ഞാൻ വെറും പോഴൻ

Monday, 12 March 2018

കുടവയറന്‍ TV യും മീന്‍ മുള്ള് പോലുള്ള TV ആന്റിനയും അങ്ങനെ ഒരൂട്ടം കാര്യങ്ങളും...












ചാനൽ അതി പ്രസരത്തിന്റെ വർത്തമാന കാലഘട്ടത്തിന് ദശാബ്ദങ്ങൾ പിന്നിലായിരുന്നു എന്റെ ബാല്യകാലം. അന്നൊന്നും കേബിൾ ഓപ്പറേറ്റർമാരോ DTH ഓപ്പറേറ്റർമാരോ ആയിരുന്നില്ല ടി വി
ചാനലുകൾ കാണിച്ചു തന്നിരുന്നത്. വീടിന്റെ മുകളിൽ സ്ഥാപിക്കപ്പെട്ട
മീൻ മുള്ളിനോട് രൂപ സാദൃശ്യമുള്ള അലൂമിനിയം TV ആന്റിന ആയിരുന്നു അന്ന് ടി വി സിഗ്നലുകൾ ആകാശത്ത് നിന്ന് പിടിച്ചെടുത്തു പഴയ കുട വയറൻ ടി വി സെറ്റുകളിലൂടെ ഞങ്ങൾക്ക് കാണിച്ചു തന്നിരുന്നത്. (ഫ്ലാറ്റ് സ്ക്വയർ ട്യൂബ്, ഫുൾ ഫ്ലാറ്റ് സ്ക്വയർ ട്യൂബ് ടി വി-കൾ വന്ന ആ കാലത്ത് ഐശ്വര്യ റായി അഭിനയിച്ച, ഒരു ടി വിയുടെ പരസ്യമുണ്ടായിരുന്നു. നിങ്ങളുടെ ടി വി യുടെ സ്ക്രീൻ അവരുടെ വയറ് പോലെ ഫ്ലാറ്റ് ആണോ എന്നു ചോദിച്ചു കൊണ്ട്). ടി വി യുടെ ആദ്യകാലങ്ങളിൽ സാമ്പത്തികമായി ഏറെ മുന്നോക്കം നിൽക്കുന്നവരുടെ വീടുകളിൽ മാത്രമേ ടി വി ഉണ്ടായിരുന്നുള്ളൂ. ടി വി യുള്ള വീടുകളിൽ മുൻപ് പറഞ്ഞ തരം ആന്റിന ഉണ്ടാവുമായിരുന്നു. പൊങ്ങച്ചം കാണിക്കാൻ ആന്റിന മാത്രം വീടിനു മുകളിൽ പിടിപ്പിച്ചിരുന്ന ചിലരും ഉണ്ടായിരുന്നു എന്നാണ് കേട്ടിട്ടുള്ളത്.
ഞാൻ നാലാം ക്ലാസ്സിൽ പഠിക്കുമ്പോൾ ആയിരുന്നു ശ്രീമതി ഇന്ദിരാ ഗാന്ധിയുടെ മരണം. അന്ന് അവരുടെ ശവസംസ്കാരം കാണാൻ എന്റെ ഒരു സഹപാഠിയുടെ വീട്ടിൽ നൂറു കണക്കിന് ആളുകളാണ് തടിച്ചു കൂടിയിരുന്നത്. (ആ നാട്ടിൽ ആകെ അവിടെ മാത്രമാണ് ഒരു ടി വി ഉണ്ടായിരുന്നത്; അതും ബ്ലാക്ക്‌ & വൈറ്റ്). മറഡോണ ഹീറോ ആയിരുന്ന ഫുട്‌ബോൾ ലോക കപ്പ്‌, ജോൺ പോൾ മാർപ്പാപ്പയുടെ കേരള സന്ദർശനം ഇവ എല്ലാം അയല്പക്കക്കാരുടെ സൌജന്യത്തിലാണ് ഞാൻ കണ്ടത്.
കാസെറ്റ് ഇട്ടു സിനിമ കാണുന്ന വീ സീ ആർ, വീ സീ പീ എല്ലാം അത്യപൂർവ്വം ആയിരുന്നു. സ്വന്തമായി വീ സീ ആർ, വീ സീ പീ ഇല്ലാത്തവർ അത് വാടകക്ക് എടുത്ത് കാണുന്ന ഒരു ഏർപ്പാട് ഉണ്ടായിരുന്നു; പക്ഷെ അത് പോലും അപൂർവ്വം ആയിരുന്നു. അഥവാ വാടകക്ക് എടുത്താൽ ഒരു ദിവസം കൊണ്ട് പരമാവധി സിനിമകൾ കണ്ടു മുതലാക്കിയിട്ടെ അത് തിരികെ കൊടുക്കുമായിരുന്നുള്ളൂ. കല്യാണങ്ങൾക്കു വീഡിയോ എടുക്കുന്നത് ഒരു അത്യപൂർവ്വ സംഭവം ആയിരുന്നു. സ്കൂളിൽ പഠിക്കുന്ന കാലത്ത് (കോളേജിൽ പോലും) വീഡിയോ കാസറ്റ്‌ കൈമാറുന്നതും മറ്റും ഒരു സ്റ്റാറ്റസ് സിമ്പൽ ആയിരുന്നു.
എന്റെ ബാല്യ കാലത്ത് ആകെ ഉണ്ടായിരുന്ന ചാനൽ ദൂരദർശൻ ആയിരുന്നു. വിനോദ ഉപാധി എന്നതിനപ്പുറത്ത് പല വിധ വിവരങ്ങളും അത് പറഞ്ഞു തന്നിരുന്നു. അന്ന് നാഷണൽ ചാനൽ വഴി ഹിന്ദി സംപ്രേക്ഷണം മാത്രമേ ഉണ്ടായിരുന്നുള്ളൂ. പിന്നീട് പ്രാദേശിക ഭാഷകളിൽ സംപ്രേക്ഷണം ആരംഭിച്ചു. അയല്പക്കത്തു ടി വി കാണാൻ പോവുക എന്നത് ഒരു നിത്യ സംഭവം ആയിരുന്നു.
പ്രക്ഷേപണം തുടങ്ങാൻ വേണ്ടി അക്ഷമയോടെ കാത്തിരുന്ന ആ നാളുകൾ. ഈ ലിങ്ക് ക്ലിക്ക് ചെയ്‌താൽ നിങ്ങൾക്ക് കേൾക്കാം ഗൃഹാതുരത്വം നിറഞ്ഞ ആ സിഗ്നേച്ചർ മ്യൂസിക്‌.
അന്ന് ആഴ്ചയിൽ ഒരിക്കൽ അര മണിക്കൂറായിരുന്നു സീരിയലുകൾ ഉണ്ടായിരുന്നത്; പിന്നീടത് ദിവസത്തിൽ ഒരിക്കലായി; പിന്നെ സീരിയലുകളുടെ ദൈർഖ്യം ഒരു മണിക്കൂറായി. രാമായണം, മഹാഭാരതം, ഹം ലോഗ്, ബുനിയാദ്, തുടങ്ങിയ പരമ്പരകളിലൂടെ എൺപതുകളെ ദൂരദർശൻ കീഴടക്കി. രാമായണം കാണുവാൻ ഗ്രാമങ്ങൾ മുഴുവനും ലഭ്യമായ ഒന്നോ രണ്ടോ ടി.വി.കളുടെ മുമ്പിൽ ഒത്തുകൂടി ഇരിക്കാറുണ്ടായിരുന്നു എന്നും ടി.വി.ക്ക് മുന്നിൽ ആരതിയും പുഷ്പാർച്ചനയും നടത്താറുണ്ടായിരുന്നു എന്നുമൊക്കെ പത്രങ്ങളിൽ വായിച്ചിട്ടുണ്ട്. ആ സീരിയലിൽ സീതയായി അഭിനയിച്ച നടി (ദീപിക ചിഖ്‌ലിയ) ഒരു സോപ്പു പരസ്യത്തിൽ അഭിനയിച്ചപ്പോൾ അത് ജനങ്ങൾക്ക് സഹിക്കാൻ പറ്റുന്നതിനും അപ്പുറമായിരുന്നു. ജനങ്ങൾക്കിടയിൽ അത്രയേറെ ശക്തമായ സ്വാധീനമുള്ള മാധ്യമമായിരുന്നു ദൂരദർശൻ. രംഗോളി, ചിത്രഹാർ, സുരഭി, വേൾഡ്‌ ദിസ്‌ വീക്ക്‌, മാൽഗുഡി ഡേയ്സ് തുടങ്ങിയവ ആ കാലഘട്ടത്തിലെ മറ്റു ജനകീയ പരിപാടികൾ ആയിരുന്നു. ഫൌജി എന്നൊരു പരമ്പരയിൽ ആണ് ഇന്നത്തെ ബോളിവുഡ് സൂപ്പർ താരം ഷാരുക് ഖാൻ ആദ്യമായി ടി വി യിലൂടെ പ്രേക്ഷകർക്ക് മുൻപിൽ എത്തിയത്. പക്ഷെ അദ്ദേഹം അഭിനയിച്ച സർക്കസ് എന്ന സീരിയലായിരുന്നു കുറച്ചു കൂടി ജനപ്രിയമായത് എന്നാണ് ഞാനോർക്കുന്നത്.
1985-ലാണ് തിരുവന്തപുരം ദൂരദർശൻ കേന്ദ്രം തുടങ്ങിയത്. "സ്വാതി തിരുന്നാൾ" എന്ന സിനിമയായിരുന്നു ആദ്യമായി സംപ്രേക്ഷണം ചെയ്ത മലയാള സിനിമ എന്നാണ് എന്റെ ഓർമ്മ. ചിത്രഗീതം, മലയാള വാർത്തകൾ, തിരനോട്ടം, പ്രതികരണം ഇവ വളരെ ജനകീയമായ പരിപാടികൾ ആയിരുന്നു. വാർത്തക്ക് മുൻപുള്ള ആ മ്യൂസിക്‌ വേറിട്ടുള്ള ഒരു അനുഭവം തന്നെ ആയിരുന്നു. ഇന്നത്തെപ്പോലെ "വാക് അതിസാരം" (verbal diarrhea) ബാധിച്ച, മനുഷ്യനെ മടുപ്പിക്കുന്ന വാർത്താനുഭവമായിരുന്നില്ല അന്നത്തേത്. വാർത്തയുടെ Intro Music കേൾക്കാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക
അത് പോലെ വേറിട്ടൊരു അനുഭവമായിരുന്നു പരിപാടിക്കിടയിൽ നേരിട്ട് കൊണ്ടിരുന്ന തടസ്സങ്ങൾ. ദൂരദർശൻ കേന്ദ്രത്തിൽ വൈദ്യുതി തടസം വരുമ്പോഴോ പരിപാടിയിൽ നിന്ന് ഏതെങ്കിലും ഭാഗം സെൻസർ ചെയ്യേണ്ടതായി വരുമ്പോഴോ ആണ് ഈ ചങ്ങാതി ക്ഷണിക്കാതെ കയറി വരാറ്...
അന്നത്തെ പരസ്യങ്ങൾ, ഫിലിംസ് ഡിവിഷൻ ഡോകുമെന്ററികൾ, എല്ലാം തന്നെ നൊസ്റ്റാൾജിക് ഫീൽ തരുന്നവ ആയിരുന്നു. താഴെ കൊടുത്തിരിക്കുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്‌താൽ നിങ്ങൾക്ക് ഗൃഹാതുരമായ ആ കാഴ്ചകൾ വീണ്ടും കാണാം....
നിർമ്മ അലക്കുപൊടിയുടെ പരസ്യം

ട്രീ ഓഫ് യൂണിറ്റി - ഫിലിം ഡിവിഷൻ ഡോക്യുമെന്ററി
മിലെ സുർ മേരാ തുമാരാ - ദേശീയോത്ഗ്രഥന ഗാനം
ബജാജ് സ്‌കൂട്ടർ പരസ്യം - ഹമാരാ ബജാജ്...ഹമാരാ ബജാജ്...
രസ്ന സോഫ്റ്റ് ഡ്രിങ്ക് പരസ്യം...
ഫ്ലോപ്പ് ഷോ - By ജസ്പാൽ ഭട്ടി...
Baje Sargam - Collaboration of the Indian maestros..
സുരഭി - പ്രതിവാര കലാ സാംസ്കാരിക പരിപാടി...
ജംഗിൾ ബുക്ക്...

Thursday, 8 March 2018

ആരും അനിവാര്യർ അല്ല; ആർക്കും ശേഷം പ്രളയവും ഇല്ല.

ഇ ശ്രീധരൻ എന്ന വ്യക്തിയോടോ പ്രൊഫഷനലിനോടോ പ്രോജക്റ്റ് മാനേജരോടോ എനിക്കൊരു ബഹുമാനക്കുറവുമില്ല. വ്യക്തിപരമായി അഴിമതി ആരോപണങ്ങൾ നേരിടാതെ ബൃഹത്ത് പദ്ധതികൾ പറഞ്ഞതിനേക്കാൾ നേരത്തെ തീർത്തു കാണിച്ചു തന്ന ഇന്ത്യ കണ്ട പ്രഗത്ഭനായ പ്രോജക്ട് മാനേജർ തന്നെയാണ് അദ്ദേഹം. പാമ്പൻ പാലം, കൽക്കട്ട മെട്രോ, നമ്മുടെ ഷിപ്‌യാർഡിന്റെ റാണി പദ്മിനി മിഷൻ, ഡൽഹി മെട്രോ, കൊങ്കൺ റെയിൽപ്പാത ഇതിലെല്ലാം അദ്ദേഹത്തിന്റെ സംഭാവനകൾ തുലനം ചെയ്യാവുന്നതും അല്ല. തന്റെ മഹത്വത്തിനും ഖ്യാതിക്കും വലിയ കോട്ടമില്ലാതെ തന്നെ കൊച്ചി മെട്രോ പദ്ധതിയും അദ്ദേഹം പൂർത്തിയാക്കി.  

ഒരു ഷോ കേസ് പ്രോജക്ട് എന്ന നിലയിൽ മെട്രോ എന്നത് ഒരു അഭിമാനിക്കാവുന്ന ഒന്നായിരിക്കാം. അതിൽ ഊറ്റം കൊള്ളുന്നവർ ശ്രീധരൻ എന്ന പ്രോജക്റ്റ് മാനേജരെ ആരാധിക്കുന്നതിൽ ഒരു തെറ്റുമില്ല. പക്ഷേ, കൊച്ചിയിലെ ഗതാഗത പ്രശ്നത്തിന് മെട്രോ മാത്രമായിരുന്നു ഒരു പരിഹാരമെന്ന് പറയാൻ ഇവിടെ ഓരോരുത്തർക്കും അവകാശമുള്ളത് പോലെ മറിച്ച് പറയാൻ എനിക്കും അവകാശമുണ്ട്. വന്‍ സാമ്പത്തിക ബാധ്യതയാണ് KMRL ലൂടെ സർക്കാരും ആത്യന്തികമായി കേരളം ജനതയും നിലവിൽ എടുത്ത് തലയിൽ വച്ചിരിക്കുന്നത്. അതിന് ശ്രീധരൻ തെറ്റുകാരൻ അല്ല. പ്രോജക്റ്റ് വേണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് ബന്ധപ്പെട്ട അധികാരികളാണ്. നിശ്ചയിച്ച കോടികളിൽ നിന്നും 50 കോടിയോളം രൂപ കുറച്ച് ചെലവഴിച്ചാണ് E ശ്രീധരൻ കൊച്ചി മെട്രോ പൂർത്തിയാക്കിയത് എന്നാണ് അദ്ദേഹത്തിന്റെ ആരാധകരുടെ ഒരു വാഴ്ത്തുപാട്ട്. പ്രോജക്ട് റിപ്പോര്‍ട്ട് തയാറാക്കിയ സ്ഥാപനത്തെ തന്നെ നിര്‍മാണ കരാര്‍ ഏല്‍പിക്കുന്നത് സാങ്കേതികമായി ക്രമവിരുദ്ധമായിരുന്നു എന്നിരിക്കെ ആഗോള ടെണ്ടർ വിളിക്കാതെ ശ്രീധർ ജി തന്നെ കണക്കാക്കിയ ബജറ്റിനേക്കാൾ 50 കോടി രൂപ കുറച്ചാണ് അദ്ദേഹം പണി പൂർത്തിയാക്കിയതെന്ന് അദ്ദേഹത്തിന്റെ വിമർശകരും പരിഹസിക്കുന്നു. മെട്രോയുടെ പ്രോജക്ട് കൺസൾട്ടൻസിയും മാനേജ്മെന്റും മാത്രമേ DMRC യ്ക്കും അതിലൂടെ ശ്രീധർജിക്കും ഉള്ളൂ. കൊച്ചി മെട്രോ റെയില്‍ പദ്ധതിയുടെ ചുമതല മുഴുവനായും കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിനാണ്. മെട്രോയുടെ നടത്തിപ്പും കോടികളുടെ വായ്പ തിരിച്ചടക്കലുമൊക്കെ കൊച്ചി മെട്രോ ലിമിറ്റഡാണ് ചെയ്യേണ്ടത്. തീരുമാനങ്ങളിൽ പിഴവ് വന്നാൽ ഉത്തരം പറയേണ്ടത് DMRC യോ ശ്രീധർജിയോ അല്ല; മറിച്ച് കെ.എം.ആര്‍.എല്‍ ആണ്.  

പിന്നെ, ആരും കുറവുകൾക്ക് അതീതർ ഒന്നും അല്ല. ശ്രീധരൻ സാറിന്റെ DMRC, ദൽഹി മെട്രോ പണിത വകയിൽ ഒരു 3500 കോടിയുടെ ഫൈൻ അടിച്ചു വാങ്ങിയത് കഴിഞ്ഞ ആഴ്ചയാണ്. ദൽഹി മെട്രോയിൽ റിലയൻസ്​ പണം മുടക്കി; ഡി.എം.ആർ.സി പ്രോജക്റ്റ് പൂർത്തിയാക്കി. തൊണ്ണൂറ് ദിവസത്തിനുള്ളിൽ സാങ്കേതികപ്പിഴവുകൾ കണ്ടു തുടങ്ങി. റെയിൽ പാളങ്ങളിൽ സ്​ഥാപിച്ചിരുന്ന ആയിരക്കണക്കിന് ഫാസ്​റ്റനിങ് ക്ലിപ്പുകൾ പൊട്ടി; മെട്രോ തൂണുകളിലും ബീമുകളിലും വിള്ളലുകൾ പ്രത്യക്ഷപ്പെട്ടു; പാലങ്ങളിലും എലിവേറ്റഡ് നിർമ്മിതികളിലും പൊട്ടലുകൾ; ട്രയിൻ ഓടിക്കൽ സുരക്ഷിതമല്ലാതായി എന്ന് കാണിച്ച് റിലയൻസ്​ പല പ്രാവശ്യം നോട്ടീസയച്ചിട്ടും DMRC പ്രശ്നങ്ങൾ പരിഹരിച്ചില്ല; ട്രൈബ്യൂണലും ഹൈക്കോടതിയും കയറിയ കേസിന്റെ വിധി DMRC ക്കെതിരായി വന്നിട്ട് ഏതാനും ദിവസങ്ങളെ ആയുള്ളൂ. കൊച്ചി മെട്രോ പദ്ധതി നടപടികളുടെ തുടക്കത്തിലേ ഡയറക്ടർ ബോർഡിൽ നിന്ന് തന്നെ ഒഴിവാക്കിത്തരണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചത് കൂടി വേണമെങ്കിൽ ഇതിനോട് ചേർത്ത് വായിക്കാവുന്നതാണ്.  

ഇതിനേക്കാൾ ശ്രദ്ധിക്കേണ്ടത് ഹൈസ്പീഡ് റെയിൽവേ (ബുള്ളറ്റ് ട്രെയിൻ) പദ്ധതിയുടെ കാര്യത്തിൽ ഇദ്ദേഹത്തിന്റെ നിലപാടുകൾ ആണ്. ഒന്നേകാൽ ലക്ഷംകോടി രൂപ ചിലവ് വരുന്ന HSRC പദ്ധതി കേരളത്തിന് ഒഴിവാക്കാൻ പറ്റാത്തതാണ് എന്ന് ആവർത്തിച്ച് വാദിച്ചു കൊണ്ടിരുന്ന അദ്ദേഹം ഇരുട്ടി വെളുക്കുന്നതിന് മുൻപേ ഇന്ത്യക്ക് തന്നെ ഉടനെയെങ്ങും പറ്റിയ പദ്ധതിയല്ല ബുള്ളറ്റ് ട്രെയിൻ എന്ന് പറഞ്ഞു കളഞ്ഞു.
ഇദ്ദേഹത്തിന്റെ ഉറപ്പിന്മേൽ HSRC യിൽ പണമിറക്കിയിരുന്നെങ്കിൽ എന്താകുമായിരുന്നു കേരളത്തിന്റെ സ്ഥിതി. അന്ന് സംസ്ഥാനമുടനീളം ഉണ്ടായ പൊതു ജന പ്രതിഷേധത്തെ തുടർന്നാണ് പദ്ധതി വേണ്ടെന്ന് വയ്ക്കാൻ സർക്കാർ മനസില്ലാ മനസോടെ സമ്മതിച്ചത്. അതു കൊണ്ട് തന്നെ, കേരളത്തിന്റെ വികസന പ്രശ്നങ്ങൾക്കുള്ള ഒറ്റമൂലിയായി അദ്ദേഹത്തെ മാത്രം കണക്കാക്കാൻ പാകത്തിന് ആരാധനാ മനോഭാവം ഒന്നും എനിക്ക് അദ്ദേഹത്തോടില്ല. 

പ്രോജക്ട് നടത്തിപ്പ് തീരുമാനിക്കുന്നത് പണം മുടക്കുന്നവരാണ്; കരാറനുസരിച്ച് കാര്യക്ഷമതയോടെ അത് പൂർത്തിയാക്കുകയാണ് പ്രോജക്ട് മാനേജരുടെ ജോലി. സംസ്ഥാനത്തെ സംബന്ധിച്ച്, തുടങ്ങി വച്ച മെട്രോ പദ്ധതി നെഗറ്റിവ് കോൺട്രിബ്യൂഷനിൽ ഓടുമ്പോൾ താരതമ്യേന അതിനേക്കാൾ പദ്ധതി ചിലവ് പ്രതീക്ഷിക്കുന്ന, കേന്ദ്രാനുമതി പോലും ലഭിക്കാത്ത, ലൈറ്റ് മെട്രോ പദ്ധതിയുമായി മുന്നോട്ട് പോകുന്നതിന് മുൻപ് പണം മുടക്കുന്നവർ എന്ന നിലയിൽ ഒന്ന് കൂടി ചിന്തിക്കുന്നതും കാലതാമസം വരുന്നതും സ്വാഭാവികമാണ്. ശ്രീധരൻ സാർ പിൻവാങ്ങുന്നതിനെ, ഒരു കൺസൽട്ടൻറ് അദ്ദേഹം ആഗ്രഹിക്കുന്ന രീതിയിൽ പദ്ധതി മുന്നോട്ട് പോകാത്തത് കൊണ്ട് അദ്ദേഹവും അദ്ദേഹം ഉൾപ്പെടുന്ന സ്ഥാപനവും ഓഫീസ് കാലിയാക്കുന്നു എന്ന് കണ്ടാൽ  മതി; അതാണ് അതാണ് സ്വീകരിക്കാവുന്നതിൽ വച്ച് ഏറ്റവും പ്രൊഫഷണൽ ആയ സമീപനവും.

ശ്രീധർജിക്ക് ശേഷവും ഈ സംസ്ഥാനവും രാജ്യവും തീർച്ചയായും നില നിൽക്കും. അന്നും പദ്ധതികൾ നടക്കണം; നടക്കും. ആരും അനിവാര്യർ അല്ല; ആർക്കും ശേഷവും പ്രളയവും ഇല്ല.

പക്ഷെ, തികച്ചും മാന്യമായ രീതിയിൽ വളരെ കുലീനമായി മറ്റുള്ളവരോട് ഇടപഴകുന്ന, മാന്യത വിട്ട് പ്രതികരിക്കാൻ യാതൊരു സാധ്യതയുമില്ലാത്ത, ആ വന്ദ്യവയോധികനെ ഒരു മാതിരി കവലപ്രസംഗത്തിന്റെ ഭാഷയിൽ അധിക്ഷേപിക്കുന്നത് തികഞ്ഞ  വൃത്തികേടാണ്; മന്ത്രിയാണെങ്കിലും കവിയാണെങ്കിലും ജനപ്രതിനിധി ആണെങ്കിലും;  അത് അദ്ദേഹത്തിന്റെ പ്രായത്തോടും പ്രൊഫഷണൽ മികവിനോടും സത്യസന്ധതയോടും എല്ലാം കാണിക്കുന്ന മൂന്നാം കിട അവഹേളനമാണ്. അദ്ദേഹത്തിന് ഒരു കൂടിക്കാഴ്ചയ്ക്കുള്ള അവസരം പോലും നിഷേധിച്ചു എന്ന് പറയുന്നതും തികഞ്ഞ  അല്പത്തരമായിപ്പോയി. അതിലെല്ലാം സഖാക്കൾ അവരുടെ സ്വതസിദ്ധമായ നിലവാരം കാണിക്കുന്നുണ്ട് എന്നതിൽ ഒരു തർക്കവുമില്ല.   

പ്രിയ ശ്രീധർജി, ഇനിയും ഏറ്റെടുക്കുന്ന പദ്ധതികൾ നല്ല രീതിയിൽ അവസാനിപ്പിക്കാൻ നിങ്ങൾക്കാവട്ടെ; നിങ്ങളുടെ യശ്ശസ്സും ഖ്യാതിയും ഇനിയും വർദ്ധിക്കട്ടെ.


ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക


അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക

Tuesday, 6 March 2018

യുദ്ധം... അത് എവിടെയുമുള്ള ഒരു സാധ്യതയാണ്...


ഈ ചിത്രമുണ്ടാക്കിയ ഞെട്ടലും നീറ്റലും അസ്വസ്ഥതയും ഒന്നും  ഇന്നും മാറിയിട്ടില്ല.

അന്ന്, തീരത്തടിഞ്ഞ ആ ജീവനില്ലാത്ത കുഞ്ഞ് ശരീരം ലോകത്തെ കരയിക്കുമ്പോൾ,​ അവനെ ഈ അവസ്ഥയിൽ ആദ്യം കണ്ടയാളുടെ ഞെട്ടൽ ദിവസങ്ങൾക്ക് ശേഷവും മാറിയിരുന്നില്ല.

''അവന് ജീവനുണ്ടാകണേ.. ‍ഞാൻ പ്രാർത്ഥിച്ചു.. പക്ഷേ,​ അവൻ അനങ്ങിയില്ല.. ഞാനാകെ തകർന്നു പോയി..'' ഐലാൻ കുർദി എന്ന മൂന്ന് വയസ്സുകാരന്റെ മൃതശരീരം തീരത്തു നിന്ന് കോരിയെടുത്ത തുർക്കി പൊലീസുകാരൻ മെഹ്മത് സിപ്ലാക്ക് ഹൃദയഭേദകമായ ആ അനുഭവം പങ്കു വയ്ക്കുകയായിരുന്നു.

'ആറ് വയസ്സാണ് എന്റെ മോനും. കുഞ്ഞിനെ കണ്ടപ്പോൾ ഞാനവനെ ഓർത്തു,​ നിമിഷം കൊണ്ട് ഞാനൊരു അച്ഛന്റെ സ്ഥാനത്തായി. വാക്കുകൾക്ക് പറയാനാവില്ല,​ ആ കാഴ്ചയുടെ ദു:ഖവും ദുരന്തവും' -തുർക്കിയിലെ വാർത്താ ഏജൻസിയോട് മെഹ്മത് പറഞ്ഞതാണ്‌. ലോകത്തെ കരയിച്ച ആ ഫോട്ടോ എടുത്തത് കണ്ടില്ലെന്നും തന്റെ ജോലി ചെയ്യുകയായിരുന്നെന്നും അയാൾ പറഞ്ഞു. ഗ്രീസിലേയ്ക്കുള്ള രണ്ട് ബോട്ടുകൾ മുങ്ങി 12 പേരാണ് ആ ദിവസം   മരിച്ചത്. തെക്ക് പടിഞ്ഞ‍ാറൻ തുർക്കിയിലെ ബോഡ്രം തീരത്തടിഞ്ഞ ഐലാന്റെ മൃതശരീരം അഭയാർത്ഥി പ്രശ്നത്തിൽ പുതിയ ഒരേടായി മാറുകയായിരുന്നു. ഏതാനും ദിനങ്ങൾക്ക് ശേഷം സിറിയയിലെ കൊബേയ്നിൽ കുഞ്ഞിനെ സംസ്കരിക്കുകയും ചെയ്തു. നാലു വയസ്സുകാരൻ ചേട്ടൻ ഗാലിബ്,​ അമ്മ റിഹാന എന്നിവരും ഐലാനൊപ്പം മുങ്ങി മരിച്ചിരുന്നു. (കടപ്പാട് : കേരളകൌമുദി )

തുര്‍ക്കിയുടെ കടലോരത്ത് മരിച്ചുകിടന്ന ഐലാന്‍ കുര്‍ദി എന്ന മൂന്നു വയസ് മാത്രം പ്രായമുള്ള നിഷ്കളങ്കബാലന്റെ ദാരുണചിത്രം ലോക മനഃസാക്ഷിയെ ഇപ്പോഴും പിടിച്ചുകുലുക്കിക്കൊണ്ടിരിക്കുകയാണ്. നിലുഫര്‍ ഡെമിര്‍ എന്ന മാധ്യമപ്രവര്‍ത്തക പകര്‍ത്തിയ ഈ ചിത്രം പുറപ്പെടുവിക്കുന്ന നിശ്ശബ്ദമായ നിലവിളി ഏതു കഠിനഹൃദയനെയും ഒന്നുലയ്ക്കാൻ പോന്നതാണ്. അഭയാര്‍ഥികളുടെ നിശ്ശബ്ദരോദനങ്ങള്‍ ഒരിക്കൽക്കൂടി മാറിച്ചിന്തിക്കാൻ നമ്മോട് ആഹ്വാനം ചെയ്യുന്നു. 

സിറിയയിൽ ആഭ്യന്തര യുദ്ധം നിർബാധം തുടരുന്നു... കുഞ്ഞുങ്ങളടക്കം അനേകം നിരപരാധികൾ കൊല്ലപ്പെടുന്നു.... നൂറുകണക്കിന് പിഞ്ചു കുഞ്ഞുങ്ങൾ അനാഥരാകുന്നു....

യുദ്ധങ്ങൾ !!! 

അത് ചെറുതായാലും വലുതായാലും, അതിനെന്തു പേര് കൊടുത്താലും സഹോദരഹത്യകൾ മാത്രമാണെന്ന് നാം എന്ന് തിരിച്ചറിയും ? അധികാരം കൈക്കലാക്കാനും അതിര്‍ത്തികള്‍ വിശാലമാക്കാനും  സാമ്രാജ്യം നിലനിർത്താനും നടത്തിയ, നടക്കുന്ന, നടക്കാനിരിക്കുന്ന ചെറുതും വലുതുമായ എത്രയെത്ര ചോരപ്പുഴകൾ. ചരിത്രം ഓര്‍മപ്പെടുത്തുന്നത് വിശാലമാക്കപ്പെട്ട ഒരതിര്‍ത്തിയും പിടിച്ചടക്കിയ ഒരധികാരവും ഉണ്ടാക്കിയെടുത്ത ഒരു സാമ്രാജ്യവും ശാശ്വതമല്ലെന്ന് തന്നെയാണ്. എങ്കിലും മതം, വർണ്ണം, വംശം തുടങ്ങി യുദ്ധം ചെയ്യാൻ നമുക്ക് എന്തെന്ത് കാരണങ്ങൾ. മനുഷ്യന്റെ അടിസ്ഥാന സംഘടനാ സംവിധാനമായ കുടുംബത്തിൽ തുടങ്ങി രാഷ്ട്രങ്ങൾ വരെ എത്തി നില്ക്കുന്ന ചെറുതും വലുതുമായ യുദ്ധങ്ങളിൽ ആശയും ആവേശവും ജീവിതവും നഷ്ടപ്പെടുന്ന അഭയാർഥികളുടെ എണ്ണം അതി ഭീകരമാണ്. 

കുടുംബബന്ധങ്ങളിൽ  വിള്ളൽ വീഴുമ്പോൾ അനാഥർ ആവുന്ന കുഞ്ഞുങ്ങൾ മുതൽ രാഷ്ട്രീയ അസ്വസ്ഥതകൾ കൊണ്ട് പാലായാനം ചെയ്യുന്നവർ വരെ വിശാലമായ കാഴ്ചപ്പാടിൽ അഭയാർഥികൾ ആവുന്നു.....ഒരു നിമിഷത്തെ വീണ്ടുവിചാരം...വിട്ടുവീഴ്ച....കരുതൽ...അതൊക്കെ മതിയാവും, ഒരു പക്ഷെ ഒരു വൻ യുദ്ധം ഒഴിവാക്കാൻ....അത് കുടുംബത്തിലായാലും സമൂഹത്തിലായാലും രാഷ്ട്രീയ നയതന്ത്രതലത്തിലായാലും....

സിറിയ ഒരോര്‍മപ്പെടുത്തലാണ്... സിറിയ ഏറെ അകലെയല്ല; യുദ്ധവും... 

ഇന്നത് അകലെയുള്ള ഏതോ ഇടമാണെങ്കിൽ, നാളെ അത് എന്റെയും നിങ്ങളുടെയും കുടുംബമാകാം...
പണിസ്ഥലമാകാം...
ഗ്രാമമാകാം...
രാജ്യമാകാം...എവിടെയുമാകാം.

ഐലാന്‍ കുര്‍ദിയുടെയും സിറിയയിലെ നിരപരാധികളുടെയും സ്ഥാനത്ത് ഞാനാകാം...
നിങ്ങളാകാം...
ആരുമാകാം....

യുദ്ധങ്ങളില്ലാതെ, ചോരപ്പുഴകളില്ലാതെ, മുറിപ്പെടുത്തലുകൾ ഇല്ലാതെ പ്രശ്നങ്ങൾ തീരുന്ന സമാധാനത്തിന്റെ പുലരി സംജാതമാവട്ടെ.... ഇപ്പോൾ ഒരു കുറുക്കൻ ചിരിയോടെ നിങ്ങൾ എന്നെ വിളിക്കുന്നുണ്ടാവും....മുഴുവട്ടൻ എന്ന്...സന്തോഷത്തോടെ ഞാൻ ആ വിളിയെ ശിരസാവഹിക്കുന്നു.... 

ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക

അല്ലെങ്കില്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക


Friday, 2 March 2018

ഇടയന്മാരിലും സഭാ സംവിധാനങ്ങളിലും വിശ്വാസികൾക്ക് നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന വിശ്വാസം എങ്ങനെ വീണ്ടെടുക്കും !!???

ചില സാങ്കേതിക കാരണങ്ങളാൽ ഈ പോസ്റ്റ് റീപോസ്റ്റ് ചെയ്തിട്ടുണ്ട്...
വായിക്കാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക...

















































































ഇപ്പോഴും നില നിൽക്കുന്ന ജന്മി കുടിയാൻ വ്യവസ്ഥ !!!

2015 ബജറ്റ് അവതരണദിവസം നിയമസഭയിൽ ഇടതുപക്ഷ എം എൽ ഏ മാർ പൊതുമുതൽ നശിപ്പിച്ച കേസ് ഇപ്പോഴത്തെ ഇടത് സർക്കാർ പിൻവലിക്കാൻ ശ്രമിക്കുന്നു....

തൊഗാഡിയയുടെ കോഴിക്കോട് വർഗ്ഗീയ വിദ്വേഷക്കേസ് പിന്നീട് വന്ന യു ഡി എഫ് സർക്കാർ പിൻ‌വലിക്കുന്നു...

ABVP-ക്കാർ എം ജി കോളേജിൽ സി ഐ യെ മൃഗീയമായി ആക്രമിച്ച കേസ് പിന്നീട് വന്ന യു ഡി എഫ് സർക്കാർ പിൻവലിച്ചു.... 

മുന്‍ ചീഫ് സെക്രട്ടറി സി പി നായരെ വധിക്കാന്‍ ശ്രമിച്ച കേസ് പിന്നീട് വന്ന യു ഡി എഫ് സര്‍ക്കാര്‍ പിന്‍വലിച്ചു....

കേശവേന്ദ്രകുമാറിനെ കെഎസ്‌യു ക്കാർ ആക്രമിച്ച കേസ് യു ഡി എഫ് ര്‍ക്കാര്‍ പിന്‍വലിച്ചു....

ഇവിടെ പല കേസിലും സ്വന്തം കൂട്ടത്തിൽ പെട്ടവർക്ക് വേണ്ടി പോലുമല്ല കേസുകൾ എഴുതിത്തള്ളുന്നത്....

ഇതൊക്കെ കാണുമ്പോൾ ഒരു ജനാധിപത്യരാജ്യത്തെ സാധാരണ പൗരൻ എന്ന നിലയിൽ ഞാൻ ചിന്തിക്കുന്നത് ഇപ്രകാരമാണ്...

ആദ്യകാല പുരോഗമനസർക്കാർ ഇവിടെ ജന്മി കുടിയാൻ വ്യവസ്ഥ അവസാനിപ്പിച്ചെങ്കിലും, നമ്മുടെ നാട്ടിലെ ജനാധിപത്യ - രാഷ്ട്രീയ പരിതസ്ഥിതിയിൽ ജന്മി കുടിയാന്‍ വ്യവസ്ഥിതി അതിന്റെ എല്ലാ ഭീകരതയോടെ നില നില്‍ക്കുന്നു. ഇവിടെ ഉയര്‍ന്ന ഭരണ സഭകളില്‍ കയറി ഇരിക്കുന്നവരും പാർട്ടിയുടെ ഉന്നത നേതാക്കളും പഴയകാല ഫ്യൂഡൽ ജന്മിമാരെപ്പോലെയാണ് വർത്തിക്കുന്നത്. പ്രാദേശിക ഭരണ സഭകളില്‍ കയറിക്കൂടിയവരും ഇടത്തട്ട് നേതാക്കന്മാരും പഴയ കാല മിച്ചവാരക്കാരെ ഓർമ്മിപ്പിക്കുമ്പോൾ ലോക്കൽ നേതാക്കളും ന്യൂറോട്ടിക്ക് ഭക്തന്മാരായ രാഷ്ട്രീയപ്രവര്‍ത്തകരും പാട്ടക്കുടിയാന്മാരെ അനുസ്മരിപ്പിക്കുന്നു. ഇതിലൊന്നും പെടാത്ത കഴുത പൊതുജനം അഗണ്യകോടിയില്‍ പെട്ട ദരിദ്രവാസി കര്‍ഷകത്തൊഴിലാളികളുടെ സ്ഥാനത്താണ്. 


ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക


അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക


Thursday, 1 March 2018

തുറിച്ചു നോക്കാത്ത മലയാളി എന്തിനാണ് ഇത്ര പ്രകോപിതനാവുന്നത് !!???

മാതൃഭൂമി പുരോഗമന വിപ്ലവ പ്രസ്ഥാനമൊന്നുമല്ലാത്തിടത്തോളം കാലം ഗൃഹലക്ഷ്മിക്ക് ഈ മുഖചിത്രം കച്ചവടമാണെന്ന കാര്യത്തിൽ തർക്കമൊന്നും എനിക്കില്ല; ആശയത്തെക്കാൾ ആമാശയം തന്നെയായിരിക്കും ഇത്തരമൊരു ചിത്രം ഇട്ടതിന് പിന്നിൽ. പക്ഷെ, ഇതിലൂടെ അവർ മുന്നോട്ട് വയ്ക്കാൻ ശ്രമിച്ച ആശയം ഏറെ പ്രസക്തമാണ്. 
മോഡലിനെ സംബന്ധിച്ചും ഇത് വയറ്റിപ്പിഴപ്പ് തന്നെയാണ്. അവർ കല്യാണം കഴിച്ചതാണോ അമ്മയായതാണോ നോക്കിയത് ക്യാമറയിലാണോ നിങ്ങളെ തുറിച്ചു നോക്കിയോ മാതൃത്വം ചുരക്കുന്നുണ്ടോ എന്ന ചർച്ചകൾക്കൊന്നും, അഡ്രസ്സ് ചെയ്യേണ്ട വിഷയത്തോളം പ്രാധാന്യം ഇല്ലെന്നാണ് എന്റെ പക്ഷം (For clarity "എന്റെ" പക്ഷം)
മോഡൽ എന്ന് പറയുമ്പോൾ ആ കുഞ്ഞും മോഡലാണ്; സിനിമകളിലും മറ്റു ചിത്രീകരണങ്ങളിലും സംഭവിക്കുന്നത് പോലെ കുഞ്ഞിന്റെ മാതാപിതാക്കളായിരിക്കും ഈ മോഡലിങ്ങിന് കരാറൊപ്പിട്ടതും പണം കൈപ്പറ്റിയതും. അപ്പോൾ നിയമനടപടികളിൽ അവരും കുരുങ്ങാനാണ് സാധ്യത. 

ഒരു കൊച്ചു കുഞ്ഞിന്റെ വായിൽ മറ്റൊരു സ്ത്രീയുടെ മുല തിരുകിയത് ബാലാവകാശ ലംഘനമോ ബാല പീഡനമോ ആയി തോന്നിയാൽ നിയമവഴിയെ നേരിടുകയാണ് ശരി. 
ഇനി മുല പരസ്യമായി പ്രദർശിപ്പിച്ചത് നിയമപരമായി തെറ്റാണെങ്കിൽ അതും നിയമം വഴി നേരിടണം.

ചില സദാചാരസംരക്ഷണക്കാരും ശിശുസ്നേഹികളും  പലരും കോടതിയെ സമീപിച്ച സ്ഥിതിക്ക് കോടതിവിധി എന്താവുമെന്നറായിയാനുള്ള ഒരു ആകാംക്ഷ എനിക്കുമുണ്ട്. പക്ഷെ, യാഥാർഥ്യബോധത്തോടെ ഇതിനെ വീക്ഷിച്ചാൽ കോടതി ഇതിനെ അനുകൂലിക്കുമെന്നാണ് ഞാൻ വിശ്വസിക്കുന്നത്. 

വാരികയുടെ ടൈറ്റിൽ ഇങ്ങനെയല്ലേ..."കേരളത്തോട് അമ്മമാർ പറയുന്നു; തുറിച്ചു നോക്കരുത്...." ഇതിൽ എവിടെയാണ് "പുരുഷന്മാരെ" "മാത്രമായി" "അപമാനിക്കൽ" എന്ന് മനസിലാവുന്നില്ല.
തുറിച്ചു നോട്ടം എന്ന കലാപരിപാടി ആണുങ്ങൾ മാത്രം ചെയ്യുന്ന കാര്യമല്ല. വീട്ടിലോ പരിചയത്തിലോ ഉള്ള സ്ത്രീകളോടൊന്ന് ചോദിച്ചു നോക്കൂ. ചൂളി തൊലിയുരിഞ്ഞ് പോകുന്ന നോട്ടം തന്ന ചേച്ചിമാരില്ലെ എന്ന് ? പൊതു ചടങ്ങുകളിൽ ഒന്ന് നിരീക്ഷിച്ചാൽ മാത്രം മതി; പൊതു സദാചാര ഡ്രസ്സ് കോഡിന് പുറത്ത് വസ്ത്രം ധരിച്ച് ഒരു പെണ്ണ് വന്നാൽ അവളെ നോക്കി ദഹിപ്പിക്കുന്നത് ചേട്ടന്മാരെക്കാൾ ചേച്ചിമാർ ആയിരിക്കും. പൊതുസ്ഥലത്തോ ബസിലോ ട്രെയിനിലോ ഒതുങ്ങിയും ചുരുങ്ങിയും ഒളിച്ചും പാത്തും മൂടി പുതച്ചും ഒക്കെ കഷ്ടപ്പെട്ടു കുട്ടികൾക്ക് പാല് കൊടുക്കാൻ ശ്രമിക്കുന്നത് തുറിച്ചല്ലെങ്കിലും പാളിയെങ്കിലും നോക്കുന്ന കണ്ണുകളെ പേടിച്ചിട്ടല്ലെങ്കിൽ പിന്നെ എന്തിനാണ് ?. ഞാൻ നോക്കാറില്ല; അത് കൊണ്ട് തന്നെ ആരും നോക്കാറില്ല എന്നൊക്കെ പറയുന്ന നിഷ്കളങ്കരോടും സത്യാന്വേഷികളോടും എന്ത് പറയാനാ ?. ഞാൻ ഒളിപ്പിച്ചു നോക്കാറില്ല എന്ന ആത്മവിശ്വാസമുള്ളവൻ പിന്നെ ഈ ആരോപണത്തിൽ ഹാലിളകുന്നത് എന്തിനാണ്; ഞാൻ ആ ടൈപ്പ് അല്ലാത്തതിൽ അഭിമാനിച്ചാൽ പോരെ. തുറിച്ചു നോക്കരുത് എന്ന് പറയുമ്പോൾ എല്ലാവരും തുറിച്ചു നോക്കുന്നു എന്നല്ല മനസിലാക്കേണ്ടത്; തുറിച്ചു നോക്കുന്നവരും ഉണ്ട്; ആ സ്ഥിതിക്ക് മാറ്റം വരണം എന്ന് മാത്രമാണ്. പൊതു ഇടങ്ങളിൽ മാലിന്യം നിക്ഷേപിക്കരുത്, പൊതു ഇടങ്ങളിൽ പുകവലിക്കരുത്, സബ് വേയിൽ മൂത്രമൊഴിക്കരുത് എന്നൊക്കെ എഴുതി വയ്ക്കുന്നത് പൊതു സമൂഹത്തിലെ എല്ലാവരും അങ്ങനെ ചെയ്യുന്നവർ ആയത് കൊണ്ടാണോ ? അങ്ങനെ ചെയ്യുന്നവർ അതിൽ നിന്ന് പിന്മാറണം എന്ന ഉദ്ദേശ്യത്തിലാണ്. തീരെ ചെറുതല്ലാത്ത ഒരു വിഭാഗം മലയാളികൾ (വീണ്ടും, നിഷ്കളങ്കരും സത്യാന്വേഷികളും ക്ഷമിക്കുക; You are excluded) മറ്റുള്ളവരുടെ സ്വകാര്യതയിൽ തല കടത്താൻ താല്പര്യം കാണിക്കുന്നവർ ആണ്. ആഴ്ചയിൽ ഒന്നെങ്കിലും സദാചാരപോലീസിങ് റിപ്പോർട്ട് ചെയ്യപ്പെടുന്ന നാടാണിത്. 
പൊതുസ്ഥലത്ത് സമാധാനമായി മുലയൂട്ടാനുള്ള സൗകര്യം ഉണ്ടാകണം എന്ന് പറയുമ്പോൾ ഞങ്ങൾക്ക് മൂത്രമൊഴിക്കണം, ഞങ്ങൾക്ക് സ്വയംഭോഗം ചെയ്യണം എന്നൊക്കെ പറഞ്ഞുള്ള സർകാസ്റ്റിക്ക് കൗണ്ടർ ക്യാമ്പെയിനുമായി വരുന്ന "ഗൃഹലക്ഷ്മണൻ"മാരോട് നടുവിരൽ നമസ്കാരത്തോടെയുള്ള OMKV ആശംസിക്കാനേ തല്ക്കാലം തോന്നുന്നുള്ളൂ.
ഇപ്പോൾ കേൾക്കുന്നതിൽ ഭൂരിഭാഗവും ന്യൂറോട്ടിക്കായ കഴുതകളുടെ കരച്ചിലാണ്; ഇടക്ക് നിഷ്കളങ്കമായ ചില മോങ്ങലുകളും. ബലാൽസംഗക്കേസിലെയും ബാലപീഡനക്കേസുകളിലെയും പ്രതികൾ വരെ സ്ത്രീത്വത്തിന്റെയും മാതൃത്വത്തിന്റെയും ശിശുനീതിയുടെയും അപ്പസ്തോലന്മാരായി പോസ്റ്റുകൾ ഇടുന്നുണ്ട്; പക്ഷെ അത് പലതും ആ മോഡലിന്റെയും ഈ കാമ്പെയിനിനെ അനുകൂലിച്ചവരുടെയും അമ്മയ്ക്കും പെണ്ണുംപിള്ളക്കും അവരുടെ ശരീരഭാഗങ്ങൾക്കും വിളിച്ചു കൊണ്ടാണെന്നതാണ് വലിയ തമാശ.

കുറഞ്ഞ പക്ഷം, ഗൃഹലക്ഷ്മി ഒരുപകാരം ചെയ്തു. "മുല" എന്ന വാക്കുപയോഗിക്കാനുള്ള സാമാന്യ മലയാളിയുടെ വല്ലായ്മയെ എങ്കിലും നല്ലൊരളവിൽ ഇല്ലായ്മ ചെയ്തു. മുല എന്ന വാക്ക് പോലും അശ്ലീലമായിട്ടാണ് മലയാളി കാണുന്നതെന്ന് തോന്നിയിട്ടുണ്ട്.
മാധ്യമങ്ങളിലെ ചില സൗന്ദര്യ-ആരോഗ്യ പംക്തികൾ വായിച്ചിട്ടുണ്ടോ ?
ചാനലുകളിലെ ഡോക്ടറോട് ചോദിക്കുന്ന പരിപാടികൾ ശ്രദ്ധിച്ചിട്ടുണ്ടോ ? 
ലൈംഗിക "വിദ്യാഭ്യാസ" ക്ളാസുകളും സെമിനാറുകളും കേട്ടിട്ടുണ്ടോ ?
അവിടെയൊന്നും "മുല" എന്ന മലയാളം വാക്ക് ആരും ഉപയോഗിക്കില്ല; സംസ്കൃതം, ഇംഗ്ലീഷ് തുടങ്ങിയ "ആര്യ"ഭാഷ പ്രയോഗിച്ച് മുലയിൽ നിന്ന് രക്ഷപ്പെടും. സ്തനം, മാറിടം, Breast ഒക്കെയായിരുന്നു അവിടെ താരങ്ങൾ. "അമ്മിഞ്ഞ" എന്ന് വരെ ഗൗരവമായ ചർച്ചകളിൽ ഉപയോഗിക്കുന്നത് കേട്ടിട്ടുണ്ട്. 
ഈ ഗൃഹലക്ഷ്മി ഇറങ്ങിയത് മുതൽ  സോഷ്യൽ മീഡിയയിൽ മുലയാണ് താരം
ഗൃഹലക്ഷ്മി എടുത്ത് പുറത്തിട്ട മുല കപട സദാചാര മലയാളിയെ എത്ര കണ്ട് വിറളി പിടിപ്പിക്കുന്നു എന്ന് സോഷ്യൽ മീഡിയയിൽ ചുമ്മാ ഒന്ന് കണ്ണോടിച്ചാൽ മതി....






കെ. പി. കേശവമേനോൻ പത്രാധിപരായിരുന്ന കാലത്ത് ഫോട്ടോ​ഗ്രാഫർ നമ്പീശൻ പകർത്തിയ ഈ ചിത്രം 1957 ജൂലൈ 7 ലെ മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ മുഖചിത്രമായിട്ടുണ്ട്. 


1984-ൽ മുലയൂട്ടൽ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കേന്ദ്രസർക്കാർ ഇറക്കിയ പോസ്റ്റൽ സ്റ്റാമ്പിന്റെ ചിത്രമാണിത്.





അന്ന് ഈ നാട്ടിൽ ഇത്രയും സദാചാരക്കാർ ഇല്ലാതിരുന്നത് കൊണ്ട് ഇതൊക്കെ പുറത്തിറങ്ങി.....എന്താല്ലേ !!!!!???

ചില തുറിച്ചു നോട്ടങ്ങളെപ്പറ്റി എഴുതിയ ബ്ലോഗ് വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക....==>> നോട്ടങ്ങളും ചില "നോട്ട"പ്പിശകുകളും

ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക

അല്ലെങ്കില്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക