ഞാൻ വെറും പോഴൻ

Saturday 18 May 2019

അത്ര സുഖകരമല്ലാത്ത ചില സ്പർശനങ്ങൾ !!!

1999-ൽ കോഴിക്കോട് സര്‍വകലാശാല ജീവനക്കാരി പി ഇ ഉഷ, താൻ ബസിൽ വച്ച് പീഡനത്തിനിരയായി എന്ന് വിളിച്ചു പറഞ്ഞതാണ് പൊതുസ്ഥലങ്ങളിലെ പീഡനത്തെപ്പറ്റി കേരളത്തിൽ ഒരു സ്ത്രീ ഉറക്കെ വിളിച്ചു പറഞ്ഞ ആദ്യ സംഭവം. ആ വിളിച്ചു പറയലിൽ നിന്ന് ഊർജ്ജം ഉൾക്കൊണ്ട് പിന്നെ പലരും ഇത്തരം അനുഭവം വെളിച്ചത്തു കൊണ്ടുവരാൻ തയ്യാറായി. 

ഒരു അവാര്‍ഡ് ദാന ചടങ്ങിനിടെ ആള്‍ക്കൂട്ടത്തിനിടയില്‍ നിന്ന് ഒരു പതിനഞ്ചു വയസുകാരന്‍ തന്റെ നേരെ നടത്തിയ ലൈംഗിക അതിക്രമം തുറന്നു പറഞ്ഞത് മുൻ വിശ്വസുന്ദരിയും ബോളിവുഡ് താരവുമായ സുഷ്മിത സെൻ ആണ്. ആളെ കയ്യോടെ പിടി കൂടി; ആദ്യമൊക്കെ അവന്‍ കുറ്റം നിഷേധിച്ചെങ്കിലും ഒടുവില്‍ സമ്മതിച്ച് മാപ്പ് പറഞ്ഞു എന്നും കുട്ടിയുടെ ഭാവിയെ ഓര്‍ത്തും പതിനഞ്ച് വയസ്സെന്നത് ഇത്തരം കാര്യങ്ങള്‍ ഒരു കുറ്റകൃത്യമാണെന്ന് തിരിച്ചറിയാനുള്ള പ്രായമല്ലാത്തതിതിനാലും താന്‍ അവനെതിരെ നിയമനടപടികളൊന്നും സ്വീകരിച്ചില്ലെന്നും സുഷ്മിത കൂട്ടിച്ചേര്‍ത്തു. ബോഡി ഗാര്‍ഡുമാരുടെ അകമ്പടിയിൽ നടക്കുന്ന താരങ്ങൾക്ക് പോലും ഇത്തരം കയ്യേറ്റങ്ങളിൽ നിന്ന് രക്ഷപെടാനാവുന്നില്ല. 

തീയേറ്ററുകളിൽ സി സി ടി വി ഇല്ലാത്ത എൺപതുകളുടെ ആദ്യകാലത്ത് കോളേജിൽ നിന്ന് മാറ്റിനി കാണാൻ പോയപ്പോൾ തനിക്കും കൂട്ടുകാരികൾക്കും നേർക്കുണ്ടായ ശാരീരിക കടന്നു കയറ്റങ്ങൾ വിളിച്ചു പറഞ്ഞത് എഴുത്തുകാരിയും അധ്യാപികയുമായ ശാരദക്കുട്ടിയാണ്. സിനിമ തുടങ്ങി കുറച്ചു കഴിഞ്ഞപ്പോൾ ചെറിയ തോണ്ടലുകൾ, കുത്തലുകൾ ഒക്കെയായി തുടങ്ങിയ അതിക്രമങ്ങൾ പരമ്പരാഗത ആയുധങ്ങളായ സേഫ്റ്റി പിൻ, ബ്ലേഡ് ഒക്കെക്കൊണ്ട് പ്രതിരോധിച്ചെങ്കിലും അതിക്രമങ്ങൾക്ക് ശമനമുണ്ടായില്ല. പിന്നെയത് പിന്നിലൂടെയും വശങ്ങളിലൂടെയും ഉള്ള പരതൽ ആയി പരിണമിച്ചപ്പോൾ തിയ്യറ്റർ മാനേജറുടെ ഓഫീസിൽ ചെന്ന് പരാതിപ്പെട്ടു. തിയ്യറ്റർ അധികൃതർ ഉടനെ വന്ന് ശല്യക്കാരെ താക്കീത് ചെയ്തതല്ലാതെ ഇറക്കി വിട്ടു പോലുമില്ല എന്നവർ പറയുന്നു. 

തൃശൂർ പൂരത്തിന്‌ പോയ മൂന്നു പെണ്‍കുട്ടികള്‍ക്ക്‌ പൂരപ്പറമ്പില്‍ നിന്ന്‌ നേരിട്ട മോശം അനുഭവത്തെക്കുറിച്ച്‌ അവരിലൊരാളായ അക്ഷയ ദാമോദരന്‍ എഴുതിയ കുറിപ്പ് സോഷ്യൽ മീഡിയ വൈറലാണ്. പുരുഷാരം ഭൂരിഭാഗവും പുരുഷന്മാര്‍ തന്നെയായിരുന്നു. ഉന്തിനും തള്ളിനും ഇടയില്‍ ഏറ്റവും മുന്നില്‍ നിന്ന്‌ തന്നെ വെടിക്കെട്ട്‌ കാണാന്‍ തങ്ങള്‍ തീരുമാനിച്ചു. ഇതിനിടയിലാണ്‌ പൂരത്തെക്കാള്‍ പ്രേമം സ്‌പര്‍ശനസുഖത്തില്‍ കണ്ടെത്തുന്ന ചിലരെ കണ്ടത്‌. അഞ്ച്‌ തവണ പലരില്‍ നിന്നായി മോശം അനുഭവം ഉണ്ടായെന്നും അക്ഷയ ദാമോദരന്‍ പറയുന്നു.

അടുത്തയിടെ Hasna Shahitha Gypsi എന്ന യുവതി, തൃശൂർ പൂരത്തിനും ഉത്രാളിക്കാവ് ഉത്സവത്തിനും പോയപ്പോൾ ഉണ്ടായ ശാരീരിക കടന്നുകയറ്റങ്ങളുടെ അനുഭവ പശ്ചാത്തലത്തിൽ എഴുതിയ ഒരു കുറിപ്പ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. വൈറൽ എന്നതിനേക്കാൾ ആ സ്ത്രീയുടെയും അവരോട് അനുഭാവം പ്രകടിപ്പുന്നവരുടെയും ഫേസ്‌ബുക്ക് ടൈംലൈനുകളിൽ തെറിയുടെയും അശ്‌ളീലകമന്റുകളുടെയും പൂരവെടിക്കെട്ട് ആയിരുന്നു നടന്നത്. ഒരു പക്ഷെ,  ആ കുറിപ്പിൽ, അവർ ഉപയോഗിച്ച "തൃശൂർ പൂരം" "ഉത്രാളിക്കാവ് ക്ഷേത്രോത്സവം" എന്ന വാക്കുകളും എഴുതിയ ആളുടെ മുസ്ലിം പേരും ആവണം അതിനെ ഇത്രയ്ക്ക് സെൻസേഷണൽ ആക്കിയത്. ആ കുറിപ്പിൽ നിന്ന് പൂരവിശഷണങ്ങൾ ഒഴിവാക്കി തൃശൂർ പൂരമെന്ന വാക്ക് ആൾക്കൂട്ടം എന്ന് റീ പ്ളേസ് ചെയ്താൽ യാഥാർഥ്യബോധത്തോടെ ഈ സമൂഹത്തെ നിരീക്ഷിച്ചു ജീവിക്കുന്ന ഒരാൾക്ക് നിഷേധിക്കാനാവാത്ത യാഥാർഥ്യങ്ങൾ തന്നെ ആയിരുന്നു അവർ
കുറിച്ചത്. ആൾക്കൂട്ടത്തിലെ ലൈംഗിക കടന്നുകയറ്റം എന്ന ജനറലൈസേഷനിലോ പൂരം, ഉത്സവം, പള്ളിപ്പെരുന്നാൾ, ചന്ദനക്കുടം, സമ്മേളനം ഇതൊക്കെ ചേർത്ത് ഒരു ബാലൻസിങ് ലൈനിലോ എഴുതിയിരുന്നെങ്കിൽ ആ കുറിപ്പ് വലിയ എതിർപ്പില്ലാതെ സ്വീകരിക്കപ്പെടുമായിരുന്നു. പക്ഷെ, എങ്ങനെ എഴുതണം, എന്തെഴുതണം എന്നത് എഴുതുന്നയാളിന്റെ 101% സ്വാതന്ത്ര്യത്തിന് വിട്ടു കൊടുക്കേണ്ട കാര്യമാണ്. മതമൗലിക വാദികളുടെ ആക്രോശങ്ങൾ വിട്ടു കളഞ്ഞാൽ, ആ കുറിപ്പിലെ പ്രതിപാദ്യ വിഷയം അതീവ പ്രാധാന്യത്തോടെ ചർച്ച ചെയ്യേണ്ട ഒന്നാണ്. ഒരു നൂറ്റാണ്ട് കഴിഞ്ഞാലും ഇവിടെ മാറ്റം വരാൻ സാധ്യതയില്ലാത്ത സാമൂഹ്യതിന്മയെപറ്റിയാണ് ആ കുറിപ്പ് വിളിച്ചു പറഞ്ഞത്. 

പ്രസ്തുത വിഷയത്തിൽ ഒരു കുറിപ്പ് ഈയുള്ളവനും ഫേസ്‌ബുക്കിൽ ഇട്ടിരുന്നു. അതിൽ തെറി വിളി ഒന്നും  ഉണ്ടായില്ലെങ്കിലും, പലരും രൂക്ഷമായി തന്നെയാണ് പ്രതികരിച്ചത്. പ്രതികരണങ്ങൾ കൂടുതലും, പാട്രിയാർക്കിയുടെ അപ്പോസ്തലന്മാരുടെയും സ്ത്രീകളെ സദാചാരവസ്ത്രം ധരിപ്പിക്കാൻ പ്രതിജ്ഞാബദ്ധരായവരുടെയും ഭാഗത്ത് നിന്നായിരുന്നു. അപ്പോഴാണ് മെസ്സേജ് ഇൻബോക്സിൽ എന്റെ ഒരു കൂട്ടുകാരി ഈ "തട്ട് മുട്ട് തപ്പൽ" കലാപരിപാടിയെപ്പറ്റി ഒരു ബ്ലോഗ് പോസ്റ്റ് എഴുതിക്കൂടേ എന്ന് ചോദിച്ചത്. എന്നാൽ ഒരു കൈ നോക്കിയേക്കാം എന്ന് കരുതി. ഒരു യാത്രക്കുള്ള ഒരുക്കത്തിലായതു കൊണ്ട്‌ തട്ടിക്കൂട്ടിയുള്ള ഈ എഴുത്തിൽ ഒരു അടുക്കും ചിട്ടയും ഈ പോസ്റ്റിൽ ഉണ്ടാകില്ലെന്ന് മുൻ‌കൂർ ജാമ്യമെടുക്കുന്നു.    

തൃശൂർ പൂരമെന്നില്ല... പള്ളിപ്പെരുന്നാളോ ചന്ദനക്കുടമോ എന്നില്ല; ചെറുതോ വലുതോ ആയ ഏത് ആൾക്കൂട്ടത്തിന് നടുവിലും ഒരു സ്ത്രീ വന്ന് പെട്ടാൽ..... അത് ബാലികയോ കുമാരിയോ യുവതിയോ മധ്യവയസ്‌കയോ വൃദ്ധയോ ഏത് പ്രായക്കാരിയും ആയിക്കോട്ടെ... അവളുടെ അവസ്ഥ അത്ര സുരക്ഷിതമായ ഒന്നാണോ എന്നറിയാൻ വലിയ റിസേർച്ച് ഒന്നും ചെയ്യണ്ട; സ്വന്തം വീട്ടിലും പരിചയത്തിലും ഉള്ള സ്ത്രീകളോട് മാത്രം ഒന്ന് ചോദിച്ചാൽ മതി. നൂറ് കണക്കിന് കഥകളുണ്ടാകും പറയാൻ. തപ്പൽ, ജാക്കി, ഞെക്ക്, പീച്ച്, എർത്തിങ് തുടങ്ങിയ "സാങ്കേതിക"നാമങ്ങളിൽ അറിയപ്പെടുന്ന ശാരീരികകടന്നു കയറ്റങ്ങൾക്ക് ഒരിക്കലെങ്കിലും ഇരയാകാത്ത ഒരു പെണ്ണും ഈ നാട്ടിൽ ഉണ്ടാവാൻ ഇടയില്ല. നമ്മു­ടെ­ നാട്ടി ലെ­ ബസ്സു­കളി­ലും തീ­വണ്ടി­കളി­ലും ഇത് ഒട്ടും അസാധാരണ അനുഭവമല്ലെന്ന് കണ്ണ് തുറന്ന് ജീവിക്കുന്ന ഏതൊരാൾക്കും എളുപ്പത്തിൽ മനസിലാവും. പൊതുസ്ഥലത്തും ബസിലും ട്രെയിനിലും ഇത്തരം അതിക്രമങ്ങൾക്കിരയാകുന്നത് സ്ത്രീകൾ മാത്രമല്ല എന്ന സത്യം ചർച്ച ചെയ്യപ്പെടാതെ അവശേഷിക്കുന്നു; അത്തരം സന്ദർഭങ്ങളിൽ പൊതുവെ ഇരകളും പ്രതികളും പുരുഷന്മാർ ആണെന്നതാണ് യാഥാർഥ്യം.

എന്തിനാണ്, വലിയ ആൾക്കൂട്ടം !!???. പണി നന്നായി അറിയാവുന്നവർക്ക് ആൾക്കൂട്ടം ഉണ്ടാക്കാൻ വലിയ ബുദ്ധിമുട്ടൊന്നും ഉണ്ടാവില്ല. ശരീരത്തിന്റെ 75% വും സീറ്റിന് പുറത്തേക്കിട്ട് ഇടുങ്ങിയ വഴിയിൽ കൂടി നടക്കുന്ന ക്യാബിൻ ക്രൂസിനെ തട്ടുകയും മുട്ടുകയും ചെയ്യുന്ന ചില മലയാളി വിമാനയാത്രക്കാരെപ്പറ്റി ഉമ്മർ ഫറൂക്കിഎന്നൊരാൾ സോഷ്യൽ മീഡിയയിൽ എഴുതിയ കുറിപ്പ് വായിച്ചതോർക്കുന്നു. തട്ടാനും മുട്ടാനും വേണ്ടി ഒരൊറ്റ വ്യക്തി സൃഷ്ടിച്ചെടുക്കുന്ന "തിക്കിന്റെയും തിരക്കി"ന്റെയും സാധ്യതയാണ് അയാൾ പറഞ്ഞു വച്ചത്. നമ്മുടെ സ്ത്രീകൾ തിരക്കുള്ള ഇടങ്ങൾ പരമാവധി ഒഴിവാക്കുന്നതിന്റെ പിന്നിൽ ഈ കടന്നുകയറ്റങ്ങൾ ആണ് എന്ന് നിസ്സംശയം പറയാം. കത്തോലിക്കർ വിശുദ്ധനായി വണങ്ങുന്ന St. അഗസ്റ്റിന്റെ ജീവചരിത്രത്തിൽ പീറ്റർ ബ്രൗൺ പറയുന്ന ഒരു പുകഴ്ച്ച ഇപ്രകാരമാണ്; "അവൻ പെരുന്നാളുകൾക്കു പോകുമായിരുന്നെങ്കിലും, മര്യാദക്കാരനായിരുന്നു". അഞ്ചാം നൂറ്റാണ്ടിലെ റോമൻ ഉത്തരാഫ്രിക്കയിലെ ഒരു ശവകുടീരത്തിൽ നിന്നാണ് ഇത് കണ്ടെത്തിയത്. ഇതിൽ നിന്ന് തന്നെ ഈ പരിപാടി ഇന്നും ഇന്നലെയും തുടങ്ങിയതല്ലെന്നും വേണം മനസിലാക്കാൻ !.

വിമാനയാത്രക്കിടയിൽ കൈകുസൃതി കാണിച്ചതിന് ഒരു മന്ത്രി പുലിവാല് പിടിച്ച നാടാണ് നമ്മുടേതെന്ന് കൂടി ഓർക്കണം. നമ്മുടെ നിയമസഭയിൽ "വിഖ്യാത ലഡ്ഡു ബജറ്റി"നിടയിൽ ഇടത് വനിതാസാമാജികരെയും കൊല്ലത്തെ വള്ളംകളി മത്സരവേദിയില്‍ വെച്ച് നടി ശ്വേതാമേനോനെയും തൊട്ട് നോക്കി എന്ന ആരോപണത്തിൽ നമ്മുടെ നേതാക്കന്മാർ പിടിച്ച പുകിലുകൾ ഓർക്കുന്നില്ലേ !!??? ഒരു പാർട്ടിക്കിടയിൽ ഐ പി എസുകാരിയുടെ നിതംബത്തിൽ ചുമ്മാ ഒന്ന് തടവി നോക്കിയെന്ന് ആരോപണം നേരിട്ട പഞ്ചാബ് സംസ്ഥാന പോലീസ് മേധാവിയെ മറന്നോ നമ്മൾ ? കഴിഞ്ഞ  ദിവസം, ഒരു വനിതാ മാധ്യമപ്രവർത്തകയുടെ കവിളിൽ തലോടി നോക്കി പണി വാങ്ങിയത് ഒരു സംസ്ഥാനത്തിന്റെ ഗവർണ്ണർ ആയിരുന്നു.  

പഞ്ചേന്ദ്രിയങ്ങൾ സമ്മാനിക്കുന്ന അനുഭവങ്ങളിൽ ഏറ്റവും തീവ്രം ത്വക്ക് നൽകുന്ന സ്പർശനം എന്ന അനുഭവമാണെന്ന് എവിടെയോ വായിച്ചിട്ടുണ്ട്. മനസിന് ആനന്ദം നൽ­കു­ന്ന ഒരു­ സ്പർ­ശനം ആഗ്രഹി­ക്കാത്തവരാ­യി­ ആരാണുള്ളത് ? ടച്ച് ടെക്നോളജി വിസ്ഫോടനത്തിന്റെ കാലത്ത് ജീവിക്കുന്ന ആരാണിവിടെ തോണ്ടാത്തത്. രാവിലെ ഉണരുന്നത് മുതൽ ഉറങ്ങുന്നത് വരെ എണ്ണമറ്റ തോണ്ടലുകൾ നടത്തുന്നവരാണ് നമ്മൾ. പക്ഷെ, തോണ്ടലും ഉരുമ്മലും ടച്ചിങ്ങും തലോടലും അനുവാദമില്ലാതെ മറ്റൊരു വ്യക്തിയുടെ ശരീരത്തിലാവുമ്പോൾ അത് ക്രൈം ആകും എന്ന തിരിച്ചറിവ് ഉണ്ടാകണം. ഉണ്ടായില്ലെങ്കിൽ ധനനഷ്ടം, മാനഹാനി ഒക്കെ ഉണ്ടാകാൻ സാധ്യതയുണ്ട്. തൊടുന്നവർക്ക് സുഖം പകർന്നേക്കാമെങ്കിലും തൊടൽ ഏൽക്കുന്നവർക്ക് അത് പൊള്ളലും വേദനയും നീറ്റലും അറപ്പും വെറുപ്പും ഒക്കെയായി അവശേഷിക്കും.

ആധുനിക 'ഡെവലപ്മെന്റല്‍ സൈക്കോളജി' പറയുന്നത് അച്ഛനുമമ്മയും മതിവരുവോളം നല്ല സ്പര്‍ശനം കൊടുത്ത് കുട്ടിയെ വളര്‍ത്തിയാല്‍ കുട്ടി സ്മാര്‍ട്ടാകും എന്നാണ്. സ്വാഭാവികമായും കിട്ടേണ്ട പ്രായത്തില്‍ കിട്ടേണ്ടത്ര അളവിൽ സ്പർശനം കിട്ടാത്തവര്‍ എവിടെ നിന്നെങ്കിലും ആ കുറവ് അത് കോമ്പൻസേറ്റ് ചെയ്യാൻ ശ്രമിക്കും. അങ്ങനെയുള്ളവരാണ് ആള്‍ക്കൂട്ടത്തിനിടയിലും ബസിലും ഒക്കെ സ്പര്‍ശന സുഖം തേടുന്നതത്രെ. മനസ്സില്‍ സ്പര്‍ശനസുഖത്തിന്റെ ഗൂഢ ഉദ്ദേശ്യത്തിലാണ് ഒരാളുടെ ഫോക്കസ് എങ്കില്‍ എവിടെപ്പോയാലും 'തക്കം കിട്ടിയാല്‍' അയാളുടെ ശരീരം സ്പര്‍ശനസുഖാനുഭവത്തിന് ശ്രമിച്ചെന്ന് വരും. അത്തരം ഞരമ്പു രോഗികൾ, പ്രോത്സാഹനഭാവത്തിൽ ഹസ്തദാനം കൊടുക്കുമ്പോഴും കരുണാഭാവത്തിൽ രോഗിയെ ആശ്വസിപ്പിക്കുമ്പോഴും കരുതൽഭാവത്തിൽ അനാഥരെ ആശ്ലേഷിക്കുമ്പോഴും അതിനിടയിൽ ഒരു ഉദ്ധിതലിംഗം തിരുകി നിർത്തും !!!

വാൽക്കഷണം : 

സാധാരണ ഈ വക ഞരമ്പു രോഗ വിക്രിയകൾ കണ്ടാൽ പുരുഷന്മാർ ആദ്യമേ പ്രതികരിക്കാത്തതിന് കാരണമുണ്ട്; പ്രതികരിച്ച് ഒരു ബഹളമുണ്ടായാൽ ഇരയായ സ്ത്രീ അനുകൂലമായി നിന്നില്ലെങ്കിൽ പ്രതികരിക്കാൻ പോയവൻ പെടാം.... മാത്രവുമല്ല, ഇരയ്ക്ക് പരാതിയില്ലല്ലോ; പിന്നെ കണ്ടു നിൽക്കുന്ന ചേട്ടനെന്താ പ്രശ്നം എന്ന ചോദ്യവും നേരിടേണ്ടി വന്നേക്കാം. ഇനി പ്രതികരിക്കാനുറച്ച്, എന്തെങ്കിലും ചെയ്‌താൽ അതൊരു Mob Lynching ആയി മാറാനുള്ള നല്ല സാധ്യതയുണ്ട്. അതിനിടക്ക് നമ്മുടെ പരാക്രമിയ്ക്ക് എന്തെങ്കിലും പറ്റിയാൽ പ്രതികരിച്ചവൻ അകത്താവും.. ഈ സന്ദർഭങ്ങളെല്ലാം പല വട്ടം നേരിട്ട് കണ്ടിട്ടുള്ളതാണ്.

സഹോദരിമാരോട് ഒരു വാക്ക്..... വളരെ വിദഗ്ദ്ധമായ മാനസികരോഗ ചികിത്സ കൊണ്ടേ സ്പർശകാമത്തിന്റെ അസുഖം മാറ്റാനാവൂ. പക്ഷെ ഒരു കാര്യമുണ്ട്; ഈ ഞരമ്പുരോഗികൾ അത്ര ധൈര്യശാലികൾ ഒന്നുമല്ല; കടുപ്പിച്ചൊരു നോട്ടം; ഇരുത്തി ഒരു മൂളൽ; നല്ലൊരു ആട്ട്...ഇത് കൊണ്ടൊന്നും ആള് പിൻവലിയില്ല എന്ന് കണ്ടാൽ കരണം പുകച്ച് ഒരടി... ഇത്രയുമൊക്കെയേ വേണ്ടൂ... ഇവന്മാരെ തൽക്കാലത്തേക്ക് നിലക്ക് നിർത്താൻ...

തിരക്കുള്ള ബസ് യാത്രക്കിടെ പിന്നിൽ നിന്ന് സപ്പോർട്ട് കൊടുക്കാൻ ചെല്ലുന്ന ജാക്കിച്ചായന്മാരുടെ പരാക്രമത്തിന് നേരെ 25 CC സിറിഞ്ചിന്റെ സൂചി പ്രയോഗിച്ചിരുന്ന ഒരു കൂട്ടുകാരി എനിക്കുണ്ടായിരുന്നു. ടച്ചിങ്‌സ് പണിയോട് സഹകരിക്കുന്നു എന്ന തോന്നൽ ഉണ്ടാക്കിയ ശേഷം പ്രസക്ത ഭാഗങ്ങളിൽ കുത്തിവയ്പ്പ് സൂചി നിഷ്കരുണം തറച്ചു കയറ്റലായിരുന്നു കക്ഷിയുടെ മോഡസ് ഓപ്പറാണ്ടി. അപരനെ ബഹുമാനിക്കാൻ പഠിക്കാത്തവരുടെ ലോകത്ത്, കൃത്രിമമായി സൃഷ്ടിക്കപ്പെടുന്ന തിരക്കുകളിൽ കൃത്യതയോടെ കൈകൾ ലക്ഷ്യത്തിലെത്തിക്കാൻ വൈഭവമുള്ളവർക്കിടയിൽ, കുത്തിവയ്പ്പ് സൂചിയും സേഫ്റ്റി പിന്നും കൂർപ്പിച്ച നഖവും ഒക്കെത്തന്നെ ശരണം...

ഒരു നല്ല ബസ് കണ്ടക്റ്ററെപ്പറ്റി ആരോ എഴുതിയ ഒരു കുറിപ്പ് വായിച്ചത് കൂടി ഓർക്കുന്നു. അങ്ങേര്‌ കണ്ടക്റ്റ് ചെയ്യുന്ന ബസ്സില്‍ ഒരാള് പോലും ജാക്കിപ്പണിക്ക് പോകില്ല.... ആരെങ്കിലും സ്ത്രീകളെ മുട്ടി നിൽക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ അങ്ങേര് ഉറക്കെ വിളിച്ചു പറയും.... "മുട്ടിയവര്‍ മുട്ടിയവര്‍ പിന്നിലോട്ട് മാറി നില്‍ക്ക്... ഇനിയും മുട്ടാത്തവർക്ക് ഒരവസരം കൊടുക്ക്..." അത് പോലെ ചില സമയങ്ങളിൽ അങ്ങേരുടെ ഡയലോഗ് ഇങ്ങനെയായിരിക്കും "ചേട്ടാ ഈ വണ്ടിയുടെ പുറകുവശവും എറണാകുളത്തേക്ക് തന്നെയാ പോകുന്നത്; പിന്നിലോട്ടിറങ്ങി നിക്ക്..." ഇത് കേട്ടാല്‍ എന്തെങ്കിലും ദുരുദ്ദേശവുമായി നിൽക്കുന്നവർ പോലും മാന്യമായ അകലം പാലിക്കാൻ നിർബന്ധിതർ ആകും. അദ്ദേഹത്തിന്റെ ബസ്സില്‍ എപ്പോഴും സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും ഇടയില്‍ ഒരു ഒപ്റ്റിമം ഗ്യാപ്പ് ഉണ്ടാകുമായിരുന്നത്രെ....!!!

ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക



അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക