ഞാൻ വെറും പോഴൻ

Thursday 30 September 2021

ലൈംഗിക വിദ്യാഭ്യാസം കൊടുക്കേണ്ടത് ആർക്കാണ് !!???

ലൈംഗിക വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട പോസ്റ്റുകൾക്കടിയിൽ വരുന്ന കമന്റുകൾ പലതും ലൈംഗിക വിദ്യാഭ്യാസത്തിന്റെ ആവശ്യകത അടിവരയിട്ടുറപ്പിക്കുന്നതാണ്. പല കമന്റുകളും കാണുമ്പോൾ ലൈംഗികത എന്ന വാക്ക് കേട്ടാലേ ചിലർക്ക് രതിമൂർച്ഛ സംഭവിക്കുന്നുണ്ടെന്ന് തോന്നുന്നു. വലിയ പുരോഗമനവും മുന്തിയ ആശയങ്ങളും മുന്നോട്ട് വയ്ക്കുന്ന സിംഹങ്ങൾ പലരും ഈ വിഷയത്തിൽ എടുക്കുന്ന നിലപാട് അന്യായ കോമഡിയാണ്.

ഒരു പെൺകുട്ടിക്ക് ആർത്തവം ഉണ്ടാകുന്നതിനോടാനുബന്ധമായെങ്കിലും മുതിർന്നവരിൽ നിന്ന് അവശ്യം ലൈംഗികജ്ഞാനം പകർന്നു കിട്ടുന്നുണ്ട് (അപൂർവ്വം Exceptional Cases വിട്ടേരെ). ഞാനടക്കമുള്ള പുരുഷുക്കൾക്ക് ആരാണ് ആ ജ്ഞാനം പകർന്നു തരുന്നത് (ഇവിടെയും അപൂർവ്വം Exceptional Cases വിട്ടേരെ)..... ഉത്തരം വലിയൊരു നിരയിൽ ഏതെങ്കിലും ഒക്കെയാണ്....
അജ്ഞാനികളും അൽപ്പജ്ഞാനികളും വികലജ്ഞാനികളും ആയ ചില കൂട്ടുകാർ, പല നിലവാരത്തിലും ശ്രേണിയിലും പെട്ട കൊച്ചു കൊച്ചു പുസ്തകങ്ങൾ, കുറെ തുണ്ടുപടങ്ങൾ, ക്ലിപ്പിംഗുകൾ, ഓൺലൈൻ എൻസൈക്ക്ളോപീടികകൾ, ഇതേ വിദ്യാർജ്ജന സമ്പ്രദായത്തിലൂടെ അറിവ് സമ്പാദിച്ചും പ്രയോഗിച്ചും "പണ്ഡിതന്മാ"രായ മാമന്മാരും ചേട്ടന്മാരും.... ജീവിതത്തിൽ ഏറെ പ്രാധാന്യമുള്ള, സ്വന്തം ശരീരവുമായി ബന്ധപ്പെട്ട കൗതുകങ്ങളുടെയും സംശയങ്ങളുടെയും ആശങ്കകളുടെയും വ്യക്തതയ്ക്ക് വേണ്ടി എത്ര അപര്യാപ്തരായ ഗുരുക്കന്മാരെയാണ് ഞങ്ങൾക്ക് ലഭിച്ചത് !!???
"ത്വങ് മാംസ രക്താസ്ഥി വിൺ മൂത്ര രേതസാം" എന്ന കവിതാശകലത്തിലെ രേതസ്സ് എന്താണെന്ന് സംശയം ചോദിച്ചവനോട് അവന്റെയൊരു സംശയം; ഇരിയെടാ അവിടെ എന്ന മറുപടി കൊടുത്ത അധ്യാപകനെ എനിക്കറിയാം. വേദപാഠക്‌ളാസിൽ പത്തു കൽപ്പനകൾ പഠിപ്പിക്കുമ്പോൾ വ്യഭിചാരം എന്താണെന്ന സംശയത്തിന് കിട്ടിയ ഉത്തരം വേണ്ടാതീനം ചെയ്തു നടക്കുന്നതാണെന്നായിരുന്നു. എന്താണ് ബലാൽസംഗം, പീഡനം എന്നൊക്കെ കുട്ടികൾ ചോദിക്കുമ്പോൾ എന്തുത്തരമാണ് അവർക്ക് കൊടുക്കേണ്ടത് എന്നറിയാത്ത മുതിർന്നവർ ആണ് നമ്മൾ. ലൈംഗിക വിദ്യാഭ്യാസം കുട്ടികൾക്ക് മാത്രമായി പരിമിതപ്പെടുത്തരുത്.
ആദ്യ ഘട്ടത്തിൽ അത് അടിയന്തിരമായി നൽകേണ്ടത് ഈ നാട്ടിലെ മുഴുവൻ അധ്യാപകർക്കുമാണ്; അതേ മുൻഗണനയോടെ സമൂഹത്തിലെ എല്ലാ മുതിർന്നവർക്കും ലൈംഗിക വിദ്യാഭ്യാസം കൊടുക്കണം. എന്നാൽ മാത്രമേ ഇതൊക്കെ ആരോഗ്യകരമായി കുട്ടികൾക്ക് എങ്ങനെ പറഞ്ഞു കൊടുക്കാം എന്ന് അവർ പഠിക്കൂ.
പെണ്ണ് എന്താണെന്നും അവളെ എങ്ങനെ മാന്യമായി സമീപിക്കണമെന്നും ഒരാണ് പഠിക്കേണ്ടത് സ്വന്തം കുടുംബത്തിൽ നിന്നാവണം; തിരിച്ചും അങ്ങനെ തന്നെ. ആണധികാരബോധത്തിൽ തിളച്ചും പുളച്ചും വിധേയപ്പെട്ടും പുലരുന്ന സമൂഹത്തിൽ കുടുംബത്തിൽ നിന്നും സമൂഹത്തിൽ നിന്നും സ്ത്രീക്ക് അഭിമുഖീകരിക്കേണ്ടി വരുന്ന മോശം സമീപനങ്ങൾ സ്വന്തം അമ്മയിൽ നിന്നും വീട്ടിലെ മറ്റ് സ്ത്രീകളിൽ നിന്നും ഒരാൺകുട്ടി കേട്ടറിയണം. പല കോണുകളിൽ നിന്നും ഓരോ സ്ത്രീക്കും നേരെ വരാറുള്ള മോശം കമന്റുകൾ, വൃത്തികെട്ട നോട്ടങ്ങൾ, വഷളൻ സ്പർശനങ്ങൾ അങ്ങിനെ സ്ത്രീ അനുഭവിക്കുന്ന ചെറുതും വലുതുമായ വ്യഥകളെല്ലാം. എല്ലാ മാസവും അവളിൽ വന്നു പോകുന്ന വേദനകൾ.. അത് പോലെ തന്നെ അവളുടെ ശാരീരിക പ്രത്യേകതകളും അസ്വസ്ഥതകളും.... ഇതിനെക്കുറിച്ചെല്ലാം അമ്മയിൽ നിന്നും വീട്ടിൽ നിന്നും അറിവും തിരിച്ചറിവും നേടുന്ന ഒരാണും പെണ്ണിനെ വെറും ഭോഗവസ്തുവായി കാണില്ല. ലൈംഗികതയെക്കുറിച്ച് പറയാതെയും മടിച്ചും മറച്ചുമൊക്കെ പറഞ്ഞുമാണ് നമ്മൾ ഈ പരുവത്തിലായത്.
ഈ നാട്ടിലെ സദാചാരത്തിന്റെ മൊത്തക്കച്ചവടക്കാരോടാണ്, ലൈംഗിക വിദ്യാഭ്യാസമെന്നാൽ സുരതം ചെയ്യാൻ പഠിപ്പിക്കലല്ല. സെക്സ് ചെയ്യുന്നതിൻ്റെ പ്രാക്ടിക്കൽ ക്‌ളാസൊന്നും അതിന്റെ സിലബസിൽ എന്തായാലും ഉണ്ടാവാൻ സാധ്യതയില്ല. ഓരോ വ്യക്തിയും അവരവരുടെയും തങ്ങൾ ഇടപഴകുന്ന അപരന്റെയും ലൈംഗികാഭിമുഖ്യങ്ങളെ തിരിച്ചറിയാനും അംഗീകരിക്കാനും ബഹുമാനിക്കാനും വേണ്ടിയുള്ള അറിവ് നേടലാണ്.
ആണ് പെണ്ണ് എന്നീ ദ്വന്ത ബന്ധങ്ങൾക്കപ്പുറം നൂറോളം ലൈംഗികാഭിമുഖ്യങ്ങൾ ഈ ഭൂമിയിൽ ഉണ്ടെന്ന് അറിയാനും അതിനെ അംഗീകരിക്കാനും പഠിക്കലാണ്.
ലൈംഗിക വികാരവും ലൈംഗിക ചിന്തകളും ഭാവനകളും നൈസർഗികമാണെന്നും അത് പാപമോ ഒതപ്പോ ഒന്നുമല്ലെന്നുമുള്ള തിരിച്ചറിവ് നേടലാണ്. CONSENT എന്ന വാക്കിന്റെ സൂക്ഷ്മതയേറിയ അർത്ഥവും പ്രാധാന്യവും മനസിലാക്കലാണ്. NO എന്നാൽ വെറുമൊരു വാക്കല്ല ഒരു പൂർണ്ണ വാചകമാണ് എന്ന തിരിച്ചറിവ് നേടലാണ്. ലൈംഗികത സ്വകാര്യതയും കൺസെന്റും ആവശ്യപ്പടുന്ന ഒന്നാണെന്നു മനസിലാക്കലാണ്. അതിനപ്പുറമുള്ളത് വയലേഷനും വയലൻസുമാണെന്ന് തിരിച്ചറിയലാണ്.
ആരോഗ്യകരമായ ലൈംഗിക വിദ്യാഭ്യാസവും അവബോധങ്ങളും ലൈംഗിക സംസ്കാരവും ഈ നാടിനെ ശുദ്ധി ചെയ്യട്ടെ.

ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക


അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക

1 comment:

  1. ആരോഗ്യകരമായ ലൈംഗിക വിദ്യാഭ്യാസവും അവബോധങ്ങളും ലൈംഗിക സംസ്കാരവും ഈ നാടിനെ ശുദ്ധിചെയ്യുമെന്നുതന്നെ പ്രതീക്ഷിക്കാം

    ReplyDelete