ഞാൻ വെറും പോഴൻ

Tuesday, 23 March 2021

തിരഞ്ഞെടുപ്പ് സർവ്വേ, എക്സിറ്റ്‌ പോള്‍.... രാഷ്ട്രീയ കൂട്ടിക്കൊടുപ്പിന്റെയും വിപണിയുടെയും ചെപ്പടി വിദ്യകൾ......

 


1935-ൽ അമേരിക്കയിൽ ജോർജ്ജ് ഗാലപ്പ് എന്ന വ്യക്തി പ്രചാരം നൽകിയ അഭിപ്രായ വോട്ടെടുപ്പ് രീതിയാണ് ഇപ്പോഴത്തെ അഭിപ്രായ സർവ്വേകളുടെ പൂർവ്വരൂപം. ഉപജ്ഞാതാവിന്റെ പേര് ചേർത്ത് ഗാലപ്പ് പോൾ എന്നാണ് അമേരിക്കയിൽ ഇത്തരം സർവ്വേകളെ വിളിച്ചിരുന്നത്. 1936 മുതൽ നടന്ന അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പുകളിൽ അപൂർവ്വം ചിലതിൽ ഒഴികെ ഗാലപ്പ് പോൾ പ്രവചനങ്ങൾ ഏറെക്കുറെ കൃത്യമായിരുന്നു. 

വോട്ടെടുപ്പിന് മുൻപ് വോട്ടർമാരെ സമീപിച്ചു ശേഖരിക്കുന്ന വിവരങ്ങൾ അടിസ്ഥാനപ്പെടുത്തി ഫലം പ്രവചിക്കുന്ന രീതിയെ പ്രീ പോൾ സർവ്വേ എന്നും  വോട്ടെടുപ്പ് കഴിഞ്ഞു പുറത്തിറങ്ങുന്ന വോട്ടർമാരെ (Exiting Voters) സമീപിച്ചു ചോദ്യോത്തര മാതൃകയിൽ ശേഖരിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ തിരഞ്ഞെടുപ്പ് ഫലം പ്രവചിക്കുന്ന രീതിയെ എക്സിറ്റ് പോൾ എന്നും വിളിച്ചു പോരുന്നു. മുൻപും ഇപ്പോഴും വിദേശ രാജ്യങ്ങളിലെ സർവ്വേകൾ സാമാന്യമായി യാഥാർത്ഥഫലത്തോട് നീതി പുലർത്തുന്നത് കാണാനാവും; ഇതിന് ചില അപവാദങ്ങൾ ഇല്ലെന്നല്ല.

1980-കളിൽ  NDTV മേധാവി Dr. പ്രണോയ് റോയിയുടെ നേതൃത്വത്തിൽ തിരഞ്ഞെടുപ്പ് സമയങ്ങളിൽ നടത്തിയ അഭിപ്രായസർവ്വെകൾ ആയിരുന്നു ഇന്ത്യയിൽ ഈ ഗണത്തിൽ പെടുത്താവുന്ന ആദ്യ സംരംഭം. അന്നത്തെ ഒട്ടുമിക്ക സർവേകളും പ്രവചിച്ചത് യഥാർഥ ഫലത്തോട് ഏറെക്കുറെ വളരെ അടുത്ത് നിൽക്കുന്നത്ര കൃത്യതയോടെ ആയിരുന്നു. ഇത്രയധികം രാഷ്രീയകക്ഷികൾ അന്നുണ്ടായിരുന്നില്ല എന്നതും മാധ്യമങ്ങൾ തമ്മിൽ ഇന്നത്തെ തോതിലുള്ള കിടമത്സരങ്ങൾ അന്നുണ്ടായിരുന്നില്ല എന്നതും മറ്റു സാമൂഹ്യ സാമുദായിക ഘടകങ്ങൾ വോട്ടിങ്ങിൽ ഇത്ര സ്വാധീനം ചെലുത്തിയിരുന്നില്ല എന്നതും സർവ്വേ ഏജൻസികൾ പൊതുവെ സുതാര്യതയും സത്യസന്ധതയും പുലർത്തിയിരുന്നു എന്നതും അന്നത്തെ സർവ്വേകൾക്ക് കുറേക്കൂടി വിശ്വാസ്യത നൽകിയിരുന്നു. പിന്നീടിങ്ങോട്ട് ആധുനികവൽക്കരിക്കപ്പെട്ട അച്ചടിമാധ്യമങ്ങളും ദൃശ്യമാധ്യമങ്ങളും ഓൺലൈൻ മാധ്യമങ്ങളും സോഷ്യൽ മീഡിയയും ഇന്ത്യൻ വാർത്താലോകത്തെ കൈകാര്യം ചെയ്യാൻ തുടങ്ങിയതോടെ തിരഞ്ഞെടുപ്പ് അനുബന്ധ അഭിപ്രായ സർവ്വേകൾ ഒരു പ്രധാനമത്സരമേഖല പോലെയായി. ഒരു തിരഞ്ഞെടുപ്പ് അന്തരീക്ഷം രൂപപ്പെട്ടാലുടനെ പ്രീ പോൾ സർവേകളും എക്സിറ്റ് പോളുകളും ഒഴിവാക്കാനാവാത്ത ആചാരം പോലെയായി. ആദ്യകാല തിരഞ്ഞെടുപ്പ് അഭിപ്രായസർവ്വെകൾ ഏറെക്കുറെ കൃത്യതയോടെ ഫലപ്രവചനം നടത്തിയത് കൊണ്ട് പൊതുജനം ഇത്തരം ഫലപ്രവചനങ്ങളെ ഗൗരവപൂർവ്വം കണ്ടിരുന്ന ഒരു കാലമുണ്ടായിരുന്നു.

നാളിതു വരെ അഭിപ്രായവോട്ടെടുപ്പുകളെ ആധാരമാക്കി നടത്തിയ തിരഞ്ഞെടുപ്പ് ഫലപ്രവചനങ്ങൾ മൊത്തത്തിൽ പരിശോധിച്ചാൽ സ്വാഭാവികമായും ചില പ്രവചനങ്ങൾ ശരിയായതായും ചിലത് കുറച്ചൊക്കെ ശരിയായതായും മറ്റുള്ളവ പൂർണ്ണ പരാജയമായതായും കാണാം. പ്രയോഗതലത്തിൽ അഭിപ്രായ വോട്ടെടുപ്പ് ഫലങ്ങളല്ല തിരഞ്ഞെടുപ്പ് ഫലങ്ങളെന്ന് ബുദ്ധിയുറച്ച ഏതൊരാൾക്കും അറിവുള്ളതാണ്. ആ ബോധ്യത്തിൽ നിന്ന് നോക്കുമ്പോൾ ഇത്തരം തിരഞ്ഞെടുപ്പ് ഫലപ്രവചനങ്ങൾ കൊണ്ട് ആർക്കാണ് നേട്ടം !!!????

ഒന്നാമതായി തിരഞ്ഞെടുപ്പ് ചൂടിൽ ആയിരിക്കുന്ന രാഷ്ട്രീയ തല്പരരായ ജനങ്ങളെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്താൻ മാധ്യമങ്ങൾക്ക് സാധിക്കും; ഈ ആകാംക്ഷ അഭിപ്രായവോട്ടെടുപ്പ് മുതൽ തിരഞ്ഞെടുപ്പ് ഫലം വരെ മാധ്യമങ്ങളെ ശ്രദ്ധിക്കാൻ ജനങ്ങളെ നിർബന്ധിതരാകും. ഈ കാലമത്രയും കൂടുതലായി കിട്ടുന്ന വ്യൂവർഷിപ്പ് മീഡിയകളുടെ വരുമാനത്തെ ഗുണപരമായി വർധിപ്പിക്കും. 

അടുത്തത്; ഒരു പ്രത്യേകകക്ഷിയോ മുന്നണിയോ ഭരണത്തിൽ വരുമെന്നോ ഒരു അസ്ഥിരഭരണ സാധ്യതയുണ്ടെന്നോ ഉള്ള സാങ്കൽപ്പിക മാനസികാവസ്ഥ ഇതിനുണ്ടാക്കാൻ കഴിയും. അതിലൂടെ ബന്ധപ്പെട്ട കക്ഷികൾക്ക് സുരക്ഷിതവും പ്രയോജനപ്രദവുമായ പൊസിഷൻ എടുക്കാൻ സാഹചര്യമുണ്ടാകുന്നു.

മൂന്നാമതായി അഭിപ്രായസർവ്വേകളിലെ ഊഹക്കണക്കിനനുസരിച്ച് ചാഞ്ചാടുന്ന വിവിധ വിപണികളിൽ കളിക്കുന്നവർക്ക് നേട്ടമുണ്ടാക്കാം.

നാലാമത്തെ കൂട്ടർ മാധ്യമങ്ങൾക്ക് വേണ്ടി ഇത്തരം സർവ്വേ നടത്തിക്കൊടുക്കുന്ന കൺസൾട്ടിങ് ഏജൻസികൾ ആണ്. 

ബെറ്റിങ്/ഗാംബ്ലിങ് മേഖലയിലെ കളിക്കാർക്ക് ഈ വിവരങ്ങൾ ചൂതാട്ടത്തിന് ഉപയോഗപ്പെടുത്താം.

ഓരോ കക്ഷികൾക്കും മുന്നണികൾക്കും തോറ്റതിനെയും ജയിച്ചതിനെയും ഒക്കെ താത്വികമായി വ്യാഖ്യാനിക്കാനുള്ള അടവ് വാചകങ്ങൾ മുൻകൂട്ടി പരിശീലിക്കാൻ ഇത് അവസരമൊരുക്കുന്നു. 

ഇത്തരം പ്രവചനങ്ങൾ ഉപകാരപ്പെടുന്ന മറ്റേതെങ്കിലും വിഭാഗം ഉണ്ടോ എന്ന് എനിക്കാലോചിച്ചിട്ട് കിട്ടുന്നില്ല. നിങ്ങൾക്കെതെങ്കിലും തോന്നുന്നുണ്ടെങ്കിൽ കമന്റ് ചെയ്യാം.

സ്റ്റോപ്പ് പ്രസ്സ് : അഭിപ്രായ സർവ്വേകൾ പറയുന്നത് പലപ്പോഴും പച്ചക്കള്ളം ആണെന്ന ആരോപണം മുൻപ് മുതലേയുള്ളതാണ്. നമ്മുടെ ചാനലുകളും മറ്റു മാധ്യമങ്ങളും വിവിധ വിദഗ്ദ്ധ ഏജൻസികളെ കൊണ്ടാണ് ഇത്തരം സർവ്വേകൾ നടത്തുന്നത് എന്നത് കൊണ്ട് തന്നെ അത്തരം ഏജൻസികളുടെ സത്യസന്ധതയും ഈ സർവ്വേ ഫലങ്ങളെ സ്വാധീനിക്കാൻ സാധ്യതയുണ്ട്. പല ഏജൻസികളും സ്വന്തം നേട്ടത്തിന് വേണ്ടി ഏത് റിസൾട്ടും തരാൻ തയ്യാറാണ് എന്ന് പ്രമുഖ ഹിന്ദി ന്യൂസ് ചാനലായ ന്യൂസ് എക്സ്പ്രസ് നടത്തിയ ഒളിക്യാമറ ഓപ്പറേഷനിലൂടെ പുറത്ത് വന്നതാണ്. ചില ഏജൻസികൾ മാധ്യമസ്ഥാപനങ്ങളുടെ നിലപാടുകൾക്കും രാഷ്ട്രീയകക്ഷികളുടെ നേട്ടത്തിനും അനുകൂലമായ രീതിയിൽ സർവ്വേ റിസൾട്ടുകൾ പുറത്തു വിടാനായി നടത്തുന്ന വിലപേശലാണ് ന്യൂസ് എക്സ്പ്രസ് പുറത്തു വിട്ടത്.

ഓപ്പറേഷൻ പ്രൈം മിനിസ്റ്റർ എന്ന ഒളിക്യാമറ ഓപ്പറേഷനിലാണ് തിരഞ്ഞെടുപ്പ് ഫലം പ്രവചിക്കുന്ന ഏജൻസികൾ സാധാരണ വോട്ടർമാരെ എങ്ങനെ തെറ്റിദ്ധരിപ്പിക്കുന്നു എന്ന വിവരം പുറത്തു വിട്ടത്. പ്രവചനങ്ങളുടെ പിന്നിലെ യഥാർത്ഥ കഥ എന്താണെന്നറിയാൻ വിവിധ ഏജൻസികളെ ചാനൽ സമീപിച്ചെങ്കിലും 11 ഏജൻസികളാണ് ഒളിക്യാമറയിൽ കുടുങ്ങിയത്. പ്രതിഫലം പറ്റി ആവശ്യാനുസരണം പ്രവചനം നടത്താൻ വിവിധ നിരക്കുകളാണ് ഏജൻസികൾ ആവശ്യപ്പെടുന്നത്. 

ഇതുമായി ബന്ധപ്പെട്ട ചിലത് ഈ ലിങ്ക് ക്ലിക്ക് ചെയ്‌താൽ കാണാം==>>LIVE Operation Prime Minister: Blatant violation of Exit poll guidelines

അമേരിക്കൻ എഴുത്തുകാരൻ മാർക്ക് ട്വൈൻ ഉപയോഗിച്ച് പ്രസിദ്ധമാക്കിയ ഒരു പ്രയോഗമുണ്ട്. There are three kinds of lies: Lies, damn lies and statistics (മൂന്നു തരം നുണകളുണ്ട് : വെറും നുണകൾ, മുടിഞ്ഞ നുണകൾ, പിന്നെ സ്ഥിതിവിവരക്കണക്ക്‌). സർവ്വേ ഫലങ്ങൾ നോക്കിക്കാണുമ്പോൾ മാർക്ക് ട്വൈനിന്റെ ഈ ഉദ്ധരണി മനസ്സിൽ കരുതുക; എങ്ങോട്ട് വേണമെങ്കിലും ചായ്ക്കാൻ ബുദ്ധിമുട്ടുള്ള ഒന്നല്ല സർവ്വേ ഫലങ്ങളും സ്ഥിതി വിവരക്കണക്കുകളും....

ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക https://www.facebook.com/achayatharangal.blogspot.in

അല്ലെങ്കില്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക https://www.facebook.com/groups/224083751113646/

1 comment:

  1. ഇന്നെല്ലാം ഇത്തരം പെയ്‌ഡ്‌ സർവ്വേകൾ തീരെ വിലയില്ലാത്തതായിരിക്കുന്നു

    ReplyDelete