ഞാൻ വെറും പോഴൻ

Tuesday 23 March 2021

കോടികളുടെ പ്രലോഭനത്തെ ചിരിച്ചു കൊണ്ട് തോൽപ്പിച്ചവർ !!!


മനഃസാക്ഷിയുടെ നേർത്ത ശബ്ദം ഒരു നിമിഷത്തേക്ക് കേട്ടില്ലെന്ന് വച്ചാൽ നിങ്ങൾ ഒരു കോടിപതിയാകും എന്ന് കരുതുക; ആ പ്രലോഭനം അതിജീവിക്കാൻ നമ്മളിൽ എത്ര പേർക്കാകും ? അത്തരമൊരു സാഹചര്യം അഭിമുഖീകരിക്കുകയും അതിനെ വിജയിക്കുകയും ചെയ്യൽ അത്ര എളുപ്പമാണെന്ന് എനിക്ക് തോന്നുന്നില്ല. 

ആലുവ പരിസരത്ത് നിന്ന് ഇപ്പോഴിതാ രണ്ടാം തവണയാണ് അത്തരമൊരു വാർത്ത ജനമനസ്സുകളെ വിസ്മയിപ്പിക്കുന്നത്. പട്ടിമറ്റം വലമ്പൂരിൽ താമസിക്കുന്ന സ്മിജ കെ. മോഹനാണ് ആ മഹദ്‌വ്യക്തി. 

പണം പിന്നെ തരാമെന്ന് ലോട്ടറി ഏജന്റായ സ്മിജയോട് പറഞ്ഞ് മാറ്റിവെപ്പിച്ച സമ്മർ ബംബർ ഭാഗ്യക്കുറി ടിക്കറ്റിന് സമ്മാനമായി ലഭിച്ചത് ഒന്നും രണ്ടും രൂപയൊന്നുമല്ല, 6 കോടി രൂപയാണ്. ആലുവ കീഴ്‌മാട്‌ ചക്കംകുളങ്ങര പാലച്ചോട്ടിൽ ചന്ദ്രനാണ് സ്മിജയുടെ സത്യസന്ധത മൂലം കിട്ടിയ വൻ ഭാഗ്യം കൈമോശം വരാതെ കോടീശ്വരനായ "ഭാഗ്യവാൻ". പട്ടിമറ്റം ഭാഗ്യലക്ഷ്മി ഏജൻസിയിൽ നിന്ന് ലോട്ടറിയെടുത്താണ് സ്മിജ കീഴ്മാട് സൊസൈറ്റിപ്പടിക്ക് മുൻപിലും രാജഗിരി ആശുപത്രിക്കു മുൻപിലും വിൽക്കുന്നത്. ഞായറാഴ്ച കുറച്ച് ടിക്കറ്റുകൾ ബാക്കി വന്നതോടെ സ്ഥിരമായി ടിക്കറ്റെടുക്കുന്ന ചന്ദ്രൻ ഉൾപ്പെടെയുള്ളവരെ ഫോണിൽ വിളിച്ച് ടിക്കറ്റെടുക്കുന്നില്ലേ എന്ന് ചോദിച്ചു. ഒരു ടിക്കറ്റ് തനിക്കായി മാറ്റിവെക്കണമെന്നും പണം പിന്നീട് തന്നോളാമെന്നും ചന്ദ്രൻ പറഞ്ഞിരുന്നു. ഞായറാഴ്ച വൈകീട്ടോടെ താൻ വിറ്റ ടിക്കറ്റിന് ഒന്നാം സമ്മാനം ലഭിച്ചെന്ന് ഏജൻസിയിൽനിന്ന് അറിയിപ്പ് ലഭിച്ചതിനെത്തുടർന്ന് നമ്പർ പരിശോധിച്ചതോടെ ചന്ദ്രന് വേണ്ടി മാറ്റി വച്ച ടിക്കറ്റിനാണ് സമ്മാനമെന്ന് സ്മിജക്ക് മനസിലായി. രാത്രി തന്നെ സ്മിജ ചന്ദ്രന്റെ വീട്ടിലെത്തി തന്റെ കൈവശമിരുന്ന ടിക്കറ്റ്  നൽകി തുകയായ 200 രൂപ കൈപ്പറ്റി. സ്മിജയുടെ സത്യസന്ധതയാണ് തനിക്ക് ഒന്നാം സമ്മാനം ലഭിക്കാൻ കാരണമെന്ന് ചന്ദ്രൻ പറയുന്നു. 

ഇതിന് മുൻപ്, ആലുവ കിഴക്കേ കടുങ്ങല്ലൂരിൽ ലോട്ടറി കച്ചവടം നടത്തിയിരുന്ന കുണ്ടൂര്‍ മാളക്കാരന്‍ വീട്ടില്‍ സുരേഷിൻറെ സത്യസന്ധതയെപ്പറ്റി നാടറിഞ്ഞത് 2015-ലാണ്. അന്ന്, കടമായെടുത്ത് സൂക്ഷിക്കാനേൽപ്പിച്ച അഞ്ച് ലോട്ടറി ടിക്കറ്റുകളിൽ ഒന്നിന് ഒരുകോടി നാൽപ്പത് ലക്ഷം രൂപ സമ്മാനമുണ്ടെന്നറിഞ്ഞപ്പോൾ യഥാർത്ഥ ഭാഗ്യവാനെ കണ്ടെത്തി ടിക്കറ്റ് നല്‍കി സത്യസന്ധത കാട്ടുകയായിരുന്നു സുരേഷ്. കടുങ്ങല്ലൂർ ഇന്ദു ലൈറ്റ് ആൻഡ് സൗണ്ട് ഉടമ അയ്യപ്പനായിരുന്നു സുരേഷിന്റെ സത്യസന്ധതയാൽ ഭാഗ്യം കൈമോശം വരാതിരുന്ന "ഭാഗ്യവാൻ".

കോടികളുടെ പ്രലോഭനത്തെ പുല്ല് പോലെ നിസാരമായി കണ്ട് സത്യസന്ധതയുടെ പര്യായമായത് വലിയ പണക്കാരൊന്നുമല്ല, ലോട്ടറി വിറ്റു നിത്യവൃത്തി കഴിക്കുന്ന സാധാരണക്കാരാണ് എന്നതാണ് ഈ വാർത്തകൾ വായിക്കുമ്പോൾ ഉണ്ടാകുന്ന വിസ്മയത്തിനും ആദരവിനും നിദാനം. വാക്കിനും സത്യസന്ധതയ്ക്കും ചാക്കിന്റെ വില പോലും കൽപ്പിക്കാത്ത മനുഷ്യരുടെ ഇടയിൽ വാക്കും സത്യസന്ധതയുമാണെല്ലാം എന്ന് വിളിച്ചു പറയുന്ന ഇത്തരം വലിയ മനുഷ്യരുടെ മുന്നിൽ എന്റെ അഹംബോധങ്ങൾ ചൂളിച്ചുരുങ്ങിപ്പോകുന്നു...

ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക ==>> https://www.facebook.com/achayatharangal.blogspot.in

അല്ലെങ്കില്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക==>> https://www.facebook.com/groups/224083751113646/

1 comment: