ഞാൻ വെറും പോഴൻ

Thursday 9 April 2020

പിള്ളേച്ചാ, തള്ളുമ്പോൾ മുഴുവനും തള്ളണം...അല്ലെങ്കിൽ പിള്ളേച്ചൻ നുണ പറഞ്ഞതാണെന്ന് ആൾക്കാര് കരുതും..!!

കുറച്ചു നാളുകളായി സോഷ്യൽ മീഡിയയിൽ വ്യാപകമായി കിടന്നു കറങ്ങുന്ന ഒരു കുറിപ്പിനെക്കുറിച്ച് എഴുതണമെന്ന് കരുതുന്നു. കുറിപ്പ് ഇങ്ങനെയാണ്.... 

#ഇന്ത്യൻ പ്രധാനമന്ത്രിക്ക് ഒരു ഫോൺ കാൾ വരുകയാണ്. ഇന്ത്യാ-പാക് യുദ്ധം കൊടുമ്പിരി കൊണ്ടിരിക്കുന്ന സമയത്ത് അമേരിക്കയിലെ വൈറ്റ്ഹൗസിൽ നിന്ന് പ്രസിഡൻ്റ് റിച്ചാർഡ് നിക്സൻ്റെ ഫോൺ. ഇന്ത്യൻ പ്രധാനമന്ത്രി എന്താ കാര്യം എന്ന് അന്വേഷിച്ചു. പ്രസിഡൻറ് നിക്സൺ ആവശ്യമറിയിച്ചു, എത്രയും പെട്ടന്ന് പാകിസ്ഥാനെതിരെയുള്ള യുദ്ധം അവസാനിപ്പിക്കുക,അല്ലായെങ്കിൽ പാക് സൈന്യത്തെ സഹായിക്കാനായി അമേരിക്കൻ ഏഴാം കപ്പൽപ്പട അവിടേക്ക് എത്തും എന്നായിരുന്നു... ഇന്ത്യൻ പ്രധാനമന്ത്രിയുടെ മറുപടി ഇതായിരുന്നു, ഞങ്ങൾക്കെതിരെ പാകിസ്ഥാന് വേണ്ടി സൈനികരുമായി കപ്പൽ വിടണോ എന്ന് നിങ്ങൾക്ക് തീരുമാനിക്കാം, പക്ഷെ ഇന്ത്യൻ സമുദ്രാതിർത്തി കടക്കുന്ന കപ്പലുകളും, അതിലെ സൈനികരും ജീവനോടെ തിരിച്ചു പോകണോ വേണ്ടയോ എന്ന് ഞാൻ തീരുമാനിക്കും. ആ പ്രധാനമന്ത്രിയുടെ പേരാണ് ഇന്ദിരാഗാന്ധി എന്ന് ചുമ്മാതൊന്ന് ഓർമ്മിപ്പിക്കുകയാണ്..

പോസ്റ്റിന്റെ ഉദ്ദേശം ഇത്രയേയുള്ളു; ഞങ്ങളുടെ ഇന്ദിരാജിയുടെ നേതൃത്വപാടവത്തിന്റെയും കൂസലില്ലായ്മയുടെയും വിപദിധൈര്യത്തിന്റെയും ഒന്നും അടുത്ത് പോലും മോഡി വരില്ല എന്ന് പറഞ്ഞുറപ്പിക്കണം. അതിലൊന്നും എനിക്ക് വിരോധമില്ല.

പക്ഷെ മറ്റൊന്ന് പറയാൻ ആഗ്രഹമുണ്ട്.

പോസ്റ്റിൽ വർഷം ഒന്നും പറഞ്ഞിട്ടില്ലെങ്കിലും ഇന്ദിരാഗാന്ധി ഇന്ത്യൻ പ്രധാനമന്ത്രിയും റിച്ചാർഡ് നിക്‌സൺ അമേരിക്കൻ പ്രസിഡന്റും ആയിരുന്ന കാലഘട്ടത്തിൽ 1971-ലെ ഇന്ത്യ പാക്കിസ്ഥാൻ യുദ്ധമാവണം പ്രതിപാദ്യയുദ്ധം. ആരംഭദിശയിൽ ഓപ്പറേഷൻ ചെങ്കിസ്ഖാൻ എന്ന് വിശേഷിപ്പിക്കപ്പെട്ട ഈ യുദ്ധം 13 ദിവസം മാത്രം നീണ്ടുനിന്ന് ചരിത്രത്തിലെ ഏറ്റവും ചെറിയ യുദ്ധങ്ങളിലൊന്നായി അവസാനിച്ചു; പക്ഷെ, 1971 വരെ പാകിസ്താന്റെ ഭാഗമായിരുന്ന പ്രദേശങ്ങൾ ചേർന്ന് "ബംഗ്ലാദേശ്" എന്ന സ്വതന്ത്ര രാജ്യമായത് ഈ യുദ്ധത്തിന്റെ അവസാനത്തോട് കൂടിയാണ്.

നമുക്ക് വിഷയത്തിലേക്ക് വരാം; നിക്‌സൺ ഇന്ദിരയെ ഫോണിൽ വിളിച്ചോ ഇല്ലയോ എന്നത് പറയാനുദ്ദേശിക്കുന്ന കാര്യത്തിൽ പ്രസക്തമല്ലാത്തത് കൊണ്ട് അതിന്റെ വാസ്തവം എന്തെങ്കിലും ആവട്ടെ.  

പ്രസ്തുത പോസ്റ്റിൽ പറഞ്ഞിരിക്കുന്ന ഏഴാം കപ്പൽ പടയുടെ വലിപ്പം കാണിച്ച്‌ അമേരിക്ക ഇന്ത്യയെ പേടിപ്പിക്കാൻ ശ്രമിച്ചു എന്നത് ചരിത്രവസ്തുതയാണ്. അത് കേട്ട് ഇന്ദിരാജി വിരണ്ടില്ല എന്നതും വസ്തുതയാണ്. അതിന്റെ കാരണം ഇന്ദിരാജിയുടെ വ്യക്തിഗുണങ്ങളോ ഇന്ത്യയുടെ സൈനികശേഷിയോ യുദ്ധമികവോ ഒന്നുമല്ല. ഈ യുദ്ധത്തിന് മുന്നേ ഇന്ത്യ സോവിയറ്റു യൂണിയനുമായി ഒപ്പിട്ട Treaty of Friendship ന്റെ ബലമാണ്. അക്കാലത്ത് അമേരിക്കയുമായി കൊമ്പു കോർക്കാൻ കിട്ടുന്ന അവസരങ്ങൾ ഒന്നും പാഴാക്കാതിരുന്ന സോവിയറ്റ് യൂണിയൻ ഉരുക്കു കോട്ട പോലെ പിന്നിലുണ്ടെന്ന വിശ്വാസമാണ് നെഞ്ച് വിരിച്ചു നിൽക്കാൻ ഇന്ത്യയെയും ഇന്ത്യയുടെ ഉരുക്കുവനിതയെയും ധൈര്യപ്പെടുത്തിയത്.  സോവിയറ്റ് യൂണിയൻ കൊടുത്ത ആത്മവിശ്വാസത്തിന്റെ ബലത്തിലാണെങ്കിലും ലോക പോലീസാവാൻ കച്ച കെട്ടിയിറങ്ങിയ യാങ്കികളെ നിസാരവല്ക്കരിക്കാൻ ഇന്ദിര പ്രകടിപ്പിച്ച മനസാന്നിധ്യവും ആജ്ഞാശക്തിയും ചെറുതാണെന്നും എനിക്കഭിപ്രായമില്ല.  

നിക്സണും കിസിഞ്ഞറും കൂടി നയിച്ചിരുന്ന ലോകശക്തികളിൽ ഒന്നിനെതിരെ ഇന്ദിരയുടെ നേതൃത്വത്തിൽ ഇന്ത്യ നടത്തിയ ഈ ചെറുത്തുനിൽപ്പ് അമേരിക്കയെ സാരമായി അലോസരപ്പെടുത്തി എന്നതിൽ തർക്കമില്ല. അക്കാലത്തെ വൈറ്റ്‌ ഹൗസ്‌ ചർച്ചകളുടെ, പിന്നീട് declassify ചെയ്ത റെക്കോർഡ്‌, ഔട്ട്‌ ലുക്ക്‌ മാസികയിൽ  കുറേക്കാലം മുൻപു വന്നിരുന്നു. നിക്സണും കിസിഞ്ഞറും ഇന്ദിരാഗാന്ധിയെ പരാമർശ്ശിക്കാൻ കൊടിച്ചിപ്പട്ടി (Bitch) എന്ന തെറി ലോഭമില്ലാതെ ഉപയോഗിക്കുന്നതും മറ്റും അതിലുണ്ട്‌. അതിൽ നിന്ന് തന്നെ, ഇന്ദിരയുടെ നിലപാട്‌ അമേരിക്കയെ എത്ര frustrate ചെയ്തു എന്നു മനസിലാകും. 

വിയറ്റ്‌നാം കോളനി സിനിമയിൽ മോഹൻലാലിന്റെ നായകനെ കണ്ട് ഓട്ടോ ഡ്രൈവർ പേടിച്ച് മുണ്ടാട്ടം മുട്ടി സീനിൽ നിന്ന് സ്കൂട്ടാവുന്ന ഒരു സീനുണ്ട്. നായകന് കാര്യത്തിന്റെ കിടപ്പ് അപ്പോൾ മനസിലാവുന്നില്ലെങ്കിലും ഓട്ടോക്കാരൻ പേടിക്കുന്നത് നായകന്റെ പിന്നിൽ നിൽക്കുന്ന പറവൂർ റാവുത്തർ എന്ന ഭയങ്കരനെ കണ്ടിട്ടാണെന്ന് സിനിമ കാണുന്നവർക്ക് മനസിലാവും.

ഇന്ദിരാഗാന്ധിയെ കണ്ടല്ല അമേരിക്ക പേടിച്ചതെന്നും ഇന്ത്യക്ക് പിന്നിലുള്ള സോവിയറ്റ് യൂണിയനെയും  കണ്ടിട്ടാണെന്നും ചരിത്രനിരാസം നടത്താത്തവർക്ക് മനസിലാവും. ചരിത്രനിരാസം നടത്തുന്നവർ ചിന്തിക്കുന്നത്, ചരിത്രത്തെ അംഗീകരിച്ചാൽ ഇന്ദിരാഗാന്ധിസ്തുതിഗീതത്തിലെ ഹീറോയിനിസം എലമെന്റ് ചാടിപ്പോകും എന്നാണെന്ന് തോന്നുന്നു. ഉരുക്കു വനിതക്ക് ഉരുക്കു കോട്ട പോലെ അതിശക്തനായ ഉറ്റ ചങ്ങാതി കൂടെ ഉണ്ടായിരുന്നു എന്നും ആ ബന്ധം ഉള്ളത് കൊണ്ട് അമേരിക്ക പേടിച്ചു എന്ന് പറഞ്ഞാലും ഹീറോയിനിസത്തിന് കുറവൊന്നും വരില്ല പിള്ളേച്ചാ; അല്ലെങ്കിൽ പിള്ളേച്ചൻ നുണ പറഞ്ഞതാണെന്ന് ആൾക്കാര് കരുതും..

ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക


അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക



7 comments:

  1. Replies
    1. പക്ഷെ ചിലർക്ക് ഇതൊക്കെ അംഗീകരിച്ചാൽ എന്തോ കുറവുള്ളത് പോലെയാണ്

      Delete
  2. Replies
    1. പക്ഷെ ചിലർക്ക് ഇതൊക്കെ അംഗീകരിച്ചാൽ എന്തോ കുറവുള്ളത് പോലെയാണ്

      Delete
  3. സോവിയറ്റ് യൂണിയൻ എന്ന സുഹൃത് രാഷ്ട്രം ഒപ്പമില്ലായിന്നുവെങ്കിൽ അന്ന് കഥ മാറിയേനേ... അമേരിക്കയും ബ്രിട്ടനും ചൈനയും സൗദിയും അടക്കം എല്ലാവരും ആയുധങ്ങളുമായി ഇന്ത്യക്കെതിരെ വന്നിട്ടും യുദ്ധം ജയിച്ചതും അമേരിക്കയും ബ്രിട്ടനും തിരിച്ചോടിയതും സോവിയറ്റ് യൂണിയന്റെ ആണവായുധ മുങ്ങിക്കപ്പലുകൾ കണ്ടിട്ടാണ്... തങ്ങളുടെ സഹോദര രാഷ്ട്രത്തിനെതിരെ ആരെങ്കിലും കയ്യുയർത്തിയാൽ ആ കൈകൾ സോവിയറ്റ് യൂണിയൻ വെട്ടിയെടുക്കും എന്ന പ്രഖ്യാപനം സോവിയറ്റ് ഭരണാധികാരികൾ പ്രഖ്യാപിച്ചപ്പോഴാണ് ഇന്ദിരാഗാന്ധി കൂസലില്ലാതെ നിന്നത്...

    ReplyDelete
  4. അങ്ങനെയുള്ള ബന്ധങ്ങൾ ഉണ്ടാക്കുക എന്നതല്ലേ ഒരു ശക്തയായ ഭരണാധികാരിയുടെ കടമയും ലക്ഷ്യവും?

    ReplyDelete