ഞാൻ വെറും പോഴൻ

Thursday 30 April 2020

ട്രാൻസും പ്രഭുവിന്റെ മക്കളും പീകെയും...

എന്നെ സംബന്ധിച്ച് തിയേറ്ററിൽ പോയി സിനിമ കാണുന്ന പരിപാടി അത്യപൂർവ്വമാണ്‌. പക്ഷെ, സിനിമ തിയ്യേറ്ററിൽ വരുന്നതിന് മുൻപേ സെൻസറിങ്ങുമായി ബന്ധപ്പെട്ട പ്രതിബന്ധങ്ങളും ആദ്യ റിവ്യൂകളും വായിച്ചപ്പോൾത്തന്നെ തിയ്യേറ്ററിൽ പോയി കാണണമെന്ന് കരുതിയ പടമാണ് ട്രാൻസ്. തൊട്ടാല്‍ പൊള്ളുന്ന വിഷയത്തെ സിനിമയാക്കിയ സംവിധായകന്റെ ധീരത, ഫഹദ് ഫാസിലെന്ന നടന്റെ അഭിനയചാതുരി, അമൽ നീരദിന്റെ ഛായാഗ്രഹണമികവ്, മൊത്തത്തിൽ ഔട്ട് സ്റ്റാൻഡിങ് മൂവി മേക്കിങ്ങ്... ഏതാണ്ട് ഈ നിലയിലൊക്കെയായിരുന്നു റിവ്യൂസിന്റെ പൊതുനിരീക്ഷണം. പക്ഷെ ഓഫീസ് തിരക്കുകളും കൊറോണയും ലോക്ക്ഡൗണും എല്ലാം കൈകോർത്തപ്പോൾ തിയ്യേറ്ററിൽ കാണുക എന്ന തീരുമാനം എട്ട് നിലയിൽ പൊട്ടി. ഒടുക്കം ഈസ്റ്റർ ദിവസം ആമസോൺ പ്രൈമിലാണ് പടം കാണാനൊത്തത്. ഈ വൈകിയ വേളയിൽ സിനിമ റിവ്യൂ എഴുതുക എന്നതല്ല എന്റെ ഉദ്ദേശ്യമെന്ന് ഒരു മുൻ‌കൂർ ജാമ്യം ആദ്യമേ എടുക്കുന്നു.

ഒരൊറ്റ വരിയിൽ പറയാൻ പറഞ്ഞാൽ വിജു പ്രസാദ് എന്ന പ്രാരാബ്ധക്കാരൻ മോട്ടിവേഷണല്‍ സ്പീക്കർ ആയിരക്കണക്കിന് ആരാധകരുടെയും ഭക്തരുടെയും ലഹരിയായ രോഗശാന്തി ശുശ്രൂഷകനായ ദൈവവചനപ്രഘോഷകൻ പാസ്റ്റര്‍ ജോഷ്വാ കാള്‍ട്ടൻ ആയി ട്രാൻസ്ഫോം ആകുന്ന മായാജാലക്കാഴ്ചയാണ് ട്രാൻസ്. ഇതിന് മുൻപ് കാര്യമായി ആരും പറയാൻ ശ്രമിക്കാത്ത ഒരു വിഷയത്തെ ആണ് അന്‍വര്‍ റഷീദ് കെെകാര്യം ചെയ്തിരിക്കുന്നത്. പ്രത്യക്ഷത്തിൽ ക്രൈസ്തവമതത്തിലെ വ്യക്ത്യധിഷ്ഠിതമായി പ്രവർത്തിക്കുന്ന ഇവാഞ്ചലിക്കൽ പെന്റക്കോസ്റ്റൽ സഭയെയാണ് സിനിമയിൽ ചിത്രീകരിച്ചിരിക്കുന്നതെങ്കിലും ട്രാൻസ് തൊടുത്തു വിട്ട വിമർശനശരങ്ങൾ പരോക്ഷമായി വ്യവസ്ഥാപിത ക്രൈസ്തവ സഭകളോട് ചേർന്ന് നിന്ന് പ്രവർത്തിക്കുന്ന കരിസ്മാറ്റിക്ക് പ്രസ്ഥാനങ്ങളുടെ മുഴുവൻ ശരീരങ്ങളിലും ചെന്ന് തറക്കുന്നുണ്ട്. പെന്റക്കൊസ്റ്റ് പാസ്റ്റർമാരിൽ നിന്നെന്ന പോലെ മുഖ്യധാരാവിഭാഗങ്ങളിൽ നിന്നും കേട്ട പ്രതിഷേധസ്വരങ്ങൾ സൂചിപ്പിക്കുന്നത് സിനിമ കൊള്ളേണ്ടിടത് തന്നെ കൊണ്ടു എന്നാണ്. എരുമയെ ചാരി പോത്തിനെ തല്ലുന്ന ആ ക്രിയയിൽ സിനിമയുടെ ശിൽപ്പികൾ വിജയിച്ചിട്ടുണ്ട്. ഭക്തിയും ആത്മീയതയും മതവും ഒരു ലഹരിയായും അടിമത്തമായും മാറുന്നതിനെ വ്യക്തതയോടെ വെള്ളിത്തിരയിൽ ആവിഷ്കരിക്കുന്നു ട്രാൻസ്. അതോടൊപ്പം ഭക്തിയുടെയും ആത്മീയതയുടെയും മുഖംമൂടിക്ക് പിന്നിൽ പ്രവർത്തിക്കുകയും തഴച്ച് വളരുകയും ചെയ്യുന്ന കോർപ്പറേറ്റ് എസ്റ്റാബ്ലിഷ്‌മെന്റുകളെ വിമർശനാത്മകമായി തുറന്നു കാട്ടുവാനും കാര്യമായി ശ്രമിച്ചിട്ടുണ്ട്. ആത്മീയ മേഖലയിലെ കള്ളനാണയങ്ങളെയും ധനസമ്പാദനവ്യഗ്രതയേയും കമ്പോളവൽക്കരണത്തെയും വെറുതെ തൊട്ടു പോകുന്നതിന് പകരം ഭക്തിക്കച്ചവടത്തിന് വളമാകുന്ന തരത്തിൽ സാങ്കേതിക സംവിധാനങ്ങൾ, പബ്ലിക് റിലേഷൻ പ്രൊഫഷണൽ എക്സ്പെർട്ടീസ്, പാക്കേജിങ് മികവ്, പല തരം ഗിമ്മിക്കുകൾ എന്നിവയുടെയൊക്കെ സുസാന്നിധ്യത്തെയും അനിവാര്യതയെയും ചിത്രം മിഴിവോടെ തുറന്നു കാണിക്കുന്നു. ഭക്തിയും ആത്മീയതയും പോലെ തന്നെ മനഃപൂർവ്വമോ അല്ലാതെയോ സിനിമ പറയാൻ ശ്രമിക്കുന്ന മനഃശാസ്ത്രവുമായും വൈദ്യശാസ്ത്രവുമായും ബന്ധപ്പെട്ട കാര്യങ്ങൾ ആ മേഖലയോട് നീതിയോ സത്യസന്ധതയോ കാണിക്കുന്നില്ല എന്നാണ് എനിക്ക് തോന്നിയത്; എനിക്ക് അറിവില്ലാത്ത ഒരു മേഖല ആയത് കൊണ്ട് അതെന്റെ തോന്നലുമാകാം. സിനിമ നിരൂപണം എന്റെ ലക്ഷ്യമല്ലെങ്കിലും, യുക്തിഭദ്രമല്ലാത്ത ഒട്ടേറെ കാര്യങ്ങൾ ഉള്ള തിരക്കഥയും അഭിനേതാവിന്റെ സ്വന്തം ഭാഷാശൈലിയിലും സ്ഥിരം ശരീരഭാഷയിലും കുടുങ്ങിപ്പോയ ചില കഥാപാത്രസൃഷ്ടിയും സിനിമയുടെ ഗതിയിൽ കാര്യമായൊന്നും ചെയ്യാൻ കഴിയാത്ത കഥാപാത്രങ്ങളുടെ സാന്നിധ്യവും ചില രംഗങ്ങളുടെ ആവർത്തനം സൃഷ്ട്ടിക്കുന്ന ചെറിയ വിരസതയും എല്ലാം ചേർത്തെടുത്താൽ കേവലം ശരാശരിക്കപ്പുറമേ സിനിമ പോകുന്നുള്ളൂ.  

1960-കളിൽ ഉരുത്തിരിഞ്ഞ് പ്രൊട്ടസ്റ്റന്റ്-പെന്റക്കൊസ്റ്റൽ വിഭാഗങ്ങൾക്കിടയിൽ ശക്തമായിരുന്ന ഒരു ഭക്തി പ്രസ്ഥാനമാണ് ഉന്മത്തസ്തുതിപ്പുകളുടെയും ഗാനാലാപനങ്ങളുടെയും അകമ്പടിയിൽ ദൈവത്തിന്റെ പരിശുദ്ധാത്മാവിന്റെ ശക്തിയിലും സഹായത്തിലും ആശ്രയിച്ച് ക്രിസ്തുവിന്റെ സുവിശേഷങ്ങൾ പ്രഘോഷിച്ച് അത്ഭുതങ്ങളും രോഗശാന്തികളും പ്രവർത്തിക്കുന്ന കരിസ്മാറ്റിസം. ആരംഭഘട്ടത്തിൽ പരമ്പരാഗത-മുഖ്യധാരാ ക്രൈസ്തവ സഭകൾ കരിസ്മാറ്റിസത്തോട് അയിത്തമനോഭാവം വച്ച് പുലർത്തിയെങ്കിലും എൺപതുകളോടെ കത്തോലിക്കാ സഭയും മറ്റ് മുഖ്യധാരാ സഭകളും കരിസ്മാറ്റിക്ക്  നവീകരണ പ്രസ്ഥാനത്തെ അംഗീകരിക്കാൻ തുടങ്ങി. പിന്നീടിങ്ങോട്ട് പ്രഘോഷിക്കപ്പെടുന്ന ക്രിസ്‌തുവിനേക്കാൾ വളരുന്ന പ്രഘോഷകരും അവരുടേതായ ഗ്രൂപ്പുകളും അവരുടെ സ്തുതിഗായകരും ആജ്ഞാനുവർത്തികളും അതത് ഗ്രൂപ്പുകൾ പുറത്തിറക്കുന്ന പ്രസിദ്ധീകരങ്ങളും എല്ലാം ചേർന്ന് വലിയ കിടമത്സരം നടക്കുന്ന രംഗമായി ഇത് മാറി. പ്രിന്റ്-ഇലക്ട്രോണിക്-സോഷ്യൽ മീഡിയകൾ വഴി നടക്കുന്ന പ്രചാരവേലകളും പരസ്യങ്ങളും കോർപ്പറേറ്റുകളെ തോൽപ്പിക്കുന്ന തരത്തിലേക്ക് നീങ്ങുന്ന ഈ കാലയളവിൽ ട്രാൻസ് നടത്തിയ തുറന്നു കാട്ടലും വിമർശനവും വളരെ പ്രസക്തമാണ്.

ട്രാൻസ് സിനിമ എടുത്തവനൊക്കെ പണി വരുന്നുണ്ടെന്ന് അലറി പറഞ്ഞ അബ്രഹാം പാസ്റ്റർക്ക് തൽക്കാലം സന്തോഷിക്കാം; പ്രവചനം ഫലിച്ചല്ലോ; കാരണം കോവിഡ് ലോക്ക് ഡൗൺ കാരണം തിയേറ്ററുകൾ അടച്ചിട്ടപ്പോൾ അവർക്ക് കിട്ടാമായിരുന്ന കുറെ പണം നഷ്ടമായിട്ടുണ്ട്. പക്ഷെ, ഭക്തിക്കച്ചവടത്തെ തുറന്ന് കാട്ടി ട്രാൻസ് എന്നും വേൾഡ് വൈഡ് വെബിൽ ലൈവ് ആയിത്തന്നെ നിൽക്കും; ഇനിയും നിരവധി ആളുകളുടെ ചിന്തക്കും തിരിച്ചറിവുകൾക്കും അത് ഭക്ഷണവും ജലവുമാകും. ഈയവസരത്തിൽ മറന്നു കൂടാത്ത ഒരു ചിത്രമാണ് 2012-ല്‍ ഇറങ്ങിയെങ്കിലും മേക്കിങ് ബജറ്റിന്റെ പൊലിമക്കുറവിലും താരസാന്നിധ്യത്തിന്റെ ദാരിദ്ര്യത്തിലും അൽപ്പായുസായിപ്പോയ ചിത്രമായിരുന്നു "പ്രഭുവിന്റെ മക്കൾ". അറിയപ്പെടുന്ന ഇന്ത്യൻ യുക്തിവാദി ബസവ പ്രമാനന്ദിന്റെ ജീവിതാനുഭവങ്ങളിൽ നിന്ന് രൂപപ്പെടുത്തിയതായിരുന്നു "പ്രഭുവിന്റെ മക്ക"ളുടെ കഥ. സിദ്ധാര്‍ത്ഥന്‍ എന്ന സയൻസ് വിദ്യാര്‍ത്ഥി ആത്മീയതയിലേക്ക് ആകര്‍ഷിക്കപ്പെടുകയും സന്യാസമാര്‍ഗ്ഗം തേടുന്നതും തുടർന്ന് സന്യാസജീവിതത്തിന്റെ ചില ഉള്ളറ രഹസ്യങ്ങൾ മനസിലാക്കുന്നതോടെ ആ ജീവിതത്തോട് വിരക്തി തോന്നി സന്യാസം വിടുന്നതുമൊക്കെയാണ് സിനിമയുടെ പശ്ചാത്തലം. നാട്ടില്‍ തിരിച്ചെത്തുന്ന സിദ്ധാര്‍ത്ഥന്‍ സഹോദരൻ മണിയുമൊത്ത് ആൾദൈവങ്ങൾക്കും സിദ്ധന്മാർക്കും ഭക്തിക്കച്ചവടക്കാർക്കും അന്ധവിശ്വാസങ്ങള്‍ക്കുമെതിരെ പോരാടുന്നതാണ് സിനിമയുടെ പ്രധാനപ്രതിപാദ്യം. ശക്തമായ ഈ കഥാതന്തുവും തിരക്കഥയുമായിരുന്നു ചിത്രത്തിന്റെ ശക്തി; പക്ഷെ അത് തന്നെ സിനിമയുടെ പരാജയത്തിനു കാരണമായി. അറിയപ്പെടാത്ത സംവിധായകൻ താരമൂല്യം കുറഞ്ഞ അഭിനേതാക്കളെ വച്ച് ചെയ്ത വളരെ കുറഞ്ഞ ബജറ്റ് സിനിമ എന്നതിനപ്പുറം സിനിമ കൈകാര്യം ചെയ്ത വിഷയമാണ് പ്രദർശനത്തിന് തിയ്യേറ്ററുകൾ കിട്ടാതെ പോകാൻ കാരണമെന്ന് കരുതുന്നതാണ് യുക്തിഭദ്രം. ചിത്രം പ്രദര്‍ശിപ്പിച്ചു തുടങ്ങിയ തിയേറ്റര്‍ പോലും തുടർന്ന് പ്രദർശിപ്പിക്കാനാവില്ല എന്ന നിലപാടെടുത്തു. മൂന്നാം കിട കൂറ സിനിമയുടെ പോലും സാറ്റലൈറ്റ് അവകാശം കോടിക്കണക്കിനു രൂപക്ക് വാങ്ങുന്ന ചാനലുകൾ പോലും ചിത്രത്തിന്റെ പ്രദര്‍ശനാവകകാശം വാങ്ങാൻ താല്‍പര്യം കാണിച്ചില്ല. സി.ഡി പുറത്തിറക്കിയാല്‍ തങ്ങള്‍ക്ക് ദൈവകോപമുണ്ടാകുമെന്ന് പറഞ്ഞ് സിഡി പുറത്തിറക്കുന്ന കമ്പനികൾ പിന്മാറിയതായി വായിച്ചതോർക്കുന്നു. എന്തിന്, പ്രമാനന്ദിന്റെ ജീവിതകഥ കൃത്യതയോടെ ചിത്രീകരിക്കുന്നതില്‍ ചിത്രം പരാജയപ്പെട്ടെന്ന് ആരോപിച്ച് കേരളത്തിലെ പരമ്പരാഗത യുക്തിവാദി സംഘടകനകൾ പോലും ഈ ചിത്രത്തിനെതിരായി നിലകൊണ്ടു. എന്നാൽ ബോളിവുഡിന്റെ ചരിത്രത്തിലെ ബ്ലോക്ക് ബസ്റ്റർ ചിത്രം അമീര്‍ഖാന്‍ നായകനായ രാജ്‌കുമാർ ഹിരാനിയുടെ "പീകെ" ഇറങ്ങിയതോടെയാണ് "പ്രഭുവിന്റെ മക്കൾ" ഏറെ പുനർ ചർച്ച ചെയ്യപ്പെട്ടതും ജനകീയമായതും. 2012-ല്‍ നിസാരമാളുകൾ മാത്രം കണ്ടു പോയ ചിത്രം സംവിധായകന്‍ യുട്യൂബില്‍ റിലീസ് ചെയ്തു. അതിശയിപ്പിക്കുന്നതായിരുന്നു പിന്നീടുള്ള പ്രേക്ഷകപ്രതികരണം. പിന്നീടിങ്ങോട്ട് ലക്ഷക്കണക്കിന് ആളുകളാണ് പ്രഭുവിന്റെ മക്കളെ കണ്ടത്.

ഇത്രയും ഒക്കെ പറഞ്ഞ സ്തുതിക്ക് "പീകെ" യെ പറ്റിയും പറഞ്ഞില്ലെങ്കിൽ മോശമാകും. "LAUGH & THINK Magazine" എന്ന വിശേഷണവുമായി മലയാളത്തിൽ ഇറങ്ങിയിരുന്ന "ബോബനും മോളിയും" എന്ന പുസ്തകത്തിന്റെ വിശേഷണം ഈ സിനിമയ്ക്കും ചാർത്താവുന്നതാണ്. "LAUGH & THINK സിനിമ" എന്ന് നിസ്സംശയം ഇതിനെ വിളിക്കാം. പണം കൊടുത്ത് സിനിമ കാണാൻ കയറുന്ന ഭൂരിപക്ഷം പ്രേക്ഷകർക്കും രസച്ചരട് പൊട്ടാത്ത ഒരു ദൃശ്യാനുഭവം പികെ സമ്മാനിക്കുന്നു എന്ന് ധൈര്യമായി പറയാം. ക്ലൈമാക്‌സിനു തൊട്ടു മുൻപ് വരുന്ന ചെറിയ ഒരു നാടകീയത ഒഴിവാക്കിയാൽ ആദ്യ സീൻ മുതൽ അവസാന സീൻ വരെയും പ്രേക്ഷകൻ സിനിമയോടൊപ്പം സഞ്ചരിക്കുന്നു, അല്ലെങ്കിൽ സിനിമ പ്രേക്ഷകനോടൊപ്പം സഞ്ചരിക്കുന്നു. ഉള്ളു തുറന്നു ചിരിക്കാവുന്ന കുറെ കോമഡി രംഗങ്ങളും മനസ്സിനെ മഥിക്കാൻ തക്ക എണ്ണമില്ലാത്ത ചിന്താബീജങ്ങളും സമാനിക്കുന്ന ഒരു ലളിത ഗംഭീര ചിത്രം. സിനിമയിലെ ലളിത ഘടകങ്ങളെ വിട്ടു കളഞ്ഞാൽ ഓരോ സീനിലും ഭാരതത്തിന്റെ വിവിധ കോണുകളിൽ സാമൂഹ്യ മത രംഗങ്ങളിൽ നിലവിലിരിക്കുന്ന ആചാരങ്ങളും വ്യവസ്ഥകളെയും ചിത്രം തുറന്നു കാട്ടുന്നു. ഒരേ രൂപത്തിൽ പിറന്ന മനുഷ്യന്‍ മതത്തിന്റെയും ആചാരങ്ങളുടെയും അടിസ്ഥാനത്തില്‍ എങ്ങനെയൊക്കെ വര്‍ഗീകരിക്കപ്പെട്ടിരിക്കുന്നു എന്ന് തുറന്നു കാണിക്കാൻ ഈ ചിത്രം ആത്മാർഥമായി ശ്രമിക്കുന്നുണ്ട്. തുറന്ന യുക്തിയും സാമാന്യ ബോധവും കൊണ്ടാണ് ഈ സിനിമയെ അളക്കാവൂ.

ഭാഷയുടെയും മതത്തിന്റെയും  രാഷ്ട്രത്തിന്റെയും അതിർ വരമ്പുകളെ പരിഗണിക്കാതെ ഭൂമിക്കു പുറത്തു നിന്ന് വന്ന പീ കെ എന്ന കഥാപാത്രം ചിത്രത്തിൽ ഒരു സമയത്ത് പോലും ഒരു അസാധാരണ-അമാനുഷ നായകൻ ആവുന്നില്ല. ഇത്തരം ഒരു കഥാപാത്രം ഇന്ത്യയിൽ ഒരു ചലച്ചിത്രത്തിലും ഉണ്ടായിക്കാണാൻ ഇടയില്ല. ദൈവങ്ങളുടെ പേരിൽ വിവിധ മതങ്ങളും അവയുടെ നടത്തിപ്പുകാരും ഉണ്ടാക്കിയ ആചാരങ്ങളുടെയും മാമൂലുകളുടെയും ജീവിത രീതികളുടെയും കാമ്പില്ലായ്മയെ നർമ്മത്തിന്റെ മേമ്പൊടിയിൽ ചാലിച്ച് പീ കെ അവതരിപ്പിക്കുന്നു. ചിത്രം ദൈവത്തിന്റെ അസ്ഥിത്വത്തെ തള്ളിപ്പറയുന്നില്ലെങ്കിലും ദൈവവും അതിന്റെ നടത്തിപ്പുകാരും ആവർത്തിച്ച് ചോദ്യം ചെയ്യപ്പെടുന്നുണ്ട്. 

മതം സൃഷ്ടിച്ചെടുത്തിട്ടുള്ള അതിന്റെ നടത്തിപ്പ് സംവിധാനങ്ങളോടും അതിന്റെ കാര്യസ്ഥന്മാരോടും ആള്‍ ദൈവങ്ങളോടും നമ്മുടെ മാധ്യമങ്ങൾ പ്രകടിപ്പിക്കുന്ന വിധേയത്വവും തെല്ലു ഭയവും ചിത്രം തുറന്നു കാട്ടാൻ ആത്മാർഥമായി ശ്രമിക്കുന്നുണ്ട്. എന്നാല്‍ മാധ്യമങ്ങളെ ആരോഗ്യകരമായും ക്രിയാത്മകമായും എങ്ങനെ സമൂഹത്തിനു വേണ്ടി ഉപയോഗിക്കാം എന്നു കൂടി അവതരിപ്പിക്കാൻ ചിത്രം തയ്യാറാകുന്നിടത്ത് ചിത്രത്തിൻറെ മികച്ച നിലവാരം കാണാവുന്നതാണ്. മൊത്തത്തിൽ നോക്കിയാൽ പ്രത്യക്ഷത്തിൽ ഈ സിനിമ ഇവിടത്തെ ഭൂരിപക്ഷ മതത്തിനെ ചുറ്റിപ്പറ്റി ഉപജീവനം നടത്തുന്ന ചിലരെയാണ് വിമർശിക്കുന്നതെങ്കിലും "വെട്ടു കൊള്ളാത്തവരില്ല കുരുക്കളിൽ" എന്ന പ്രയോഗത്തെ അനുസ്മരിപ്പിക്കുന്ന വിധത്തിൽ ഒട്ടു മിക്ക മുഖ്യധാരാ മതങ്ങളെയും ഒന്ന് ഞോണ്ടാൻ മുതിർന്നിട്ടുണ്ടെന്നും സൗകര്യപൂർവ്വം മറക്കരുത്.

ഈ മൂന്ന് ചിത്രങ്ങളെയും തുടരെ തുടരെ കണ്ടിട്ട് ഒരു റാങ്കിങ് നടത്താൻ പറഞ്ഞാൽ മൂന്നാം സ്ഥാനത്തേ ഞാൻ ട്രാൻസിനെ പ്രതിഷ്ഠിക്കൂ...

ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക


അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക

No comments:

Post a Comment