ഞാൻ വെറും പോഴൻ

Monday, 27 February 2023

എന്താണ് കുതിരപ്പവൻ !??


ഒരു പക്ഷെ മോഹൻലാൽ നായകനായി അഭിനയിച്ച "സ്ഫടികം" സിനിമയിലൂടെ ആയിരിക്കണം "കുതിരപ്പവൻ" എന്ന വാക്ക് കേരളത്തിലെ ഭൂരിഭാഗം ആളുകൾക്കും പരിചിതമായത്. സിനിമയിൽ നടൻ ശ്രീരാമന്റെ പൂക്കോയ ഒരു നാണയം വച്ച് നീട്ടിക്കൊണ്ട് മോഹൻലാലിൻറെ ആട് തോമയോട് പറയുന്ന ഒരു ഡയലോഗുണ്ട്.. "അനക്കിരിക്കട്ടെ എന്റെ വക ഒരു കുതിരപ്പവൻ". ആ സിനിമയിൽ തന്നെ മറ്റൊരു രംഗത്തിലും "കുതിരപ്പവൻ" റെഫറൻസ് വരുന്നുണ്ട്. പക്ഷെ ഭൂരിഭാഗം ആളുകൾക്കും ഇന്നും അറിയില്ല; കുതിരപ്പവൻ എന്താണെന്ന്....

Sovereign (സോവറിൻ) അഥവാ പവൻ എന്നത് ഒരു ബ്രിട്ടീഷ് സ്വർണ്ണ നാണയമാണ്. ഗ്രേറ്റ് ബ്രിട്ടന്റെ (ഇംഗ്ലണ്ടിന്റെയും) പാലകവിശുദ്ധനായ ഗീവർഗ്ഗീസ് പുണ്യാള (St George) നെയാണ് ഇത്തരം നാണയങ്ങളുടെ ഒരു വശത്ത് ചിത്രീകരിച്ചിരുന്നത്. ഒരു കുതിരപ്പുറത്തിരുന്ന് കൊണ്ട് ഒരു വ്യാളിയോട് പോരാട്ടം നടത്തുന്ന രീതിയിലാണ് St George നെ ചിത്രീകരിക്കാറുള്ളത്. ഗീവർഗ്ഗീസ് പുണ്യാളന്റെ കുതിരയെ ചിത്രീകരിച്ച പവൻ എന്ന അർത്ഥത്തിലാവണം മലയാളത്തിൽ ഇതിനെ കുതിരപ്പവൻ എന്ന് വിളിച്ചത്. 

ആദ്യകാല പവൻ നാണയം "കുതിരപ്പവൻ" ആയിരുന്നില്ല. ഹെൻറി ഏഴാമന്റെ ഭരണകാലത്താണ് ആദ്യത്തെ സ്വർണ്ണ പവൻ അടിച്ചിറക്കിയത്. 1489 ഒക്ടോബർ 28-ന് രാജാവ് തന്റെ റോയൽ മിന്റ് ഓഫീസർമാരോട് "ഒരു പുതിയ സ്വർണ്ണപ്പണം" ഉണ്ടാക്കാൻ ആവശ്യപ്പെട്ടതനുസരിച്ച് ഇറക്കിയ നാണയങ്ങളാണ് ആദ്യ പവൻ നാണയങ്ങൾ. ബ്രിട്ടനിൽ അതിനു മുൻപും സ്വർണ്ണ നാണയങ്ങൾ പ്രചാരത്തിലുണ്ടായിരുന്നു. അത് കൊണ്ട് തന്നെ ഒരു ബ്രിട്ടീഷ് ഭരണാധികാരി ആദ്യമായി ഇറക്കിയ സ്വർണ്ണ നാണയം ആയിരുന്നില്ല പവൻ. എന്നിരുന്നാലും, അക്കാലത്ത് ഇറങ്ങിയതിൽ വച്ച് ഏറ്റവും വലുതും മൂല്യമുള്ളതുമായിരുന്നു പവൻ. ആ പവൻ നാണയത്തിന്റെ മുൻവശത്ത് കിരീടവും രാജകീയ വസ്ത്രങ്ങളും ധരിച്ച് സിംഹാനസ്ഥനായ ഹെൻറി ഏഴാമന്റെ ചിത്രീകരമാണ് ഉണ്ടായിരുന്നത്. മറുവശത്ത് വാർസ് ഓഫ് ദി റോസസിന് ശേഷം യോർക്കിന്റെയും ലങ്കാസ്റ്ററിന്റെയും ഐക്യത്തെ പ്രതീകവൽക്കരിക്കുന്ന ഇരട്ട റോസാപ്പൂക്കളോട് കൂടിയ രാജകീയ ചിന്ഹമായിരുന്നു ചിത്രീകരിച്ചിരുന്നത്. വലുതും മനോഹരവുമായ ഈ നാണയങ്ങളെ തന്റെ പരമാധികാരവും അന്തസ്സും പ്രദർശിപ്പിക്കാനുള്ള ഉപാധി എന്ന നിലയിലാണ് രാജാവ് കണ്ടിരുന്നത്. 

ഹെൻറി ഏഴാമന്റെ പിൻഗാമികളായ രാജാക്കന്മാരെല്ലാം പവൻ നാണയങ്ങളുടെ പുതിയ പതിപ്പുകൾ അടിച്ചിറക്കിയിരുന്നു. 1603-ൽ ഇംഗ്ലണ്ടിന്റെയും സ്കോട്ട്ലൻഡിന്റെയും രാജാവായി കിരീടമണിഞ്ഞ ജെയിംസ് ഒന്നാമന്റെ ഭരണകാലഘട്ടത്തിൽ ഈ സമ്പ്രദായം ഇല്ലാതായി. 

1815-ലെ വാട്ടർലൂ യുദ്ധത്തിൽ നെപ്പോളിയനെ പരാജയപ്പെട്ടതിനു ശേഷം, ഇംഗ്ലീഷ് ഭരണാധികാരികൾ രാജ്യത്തെ നാണയ വ്യവസ്ഥയെപ്പറ്റി ഒരു അവലോകനം നടത്തി. 21 ഷില്ലിംഗ് ഗിനിയ വീണ്ടും അവതരിപ്പിക്കാൻ ആലോചിച്ചെങ്കിലും, ഇരുപത് ഷില്ലിംഗിന്റെയും പത്ത് ഷില്ലിംഗിന്റെയും മൂല്യമുള്ള സ്വർണ്ണ കഷണങ്ങളുടെ രൂപത്തിലുള്ള നാണയഘടനക്ക് അനുകൂലമായിരുന്നു പൊതുജന വികാരം. അതിൻ പ്രകാരം 20 ഷില്ലിംഗ് മൂല്യമുള്ള ഒരു സ്വർണ്ണനാണയം രൂപം കൊള്ളുകയും ചെയ്തു. അതിന് മുമ്പുപയോഗിച്ചിരുന്ന Sovereign (സോവറിൻ) അഥവാ പവൻ എന്ന പേര് തന്നെ നൽകുകയും ചെയ്തു. 1817- ൽ അടിച്ചിറക്കാൻ തുടങ്ങിയ പുതിയ സ്വർണ്ണ നാണയം ആദ്യ Sovereign (സോവറിൻ) നാണയത്തിന്റെ പകുതിയോളം ഭാരവും വ്യാസവുമുള്ളതായിരുന്നു. എന്നാൽ ഇതും ആദ്യ സോവറിനോളം തന്നെ മനോഹരമായിരുന്നു. അക്കാലത്തെ പ്രശസ്തനായ രത്ന പണിക്കാരിൽ ഒരാളായ ബെനഡെറ്റോ പിസ്ട്രൂച്ചി (Benedetto Pistrucci) യാണ് ഈ നാണയം  രൂപകല്പന ചെയ്തത്. ആ രൂപ കൽപ്പനയിലാണ് സെന്റ് ജോർജിന്റെ ചിത്രം ആദ്യമായി സ്ഥാനം പിടിച്ചതും അതിന് കുതിരപ്പവൻ എന്ന വിളിപ്പേര് കിട്ടിയതും. 

വീണ്ടും 1825 - ൽ സെന്റ് ജോർജിന്റെ ചിത്രത്തിന് പകരം സോവറിൻ നാണയത്തിൽ രാജകീയ ചിഹ്നം സ്ഥാനം പിടിച്ചു. പക്ഷെ ഈ നാണയ രൂപകൽപ്പന ജനങ്ങളുടെ വ്യാപക വിമർശനത്തിന് പാത്രമായി. അതോടെ, വിക്ടോറിയ രാജ്ഞിയുടെ ഭരണകാലത്ത് സെന്റ് ജോർജ്ജ് ഡിസൈൻ വീണ്ടും ഉപയോഗിച്ച് തുടങ്ങി. 1871 മുതൽ, വിശുദ്ധ ഗീവർഗ്ഗീസും വ്യാളിയും പവൻ നാണയങ്ങളിൽ പ്രത്യക്ഷപ്പെട്ടു. മറുവശത്ത് യുവ രാജ്ഞിയായ വിക്ടോറിയയുടെ ചിത്രമായിരുന്നു ആലേഖനം ചെയ്തിരുന്നത്. വിക്ടോറിയ രാജ്ഞിയുടെ ഭരണകാലം മുതൽ എല്ലാ ഭരണാധികാരികളുടെയും കാലത്തിറങ്ങിയ പവൻ നാണയങ്ങളിൽ പിസ്ട്രൂച്ചിയുടെ കുതിര ഡിസൈൻ പ്രത്യക്ഷപ്പെട്ടിരുന്നു. ബ്രിട്ടന്റെ കോളനികൾ ആയിരുന്ന വിവിധ രാജ്യങ്ങളിലെ കമ്മട്ടങ്ങളിൽ കുതിരപ്പവൻ നിർമ്മിക്കപ്പെട്ടിട്ടുണ്ട്. ഓസ്‌ട്രേലിയയിലെ സിഡ്‌നി, മെൽബൺ, പെർത്ത്, കാനഡയിലെ ഒട്ടാവ, ഇന്ത്യയിലെ മുംബൈ, ദക്ഷിണ ആഫ്രിക്കയിലെ പ്രിട്ടോറിയ കമ്മട്ടങ്ങളിൽ ആണ് കുതിരപ്പവൻ മുദ്രണം ചെയ്തിരുന്നത്. വേറെ ഏതൊക്കെ നാണയങ്ങൾ എടുത്താലും കുതിരപ്പവന്റെ ഭംഗിയും കുലീനതയും അതിനൊന്നും ഇല്ലെന്ന് വിശ്വസിക്കുന്ന ഏറെ നാണയ ശേഖരണക്കാർ ഉണ്ട്. 



No comments:

Post a Comment