ഞാൻ വെറും പോഴൻ

Sunday 3 December 2023

നൊസ്റ്റാൾജിയ നിറച്ച ഗോലി സോഡാ കുപ്പികൾ


സോഡ പോലുള്ള കാർബണേറ്റഡ് പാനീയങ്ങൾ നിറച്ച് വിതരണത്തിനുപയോഗിക്കുന്ന ഒരു തരം കുപ്പിയാണ് കോഡ്-നെക്ക് ബോട്ടിൽ. ഒരുറബ്ബർ വാഷറും കുട്ടികൾ കളിക്കാനുപയോഗിക്കുന്ന ഗോലി പോലൊരു ഗ്ലാസ് ബോളും ചേർത്തുള്ള ഒരു ക്രമീകരണമായിരുന്നു ഇതിന്റെ ക്ലോസിംഗ് ഡിസൈൻ.

ഇംഗ്ലണ്ടിലെ ഒരു ശീതളപാനീയ നിർമ്മാതാവ്വായിരുന്ന ഹിറാം കോഡ് കാർബണേറ്റഡ് പാനീയങ്ങൾക്കായി പ്രത്യേകം രൂപകൽപ്പന ചെയ്തതാണ് ഇത്തരം കുപ്പികൾ. ഉള്ളിൽ നിറക്കുന്ന ഗ്യാസിന്റെ പ്രഷറിനെ നേരിടാൻ പാകത്തിന് കട്ടിയുള്ള ഗ്ലാസും അതിന്റെ കഴുത്തിൽ ഒരു "ഗോലി"യും ആ ഗോലിയെ കുപ്പിയോട് എയർ ടൈറ്റായി ചേർത്ത് നിർത്തുന്ന റബ്ബർ വാഷറും ആ ഗോലിയുടെ പൊസിഷൻ ക്രമീകരിക്കത്തക്ക വിധത്തിലുള്ള ഒരു പൊഴിയും ഉൾക്കൊള്ളിച്ചായിരുന്നു ഇത്തരം കുപ്പിയുടെ രൂപ കൽപ്പന. കോഡ് രൂപകൽപ്പന ചെയ്ത കുപ്പി  നിലയിലാണ് ഇത്തരം കുപ്പികൾക്ക് കോഡ് ബോട്ടിൽ എന്ന വിളിപ്പേര് കിട്ടിയത്. കോഡ് ഈ കുപ്പി ഡിസൈനിനു പേറ്റന്റ് കരസ്ഥമാക്കുകയും ചെയ്തു.

ഗ്യാസ് നിറച്ച കുപ്പികൾ തല കീഴായിട്ടാണ് ക്രെയിറ്റുകളിൽ സൂക്ഷിക്കുന്നത്. കുപ്പിയിലെ ഗ്യാസിന്റെ പ്രഷർ ഗോലിയെ വാഷറുമായി ജാമാക്കുകയും ഗ്യാസ് പുറത്ത് പോകാത്ത വിധത്തിൽ അടയുകയും ചെയ്യുന്നു. കുപ്പി തുറക്കാൻ വേണ്ടി വിരൽ കൊണ്ടോ ഓപ്പണർ കൊണ്ടോ ഗോലി ഉള്ളിലേക്ക് തള്ളുകയാണ് ചെയ്യുന്നത്. അപ്പോൾ കുപ്പിയിൽ പ്രത്യേകമായി സജ്ജീകരിച്ചിട്ടുള്ള പൊഴിയിൽ ഈ ഗോലി പോയി കിടക്കും. തുറന്ന ശേഷം ഒരു പ്രത്യേക പൊസിഷനിൽ ഈ ഗോലി നിർത്തിയാലേ കുപ്പിയിലുള്ള ദ്രാവകം പുറത്തേക്ക് വരൂ. . 

ഒന്ന് രണ്ട് പതിറ്റാണ്ടുകൾക്ക് മുൻപ് വരെ കോഡ് ബോട്ടിലുകൾ പതിവായി ഉൽ‌പാദിപ്പിക്കപ്പെട്ടിരുന്നുവെങ്കിലും ക്രമേണ ഇതിന്റെ ഉപയോഗത്തിൽ കുറവുണ്ടായി. ഇപ്പോൾ ഡിസൈൻ പ്രത്യേകത കൊണ്ടും വിന്റേജ് കുപ്പികൾ എന്ന നിലയിലും ഇവ ഹോബിയിസ്റ്റുകളുടെ പ്രിയപ്പെട്ട ശേഖരവസ്തുവായി മാറി. അപൂർവ്വം ചിലയിടങ്ങളിൽ ഇപ്പോഴും കോഡ് ബോട്ടിലിൽ നിറച്ച സോഡയും കാർബണേറ്റഡ് പാനീയങ്ങളും ലഭ്യമാണ്.

ഗോട്ടി സോഡാ, കല്ല് സോഡ, കായ സോഡ, വട്ട് സോഡ എന്നീ പ്രാദേശിക വിളിപ്പേരുകളും കേട്ടിട്ടുണ്ട്.

Friday 3 November 2023

മഷി പേന (ഫൗണ്ടൻ പേന) ക്കായി ഒരു ദിനം


മഷി ഒഴിച്ച് നിബ്ബ്‌ കൊണ്ടെഴുതുന്ന പേനകൾ ഇപ്പോൾ അധികമാരും ഉപയോഗിക്കുന്നുണ്ടാവില്ല. സൗകര്യപ്രദവും വില കുറവുള്ളതുമായ ബോൾ പോയിന്റ് പേനകളും ജെൽ പേനകളുമൊക്കെ വരുന്നതിന് മുൻപ് എഴുതാൻ ഉപയോഗിച്ചിരുന്ന പേന ആയിരുന്നു ഫൗണ്ടൻ പേന (Fountain Pen). 

ഇന്നത്തെ തലമുറയിലെ ചിലരെങ്കിലും കണ്ടിട്ട് പോലും ഉണ്ടാവാൻ സാധ്യതയില്ലാത്ത ഫൗണ്ടൻ പേനകൾക്ക് വേണ്ടിയും ഒരു ദിവസം ആചരിക്കപ്പെടുന്നുണ്ട്. 2012 മുതലാണ് ഇത് ആചരിച്ചു തുടങ്ങിയത്. ഓരോ വർഷവും നവംബറിലെ ആദ്യ വെള്ളിയാഴ്ചയാണ് Fountain Pen Day. 2023- ൽ ഇത് നവംബർ 3 നാണ്. ഫൗണ്ടൻ പേനകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനും പൊതുവെ എഴുതുന്നതിന്റെ സന്തോഷം ആഘോഷിക്കുന്നതിനും വേണ്ടി സമർപ്പിച്ചിരിക്കുന്ന ഒരു ദിനമാണിത്. ക്രിയാത്മകമായ രചനകൾ ശൈലിയിൽ ചെയ്യുന്നതിലെ സന്തോഷത്തിലേക്കും ഗംഭീരമായ ഉപകരണങ്ങൾ ഉപയോഗിച്ച് എഴുത്തിന്റെ ഭംഗിയിലേക്കും ശ്രദ്ധ ആകർഷിക്കുക എന്നതാണ് ദിനാചരണത്തിന്റെ ലക്ഷ്യം.

ഫൗണ്ടൻ പേനകൾ ഒരു സുപ്രഭാതത്തിൽ കണ്ടുപിടിക്കപ്പെട്ട ഒന്നല്ല. ക്രിസ്തുവിന് മുവ്വായിരത്തോളം വർഷങ്ങൾക്ക് മുൻപ് ഈജിപ്തുകാർ ആണ് ഫൗണ്ടൻ പേനകളുടെ പ്രാഗ് രൂപം കണ്ടുപിടിച്ചതെന്ന് പറയപ്പെടുന്നു. ഞാങ്ങണത്തണ്ടുകൾ, പക്ഷിത്തൂവലുകൾ, വൈക്കോൽ മുതലായവ പച്ചക്കറികളും പശയും ചേർത്തുണ്ടാക്കുന്ന മഷിക്കൂട്ടിൽ മുക്കിയായിരുന്നു അവർ എഴുതിയത്. മഷിയിൽ മുക്കിഎഴുതുന്നതിനാൽ "ഡിപ്പ് പേനകൾ" എന്നായിരുന്നു അവ അറിയപ്പെട്ടത്. നൂറ്റാണ്ടുകൾക്ക് ശേഷം എഴുത്തുപകരണത്തിൽ തന്നെ മഷി സൂക്ഷിക്കാൻ സാധിക്കുന്ന തരം റിസർവോയർ പേനകൾ വികസിപ്പിക്കപ്പെട്ടു. പിന്നെയും ഏറെ നൂറ്റാണ്ടുകൾക്ക് ശേഷമാണ് ലോഹപ്പേനകൾ ഉണ്ടായത്. അത് 17, 18 നൂറ്റാണ്ടുകളിൽ ആണെന്ന് പറയപ്പെടുന്നു. 

ഒരു ഇസ്മാഈലി നിയമജ്ഞനും ഫാത്തിമിദ് ഖിലാഫത്തിന്റെ ഔദ്യോഗിക ചരിത്രകാരനുമായിരുന്ന അൽ-ഖദീ അൽ-നുഅമാൻ തന്റെ അൽ-മജലിസ് വാൽ-മുസയാറാത്ത് എന്ന കിതാബിൽ മഷി ഉപയോഗിച്ചെഴുതുന്ന എഴുത്തുപകരണത്തെപ്പറ്റി പറയുന്നുണ്ട്. അറബ് ഈജിപ്തിലെ ഫാത്തിമിദ് ഖലീഫയായിരുന്ന അൽ-മുയിസ് ലി-ദിൻ അള്ളാ തെറ്റ് കുറ്റങ്ങളില്ലാത്ത ഒരു എഴുത്തുപകരണത്തിന് വേണ്ടി ആഗ്രഹിച്ചു. കൈകളോ വസ്ത്രങ്ങളോ വൃത്തി കേടാകാത്ത തരത്തിൽ ഒരു റിസർവോയറിൽ സൂക്ഷിച്ച മഷി ഉപയോഗിച്ച് എഴുതാവുന്ന ഒരു എഴുത്തുപകരണം അന്നത്തെ വിദഗ്ദ്ധർ അദ്ദേഹത്തിന് വേണ്ടി രൂപപ്പെടുത്തി നൽകി. അത് തല കീഴായി പിടിക്കുമ്പോൾ മഷി ചോരാതെ നിൽക്കുമായിരുന്നത്രെ. 

നവോത്ഥാന കാലത്തെ ഇറ്റാലിയൻ ചിത്രകാരനും ശില്പിയും ശാസ്ത്രജ്ഞനുമൊക്കെയായിരുന്ന ലിയനാർഡോ ഡി സെർ പിയറോ ഡാവിഞ്ചി മഷി പേന ഉപയോഗിച്ചിരുന്നു എന്നതിന് ശ്രദ്ധേയമായ ചില തെളിവുകൾ ഉണ്ട്. ഡാവിഞ്ചി ജേണലുകളിൽ ഗുരുത്വാകർഷണവും കാപ്പിലറി പ്രവർത്തനവും ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഒരു റിസർവോയർ പേനയുടെ ക്രോസ്-സെക്ഷനുകളുടെ ഡ്രോയിംഗുകൾ അടങ്ങിയിരുന്നു. 

നൂറ്റാണ്ടുകൾ നീണ്ട നിരന്തര പരിഷ്കരണ പ്രക്രിയകളിലൂടെയാണ് നമ്മളിൽ ചിലരെങ്കിലും കണ്ടു ശീലിച്ചതും ഉപയോഗിച്ചതുമായ ഫൗണ്ടൻ പേനകൾ ഉരുത്തിരിഞ്ഞത്. പേനയുടെ ഭാഗങ്ങളായ നിബ്ബ്‌, റിസർവോയർ, ഫീഡ്, ഇങ്ക് ഫില്ലിംഗ് സിസ്റ്റം മുതലായവയെല്ലാം നിരന്തരമായി പരിഷ്ക്കരിക്കപ്പെട്ടിട്ടുണ്ട്.

ഫൗണ്ടൻ പേനയിൽ ഉപയോഗിക്കുന്ന മഷിയും അത്ര നിസാര വസ്തുവല്ല. നിറമുള്ള ഏതെങ്കിലും ഒരു ദ്രാവകം ഫൗണ്ടൻ പേനയിലെ മഷിയായി ഉപയോഗിക്കാൻ സാധിക്കില്ല. അത് വെള്ളത്തിൽ ലയിക്കുന്നതാവണം, എളുപ്പം ഉണങ്ങുന്നതാവണം, അതിന്റെ നിറം കാലക്രമത്തിൽ മങ്ങുന്നതാവരരുത്, പേനയിൽ ഇരുന്ന് ഉറച്ചു പോകാത്ത തരമാകണം... അങ്ങനെ പല കാര്യങ്ങൾ ഒത്തിണങ്ങിയാലേ ഗുണമേന്മയുള്ള മഷി എന്ന് വിളിക്കാനാവൂ.  ഈ ഗുണഗണങ്ങൾ ഒത്തിണങ്ങിയ പിഗ്മെന്റുകൾ (കളറിംഗ് ഏജന്റുകൾ) എല്ലാ നിറത്തിലും ലഭ്യമല്ലാത്തത് കൊണ്ടാണ് ചില നിറങ്ങളിൽ പേന മഷികൾ കിട്ടാത്തത്. 

പാര്‍ക്കര്‍, ഷീഫര്‍, വാട്ടര്‍മാന്‍, പൈലറ്റ്, ക്രോസ്, പെലിക്കന്‍, അറോറ, മോണ്ട് ബ്ലാങ്ക്, ലാമി എന്നിങ്ങനെ നിരവധി ലോകോത്തര പെൻ ബ്രാന്‍ഡുകള്‍ നമുക്ക് സുപരിചിതമാണ്. എന്നാൽ, മുൻപ് പറഞ്ഞ ലോകോത്തര ബ്രാൻഡുകളോളം പെരുമയില്ലെങ്കിലും ഒട്ടേറെ ജനപ്രിയ ഇന്ത്യൻ ബ്രാൻഡുകൾ ഫൗണ്ടൻ പേനകൾ വിൽപ്പന നടത്തുന്നുണ്ടായിരുന്നു. ഇപ്പോൾ വിരലിലെണ്ണാവുന്ന ബ്രാൻഡുകളെ ഇന്ത്യയിൽ ഫൗണ്ടൻ പേന വിൽക്കുന്നുള്ളൂ. 2019-ൽ അതിലൊരു ബ്രാൻഡ് വലിയ വാർത്താശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. രത്നം ബ്രാൻഡ് ഫൗണ്ടൻ പേന ആയിരുന്നു അത്. നവംബറില്‍ ഇന്ത്യ സന്ദര്‍ശിച്ച ജര്‍മ്മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കലിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ലഡാക്കില്‍ നിന്നുള്ള കൈത്തറി ഖാദി കമ്പിളിയും രത്‌നം പേനയുമാണ് സമ്മാനമായി നല്‍കിയത്. ഇതോടെയാണ് സ്വദേശ നിര്‍മ്മിതമായ രത്‌നം പേനകൾ വാർത്തയിലും പേന പ്രേമികളുടെ സെർച്ച് ഹിസ്റ്ററിയിലും നിറഞ്ഞത്. 

ഗാന്ധിജിയുമായി ബന്ധപ്പെട്ട ഒരു കഥയും രത്നം പേനകൾക്കുണ്ട്. സ്വദേശി ഗ്രാമീണ ഉൽപ്പന്നമെന്ന നിലയിൽ മഷിയിൽ മുക്കി റീഡ് പേനകളുടെ വക്താവായിരുന്നു മഹാത്മാ ഗാന്ധി. അത് കൊണ്ട് തന്നെ വിദേശ നിർമ്മിതവും വിദേശ അസംസ്കൃത വസ്തുക്കളാൽ നിർമ്മിതവുമായ ഫൗണ്ടൻ പേനകൾ ഗാന്ധിജി ഉപയോഗിച്ചിരുന്നില്ല. "ദി റീഡ് വേഴ്‌സസ് ദി ഫൗണ്ടന്‍ പെന്‍" എന്ന തലക്കെട്ടോടെ ഒരു ലേഖനം തന്നെ എഴുതിയിട്ടുണ്ട് ഗാന്ധിജി. ബാപ്പു രത്‌നം ഫൗണ്ടന്‍ പേന ഉപയോഗിച്ചു കാണണമെങ്കിൽ അത് പൂര്‍ണമായും സ്വദേശ നിര്‍മ്മിതമായിരിക്കണമെന്ന് രത്‌നം ഫൗണ്ടേഷന് മനസ്സിലായി. ഗാന്ധിജിയെ തങ്ങളുടെ സ്വദേശീ സ്വഭാവം ബോധ്യപ്പെടുത്തുന്നതിൽ ഫൗണ്ടേഷൻ ഉടമ കെ. വി. രത്നം വിജയിച്ചു. ഗാന്ധിജി, ജവഹര്‍ലാല്‍ നെഹ്‌റു, രാജന്ദ്രപ്രസാദ്, ഇന്ദിരാഗാന്ധി തുടങ്ങിയ നേതാക്കളുടെയും

മറ്റ് പല മഹാന്മാരുടെയും കൈകളില്‍ രത്‌നം ഫൗണ്ടന്‍ പേനയുണ്ടായിരുന്നു എന്നറിയുമ്പോഴാണ് ആ പേനയുടെ പ്രാധാന്യം മനസ്സിലാകുക. ഓരോ അഞ്ചുവര്‍ഷം കൂടുമ്പോഴും പ്രധാനമന്ത്രിയുടെയും പ്രസിഡന്റിന്റെയും പേരുകള്‍ ആലേഖനം ചെയ്ത പേനകള്‍ അവരുടെ വസതികളിലേക്ക് അയച്ചുകൊടുക്കുന്ന പതിവും രത്‌നം ഫൗണ്ടേഷനുണ്ട്. 
ഓരോ പേനയും കൈ കൊണ്ട് നിർമ്മിക്കപ്പെടുന്നതാണെന്നാണ് രത്‌നം ഫൗണ്ടേഷൻ അവകാശപ്പെടുന്നത്. ഉപഭോക്താക്കളുടെ ആവശ്യമനുസരിച്ച് Customised പേനകളും ഇവർ നിർമ്മിച്ച് നൽകുന്നു. സ്വർണ്ണവും വെള്ളിയും ഒക്കെ ഉപയോഗിച്ചും ഇവർ പേന Customise ചെയ്യാറുണ്ട്.

സാഹചര്യം ഒത്ത് വന്നാൽ ഒരു ഫൗണ്ടൻ പേന ഉപയോഗിച്ച് നോക്കാനും പറ്റുമെങ്കിൽ ഒന്നോ അതിലധികമോ സ്വന്തമാക്കി ശേഖരിച്ചു വയ്ക്കാനും ഓരോരുത്തർക്കും പ്രചോദനമാകാൻ ഈ Fountain Pen Day ഉപകരിക്കട്ടെ.

Tail Piece : മഹത്തും ബൃഹത്തുമായ ഇന്ത്യൻ ഭരണഘടന മനോഹരമായ ഇറ്റാലിക്ക് കാലിഗ്രാഫി ശൈലിയിൽ ആണ് എഴുതപ്പെട്ടത്. മഷിപ്പേന ഉപയോഗിച്ച് ഇതിന്റെ കയ്യെഴുത്ത് നടത്തിയത് ഡൽഹി സ്വദേശിയായിരുന്ന അതുല്യ കലാകാരൻ പ്രേം ബിഹാരി നരൈൻ റൈസാദയാണ്. അനുഗ്രഹീത കലാകാരനായിരുന്നു അദ്ദേഹത്തിന്റെ മുത്തച്ഛനിൽ നിന്നാണ് അദ്ദേഹം കാലിഗ്രഫി പഠിച്ചത്. ഭരണഘടനയുടെ കയ്യെഴുത്ത് പ്രതി രചിക്കുക എന്ന ദൗത്യം ഏറ്റെടുക്കാൻ നെഹ്‌റു ആവശ്യപ്പെട്ടപ്പോൾ അദ്ദേഹം അത് അഭിമാനത്തോടെ ഏറ്റെടുത്തു. പ്രതിഫലമായി എന്ത് വേണമെന്ന നെഹ്രുവിന്റെ ചോദ്യത്തിന് ഒരു നയാപൈസ പോലും വേണ്ട എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. പക്ഷെ, അദ്ദേഹം ഒന്ന് രണ്ട് ആവശ്യങ്ങൾ മാത്രം ഉന്നയിച്ചു. എല്ലാ പേജുകളുടെയും താഴെ അദ്ദേഹം അദ്ദേഹത്തിന്റെ പേര് എഴുതിച്ചേർക്കും; ഏറ്റവും അവസാനപേജിൽ അദ്ദേഹത്തിന്റെ പേരിനോടൊപ്പം അദ്ദേഹത്തെ കാലിഗ്രാഫി കയ്യെഴുത്ത് പഠിപ്പിച്ച പ്രിയപ്പെട്ട മുത്തച്ഛന്റെ പേരും എഴുതിച്ചേർക്കും. നെഹ്‌റു ആ ആവശ്യങ്ങൾ അംഗീകരിക്കുകയും ചെയ്തു. ഭരണഘടന എഴുതുന്ന ജോലി പൂർത്തിയാക്കാൻ ശ്രീ പ്രേം ബിഹാരി 6 മാസം എടുത്തു. ഈ ജോലിക്കു വേണ്ടി അദ്ദേഹം 432 പെൻ ഹോൾഡർ നിബ്ബുകൾ ഉപയോഗിച്ചു. No.303 നിബ്ബ്‌ ആണ് ഉപയോഗിക്കപ്പെട്ടത്. ഇന്ത്യൻ ഭരണഘടനയുടെ ഹിന്ദി പതിപ്പിന്റെ കാലിഗ്രാഫി കയ്യെഴുത്ത് നിർവ്വഹിച്ചത് വസന്ത് കൃഷ്ണ വൈദ്യ എന്ന കലാകാരനായിരുന്നു. 

Wishing you a thrilling and nostalgia filled writing with a Fountain Pen.

പ്രാക്ടീസ് ചെയ്യുന്ന ചാർട്ടേർഡ് അക്കൗണ്ടന്റ് എന്ന നിലയിൽ ഞാൻ ഒപ്പിടാൻ ഉപയോഗിക്കുന്നത് ഫൗണ്ടൻ പേനകൾ ആണ്. ചിത്രത്തിൽ ഉള്ളത് ഞാൻ ഉപയോഗിക്കുന്ന പേനകൾ ആണ്. ഇത് കൂടാതെ വേറെയും കുറച്ച് ഫൗണ്ടൻ പേനകൾ എന്റെ ശേഖരത്തിൽ ഉണ്ട്.





An early fountain pen patent awarded by the French Government to the Romanian inventor Petrache Poenaru on 25 May 1827



M. Klein and Henry W. Wynne received U.S. Patent 68,445 in 1867 

for an ink chamber and delivery system in the handle of the fountain pen














"Waterman's 

ideal fountain pen" 

1908 advertisement












Detail of a Visconti stainless steel nib and feed with a finned ink buffering structure at its rear half







Tip of a fountain pen nib







The Pilot Parallel, an example of a type of an italic nib used in fountain pens, often used to create art and calligraphy. This pen has two flat plates that meet in the center in place of a traditional nib






Mabie Todd Swan flexible 14k nib







The Integral Nib of a Parker 50 (Falcon)









Hooded nib of a Hero pen







A squeeze filler by Hero



Schmidt K5 piston-style standard international size fountain pen converter, containing a user inserted 2.5 mm diameter Marine grade 316 stainless steel bearing ball





Proprietary cartridges (left to right): Pilot, Parker, Lamy, short standard international (made by Kaweco)






Dimensions of short International Ink Cartridge

Friday 20 October 2023

ഏറെ കൗതുകങ്ങൾ ഒളിപ്പിച്ചു വച്ചിരിക്കുന്ന കൊച്ചു ചെപ്പുകൾ


മനുഷ്യകുലത്തിന്‍റെ വളര്‍ച്ചയിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നായിരുന്നു തീയുടെ കണ്ടുപിടുത്തം. എങ്ങിനെയാണ് നമ്മൾ തീയുണ്ടാക്കുന്നത്... വേദകാലത്തുപയോഗിച്ചിരുന്ന അരണി, പലതരം കെമിക്കൽ റിയാക്ഷനുകൾ, ലൈറ്ററുകൾ, വൈദ്യുതി കോയിലുകൾ, തീപ്പട്ടി അങ്ങനെ പലതും ഉപയോഗിച്ച് തീ ഉണ്ടാക്കാറുണ്ട്. തീയുണ്ടാക്കാൻ ഉപയോഗിക്കുന്ന ഏറ്റവും ചിലവു കുറഞ്ഞതും ലളിതവും സുരക്ഷിതവുമായ ഉപകരണമാണ് തീപ്പെട്ടി. തീ ഉണ്ടാക്കാൻ സഹായിക്കുന്ന പെട്ടി എന്ന അർത്ഥത്തിലാണ് മലയാളത്തിൽ ഇതിനെ തീപ്പെട്ടി എന്ന് വിളിക്കുന്നത്.

നിങ്ങളുടെ വീട്ടിലെ അടുക്കളയിൽ ഇരിക്കുന്ന തീപ്പെട്ടിയിലെയോ വഴിയിൽ എവിടെയെങ്കിലും വീണു കിടക്കുന്ന തീപ്പെട്ടിയിലെയോ പടങ്ങളിലേക്ക് നിങ്ങൾ എപ്പോഴെങ്കിലും രണ്ടാമതൊന്ന് നോക്കിയിട്ടുണ്ടോ ? ഒരു പക്ഷേ അങ്ങനെ നോക്കിയിട്ടുണ്ടാവില്ല. അങ്ങനെ ഒന്ന് ചെയ്ത് നോക്കൂ; വൈവിധ്യങ്ങളുടെ ഒരു ലോകം തന്നെ പോപ്പ് അപ്പ് ചെയ്ത് വരും. ദേശീയ അന്തർദേശീയ പ്രാധാന്യമുള്ള വ്യക്തികൾ, സംഭവങ്ങൾ, നിർമ്മിതികൾ, ഉപകരണങ്ങൾ, കളികൾ എന്ന് വേണ്ട, തീപ്പെട്ടിപ്പടങ്ങളിൽ നിന്ന് എന്താണ് കണ്ടെടുക്കാൻ പറ്റാത്തത് !!?? തീപ്പെട്ടികൾ അവ നിർമ്മിക്കപ്പെട്ട കാലം,  ചരിത്രം, കല, സംസ്കാരം, പ്രത്യയശാസ്ത്രങ്ങൾ തുടങ്ങി എണ്ണമറ്റ കാര്യങ്ങളെ  രേഖപ്പെടുത്തുന്നു.

സ്റ്റാമ്പ് കളക്ഷൻ, നോട്ട് - നാണയ കളക്ഷൻ ഒക്കെപ്പോലെ ലോകവ്യാപകമായി പ്രചാരത്തിലുള്ള ഒരു ഹോബിയാണ് തീപ്പെട്ടിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ശേഖരിക്കുന്നത്. ഫിലുമെനി (Phillumeny) എന്നാണ് ഈ ഹോബി അറിയപ്പെടുന്നത്. 'ഫിലോസ്' (സുഹൃത്ത്), 'ല്യൂമെൻ' (ലൈറ്റ്) എന്നീ രണ്ട് പദങ്ങളിൽ നിന്നാണ് ഫിലുമെനി എന്ന വാക്ക് വന്നത്, യഥാർത്ഥത്തിൽ ഇത് തീപ്പെട്ടികൾ മാത്രമല്ല അതുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ശേഖരിക്കുന്ന ഹോബിയാണ്. 

Match Boxes with or with out Tray or Sicks (ട്രേയും കൊള്ളികളും അടക്കമോ അവ അല്ലാതെയോ ഉള്ള തീപ്പെട്ടികൾ), Match Box Labels (തീപ്പെട്ടി പടങ്ങൾ), Match Books (തീപ്പെട്ടികൾ സൂക്ഷിക്കുന്നതിനുള്ള പുസ്തക സമാനമായ  ചെറിയ പേപ്പർ ബോർഡ് പാത്രങ്ങൾ), Matchbox Wrappers and Labels on Wrappers (തീപ്പെട്ടി പാക്കറ്റുകളുടെ പൊതിക്കടലാസും അതിന് മുകളിലെ ലേബലുകളും) ഒക്കെയാണ് സാധാരണയായി ഫിലുമെനിസ്റ്റുകൾ ശേഖരിക്കുന്ന ഇനങ്ങൾ. ചിത്രങ്ങൾ, എഴുത്തുകൾ, നമ്പറുകൾ, രാജ്യങ്ങൾ, ഷേപ്പുകൾ, ബ്രാൻഡുകൾ എന്നിങ്ങനെ പല തീമുകളിൽ കളക്ടർമാർ അവരുടെ ശേഖരങ്ങൾ  തരം തിരിച്ചു സൂക്ഷിക്കുന്നു. ഫിലുമെനിയിലും മത്സരങ്ങളും പ്രദർശനങ്ങളും ഒക്കെ നടക്കാറുണ്ട്.

തീ ഉണ്ടാക്കാനുള്ള ഏറ്റവും ചിലവ് കുറവുള്ള മാർഗ്ഗമാണ് തീപ്പെട്ടി എന്നത് പോലെ തന്നെ കൊണ്ട് നടക്കാൻ ഏറ്റവും ചിലവ് കുറഞ്ഞ ഹോബിയാണ് ഫിലുമെനി. നിരന്തരമായ പരിശ്രമമുണ്ടെങ്കിൽ ഒരാൾക്ക് അയാളുടെ ശേഖരം എത്ര വേണമെങ്കിലും വലുതാക്കാം. ഒരു പക്ഷെ ഏറ്റവും കുറഞ്ഞ വേഗതയിൽ വില കൂടുന്ന ഉപഭോക്തൃവസ്തു തീപ്പെട്ടി ആയിരിക്കും. ഏറെ വർഷങ്ങളായി സാധാരണ തീപ്പെട്ടിയുടെ വില കേവലം ഒരു രൂപയാണ്. യാത്ര ചെയ്യുന്ന സ്ഥലങ്ങളിൽ നിന്ന് പണം കൊടുത്തു വാങ്ങുകയോ വഴിയരികിലും പൊതു സ്ഥലങ്ങളിലും വീണ് കിടക്കുന്നവ ശേഖരിച്ചോ മറ്റ് ഫിലുമിനിസ്റ്റുകളിൽ നിന്ന് കൈമാറ്റം ചെയ്തോ എല്ലാം സ്വന്തം ശേഖരം വലുതാക്കാവുന്നതാണ്. ഏവർക്കും ഫിലുമെനിയുടെ കൗതുകകരമായ ലോകത്തിലേക്ക് സ്വാഗതം.

തീപ്പെട്ടിയുമായി ബന്ധപ്പെട്ട ചില വസ്തുതകൾ

1845-ൽ ഓസ്ട്രിയൻ രസതന്ത്രജ്ഞനായ ആന്റൺ വോൺ ഷ്രോട്ടർ നടത്തിയ ചുവന്ന ഫോസ്ഫറസിന്റെ  കണ്ടുപിടിത്തമാണ് സേഫ്റ്റി മാച്ചസിന്റെ കണ്ടുപിടുത്തത്തിന് കാരണമായത്. 

മനുഷ്യൻ തീ കണ്ടെത്തിയത് ആയിരക്കണക്കിന് വർഷങ്ങൾ മുൻപ് Mesolithic Age അല്ലെങ്കിൽ Middle Stone Age-ൽ ഒക്കെയാണെങ്കിലും, സ്വീഡനിൽ ജോഹാനും കാൾലൻഡ്‌ സ്ട്രോമും ചേർന്ന് സുരക്ഷാ തീപ്പെട്ടി (safety match box) കളുടെ ആദ്യരൂപം  കണ്ടുപിടിക്കാൻ 1852 വരെ കാത്തിരിക്കേണ്ടി വന്നു. 

ഘർഷണം അടിസ്ഥാനമാക്കിയുള്ള തീപ്പെട്ടിക്ക് മുൻപേ തന്നെ പരിഷ്കാരിയായ സിഗരറ്റ് ലൈറ്റർ കണ്ടുപിടിക്കപ്പെട്ടു എന്നത് രസകരമായ ഒരു വസ്തുതയാണ്. 1823-ൽ ഹൈഡ്രജനും പ്ലാറ്റിനവും ഉപയോഗിച്ച് തീ ഉണ്ടാക്കുന്ന ലൈറ്റർ കണ്ടുപിടിച്ചിരുന്നു. 

ഇന്ത്യയിൽ ആദ്യമായി തീപ്പെട്ടികൾ നിർമ്മിച്ചത്, 1875-ൽ അഹമ്മദാബാദിൽ സ്ഥാപിതമായ ഗുജറാത്ത് ഇസ്ലാം മാച്ച് ഫാക്ടറിയാണ്.  പിന്നീട് 1912-ൽ ജാപ്പനീസ് ട്രേഡേഴ്സ് കൽക്കട്ടയിൽ നിന്ന് തീപ്പെട്ടികൾ നിർമ്മിച്ചിരുന്നു. എന്നാൽ 1920-കൾക്ക് മുമ്പ് ഇന്ത്യയിൽ വാണിജ്യപരമായി വിജയിച്ച ഒരു തീപ്പെട്ടി നിർമ്മാതാവും ഉണ്ടായിരുന്നില്ല. അക്കാലങ്ങളിൽ വിപുലമായ ഇന്ത്യൻ വിപണിക്കാവശ്യമായ തീപ്പെട്ടികൾ ജപ്പാനിൽ നിന്നും  സ്വീഡനിൽ നിന്നും മറ്റ് യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുമായിരുന്നു വന്നിരുന്നത്. 1923-ൽ സ്വീഡിഷ് മാച്ച് എബിയുടെ അനുബന്ധ സംരംഭമായി വെസ്റ്റേൺ ഇന്ത്യ മാച്ച് കമ്പനി (വിംകോ ലിമിറ്റഡ്) സ്ഥാപിതമായി. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോഴേക്കും, ഇന്ത്യയുടെ തീപ്പെട്ടി വിപണിയുടെ 70% വിംകോ പിടിച്ചെടുത്തിരുന്നു. ഷിപ്പ്, ഹോംലൈറ്റ്, ടെക്ക തുടങ്ങിയ തീപ്പെട്ടികൾ ഇന്ത്യൻ അടുക്കളകൾ ഏറ്റെടുത്തതോടെ, WIMCO ഒരു ജനപ്രിയ ഗാർഹിക ബ്രാൻഡായി മാറി. ഇപ്പോൾ Wills സിഗരറ്റ് നിർമ്മാതാക്കളായ ITC യുടെ ഉപ കമ്പനിയാണ് Wimco.

ഇന്ത്യയിൽ ഏറ്റവും കൂടുതൽ തീപ്പെട്ടി ഉത്പാദിപ്പിക്കുന്നത് തമിഴ്‌നാട്ടിലെ ശിവകാശിയിലാണ്.

ടെയിൽ പീസ് : 80's kids ന്റെ പ്രധാന കളികളിൽ ഒന്നായിരുന്നു തീപ്പെട്ടി പടം കളി. ന്യൂ ജനറേഷൻ കുട്ടികൾക്ക് അത്ര പരിചിതമല്ലാത്ത കാര്യങ്ങളാണ് തീപ്പെട്ടി പടത്തിൻ്റെ ശേഖരണവും അതു വച്ചുള്ള കളിയും. അക്കാലത്ത് കുട്ടികൾ വാശിയോടെയും മത്സരബുദ്ധിയോടെയുമാണ് തീപ്പെട്ടി പടങ്ങൾ ശേഖരിച്ചിരുന്നത്; അത് തീപ്പെട്ടി പടം കളിക്കാനായിരുന്നു എന്ന് മാത്രം. ക്ലാവർ, ഒട്ടകം, മീൻ, സ്കൈലാർക്ക്, വീ റ്റു, ദോ ദിൽ, ജൂഡോ, ഷിപ്പ് ഒക്കെയായിരുന്നു എന്റെ ചെറുപ്പത്തിൽ കൂടുതൽ കണ്ടിരുന്ന തീപ്പെട്ടി പടങ്ങൾ.


Tuesday 5 September 2023

നാളെയാണ് നാളെയാണ് നാളെയാണ്... ഭാഗ്യദേവത നിങ്ങളെ മാടി വിളിക്കുന്നു...!!???


ഒരു രൂപാ നോട്ടു കൊടുത്താല്‍ 
ഒരു ലക്ഷം കൂടെപ്പോരും

ഭാരം താങ്ങിത്തളരുന്നവരേ ഭാഗ്യം നിങ്ങളെത്തേടി നടപ്പൂ..

വരുവിന്‍ - നിങ്ങള്‍ വരുവിന്‍.. മായമില്ല മന്ത്രമില്ല ജാലവുമില്ല...

ഒരു രൂപാ നോട്ടു കൊടുത്താല്‍ ഒരു ലക്ഷം കൂടെപ്പോരും... 

എന്ന് തുടങ്ങുന്ന സിനിമാപ്പാട്ട് ഒരു കാലത്ത് മലയാളത്തിലെ സൂപ്പർ ഹിറ്റായിരുന്നു; പ്രേം നസീറും ഷീലയും കെ പി ഉമ്മറും അടൂർഭാസിയുമെല്ലാം  അഭിനയിച്ച "ലോട്ടറി ടിക്കറ്റ്" എന്ന സിനിമയിലെ ഗാനമായിരുന്നു അത്.  

നാളെയാണ് നാളെയാണ് നാളെയാണ്. ഭാഗ്യദേവത നിങ്ങളെ മാടി വിളിക്കുന്നു. അറക്കാതെ മടിക്കാതെ കടന്നു വരൂ. കേരള ഭാഗ്യക്കുറിയുടെ ചരിത്രത്തിലാദ്യമായി 25 കോടി രൂപ ഒന്നാം സമ്മാനമായി നൽകുന്ന ഓണം ബമ്പർ ഭാഗ്യക്കുറി ടിക്കറ്റുകളാണിപ്പോൾ വിൽപ്പന നടന്നു കൊണ്ടിരിക്കുന്നത്. ഇത് കൂടാതെ നിരവധി അനവധി സമ്മാനങ്ങൾ ഭാഗ്യവാന്മാരെ കാത്തിരിക്കുന്നു. 2023 സെപ്റ്റംബർ ഇരുപതാം തിയതിയുടെ പൊൻ പ്രഭാതം വിടരുമ്പോൾ ഭാഗ്യദേവത നിങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ എന്നാണ് നിങ്ങളോടൊപ്പം ഞങ്ങളുടെയും പ്രാർത്ഥന. കേവലം 500 രൂപയാണ് ടിക്കറ്റ് വില. നാളിത് വരെ നിരവധി ഭാഗ്യവാന്മാരെ കണ്ടെത്തിയ സി വിദ്യാധരൻ മഞ്ജുള ബേക്കറി ആലപ്പുഴ എന്ന അംഗീകൃത ഏജൻസിയുടെ പ്രചരണ വിതരണ വാഹനമാണ് നിങ്ങളെ സമീപിക്കുന്നത്. നാളെയാണ് നാളെയാണ് നാളെയാണ്. ഭാഗ്യദേവത നിങ്ങളെ മാടി വിളിക്കുന്നു. അറക്കാതെ മടിക്കാതെ കടന്നു വരൂ. ഒരു ടിക്കറ്റെടുക്കൂ. ഭാഗ്യമൊന്നു പരീക്ഷിക്കൂ. ഇത് കേരളമാകെ മുഴങ്ങിക്കേട്ടിരുന്ന ഒരു ലോട്ടറി പരസ്യത്തിന്റെ ഏകദേശ രൂപമാണ്. 

ഒരു എളുപ്പത്തിൽ വലിയ പണക്കാരനാകാൻ ആഗ്രഹിക്കാത്ത എത്ര ആളുകൾ ഉണ്ടാകും !? പണക്കാരനാകുക എന്നാഗ്രഹമുള്ള ഏതൊരുവനെയും പ്രലോഭിപ്പിക്കുന്നതാണ് ആദ്യമേ പറഞ്ഞ ഗാനത്തിലെയും പരസ്യത്തിലേയും വാഗ്ദാനങ്ങൾ.  

വെറും അരലക്ഷം രൂപ സമ്മാനത്തുകയുമായി 1968 ജനുവരി 26-ന് ആദ്യ നറുക്കെടുപ്പ് തുടങ്ങിയ കേരളം സർക്കാർ ഭാഗ്യക്കുറി 50 വർഷം കഴിഞ്ഞ് ഒരു തളർച്ചയുമില്ലാതെ മുന്നേറുകയാണ്. ഇന്ന് ഇരുപത്തഞ്ച് കോടി രൂപ ഒന്നാം സമ്മാനമായി കൊടുക്കുന്ന നിലയിലേക്ക് നമ്മുടെ ഭാഗ്യക്കുറി എത്തിനിൽക്കുമ്പോൾ, തീർത്തും അത്ഭുതം തോന്നാം. കഴിഞ്ഞ ഓണം ബംബറായിരുന്നു ഇരുപത്തഞ്ച് കോടിയുമായി നമ്മുടെ ഭാഗ്യക്കുറി ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനം കൊടുത്തത്. 

രണ്ടാം ഇ എം എസ് സർക്കാരിന്റെ കാലത്ത് സോഷ്യലിസ്റ് നേതാവ് പി കെ കുഞ്ഞ് ധനമന്ത്രിയായിരിക്കുമ്പോഴാണ് കേരള ലോട്ടറി ആരംഭിച്ചത്. കായംകുളത്തെ എംഎസ്എം ട്രസ്റ്റിന്റെ ചെയർമാനായിരിക്കെ എംഎസ്എം കോളേജിന്റെ ധനശേഖരണാർഥം ഭാഗ്യക്കുറി നടത്തിയുള്ള മുൻ പരിചയമാണത്രെ സർക്കാർ തലത്തിൽ ലോട്ടറി തുടങ്ങാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. ഒരു രൂപ ടിക്കറ്റ് വിലയിൽ 1967 ജൂലൈയിൽ നടത്തിയ ഈ ഭാഗ്യക്കുറിയുടെ ഒന്നാംസമ്മാനം 20,000 രൂപയും ഒരു അംബാസഡർ കാറും ആയിരുന്നത്രെ. കായംകുളത്തു മാത്രമല്ല, കൊച്ചിയിൽ വരെ ആ ഭാഗ്യക്കുറിയുടെ ടിക്കറ്റുകൾ വിറ്റതായി പറയപ്പെടുന്നു. 

തൊഴിലില്ലായ്മ പരിഹരിക്കാനുള്ള ശ്രമമെന്ന നിലയിൽ മറ്റു പല പദ്ധതികളും ആലോചിച്ചെങ്കിലും അവസാനം  ലോട്ടറി പദ്ധതിയിലേക്ക് എത്തുകയായിരുന്നു. മാത്രമല്ല, ഭാഗ്യക്കുറി നടത്തിയാൽ തൊഴിലില്ലാത്തവർക്ക് അതൊരു തൊഴിലും സർക്കാരിന് സാമ്പത്തികലാഭവും ആകുമെന്ന വിലയിരുത്തലിലാണ് ലോട്ടറി ആരംഭിക്കുന്നത്. ആദ്യ നടപടി എന്ന നിലയിൽ 1967 സെപ്തംബറിൽ ലോട്ടറി വകുപ്പ് തുടങ്ങി. പി കെ സെയ്ദ് മുഹമ്മദായിരുന്നു ആദ്യ ലോട്ടറി ഡയറക്ടർ. 1967 നവംബർ ഒന്നിന് കേരളപ്പിറവി ദിനത്തിലാണ് ആദ്യ ടിക്കറ്റിന്റെ വിൽപ്പന തുടങ്ങിയത്. 1968 ജനുവരി 26-നായിരുന്നു ഈ ടിക്കറ്റിന്റെ നറുക്കെടുപ്പ്. ആ ലോട്ടറിക്ക് ഇന്നത്തെപ്പോലെ പ്രത്യേകിച്ച് പേരില്ലായിരുന്നു. കേരള സർക്കാർ ഭാഗ്യക്കുറിയുടെ ആദ്യത്തെ സമ്മാനത്തിനുടമ ആരായിരുന്നു എന്ന് സർക്കാർ രേഖകളിൽപ്പോലും ഇല്ലെന്നതാണ് വാസ്തവം. 1991 ഒക്ടോബർ രണ്ടിന് ഗാന്ധിജയന്തിദിനത്തിൽ വന്ന ലോട്ടറിക്ക് "കൈരളി" എന്ന പേര് കൊടുത്തത് മുതലാണ് ലോട്ടറിക്ക് പേര് കൊടുക്കുന്ന രീതി തുടങ്ങുന്നത്. 

പക്ഷെ, ലോട്ടറിയുടെ കഥ തുടങ്ങുന്നത് കേരളത്തിൽ നിന്നൊന്നുമല്ല. ക്രിസ്തുവിനും മുൻപ് റോമാ സാമ്രാജ്യത്തിലെ ചില പ്രഭുക്കന്മാർ നടത്തിയ ലോട്ടറിയെപ്പറ്റി ബ്രിട്ടാനിക്കയിൽ വിവരങ്ങൾ ഉണ്ട്. ആ ലോട്ടറിയുടെ സമ്മാനം ഒരടിമയായിരുന്നു. 1530-ൽ ഇറ്റാലിയൻ സർക്കാർ നേരിട്ട് ലോട്ടറി നടത്തിയതായും രേഖകൾ ഉണ്ട്. പിന്നീട് ഫ്രാൻസും ബ്രിട്ടനും ഈ പാത പിന്തുടർന്ന് സർക്കാർ മേൽനോട്ടത്തിൽ ലോട്ടറി നടത്തി. ഇന്ത്യയിൽ ആദ്യമായി ലോട്ടറി നടത്തിയത് 1850-ൽ മദ്രാസ് ഗവർണറായിരുന്ന ചാൾസ് ട്രെവലിയനായിരുന്നു. ഇന്നത്തെ മദ്രാസിലെ മൂർ മാർക്കറ്റും മറ്റും തുടങ്ങിയത് ഈ ലോട്ടറിയുടെ ലാഭം കൊണ്ടായിരുന്നത്രെ. പഴയ തിരുവിതാകൂറിനും ലോട്ടറി നടത്തിയ ചരിത്രമുണ്ട്. ശുചീന്ദ്രം സ്ഥാണുമാലയ ക്ഷേത്രത്തിന്റെ ഏഴുനില ഗോപുരം പുനർനിർമിക്കാനുള്ള ധനസമാഹരണത്തിനായി ആയില്യം തിരുനാൾ രാജാവ് "ലാട്ടർ ചിട്ടി" എന്ന പേരിൽ ഒരു ഭാഗ്യക്കുറി തുടങ്ങിയാതായി പറയപ്പെടുന്നു. അന്നത്തെ കൊട്ടാരം വൈദ്യനും ചരിത്രകാരനുമായ പാച്ചുമുത്തിന്റെ ആശയമാണിതെന്ന് കരുതപ്പെടുന്നു. കേരള കലാമണ്ഡലം സ്ഥാപിക്കാനായി ധനശേഖരണാർഥം 1927-ൽ മഹാകവി വള്ളത്തോൾ ഒരു ഭാഗ്യക്കുറി നടത്തിയിരുന്നതായും  രേഖകളിലുണ്ട്.

ലോട്ടറികൾ ആൾക്കൂട്ട ചൂതാട്ടത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഒരു സർക്കാർ തന്നെ ചൂതാട്ടം നടത്തി പണമുണ്ടാക്കുന്നു എന്നുമുള്ള വിമർശനം ലോട്ടറിയെപ്പറ്റി ഉണ്ട്. ലോട്ടറി എന്താണെന്ന് ഞാന്‍ നിങ്ങളോട് പറയാം. എനിക്ക് ഒരു പശു ഉണ്ടെന്ന് വിചാരിക്കുക. അതിന് 50 റൂബിളാണ് വില. ഞാന്‍ ലോട്ടറി വഴി ഈ പശുവിനെ വില്‍ക്കാന്‍ തീരുമാനിക്കുന്നു. ഞാന്‍ ആളുകള്‍ക്ക് ഒരു റൂബിള്‍ നിരക്കില്‍ ഈ പശു ലോട്ടറി വിതരണം ചെയ്യുന്നു. വെറും ഒരു റൂബിള്‍ നിരക്കില്‍ ഏതൊരാള്‍ക്കും പശുവിനെ സ്വന്തമാക്കാന്‍ അവസരമുണ്ട്. ആളുകള്‍ പ്രലോഭിതരാകും. റൂബിള്‍ വാരി വിതറും. എനിക്ക് ഒരു നൂറ് റൂബിള്‍ കിട്ടുമ്പോള്‍ ഞാന്‍ ലോട്ടറി നറുക്കെടുക്കും. ആരുടെ നമ്പറാണോ അടിക്കുന്നത് അയാള്‍ക്ക് ഒരു റൂബിള്‍ ചെലവില്‍ പശുവിനെ കിട്ടും. ബാക്കിയാര്‍ക്കും ഒന്നും ലഭിക്കില്ല. ചുളുവിലക്ക് ആളുകള്‍ക്ക് പശുവിനെ കിട്ടിയോ? ഇല്ല. പശുവിന്റെ യഥാർത്ഥ മൂല്യത്തെക്കാള്‍ ഇരട്ടിയാണ് അവരെല്ലാവരും കൂടി മുടക്കിയത്. എന്നാൽ, രണ്ടേ രണ്ടുപേര്‍; ലോട്ടറി നടത്തിയ ആളും ലോട്ടറി അടിച്ച ആളും ഒരു പണിയുമെടുക്കാതെ നേട്ടം കൊയ്തു. പണം നഷ്ടമായ 99 ശതമാനം പേരുടെ ചിലവിലാണ് ഈ നേട്ടമുണ്ടാക്കല്‍. അതിനാല്‍ ലോട്ടറി ജനങ്ങള്‍ക്ക് ഗുണകരമാണെന്ന് പറയുന്നവര്‍ ലളിതമായി പറഞ്ഞാല്‍ ജനങ്ങളെ ചതിക്കുകയാണ്. ഇത് ഞാൻ പറയുന്നതല്ല. റഷ്യൻ കമ്യൂണിസ്റ്റ് നേതാവ് സഖാവ് ലെനിൻ ലോട്ടറിയെ വിമർശിച്ച് കൊണ്ട് പറഞ്ഞതാണ്.

വിമർശനങ്ങളെ അതിന്റെ വഴിക്ക് വിട്ടാൽ, സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ആദ്യത്തെ ഔദ്യോഗിക ലോട്ടറി എന്ന നിലയിൽ കേരളം മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃകയായി. കേരളത്തിന്റെ മാതൃക അനുകരിച്ച് പല സംസ്ഥാനങ്ങളും ഒന്നിനു പുറകെ ഒന്നെന്ന നിലയിൽ ലോട്ടറി നടത്തിത്തുടങ്ങി. അര നൂറ്റാണ്ടിനു മുകളിൽ മലയാളികൾ ഭാഗ്യം തേടി നടത്തിയ യാത്രയിൽ പതിനായിരക്കണക്കിന് ലക്ഷാധിപതികളെയും നൂറ് കണക്കിന് കോടീശ്വരന്മാരെയും സൃഷ്ടിച്ചു. തൊഴിലില്ലാത്ത ആളുകൾക്ക് വലിയൊരു ആശ്വാസമായിരുന്നു സർക്കാർ ഭാഗ്യക്കുറി. എണ്ണിയാലൊടുങ്ങാത്തത്ര ആളുകൾക്ക് തൊഴിൽ ഉണ്ടാക്കിക്കൊടുക്കാൻ ലോട്ടറി കൊണ്ട് സാധിച്ചു. ദാരിദ്ര്യത്തിലും ആശ്രയമില്ലായ്മയിലും പെട്ട് ജീവിതം വഴിമുട്ടിപ്പോയ സ്ത്രീകൾ, അംഗപരിമിതർ, രോഗികൾ തുടങ്ങി ഒട്ടേറെ ആളുകൾക്ക്  ജീവിതമാർഗം കാട്ടിക്കൊടുക്കാൻ ലോട്ടറി സംവിധാനത്തിന് കഴിയുന്നുണ്ട്. 

ഉപഭോക്താക്കൾ എന്ന നിലയിൽ അധികപക്ഷം ആളുകളും സമ്മാനം പ്രതീക്ഷിച്ചാണ്  ടിക്കറ്റെടുക്കുന്നതെങ്കിലും,  ബൃഹത്തായ ഈ ഉപഭോക്‌തൃ സമൂഹത്തിന്റെ കാരുണ്യമാണ് ഭാഗ്യക്കുറി ലോട്ടറിത്തൊഴിലാളികളെ നിലനിർത്തുന്നത്. ലോട്ടറിത്തൊഴിലാളികൾ, മാത്രമല്ല, ലോട്ടറി വകുപ്പും അതിലെ ജീവനക്കാരും സർക്കാരും ലോട്ടറിയെടുക്കുന്നവരുടെ വിയർപ്പിന്റെ ഫലം അനുഭവിക്കുന്നവരാണ്. പരസ്യങ്ങൾ വഴി മാധ്യമ സ്ഥാപനങ്ങളും സമ്മാനത്തുകകൾ നിക്ഷേപിക്കപ്പെടുന്ന ബാങ്കുകളും സമ്മാനത്തുക വിപണിയിൽ ചിലവഴിക്കപ്പെടുന്നതിലൂടെ പൊതുസമൂഹവും ഇതിന്റെ ഗുണം അനുഭവിക്കുന്നുണ്ട്. അങ്ങനെ നോക്കുമ്പോൾ സമൂഹത്തിന്റെ വിവിധ മേഖലകളിൽ ലോട്ടറിസംവിധാനം  ചെയ്യുന്ന സാമ്പത്തികവിതരണവും സഹായങ്ങളും ചെറുതല്ല. 

വൽക്കഷണം : ലോട്ടറിയെടുക്കുന്നവരോടാണ്. ചെറിയ ഒരു തുക ചിലവാക്കി വലിയ പണം സമ്പാദിക്കാനുള്ള ശ്രമം എന്ന നിലയിൽ വല്ലപ്പോഴും ഒരു ഭാഗ്യക്കുറി എടുക്കുന്നതിൽ വലിയ കുഴപ്പമൊന്നുമില്ല. പക്ഷെ സ്വന്തം വരവിനും ചിലവിനും ആനുപാതികമല്ലാതെയും കടം വാങ്ങിയും ലോട്ടറി എടുക്കുന്നതും ലോട്ടറിയെടുക്കൽ ഒരു അടിമത്തം (അഡിക്ഷൻ) ആയിപ്പോകുന്നതും ഒരു വ്യക്തിയുടെയും അയാളെ ആശ്രയിച്ചു കഴിയുന്നവരുടെയും സാമ്പത്തിക ഭദ്രതയെ തന്നെ അപകടത്തിലാക്കുന്ന കാര്യമായതിനാൽ വളരെ ശ്രദ്ധയോടെ സമീപിക്കേണ്ട ഒന്നാണ് ലോട്ടറി പരിപാടി എന്നാണ് എന്റെ അഭിപ്രായം 


Thursday 10 August 2023

അകാലത്തിൽ ഇല്ലാതായ നെടുങ്ങാടി ബാങ്ക്

കേരളത്തിലെ എന്നല്ല ദക്ഷിണേന്ത്യയിലെ തന്നെ, സ്വകാര്യമേഖലയിൽ സ്ഥാപിതമായ ആദ്യ ബാങ്കായിരുന്നു നെടുങ്ങാടി ബാങ്ക്. മലബാറിലെ ആദ്യ ക്ഷീരവ്യവസായ കമ്പനിയുടെ സ്ഥാപകനും മലയാളത്തിലെ ആദ്യ നോവലായി പരിഗണിക്കപ്പെടുന്ന "കുന്ദലത"യുടെ കർത്താവുമായിരുന്ന അപ്പു നെടുങ്ങാടിയാണ് 1899-ൽ കോഴിക്കോട് ആസ്ഥാനമായി നെടുങ്ങാടി ബാങ്ക് സ്ഥാപിച്ചത്. അന്ന് ഗവൺമെന്റ് സ്ഥാപനമായ ഇമ്പീരിയൽ ബാങ്ക് മാത്രമേ ഉണ്ടായിരുന്നുള്ളൂ. 1913 മെയ് 20-ന് നെടുങ്ങാടി ബാങ്കിനെ ലിമിറ്റഡ് കമ്പനിയായി രജിസ്റ്റർ ചെയ്തു. പബ്ളിക് പ്രോസിക്യൂട്ടർ ആയിരുന്ന അദ്ദേഹം 1915-ൽ ആ സ്ഥാനം രാജിവച്ച് ബാങ്കിന്റെ മാനേജിങ് ഡയറക്ടറായി. തെക്കേ ഇന്ത്യയിലെ തന്നെ മികച്ച ബാങ്കുകളിലൊന്നായിരുന്നു, അക്കാലത്തു നെടുങ്ങാടി ബാങ്ക്. ഇന്ത്യയിലൊട്ടാകെ 174 ശാഖകളുണ്ടായിരുന്ന ബാങ്കിന് ഇന്ത്യയിലെ പ്രധാന നഗരങ്ങളായ ന്യൂഡൽഹി, കൊൽക്കത്ത, മുംബൈ, ചെന്നൈ, അഹമ്മദാബാദ് എന്നിവിടങ്ങളിൽ ബാങ്കിനു ശാഖകളുണ്ടായിരുന്നു.

2002-ൽ, നെടുങ്ങാടി ബാങ്കിന്റെ പ്രവർത്തനങ്ങളിൽ ജോയന്റ് പാർലമെന്റ് കമ്മറ്റി ചില അപാകതകൾ കണ്ടെത്തിയിരുന്നു. പിന്നീട് നെടുങ്ങാടി ബാങ്കിനെ പഞ്ചാബ് നാഷണൽ ബാങ്ക് ഏറ്റെടുത്തു. 1965-ൽ കോയമ്പത്തൂർ നാഷണൽ ബാങ്ക് ലിമിറ്റഡിനെ ഏറ്റെടുക്കാൻ മാത്രം ശേഷി ഉണ്ടായിരുന്ന നെടുങ്ങാടി ബാങ്ക്, 2003-ൽ പഞ്ചാബ് നാഷണൽ ബാങ്കുമായി ലയിക്കുന്ന സമയത്ത് അതിന്റെ ഷെയർ വില പൂജ്യമായിരുന്നു എന്നത് വലിയ കൗതുകമുണർത്തുന്ന കാര്യമാണ്. അക്കാരണം കൊണ്ട് തന്നെ, പഞ്ചാബ് നാഷണൽ ബാങ്കിൽ ലയിച്ച അവസരത്തിൽ നെടുങ്ങാടി ബാങ്കിന്റെ ഷെയർ കൈവശം വെച്ചിരുന്നവർക്ക് പഞ്ചാബ് നാഷണൽ ബാങ്കിൽ ഒരു ഷെയർ പോലും ലഭിച്ചില്ലായിരുന്നു.




നെടുങ്ങാടി ബാങ്ക് പഞ്ചാബ് നാഷണൽ ബാങ്കിൽ ലയിക്കുന്നതിന് മുൻപ് പത്രങ്ങളിലൂടെ പുറപ്പെടുവിച്ച പബ്ലിക്‌ നോട്ടീസ്







നെടുങ്ങാടി ബാങ്കിന്റെ ബ്രാസ് ടോക്കൺ. ബാങ്ക് കൗണ്ടറുകളിൽ പണമിടപാട് നടത്താൻ വരുന്ന കസ്റ്റമേഴ്സിന്റെ ക്യൂ നിയന്ത്രിക്കുന്നതിനും ഇടപാടുകളുമായി ബന്ധപ്പെട്ട Internal Control-നും വേണ്ടിയാണ് ടോക്കൺ സമ്പ്രദായം ഉപയോഗിച്ചിരുന്നത്.









ദൃശ്യമാധ്യമങ്ങളിൽ വന്നിരുന്ന നെടുങ്ങാടി ബാങ്കിന്റെ പരസ്യം 

Thursday 20 July 2023

ചില ബലാൽസംഗങ്ങളും ലൈംഗികാതിക്രമങ്ങളും കേവലം ലൈംഗികപ്രവൃത്തിയേ അല്ല; മറിച്ച് അതൊരായുധമാണ്...


പല ബലാൽസംഗ വാർത്തകളും ലൈംഗികാതിക്രമങ്ങളും കേട്ട് ഈ നാട് മുൻപും ഞെട്ടിയിട്ടും നടുങ്ങിയിട്ടുമുണ്ട്. പക്ഷെ, ഇപ്പോൾ കേൾക്കുന്നത് അതിനൊക്കെ അപ്പുറമാണ്.

കലാപം രൂക്ഷമായ മണിപ്പൂരില്‍ നിന്നു മനുഷ്യമനഃസാക്ഷി മരവിച്ചു പോകുന്ന ദൃശ്യങ്ങള്‍ പുറത്തു വരുന്നു. കുക്കി വിഭാഗത്തില്‍പെട്ട രണ്ട് സ്ത്രീകളെ നഗ്‌നരാക്കി നടത്തി പീഡിപ്പിക്കുന്ന വീഡിയോ ദൃശ്യങ്ങളാണു പുറത്തു വന്നത്. മേയ് നാലിനു നടന്ന സംഭവങ്ങളാണ് ഇപ്പോള്‍ പുറം ലോകമറിഞ്ഞത്. രണ്ട് സ്ത്രീകളെ അക്രമികള്‍ ചേര്‍ന്ന് നഗ്‌നരാക്കി നടത്തിക്കൊണ്ടു വരുന്നതും അവരെ ലൈംഗികമായി പീഡിപ്പിക്കുന്നതും വീഡിയോയില്‍ ഉണ്ട്. സ്ത്രീകളെ ഒരു പാടത്തേക്ക് നടത്തിക്കൊണ്ടു പോയശേഷം മെയ്തി വിഭാഗത്തില്‍പെട്ടവര്‍ മാനഭംഗപ്പെടുത്തുകയായിരുന്നുവെന്നു ഇന്റിജീനസ് ട്രൈബല്‍ ലീഡേഴ്‌സ് ഫോറം ആരോപിച്ചു. അക്രമികള്‍ സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്തുവെന്നും ഐ ടി എല്‍ എഫ് നേതാക്കാള്‍ പറഞ്ഞു. പ്രധാനമന്ത്രിയുടെ നിശബ്ദതയും നിഷ്‌ക്രിയത്വവുമാണ് മണിപ്പൂരിനെ അരാജകത്വത്തിലേക്ക് നയിച്ചതെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും ഇരട്ട എഞ്ചിന്‍ ഭീകരതയോട് മോദി മൗനം പാലിക്കുന്നുവെന്ന് സി പി എം ജന.സെക്രട്ടറി സീതാറാം യെച്ചൂരി ആരോപികുന്ന്. ഒടുവിൽ പ്രധാനമന്ത്രി മൗനം വെടിഞ്ഞ് ഞെട്ടലും വേദനയുമൊക്കെ പ്രകടിപ്പിച്ചതായി വാർത്തകൾ ഉണ്ട്. 

2018-ൽ ജമ്മുവിലെ ആസിഫ എന്ന എട്ടു വയസുകാരി മുസ്ലിം ബാലിക സമാനതകളില്ലാത്ത കൊടൂര ലൈംഗിക ക്രൂരതകൾക്കിരയായത് "ദൈവത്തിൻ്റെ" Too Close Range-ൽ വച്ചായിരുന്നു. പൈശാചികമായി ഉപദ്രവിച്ചവരിൽ ദൈവത്തിൻ്റെയും മനുഷ്യരുടെയും ഇടനിലക്കാർ എന്നവകാശപ്പെടുന്നവർ ഉണ്ടായിരുന്നു. നിയമപാലനം ഭരമേല്പിക്കപ്പെട്ടവർ ഉണ്ടായിരുന്നു. അവളുടെ ശവമടക്ക് തടയപ്പെട്ടു. ആ ജഡവും ചുമന്നു കൊണ്ട്‌ 15 കിലോമീറ്റർ നടന്നു പോയി മറ്റൊരു ഗ്രാമത്തിൽ അടക്കേണ്ടി വന്നു. കേസിലെ പ്രതികളെ പിടിക്കരുതെന്ന് പറഞ്ഞ് ദേശീയ പതാകയുമേന്തി പ്രകടനം നടത്തിയവർക്ക്‌ നേതൃത്വം കൊടുത്തത് രാജ്യവും സംസ്ഥാനവും ഭരിക്കുന്ന ബിജെപിയുടെ നേതാവായിരുന്നു; പിന്തുണയുമായി എത്തിയത് രണ്ടു ബി ജെ പി എം എൽ എ മാരായിരുന്നു; പോരാഞ്ഞ് രണ്ടു ബി ജെ പി മന്ത്രിമാരുമായിരുന്നു. റിപ്പോർട്ടുകൾ അനുസരിച്ച് ഈ സംഭവത്തിൽ ഗൂഢാലോചനകൾ ഉണ്ടായിരുന്നു; വ്യക്തമായ ആസൂത്രണം ഉണ്ടായിരുന്നു; കൃത്യമായ മുന്നൊരുക്കങ്ങൾ ഉണ്ടായിരുന്നു.

ഈ സഹസ്രാബ്ദത്തിന്റെ തുടക്കത്തിലെ ഗുജറാത്ത് മുസ്ലീം വംശഹത്യ റിപ്പോർട്ടുകൾ വീണ്ടും മനസിലേക്ക് തള്ളിക്കയറി വരുന്നു. അന്ന് ഭൂരിപക്ഷ വർഗ്ഗീയതയുടെ വികാര വേലിയേറ്റത്തിൽ കൊലയും കൊള്ളിവയ്പ്പും നടത്തുന്നതിനിടയിൽ സ്ത്രീകളെ റേപ്പ് ചെയ്ത ശേഷം തന്നെയാണ് കൊന്നു തള്ളിയത്; കുട്ടികളെന്നോ വൃദ്ധകളെന്നോ ഗർഭിണികളെന്നോ പരിഗണിക്കാതെ തന്നെ. സ്റ്റേറ്റ് സ്‌പോൺസേർഡ് എന്ന് തന്നെ ആരോപിക്കാവുന്ന അതീവ ഗുരുതരമായ കുറ്റകൃത്യങ്ങളാണ് അന്ന് നടന്നത്. ഹിന്ദുക്കളല്ലാത്ത ആരും ഇവിടെ സമാധാനത്തോടെ ജീവിക്കേണ്ടെന്നും ഹൈന്ദവ ലേബലില്ലാത്ത ഒന്നും ഇവിടെ നിലനിൽക്കാൻ പാടില്ലെന്നും ഉറച്ചു ചിന്തിക്കുകയും ഉറക്കെ പഠിപ്പിക്കുകയും ഊർജ്ജിതമായി പ്രചരിപ്പിക്കുകയും ചെയ്യുന്ന ഹിന്ദുത്വയുടെ വക്താക്കളാണ് ഇന്ന് രാജ്യവും ഭൂരിഭാഗം സംസ്ഥാനങ്ങളും ഭരിക്കുന്നത്. അവർ മുന്നോട്ട് വയ്ക്കുന്ന രാഷ്ട്രീയം ഓരോ അണുവിലും നിറഞ്ഞു നിൽക്കുന്ന അസഹിഷ്ണുതയുടെയും അസ്വീകാര്യതയുടെയും മനുഷ്യത്വമില്ലായ്മയുടേതുമാണ്. 

ബലാത്സംഗം ഒരു രാഷ്ട്രീയ ആയുധമാണെന്ന് സംഘപരിവാറിന്റെ പൂജനീയ ആചാര്യന്മാരിലൊരാളായ വിനായക് ദാമോദര്‍ സവര്‍ക്കർ 'ഇന്ത്യാ ചരിത്രത്തിലെ മഹത്തായ ആറ് കാലഘട്ടങ്ങള്‍' എന്ന പുസ്തകത്തിൽ എഴുതിയിട്ടുണ്ടെന്ന് എവിടെയോ വായിച്ചിരുന്നു. അതിന്റെ സത്യാവസ്ഥ എന്ത് തന്നെ ആയാലും, കുറച്ച് കാലമായി കേൾക്കുന്ന ചില കൂട്ട ലൈംഗികാതിക്രമ സംഭവങ്ങളിൽ, റേപ്പ് ലൈംഗിക സംതൃപ്തിക്ക് വേണ്ടിയേയല്ല ഉപയോഗിക്കപ്പെട്ടത് എന്നാണ് എന്റെ നിരീക്ഷണം. അവിടെയത് അധിനിവേശവും ആയുധവും അധികാര പ്രയോഗവും ഒക്കെയായിരുന്നു. ഈ കേസുകളിലൊന്നും ഇരകൾ കേവലം ജൈവവ്യക്തികളേയല്ല; ഒരു വിഭാഗത്തിന്റെ പ്രതിനിധി സ്ഥാനത്ത് നിർത്തപ്പെടുന്നവർ മാത്രമാണ് ഇരകൾ ഓരോന്നും. ഇപ്പോൾ ക്രൂരത അനുഭവിച്ച ആ വ്യക്തികൾ അല്ലെങ്കിൽ ആ സമുദായത്തിലോ വിഭാഗത്തിലോ പെട്ട മറ്റൊരു പെണ്ണ് തീർച്ചയായും ഈ ക്രൂരതകൾ ഏറ്റു വാങ്ങേണ്ടി വരുമായിരുന്നു. അത്രക്ക് ആസുരതയും ആസൂത്രണവും ഗൃഹപാഠവും ഈ കേസുകളിലുണ്ടെന്നാണ് റിപ്പോർട്ടുകളും കുറ്റപത്രങ്ങളും വിളിച്ചു പറയുന്നത്.

വർത്തമാന രാഷ്ട്രീയ പരിതസ്ഥിതിയിൽ ശത്രുപക്ഷത്തുള്ളവരെ റേപ്പ് ചെയ്യുന്നത് കേവലം ജൈവ ശരീരങ്ങളും ലിംഗങ്ങളുമല്ല; മറിച്ച് പ്രത്യയ ശാസ്ത്ര ശരീരങ്ങളും തീവ്ര വർഗീയ രാഷ്ട്രീയ ശരീരങ്ങളും ആണ്. സവർണ ഹിന്ദുത്വയുടെ  തീവ്രമായ വർഗീയ ഫാസിസ്റ്റ് ആസക്തികളിൽ ഉദ്ധരിച്ച ലിംഗങ്ങൾ കീറി മുറിക്കുന്നതും മാനം കെടുത്തുന്നതും ഇല്ലായ്മ ചെയ്യുന്നതും അവരുടെ പ്രത്യയശാസ്ത്രത്തോട് തോൾ ചേരാത്ത മുസ്ലിംകളെയും ക്രിസ്ത്യാനികളെയും ദളിതരേയും തീവ്രഹിന്ദുത്വ സ്വത്വം പേറാത്ത എന്തിനെയും ഏതിനെയും ആണ്. കൊടും ക്രൂരതയുടെയും നൃശംസ്യതകളുടെയും സീൽക്കാരങ്ങൾ മാത്രമാണപ്പോൾ കേൾക്കാൻ കഴിയുക. ആ, ലിംഗങ്ങളിൽ നിന്ന് സ്ഖലിക്കുന്നത് വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും ശത്രുതയുടെയും ഉന്മൂലനത്തിന്റെയും ബീജങ്ങൾ മാത്രമാണ്. ആ വേഴ്ചയിൽ അവർക്ക് സൗഹൃദങ്ങളോ ബന്ധങ്ങളോ മാനവികതയോ കാണാൻ സാധിക്കില്ല. അത്രയേറെ അന്ധരായിരിക്കുന്നു അവർ. ഭ്രാന്തിനെക്കാൾ അപകടകരമായ ഉന്മാദത്തിന്റെ രതിമൂർച്ഛയിലാണവർ.  

രാജ്യം ലോകസമൂഹത്തിന് മുന്നിൽ ലജ്ജ കൊണ്ടും കുറ്റബോധം കൊണ്ടും തല കുനിക്കേണ്ടി വന്ന അങ്ങേയറ്റം അധമമായ ഈ പ്രവൃത്തികളെക്കുറിച്ച്, "ബേട്ടീ ബച്ചാവോ" എന്ന സുകൃതജപം നിരന്തരം ഉരുക്കൊഴിക്കുന്ന 56 ഇഞ്ച് നെഞ്ചുള്ള പ്രധാനമന്ത്രിയുടെ പ്രതികരണമൊന്നും എളുപ്പത്തിൽ ഉണ്ടാകാറില്ല; പലപ്പോഴും ഉണ്ടാകാറിയില്ല. ഉത്തരവാദിത്തപ്പെട്ട പലരുരുടേയും തിരുവാമൊഴികൾ പുറത്ത് വരാറില്ല. ഇതൊന്നും അറിഞ്ഞിട്ടും ഉത്തരവാദിത്തപ്പെട്ട ആരും ഒരു പരിധിയിൽ കവിഞ്ഞ് ഞെട്ടുന്നതോ നടുങ്ങുന്നതോ കാണുന്നില്ല. പതിവ് പോലെ കുറച്ച്, സോഷ്യൽ മീഡിയ പ്രതിഷേധങ്ങളും പേരിന് ചില പ്രകടനങ്ങളും മാത്രം അങ്ങിങ്ങ് കാണാം.

മുൻകാലങ്ങളിലെ ബഹുജനപ്രതിഷേധങ്ങൾക്കിടയാക്കിയ പല ബലാൽസംഗക്കേസുകളെക്കാൾ മാനങ്ങളും ഗൗരവവുമുള്ള കേസാകളാണീ പ്രത്യേക കേസുകളെന്ന് തിരിച്ചറിയുക. മുൻ കേസുകളിൽ കാമവും ലൈംഗികവ്യതിയാനങ്ങളും ആയിരുന്നു മോട്ടീവ് എങ്കിൽ ഇവിടെ അത് വർഗീയതയും വിഭാഗീയതയും രാഷ്ട്രീയവും ആണെന്ന് മനസിലാക്കുക. ബലാൽസംഗം ഒരു വർഗീയ-വിഭജന-രാഷ്ട്രീയ ആയുധമാകുന്ന കാലത്തെ കരുതിയിരിക്കുക. ആ വർഗീയതയോടും രാഷ്ട്രീയത്തോടും സമരസപ്പെടാത്തവർ കരുതിയിരിക്കുക. ഏത് നിമിഷവും അവർ നിങ്ങളുടെ വീടിനെ ടാർഗറ്റ് ചെയ്തേക്കാം; നിന്റെ വീട്ടിലെ പെണ്ണിനെ മാനഭംഗപ്പെടുത്തി കൊന്നേക്കാം; അത് ശിശുവോ ബാലികയോ കുമാരിയോ യുവതിയോ വയോവൃദ്ധയോ... ആരുമാകാം.... 

സ്‌കൂൾ അസ്സംബ്ലിയിൽ ചൊല്ലിയിരുന്ന പ്രതിജ്ഞയിലെ "എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരീ സഹോദരന്മാരാണ് " എന്ന ഭാഗം എങ്ങനെ ആത്മാർത്ഥയോടെ ചൊല്ലാനാകും !? ഞാനീ മണ്ണിലാണ് ജീവിക്കുന്നതെന്നും ഞാനൊരു ജീവനുള്ള മനുഷ്യനാണെന്നും ഓർക്കുമ്പോൾ ലജ്ജ തോന്നുന്നു; ചെറുതല്ലാത്ത ഭീതിയും...

Friday 7 July 2023

ഉച്ചിയിൽ മുള്ളിയ പാപം കാൽ കഴുകിയാൽ തീരുമോ ?


മധ്യപ്രദേശിലെ സിധി ജില്ലയില്‍ ദശരഥ്  റാവത്ത് എന്ന ആദിവാസി യുവാവിന്റെ മുഖത്തേക്ക് പ്രവേശ് ശുക്ല എന്നയാൾ മൂത്രമൊഴിച്ച സംഭവം വലിയ പ്രതിഷേധത്തിനാണ് വഴി തെളിച്ചത്. ബിജെപി എംഎല്‍എ കേദാര്‍ നാഥ് ശുക്ലയുടെ അടുപ്പക്കാരനായ ബിജെപി പ്രവര്‍ത്തകനാണ് ഈ നീചപ്രവൃത്തി ചെയ്തതെന്ന് വന്നതോടെ ബിജെപിയും മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനും വല്ലാത്ത പ്രതിരോധത്തിലായി. ഇതുമായി ബന്ധപ്പെട്ട പോസ്റ്റുകളും ട്രോളുകളും കാർട്ടൂണുകളും സോഷ്യൽ മീഡിയ ഹാൻഡിലുകൾ നിറഞ്ഞു. ആദിവാസികളോടും ദളിതരോടുമുള്ള ബിജെപി കാത്ത് സൂക്ഷിക്കുന്ന വെറുപ്പിന്റെ യഥാര്‍ഥമുഖം  മനുഷ്യത്വരഹിതമായ ഈ പ്രവൃത്തിയിലൂടെ തുറന്നു കാട്ടപ്പെട്ടതായി രാഹുല്‍ഗാന്ധിയും കോൺഗ്രസും പ്രതിപക്ഷത്തുള്ളവരും പറഞ്ഞ് തുടങ്ങിയതോടെ ബിജെപിക്ക് മേല്‍ സമ്മര്‍ദ്ദമേറി. ജനരോഷം ശക്തമായതോടെ സമയമൊട്ടും പാഴാക്കാതെ മുഖ്യമന്ത്രി നേരിട്ട് ഫീൽഡിൽ ഇറങ്ങി. സര്‍ക്കാരിന്റെ മുഖം രക്ഷിക്കല്‍ നടപടിയുടെ ഭാഗമായി, നികൃഷ്ടതക്കിരയായ വ്യക്തിയെ മുഖ്യമന്ത്രി തന്റെ ഔദ്യോഗിക വസതിയിലെത്തിച്ച് അദ്ദേഹത്തോട് മാപ്പ് പറഞ്ഞ് അയാളുടെ കാലു കഴുകുന്ന ദൃശ്യങ്ങൾ പുറത്ത് വിട്ടു. കൂടാതെ, പ്രതി പ്രവേശ് ശുക്ലയെ അറസ്റ്റ് ചെയ്യുകയും അയാളുടെ വീട് അനധികൃതനിർമ്മാണമാണെന്ന് ആരോപിച്ച് ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ക്കുകയും ചെയ്തു. ഇപ്പോൾ ഹൈ എഫ്ഫക്റ്റ് വിഷ്വൽ ഇമ്പാക്റ്റ് ഉള്ള ഈ ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്ന തിരക്കിലാണ് സംഘ് അനുകൂല ഹാൻഡിലുകൾ. 

പക്ഷെ മനസിലാക്കേണ്ട ഒരു കാര്യമുണ്ട്; ഈ അതിക്രമ സംഭവം നടന്നത് മാസങ്ങള്‍ക്ക് മുമ്പാണ്; ഇപ്പോൾ സംഭവത്തിന്റെ വീഡിയോ പുറത്ത് വരികയും വൈറലാവുകയും പ്രതിപക്ഷം അത് ഏറ്റുപിടിക്കുകയും പ്രതിയുടെ ബിജെപി ബന്ധം തുറന്നു കാട്ടപ്പെടുകയും ജനരോഷം ഉയരുകയും ചെയ്തപ്പോള്‍ മാത്രമാണ് ബിജെപിക്കും മുഖ്യമന്ത്രിക്കും സര്‍ക്കാരിനും അനക്കമുണ്ടായത്. പ്രതിക്ക് ബിജെപി ബന്ധമില്ലെന്ന് സ്ഥാപിക്കാനുള്ള ശ്രമങ്ങൾ വിഫലമായതോടെ നടത്തിയ മുഖം രക്ഷിക്കൽ പ്രവർത്തനം മാത്രമാണ് ഇപ്പോൾ നടക്കുന്നത്. 

2019-ലെ പൊതു തെരഞ്ഞെടുപ്പ് നടക്കുന്നതിന് തൊട്ട് മുമ്പ് കുംഭമേള സന്ദര്‍ശിക്കുന്നതിനിടയിൽ നഗരം വൃത്തിയായി സൂക്ഷിക്കുന്ന ശുചീകരണ തൊഴിലാളികളുടെ കാലുകൾ കഴുകി വൃത്തിയാക്കിയിരുന്നു.  ഉത്തര്‍പ്രദേശിൽ കുടിവെള്ള, ശുചീകരണ മന്ത്രാലയം നടത്തിയ സ്വച്ഛ് കുംഭ് സ്വച്ഛ് ആഭര്‍ പരിപാടിയുടെ വേദിയിൽ വച്ച് ശുദ്ധീകരണ തൊഴിലാളികളെ ആദരിക്കാനായി നടത്തിയ ആ ചടങ്ങ് വലിയ ജനശ്രദ്ധ നേടിയിരുന്നു. അതിനെ മാതൃകയാക്കിയാവണം ഇപ്പോൾ ചൗഹാന്റെ ഈ കാല് കഴുകൽ. ഏതാനും മാസങ്ങൾക്കുള്ളിൽ മധ്യപ്രദേശ് നിയമസഭയിലേക്കും ലോക് സഭയിലേക്കും തിരഞ്ഞെടുപ്പ് വരികയാണെന്നത് കണക്കിലെടുത്താൽ ഈ കാൽ കഴുകലിൽ വലിയ അത്ഭുതമൊന്നുമില്ല; വീണത് വിദ്യയാക്കുന്ന മനോഹരമായ കളി !!!

ഇപ്പോൾ വൈറൽ ആയ ഈ മൂത്രമൊഴിക്കൽ കലാപരിപാടി, അത് ചെയ്തയാൾ ബി ജെ പി ക്കാരൻ ആയത് കൊണ്ടോ അയാൾക്ക് രാഷ്ട്രീയ സ്വാധീനമുള്ളത് കൊണ്ടോ അവിടെ ബി ജെ പി ഭരിക്കുന്നത് കൊണ്ടോ മാത്രം നടന്നതാണ് എന്നെനിക്ക് തോന്നുന്നില്ല. വടക്കേ ഇന്ത്യയിൽ പരക്കെയും തെക്കേ ഇന്ത്യയിലെ ചിലയിടങ്ങളിലും രാഷ്ട്രീയ ഭേദമെന്യേ ഉയർന്ന ജാതിക്കാർ ഒരു ജാതിയായി ഗണിക്കപ്പെടുക പോലും ചെയ്യാത്തവരോടും താഴ്ന്ന ജാതിയായി ഗണിക്കപ്പെടുന്നവരോടും  ഏറെക്കുറെ എക്കാലത്തും ചെയ്യുന്നത് ഇത്തരവും ഇതിലപ്പുറവുമുള്ള നികൃഷ്ടതകൾ തന്നെയായിരുന്നു. ജാതിയുടെ പേരില്‍ വിവേചനമനുഭവിക്കേണ്ടി വരുന്ന ഗതികേട് രാജ്യത്ത് പൊതുവെ ഉത്തരേന്ത്യയില്‍ വിശിഷ്യാ, ദിനം പ്രതി ശക്തമായിക്കൊണ്ടിരിക്കുകയാണ്. ഇഷ്ടമുള്ള പണിയെടുക്കാനോ, സ്‌കൂളിലോ കോളേജിലോ കുട്ടികളെ അയക്കാനോ, ഭൂമി സ്വന്തമാക്കാനോ, ദളിത് വിഭാഗങ്ങള്‍ക്ക് അനുവാദമില്ല. മേല്‍ജാതിക്കാരുടെ വീടിന്റെ പരിസരത്തു പോലും ദളിതരെ കാണാന്‍ പാടില്ല. സ്‌കൂളുകളില്‍ ദളിതർക്കും ആദിവാസികൾക്കും സവര്‍ണരുടെ കുട്ടികള്‍ക്കൊപ്പം ഇറിക്കാൻ അവകാശമില്ല. തൊഴിലും കൂലിയും നിശ്ചയിക്കപ്പെടുന്നത് പോലും ജാതി നോക്കിയാണ്. ഭരണഘടന വാഗ്ദാനം ചെയ്യുന്ന സമത്വം അടക്കമുള്ള മൗലികാവകാശങ്ങള്‍ കീഴ്ജാതിക്കാർക്ക് നിഷേധിക്കപ്പെടുന്നു. മാധ്യമങ്ങളിലൂടെ വരുന്ന ദളിതരുടെയും ആദിവാസികളുടെയും പ്രശ്നങ്ങൾ മാത്രമേ ഇന്ന് രാജ്യത്ത് ഉള്ളു എന്നാണ് നിങ്ങൾ കരുതുന്നതെങ്കിൽ നിങ്ങൾക്ക് തെറ്റ് പറ്റി. ഇവർക്ക് നേരേ നടക്കുന്ന അതിക്രമങ്ങളുടെ പകുതി പോലും പുറം ലോകമറിയുന്നുണ്ടെന്ന് തോന്നുന്നില്ല. ഉത്തർപ്രദേശിലെ റായ്ബറേലിയിൽ പത്താം ക്ലാസ് വിദ്യാർത്ഥിയായ ദളിത് ബാലനെക്കൊണ്ട് ഉന്നതജാതിയിൽപ്പെട്ട യുവാക്കൾ കാൽ നക്കിച്ചത്, മധ്യപ്രദേശിലെ ഗ്വാളിയോറില്‍ ഏഴ് പേരടങ്ങിയ സംഘം ദളിത് വിവരാവകാശ പ്രവര്‍ത്തകനെ മര്‍ദിച്ച് മൂത്രം കുടിപ്പിച്ചത്, ഉത്തര്‍ പ്രദേശിലെ റായ്ബറേലിയില്‍ പത്താം ക്ലാസ്സുകാരനായ ദളിത് വിദ്യാര്‍ഥിയെക്കൊണ്ട് സവര്‍ണരുടെ കാല്‍ നക്കിച്ചത്, പട്ടികജാതിയില്‍പ്പെട്ട വിദ്യാര്‍ഥികളെക്കൊണ്ട് സ്‌കൂളിലെ ശൗചാലയം കഴുകിപ്പിച്ചത്, ഉയര്‍ന്ന ജാതിയില്‍പ്പെട്ടയാളുടെ വീട്ടില്‍ നിന്ന് ദളിത് പെണ്‍കുട്ടി പൂ പറിച്ചെന്ന് ആരോപിച്ച് 40 ദളിത് കുടുംബങ്ങള്‍ക്ക് ഊരുവിലക്ക് ഏര്‍പ്പെടുത്തിയത്, മധുര തിരുവാരൂര്‍ ജില്ലയിലെ മന്നാര്‍ഗുഡിക്കടുത്തുള്ള തിരുവണ്ടുതുറൈ ഗ്രാമത്തില്‍ ആദിവാസി യുവാവിനെ മലം തീറ്റിച്ചത്, കേരളത്തിൽ ആദിവാസി മധുവിനെ മർദ്ദിച്ച് കൊന്നത്, കോട്ടയത്ത് സവർണ്ണ കൃസ്ത്യാനി പെൺകുട്ടിയെ സ്നേഹിച്ചതിന് ദളിത് ക്രൈസ്തവനായ കെവിനെ പോലീസിനെ ഉപയോഗിച്ച് കൊലപ്പെടുത്തിയത്.... അങ്ങനെ അങ്ങനെ എണ്ണമില്ലാതെ പോകുന്നു ആ പീഡന പർവ്വം. 

സ്വാതന്ത്ര്യത്തിന്റെ അമൃതകാലം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇന്നും വിവേചനവും അതിക്രമവും നേരിടുന്ന ജനവിഭാഗമാണ് ദളിത് ആദിവാസി വിഭാഗത്തിൽ പെട്ടവർ. പൊതു സമൂഹത്തിൽ നിന്നും മാറ്റിനിർത്തപ്പെടുന്ന ഈ ഗതികെട്ട മനുഷ്യർ എന്നാണ് സവർണരുടെ ക്രൂരതകളിൽ നിന്നും അതിക്രമങ്ങളിൽനിന്നും രക്ഷപ്പെടുക എന്നത് ഇന്നും ഉത്തരം കിട്ടാത്ത ചോദ്യമാണ്. 

Tuesday 6 June 2023

പൊതു ഇടത്ത് വച്ച് നഗ്നത കാണിച്ചവന് സ്വീകരണമോ !!!


പബ്ലിക് ട്രാൻസ്‌പോർട്ട് ബസിലിരുന്ന് പാന്റ്സിന്റെ സിബ്ബ് തുറന്ന് നഗ്‌നത വെളിവാക്കി അടുത്തിരിക്കുന്ന പെൺകുട്ടിയെ അപമാനിച്ച
തിന്റെ പേരിൽ അറസ്റ്റിലായി ജയിലിൽ പോയ സവാദ് ജയിലിൽ നിന്ന് ഇറങ്ങിയപ്പോൾ അയാൾക്ക് ഒരു കൂട്ടം മലയാളികൾ ജയിലിന് പുറത്ത് സ്വീകരണം നൽകിയ വാർത്ത ചെറിയ അതിശയവും ഞെട്ടലുമല്ല സാധാരണ മനോനിലയുള്ളവർക്ക് ഉണ്ടാക്കിയത്. സവാദിനോട് 'വിഷമിക്കണ്ട, ഞങ്ങളുണ്ട് കൂടെ' എന്ന പ്രഖ്യാപനവുമായി ഈ സ്വീകരണത്തിന് നേതൃത്വം നൽകിയത് "ഓൾ കേരള മെൻസ് അസോസിയേഷൻ" എന്നൊരു "സംഘടന" ആണ്; ആ കൂട്ടത്തിൽ കോൺഗ്രസ്‌ നേതാവെന്ന് അവകാശപ്പെടുന്ന ഒരു സോഷ്യൽ മീഡിയ ആക്റ്റിവിസ്റ്റും ഒന്ന് രണ്ട് സോഷ്യൽ മീഡിയ സെലിബ്രിറ്റീസും ഉണ്ടായിരുന്നു. 

ഇൻസ്റ്റഗ്രാമിൽ ഫോളോവേഴ്സിനെ കൂട്ടാൻ വേണ്ടി കേസിലെ പരാതിക്കാരിയായ നന്ദിത ശങ്കര (മസ്താനി) മനഃപൂർവ്വം സവാദിനെ ഹണിട്രാപ്പിൽ കുടുക്കുകയായിരുന്നെന്നും കള്ളപ്പരാതിയാണ് നൽകിയതെന്നുമാണ് ഓൾ കേരള മെൻസ് അസോസിയേഷൻ ആരോപിക്കുന്നത്.  ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി അസോസിയേഷൻ പ്രസിഡന്‍റ് വട്ടിയൂർക്കാവ് അജിത് കുമാർ ഡിജിപിക്ക് പരാതി നൽകിക്കഴിഞ്ഞു എന്നും അവകാശപ്പെടുന്നു. സവാദിനു നീതി ലഭിക്കുന്നതുവരെ പോരാടാനാണ് സംഘടനയുടെ തീരുമാനമെന്നും ഇയാൾ പ്രഖ്യാപിക്കുന്നുണ്ട്.  

സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളെപ്പറ്റി ഉറക്കെ സംസാരിക്കുകയോ പരാതിപ്പെടുകയോ ചെയ്‌താൽ അതിക്രമത്തിനിരയായ അതിജീവിതകള്‍ എല്ലാക്കാലത്തും നേരിടുന്ന ഒരു പ്രശ്നമാണ് വിക്റ്റിം ബ്ലെയ്മിങ്. പൊതുവിധത്തിലെ വസ്ത്രധാരണമാണ് പീഡിപ്പിക്കാൻ പ്രൊവൊക്കേഷൻ ആയതെന്ന പതിവ് നമ്പറിൽ നിന്ന് മാറി അതിജീവിതയുടെ സോഷ്യൽ മീഡിയ ഹാൻഡിലുകളിലെ വസ്ത്രധാരണത്തെ കുറ്റപ്പെടുത്തിയും ഇൻസ്റ്റഗ്രാം സെലിബ്രിറ്റിയാകാനുള്ള കുല്സിത ശ്രമമായിരുന്നു സവാദിനെ കുടുക്കിയതെന്ന് ആരോപിക്കുകയും ചെയ്ത് വിക്റ്റിം ബ്ലെയ്‌മിങ്ങിന്റെ മറ്റൊരു മുഖം തുറക്കുകയായിരുന്നു സവാദ് അനുകൂലികൾ. 

കാലാകാലങ്ങളിൽ ഭരണത്തിൽ വരുന്നവരുടെ സ്ഥിര വാഗ്‌ദാനമാണ് സ്ത്രീ സൗഹൃദ അന്തരീക്ഷം പുലരുന്ന നാടായി നമ്മുടെ നാടിനെ മാറ്റിയെടുക്കുമെന്നുള്ളത്. സ്ത്രീകളെ തങ്ങളുടെ ലൈംഗിക ആസ്വാദനത്തിനുള്ള ഉപകരണങ്ങൾ ആയിട്ട് കാണുന്ന മനോനിലക്ക് മാറ്റം ഉണ്ടാക്കിയെടുക്കാതെ അതെങ്ങനെ സാധിക്കാനാണ്. ലൈംഗിക പീഡനത്തിന് ഇരയാകുന്ന വ്യക്തി സഹിക്കേണ്ടി വരുന്ന മാനസികവ്യഥയും പിരിമുറുക്കവും സമൂഹത്തെയോ അടുപ്പമുള്ള ഒരാളെത്തന്നെയോ പറഞ്ഞ് മനസിലാക്കിക്കാൻ പോലും പ്രയാസമാണ്. പീഡനസമയത്തേൽക്കേണ്ടി വരുന്ന മാനസിക വ്യഥയെക്കാൾ വലിയ മാനസികാഘാതമാണ് അതിന് ശേഷമുള്ള പൊതുവിചാരണകളും കുറ്റപ്പെടുത്തലുകളും എതിർ പരാമർശങ്ങളും ആ അതിജീവിതയുടെ മേൽ ഉണ്ടാക്കുന്നത്. ഈയിടെയായി യാത്രാ സംവിധാനങ്ങളിലും പൊതു ഇടങ്ങളിലും വച്ച് തങ്ങൾ നേരിട്ട പീഡനങ്ങളെ തുറന്നെതിർക്കാനും അത് ലോകത്തോട് വിളിച്ചു പറയാനും പരാതിപ്പെടാനും സ്ത്രീകൾ മുന്നോട്ടുവരുന്നുണ്ട്. എന്നാൽ ഇതിന് ശേഷമുണ്ടാവുന്ന ദുരനുഭവങ്ങളും വേട്ടയാടലുകളും സൈബർ ബുള്ളിയിങ്ങും പീഡന സാഹചര്യമുണ്ടാവുമ്പോൾ അതിജീവിതരെ പരാതിപ്പെടാൻ പോലും തയ്യാറാവാത്ത മാനസികാവസ്ഥയിൽ എത്തിക്കും. 

ഇതിപ്പോൾ പതിവ് വിക്റ്റിം ബ്ലെയ്‌മിങ്ങിനും സൈബർ ബുള്ളിയിങ്ങിനും പുറമെ നിയമസംവിധാനങ്ങളുടെ  പരിഗണനയിൽ ഇരിക്കുന്ന കേസിൽ ഉപാധികളോടെ മാത്രം ജാമ്യത്തിലിറങ്ങിയ പ്രതിയെ ആൾക്കൂട്ടം ചേർന്ന് മാലയിട്ട് സ്വീകരിക്കുന്ന അസംബന്ധമാണ് നടന്നത്. ഈ സ്വീകരണത്തിലൂടെ അതിജീവിതയെ മാത്രമല്ല, ഈ നാട്ടിലെ സകല പെൺകുട്ടികളെയും സ്ത്രീകളെയും നാണവും മാനവും തലക്ക് വെളിവുമുള്ള പുരുഷന്മാരെയും അങ്ങേയറ്റം അപമാനിക്കുന്ന പരിപാടിയാണ് മെൻസ് അസോസിയേഷൻ നടത്തിയത്. സെലിബ്രിറ്റിയോ പ്രശസ്തനോ അല്ലാത്ത വെറുമൊരു സാധാരണക്കാരനായ സവാദിന് സ്വീകരണമൊരുക്കാൻ വേണ്ടി ജയിലിന് മുൻപിൽ സംഘടിച്ച
ആൾക്കൂട്ടം തികച്ചും ആപൽക്കരമായ ഒരു പുതിയ സ്ഥിതിവിശേഷമാണ് സൃഷ്ടിച്ചിരിക്കുന്നത്. പ്രശസ്തരും സമൂഹത്തിൽ പ്രസക്തരുമായിരുന്ന നടൻ ദിലീപിനും  ബിഷപ്പ് ഫ്രാങ്കോ മുളക്കനും ജയിൽ മോചിതനായ ശേഷം കിട്ടിയ വരവേൽപ്പുകൾ ഇപ്പോഴുണ്ടായ ഈ സ്വീകരണ സാധ്യത വിളിച്ചു പറഞ്ഞിരുന്നു. ജയിൽ കവാടത്തിനരികെ തന്നെ നടന്ന ഇത്തരം സ്വീകരണങ്ങൾ ജയിൽ സംവിധാനം എന്ന കറക്ടീവ് സിസ്റ്റത്തെ നിസാരവൽക്കരിക്കുന്നതാണ്. ഈ പോക്ക് പോയാൽ നാളെ ഗോവിന്ദച്ചാമിക്കും അത് പോലുള്ള കൊടും ക്രിമിനലുകൾക്കും നാളെ സ്വീകരണം സംഘടിപ്പിക്കപ്പെട്ടേക്കാം. 

വ്യവസ്ഥാപിതമായ നിയമസംവിധാനങ്ങളെ നോക്കി കൊഞ്ഞനം കുത്തുന്ന ഇത്തരം പരിപാടികൾക്കെതിരെ  സിവിൽ സമൂഹത്തിലുള്ള ജനാധിപത്യ വിശ്വാസികൾ എഴുത്തുകളിലൂടെയും ബൗദ്ധികമായ ആവിഷ്കാരങ്ങളിലൂടെയും സാധ്യമായ വിധത്തിലെല്ലാം ഇടപെടണം. സ്ത്രീ പക്ഷത്ത് നിൽക്കുന്നു എന്ന് നാഴികക്ക് നാൽപ്പത് വട്ടം അവകാശപ്പെടുന്ന പുരോഗമന സർക്കാരും അതിനു കീഴിലുള്ള വനിതാ ശിശു ക്ഷേമ വകുപ്പും വനിതാ കമ്മീഷനും യുവജനകമ്മീഷനുമെല്ലാം ഇതിൽ നിയമപരമായി എടുക്കാവുന്ന പരമാവധി നടപടികൾ എടുക്കേണ്ടതാണ്. നിയമത്തിന് കെൽപ്പ് പോരെങ്കിൽ കെൽപ്പുള്ള നിയമങ്ങൾ നിർമ്മിക്കേണ്ടതാണ്. അല്ലാത്ത പക്ഷം, സാമൂഹ്യ വിരുദ്ധ മാനസികാവസ്ഥ ഉള്ളവരും ഞരമ്പ് രോഗികളും പൊതു സ്ഥലത്ത് തുണി മാറ്റി കാണിക്കുന്നതും മുഷ്ടിമൈഥുനം ചെയ്യുന്നതും സ്ത്രീകളെ കടന്നു പിടിക്കുന്നതും  ഒക്കെ ഒരു ശീലമാക്കും; കാരണം സ്വീകരണവും പ്രോത്സാഹനവും ഒക്കെ കിട്ടുന്ന മഹത്കാര്യമാണെന്ന് അവർക്ക് തോന്നിയാൽ എന്താണ് തെറ്റ് !!???

Wednesday 10 May 2023

ഇങ്ങനെ പോയാൽ അവസാന രക്തസാക്ഷിയാവില്ല Dr. വന്ദനാ ദാസ്


യുദ്ധ സാഹചര്യങ്ങളിൽ പോലും ആരോഗ്യ പ്രവർത്തകരെയും മെഡിക്കൽ സംവിധാനങ്ങളെയും ആക്രമിക്കരുതെന്നാണ് കീഴ്വഴക്കം. എന്നാൽ, പരിഷ്കൃതരും സാക്ഷരരും എന്ന് പൊങ്ങച്ചമടിച്ച് അതിൽ അഭിരമിച്ച്‌ ജീവിക്കുന്ന നമ്മുടെ സമൂഹത്തിൽ ആരോഗ്യ പ്രവർത്തകർക്കും ആരോഗ്യസംവിധാനങ്ങൾക്കും എതിരെയുള്ള ആക്രമണങ്ങൾ നാൾക്ക് നാൾ വർദ്ധിച്ചു വരികയായിരുന്നു. ഒടുവിൽ തികച്ചും ദൗർഭാഗ്യകരമായ രീതിയിൽ അത്തരം സംഭവങ്ങൾക്കൊരു രക്തസാക്ഷിയും ഉണ്ടായിരിക്കുന്നു.

ഇത് പോലൊന്ന് സംഭവിക്കുമെന്ന് ഐക്യരാഷ്ട്ര സഭയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ദുരന്ത നിവാരണ വിദഗ്ദ്ധൻ മുരളി തുമ്മാരുകുടിയും IMA കേരള ഘടകം പ്രസിഡന്റ് Dr. സുൽഫി നൂഹുവും പ്രവചനസ്വഭാവമുള്ള രണ്ട് കുറിപ്പുകൾ സോഷ്യൽ മീഡിയയിൽ പങ്ക് വച്ചത് ഈ കഴിഞ്ഞ മാസങ്ങളിൽ ആണ്. അച്ചട്ടമായി  ദുരന്തം പ്രവചിക്കാനുള്ള ദിവ്യത്വമുള്ളത് കൊണ്ടൊന്നുമല്ല അവർ പറഞ്ഞത് പോലെ സംഭവിച്ചത്. വെടിമരുന്നും വിഷവുമൊക്കെ മുൻകരുതലില്ലാതെ കൈകാര്യം ചെയ്‌താൽ അപകടം ഉണ്ടാകാം എന്നുള്ള സാധ്യത ബുദ്ധിയുള്ളവർക്ക് തോന്നുന്നത് പോലെ സമൂഹത്തിൽ സംഭവിക്കുന്ന കാര്യങ്ങളെ യാഥാർഥ്യബോധത്തോടെ വിവേചിച്ച അവർ ആശങ്കപ്പെട്ടത് പോലെ സംഭവിച്ചു എന്ന് മാത്രം.  

കോവിഡ് പ്രതിസന്ധിയുടെ കാലഘട്ടം മുതൽ ഇങ്ങോട്ട് നോക്കിയാൽ ഇത്തരത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ട നൂറ് കണക്കിന് കേസുകൾ കണ്ടെത്താൻ കഴിയും. ആരോഗ്യപ്രവർത്തകർക്കെതിരായിട്ടുള്ള അക്രമങ്ങൾക്കെതിരെ “Stop Attack On Doctors” എന്നൊരു ടാഗ് ലൈൻ ക്യാമ്പയിൻ  സോഷ്യൽ മീഡിയയിൽ നടത്തിയിട്ട് അധികം കാലമൊന്നും ആയില്ലെന്നാണ് എന്റെ ഓർമ്മ. ചില സിനിമാതാരങ്ങളും സെലിബ്രിറ്റികളും അതിന് കാര്യമായ പിന്തുണ നൽകിയിരുന്നു. ആരോഗ്യപ്രവർത്തകർക്കെതിരായിട്ടുള്ള അക്രമസംഭവങ്ങളിൽ പലപ്പോഴും തീരെ വിദ്യാഭ്യാസമില്ലാത്തവരോ നിയമസാക്ഷരത ഇല്ലാത്തവരോ അല്ല പ്രതികൾ ആകുന്നതെന്നതാണ് ഞെട്ടൽ ഉണ്ടാക്കുന്നത്. രോഗിയുടെ ബന്ധു എന്ന നിലയിൽ എത്തിയ പോലീസ് ഉദ്യാഗസ്ഥൻ പ്രതിയായ കേസ് വരെ ഇവിടെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കാലാ കാലങ്ങളായി ഇവിടെ ആരോഗ്യ പ്രവർത്തകരും ആശുപത്രി ജീവനക്കാരും ആക്രമിക്കപ്പെടുകയും, ആശുപത്രി കെട്ടിടങ്ങളും ഉപകരണങ്ങളും നശിപ്പിക്കപ്പെടുകയും, ആശുപത്രിയിൽ ഉണ്ടായിരുന്ന മറ്റു രോഗികൾക്കും അവരുടെ കൂട്ടിരിപ്പുകാർക്കും സന്ദർശകർക്കും വരെ പരിക്ക് പറ്റുകയും ചെയ്ത സംഭവങ്ങൾ സ്വാഭാവികമെന്ന പോലെ നടന്നു പോരുന്നു. ആരോഗ്യപ്രവർത്തകർക്കെതിരായ ആക്രമണങ്ങൾ ആശുപത്രി കോമ്പൗണ്ടിൽ പോലും ഒതുങ്ങി നിൽക്കുന്നില്ല. ഫീൽഡ് പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ആരോഗ്യപ്രവർത്തകർക്കും മൃഗ ആരോഗ്യ സംരക്ഷണവുമായി പ്രവർത്തിക്കുന്നവർക്കും എതിരെ വരെ ഇവിടെ അക്രമങ്ങൾ നടക്കുന്നു.

ഇത്തരം സംഭവങ്ങളിൽ കർശന നടപടികൾക്കായി സർക്കാർ ഒന്നും ചെയ്യ്തിട്ടില്ല എന്ന് പറയാനാവില്ല. ഇത്തരം ആക്രമണങ്ങളുണ്ടായാൽ അക്രമികളെ പിടികൂടുകയും ശിക്ഷിക്കുകയും ഒക്കെ ചെയ്യാറുമുണ്ട്. പക്ഷെ, മിക്കവാറും കേസുകളിലും പെട്ടെന്നുണ്ടായ വികാര വിക്ഷോഭം, സവിശേഷ സാഹചര്യം, ഒറ്റപ്പെട്ട സംഭവം തുടങ്ങിയ ലളിതവൽക്കരണവും ന്യായീകരണയുക്തിയും കൊണ്ട് തുടർ നിയമനടപടികളുടെ ഗൗരവം ചോർന്നു പോകുന്ന കാഴ്ചയാണ് പൊതുവെ കണ്ടു വരുന്നത്. കുറ്റം ചെയ്തവരെ പ്രത്യക്ഷമായും പരോക്ഷമായും പിന്തുണക്കാൻ രാഷ്ട്രീയക്കാരും ജാതി സമുദായ സംഘടനകളും ഒക്കെ സമ്മർദവുമായി ഇടപെടുന്നതും കാണാറുണ്ട്. 

കേരളത്തിൽ വർദ്ധിച്ചു വരുന്ന ആശുപത്രി ആക്രമണങ്ങളെ കൈകാര്യം ചെയ്യാൻ 2012 മുതൽ “ആശുപത്രി സംരക്ഷണ നിയമം” നിലവിലുണ്ട്. ഈ നിയമപ്രകാരം, ഈ ആക്ടിലെ മൂന്നാം വകുപ്പനുസരിച്ച് ആരോഗ്യ പ്രവർത്തകർക്കെതിരെയും ആരോഗ്യ സ്ഥാപനങ്ങൾക്കെതിരെയുമുള്ള മുഴുവൻ അക്രമങ്ങളും നിരോധിച്ചിരിക്കുന്നു. ആക്ടിലെ നാലാം വകുപ്പനുസരിച്ച് ഇത്തരം അക്രമം നടത്തുന്നത് മൂന്ന് വർഷം വരെ തടവും അമ്പതിനായിരം രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണ്. മാത്രവുമല്ല, ആരോഗ്യ സ്ഥാപനങ്ങളിലെ നശിപ്പിക്കപ്പെടുന്ന ഉപകരണങ്ങളുടെ ഇരട്ടി തുക നഷ്ടപരിഹാരമായി അക്രമം നടത്തുന്നവർ കോടതിയിൽ കെട്ടി വക്കണം. ഇത് ചെയ്യാതിരുന്നാൽ കോടതിക്ക് റിക്കവറി നടപടികൾ സ്വീകരിക്കാവുന്നതാണ്. ഈ ആക്ടനുസരിച്ചെടുക്കുന്ന കേസുകൾ ജാമ്യമില്ലാ കുറ്റവുമാണ്. എന്നാൽ, പല സന്ദർഭങ്ങളിലും ആശുപത്രി സംരക്ഷണ നിയമപ്രകാരം നടപടി സ്വീകരിക്കാതെ വരുന്നു. ഈ നിയമം മാത്രമല്ല, ഇന്ത്യൻ പീനൽ കോഡിലെ വിവിധ വകുപ്പുകളും ഇന്ത്യൻ എപിഡമിക് ആക്റ്റിലെ വകുപ്പുകളും ഇത്തരം ആക്രമണങ്ങളെ വളരെ ഗൗരവമായിട്ടാണ് പരിഗണിക്കുന്നത്.  ആരോഗ്യപ്രവര്‍ത്തകരുടെ സംരക്ഷണം ഉറപ്പാക്കാന്‍ കേന്ദ്ര സർക്കാരും 2020-ൽ നിയമം പാസാക്കിയിട്ടുണ്ട്. ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യപ്രവര്‍ത്തകരെ ആക്രമിക്കുന്നവര്‍ക്ക് അഞ്ച് വര്‍ഷം വരെ തടവ് ശിക്ഷ ഉറപ്പു വരുത്തുന്നുണ്ട് ഈ നിയമം. കോവിഡോ അല്ലെങ്കില്‍ അത്തരത്തിലുള്ള മഹാമാരിയെയോ നേരിടുന്ന ആരോഗ്യപ്രവര്‍ത്തകര്‍കരുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതിനാണ് ഇത്തരമൊരു നിയമം കൊണ്ടു വന്നത്. ഇങ്ങനെ പലവിധ നിയമ പരിരക്ഷ ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും, നിയമ പ്രകാരം നടപടി സ്വീകരിക്കാൻ വേണ്ടി സമരവും മറ്റ് സമ്മർദ്ദങ്ങളും ഒക്കെ പ്രയോഗിക്കണം എന്ന ഗതികേടിലാണ് ആരോഗ്യപ്രവർത്തകർ. ഒരാരോഗ്യ പ്രവർത്തകൻ ആക്രമിക്കപ്പെട്ടു വരുമ്പോൾ ഈ നിയമങ്ങൾ അറിയുന്നവരും പാലിക്കേണ്ടവരും കൂടി അതിനെ ഗൗരവമായി കണ്ടാലേ അതിനൊക്കെ അർത്ഥമുണ്ടാവൂ. ഒരു ക്രൈം നടന്നാൽ നിയമ നടപടി സ്വീകരിക്കുക എന്നത് സ്റ്റേറ്റിന്റെ കടമയാണ്. 

കേവലം ആരോഗ്യ പ്രവർത്തകർക്കെതിരെ എന്നതിൽ നിന്നുപരി ആരോഗ്യ സംവിധാനത്തോടുള്ള ആക്രമണം (Attack on Healthcare) എന്ന നിലക്കാണ് ലോകാരോഗ്യ സംഘടന (WHO) ഈ വിഷയത്തെ സമീപിക്കുന്നത്. ആരോഗ്യ പ്രവർത്തകർക്കെതിരെയുള്ള അക്രമങ്ങൾ കേവലം ശാരീരിക ആക്രമണങ്ങൾ മാത്രമല്ല; വാക്കാലുള്ള അധിക്ഷേപങ്ങൾ, ആക്രമണോൽസുകതയുള്ള ഭയപ്പെടുത്തൽ, ആൾക്കൂട്ട ആക്രമണങ്ങൾ, സൈബർ ലിഞ്ചിങ് & ബുള്ളിയിങ്ങ്, വ്യാജ കേസുകളിൽ പെടുത്തൽ എന്നിങ്ങനെ അനേകം രീതിയിൽ അത് സംഭവിക്കുന്നുണ്ട്. പക്ഷെ, ശാരീരികമായ ആക്രമണങ്ങൾ മാത്രമാണ് പലപ്പോഴും പൊതുസമൂഹത്തിന്റെ ശ്രദ്ധയിലേക്ക് വരാറുള്ളത്. ആശുപത്രിയും ആരോഗ്യപ്രവർത്തകരും ആക്രമിക്കപ്പെടുമ്പോൾ കോഡ് വൈറ്റ്, കോഡ് ഗ്രേ, കോഡ് ബ്ലാക്ക് തുടങ്ങിയ വിവിധ പ്രോട്ടോക്കോളുകൾ പല വിദേശരാജ്യങ്ങളും അവലംബിക്കാറുണ്ട്. ഇത്തരത്തിലുള്ള കോഡുകൾ വിളിക്കുമ്പോൾ സെക്യൂരിറ്റി ജീവനക്കാർ ഉടനടി എത്തുകയും സ്ഥിതി നിയന്ത്രണ വിധേയമാക്കുകയും ചെയ്യും. ഇത്തരം ആക്രമണങ്ങൾക്കെതിരെ സീറോ ടോളറൻസ് ആണ് ഒട്ടു മിക്ക രാജ്യങ്ങളും പുലർത്തുന്നത്. ആക്രമിക്കുന്ന വ്യക്തികൾക്ക് കർശനമായ നിയമനടപടികൾ നേരിടേണ്ടി വരുന്നത് കൂടാതെ ഉയർന്ന കോമ്പൻസേഷൻ നൽകേണ്ടിയും വരും. പല രാജ്യങ്ങളിലും ആക്രമണത്തിന് വിധേയരാകുന്ന ആരോഗ്യപ്രവർത്തകർക്ക് വളരെ ഉയർന്ന കോമ്പൻസേഷൻ ലഭിക്കാൻ പോലും അർഹതയുണ്ട്.

തൊഴിലിടത്ത്, ഏതു നിമിഷവും ആക്രമിക്കപ്പെടാം എന്ന ഭീതിയിൽ ജോലി ചെയ്യേണ്ടി വരുന്നത്, ഒരു  ആരോഗ്യപ്രവർത്തകന്റെ മനോനിലയെയും തൊഴിൽപരമായി അടിയന്തിരമായ തീരുമാനങ്ങൾ എടുക്കാനുള്ള കഴിവിനെയും ഒക്കെ പ്രതികൂലമായി ബാധിക്കാനുള്ള സാധ്യത കൂടുതലാണ്. ഇത് ഓരോ ആരോഗ്യപ്രവർത്തകനെ എന്നതിലുപരി, മൊത്തം ആരോഗ്യ പരിപാലന സംവിധാനത്തിന്റെ പ്രവർത്തന മികവിനെയും ശേഷിയെയും തന്നെ പ്രതികൂലമായി ബാധിക്കാം. നിർണ്ണായക ഘട്ടങ്ങളിൽ റിസ്‌ക് പരമാവധി ഒഴിവാക്കി സ്വന്തം സുരക്ഷയ്ക്ക് മുൻഗണന കൊടുത്ത് കൊണ്ട് മാത്രമുള്ള തീരുമാനങ്ങൾ (“ഡിഫെൻസിവ് മെഡിക്കൽ പ്രാക്ടീസ്”) എടുക്കുന്നതിലേക്ക് ആരോഗ്യപ്രവർത്തകർ പോകുന്നുണ്ടെങ്കിൽ അതിന് കാരണം കൂടെക്കൂടെ ഉണ്ടാകുന്ന ഇത്തരം അക്രമങ്ങൾ സൃഷ്ടിക്കുന്ന അരക്ഷിത ബോധം കൂടിയാണ്. 

ആരോഗ്യ പരിപാലന സംവിധാനങ്ങളുടെ പരിരക്ഷ സമൂഹത്തിന്റെ കൂടെ ആവശ്യമാണ്. ആത്യന്തികമായി, ജീവിക്കാൻ വേണ്ടി തൊഴിലെടുക്കുന്നവരാണ് ഡോക്ടർ, നഴ്‌സ് തുടങ്ങി ഓരോ ആരോഗ്യപ്രവർത്തകരും. തങ്ങൾ നേടിയ അറിവും ആർജ്ജിച്ച പ്രവൃത്തി പരിചയവും ശാസ്ത്ര സാങ്കേതികതയുടെ സഹായവും ഉപയോഗിച്ച് ലഭ്യമായ സൗകര്യങ്ങളുടെ പരിധിയിലും പരിമിതിയിലും നിന്നു കൊണ്ട് ചികിൽസയും അത് വഴി സൗഖ്യവും പ്രദാനം ചെയ്യുക എന്ന തൊഴിൽ ചെയ്യുന്ന തൊഴിലാളികൾ മാത്രമാണ് ആരോഗ്യ പ്രവർത്തകർ. വിദേശരാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കുറഞ്ഞ വരുമാനവും സൗകര്യങ്ങളും സുരക്ഷയും  അമിതമായ വിമർശനങ്ങളും ആക്രമണങ്ങളും നിലനിൽക്കുന്ന അന്തരീക്ഷം വിട്ട് നമ്മുടെ മികച്ച ആരോഗ്യപ്രവർത്തകർ ഡോക്ടർമാരും സ്വാഭാവികമായും മെച്ചപ്പെട്ട ജോലി സംവിധാനങ്ങളുള്ള വിദേശത്തുൾപ്പെടെയുള്ള ജോലികൾ തേടി പോവുന്നതിൽ അത്ഭുതപ്പെടാൻ എന്താണുള്ളത് !!???. ഇതൊക്കെ മോശമായി  ബാധിക്കാൻ പോവുന്നത് ഏറെ കൊട്ടിഘോഷിക്കുകയും വല്ലാതെ പൊങ്ങച്ചം പറയുകയും ചെയ്യുന്ന നമ്മുടെ പൊതു ആരോഗ്യ സംവിധാനത്തെയും സർവ്വോപരി പൊതുസമൂഹത്തെയും തന്നെ ആണ്.

ആരോഗ്യപ്രവർത്തകർ ദൈവദൂതരാണെന്നോ മാലാഖാമാരാണെന്നോ പോലുള്ള ആത്മാർത്ഥതയില്ലാത്ത അമിത ഗ്ലോറിഫിക്കേഷനോ അർത്ഥശൂന്യമായ കൈയടികളോ അല്ല, അവർക്ക് വേണ്ടത്; മറിച്ച് പ്രാണഭയവും അനാവശ്യ വിമർശനവുമില്ലാതെ, സുരക്ഷിത ബോധത്തോടെയും സമാധാന അന്തരീക്ഷത്തിലും സ്വന്തം ജോലി ചെയ്യാനുള്ള സാഹചര്യം ഒരുക്കി  നൽകുകയാണ് സർക്കാരും സമൂഹവും ചെയ്യേണ്ടത്. 

PS : മികച്ച ആരോഗ്യ രംഗത്തെപ്പറ്റി പൊങ്ങച്ചം പറയുന്ന നാട്ടിലെ നിയമസഭയിലാണ് "ചില ഡോക്ടർമാർ തല്ലു കൊള്ളേണ്ടവരാണെന്ന്" മുൻമന്ത്രിയും ആരാധക ലക്ഷങ്ങളുടെ രോമാഞ്ചമായ നടനും MLA യുമായ വ്യക്തി നിയമസഭയിൽ പറഞ്ഞത്. നിയമസഭയ്ക്ക് അകത്തോ പുറത്തോ ഡോക്ടർമാരുടേതൊഴികെ ഏതെങ്കിലും സംഘടനകളോ രാഷ്ട്രീയ കക്ഷികളോ അതിനെതിരെ ഒരക്ഷരം പോലും മിണ്ടിക്കേട്ടില്ല; കാരണം അയാൾ പൊതുജനത്തിന്റെ പ്രതിനിധിയാണല്ലോ !! അയാൾ പ്രതിനിധാനം ചെയ്യുന്നത് പൊതുമനോഭാവത്തെ കൂടിയാണല്ലോ !!!

ഈ മനോഭാവം പേറുന്ന സമൂഹത്തിൽ Dr. വന്ദന ദാസ് അവസാന രക്തസാക്ഷിയാകാൻ ഒരു സാധ്യതയുമില്ല...

ആദരാഞ്ജലികൾ Dr. വന്ദന ദാസ് 


Tuesday 4 April 2023

ആദ്യ മൊബൈൽ ഫോൺ വിളിക്ക് 50 വയസ്സ് !!!

1973 ഏപ്രിൽ 3...

മോട്ടറോള കമ്പനിയിലെ എൻജിനീയറും ഗവേഷകനുമായിരുന്ന മാർട്ടി കൂപ്പർ ന്യൂയോർക്കിലെ സിക്സ്ത് അവന്യൂ കെട്ടിടത്തിന്റെ ഒരു മൂലയിൽ ഒരു വിജയിയുടെ ശരീരഭാഷയിൽ നിന്നു കൊണ്ട് തന്റെ  പോക്കറ്റിൽ നിന്നൊരു ഫോൺബുക്ക് പുറത്തെടുത്തു. അതിൽ നോക്കി ക്രീം നിറത്തിലുള്ള ഒരു ഉപകരണത്തിന്റെ കീപാഡിൽ തങ്ങളുടെ ബിസിനസ് എതിരാളികളായ ബെൽ ലബോറട്ടറീസിലെ ഡോക്ടർ ജോയലിന്റെ ഫോൺ നമ്പർ കുത്തി. ഫോണെടുത്ത ജോയലിനോട് "ഞാൻ ഒരു personal, handheld, portable cell phone"-ൽ നിന്നാണ് സംസാരിക്കുന്നതെന്ന് പറഞ്ഞു. ഇത് സംഭവിക്കുമ്പോൾ കാണികൾ അദ്ദേഹത്തെയും ഈ ഉപകാരണത്തെയും അതിശയത്തോടെ നോക്കുന്നുണ്ടായിരുന്നു. ഇന്നത്തെ മൊബൈൽ ഫോണിന്റെ ആദ്യരൂപമായ മോട്ടോറോള സെല്ലുലാർ ഫോൺ പ്രോട്ടോടൈപ്പ് അദ്ദേഹം അവതരിപ്പിച്ചത് ഇത്തരത്തിലായിരുന്നു. കൂപ്പറിന്റെ ഈ വാക്കുകൾ കേട്ടതോടെ ഡോക്ടർ ജോയലിന്റെ സൈഡിൽ ഒരു നിശബ്ദത വന്നുവെന്നും ഞാൻ ഊഹിച്ചതനുസരിച്ച് അയാൾ അയാളുടെ പല്ല് കടിച്ചു ഞ്ഞെരിക്കുകയായിരുന്നെന്നും 94-കാരനായ കൂപ്പർ ഒരു കുസൃതിച്ചിരിയോടെ ഓർത്തെടുക്കുന്നു. അക്കാലത്ത് ബെൽ ലബോറട്ടറീസ് സഞ്ചരിക്കുന്ന കാറുകളിൽ ഉപയോഗിക്കുന്ന ഫോണുകൾ രൂപപ്പെടുത്തുവാനുള്ള ശ്രമത്തിലായിരുന്നു. നൂറ് വർഷത്തോളം വീടുകളിൽ ചെമ്പുകമ്പിയിൽ കുരുങ്ങിക്കിടന്ന നമ്മളെ ഒരു കാറിനുള്ളിൽ കുടുക്കിയിടാനാണ് ബെൽ ലബോറട്ടറീസ് ശ്രമിച്ചു കൊണ്ടിരുന്നതെന്ന് കൂപ്പർ പരിഹസിക്കുന്നു. എന്നാൽ ഇതല്ല മുന്നോട്ടുള്ള വഴിയെന്ന് മിസ്റ്റർ കൂപ്പറും മോട്ടറോളയും പിന്നീട് തെളിയിച്ചു എന്നെടുത്ത് പറയേണ്ടതില്ലല്ലോ.
 
ആ ആദ്യ കോളിന് 11 വർഷത്തിന് ശേഷമാണ് മാർട്ടി കൂപ്പറിന്റെ പ്രോട്ടോടൈപ്പിന്റെ വാണിജ്യ പതിപ്പായ മോട്ടറോള ഡൈനാറ്റക് 8000X പുറത്തിറങ്ങിയത്. ഇന്നതിന്റെ മൂല്യം ഏകദേശം 11,700 അമേരിക്കൻ ഡോളറിനടുത്താണെന്ന് മൊബൈൽ ഫോൺ മ്യൂസിയം നടത്തുന്ന ബെൻ വുഡ് പറയുന്നു. ഇത് നമ്പർ ഡയൽ ചെയ്ത് കോൾ ചെയ്യാൻ മാത്രം സാധിക്കുന്ന അടിസ്ഥാന ഉപകരണമായിരുന്നു. മെസേജിംഗ് ഇല്ല, ക്യാമറയില്ല, മുപ്പത് മിനിറ്റ് സംസാര സമയം, ബാറ്ററി ചാർജ് ചെയ്യാൻ 10 മണിക്കൂർ, ഏകദേശം 12 മണിക്കൂർ സ്റ്റാൻഡ്-ബൈ സമയം, മുകളിൽ 6 ഇഞ്ച് (15 സെ.മീ) ആന്റിന... ഇത്രയുമൊക്കെയേ ഉണ്ടായിരുന്നുള്ളു. ഒരു ഇഷ്ടികയുടെ രൂപമുള്ള ഇതിന്റെ ഭാരം 790 ഗ്രാം ആയിരുന്നു. 

ആദ്യ മോട്ടോറോള ഫോണിനെയും ഇന്നത്തെ മൊബൈൽ ഫോണുകളെയും രൂപത്തിന്റെയോ വലിപ്പത്തിന്റെയോ തൂക്കത്തിന്റെയോ അത് തരുന്ന സൗകര്യങ്ങളുടെയോ അടിസ്ഥാനത്തിൽ താരതമ്യം ചെയ്യാൻ കഴിയുകയേ ഇല്ല. എന്നലും, അന്നത്തെ ആദ്യ കോൾ എങ്ങനെ പ്രവർത്തിച്ചു എന്നതിന്റെ അടിസ്ഥാനകാര്യങ്ങൾ ഇപ്പോഴും കാര്യമായി മാറിയിട്ടില്ല. ഹാൻഡ്‌സെറ്റ് നിങ്ങളുടെ ശബ്‌ദത്തെ ഒരു ഇലക്ട്രോമാഗ്നെറ്റിക്ക്  സിഗ്നലാക്കി മാറ്റുന്നു, അത് റേഡിയോ തരംഗമായി മോഡുലേറ്റ് ചെയ്യപ്പെടുന്നു. ഈ റേഡിയോ തരംഗം ഒരു മാസ്റ്റിലേക്ക് പോകുന്നു; നിങ്ങൾ വിളിക്കുന്ന വ്യക്തിക്ക് മാസ്റ്റ് ഈ റേഡിയോ തരംഗത്തെ അയയ്‌ക്കുന്നു. അയാളുടെ കയ്യിലെ ഹാൻഡ് സെറ്റ് റേഡിയോ തരംഗത്തെ വീണ്ടും ശബ്ദമാക്കുമ്പോൾ ആ വ്യക്തിക്ക് നിങ്ങളുടെ സംസാരം കേൾക്കാനാകും. ഇതേ പ്രക്രിയ അയാൾ സംസാരിക്കുമ്പോൾ തിരിച്ചും സംഭവിക്കുന്നു. 

2023 - ലെ ഹാൻഡ്‌സെറ്റുകളുടെ രൂപകൽപ്പനയിൽ പോലും കൂപ്പർക്ക് കാര്യമായ മതിപ്പില്ല. പല തലത്തിലും ഫോണിന്റെ ഇന്നത്തെ രൂപം പോലും അത്ര നല്ലതല്ല എന്ന അഭിപ്രായമാണ് അദ്ദേഹത്തിന്. ഭാവിയിൽ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഓരോരുത്തരുടെയും വ്യക്തിഗത ആവശ്യങ്ങൾക്കനുസരിച്ച്, ആപ്പുകൾ സൃഷ്ടിക്കുകയോ തിരഞ്ഞെടുക്കുകയോ ചെയ്യുമെന്ന് അദ്ദേഹം വിശ്വസിക്കുന്നു. ഒരു ദിവസം ഈ ഉപകരണം നമ്മുടെ ആരോഗ്യം നിരീക്ഷിക്കുകയും കാര്യക്ഷമത വർദ്ധിപ്പിക്കുകയും നമ്മുടെ ജീവിതത്തെ  മെച്ചപ്പെടുത്തുകയും ചെയ്യുമെന്നും അദ്ദേഹം വിശ്വസിക്കുന്നു. “ഞങ്ങൾ ഇപ്പോഴും സെൽ ഫോൺ വിപ്ലവത്തിന്റെ തുടക്കത്തിലാണ്” എന്നാണ് അദ്ദേഹം പറയുന്നത്. 

അര നൂറ്റാണ്ട് മുൻപ്, രൂപ കൽപ്പന ചെയ്യപ്പെട്ട് 1984-ൽ വിൽപ്പനക്കെത്തിയ മൊബൈൽ ഫോൺ എന്ന വിപ്ലവകരമായ ഉപകരണവും സാങ്കേതികതയും ഇന്ത്യയിൽ എത്തിയത് 1995-ൽ മാത്രമാണ്. പിന്നെയും ഒരു വർഷ കഴിഞ്ഞാണ് അത് കേരളത്തിൽ എത്തിയത്... ആ കഥ വായിക്കാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക... 


വിവരങ്ങൾക്ക് കടപ്പാട് : ബിബിസി ന്യൂസ്