ഞാൻ വെറും പോഴൻ

Wednesday 19 June 2019

വായിച്ചാൽ വളരും വായിച്ചില്ലെങ്കിലും വളരും, വായിച്ചാൽ വിളയും വായിച്ചില്ലെങ്കിൽ വളയും

വായിച്ചാൽ വളരും 
വായിച്ചില്ലെങ്കിലും വളരും, 
വായിച്ചാൽ വിളയും 
വായിച്ചില്ലെങ്കിൽ വളയും

ഇതെഴുതിയത് പ്രിയ കവി കുഞ്ഞുണ്ണി മാഷാണ്. 

വായന മരിക്കുന്നു എന്ന പരാതി വ്യാപകമാണ്. പക്ഷെ ആ പരാതി പൂർണ്ണമായും വസ്തുതക്ക് നിരക്കുന്നില്ല എന്നാണെന്റെ തോന്നൽ. പുസ്തക വിൽപ്പനയും വായനയുമായി ബന്ധപ്പെടുത്തി ചിന്തിച്ചാൽ ഒരു പക്ഷെ ചിലപ്പോൾ ആ പരാതി കുറച്ച് യുക്തിഭദ്രമായി തോന്നാം. വിവര സാങ്കേതികത കൊണ്ട് വന്ന മാറ്റങ്ങൾ ഒരു വിവര വിസ്ഫോടനത്തിന്റെ നിലയിൽ എത്തി നിൽക്കുന്ന ഈ ആധുനിക സൈബർ യുഗത്തിൽ, വായനശാലകളിലെയും പുസ്തക വിൽപ്പന ശാലകളിലെയും ആൾത്തിരക്ക് കൊണ്ട് വായനയെ അളക്കുന്നത് കാലത്തോട് നീതി പുലർത്തുന്ന നടപടിയല്ല. പുസ്തകം തുറക്കുമ്പോൾ മൂക്കിലടിക്കുന്ന കടലാസിന്റെ മണവും അക്ഷരങ്ങളുടെ ആകർഷണീയതയും പുറം ചട്ടയുടെ ചാരുതയും ഗൃഹാതുരതയുടെ ഭാഗമാകുമ്പോൾ തന്നെ ഡിജിറ്റൽ മാർഗ്ഗങ്ങളിലൂടെ വായനയിൽ സമയം ചിലവഴിക്കുന്നവരുടെ എണ്ണം കൂടിക്കൊണ്ടേയിരിക്കുകയാണ്. പുസ്തകമേളകളിലും സാഹിത്യസമ്മേളനങ്ങളിലും കാണാനാകുന്ന മോശമല്ലാത്ത ജനത്തിരക്ക് വായന സജീവമാണെന്നുള്ളതിന്റെ തെളിവുമാണ്. പുസ്തകവായനയിൽ കിട്ടിയിരുന്ന സംതൃപ്തിയും അനുഭൂതിയും e-വായനയ്ക്ക് ലഭിക്കുന്നില്ല എന്നത് ഒരു തോന്നൽ മാത്രമാണെന്നാണ് എന്റെ പക്ഷം. അറിവിന്റെ നാൾവഴികളിൽ പുസ്തകങ്ങളും അതിന്റെ വായനയും  ഇടക്കാലത്ത് മാത്രം വന്നു ചേർന്നതല്ലേ..? അറിവിന്റെ ശേഖരണത്തിനും കൈമാറ്റത്തിനും ഉപയോഗിച്ചിരുന്ന വിവിധ പ്രതലങ്ങളും സംവിധാങ്ങളും എന്ന നിലയിൽ തുകൽ, പാപ്പിറസ്, തുണി, ഓല, ലോഹത്തകിടുകൾ തുടങ്ങിയവയുടെ തുടർച്ചയായി കടലാസ്, ഡിജിറ്റൽ പ്ലാറ്റ് ഫോം എന്നിവയെ കണ്ടാൽ മതിയാവും. 

കടലാസ് താളുകളിൽ നിന്ന് കമ്പ്യൂട്ടര്‍ സ്‌ക്രീനിലേക്കും മൊബൈല്‍ ഫോണുകളിലേക്കും ടാബ്‌ലെറ്റുകളിലേക്കും e-ബുക്ക് റീഡറുകളിലേക്കും വായന കൂട് വിട്ട് കൂട് മാറിയെങ്കിലും വായനയുടെയും വായനദിനത്തിന്റെയും പ്രധാന്യം കുറയുന്നില്ല. ഒരു മനുഷ്യനെ പൂര്‍ണനാക്കുന്നത്തിൽ വായന വഹിക്കുന്ന പങ്ക് ചെറുതല്ല. ശരീരം കൊണ്ടെത്തിച്ചേരാൻ നമുക്ക് പരിമിതികളും പരിധിയുമുള്ള മിക്കവാറും എല്ലായിടത്തും നമ്മെ എത്തിക്കാനും അറിവിന്റെ നിറവിലേക്ക് നമ്മെ നയിക്കാനും സംസ്‌കാരങ്ങളെ അറിയാനും ആർജ്ജിക്കാനും സ്വാംശീകരിക്കാനും വായന നൽകുന്ന സഹായം അവഗണിക്കാനാവുമോ.

എവിടെയോ വായിച്ചതാണ്. പ്രശസ്തനായ ഏതോ തത്വ ചിന്തകന്റെ വാക്കുകളാണ്.....

മേലിൽ ആരും പുസ്തകങ്ങൾ വായിക്കേണ്ടതില്ല 
ജീവിതത്തെ വായിക്കുക; 
സമൂഹത്തെ വായിക്കുക; 
മനുഷ്യനെ വായിക്കുക;
പ്രകൃതിയെ വായിക്കുക
കാലത്തിന്റെ ചുവരെഴുത്തുകൾ വായിക്കുക 

ഈ നിലവാരത്തിലേക്കെത്താൻ കഴിയാത്തിടത്തോളം അക്ഷരവായന തന്നെ ശരണം. വായനയുടെ പ്രാധാന്യം മനസിലാക്കി  വായിക്കാം.... വായിച്ചു വളരാം 

ഏവർക്കും വായനാ ദിന ആശംസകൾ

No comments:

Post a Comment