ഞാൻ വെറും പോഴൻ

Friday 16 August 2024

ഉർവ്വശി : മലയാളത്തിന്റെ ഒരേയൊരു ഓൾ റൗണ്ടർ സൂപ്പർ ആക്ട്രസ്


മികച്ച നടിക്കുള്ള 2024-ലെ സംസ്ഥാന പുരസ്‌കാരം ഉർവ്വശി കരസ്ഥമാക്കിയിരുന്നു. ഉള്ളൊഴുക്ക് കണ്ട അന്ന് തന്നെ എഴുതിയ ഒരു കുറിപ്പിൽ ഈ പുരസ്‌കാര സാധ്യത ഞാൻ പറഞ്ഞിരുന്നു. മുൻ വർഷങ്ങളിൽ അഞ്ചു തവണയാണ് ഉർവ്വശി ഈ നേട്ടം കരസ്ഥമാക്കിയിട്ടുള്ളത്. ആറാമതും ഇത് നേടിയതോടെ സംസ്ഥാന പുരസ്കാരത്തിന്റെ എണ്ണത്തിൽ മോഹൻലാലിലും മമ്മൂട്ടിക്കും ഒപ്പം ഉർവ്വശിയും എത്തിയിരിക്കുകയാണ്. 

മലയാളത്തിന്റെ ലേഡി സൂപ്പർ ആക്ട്രസ് ആരാണ് എന്ന് ചോദിച്ചാൽ എനിക്ക് ഒരൊറ്റ ഉത്തരമേ ഉളളൂ; അത് ഉർവ്വശി എന്ന പേരിൽ അഭിനയിക്കുന്ന കവിത രഞ്ജിനി ആണ്. ലേഡി സൂപ്പർ സ്റ്റാർ എന്ന് വിശേഷിപ്പിക്കാവുന്ന മറ്റ് പലരുമുണ്ടാകാം

ഗൗരവം, ഹാസ്യം, ദുഃഖം.... ഏതുമായിക്കോട്ടെ ഉർവ്വശി അത് കൃത്യമായി അഭിനയിച്ച് ഫലിപ്പിച്ചിരിക്കും. നായിക, വില്ലൻ, സഹ നടി... ഏത് റോളും അവരുടെ കയ്യിൽ ഭദ്രമായിരുന്നു. അത് കൊണ്ട് തന്നെ മലയാള സിനിമയിലെ ഓൾ റൗണ്ടർ എന്ന് കൂടി വിശേഷിപ്പിക്കാവുന്ന അഭിനേത്രിയാണവർ. അയത്നലളിതമായ അഭിനയപാടവം കൈമുതലാക്കിയ, പകരം വെക്കാനില്ലാത്ത പ്രതിഭ എന്ന് പറഞ്ഞാൽ അത് തീരെ കൂടുതലാവില്ല. പ്രേക്ഷകനെ ബോറടിപ്പിക്കാതെ, സ്‌ക്രീനിൽ നിറഞ്ഞു നിൽക്കാനുള്ള അവരുടെ കഴിവ് അതിശയിപ്പിക്കുന്നതാണ്. പല അഭിനേതാക്കൾ ഉള്ള സീനുകളിൽ ഉർവ്വശിയുടെ അഭിനയം നോക്കിയാൽ അവരുടെ പ്രതിഭ നമുക്ക് മനസിലാകും. വിരൽ കൊണ്ട് പോലും അഭിനയിക്കുന്ന പ്രതിഭ എന്ന് മോഹൻലാലിനെ വിശേഷിപ്പിക്കുന്നത് കേട്ടിട്ടുണ്ട്. ആ വിശേഷണത്തിന് എന്ത് കൊണ്ടും യോഗ്യയാണ് ഉർവ്വശി. അവരുടെ ചുണ്ടിന്റെയും കണ്ണിന്റെയും വിരലിന്റെ ചെറു ചലനങ്ങൾ, ഒരു തലയാട്ടൽ ഇതൊക്കെ മതിയാകും വലിയ കാര്യങ്ങൾ പോലും പ്രേക്ഷകനു മനസ്സിലാക്കിക്കൊടുക്കാൻ. ഹാസ്യരസപ്രധാനമായ വേഷങ്ങൾ കൈകാര്യം ചെയ്യുന്നതിൽ ഉര്‍വ്വശിയോളം കയ്യടക്കം മലയാളത്തിൽ എന്നല്ല ഇന്ത്യൻ സിനിമയിൽ തന്നെ വേറൊരു നടിക്കുണ്ടോ എന്ന കാര്യത്തിൽ എനിക്ക് സംശയമുണ്ട്. ഒരു പക്ഷെ, ഹാസ്യം കൈകാര്യം ചെയ്യാനുള്ള ആ കഴിവ് തന്നെയായിരിക്കും മറ്റു നായികാ നടിമാരിൽ നിന്നും ഉര്‍വ്വശിയെ വേറിട്ട് നിർത്തുന്നത്. 

കലാ സാഹിത്യ പാരമ്പര്യത്താൽ സമ്പന്നമായ കുടുംബത്തിൽ നിന്നാണ് ഉർവ്വശി വരുന്നത്. ജനപ്രിയരായ നാടക അഭിനേതാക്കൾ ആയിരുന്ന ചവറ വി. പി. നായരുടെയും വിജയലക്ഷ്മിയുടെയും മകളാണ് ഉർവ്വശി. പ്രശസ്ത മലയാള എഴുത്തുകാരൻ ശൂരനാട് കുഞ്ഞൻ പിള്ളയുടെ കൊച്ചു മകളാണ് ഉർവ്വശി.  സഹോദരിമാരായിരുന്ന കൽപ്പനയും കലാരഞ്ജിനിയും മികച്ച അഭിനേത്രികൾ ആയിരുന്നല്ലോ. ഇവരെക്കൂടാതെ പ്രിൻസ്, കമൽ റോയ് എന്നീ സഹോദരന്മാരും ഉർവ്വശിക്കുണ്ട്. അവരും സിനിമയിൽ അഭിനയിച്ചിട്ടുണ്ട്.  

എട്ടാം വയസ്സിൽ ബാലതാരമായി സിനിമയിൽ അരങ്ങേറ്റം കുറിച്ച ഉർവ്വശി ആദ്യമായി നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് 13-ാം വയസ്സിലായിരുന്നു. 'മുന്താണൈ മുടിച്ച്' സിനിമയിലെ പരിമളം തമിഴ് സിനിമ ലോകത്തിന് ഒരു വിസ്മ യക്കാഴ്ചയായിരുന്നു. 

ഒരു വിധം​ എല്ലാ ദക്ഷിണേന്ത്യൻ ഭാഷകളിലും തന്റെ പ്രതിഭ തെളിയിച്ച ഉര്‍വ്വശി അവതരിപ്പിച്ചതിൽ കൂടുതലും അപാരമായ റേഞ്ചുള്ള കഥാപാത്രങ്ങളാണ്.  1989-91 കാലഘട്ടത്തിൽ തുടർച്ചയായി അവാർഡ് കിട്ടിയ മഴവിൽക്കാവടി, വർത്തമാനകാലം, തലയണമന്ത്രം, കടിഞ്ഞൂൽ കല്യാണം, കാക്കത്തൊള്ളായിരം, ഭരതം, മുഖചിത്രം എന്നീ ചിത്രങ്ങളിലെയും പിന്നീട് അവാർഡ് കിട്ടിയ 'കഴക'ത്തിലെയും 'മധുചന്ദ്രലേഖ'യിലെയും കഥാപാത്രങ്ങളെ ഒന്ന് നോക്കിയാൽ മതി അവരുടെ "വെർസറ്റാലിറ്റി' അറിയാൻ. ഇതൊക്കെ കൂടാതെ 'യോദ്ധ'യിലെ ദമയന്തി, 'മൈ ഡിയർ മുത്തച്ഛ'നിലെ ക്ലാര, 'മിഥുന'ത്തിലെ സുലോചന, 'പൊൻമുട്ടയിടുന്ന താറാവി'ലെ സ്നേഹലത, 'ലാൽസലാ'മിലെ അന്നക്കുട്ടി, 'ഭാര്യ'യിലെ ശൈലജ, 'സ്ത്രീധന'ത്തിലെ വിദ്യ, 'കളിപ്പാട്ട'ത്തിലെ സരോജം,
'സ്ഫടിക'ത്തിലെ തുളസി, 'നാരായ'ത്തിലെ ഗായത്രി, 'മാളൂട്ടി'യിലെ രാജി, 'അഹ'ത്തിലെ രഞ്ജിനി...എന്ന് വേണ്ട എണ്ണിയാലൊടുങ്ങാത്ത ഓരോ കഥാപാത്രത്തെയും അവതരിപ്പിക്കാൻ ഉർവ്വശിയെയല്ലാതെ മറ്റൊരാളെ സങ്കൽപ്പിക്കാൻ പോലുമാകുമോ !?​ 

മലയാളം, തമിഴ്, കന്നട, തെലുങ്ക്, ഹിന്ദി ഭാഷകളിലായി 700-ലേറെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട് ഉർവ്വശി. മികച്ച നടിക്കുള്ള കേരള സർക്കാരിന്റെ പുരസ്കാരത്തിൽ ഒരു ഹാട്രിക്ക് ഉണ്ടെങ്കിൽ അത് ഉർവ്വശിക്ക് മാത്രമാണ്. 1989, 1990, 1991 എന്നീ വർഷങ്ങളിലായിരുന്നു തുടർച്ചയായ ആ അവാർഡ് നേട്ടം. ഏറ്റവുമധികം പ്രാവശ്യം സ്റ്റേറ്റ് അവാർഡ് കിട്ടിയതും ഉർവശിക്ക് തന്നെയാണ്. 1995 ലും 2006 ലുമായിരുന്നു ആ നേട്ടങ്ങൾ. ഇത് കൂടാതെ ഒട്ടേറെ പുരസ്‌കാരങ്ങൾ അവർ നേടിയിട്ടുണ്ട്. 

അഭിനയത്തിന് പുറമെ സിനിമയിൽ കഥ, പാട്ട്, ഡബ്ബിങ്, നിർമ്മാണം എന്നീ മേഖലകളിലും ഉർവ്വശി ഒരു കൈ നോക്കിയിട്ടുണ്ട്. എണ്ണമറ്റ ടെലിവിഷൻ പരിപാടികളിൽ അവതാരകയായും വിധികർത്താവായും ഉർവ്വശി ശ്രദ്ധ നേടിയിട്ടുണ്ട്.

സിനിമയിൽ വന്നതിന് ശേഷം പല ഘട്ടങ്ങളിലും അഭിനയ രംഗത്ത് നിന്ന് പിന്മാറുകയും പിന്നീട് വീണ്ടും വന്ന് മികച്ച അഭിനയം കാഴ്ച വയ്ക്കുകയും ചെയ്ത അധികം നടിമാർ നമുക്കില്ല എന്ന് തന്നെ പറയേണ്ടി വരും. കാമറയ്ക്ക് മുന്നിലും സ്ക്രീനിലും അഭിനയത്തിനപ്പുറം 'വെർസറ്റാലിറ്റി' നിറഞ്ഞ കഥാപാത്രങ്ങളായി ജീവിച്ചു കാണിച്ച ആ ബ്രില്യൻസ് തന്നെയാണ് ഉർവ്വശിയെ എന്നും എപ്പോഴും പ്രേക്ഷക മനസുകളിൽ പ്രിയതാരമാക്കി നിർത്തുന്നത്. കുറേക്കാലത്തിന് ശേഷമുള്ള റീ എൻട്രിയിൽ "ഉള്ളൊഴുക്കി"ലെ ഉർവ്വശിയുടെ പ്രകടനം ഇനിയും അവരിൽ നിന്ന് വരാനിരിക്കുന്ന ഗംഭീര പ്രകടനങ്ങളുടെ ആരംഭമാണെന്ന് ഞാൻ കരുതുന്നു.