ശ്രീദേവി.എസ്. കര്‍ത്തയുടെ സങ്കടം
ഞങ്ങള്‍ക്കു പറയാനുള്ളത് - (CURRENT BOOKS THRISSUR)
എ.പി.ജെ. അബ്ദുള്‍ കലാമും അരുണ്‍ തിവാരിയും ചേര്‍ന്നെഴുതിയ കാലാതീതം എന്ന പുസ്തകം മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തത് ശ്രീദേവി.എസ്. കര്‍ത്തയാണ്. ഇന്നായിരുന്നു പുസ്തകപ്രകാശനചടങ്ങ്. ഒരു മണിക്കൂര്‍ മാത്രം ദൈര്‍ഘ്യമുള്ള പ്രസ്തുത പരിപാടിയില്‍ കൂടുതല്‍ പേരെ പങ്കെടുപ്പിച്ചാല്‍ 1 മണിക്ക് സാഹിത്യ അക്കാദമി ഹാള്‍ ഒഴിഞ്ഞുകൊടുക്കാന്‍ പറ്റാതെ വരും. അതുകൊണ്ടാണ് പല പ്രമുഖരേയും ഒഴിവാക്കിയ കൂട്ടത്തില്‍ ശ്രീദേവിയേയും ഒഴിവാക്കേണ്ടി വന്നത്. ശ്രീദേവിയുടെ എഫ്. ബി. പോസ്റ്റ് ഒരു വൈറലായി മാറിയപ്പോള്‍ ആ വികാരം ഉള്‍ക്കൊണ്ട് സ്വാമിമാരെ ഒഴിവാക്കി. എം.ടി പ്രകാശനം ചെയ്യുകയും സാറാ ജോസഫ് ഏറ്റുവാങ്ങുകയും ചെയ്യുന്ന രീതിയില്‍ പ്രോഗ്രാം മാറ്റുകയും അത് മാധ്യമങ്ങളെ അറിയിക്കുകയും ചെയ്തിരുന്നു. പുസ്തകപ്രസാധന രംഗത്ത് വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചുവരുന്ന കറന്റ് ബുക്സ് യാതൊരു വിധ സ്ത്രീ വിരുദ്ധ നിലപാടും ഇന്നേവരെ സ്വീകരിച്ചിട്ടില്ല. ഇനിയും അങ്ങനെ തന്നെയായിരിക്കുകയും ചെയ്യും.
വിവർത്തക ശ്രീദേവിയുടെ ഫേസ്ബുക്ക് പോസ്റ്റ് അനുസരിച്ച്, ശ്രീദേവിയെ കറന്റ് ബുക്സ് ചടങ്ങിൽ നിന്ന് വിലക്കാൻ കാരണം പ്രമുഖ സ്വാമിജിയുടെ ആശ്രമത്തിന്റെ വിചിത്രമായ ചില നിബന്ധനകൾ ആണ്.
1.ആശ്രമത്തിന്റെ പ്രതിനിധിയായി വരുന്ന സ്വാമിജി ഇരിക്കുന്ന വേദിയിൽ സ്ത്രീകൾ ഇരിക്കാൻ പാടില്ല .
2, അദ്ദേഹം വേദിയിൽ ഇരിക്കുമ്പോൾ മുന്‍പിലുള്ള 3 വരി സീറ്റുകൾ ശൂന്യമായി ഇടണം അവിടെ അദ്ദേഹത്തിന്റെ പുരുഷ അനുയായി വൃന്ദത്തിന് മാത്രമേ ഇരിക്കാൻ അനുവാദമുള്ളു.
സ്ത്രീ സഹവാസം പോയിട്ട് ദൂരെ നിന്നുള്ള സ്ത്രീ ദർശനം പോലും ഒഴിവാക്കുന്ന സന്യാസിമാരാണ് സ്വാമി നാരായൺ മിഷനിലെ സന്യാസികളെന്നാണ് വായിച്ചറിഞ്ഞിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ ഇന്റർനെറ്റിൽ തന്നെ യഥേഷ്ടം ലഭ്യമാണ്. ഈ സ്വാമിയും അദ്ദേഹത്തിൻറെ ട്രസ്റ്റും സ്ത്രീകളുമായുള്ള ഇടപഴകലുകളുടെ കാര്യത്തിൽ കാലങ്ങളായി നില നിർത്തിപ്പോരുന്ന രീതിയാണ് മേൽപ്പറഞ്ഞത്. ഇതിലും മോശമായ സ്ത്രീ വിരുദ്ധ നിലപാടുകൾ പുലർത്തുന്ന വിവിധ മത സാമുദായിക ഗ്രൂപ്പുകൾ വേറെയും ഇന്ത്യയിൽ ഉണ്ട്. സാക്ഷാൽ ശ്രീ നാരായണഗുരു പോലും സ്ത്രീകളുടെ കാര്യത്തിൽ അത്ര ലിബറൽ ആയിരുന്നില്ല എന്ന് ഗുരുദേവന്റെ ശിവശതകത്തിലെ ഈ വരികൾ വായിച്ചാൽ മനസിലാകും.
"മിഴിമുനകൊണ്ടു മയക്കി നാഭിയാകും
കുഴിയിലുരുട്ടി മറിപ്പതിന്നൊരുങ്ങി
കിഴിയുമെടുത്തു വരുന്ന മങ്കമാർ തൻ
വഴികളിലിട്ടു വലയ്ക്കൊലാ മഹേശാ!"
"തലമുടി കോതി മിടഞ്ഞു തക്കയിട്ട-
ക്കൊലമദയാന കുലുങ്ങി വന്നു കൊമ്പും
തലയുമുയർത്തി വിയത്തിൽ നോക്കിനില്ക്കും
മുലകളുമെന്നെ വലയ്ക്കൊലാ മഹേശാ!"
അത്യാവശ്യം സ്ത്രീ വിരുദ്ധതയൊക്കെ ഏറിയും കുറഞ്ഞും എല്ലാ മതങ്ങളുടെയും ആചാര്യന്മാർക്കുണ്ടെന്നത് ഒരു സത്യമാണ്. ഇന്നലെ വരെ ഒരു സ്വാമിമാരുടെയും സ്ത്രീ വിരുദ്ധത പ്രശ്നമാകാതിരുന്നവർക്ക് ഇപ്പോൾ അത് ഒരു പ്രശ്നമായതെന്ന് എത്ര ആലോചിച്ചിട്ടും പിടി കിട്ടുന്നില്ല. തങ്ങളുടെ പ്രഖ്യാപിത ജീവിതശൈലിക്കനുസരിച്ചു മാത്രമേ പ്രവർത്തിക്കൂ എന്ന് ശഠിച്ച സ്വാമിയേയും അവരുടെ സന്യാസ ട്രസ്റ്റിനേയും എന്തിനാണ് പ്രതിക്കൂട്ടിൽ നിർത്തുന്നത് എന്ന് മനസ്സിലാകുന്നില്ല. സംഭവം വിവാദം ആകുമെന്ന് മനസിലായപ്പോൾ സ്വാമി പരിപാടിയിൽ നിന്ന് വിട്ടു നില്‍ക്കുകയും ചെയ്തു.
ഇവിടെ ഈ പുസ്തക വിവർത്തനത്തിന് വേണ്ടി അദ്ധ്വാനിച്ച ആളെ പ്രകാശനച്ചടങ്ങിൽ നിന്ന് ഒഴിവാക്കിയ നികൃഷ്ടതയോട് അവർക്ക് തോന്നുന്ന സങ്കടവും രോഷവും സഹൃദയർക്ക് തോന്നുന്ന അമർഷവും എല്ലാം മനസിലാകാവുന്നതെ ഉള്ളൂ. ഈ സംഭവത്തിലെ യഥാർത്ഥ പ്രതി കറന്റ് ബുക്സ് മാത്രമാണ്. ഈ പ്രത്യേക വിഭാഗത്തിലെ സ്വാമിമാരെ ചടങ്ങിനു വിളിച്ചാൽ, വിശിഷ്ടാതിഥികളുടെ ഇഷ്ടത്തിനനുസരിച്ച് ചടങ്ങ് നടത്തേണ്ടി വരും എന്നത് കറന്റ് ബുക്സിനെ പോലെ ഉള്ള, വൻ പ്രസാധക സ്ഥാപനത്തിന് അറിയാത്തതാണോ ? ഒരു പുസ്തകം പ്രസാധനം ചെയ്യുമ്പോൾ ആ ചടങ്ങിൽ പങ്കെടുക്കാൻ മറ്റാരെക്കാളും മുൻഗണന അതിനു വേണ്ടി അദ്ധ്വാനിച്ച രചയിതാവിനുണ്ടെന്ന് കറന്റ് ബുക്സിനെ ആരെങ്കിലും പറഞ്ഞു മനസിലാക്കിക്കേണ്ടതുണ്ടോ ? കാര്യം ലളിതമാണ്...എഴുത്തുമായി ബന്ധപ്പെട്ട പണികൾ കഴിഞ്ഞു. ഇനി എങ്ങനെയും പബ്ലിസിറ്റി ഉണ്ടാക്കി മാക്സിമം കോപ്പികൾ വിറ്റഴിക്കണം...അതിനിടയിൽ എന്ത് മര്യാദ ? എന്ത് കൃതജ്ഞത ? വിവർത്തനം മഹാശ്ചര്യം !!! നമുക്കും കിട്ടണം പണം !!!.... മനസാക്ഷിയോട് കൂറുള്ളവർ തെറി വിളിക്കേണ്ടത് കറന്റ് ബുക്സിനെ മാത്രമാണ്.
കറന്റ് ബുക്സ് അധികൃതർ സമയം കിട്ടുമ്പോൾ ഈ ക്ലിപ്പ് വെറുതെ ഒന്ന് കാണുന്നത് നന്നായിരിക്കും....
<<26.09.2015, Aluva>>
ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്ബുക്ക് പേജ് ലൈക് ചെയ്യുക
അല്ലെങ്കില്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക