ഞാൻ വെറും പോഴൻ

Monday, 13 April 2026

ശവം തൂക്ക് (കവിത)


വീടെവിടെ മക്കളേ ⁉️ വീടെവിടെ മക്കളേ ⁉️

ദുരന്തത്തിന്നിരകളിൽ നിങ്ങളെ നമ്പിയോർക്കുള്ള 

നിങ്ങൾ തൻ വാഗ്ദത്ത  വീടുകളെവിടെ മക്കളേ⁉️

വാഗ്ദത്ത വീടുകൾ പണിയാൻ സ്ഥലമെവിടെ മക്കളെ ⁉️

പണിയേണ്ട വീടിന്റെ പ്ലാനെവിടെ മക്കളെ ⁉️

തദ്ദേശ ഭരണ കൂടത്തിന്നനുമതിയെവിടെ മക്കളെ ⁉️

അനുമതിക്കായ് കൊടുത്തോരപേക്ഷയെവിടെ മക്കളെ ⁉️

ആ ഗതികെട്ടവർ കിനാവു കണ്ട കൂര പണിയാനാദ്യ കല്ലിട്ട  കൈകളെവിടെ മക്കളേ ⁉️

പൊന്നാങ്ങളേം പെങ്ങളും ചേർന്ന് സ്ഥാപിച്ച മഹത്തായ കല്ലെവിടെ മക്കളെ ⁉️

വയനാട്ടിലെ ജഡ ശരീരങ്ങൾ കാട്ടി പിരിച്ചെടുത്തെ പണമെവിടെ മക്കളെ ⁉️

സംഭാവനപ്പണം ചെന്നു നിറയേണ്ട ബാങ്കക്കൗണ്ടുകളെവിടെ മക്കളെ ⁉️

പണം പിരിക്കാനൊരുക്കിയ ആപ്പെവിടെ മക്കളെ ⁉️

ഫണ്ടെവിടെ മക്കളേ ⁉️ പിരിച്ചെടുത്ത ഫണ്ടിന്റെ കണക്കെവിടെ മക്കളേ ⁉️

പിരിവുപണം മുഴവനും പൊയ്പ്പോയ വഴിയെവിടെ മക്കളേ ⁉️

വയനാടിലെ ചോരയും കണ്ണീരും കൂട്ടി ശാപ്പാടടിച്ചതാരാണ് മക്കളെ ⁉️

പറഞ്ഞ വാക്കുകൾ കാറ്റിൽ പറത്തിയ ഖദറിട്ട പാഴുകളാരാണ് മക്കളെ ⁉️

ചോദ്യങ്ങളുയരുമ്പോൾ തർക്കുത്തരം കൊണ്ട് പ്രതിരോധം തീർക്കുന്നതാരാണ് മക്കളെ ⁉️

വയനാട്ടിലെ കൊടിയ  ദുരന്തം തിന്നു ചീർത്ത കഴുകന്മാരാരാണ് മക്കളെ ⁉️

ആ ജഡങ്ങൾ ആർത്തിയാൽ തിന്നു മെഴുത്ത  കഴുതപ്പുലികളാരാണ്  ⁉️

ശവത്തിന്റെ കീശകൾ ചൂണ്ടിയ ഖദറിട്ട ശവം തൂക്കികൾ ആരാണ് മക്കളെ ⁉️

ദയയേതുമില്ലാതെ ശവം തൂക്കിയ ചീഞ്ഞു നാറുന്ന കൈകളാരുടേത് മക്കളേ ⁉️

ഗതി കെട്ട മർത്യരെ കൊതിപ്പിച്ച വാഗ്‌ദത്ത വീടെവിടെ മക്കളെ ⁉️

വീടെവിടെ മക്കളെ ⁉️വീടെവിടെ മക്കളെ ⁉️

ചിത്രം കടപ്പാട് : ദേശാഭിമാനി

Thursday, 19 March 2026

ഇതര സംസ്ഥാന തൊഴിലാളികൾ നമ്മുടെ ശത്രുക്കളല്ല !!!

പ്രിയ വി ഡി സതീശൻ സാർ, 
"റിവേഴ്‌സ് റെമിറ്റൻസ്" നമ്മുടെ സാമ്പത്തിക സുസ്ഥിരതക്ക് പ്രശ്നമുണ്ടാക്കുന്നു എന്ന് അങ്ങ് ആവർത്തിച്ച് പറയുന്നത് കേട്ടിരുന്നു. മലയാളികൾ മുൻപെങ്ങുമില്ലാത്ത വിധം സ്ഥിര പ്രവാസത്തിനായി നാട് വിടുന്ന ഒരു കാലഘട്ടത്തിൽ ഗുരുതരമായ ഒരു പ്രശ്നം തന്നെയാണത്.

പക്ഷെ സാർ, "റിവേഴ്‌സ് റെമിറ്റൻസ്" എന്ന് വിളിക്കുന്നത് മൈഗ്രന്റ് വർക്കേഴ്‌സ്‌ (ഇതര സംസ്ഥാന തൊഴിലാളികൾ) അവർക്ക് കൂലിയായി കിട്ടുന്ന പണം അവരുടെ സംസ്ഥാനങ്ങളിലെ ബന്ധുക്കൾക്ക് അയക്കുന്നതിനെ ആണ് എന്ന് വിശദീകരിച്ചപ്പോൾ ഉണ്ടായ അതിശയം ചെറുതല്ല. അതിനേക്കാൾ എന്നെ അതിശയിപ്പിച്ചത് കേരളത്തിലെ പണം ഇതര സംസ്ഥാന തൊഴിലാളികൾ Siphon Out (ഊറ്റൽ) ചെയ്യുകയാണ് എന്ന അങ്ങയുടെ പ്രസ്താവന ആണ്.

ഒരു രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥയിൽ, പ്രവാസവുമായി ബന്ധപ്പെട്ട്, അതിർത്തി കടന്നുള്ള പണത്തിന്റെ ഒഴുക്കിനെ സാധാരണയായി രണ്ട് തരത്തിലാണ് വിവരിക്കാറുള്ളത്. സാമ്പത്തിക ശാസ്ത്രവീക്ഷണത്തിൽ, ഒരു വ്യക്തി താമസിക്കുന്ന രാജ്യത്തു നിന്ന് സ്വന്തം രാജ്യത്തേക്ക് പണമയക്കുന്ന പ്രക്രിയയെ ഇൻവേർഡ് റെമിറ്റൻസ് (Inward Remittance) എന്നും നേർവിപരീതമായി സ്വന്തം രാജ്യത്തു നിന്ന് താമസിക്കുന്ന രാജ്യത്തിലേക്ക് പണമയക്കുന്ന പ്രക്രിയയെ ഔട്ട്വേർഡ് റെമിറ്റൻസ് (Outward Remittance)  എന്നുമാണ് വിളിക്കുന്നത്. സാധാരണക്കാരുടെ ഭാഷയിൽ, റെമിറ്റൻസ് എന്നും റിവേഴ്‌സ് റെമിറ്റൻസ് എന്നും ഇതിനെ വിളിക്കാറുണ്ട്. 

ഇതിനെ കുറച്ചു കൂടി വിശദമായി മനസ്സിലാക്കാൻ ശ്രമിക്കാം. എന്താണ് റെമിറ്റൻസ്? ഒരു രാജ്യത്തെ പൗരന്മാർ വിദേശത്ത് പോയി ജോലി ചെയ്ത് സമ്പാദിക്കുന്ന പണം സ്വന്തം നാട്ടിലേക്ക് അയക്കുന്നതിനെ ലളിതമായി 'റെമിറ്റൻസ്' എന്ന് വിളിക്കാം. ഉദാഹരണത്തിന്, വിദേശത്തുള്ള ഇന്ത്യക്കാർ നാട്ടിലേക്ക് പണം അയക്കുന്നത് ഇന്ത്യയെ സംബന്ധിച്ച് റെമിറ്റൻസ് ആണ്.

അപ്പോൾ എന്താണ് റിവേഴ്‌സ് റെമിറ്റൻസ് ? ഒരു രാജ്യത്ത് നിന്ന് പണം പുറത്തേക്ക് (വിദേശത്തേക്ക്) ഒഴുകുന്ന സാഹചര്യമാണിത്. ഇത് പ്രധാനമായും രണ്ട് രീതിയിൽ സംഭവിക്കാം. ഒന്നാമതായി ഇവിടെയുള്ള വിദേശികൾ അവരുടെ സ്വന്തം രാജ്യത്തേക്ക് പണം കൊണ്ടുപോകുന്നത്. രണ്ടാമത്തേത്, ഒരു രാജ്യത്തെ പൗരന്മാർ വിദേശത്തെ പഠനത്തിനോ, ചികിത്സയ്ക്കോ, വിദേശത്ത് സ്വത്തുക്കൾ വാങ്ങുന്നതിനോ അല്ലെങ്കിൽ ബിസിനസ്സ് നിക്ഷേപങ്ങൾക്കോ വേണ്ടി സ്വന്തം നാട്ടിൽ നിന്ന് പണം പുറത്തേക്ക് അയക്കുന്നതും ഇതിൽ ഉൾപ്പെടുത്താവുന്നതാണ്.

ചുരുക്കത്തിൽ, ഒരു രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയിൽ നിന്ന് വിദേശ നാണ്യം പുറത്തേക്ക് പോകുന്നതിനെയാണ് റിവേഴ്‌സ് റെമിറ്റൻസ് എന്ന് സൂചിപ്പിക്കുന്നത്. ഒരു രാജ്യം സാമ്പത്തികമായി ശക്തിപ്പെടുമ്പോഴോ അല്ലെങ്കിൽ അവിടുത്തെ ജനങ്ങൾ ആഗോളതലത്തിൽ കൂടുതൽ അവസരങ്ങൾ തേടുമ്പോഴോ ഇത്തരം പണമൊഴുക്ക് സ്വാഭാവികമായും വർദ്ധിക്കാറുണ്ട്.

ഇന്ത്യ ഫെഡറൽ സംവിധാനമുള്ള ഒരു രാജ്യമാണ്. ഒരു സംസ്ഥാനത്തിൽ നിന്നുള്ള തൊഴിലാളികൾ വേറൊരു സംസ്ഥാനത്തിൽ വന്നു തൊഴിലെടുക്കുന്നത് ഇവിടെ വ്യാപകമാണ്. ഉദാഹരണത്തിന് കേരളത്തിൽ വന്ന് ബംഗാളികൾ, ആസാമികൾ,ഒറീസക്കാർ ഒക്കെ പണിയെടുക്കുന്നുണ്ട്. അവർ അവർക്ക് ലഭിക്കുന്ന കൂലിപ്പണം അവരുടെ നാട്ടിലേക്കയക്കുന്നതിനെ റിവേഴ്‌സ് റെമിറ്റൻസ് എന്ന് പറയുന്നത് ശരിയാണോ ?

ഒരു രാജ്യത്തിനുള്ളിലെ രണ്ട് സംസ്ഥാനങ്ങൾ തമ്മിലുള്ള മേൽ പറഞ്ഞ തരം പണമൊഴുക്കിനെ 'റിവേഴ്‌സ് റെമിറ്റൻസ്' (Reverse Remittance) എന്ന് വിളിക്കുന്നത് സാങ്കേതികമായി ശരിയായ കാര്യമല്ല. ആദ്യമേ പറഞ്ഞത് പോലെ, 'റിവേഴ്‌സ് റെമിറ്റൻസ്' എന്ന പദം സാധാരണയായി ഉപയോഗിക്കുന്നത് രാജ്യാന്തര തലത്തിലാണ് (International Level). അതായത് ഒരു രാജ്യത്തിന്റെ വിദേശനാണ്യ ശേഖരത്തിൽ (Foreign Exchange Reserve) നിന്ന് പണം വിദേശത്തേക്ക് പോകുമ്പോഴാണ് ഈ പദം പ്രസക്തമാകുന്നത്. എന്നാൽ കേരളത്തിൽ നിന്ന് ബംഗാളിലേക്കോ ആസാമിലേക്കോ പണം പോകുമ്പോൾ രൂപ മറ്റൊരു സംസ്ഥാനത്തേക്ക് മാറുന്നു എന്നല്ലാതെ, രാജ്യത്തിന് വിദേശനാണ്യം നഷ്ടപ്പെടുന്നില്ല. ഇന്ത്യയെപ്പോലെ ഫെഡറൽ സംവിധാനമുള്ള ഒരു രാജ്യത്ത്, ഒരു സംസ്ഥാനത്തുനിന്നും മറ്റൊരു സംസ്ഥാനത്തേക്ക് പണമയക്കുന്നത് അന്തർസംസ്ഥാന പണമൊഴുക്ക് (Inter-state Remittance) രാജ്യത്തിന്റെ ആഭ്യന്തര പണമൊഴുക്കിന്റെ (Internal Remittance) ഭാഗമാണ്. കേരളത്തിൽ ജോലി ചെയ്യുന്ന മറ്റ് സംസ്ഥാന തൊഴിലാളികൾ അവരുടെ നാട്ടിലേക്ക് പണമയക്കുമ്പോൾ, ആ പണം ഇന്ത്യയുടെ സാമ്പത്തിക അതിർത്തിക്കുള്ളിൽ തന്നെയാണല്ലോ നിൽക്കുന്നത്. അതിനാൽ ഇതിനെ 'റിവേഴ്‌സ് റെമിറ്റൻസ്' എന്ന് വിളിക്കാനാവില്ല. എങ്കിലും, കേരളത്തിന്റെ ആഭ്യന്തര വരുമാനം പുറത്തേക്ക് പോകുന്നു എന്ന അർത്ഥത്തിൽ പ്രാദേശികമായ ചർച്ചകളിൽ ചിലരെങ്കിലും ഈ പദം പ്രയോഗിക്കാറുണ്ടെങ്കിലും സാമ്പത്തിക ശാസ്ത്രപരമായി അത് ശരിയല്ല. 

കേരളത്തിന്റെ സാമ്പത്തിക വ്യവസ്ഥയെ (State Economy) സംബന്ധിച്ചിടത്തോളം ഇതിനെ ഒരു 'ഔട്ട്‌ഫ്ലോ' (Outflow) ആയി മാത്രമേ കണക്കാക്കാനാവൂ. ചുരുക്കത്തിൽ, സംസ്ഥാനങ്ങൾ തമ്മിലുള്ള ഈ പണമിടപാടിനെ 'അന്തർസംസ്ഥാന റെമിറ്റൻസ്' (Inter-state Remittance) എന്ന് വിളിക്കുന്നതാണ് സാങ്കേതികമായി കൂടുതൽ കൃത്യം. 

കേരളത്തിലെ പണം ഇതര സംസ്ഥാന തൊഴിലാളികൾ Siphon Out (ഊറ്റൽ) ചെയ്യുകയാണെന്ന പ്രസ്താവന തെറ്റാവുന്നത്, സാങ്കേതികമായും സാമ്പത്തികമായും എന്നതിനേക്കാൾ രാഷ്ട്രീയമായി ആണ്.  

സാമ്പത്തിക ശാസ്ത്രമനുസരിച്ച്, ഒരാൾക്ക് കൂലി ലഭിക്കുന്നത് അയാൾ അവിടെ ഒരു സേവനം നൽകുന്നത് കൊണ്ടാണ്; സേവനത്തിന് പകരമുള്ള പ്രതിഫലം (Value Exchange) ആണിത്. നിർമ്മാണ മേഖലയിലോ കൃഷിയിലോ മറ്റ് തൊഴിൽ മേഖലകളിലോ ഈ തൊഴിലാളികൾ അവരുടെ അധ്വാനം നിക്ഷേപിക്കുന്നുണ്ട്. ആ അധ്വാനത്തിന്റെ ഫലമായി കേരളത്തിൽ ആസ്തികളും (കെട്ടിടങ്ങൾ, റോഡുകൾ) സേവനങ്ങളും സൃഷ്ടിക്കപ്പെടുന്നു. അവർ നൽകിയ അധ്വാനത്തിന് അർഹമായ പ്രതിഫലം വാങ്ങുമ്പോൾ തന്നെ തത്തുല്യമായ വാല്യൂ അഡിഷൻ നമ്മുടെ സംസ്ഥാനത്തുണ്ടാകുന്നുണ്ട്. അവർ താമസിക്കുന്ന വീടിന്റെ വാടക, കഴിക്കുന്ന ഭക്ഷണം, മറ്റ് ചിലവുകൾ എന്നിവയിലൂടെ ആ പണം കേരളത്തിലെ സാധാരണക്കാരായ വീട്ടുടമസ്ഥരിലേക്കും കച്ചവടക്കാരിലേക്കും തന്നെ എത്തുന്നുണ്ട്. അവർ വാങ്ങുന്ന ഓരോ സാധനത്തിലൂടെയും സേവനത്തിലൂടെയും (നിത്യോപയോഗ സാധനങ്ങൾ മുതൽ മൊബൈൽ റീചാർജ് വരെ) കേരള സർക്കാരിന് GST നികുതിയും ലഭിക്കുന്നുണ്ട്. ആ നിലക്ക് നോക്കിയാൽ അവർക്ക് കിട്ടുന്ന പണത്തിൽ ഒരു ഭാഗം അവർ ഇവിടെത്തന്നെ ചിലവഴിക്കുന്നു. അവർക്ക് കൂലിയായി കിട്ടുന്ന പണത്തിൽ നിന്ന് മിച്ചം വയ്ക്കുന്ന പണം അവരുടെ നാട്ടിലേക്ക് അയക്കുന്നതിനെ, ഊറ്റിക്കൊണ്ടു പോകുന്നു എന്ന് പറയുന്നത് പൊളിറ്റിക്കലി ഇൻകറക്റ്റ് മാത്രമല്ല ശുദ്ധ മര്യാദകേട് കൂടിയാണ്. 

കേരളത്തിലെ ഒട്ടു മിക്ക വ്യവസായങ്ങളും ഇന്ന് നിലനിൽക്കുന്നത് ഈ തൊഴിലാളികളെ ആശ്രയിച്ചാണ്. അവർ പണിയെടുത്താൽ മാത്രമേ ആ മേഖലകളിൽ എന്തെങ്കിലും നടക്കൂ എന്ന സ്ഥിതിയാണ്. അവർ ജോലി ചെയ്യുന്നത് വഴി നമ്മുടെ വ്യാപാര - വ്യവസായ - സേവന മേഖലകൾ വളരുകയും അതുവഴി സർക്കാരിനും മറ്റ് മലയാളി സംരംഭകർക്കും വരുമാനം ലഭിക്കുകയും ചെയ്യുന്നു. ഇതിനെയാണ് സാമ്പത്തിക ശാസ്ത്രത്തിൽ 'മൾട്ടിപ്ലെയർ ഇഫക്റ്റ്' എന്ന് പറയുന്നത്.

ഭരണഘടനാപരമായി നോക്കിയാലും രാജ്യത്തെ ഒരു പൗരന് രാജ്യത്തെവിടെയും ജോലി ചെയ്യാനും താമസിക്കാനും അവകാശമുണ്ട്. "പണം ഊറ്റുന്നു" എന്ന പ്രയോഗം ഈ തൊഴിലാളികളെ അന്യവൽക്കരി(Othering) ക്കുന്ന ഒന്നാണ്.

രാഷ്ട്രീയമായും ധാർമികമായും നോക്കിയാലും, "Siphon out" എന്ന പ്രയോഗം വിദ്വേഷം പടർത്തുന്നതോ ഒരു പ്രത്യേക വിഭാഗത്തെ അനാവശ്യമായി കുറ്റപ്പെടുത്തുന്നതോ (Scapegoating) ആയേ കാണാനാകൂ. ഒരു വികസിത സമൂഹമെന്ന നിലയിൽ, സാമ്പത്തികമായ കൊടുക്കൽ വാങ്ങലുകളെ മാന്യമായ രീതിയിൽ കാണുന്നതാണ് ഉചിതം. 

പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ഒരു ദേശീയ പാർട്ടിയുടെ പ്രധാനപ്പെട്ട സംസ്ഥാന നേതാവെന്ന നിലയിൽ താങ്കൾ ഒരൊറ്റ കാര്യം ഓർത്താൽ മതി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ മലയാളി തൊഴിലാളികൾ ജോലി ചെയ്യുന്നുണ്ട്. അവർ നാട്ടിലേക്ക് അയക്കുന്ന പണത്തെ (Inward Remittance), അവർ തൊഴിലെടുത്ത് ജീവിക്കുന്ന രാജ്യത്തെ ആളുകൾ "പണം ഊറ്റൽ" എന്ന് വിശേഷിപ്പിച്ചാൽ അത് നമുക്ക് അംഗീകരിക്കാനാവില്ലല്ലോ. അതേ യുക്തി തന്നെയാണ് ഇന്ത്യയ്ക്കകത്തെ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള തൊഴിലാളികളുടെ കാര്യത്തിലും സ്വീകരിക്കേണ്ടത്. അഅതേ യുക്തി തന്നെയാണ് ഇന്ത്യയ്ക്കകത്തെ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള തൊഴിലാളികളുടെ കാര്യത്തിലും സ്വീകരിക്കേണ്ടത്. ഒരു രാജ്യത്തിനകത്തെ സ്വാഭാവികമായ സാമ്പത്തിക വിനിമയത്തെ ആ രീതിയിൽ മാത്രം കാണുക. ഇതര സംസ്ഥാന തൊഴിലാളികൾ നമ്മുടെ ശത്രുക്കൾ അല്ല എന്നും മനസ്സിലാക്കുക.

Friday, 2 January 2026

കാഴ്ച്ചയുടെ ലോകം നഷ്ടമായപ്പോൾ ഉൾക്കാഴ്ച്ച കൊണ്ട് നേട്ടത്തിന്റെ നിറുകയിൽ CA രജനി ഗോപാലകൃഷ്ണ

കാഴ്ച്ചയെക്കാൾ വളരെയേറെ ശക്തിയുള്ള ഒന്നാണ് ഉൾക്കാഴ്ച്ച എന്ന് തെളിയിക്കുന്നതാണ് ഇന്ത്യയിലെ ആദ്യത്തെ അന്ധയായ വനിതാ ചാർട്ടേഡ് അക്കൌണ്ടന്റായ (സിഎ) രജനി ഗോപൽകൃഷ്ണയുടെ ജീവിത കഥ. ഏതൊരു സാധാരണ കുട്ടിയേയും പോലെ ഈ ലോകത്തിന്റെ മനോഹാരിതയും അതിന്റെ വൈവിധ്യങ്ങളും ഏറ്റവും മിഴിവോടെ കണ്ടു വളർന്ന ഒരു സാധാരണ കുട്ടിയായിരുന്നു രജനി. എന്നാൽ കേവലം ഒൻപത് വയസ്സുള്ളപ്പോൾ അവൾക്ക് വന്ന ഒരു സാധാരണ ജലദോഷപ്പനി അവളുടെ ജീവിതം ഇരുട്ടിലാക്കുമെന്ന് ആരും കരുതിയിരുന്നില്ല. ആ പനിയെ തുടർന്നുള്ള അണുബാധയ്ക്ക് പരിഹാരമായി കൊടുത്ത പെൻസിലിൻ ഷോട്ട് ഉണ്ടാക്കിയ കടുത്ത അലർജി അവളുടെ കാഴ്ചയെ ബാധിച്ചു. കൊമേഴ്‌സിൽ ബിരുദം പൂർത്തിയാക്കിയപ്പോഴേക്കും അവളുടെ വലതു കണ്ണിന്റെ കാഴ്ച പൂർണ്ണമായും നഷ്ടപ്പെട്ടിരുന്നു. അതേ സമയം അവളുടെ ഇടതു കണ്ണിന്റെ കാഴ്ചയും പതിയെ പതിയെ മങ്ങുന്നുണ്ടായിരുന്നു.

ആ ഘട്ടത്തിൽ തളർന്നു പോകുന്നതിനു പകരം വിധി ബാക്കി കൊടുത്ത ഒറ്റക്കണ്ണിന്റെ അല്പ വെളിച്ചത്തിൽ വിശ്വാസമർപ്പിച്ച് അവൾ  അതി സാഹസികമായ ഒരു തീരുമാനം എടുക്കുകയായിരുന്നു. തന്റെ മനസിലുള്ള ആഗ്രഹങ്ങളുടെ പൂർത്തീകരണത്തിന് സാധാരണവും സംരദായികവുമായ ഒരു ബിരുദമോ ബിരുദാനന്തര ബിരുദമോ പോരെന്ന ബാധ്യം അവർക്കുണ്ടായിരുന്നു. ഇന്ത്യയിലെ ഏറ്റവും കഠിനമേറിയതെന്ന് പൊതുവെ കരുതപ്പെടുന്ന കോഴ്സുകളിലൊന്നായ ചാർട്ടേഡ് അക്കൌണ്ടൻസി പഠിക്കാനായിരുന്നു അവളുടെ സുധീരമായ തീരുമാനം. എന്നാൽ CA പഠനം തുടങ്ങി കുറച്ചു കാലം കഴിഞ്ഞപ്പോഴേക്കും രജനിയിൽ ബാക്കിയുണ്ടായിരുന്ന കാഴ്ചയും നഷ്ടപ്പെടുന്ന അവസ്ഥയുണ്ടായി. പഠനത്തിനും ജീവിതത്തിനും വലിയ പ്രഹരമേല്പിച്ചു കൊണ്ട് അവൾ പൂർണ്ണമായും അന്ധയായി. ഏഴ് വർഷത്തോളം അവൾ പഠനത്തിൽ നിന്ന് ഇടവേള എടുത്തു. എന്നാൽ അവളുടെ ശക്തമായ ഇച്ഛാശക്തി CA പഠനം പൂർണ്ണമായി ഉപേക്ഷിക്കാൻ അവളെ അനുവദിച്ചില്ല. 2002-ൽ അവൾ വീണ്ടും സിഎ പഠനത്തിലേക്ക് മടങ്ങി വന്നു.

പൂർണ്ണമായ അന്ധത പ്രൊഫഷണൽ കോഴ്സ് വിദ്യാർത്ഥിനി എന്ന നിലയിൽ രജനിക്ക് വലിയ പ്രതിസന്ധി തന്നെയാണ് സൃഷ്ടിച്ചത്. എന്നാൽ കമ്പ്യൂട്ടർ ടെക്സ്റ്റ് ഉറക്കെ വായിക്കുന്ന സ്ക്രീൻ റീഡിംഗ് ഉപകരണങ്ങളുടെ സഹായത്തോടെ അവൾ പഠിച്ചു. പരീക്ഷയെഴുതാൻ സ്ക്രൈബർ വോളന്റിയർമാരുടെ സഹായം  ഉപയോഗപ്പെടുത്തി. വിധിക്ക് മുൻപിൽ തോൽക്കാൻ മനസ്സില്ലാതെ നിരന്തരം പരിശ്രമിച്ച രജനിക്ക് മുൻപിൽ വിഘ്നങ്ങൾ വഴിമാറി. രജനി 2003-ൽ CA ഫൈനൽ പരീക്ഷ വിജയയിച്ച് ഇന്ത്യയിലെ ആദ്യത്തെ കാഴ്ചയില്ലാത്ത വനിതാ ചാർട്ടേർഡ് അക്കൗണ്ടന്റ് ആയി മാറി.

CA പരീക്ഷ പാസായതോടെ തന്നെ പോരാട്ടം നിർത്താൻ രജനി തയ്യാറല്ലായിരുന്നു. ഒരു ജോലി കണ്ടെത്തണമെന്ന അദമ്യമായ ആഗ്രഹം രജനിക്ക് ഉണ്ടായിരുന്നു. ഉന്നതമായ വിദ്യാഭ്യാസ യോഗ്യത ഉണ്ടെങ്കിൽ പോലും കാഴ്ച പരിമിതയായ ജോലിയിൽ നിയമിക്കാൻ തൊഴിലുടമകൾ മടിച്ചു. പ്രതിസന്ധികളിൽ തളർന്നു ശീലമില്ലാത്ത രജനി, 2003-ൽ ഒരു സുഹൃത്തിന്റെ സഹായത്തോടെ The Indian Hotels Group-ൽ തന്റെ ആദ്യ ജോലിയിൽ പ്രവേശിച്ചു. പിന്നീട്, ഇൻഫോസിസ് എന്ന വമ്പൻ കോർപ്പറേറ്റ് സ്ഥാപനത്തിൽ അക്കൗണ്ടിംഗ് വിഭാഗത്തിൽ ജോലി ചെയ്ത രജനി തനിക്ക് മറ്റേതൊരാളെയും പോലെ ജോലിയിൽ മികച്ച പ്രകടനം നടത്താൻ കഴിയുമെന്ന് തെളിയിച്ചു. എന്നാൽ കുറച്ചു കൂടി സാമൂഹിക പ്രതിബദ്ധത നിറഞ്ഞ തൊഴിൽ ചെയ്യണമെന്ന അവളുടെ ആഗ്രഹം അവളുടെ പ്രവർത്തനം എൻജിഒ മേഖലയിലേക്ക് മാറാൻ നിർബന്ധിതയാക്കി. CBM India Trust, Azim Premji Foundation തുടങ്ങിയ പ്രശസ്ത NGO കളിൽ പ്രവർത്തിച്ച രജനി financial management, capacity building, compliance, governance തുടങ്ങിയ മേഖലകളിൽ തന്റെ കഴിവ് തെളിയിച്ചു കൊണ്ട് ഔദ്യോഗിക ജീവിതം തുടരുകയാണ്. Civil Society Organization-കളിൽ ജോലി ചെയ്യുന്നവർക്ക് ഉപകാരപ്രദമായ ശില്പശാലകളിലെയും പരിശീലന പരിപാടികളിലെയും സ്ഥിരം Resource Person ആണ് രജനി. 

തന്റെ ജീവിതത്തിലെ ഏറ്റവും പ്രയാസവും പ്രതിസന്ധിയും നിറഞ്ഞ ഘട്ടങ്ങളിൽ, ധൈര്യവും ഏകാഗ്രതയും ശ്രദ്ധയും ശക്തിയും കണ്ടെത്താൻ സഹജ യോഗ ധ്യാനം തന്നെ വളരെ സഹായിച്ചെന്ന് രജനി പറയുന്നു. ഭിന്നശേഷിക്കാർക്ക് വിജയത്തിനുള്ള ഏറ്റവും വലിയ വിലങ്ങുതടി അവരുടെ ശരീരമല്ലെന്നും യഥാർത്ഥ തടസ്സം സ്വന്തവും സമൂഹത്തിന്റെയും മാനസികാവസ്ഥയാണെന്നും രജനി വാദിക്കുന്നു. "ഇങ്ങനെയുള്ളവർക്ക് ഈ ജോലി ചെയ്യാൻ കഴിയില്ല" എന്ന തരത്തിൽ മുൻവിധിയോടെ ചിന്തിക്കുന്നത് അവസാനിപ്പിക്കാൻ അവർ തൊഴിലുടമകളോട് അഭ്യർത്ഥിക്കുന്നു.

തന്റെ ജീവിതത്തിലെ ഏറ്റവും പ്രയാസവും പ്രതിസന്ധിയും നിറഞ്ഞ ഘട്ടങ്ങളിൽ, ധൈര്യവും ഏകാഗ്രതയും ശ്രദ്ധയും ശക്തിയും കണ്ടെത്താൻ സഹജ യോഗ ധ്യാനം തന്നെ വളരെ സഹായിച്ചെന്ന് രജനി പറയുന്നു. ഭിന്നശേഷിക്കാർക്ക് വിജയത്തിനുള്ള ഏറ്റവും വലിയ വിലങ്ങുതടി അവരുടെ ശരീരമല്ലെന്നും യഥാർത്ഥ തടസ്സം സ്വന്തവും സമൂഹത്തിന്റെയും മാനസികാവസ്ഥയാണെന്നും രജനി വാദിക്കുന്നു. "ഇങ്ങനെയുള്ളവർക്ക് ഈ ജോലി ചെയ്യാൻ കഴിയില്ല" എന്ന തരത്തിൽ മുൻവിധിയോടെ ചിന്തിക്കുന്നത് അവസാനിപ്പിക്കാൻ അവർ തൊഴിലുടമകളോട് അഭ്യർത്ഥിക്കുന്നു. "ഗുരുതരമായ വെല്ലുവിളികൾക്കിടയിലും ഈ വ്യക്തി ഇത്ര വലിയ നേട്ടങ്ങൾ കൈവരിച്ചതല്ലേ" എന്നാണ് ചിന്തിക്കേണ്ടതെന്നാണ് രജനിയുടെ വാദം. ഒരു മനുഷ്യരും പൂർണ്ണരല്ലെന്നും ഓരോ വ്യക്തിക്കും എന്തെങ്കിലുമൊക്കെ പരിമിതിയുണ്ടെന്നും ഓർക്കണമെന്ന് അവർ നമ്മെ ഉദ്ബോധിപ്പിക്കുന്നു. അവരുടെ അഭിപ്രായത്തിൽ, വ്യക്തിപരമായ വെല്ലുവിളികൾ ചിലപ്പോൾ അന്ധതയോ ബധിരതയോ ഒക്കെപ്പോലെ ദൃശ്യമാണെങ്കിൽ ചിലത് പരാജയഭീതിയോ ഉത്ക്കണ്ഠയോ പോലെ അദൃശ്യമായിരിക്കും. എന്നിട്ടും പലപ്പോഴും അദൃശ്യമായ പരിമിതികൾ ഉള്ളവർക്ക് അനായാസം ജോലി ലഭിക്കുമ്പോൾ ദൃശ്യമായവ പരിമിതികൾ ഉള്ളവർ മാറ്റി നിർത്തപ്പെടുന്നു.