലും ആശ്വസിപ്പിക്കുന്നത് ഷഹ്‌ലയുടെ സ്ക്കൂളിലെ തന്നെ ചില സഹപാഠികളുടെ വാക്കുകളിലെ തെളിമയും നിശ്ചയദാർഢ്യവും നിലപാടുകളിലെ ഉറപ്പും ആർജ്ജവവും ഒക്കെയാണ്. സഹപാഠിക്കുവേണ്ടി,  മാധ്യമങ്ങളോടും പൊതുസമൂഹത്തോടും ഉറച്ച സ്വരത്തിൽ നിർഭയം നിലപാടുകൾ മുന്നോട്ട് വയ്ക്കുന്ന നിദ ഫാത്തിമയും കൂട്ടുകാരും തലച്ചോറിൽ മത-രാഷ്ട്രീയ-സാമുദായിക-വർഗ്ഗ വിഷം തീണ്ടിയ പൊതുസമൂഹത്തെ ലജ്ജിപ്പിച്ചു കൊണ്ടേയിരിക്കും....

ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക

https://www.facebook.com/achayatharangal.blogspot.in


അല്ലെങ്കില്‍ 
 താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക

Wednesday 13 November 2019

താല്പര്യമില്ലാത്തവർ കുടിക്കേണ്ട; മനുഷ്യരുടെ വ്യക്തിപരമായ ശീലങ്ങൾക്ക് മേൽ നിങ്ങൾക്കെന്തവകാശം !!!!

(Statutory Warning : Alcohol Consumption is Injurious to Health
നിയമപ്രകാരമുള്ള മുന്നറിയിപ്പ് : മദ്യപാനം ആരോഗ്യത്തിന് ഹാനികരം)

കേരളത്തിൽ മദ്യവുമായി ബന്ധപ്പെട്ട ഏത് ചർച്ചയും കടുത്ത ഇരട്ടത്താപ്പ് നിറഞ്ഞതും രാഷ്ട്രീയ മത നിലപാടുകൾ നിയന്തിക്കുന്നതും ആയിരിക്കും എന്നത് തീർച്ചയാണ്. ഇപ്പോൾ മുഖ്യമന്ത്രിയുടെ 'നാം മുന്നോട്ട്' എന്ന പ്രതിവാര പരിപാടിക്കിടെ സംസ്ഥാനത്ത് പബ്ബുകൾ വന്നാലെന്താ എന്ന തരത്തിൽ അദ്ദേഹത്തിന്റെ ഒരു പരാമർശം കേരളത്തിലെ ഓരോ വിഭാഗം ജനങ്ങളും അവരുടെ ആവശ്യത്തിനനുസരിച്ച് വ്യാഖ്യാനിച്ച് ചർച്ചകൾ പുരോഗമിക്കുകയാണ്. രാത്രി ജോലികഴിഞ്ഞ് ഉല്ലസിക്കാൻ ആഗ്രഹിക്കുന്നവർക്ക് അതിനുള്ള അവസരം ഇവിടെ ഇല്ലെന്ന ആക്ഷേപം സംസ്ഥാനത്ത് നിലവിലുണ്ട്; ഇത് പരിഹരിക്കുന്നതിനെക്കുറിച്ചുള്ള ആലോചന സജീവമാണെന്നാണ് മുഖ്യമന്ത്രി പരിപാടിയിൽ പറഞ്ഞത്. മുൻപ്, ഹോട്ടലുകൾക്ക് സ്വന്തമായി ബിയർ നിർമ്മിക്കാനും ബിയർ പബ്ബുകൾ തുടങ്ങാനും അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് പഠനങ്ങൾ നടത്താൻ എക്‌സൈസ് കമ്മീഷണറെ സർക്കാർ ചുമത്തപ്പെടുത്തിയതും ഇപ്പോഴത്തെ സൂചനയും ചേർത്ത് കഥകൾ മെനയുകയാണ് കേരളപൊതുസമൂഹം. 

കുറച്ച് നാളുകൾക്ക് മുൻപ്, ഭക്ഷണം, പാനീയം, യാത്ര മുതലായവയുമായി പ്രണത്തിലായവരുടെ പ്രിയപ്പെട്ട സൈബറിടമായിരുന്ന GNPC എന്ന ഫേസ്‌ബുക്ക് ഗ്രൂപ്പിനെതിരെ മദ്യപാനത്തിനും മദ്യപിക്കുന്നവര്‍ക്കും പ്രോത്സാഹനം നല്‍കുന്നതായി ആരോപിച്ച് കേരള എക്സൈസ് വകുപ്പ് നിയമനടപടികൾ എടുക്കുന്നതായുള്ള റിപ്പോർട്ടുകൾ കണ്ടു. പാനീയപ്രിയരായ ആരെങ്കിലും മദ്യത്തിന്റെയോ മദ്യപാനത്തിന്റെയോ ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നത് കൊണ്ട് അത് മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്നു എന്ന് പറയാൻ കഴിയുന്നതെങ്ങിനെയാണ് !!?? അഥവാ ഒറ്റപ്പെട്ട നിലയിൽ പരോക്ഷമായി അത് മദ്യപാനത്തെ ഏതെങ്കിലും നിലയിൽ പ്രോത്സാഹിപ്പിക്കുന്നുണ്ടെങ്കിൽ തന്നെ, കവലകൾ തോറും ബീവറേജസ് കോർപ്പറേഷൻ വഴി മദ്യം വിൽക്കുകയും പൂട്ടിക്കിടന്ന ബാറുകളും കള്ള് ഷാപ്പുകളും തുറന്ന് കൊടുക്കുകയും മദ്യക്കച്ചവടത്തിൽ നിന്ന് നേരിട്ടും പരോക്ഷമായും വരുമാനമുണ്ടാക്കുകയും ചെയ്യുന്ന ഒരു സർക്കാരിന് ഇത്തരമൊരു നടപടി എടുക്കാൻ ധാർമ്മികമായ എന്തവകാശമാണുള്ളത്...!!??? മാത്രവുമല്ല, ഇത്ര നൂലിഴ കീറി നിയമം വ്യാഖ്യാനിക്കാൻ ശുഷ്‌കാന്തി കാണിക്കുന്നവർ മദ്യപാന സീനുകൾ അവതരിപ്പിക്കുന്ന സകല സിനിമാക്കാർക്കെതിരെയും നടപടി എടുക്കേണ്ടതല്ലേ !!???

കഴിഞ്ഞ യു ഡി എഫ് സർക്കാരിന്റെ കാലത്ത് ഒറ്റനോട്ടത്തിൽ ഐതിഹാസികമെന്നു തോന്നാവുന്ന "ചെറുകിട ബാർ നിർമാർജ്ജനം" സുധീരന്റെ മുഖ്യ കാർമ്മികത്വത്തിൽ ഉമ്മൻ ചാണ്ടിയാൽ പ്രഖ്യാപിക്കപ്പെട്ടു. സ്വസ്ഥമായോ അസ്വസ്ഥമായോ ഇരുന്നോ നിന്നോ മദ്യം കഴിക്കാനുള്ള ഇടങ്ങൾ മാത്രമാണ് പൂട്ടിയതെന്ന സത്യം ചിന്തിക്കുന്ന അൽപ്പബുദ്ധികൾക്ക് പോലും മനസിലാകും. പക്ഷെ, ഘട്ടം ഘട്ടമായുള്ള  സമ്പൂർണ്ണ മദ്യ നിരോധനത്തിലേക്കുള്ള കുതിപ്പായിട്ടായിരുന്നു ഉമ്മൻ ചാണ്ടി അതിനെ വിശേഷിപ്പിച്ചത്‌. എ കെ ആന്റണിയുടെ ചാരായ നിരോധത്തോടെ പാവപ്പെട്ട പട്ടയടിക്കാരുടെ സാമ്പത്തിക സംതുലനമായിരുന്നു അട്ടിമറിക്കപ്പെട്ടത്. ഒരു ദിവസത്തെ അധ്വാനത്തിനു ശേഷം ലഭിക്കുന്ന കൂലിയുടെ ചെറിയ ഭാഗം ചാരായത്തിന് ചെലവഴിച്ചവര്‍ തന്നെ ചാരായ നിരോധനത്തിന് ശേഷം അതിന്റെ പല മടങ്ങ്‌ പണം ചെലവിട്ട് ഒട്ടും തന്നെ നിലവാരമില്ലാത്ത മദ്യം വാങ്ങി കുടിച്ചു തുടങ്ങി. ഒറ്റക്കു ഒരു കുപ്പി വാങ്ങാൻ പാങ്ങില്ലാത്തവർ ഷെയർ ഇട്ടടിച്ചു. അപ്പോഴും പോക്കറ്റ് ഒട്ടയാവുമെന്ന യാഥാർത്ഥ്യം നില നിന്നു. അത്യാവശ്യം കിന്റാവാൻ പാകത്തിന് കഴിച്ചാൽ കുടുംബത്തിന് അരിയും സാമാനങ്ങളും വാങ്ങാൻ പണമുണ്ടാവില്ല എന്ന നിലയിലേക്ക് കാര്യങ്ങൾ നീങ്ങി. അങ്ങനെ നിൽക്കുമ്പോൾ നാട്ടിൽ കൂലി നിലവാരം കൂടുകയും അവരുടെ സാമ്പത്തിക നിലവാരം വീണ്ടും ഭദ്രത പ്രാപിച്ചു വരികയുമായിരുന്നു. അപ്പോഴാണ്‌ ഉമ്മൻചാണ്ടി മറ്റൊരു ഇരുട്ടടി കൊടുത്തത്. പക്ഷെ, ഉമ്മൻ ചാണ്ടിയും സംഘവും ചിന്തിച്ച പോലെയായിരുന്നില്ല കാര്യങ്ങൾ പുരോഗമിച്ചത്. ഈ നാട്ടിൽ പ്രായോഗികമായി മദ്യനിരോധനം എന്നൊരു സംഭവമേ നടന്നില്ല; ആകപ്പാടെ ആളുകൾക്ക് പോയിരുന്നു കുടിക്കാനുണ്ടായിരുന്ന ഇടങ്ങൾ മാത്രമാണ് ഇല്ലാതായത്. പിന്നെ സുലഭവും മിതമായ വിലയിലും ലഭിച്ചിരുന്ന സാധനം വല്ല്യ ലക്ഷുറി ആയി മാറി; അത്ര മാത്രം. അതോടെ ബാറുകാരും കുടിയന്മാരും കുടിയന്മാരുടെ കുടുംബവും ചാണ്ടിക്കും സംഘത്തിനും എതിരായി. ഉമ്മൻ ചാണ്ടിയും സംഘവും മനസിലാക്കാതെ പോയ പ്രധാന കാര്യം ഇതായിരുന്നു. വേണമെന്ന് വച്ചാൽ ഭരണകൂടത്തിന് മദ്യം നിരോധിക്കാം; പക്ഷെ ജനതയുടെ ശീലങ്ങളും സന്തോഷങ്ങളും നിരോധിക്കാനാവില്ല. "പത്തായത്തിൽ നെല്ലുണ്ടെങ്കിൽ എലി പത്താനാപുരത്തു നിന്നും എത്തിപ്പെടും". അടിക്കുന്നവർ ഉള്ളിടത്തോളം ഇവിടെ സാധനം സുലഭമായി കിട്ടും; അത് ചിലപ്പോ വ്യാജനോ കടത്തിയതോ ഒക്കെ ആയിരിക്കും. സാധനം കിട്ടാനുണ്ടെങ്കിൽ അടിക്കാൻ ആളും ഉണ്ടാകും. ഈ പരസ്പര പൂരകത്വം നിലനിൽക്കുന്നിടത്തോളം ഇത് മുഴുവൻ ഇല്ലാതാക്കാൻ ഏതു ഭരണാധികാരി ആണേലും ഇച്ചിരി  ബുദ്ധിമുട്ടും". എൽ ഡി എഫ് ആണെങ്കിൽ മദ്യം മദ്യം "നിരോധിക്കില്ലും" എന്ന മട്ടിൽ എങ്ങും തൊടാത്ത നിലപാടെടുത്തു. സോളാർ കാറ്റിലും മദ്യപ്രളയത്തിലും പെട്ട് യു ഡി എഫ് ഭരണം എൽ ഡി എഫിന്റെ കയ്യിലെത്തി.

ചെറുകിടബാറുകൾ (മദ്യമല്ല) നിരോധിച്ചു കൊണ്ട് നടത്തിയ അഭ്യാസം മദ്യഉപഭോഗത്തിന്റെ നിരക്ക് തെല്ലും കുറച്ചില്ല എന്ന് അതിന് ശേഷമുള്ള കണക്കുകൾ നോക്കിയാൽ മനസിലാകും. ഇവിടെ കഞ്ചാവിന്റെയും മറ്റു ലഹരിമരുന്നുകളുടെയും ഉപയോഗം മുൻപെങ്ങുമില്ലാത്ത വിധത്തിൽ കൂടുകയും ചെയ്തു. ബോധവൽക്കരണത്തിലൂന്നിയുള്ള മദ്യവർജ്ജനം പ്രഖ്യാപിതലക്ഷ്യമായി വന്ന എൽ ഡി എഫ് സർക്കാർ എന്ത് ചെയ്യേണ്ടൂ എന്നാലോചിച്ചു നിൽക്കുമ്പോൾ ഒന്ന് രണ്ടു കോടതി വിധികൾ വീണു കിട്ടി. അതിൽ തൂങ്ങി നിന്ന് കേരളത്തിൽ പൂട്ടിയ എല്ലാ ബാറുകളും ഷാപ്പുകളും തുറക്കാൻ അനുവദിച്ചു കൊണ്ടുള്ള ഔദ്യോഗിക തീരുമാനം ഉടനെ പുറത്തു വരും. ഈ ആവസരത്തിൽ കേരളവും മദ്യവും എന്ന വിഷയത്തിൽ കുറച്ച് കാര്യങ്ങൾ എഴുതുകയാണ്. 

എന്താണ് "മദ്യ" കേരളത്തിന്റെ ചരിത്രം ? മലയാളി എന്ന് മുതലാണ്‌ മദ്യപിച്ചു തുടങ്ങിയത് ? ഉത്തരം കോഴിയാണോ മുട്ടയാണോ ആദ്യം ഉണ്ടായത് എന്ന ചോദ്യത്തിന്റെ ഉത്തരം പോലെ തന്നെ കുഴയ്ക്കുന്നതാണ്. ഒരു മാതിരിപ്പെട്ട ഇതിഹാസങ്ങളിലും പുരാണ ഗ്രന്ഥങ്ങളിലും വേദ പുസ്തകങ്ങളിലും മദ്യത്തെപ്പറ്റിയും മദ്യ സേവയെപ്പറ്റിയും പരാമർശമുണ്ട്.

കുടിക്കുന്നത് ഏതു മദ്യമായാലും, അത് കുടിക്കുന്നവരെ മലയാളികൾ പൊതുവെ, കള്ള് കുടിയൻ എന്ന് വിളിക്കുന്നതിൽ നിന്ന് കേരളത്തിന്റെ പരമ്പരാഗത മദ്യം കള്ളായിരുന്നു എന്ന് അനുമാനിക്കാം. തെങ്ങ്, പന എന്നിവയില്‍ നിന്നെടുക്കുന്ന കള്ള് ആയിരുന്നിരിക്കണം പ്രാചീന മലയാളിയുടെ പ്രിയമദ്യം. പിന്നെ പിന്നെ അതിനു ലഹരി പോരാ എന്ന് തോന്നിയ ഏതെങ്കിലും വിരുതന്മാർ ആയിരിക്കും കള്ളോ പഴങ്ങളോഅത് പോലുള്ള മറ്റു വസ്തുക്കളോ പുളിപ്പിച്ച് വാറ്റി പട്ടച്ചാരായം ഉണ്ടാക്കാം എന്ന് കണ്ടു പിടിച്ചതെന്നും കരുതാം. പഴമക്കാർ ഔഷധമായിപ്പോലും മദ്യം ഉപയോഗിച്ചിരുന്നത്രേ.

തെങ്ങ്, പന എന്ന അടിസ്ഥാന വർഗീകരണത്തിൽ ഒതുങ്ങാത്ത കള്ളുകളും കേരളത്തിൽ നിലവിൽ ഉണ്ടായിരുന്നു. മൂക്കാത്ത നെല്ല് കൊയ്ത് എടുത്ത് പുളിപ്പിച്ചുണ്ടാക്കുന്ന 'നെങ്കള്ള്' വളരെ എളുപ്പത്തിൽ ഉണ്ടാക്കാവുന്ന മദ്യമായിരുന്നത്രേ. വനവാസികൾക്കും കർഷകർക്കും വളരെ പ്രിയപ്പെട്ട സാധനമായിരുന്നത്രേ നെങ്കള്ള്. കരിമ്പ് നീരിൽ നിന്ന് ഉരുത്തിരിച്ചെടുക്കുന്ന 'കുന്തക്കള്ള്', ശര്‍ക്കര കലക്കി പല തരം ഔഷധങ്ങളും സാധനങ്ങളും സുഗന്ധവ്യജ്ഞനങ്ങളും ചേര്‍ത്തുണ്ടാക്കുന്ന 'മധുരക്കള്ള്', സോമതല എന്ന ഔഷധ സസ്യത്തിൽ നിന്നും ഉണ്ടാക്കുന്ന 'പിറമ്പരണ്ടക്കള്ള്', നെല്ലിൽ നിന്നും ഉണ്ടാക്കുന്ന മലർ പൊടിച്ചെടുത്ത് ചില കിടു പിടി സാധനങ്ങള്‍ ചേര്‍ത്ത് ഉണ്ടാക്കിയിരുന്ന 'പൊരിങ്കള്ള്', കൂടുതൽ ലഹരിയ്ക്ക് വേണ്ടി കഞ്ചാവ് കൂടി ചേര്‍ത്ത് ഉണ്ടാക്കിയിരുന്ന 'രാമരസം' തുടങ്ങിയവയായിരുന്നത്രേ  പ്രാചീന മലയാളിയുടെ പ്രധാന മദ്യങ്ങള്‍.

എന്നാല്‍ ഏതോ മിടുക്കന്മാർ, കൂടുതൽ ലഹരിക്ക്‌ വേണ്ടി, കള്ള് എന്ന താരതമ്യേന അസംസ്കൃതമായ ലഹരി പാനീയത്തെ വാറ്റി എടുത്ത് ചാരായമാക്കാന്‍ തുടങ്ങിയതോടെ മദ്യത്തിന്റെ അടുത്ത കാലഘട്ടം ആരംഭിച്ചിരിക്കണം. പിന്നീട് ഇവിടെ കച്ചവടത്തിന് വന്നു ഇവിടെ കീഴടക്കി ഭരിച്ച വിദേശികളുടെ കൈയിലൂടെ വിദേശ മദ്യങ്ങൾ ഇവിടെ എത്തിക്കാണണം. പതുക്കെ പതുക്കെ വിദേശി സമ്പര്‍ക്കത്തിൽ നിന്ന് മലയാളിക്ക് വിദേശമദ്യത്തോടുള്ള താല്പ്പര്യം കൂടിക്കാണണം. ഇതെല്ലാം ചരിത്രകാരന്മാരുടെ ഊഹങ്ങളാണ്. വിദേശികൾ ക്ളബ്ബുകൾക്കും അതിലെ മദ്യ സൽക്കാരങ്ങൽക്കും കൊടുത്ത പ്രാധാന്യം ക്രമേണ തദ്ദേശീയരായ ആളുകൾക്കും ഇത്തരം കാര്യങ്ങളോട് താല്പ്പര്യം വളർത്തി. വിദേശ ഭരണത്തിന്റെ വ്യാപ്തി നാട്ടിൻ പുറങ്ങളിലേക്കും എത്തിയതോടെ കേരളത്തിന്റെ എല്ലാ ഭാഗത്തും വിദേശമദ്യത്തിന് കൂടുതല്‍ പ്രചാരം കിട്ടിഎന്നും കരുതാം. കേരള ചരിത്രം പരിശോധിച്ചാൽ തിരുവിതാംകൂര്‍ സര്‍ക്കാര്‍ കാലാ കാലങ്ങളില്‍ മദ്യവില്പനയും മദ്യം നിര്‍മാണവും വിദേശമദ്യവും സംബന്ധിച്ച ഉത്തരവുകള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ചെത്തുകാരെ സംരക്ഷിക്കാന്‍ 1817 ല്‍ സ്വാതിതിരുനാളിനുവേണ്ടി ഭരണം നടത്തിയ റാണി പാര്‍വതിഭായി കള്ള് എടുക്കാനുള്ള തെങ്ങുകളുടെ കരം പിന്‍വലിച്ചു. ആ വര്‍ഷം തന്നെയാണ് കള്ള്, ചാരായം എന്നിവ നിര്‍മിച്ച് വില്‍ക്കുന്നതിന് ലൈസന്‍സ് ഏര്‍പ്പെടുത്തികൊണ്ട് വിളംബരം പുറപ്പെടുവിച്ചത്. ഇതോടെ മദ്യവില്പനയ്ക്ക് ആദ്യം നിയന്ത്രണം വന്നു. കേരളത്തില്‍ നിര്‍മിക്കുന്ന മദ്യത്തിനും വിദേശത്തുനിന്ന് കൊണ്ടുവരുന്ന മദ്യത്തിനുമെല്ലാം തിരുവിതാംകൂറില്‍ മാറി മാറി വന്ന രാജാക്കന്മാര്‍ ശക്തമായ നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരുന്നത്. 

സ്വാതന്ത്ര്യസമരകാലത്ത്  മദ്യഷാപ്പുകള്‍ക്ക് എതിരെ  വ്യാപകമായി  സമരം നടന്നിരുന്നു. ഇവിടത്തെ മദ്യാസക്തിയെ സാക്ഷാൽ ഗാന്ധിജി വരെ രൂക്ഷമായി വിമർശിച്ചിട്ടുണ്ട്. ശ്രീ നാരായണ ഗുരുവും മദ്യത്തിനെതിരെ ബോധവൽക്കരണം നടത്തിയിട്ടുണ്ട്. സ്വാതന്ത്ര്യലബ്ധിയോടെയാണ് കേരളത്തിലെ മദ്യ മേഖല ശക്തി പ്രാപിച്ചത്. കള്ളിനും ചാരായത്തിനും പകരം വിദേശ മദ്യത്തിന് പ്രചാരം കൂടി. 1996 - ൽ നിയമസഭാതെരഞ്ഞെടുപ്പിന് മുന്നോടിയായി കള്ള് കുടിയനായ അരപ്പട്ടിണിക്കാരന്റെ ഭാര്യമാരുടെ കണ്ണില്‍ പൊടിയിടാന്‍ ആന്റണിയുടെ നേതൃത്വത്തിലുള്ള ഐക്യജനാധിപത്യ മുന്നണി ചാരായ നിരോധനം കൊണ്ടുവരുന്നത്. അന്നാണ് കേരളത്തിലെ ‘സാധാരണക്കാരന്റെ’ ജീവിതം തുരുമ്പെടുത്തു പോകുന്നത് തടയാന്‍ വേണ്ടി നടത്തിയ ഈ അഭ്യാസം മലയാളിയുടെ ജീവിതത്തെ എങ്ങിനെ മാറ്റിമറിച്ചു എന്ന് ചിന്തിക്കുന്നത് രസകരമായിരിക്കും. 1984 മുതല്‍ ചാരായ വില്‍പ്പനയും നിയന്ത്രണവും കയ്യാളിയിരുന്ന, കേരള സ്റ്റേറ്റ് ബീവറെജസ് കോര്‍പറേഷന്‍ എന്ന സ്ഥാപനം ചാരായ നിരോധനത്തോടനുബന്ധിച്ചുണ്ടായ കച്ചവട സാധ്യത പരമാവധി ചൂഷണം ചെയ്തു സംസ്ഥാനത്ത് ഏറ്റവുമധികം ലാഭം കൊയ്യുന്ന പൊതുമേഖലാ സ്ഥാപനങ്ങളിൽ ഒന്നായി മാറി. ചാരായം കുടിക്കുന്നവൻ അഥവാ പട്ടയടിക്കുന്നവന്‍ ലോ ക്ളാസ്സിന്റെ പ്രതിനിധിയും ‘സ്ഥിരമായി രണ്ട് സ്മോള്‍ വിടുന്ന’ ആള്‍ മാന്യനും ആയി ഗണിക്കപ്പെട്ടു. കള്ളിന് വേണ്ടത്ര വീര്യവും മാന്യതയും വിശ്വാസ്യതയുമില്ലാത്തതിനാൽ നാടുനീളെ ബാറുകളും ബെവ്കോ ഔട്ട്‌ ലെറ്റുകളും കൊണ്ട് നിറഞ്ഞു. മദ്യപാനം ചിലരുടെ ഒഴിവാക്കാനാവാത്ത ഒരാവശ്യം എന്ന നില വിട്ട് ഒരു ഫാഷനും സ്റ്റാറ്റസ് സിംബലുമായി. കേരള സംസ്ഥാനം രൂപവല്ക്കരിച്ച സമയത്തെ അഡ്മിനിസ്‌ട്രേഷന്‍ റിപ്പോര്‍ട്ട് അനുസരിച്ച് 32 വിദേശമദ്യ മൊത്തക്കച്ചവടക്കാരും, 24 ചെറുകിട കച്ചവടക്കാരും വിദേശമദ്യം വിളമ്പുന്ന 16 ക്ളബ്ബുകളുമാണ് ഇവിടെ ഉണ്ടായിരുന്നതെന്ന് കാണാം. അവിടെ നിന്നാണ് മുക്കിലും മൂലയിലും വിദേശമദ്യം കിട്ടുമെന്ന നില വന്നത്. രാഷ്ട്രീയത്തേയും അധികാരകേന്ദ്രങ്ങളേയും നിയന്ത്രിക്കുന്ന വൻ ശക്തിയായി മദ്യലോബി മാറി.

ഇതിൽക്കൂടുതൽ എഴുതി ബോറടിപ്പിക്കുന്നില്ല. കാര്യങ്ങളെ ഇങ്ങനെ സംഗ്രഹിക്കാം. മദ്യത്തിനും മദ്യപാനത്തിനും സഹസ്രാബ്ദങ്ങളുടെ പാരമ്പര്യമുണ്ട്. എല്ലാ പുരാതന മനുഷ്യസംസ്‌കാരങ്ങളിലും മദ്യം ഉണ്ടായിരുന്നു. ചൈനയില്‍ നിന്ന് ലഭിച്ച ചില പുരാതന മണ്‍പാത്രങ്ങളിലെ രാസപരിശോധനാ ഫലങ്ങള്‍ സൂചിപ്പിക്കുന്നത് അവ മദ്യം സൂക്ഷിക്കാന്‍ ഉപയോഗിച്ചവയാണെന്നും അവയ്ക്ക് ഏതാണ് 7000 വർഷങ്ങളുടെ പഴക്കം ഉണ്ടെന്നുമായിരുന്നു. ചൈനക്കു പുറമെ, ഈജിപ്ത്, ആഫ്രിക്ക, സുമേറിയ, ഇന്ത്യ എന്നിവിടങ്ങളില്‍ നിന്നെല്ലാം പ്രാചീനകാലം മുതൽ മദ്യം ഉപയോഗിച്ചിരിയുന്നതിന് തെളിവുകളുണ്ട്. മദ്യം നിരോധിച്ച സ്ഥലങ്ങള്‍ ഉണ്ടെങ്കിലും മദ്യം കിട്ടാത്ത സ്ഥലങ്ങള്‍ ഇല്ല എന്ന് നിസ്സംശയം പറയാം. നിരോധനവും നിയന്ത്രണവും ഉള്ളിടത്ത് മദ്യപ്രേമികൾ റിസ്‌ക് എടുത്ത് രഹസ്യമായി മദ്യപിക്കുന്നു. നിയന്ത്രങ്ങൾ ഇല്ലാത്തയിടങ്ങളില്‍ ആളുകള്‍ വിവിധങ്ങളായ മദ്യങ്ങള്‍ സ്വതന്ത്രമായി ആസ്വദിക്കുന്നു. ഒരു കാര്യം വ്യക്തമാണ്. മദ്യം നിരോധിക്കാം. പക്ഷെ, താൽപ്പര്യങ്ങളും ശീലങ്ങളും സന്തോഷങ്ങളും നിരോധിക്കാനാവില്ല. "പത്തായത്തിൽ നെല്ലുണ്ടെങ്കിൽ എലി പത്താനാപുരത്തു നിന്നും എത്തിക്കോളും". അടിക്കുന്നവർ ഉള്ളിടത്തോളം ഇവിടെ സാധനം സുലഭമായി കിട്ടും; അത് ചിലപ്പോ വ്യാജനോ കടത്തിയതോ ഒക്കെ ആയിരിക്കും. സാധനം കിട്ടാനുണ്ടെങ്കിൽ അടിക്കാൻ ആളും ഉണ്ടാകും. ഈ പരസ്പര പൂരകത്വം നിലനിൽക്കുന്നിടത്തോളം ഇത് മുഴുവൻ ഇല്ലാതാക്കാൻ ഏതു ഭരണാധികാരി ആണേലും ഇച്ചിരി ബുദ്ധിമുട്ടും"

ഇത്രയും കൂടെ പറഞ്ഞോട്ടെ 
  1. എന്റെ അറിവിലും പരിചയത്തിലും പെട്ട, മദ്യം കഴിക്കുന്ന ഒരാള് പോലും കഴിഞ്ഞ കാലത്തെ "ബാർ " നിരോധനം കൊണ്ട് മദ്യപാനം നിർത്തി കണ്ടില്ല !!!
  2. ഞാൻ മദ്യം കഴിക്കുന്ന ആളല്ല. പക്ഷെ, ഉത്തരവാദിത്തത്തോടെ മദ്യപാനത്തെ ഒരു പാപമോ അപരാധമോ ആയി ഞാൻ കാണുന്നില്ല. 
  3. മദ്യപാന സദസുകൾ വളരെയധികം ആസ്വദിക്കുന്ന ആളാണ്.
  4. സ്വന്തം ശരീരത്തെയും കുടുംബസമാധാനത്തെയും സാമ്പത്തികഭദ്രതയേയും അപകടത്തിലാക്കി കുടിക്കുന്നവരോട് ചെറുതല്ലാത്ത നീരസം ഉണ്ട്.
  5. ഒരു പെഗ്ഗാണെങ്കിൽ പോലും മദ്യം കഴിച്ചു കൊണ്ട് വണ്ടി ഓടിക്കുന്നവരോട് യോജിക്കാനും പറ്റില്ല... 
ഇതൊക്കെയാണെങ്കിലും, മദ്യനിരോധനക്കാരോടും മദ്യവിരോധികളോടും എനിക്കൊന്നേ പറയാനുള്ളൂ....

"നിങ്ങൾക്ക് മദ്യം ഇഷ്ടമല്ലെങ്കിൽ വേണ്ട; കുടിക്കുന്നവർ കുടിക്കട്ടെ" 

പല്ലിളിക്കുന്ന യാഥാർത്ഥ്യം : എന്റെ അറിവിലും പരിചയത്തിലും പെട്ട, മദ്യം കഴിക്കുന്ന ഒരാള് പോലും ഈ മദ്യ / ബാർ നിരോധനം കൊണ്ട് മദ്യപാനം നിർത്തി കണ്ടിട്ടില്ല. എനിക്കറിയാവുന്ന ഒരാൾ പോലും തൊട്ടടുത്ത് ബാറോ ഷാപ്പോ ഉള്ളത് കൊണ്ട് മാത്രം കുടി തുടങ്ങിയതായും അറിവില്ല....!!!

### ഇതൊരു പുതിയ ബ്ലോഗ് പോസ്റ്റ് അല്ല; മുൻ  UDF സർക്കാർ ബാറുകൾ മുഴുവൻ നിരോധിച്ചപ്പോൾ എഴുതിയതാണ്. ഇപ്പോൾ ആനുകാലിക സംഭവങ്ങളെ ഉൾപ്പെടുത്തി ഒന്ന് update ചെയ്തിട്ടുണ്ട്.

(**ചരിത്ര രേഖകൾക്ക് മാതൃഭൂമി പത്രത്തിൽ മുൻപ് വന്ന ഒരു ലേഖനത്തോടു കടപ്പാട്)

ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക

https://www.facebook.com/achayatharangal.blogspot.in


അല്ലെങ്കില്‍ 
 താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക